മണിപ്പൂർ: കലാപം വളർത്തുന്ന സർക്കാറും സമാധാനം തേടുന്ന ജനതയും

ദേശീയ വനിതാ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമെനിലെ അംഗങ്ങൾ 2023 ജൂൺ മാസത്തിൽ മണിപ്പൂരിൽ നടത്തിയ വസ്തുതാന്വേഷണത്തിനെതിരെ മണിപ്പൂർ സർക്കാർ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. സി.പി.ഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും എൻ.എഫ്.ഐ.ഡബ്ല്യു ജനറൽ സെക്രട്ടറിയും ആയ ആനി രാജ, നാഷണൽ സെക്രട്ടറി നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ശരിയായ പാതയിൽ ആണെന്നാണ് ഈ കേസ് സൂചിപ്പിക്കുന്നത് എന്നാണ് ആനി രാജ ഈ കേസിനെ കുറിച്ചു പ്രതികരിച്ചത്. മണിപ്പൂരിൽ വസ്തുതാന്വേഷണം നടത്താൻ തീരുമാനിച്ച സാഹചര്യവും അതിലൂടെ വെളിപ്പെട്ട വസ്തുതകളും സമകാലിക ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളും ആനി രാജ സംസാരിക്കുന്നു.

മണിപ്പൂരിലേത് ഭരണകൂടം നടപ്പിലാക്കുന്ന സർക്കാർ സ്‌പോൺസേഡ് വയലൻസ് ആണ് എന്നാണ് താങ്കൾ ഉൾപ്പെട്ട വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് ഉന്നയിക്കുന്നത്. ഇങ്ങനെ പറയുന്നതിലേക്ക് എത്തിച്ച വസ്തുതകൾ എന്തൊക്കെയാണ്?

മൂന്നംഗ വസ്തുതാന്വേഷണ സംഘമായിരുന്നു അത്. വസ്തുതാന്വേഷണം എന്ന രീതിയിലേക്ക് എത്തിയതിന് ചില കാരണങ്ങളുണ്ട്. ഞങ്ങളുടെ സംഘടന, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമെൻ രൂപീകരിച്ചതിന്റെ എഴുപതാം വാർഷികമായിരുന്നു ജൂൺ 4. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ തുടക്കം എന്ന രീതിയിൽ ഡൽഹിയിൽ ഞങ്ങൾ ഒരു ദേശീയ പ്രോഗ്രാം സംഘടിപ്പിച്ചു. ജാതി, മത, ലിംഗ, പ്രാദേശിക വ്യത്യാസമില്ലാതെ മതേതര ജനാധിപത്യ മനസ്സുള്ള, സ്ത്രീപക്ഷ മനസ്സുള്ള എല്ലാ സ്ത്രീകളും ഞങ്ങളുടെ സംഘടനയിൽ അംഗങ്ങളായുണ്ട്. ആ റിഫ്ലക്ഷൻ ജൂൺ 4ലെ പരിപാടിയിൽ ഉണ്ടാകണമെന്ന് കരുതി, ഞങ്ങൾ ആദിവാസി സ്ത്രീകളെ, ദലിത് സ്ത്രീകളെ, മുസ്ലീം സ്ത്രീകളെ, തൊഴിലാളി സ്ത്രീകളെ പ്രതിനിധീകരിക്കുന്നവരെ ക്ഷണിച്ചു.

ആദ്യം ക്ഷണിച്ചത് ഒരു യുവ ആദിവാസി സ്ത്രീയെയായിരുന്നു, ഒരു അക്കാദമിക്. അവർക്ക് ആ ദിവസം സ്ഥിര ജോലിക്കുള്ള ഇന്റർവ്യൂ ഉള്ളതുകൊണ്ട് വരാൻ പറ്റില്ലെന്ന് അറിയിച്ചു. അടുത്തൊരാളെ പകരം ആലോചിച്ചപ്പോൾ ഞങ്ങളിലൊരാൾ ഡോ. ലിയാൻബെനിന്റെ പേര് മുന്നോട്ടുവെച്ചു. ഞാനവരെ അതിനുമുൻപ് കണ്ടിട്ടില്ല. ക്ഷണക്കത്ത് അയച്ചപ്പോൾ അവർ ഒരു മറുചോദ്യവും ഇല്ലാതെ അത് സ്വീകരിച്ചു. ഞങ്ങളുടെ പരിപാടിയിൽ വന്ന് സംസാരിച്ചു. എല്ലാവർക്കും ഞങ്ങൾ ആറ് മിനിട്ടാണ് കൊടുത്തത്. ഈ രാജ്യത്ത് ഒരു മനുഷ്യർ പോലും ഞങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നറിയാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തിലാണ് ഒരു ദേശീയ പ്രോഗ്രാമിലേക്ക് ഈ സംഘടന എന്നെ വിളിച്ചതെന്ന് അവർ പറഞ്ഞു. ഞങ്ങൾക്കത് സ്‌ട്രൈക്ക് ചെയ്തു. അതിന് മുമ്പും മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട് എന്നുള്ളതിന് അപ്പുറത്തേക്ക് ആഴത്തിലൊന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല. ആ ആറ് മിനിറ്റ് കഴിഞ്ഞ് അവർ സ്റ്റേജിൽ നിന്ന് ഇറങ്ങിവന്നപ്പോൾ ഞാൻ താഴെ നിൽക്കുകയാണ്. അവരെന്നെ വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടിത്തം നമുക്ക് സ്ത്രീകൾക്ക് മനസ്സിലാകും. അശരണയായ ഒരാൾ വന്ന് എന്നെ, ഞങ്ങളെ രക്ഷിക്കണം എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്നത്, അല്ലെങ്കിൽ ഏതെങ്കിലും ഒരു ആപത്തിൽനിന്നും ഓടിവന്ന് നമ്മളെ കെട്ടിപ്പിടിക്കുന്നതുപോലെ എനിക്കത് അനുഭവപ്പെട്ടു.

അന്ന് വൈകുന്നേരം ഞങ്ങൾ നാലഞ്ചു നേതാക്കൾ ഒന്നിച്ചിരുന്ന് ഇവരെ നമ്മുടെ ഓഫീസിലേക്ക് വിളിക്കാൻ തീരുമാനിച്ചു. അന്ന് രാത്രിയിൽ തന്നെ മെസേജ് ചെയ്ത് അവരോട് വരാൻ പറഞ്ഞു. അവർ ഒരു ദിവസം കഴിഞ്ഞ് വരാമെന്ന് പറഞ്ഞു. കുക്കി വിഭാഗത്തിൽനിന്നുള്ള അവർ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ആണ്. ഒരു ദിവസം കഴിഞ്ഞ് രാവിലെ അവരുടെ മെസേജ്, ഞാൻ കുറേക്കൂടി സ്ത്രീകളെ കൊണ്ടുവന്നാൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടോ എന്ന്. ഞാൻ പറഞ്ഞു, ഒരു പ്രശ്‌നവുമില്ല. അവരും അവരോടൊപ്പം പതിനഞ്ച് സ്ത്രീകളും വന്നു.

ഒരാൾ ഇംഫാൽ ഓൾ ഇന്ത്യ റേഡിയോയിലെ ന്യൂസ് റീഡർ, നഴ്‌സ്മാർ, നഴ്‌സിങ് വിദ്യാർത്ഥികൾ, കൊളേജ് വിദ്യാർത്ഥികൾ, റസ്‌റ്റോറന്റിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ, ഇവരെല്ലാം പ്രശ്‌നങ്ങളുണ്ടായപ്പോൾ ഡൽഹിയിലേക്ക് പലായനം ചെയ്തവരാണ്. ഇവർ ഓരോരുത്തരും പറയുന്നത് വളരെ ഞെട്ടിക്കുന്ന അനുഭവങ്ങളായിരുന്നു. നമ്മൾ അതുവരെയും പത്രത്തിലൊക്കെ വായിക്കുന്നതല്ലേ അറിയുന്നുള്ളൂ. അന്ന് ദീർഘനേരം അവരുമായി സംസാരിച്ചു. ആ മീറ്റിങ് കഴിഞ്ഞ് അവിടെയുള്ള മെയ്‌തെയ് സ്ത്രീകളെയും കാണാമെന്ന് ഞങ്ങളുടെ ലീഡർഷിപ്പ് തീരുമാനിച്ചു. അങ്ങനെ ഞങ്ങൾക്കൊരു വിവരം കിട്ടി, മണിപ്പൂരിലെ ഇമ മാർക്കറ്റ് നടത്തുന്ന സ്ത്രീകളിൽ എഴുപത്തിയഞ്ചുപേർ ഡൽഹിയിൽ നരേന്ദ്രമോദിയെ കാണുന്നതിനും ആഭ്യന്തര മന്ത്രിയെ കാണുന്നതിനുമായി വന്നിട്ടുണ്ട് എന്ന്. അതിൽ 17 പേർ ഞങ്ങളുടെ മണിപ്പൂരിലെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. നമ്മൾ അവരെ ക്ഷണിച്ചു. അവർ പതിനഞ്ചുപേർ ഓഫീസിൽ വന്നു. അവരോട് കാര്യങ്ങൾ സംസാരിച്ചു.

ഇത് എങ്ങനെയെങ്കിലും പരിഹരിക്കണം, അല്ലെങ്കിൽ വലിയ അപകടത്തിലേക്ക് പോകുമെന്ന് ഈ മെയ്‌തെയ് സ്ത്രീകൾ നമ്മളോട് പറഞ്ഞു. ഞങ്ങൾക്ക് മണിപ്പൂരിലെ ക്യാമ്പുകൾ കാണണമെന്ന് പറഞ്ഞപ്പോൾ അവർ തന്നെ അവിടെയിരുന്ന് ഞങ്ങൾക്കുള്ള ഹോട്ടൽ ബുക് ചെയ്തു, ഞങ്ങളവിടെ ചെന്ന് ഇറങ്ങിയാൽ സഞ്ചരിക്കാനുള്ള ടാക്‌സി ബുക് ചെയ്തു, അങ്ങനെ ജൂൺ 28ന് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഇതുവരെയും ആരും തിരിഞ്ഞുനോക്കാത്ത ഇടം എന്ന് ഡോ. ലിയാൻബെൻ ആ സ്‌റ്റേജിൽ ഇരുന്ന് പറഞ്ഞിരുന്നു. അവിടെ ചെന്നപ്പോളാണ് അറിയുന്നത് ഞങ്ങളാണ് ആദ്യമായി അവിടെ പോകുന്ന സംഘമെന്ന്. ഞങ്ങളുടെ സംഘടനയിലെ മെയ്‌തെയ് സ്ത്രീകൾ ഞങ്ങളെ ഒരുപാട് ക്യാമ്പുകളിലേക്ക് കൊണ്ടുപോയി, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ എന്നിവിടെയൊക്കെ. രാഹുൽ ഗാന്ധി പോകുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ക്യാമ്പുകളൊക്കെ സന്ദർശിച്ചു.

മണിപ്പൂരിലെ റിലീഫ് ക്യാമ്പുകളിലൊന്ന് കടപ്പാട് : newindianexpress.com

ഞങ്ങൾ തിരിച്ചുവരുന്ന വഴിക്കാണ് രാഹുൽ ഗാന്ധിയെ അവിടെ തടഞ്ഞുനിർത്തിയത് നമ്മൾ കണ്ടത്. അവിടെപ്പോയ ശേഷം ഞങ്ങൾ മെയ്‌തെയ് ഏരിയയിലാണ് പോയത്. പിന്നീട് ചുരാചന്ദ്പൂർ എന്ന കുക്കി ഏരിയയിൽ പോയി. പരേഡ് ചെയ്യപ്പെട്ട, റേപ് ചെയ്യപ്പെട്ട പെൺകുട്ടികളെയൊക്കെ പ്രത്യേകിച്ചൊരിടത്ത് കൊണ്ടുവന്ന് അവരുമായി സംസാരിക്കാനുള്ള സൗകര്യം അവിടത്തെ കുക്കി ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം എന്ന സംഘടനയുടെ ആളുകൾ ഒരുക്കി. ഇവരുടെ ഗ്രാമമുഖ്യരുടെ വീടുകളിലും ഞങ്ങളെ കൊണ്ടുപോയി. കുക്കി, മെയ്‌തെയ് ഏരിയകളുടെ ഇടയിൽ മുസ്ലീംങ്ങളുണ്ട്, പംഗൽ മുസ്ലീംങ്ങൾ. അവരുടെ ഗ്രാമത്തിലും ഞങ്ങൾ പോയി. ഈ രണ്ട് സ്ഥലത്തെയും കളക്ടർമാരുമായി ഞങ്ങൾ മീറ്റിങ് നടത്തി. ഹോസ്പിറ്റലുകൾ സന്ദർശിച്ചു. പരിക്കേറ്റ, വെടിയേറ്റ് ചികിത്സയിലുള്ള ആളുകൾ ആ ഹോസ്പിറ്റലിലുണ്ട്. ഞങ്ങൾ പോകുമ്പോൾ രണ്ട് മാസമായി എന്നാലോചിക്കണം. സിവിൽ സൊസൈറ്റിയിലെ ആളുകളുമായി ഞങ്ങൾ സംസാരിച്ചു. ഇരകളാക്കപ്പെട്ടവരുടെ ഭാഗവും കുറ്റകൃത്യം ചെയ്തവരുടെ ഭാഗവും കേട്ടു. ഞങ്ങൾ മുഖ്യമന്ത്രിയെയും ഗവർണറെയും കാണുന്നതിന് ശ്രമം നടത്തി. പക്ഷേ അവർ ഞങ്ങൾക്ക് അനുമതി നൽകിയില്ല. എങ്കിലും ചില കാര്യങ്ങൾ ഈ സർക്കാരിനെ അറിയിക്കണമെന്ന് നമ്മൾ തീരുമാനിച്ചു.  വെറുതെ വന്നിട്ട് പോകുന്നത് ശരിയല്ലല്ലോ.

ഞങ്ങൾ അവിടെ ഇംഫാൽ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. കണ്ട കാര്യങ്ങളും സർക്കാർ ഇടപെട്ട് ചെയ്യേണ്ട കാര്യങ്ങളും എല്ലാം ഞങ്ങൾ പറഞ്ഞു. ക്യാമ്പുകളിൽ ഗർഭിണികൾ ഉണ്ട്. അവർക്ക് മെഡിക്കൽ സഹായങ്ങളില്ല, പ്രത്യേക ഭക്ഷണമോ ശ്രദ്ധയോ കിട്ടുന്നില്ല എന്നു പറഞ്ഞപ്പോൾ ഒരു വനിതാ ജേണലിസ്റ്റ് വളരെ പ്രകോപിതയായി. ഈ സർക്കാർ അവർക്കുവേണ്ടി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്, ഗർഭിണികളായവർക്ക് വേണ്ടി റിലീഫ് ക്യാംപുണ്ട് എന്ന് പറഞ്ഞു. എങ്കിൽ, ഗർഭിണികളായ സ്ത്രീകൾ ഇപ്പോഴും ഇതുപോലെ ക്യാമ്പുകളിലുണ്ട് എന്ന കാര്യം നിങ്ങൾ സർക്കാറിനെ അറിയിക്കണമെന്ന് ‍ഞങ്ങൾ അവരോട് പറഞ്ഞു. ഇതെല്ലാം പറഞ്ഞ ശേഷം, ഇതൊരു സ്‌റ്റേറ്റ് സ്‌പോൺസേഡ് വയലൻസ് ആണ് എന്ന് ഞങ്ങൾ പറഞ്ഞു. അത് അവിടെത്തന്നെ പറഞ്ഞു. അല്ലാതെ ഡൽഹിയിൽ തിരികെവന്നിട്ടൊന്നുമല്ല പറഞ്ഞത്.

ഇംഫാൽ പ്രസ് ക്ലബ്ബ് പത്രസമ്മേളനം. കടപ്പാട് : ukhrultimes.com

ഇതിന്റെ കോൺടെക്‌സ്റ്റ് നിങ്ങൾ പറയുന്നുണ്ടല്ലോ, പെട്ടെന്നുണ്ടായതല്ല ഈ സംഭവങ്ങളൊന്നും എന്ന്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

നമ്മൾ പോയപ്പോൾ വളരെ വ്യക്തമായൊരു കാര്യം, അത് കൂടുതൽ ഹൈലൈറ്റ് ചെയ്യേണ്ടതുണ്ട്, ഇത് കുക്കിക്കും മെയ്‌തെയ്ക്കും ഇടയിലുള്ള വിഷയം ആയിരുന്നില്ല എന്നതാണ്. ഇപ്പോൾ അത് അങ്ങനെയാണ്. സത്യത്തിൽ ഇത് കുക്കിക്കും സർക്കാരിനും ഇടയിലുള്ള ഒരു വിഷയമായിരുന്നു. ഈ ബി.ജെ.പി സർക്കാർ കുറച്ചുകാലമായി കുക്കി വിഭാഗത്തെ ടാർഗറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവർ മലയോരമേഖലയിലാണ് ഉള്ളത്. അവിടെ ധാതുനിക്ഷേപം ധാരാളമുള്ള ഭൂമിയാണ്. ബജറ്ററി അലോക്കേഷൻ 85 ശതമാനവും ചെലവഴിക്കുന്നത് താഴ്വരയിലെ മെയ്‌തെയ് പ്രദേശത്താണ്.

വിദ്യാഭ്യാസത്തിനായാലും ആരോഗ്യത്തിനായാലും, 15 ശതമാനം മാത്രമാണ് മലകളിൽ ചെലവഴിക്കുന്നത്. അവിടെ പോയാൽ അത് വ്യക്തമായി കാണാൻ കഴിയും. എല്ലാ നല്ല സംവിധാനങ്ങളും താഴ്വരയിലാണ്. കുക്കികൾ തുടർച്ചയായി ഇതു സംബന്ധിച്ച് സർക്കാരിനോട് കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സർക്കാരിന് കത്തെഴുതും, ധർണ നടത്തും, പ്രകടനം നടത്തും. രണ്ടാമത്തേത്, സർക്കാർ മയക്കുമരുന്നിനെതിരെ ഒരു പ്രഖ്യാപനം നടത്തി. പോപ്പി കൾട്ടിവേഷൻ ചെയ്യുന്നവരെല്ലാം അഭയാർത്ഥികളാണ്, ഡ്രഗ് മാഫിയയാണ് എന്നെല്ലാം പറഞ്ഞ് ഇവരെ ഇകഴ്ത്താനും പരിഹസിക്കാനും തുടങ്ങി.

കൂടാതെ, 1965ലെ വന സംരക്ഷണ നിയമമുണ്ട്, ആ നിയമം നടപ്പിലാക്കുന്നു എന്നു പറഞ്ഞുകൊണ്ട് കുക്കികളുടെ ഗ്രാമങ്ങളിൽ സർക്കാർ പോയി സർവേ നടത്തും. മാർച്ച് മാസത്തിൽ ഈ സർവ്വേയുടെ പേരിൽ അവിടെയുള്ള ചില ഗ്രാമങ്ങൾ അപ്പാടെ ഒഴിപ്പിച്ചു, വീടുകളെല്ലാം നശിപ്പിച്ചു. അതേപോലെ ഇംഫാലിൽ കുക്കികളുടെ മൂന്ന് ചർച്ചുണ്ട്. അവ വ്യത്യസ്ത ഡിനോമിനേഷനുകളിലുള്ള ചർച്ചുകളാണ്. മാർച്ച് മാസത്തിൽ അത് മൂന്നും തകർത്തു. ഒന്ന് റോമൻ കാത്തലിക് ചർച്ചാണ്, അവർ പറയുന്നത് അവർക്ക് മുപ്പതുവർഷമായി പട്ടയമുള്ളതാണ് ആ സ്ഥലം എന്നാണ്. മറ്റ് രണ്ട് ഡിനോമിനേഷനുകളുടെ ചർച്ചുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് കോടതിയിൽ ഇരിക്കുകയാണ്. അവരും പറയുന്നു സ്ഥലം അവരുടേതാണെന്ന്. അതിൽ തർക്കമുണ്ടായപ്പോളാണ് കേസ് കോടതിയിലെത്തുന്നത്. ഒരു കൂട്ടരുടെ കയ്യിൽ പട്ടയമുണ്ട്, മറ്റു രണ്ടുപേരെ സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുന്നു. ആ സമയത്ത് നിങ്ങൾക്ക് ആക്ഷൻ എടുക്കാൻ പറ്റില്ല. എന്നിട്ടും ബുൾഡോസർ കൊണ്ടുവന്ന് ഈ മൂന്ന് പള്ളികളും തകർത്തു. ഇംഫാലിലൂടെ നാഗാ റിവർ എന്നൊരു നദി ഒഴുകുന്നുണ്ട്. അതിന്റെ വശങ്ങളിലായി തലമുറകളായി കുക്കികൾ ജീവിക്കുന്നുണ്ട്. ആ വീടുകൾ മുഴുവൻ ബുൾഡോസർ കൊണ്ട് തകർത്ത് അവരെ ഒഴിപ്പിച്ചു. പകരം സംവിധാനങ്ങൾ ഒന്നും ഇല്ല.

ഇംഫാലിൽ തകർക്കപ്പെട്ട പള്ളികളിലൊന്ന് കടപ്പാട്: northeastlivetv.com

ആരംബായ് തെംഗോൽ, മെയ്‌തെയ് ലിപുൺ എന്നീ  രണ്ട് ഫാസിസ്റ്റ് സംഘടനകൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. വനസംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെ മറവിൽ അവർ കുക്കി വീടുകളിൽ പോയി ചുവന്ന മാർക്ക് ഇടും. ഇതിനിടയിലാണ്, മണിപ്പൂർ ഹൈക്കോടതി മെയ്‌തെയ്കൾക്ക് ട്രൈബൽ സ്റ്റാറ്റസ് കൊടുക്കുന്നത് സംബന്ധിച്ച് വളരെ പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് ഉത്തരവിടുന്നത്. അതാണ് ഈ വലിയ പ്രതിഷേധത്തിലേക്ക് നയിച്ച കാരണം. കുക്കികൾ ഭയങ്കര ദേഷ്യത്തിലാണ് എന്ന വിവരം കുക്കി മേഖലയിലുള്ള എട്ട് എം.എൽ.എമാർ-ക്രിസ്റ്റ്യൻ കുക്കികളാണ്, പക്ഷേ അവർ ബിജെപിയാണ്-സർക്കാരിനെ അറിയിച്ചിരുന്നു. ദേഷ്യം എങ്ങനെയെങ്കിലും തണുപ്പിക്കാനായി സർക്കാർ കുക്കി മേഖലയിൽ ഒരു ഓപ്പൺ ജിം ഉണ്ടാക്കി. ഏപ്രിൽ 28ന് മുഖ്യമന്ത്രി അത് ഉദ്ഘാടനം ചെയ്യാൻ പോകുന്നതിന് മുമ്പ്, 27ാം തീയ്യതി അവർ അതിന് തീയിട്ടു. ഞങ്ങളുടെ 85 ശതമാനം ഫണ്ട് എടുക്കുക, എന്നിട്ട് ഞങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇതെല്ലാം ചെയ്യുക, അതിനുവേണ്ടി മുഖ്യമന്ത്രി വരേണ്ടെന്ന് പറഞ്ഞാണ് അത് കത്തിച്ചത്. മെയ് മൂന്നിന് മെയ്‌തെയ്കൾക്ക് എസ്.ടി പദവി നൽകിയതിനെതിരെ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അത് കഴിഞ്ഞ് തിരിച്ച് നടന്നുപോകുമ്പോഴാണ് അതിനിടയിലേക്കാണ് അസം റൈഫിൾസിന്റെ വേഷത്തിൽ ചിലർ വന്ന് കയറുകയും, ആരംബായ് തെംഗോൽ, മെയ്‌തേയ് ലിപുൺ എന്നിവരുടെ ആളുകൾ കടന്നുകയറുകയും ചെയ്യുന്നത്. അങ്ങനെയാണ് ഈ വയലൻസ് തുടങ്ങുന്നത്.  

ബിഷ്ണുപൂരിനും ചുരാചന്ദ്പൂരിനും ഇടയിൽ വലിയൊരു ആർച്ചുണ്ട്- ആംഗ്ലോ കുക്കി വാർ മെമ്മോറിയൽ. ബ്രിട്ടീഷുകാർക്കെതിരെ കുക്കികൾ നടത്തിയ പടയോട്ടത്തിന്റെ സ്മാരകമായി വെച്ചിരിക്കുന്നതാണ്. അതിന്റെ ഒരു ഭാഗത്ത് ടയറൊക്കെ വെച്ച് തീയിട്ട് അത് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു. അവരെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നു എന്ന ആശങ്ക കുക്കികൾക്കിടയിൽ ഉണ്ടായി. ഇംഫാലിൽ കുക്കികളുടെ വീടുകൾക്കെല്ലാം തീ വെക്കാൻ തുടങ്ങി. അപ്പോൾ അവരും തിരിച്ച് ആക്രമിക്കാൻ തുടങ്ങി. പിറ്റേ ദിവസമാണ് പൊലീസ് ട്രെയ്‌നിങ് ക്യാംപിലുള്ള ആയുധങ്ങൾ മോഷ്ടിക്കുന്നത്. മുഴുവൻ ആയുധ ശേഖരവും മെയ്‌തെയ്കൾ അടിച്ചെടുത്തു.

ആംഗ്ലോ കുക്കി വാർ മെമ്മോറിയലിൽ തീയിട്ടപ്പോൾ. കടപ്പാട് : reddit.com.

കുക്കികളുടെ കയ്യിൽ ഉപജീവനത്തിനായി പക്ഷിയെയും മുയലിനെയും വേട്ടയാടാനുള്ള ചെറിയ എയർഗണ്ണൊക്കെ വേറെ ആയുധങ്ങളില്ല. മെയ് മൂന്ന്, നാല്, അഞ്ച് തീയ്യതികളിൽ ഈ വയലൻസ് അതിഭയങ്കരമായി നടന്നു. പൊലീസ് ഇതൊന്നും തടയാൻ ഇടപെട്ടില്ല. പൊലീസിനോട് ചോദിച്ചാൽ പറയും ഞങ്ങൾക്ക് നിർദ്ദേശമില്ല എന്ന്. സെക്യൂരിറ്റി ഫോഴ്‌സിനോട് പറഞ്ഞാൽ അവർ പറയുന്നത് അവിടെ അതിർത്തിയില്ല എന്നാണ്. ഒരു കൂട്ടരുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ, മറുഭാഗത്ത് ഒന്നുമില്ലാത്തൊരു സ്ഥിതി. അതുകൊണ്ടാണ് മരണം കൂടുതൽ കുക്കികൾക്കിടയിൽ സംഭവിച്ചത്. ഞങ്ങൾ ചെല്ലുമ്പോൾ മെയ്‌തെയ്കൾ 57 പേരും കുക്കികൾ 107 പേരുമാണ് മരിച്ചത്. സർക്കാരിനെതിരെ അവർ നിരന്തരം സമരങ്ങളിലായിരുന്നു. സർക്കാരിനെതിരായിട്ടാണല്ലോ എസ്.ടി സ്റ്റാറ്റസിനെതിരായുള്ള പ്രകടനവും റാലിയുമെല്ലാം നടന്നത്. അല്ലാതെ മെയ്‌തെയ്ക്ക് എതിരായിട്ടല്ല. രണ്ട് സ്ഥലത്തെ ക്യാമ്പുകളിലുമുള്ളവർ പറയുന്നത് എന്തെങ്കിലും ചെയ്ത് ഇത് അവസാനിപ്പിക്കണം, ഞങ്ങൾക്ക് തിരിച്ചുപോകണം എന്നാണ്. കുക്കികൾ പറയുന്നത് ഞങ്ങളുടെ അയൽപക്കക്കാർ മെയ്‌തെയ്കളാണ്, അവരുടെ കൂടെ ഞങ്ങൾക്ക് ജീവിക്കണം എന്നാണ്. മെയ്‌തേയ്കൾ പറയുന്നത് ഞങ്ങളുടെ അയൽവാസികൾ കുക്കികളാണ്, ഞങ്ങളെല്ലാവരും ഇടകലർന്ന് ജീവിച്ചവരാണ്, ഇത് കൃഷി നടത്താനുള്ള സീസൺ ആണ്. ഇപ്പോൾ ചെയ്തില്ലെങ്കിൽ ഞങ്ങളെല്ലാം പട്ടിണി കിടന്ന് മരിക്കേണ്ടിവരും എന്നാണ്.

രണ്ടുകൂട്ടരും രക്ഷപ്പെടുന്നതിന് വേണ്ടി പരസ്പരം സഹായിച്ചു എന്ന് സ്ത്രീകൾ പറയുന്നു. ഞങ്ങൾ പോയപ്പോൾ രണ്ട് ക്യാമ്പുകളിലും സ്ത്രീകൾ ഫോൺ ചെയ്യുന്നുണ്ട്- കുക്കി അയൽവാസിക്ക് മെയ്‌തെയ് ഫോൺ ചെയ്യുന്നു, മെയ്‌തെയ് അയൽവാസിക്ക് കുക്കി ചെയ്യുന്നു. രണ്ട് കൂട്ടർക്കും അറിയില്ല ഇവർ ഏത് ക്യാമ്പിൽ ആണെന്ന്. അതുപറയാതെ നീയെങ്ങനെ, സുഖമാണോ, കുഴപ്പമില്ലല്ലോ, അസുഖമില്ലല്ലോ എന്നെല്ലാം അന്വേഷിക്കുന്നു. പക്ഷേ രണ്ട് കൂട്ടരും എവിടെയാണ് എന്ന് പറയുന്നില്ല. ഇത് രണ്ടുഭാഗത്ത് നിന്നുമുള്ള പൊതുവികാരമാണ്. ഞങ്ങൾ ചെല്ലുന്ന സമയത്ത് സർക്കാർ ഇടപെട്ടിരുന്നെങ്കിൽ തീർച്ചയായും ഇവരെ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുത്തി സംസാരിച്ച് ഇത് പരിഹരിക്കാമായിരുന്നു. സർക്കാർ ഇടപെടണം എന്ന് പൊതുവികാരമുണ്ടായിരുന്നു. രാഹുൽ ഗാന്ധി വന്നപ്പോൾ രാഹുൽ ഗാന്ധിയെ തടഞ്ഞ് ഏറ്റവുമധികം രോഷാകുലരായത്  മെയ്‌തേയ് സ്ത്രീകളാണ്. അതിന്റെ കാരണം ആരെങ്കിലും വന്ന് ഇതൊന്ന് തീർക്കണം എന്നതാണ്. അപ്പോഴും ഒരു സാധ്യതയുണ്ടായിരുന്നു തീർക്കാൻ. ആ സാധ്യത സർക്കാർ നഷ്ടപ്പെടുത്തി.

രാഹുൽ ഗാന്ധി റിലീഫ് ക്യാമ്പിൽ കടപ്പാട്: outlookindia.com.

മെയ്‌തേയ് വിഭാഗത്തിൽ നിന്നും സ്ത്രീകളാണ് എല്ലായിടത്തും കച്ചവട സ്ഥാപനങ്ങൾക്ക് കാവൽനിൽക്കുന്നത്. പുരുഷന്മാരെ അധികം കാണാനില്ല. ഞങ്ങൾ ചെല്ലുമ്പോൾ കണ്ടത് ചെറുപ്പക്കാർ ഉൾപ്പെടെയുള്ള പുരുഷന്മാരെയൊക്കെ റൂമിലും ഹാളിലും ഇട്ട് പൂട്ടി സ്ത്രീകൾ വെളിയിൽ കാവലിരിക്കുന്നതാണ്. ആർമ്ഡ് ഫോഴ്‌സസ് സ്‌പെഷ്യൽ പവേഴ്‌സ് ആക്റ്റിന്റെ കാലത്ത് ഒരുപാട് ആണുങ്ങളെ കൊലചെയ്തതാണ് ആർമി. അതിന്റെ ഭയം അവരുടെ ഉള്ളിൽ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് പുരുഷന്മാരെ സംരക്ഷിക്കുന്നത്. അവർ പരക്കം പായുകയാണ്. എല്ലാ വാഹനങ്ങളും അവർ പരിശോധിക്കുന്നു,. എല്ലാവരും അവരുടെ ശത്രുക്കളാണ് എന്നാണ് അവരുടെ ധാരണ. പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം അമിത് ഷാ അവിടെപ്പോയി മുഖ്യമന്ത്രിയോട് പറഞ്ഞു, മെയ്‌തേയ് ഏരിയ നിങ്ങളുടെ ഉത്തരവാദിത്തമാണ്, കുക്കി ഏരിയ എന്റെ ഉത്തരവാദിത്തമാണ്. എന്നിട്ട് അവിടെ അസാം റൈഫിൾസിന് ചുമതല കൊടുത്തു. അസാം റൈഫിൾസിന് മുന്നിൽ മെയ്‌തെയ്കളെ കുക്കികൾ എന്ത് ചെയ്താലും അവർ ഇടപെടുകയില്ല, പക്ഷേ, അസാം റൈഫിൾസിന് മുന്നിൽ കുക്കികളെ കണ്ണുരുട്ടി കാണിച്ചാൽ പോലും ഉടൻ മെയ്‌തെയെ പിടികൂടും. അസാം റൈഫിൾസിന് കിട്ടിയത് കൃത്യമായ ഓർഡറാണ്, നിങ്ങൾക്ക് കുക്കികളുടെ ഉത്തരവാദിത്തം മാത്രമാണ് ഉള്ളത് എന്ന്. അവർക്ക് കൊടുത്ത ഉത്തരവ് അവർ പാലിക്കുന്നു. ഈയൊരു തീരുമാനത്തോടെ ഈ സർക്കാർ മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. ഒരുഭാഗത്ത് സൈന്യം, ഒരുഭാഗത്ത് പൊലീസ്. പൊലീസിന് വലിയ അധികാരമൊന്നും കൊടുക്കുന്നില്ല. അതുകൊണ്ടാണ് അസാം റൈഫിൾസ് കുക്കികളെ സഹായിക്കുകയാണെന്ന് ആളുകൾ കരുതുന്നത്. അല്ല, അവർ അവരുടെ ചുമതല നിർവ്വഹിക്കുകയാണ്.സർക്കാർ ഈ കലാപത്തെ നിയന്ത്രിക്കാതെ ഇവർ തമ്മിലുള്ളൊരു പ്രശ്‌നമായി വളർത്തിക്കൊണ്ടുവന്നു.  

മണിപ്പൂരിൽ സ്ത്രീകളുടെ പ്രതിഷേധം. കടപ്പാട് : livehindustan.com

അതിനിടയിൽ ഒരു ദിവസം ഒരു നാഗ സ്ത്രീയെ ഇംഫാലിൽ വെടിവെച്ചുകൊന്നു. അവർ  തിരിച്ചറിയൽ കാർഡ് കാണിച്ച് ഞാൻ നാഗാ ആണ്, കുക്കി അല്ല എന്ന് പറയുന്നുണ്ട്. പറഞ്ഞിട്ടും അവരെ മെയ്‌തെയ്കൾ കൊന്ന. നാഗകൾ വളരെ നിശബ്ദരായി നിൽക്കുകയായിരുന്നു. അവരെ ട്രിഗർ ചെയ്ത് അവരെക്കൂടി ഇതിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. അങ്ങനെ വന്നാൽ മണിപ്പൂരിനെ മൂന്നായി വിഭജിക്കാം, ഇതിനകം കുക്കികൾ പറഞ്ഞു കഴിഞ്ഞു, ഞങ്ങൾക്ക് പ്രത്യേക സ്റ്റേറ്റ് വേണമെന്ന്. അവർ ആദ്യം ആവശ്യപ്പെടുന്നത് ആറാം ഷെഡ്യൂളിൽ വരുന്ന ഓട്ടോണമിയാണ്. സിക്‌സ്ത് ഷെഡ്യൂൾ അനുസരിച്ച് ആദിവാസികൾക്ക് പരമാധികാരമുണ്ട്. ജാർഖണ്ഡിൽ ഫാദർ സ്റ്റാൻ ഇടപെട്ട പത്തൽഗഢി മുന്നേറ്റമുണ്ടല്ലോ. അവരുടെ പഞ്ചായത്തിനുള്ള ഓട്ടോണമി-എന്തുവികസനം വേണം എന്ന തീരുമാനമെടുക്കാനുള്ള ഓട്ടോണമി- അതാണവർ ആവശ്യപ്പെട്ടത്. അതിനപ്പുറത്തേക്ക് പ്രത്യേക സ്റ്റേറ്റ് ആവശ്യപ്പെട്ടിരുന്നില്ല. കുക്കികളുടെ ഡിമാൻഡുകളെക്കുറിച്ചൊന്നും ചർച്ചയില്ലാത്തതുകൊണ്ടാണ് അവർ പ്രത്യേക സ്റ്റേറ്റ് എന്ന ആവശ്യമുന്നയിച്ചത്. രണ്ട് എന്നത് ഉറപ്പായി, അപ്പോളാണ് മൂന്നാമതായി നാഗയെ പ്രകോപിപ്പിക്കാൻ നോക്കിയത്. ഇപ്പോൾ അവർ ഗ്രേറ്റർ നാഗാ ലിം ആവശ്യപ്പെടുന്നു.

കുറേ വർഷം മുമ്പ്, ഇരുപത്തിയഞ്ചോളം കുക്കി മിലിറ്റന്റ് ഗ്രൂപ്പുകളും കേന്ദ്ര സർക്കാരും അന്ന് സംസ്ഥാനം ഭരിച്ച കോൺഗ്രസ് സർക്കാരുമായി ചേർന്ന് ഒരു എഗ്രിമെന്റ് ഉണ്ടാക്കി. മിലിറ്റന്റ്‌സിനെതിരെ സർക്കാർ ഒരു നടപടിയും എടുക്കുകയില്ല. അതിനുപകരം അവർ ഭരണഘടനയെ അനുസരിച്ച്, നിയമങ്ങളെ അനുസരിച്ചുകൊണ്ട് ജീവിക്കണം. കീഴടങ്ങിയ മിലിറ്റന്റ്‌സിന് വേണ്ടി ക്യാമ്പുകളുണ്ട്. ഇവർക്ക് മാസം അയ്യായിരം രൂപ ധനസഹായം കൊടുക്കും. അവർക്ക് വേണ്ടി പ്രത്യേക ഒരു ഏരിയയുണ്ട്, അതുവിട്ട് എങ്ങോട്ടും പോകാൻ പാടില്ല. അങ്ങനെ സമാധാനപരമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന ഉടമ്പടിയിൽനിന്ന് പെട്ടെന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങി. കുക്കികൾ വീണ്ടും മിലിറ്റൻസിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായി. ഇത് മാർച്ചിലാണ് നടന്നത്, സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻ എന്നു പറഞ്ഞാൽ മിലിറ്റന്റ്‌സിന്റെ പേരിൽ കുക്കികളെ ടാർഗറ്റ് ചെയ്യുകയാണ്. അതിനെതിരെ അവർ പ്രകടനം നടത്തുകയും സർക്കാരിന് മെമ്മൊറാണ്ടം കൊടുക്കുകയും ചെയ്തു. മറ്റൊന്ന്, ആർമ്ഡ് ഫോഴ്‌സസ് സ്‌പെഷ്യൽ പവേഴ്‌സ് ആക്റ്റ് കുറേ പ്രദേശങ്ങളിൽ നിന്നും പിൻവലിച്ചു. മെയ്‌തെയ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നിന്നൊന്നും അത് മാറ്റിയില്ല. കുക്കി ഏരിയകളിൽ അത് എടുത്തുകളഞ്ഞു. ഇതും അവരെ ടാർഗറ്റ് ചെയ്യുകയാണെന്ന തോന്നൽ അവരിലുണ്ടാക്കി.  ഞങ്ങൾ പോയ സമയത്ത്, രണ്ട് മാസം അവിടെ പ്രശ്‌നം പരിഹരിക്കാനുള്ള അവസരമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇതൊരു സ്റ്റേറ്റ് സ്‌പോൺസേഡ് കലാപമാണെന്ന് പറഞ്ഞത്.

ആനി രാജ ഫോട്ടോ : മൃദുല ഭവാനി

ജിയോപൊളിറ്റിക്കലി പറയുകയാണെങ്കിൽ, നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഉതകുന്ന രീതിയിലുള്ള ഡ്രഗ് മാഫിയ, ആയുധ മാഫിയ ഇവരെയെല്ലാം ആ അതിർത്തി ഉപയോഗപ്പെടുത്താൻ എന്തുകൊണ്ട് അനുവദിക്കുന്നു? ഇൻസർജൻസി നിലനിർത്തണം. അതിന്റെ അജണ്ട എന്താണ്? ഞങ്ങളോട് കുക്കികൾ പറഞ്ഞതാണ്, അദാനിയെ അവിടെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന്. നാഷണൽ ഹൈവേ അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു ദിവസം അമിത് ഷാ അവിടെ പോയി കുക്കികളുടെ നേതാക്കളെ കണ്ട്, അവരോട് സംസാരിച്ച് അത് തുറപ്പിച്ചു. ഇതിനകം തന്നെ മലകളിൽ ഖനനം നടക്കുന്നുണ്ട്. ആ ഖനനം നടത്തിയ ക്രൂഡ് ഓയിൽ ആസാമിലുള്ള റിഫൈനറിയിലേക്കാണ് കൊണ്ടുപോകുന്നത്. അതൊരു പ്രൈവറ്റ് കമ്പനി ആണ് ചെയ്യുന്നത്. അവർ ഇതിങ്ങനെ അടച്ചിട്ടതുകൊണ്ട് കമ്പനിയിലെ ജോലിയൊന്നും നടക്കുന്നില്ല. ഒരു റോഡ് പോലും തുറന്നുതരാൻ പറ്റില്ലെങ്കിൽ ഞങ്ങൾ ഈ വർക്ക് നിർത്താൻ പോകുകയാണെന്ന് അവർ ഗവണ്മെന്റിനോട് പറഞ്ഞു. അപ്പോഴാണ് അമിത് ഷാ ഇടപെട്ട് അതുമാത്രം തുറപ്പിച്ചത്. പക്ഷെ അത്യാവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വേറെയൊരു റൂട്ട് ഉണ്ട്. അവിടെയൊന്നും ഒന്നും ചെയ്തിട്ടില്ല. ഇത് തീർച്ചയായും കേന്ദ്ര സർക്കാരിന്റെ അജണ്ടയാണ്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇത്രയും നിശബ്ദമായിരിക്കുന്നത്?

2019ൽ കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിനെ തുടർന്നും എൻ.സി.ഐ.ഡബ്‌ള്യു അവിടെ വസ്തുതാന്വേഷണം നടത്താൻ പോയിട്ടുണ്ട്. ഇന്ന് മണിപ്പൂരിലെ സാഹചര്യങ്ങളും അന്നത്തെ കശ്മീരിലെ സാഹചര്യങ്ങളും തമ്മിൽ എന്തെങ്കിലും സാമ്യതകൾ തോന്നുന്നുണ്ടോ?

ഇതിൽ കാണുന്ന സാമ്യതകളിൽ ഒന്ന് കോർപ്പറേറ്റ് താത്പര്യ സംരക്ഷണം ആണ്. അത് വളരെ വ്യക്തമാണ്. മണിപ്പൂരിൽ ഗോത്രവർഗമാണെങ്കിൽ കശ്മീരിൽ മൈനോരിറ്റിയാണ്. രണ്ട് കൂട്ടരും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നിൽക്കുന്ന ഘടകങ്ങളാണ്. ആദിവാസികൾ ഇരിക്കുന്നത് ‘സമ്പുഷ്ടമായ നിധി’യുടെ മേലെയാണ്. അവരെ മാറ്റേണ്ടത് കോർപ്പറേറ്റുകളെ നിലനിർത്താനുള്ള ആവശ്യമാണ്. മധ്യപ്രദേശിൽ ഒരുപാട് ആദിവാസി ഗ്രാമങ്ങളിൽ നിന്ന് അവരെ ഒഴിപ്പിക്കുന്നുണ്ട്. ഛത്തീസ്ഗഢിൽ കൺവേർഷന്റെ പേര് പറഞ്ഞ് ഒരുപാട് ഗ്രാമങ്ങളിൽനിന്ന് അവരെ ഒഴിപ്പിച്ചു. ഇതെല്ലാം കോർപ്പറേറ്റുകൾക്ക് കൈമാറുന്നതിന് വേണ്ടിയാണ്. അത്തരം ചില സാമ്യതകൾ ഈ രണ്ടിലുമുണ്ട്. ഒരു സംസ്ഥാനത്തെ ചെറിയ, ചെറിയ സംസ്ഥാനങ്ങൾ ആക്കിയാൽ അവർ ധരിക്കുന്നത് അവിടെയെല്ലാം ബി.ജെ.പി സർക്കാരിനെ കൊണ്ടുവരാമെന്നാണ്.

2019ൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിനെ തുടർന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പരാതികളൊക്കെ ഇപ്പോഴാണ് കോടതി പരിഗണിക്കുന്നത്. ഈ പരിഗണിക്കുന്ന സമയത്തും സ്റ്റേറ്റിന്റെ ഭാഗത്തുനിന്നും അവരുടെ നിലപാടിന് ഒരു അയവും വരുത്തുന്നില്ല. ഇന്ത്യയിൽ ബി.ജെ.പി അല്ലാത്ത പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരിലൂടെ സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നടപടികൾ ഉണ്ടാകുന്നുണ്ട്. ഇൻഡ്യ എന്ന സഖ്യകക്ഷി മുന്നണി വരുന്ന സമയത്ത്, ജൂലൈയിൽ ഓപൺ മാഗസിനിൽ രാജീവ് ദേശ്പാണ്ഡെയും അമിതാ ഷായും ചേർന്ന് എഴുതിയ ‘എ കോൾ റ്റു ആംസ്’ എന്ന ലേഖനത്തിൽ, തെരഞ്ഞെടുപ്പിന്റെ സമയത്ത്, എൻ.ഡി.എ എഗെയ്ൻസ്റ്റ് ഇന്ത്യ എന്ന് വാർത്താ തലക്കെട്ടുകൾ വരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ അവർ വിവരിക്കുന്നുണ്ട്. ഇന്ത്യയിൽ ഫെഡറൽ ഘടന എന്ന ആശയം എത്രത്തോളം ഇന്ന് നിലനിൽക്കുന്നുണ്ട്?

ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും എത്ര ശതമാനം ഉണ്ട്? എന്നോടു ചോദിച്ചാൽ ഇന്ത്യയിൽ ജയ് ശ്രീറാം മുദ്രാവാക്യം ഇന്ത്യൻ പാർലമെന്റിൽ ഉയർന്ന ദിവസം ഇന്ത്യയിലെ മതേതരത്വം അവസാനിച്ചു.  അന്നതിന്റെ മരണമണി മുഴങ്ങി. ജനാധിപത്യം എന്നു പറഞ്ഞാൽ എന്തു ജനാധിപത്യമാണ്? ഇന്ത്യൻ പാർലമെന്റിൽ ജനങ്ങൾക്കെതിരായ നിയമങ്ങൾ ഉണ്ടാക്കുന്നു. ആ പാർലമെന്റിൽ സെക്ഷ്വൽ പ്രിഡേറ്റർമാരാണ് നിയമനിർമ്മാതാക്കളായി ഇരിക്കുന്നത്. ആ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനോ അല്ലെങ്കിൽ ആ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനോ പ്രധാനമന്ത്രി തയ്യാറല്ല. നടക്കാം, നമുക്ക് പോകാം എന്നുള്ളതാണ് ജനാധിപത്യം എങ്കിൽ, നമുക്ക് ജനാധിപത്യമുണ്ട്. ഫാക്ട് ഫൈൻഡിങ് എന്നത് കാലാകാലമായി നടക്കുന്നതാണ്. ആ ഫാക്ട് ഫൈൻഡിങ്ങിനെ ക്രിമിനലൈസ് ചെയ്യുന്നതാണ് പുതുതായി കൊണ്ടുവന്നിട്ടുള്ള ഐ.പി.സി പരിഷ്കരണം.

ഞങ്ങൾക്കെതിരായി രാജ്യദ്രോഹകുറ്റമാണ് ചാർജ് ചെയ്തിരിക്കുന്നത്. എഡിറ്റേഴ്‌സ് ഗിൽഡിനെതിരായി രാജ്യദ്രോഹ കുറ്റമാണ് ചാർജ് ചെയ്തിരിക്കുന്നത്. നിങ്ങൾ പറഞ്ഞ ഫെഡറലിസം എന്നേ ഇല്ലാതായിക്കഴിഞ്ഞു. ഫെഡറലിസം ഇല്ലാതായത് പ്ലാനിങ് കമ്മീഷനെ നീതി ആയോഗ് ആയി മാറ്റിയത് മുതലാണ്. പ്ലാനിങ് കമ്മീഷൻ ഓരോ സംസ്ഥാനത്തിന്റെയും ഓരോ ഏരിയയുടെയും പ്രദേശത്തിന്റെയും വികസനത്തെ, പിന്നോക്കാവസ്ഥയെ ആധാരമാക്കി ബജറ്ററി അലോക്കേഷൻ നടത്തുന്നതിനുള്ള സ്ഥാപനമാണ്. ആ പ്ലാനിങ് കമ്മീഷനെ കച്ചവടത്തിനുള്ള കേന്ദ്രമാക്കി മാറ്റുകയാണ്, കോർപറേറ്റുകളുമായുള്ള ഡീലുകൾ ഉണ്ടാക്കുകയാണ്.

പിന്നീടങ്ങോട്ട് ഗവർണർമാരുടെ ഇടപെടൽ- അസംബ്ലി പാസാക്കുന്ന ബില്ലുകൾ അംഗീകാരത്തിനായി അയച്ചാൽ അതിൽ ഒപ്പിടാതിരിക്കുക, അത് വെച്ചു താമസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ- ജാർഖണ്ഡ്, തമിഴ്‌നാട്, കേരളം, പശ്ചിമബംഗാൾ ഇവിടെയെല്ലാം നമ്മൾ കാണുന്നതാണ്. ഡൽഹിയിൽ നോക്കിയാൽ, എല്ലാ അധികാരവും എടുത്തുകളഞ്ഞു. എന്തിനാണ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായി അവിടെയിരിക്കുന്നതെന്ന് നമുക്കുപോലും അറിയില്ല. ഒരു കാവൽക്കാരന്റെ പോലും അധികാരമില്ലാത്ത രീതിയിലാക്കി. എന്നാൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. അടുത്തിടെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരു നോട്ടീസ് അയച്ചു, സ്‌കൂൾ വിദ്യാർത്ഥികളുടെ ഡേറ്റ കേന്ദ്രത്തിന് കൊടുക്കണം എന്നു പറഞ്ഞ്. ഒന്നാം ക്ലാസിൽ ചേർക്കുന്ന വിദ്യാർത്ഥികളുടേത് ഉൾപ്പെടെ. പേരുവിവരങ്ങൾ മാത്രമല്ല, ഓരോ കുട്ടിയുടെയും പെർഫോമൻസ് ഉൾപ്പെടെ സകല വിവരങ്ങളും. ഇത് സെന്ററിലേക്ക് അയച്ചുകൊടുക്കണം. വിദ്യാഭ്യാസം എന്ന് പറയുന്നത് കൺകറന്റ് ലിസ്റ്റിൽ ഉള്ളതാണ്, അതിൽ കൈകടത്തുന്നു. അതുപോലെ തന്നെ എൻ.ആർ.ഇ.ജി.എ എന്നത് കേന്ദ്ര നിയമമാണെങ്കിലും 60:40 ഷെയർ ആണ്. 60 സതമാനം കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറും.  ഫെഡറലിസം മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും 80 ശതമാനത്തിലധികം നമുക്ക് നഷ്ടപ്പെട്ടു. 90 ശതമാനം ഫെഡറലിസം നമുക്ക് നഷ്ടപ്പെട്ടു. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഒരു മുന്നണിക്ക് രൂപം കൊടുക്കുന്നത്.

ആദ്യം പത്തൊൻപത് പാർട്ടികളായിരുന്നു എങ്കിൽ പിന്നീടത് 24 ആകുന്നു, പിന്നീട് 28 ആകുന്നു. ഇവർക്കെല്ലാം ഏതെങ്കിലുമൊരു സംസ്ഥാനത്ത് ക്ലെയിം ഉള്ളതാണ്. തെരഞ്ഞെടുപ്പിൽ പെർഫോമൻസ് ഇല്ലാത്ത പാർട്ടികൾ ഉൾപ്പെടെ. ഓരോ മീറ്റിങ് കഴിയും തോറും ഇൻഡ്യ ശക്തിപ്രാപിക്കുകയാണ്. അതൊരു ഭയപ്പെടുത്തൽ ഉണ്ടാക്കുന്നു. ഇൻഡ്യ എന്നത് ഒരു വികാരമായി പ്രതിപക്ഷ പാർട്ടികളെ സഹായിക്കും എന്ന തോന്നൽ വന്നതുകൊണ്ടാണ് ഒരു വെപ്രാളത്തിൽ ഭാരത് എന്ന പേരുമാറ്റം. ഭരണഘടനയിൽ ഇതിനകം ഉള്ളതാണ് ഭാരത്. അതുമാത്രമല്ല, ഭാരത് പെട്രോളിയം, ഭാരതീയരായ നാം എന്നെല്ലാമുണ്ട്. ജനങ്ങൾ ചർച്ച ചെയ്യാൻ സാധ്യതയുള്ള, ബി.ജെ.പിക്ക് എതിരായി വരാവുന്ന വിഷയങ്ങൾ ജനശ്രദ്ധയിൽ നിന്ന് മാറ്റുന്നതിന് വേണ്ടി ഇങ്ങനെയൊരു വിഷയം കൊണ്ടുവന്നു. എല്ലാവരും ഇപ്പോൾ ഇതിനുമേലെയാണ് ചർച്ച. അതിന്റെ മേലെ ഒരു സ്‌പെഷ്യൽ പാർലമെന്റ് സെഷൻ.

ഉത്തർപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്. എന്നാൽ ത്രിപുരയിലെ മത്സരത്തിൽ ഒരു സീറ്റ് അധികമായി ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞു. ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇൻഡ്യയുടെ ബോംബേ മീറ്റിങ്ങിൽ ചർച്ച ചെയ്‌തൊരു വിഷയം ഒരു പൊതു മത്സരാർത്ഥിയെ നിർത്തുക എന്നതാണ്. അതിന്റെ പരീക്ഷണശാലയായിരുന്നു യു.പി. അവിടെയത് വിജയിച്ചിട്ടുണ്ട്. മോദിയും യോഗിയും തുല്യ ശക്തികേന്ദ്രങ്ങളായി നിൽക്കുന്ന സ്ഥലമാണ് യു.പി. അവിടെ അവരെ പരാജയപ്പെടുത്താൻ സാധിച്ചു. പക്ഷേ ത്രിപുരയിൽ, ഞാൻ ആഴത്തിൽ ഈ വിഷയത്തെ വിലയിരുത്തിയിട്ടില്ല. എന്നാൽ ഞാൻ പോയി കണ്ട് മനസ്സിലാക്കിയിട്ടുള്ളത്, ഇടത്, കോൺഗ്രസ്, മറ്റു പാർട്ടികളും ഉൾപ്പെടുന്ന കൂട്ടായ്മയെ ഒന്നുകൂടെ അവിടെ ജനകീയമാക്കേണ്ട ആവശ്യകതയുണ്ട് എന്നാണ്.

ഓരോ ദിവസവും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ, വിദ്വേഷ കുറ്റകൃത്യം എന്നുപോലും വിളിക്കുന്നതിനേക്കാൾ തീവ്രതയിലും വേഗത്തിലുമാണ് അത് നടക്കുന്നത്. ഈ സാഹചര്യത്തെക്കുറിച്ച്  എന്താണ് പറയാനുള്ളത്?

എലിമിനേഷൻ ആണിത്. ഹിന്ദുത്വ ഫാസിസ്റ്റുകൾ ഒരു രാജ്യം ഒന്നാകെ പൂർണമായും കയ്യടക്കിക്കഴിഞ്ഞു.  പശുക്കടത്ത് ആരോപിച്ചുകൊണ്ടുള്ള ആദ്യത്തെ കൊലപാതകം, പെഹലുഖാന്റെ കൊല നടന്നപ്പോൾത്തന്നെ പല പൊതുയോഗങ്ങളിലും ഞാൻ പറഞ്ഞ ഒരു കാര്യം, ഇത് മുസ്ലീം ജനവിഭാഗത്തെ സാമ്പത്തികമായി ഉന്മൂലനം ചെയ്യുന്നതിനുള്ള തുടക്കം ആണെന്നാണ്. അന്ന് പലർക്കും അത് മനസ്സിലായില്ല. ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് മനുഷ്യരാണ് ഉപജീവനം നടത്തുന്നത്. നേരിട്ടും അല്ലാതെയും, പതിനാറ് കോടിയോളം വരും അത്. അത്രയും ജനങ്ങളുടെ അന്നം മുട്ടിക്കുക എന്നു പറയുന്നത് അവരെ സാമ്പത്തികമായി ഉന്മൂലനം ചെയ്യുന്നതിന്റെ തുടക്കമാണ്. 2014 മുതൽ ഇങ്ങോട്ടേക്ക് ഇന്നും അത് തുടരുകയാണ്. ഇറച്ചി വ്യാപാരം മാത്രമല്ല, പാൽ കറന്ന് അത് വിറ്റ് ഉപജീവനം നടത്തുന്ന ഒരുപാട് മുസ്ലീം ക്ഷീരകർഷകരുണ്ട്.

ആൾക്കൂട്ട അക്രമത്തിനിരയായി കൊല്ലപ്പെട്ട പെഹലുഖാൻ കടപ്പാട്: frontline.thehindu.com

മേവാത്തിലുള്ള മുഴുവൻ മുസ്ലീംങ്ങളും ക്ഷീരകർഷകരായിരുന്നു. അവരിപ്പോ അവിടെ ഒന്നോ രണ്ടോ പേരേ ഉള്ളൂ. അവർക്കും ജീവനിൽ ഭയമാണ്. കറവപ്പശുവിനെ വാങ്ങിക്കൊണ്ടുപോകുന്നവർക്ക് അതാണ് ഉപജീവനം, അതുമുടക്കി. ഇതെല്ലാം സാമ്പത്തിക ഉന്മൂലനമാണ്. അതുപോലെ തന്നെ സാമൂഹ്യ ബഹിഷ്‌കരണത്തിന് ആഹ്വാനം കൊടുക്കുന്നു. ഡൽഹി നഗരത്തിൽ വിശ്വഹിന്ദു പരിഷത്തും ഹിന്ദു മഹാസഭയും പറയുന്നത് ഹിന്ദു രാഷ്ട്രത്തിലെ ആദ്യത്തെ ഹിന്ദുരാഷ്ട്ര ജില്ലയാണിത് എന്നാണ്. ഇത് ഹിന്ദുരാഷ്ട്രമാണ് ഇവിടെ മുസ്ലീംങ്ങൾ ഉണ്ടാകാൻ പാടില്ല, അവരുടെ കടയിൽ നിന്ന് സാധനം വാങ്ങാൻ പാടില്ല, അവർക്ക് വീട് വാടകയ്ക്ക് കൊടുക്കാൻ പാടില്ല, അവരുടെ കടയിൽ തുണി തയ്ക്കാൻ കൊടുക്കാൻ പാടില്ല, അവരുമായി യാതൊരു വിധത്തിലുള്ള ബന്ധങ്ങളും പാടില്ല എന്ന് പറഞ്ഞുകൊണ്ടുള്ള സാമൂഹ്യ ബഹിഷ്‌കരണം. കൊലനടത്തിക്കൊണ്ടുള്ള ഉന്മൂലനത്തിന് അപ്പുറത്തേക്ക് മറ്റുവിധത്തിലുള്ള, സാമ്പത്തികമായും സാമൂഹ്യമായും ഉള്ള ഉന്മൂലനത്തിലേക്ക് കടന്നിരിക്കുകയാണവർ. സ്വാഭാവികമായും ഹിന്ദുരാഷ്ട്ര സങ്കൽപത്തിലെ ശത്രുക്കൾ ന്യൂനപക്ഷ വിഭാഗങ്ങൾ, ദലിതർ, ആദിവാസികൾ ഇവരെല്ലാമാണ്. ഇനി ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയേ വേണ്ടൂ, ബാക്കിയെല്ലാം ഇവിടെ നടന്നുകഴിഞ്ഞു. 2025ൽ അത് പ്രഖ്യാപിക്കാൻ പോകുന്നു.

താങ്കൾ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ, കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ട് എന്ന്. ആ പറഞ്ഞതിന്റെ അടിസ്ഥാനമെന്താണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിൽ പിന്നീട് എന്താണ് സംഭവിച്ചത്?

അതിനുശേഷം മുഖ്യമന്ത്രി പല നടപടികളും സ്വീകരിച്ചു. ഭരണത്തിലിരിക്കുമ്പോൾ ആ സർക്കാരിന്റെ ഭാഗമായ പാർട്ടികൾ ആ സർക്കാരിനെതിരായി ഒന്നും പറയരുത് എന്നു പറയും. എന്നാൽ ആ സർക്കാരിന് എതിരായി പറയുക എന്നുള്ളതല്ല. ആ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ നടക്കുന്ന, നടക്കാൻ പാടില്ലാത്ത ചിലവിഷയങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് ആ സർക്കാർ ഏത് മുന്നണിയുടെതാണോ ആ മുന്നണിയിലുള്ള പാർട്ടിയിലെ ഓരോ പ്രവർത്തകരുടെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലാണ്, തുടർച്ചയായി ചില വിഷയങ്ങൾ വന്നപ്പോൾ അത് ചൂണ്ടിക്കാണിക്കുകയും മുഖ്യമന്ത്രി തന്നെ ആനി രാജ പറഞ്ഞതിൽ എന്തെങ്കിലും വസ്തുതയുണ്ടാകും, ഞാൻ അന്വേഷിക്കും എന്ന് പറഞ്ഞതും. അതിന്റെ ഫോളോ അപ് എന്ന രീതിയിൽ മുഖ്യമന്ത്രി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മീറ്റിങ് വിളിച്ചുചേർത്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി, അവർ കൊണ്ടുവരുന്ന പരാതികൾ ഉണ്ടെങ്കിൽ അതെല്ലാം വേഗത്തിൽ സമയബന്ധിതമായി നടപടി വേണമെന്ന് പറഞ്ഞു. എന്റെ ജനാധിപത്യ ഉത്തരവാദിത്തം നിർവ്വഹിക്കുകയാണ് ഞാൻ ചെയ്തത്. തീർച്ചയായും ഗവണ്മെന്റ് റെസ്‌പോൺസീവ് ആയതുകൊണ്ട് ഇങ്ങനെയൊരു നടപടി സ്വീകരിക്കുകയും ചെയ്തു.

ഈ കാര്യം തുറന്നു പറയാനിടയാക്കിയ സാഹചര്യങ്ങൾ എന്തായിരുന്നു?

മാതൃഭൂമി പത്രത്തിന്റെ മുൻപേജിൽ ഒരു ഫോട്ടോ. ഒരമ്മയുടെ മടിയിൽ പതിനാല് വയസ് വരുന്ന ഒരു പെൺകുട്ടി കിടക്കുകയാണ്. അവർ ട്രെയ്‌നിൽ യാത്ര ചെയ്യുകയാണ്. അമ്മ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തിട്ടുണ്ട്, അവിടെയുള്ള സാമൂഹ്യവിരുദ്ധർക്കെതിരെ. അവരുടെ വീടൊരു കോൺക്രീറ്റ് കെട്ടിടമൊന്നുമല്ല. സാധാരണ വീടാണ്. ഈ പരാതി കൊടുത്തതിന്റെ ഫലമായി ഇവരുടെ വീടിന് നേരെ രാത്രി കല്ലെറിയുക, ഉപദ്രവിക്കുക ഇതൊക്കെ പതിവാണ്. പൊലീസ് സ്റ്റേഷനിൽ പോയി ആവർത്തിച്ച് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവർ കടന്നുകയറി എന്റെ മകളെ ഉപദ്രവിക്കും എന്നൊരു ഭയം അവരുടെ ഉള്ളിൽ ഉണ്ടായി. മകളെ ആക്രമിക്കുമെന്ന് പേടി തോന്നിയപ്പോൾ, ഗ്യാസ് വാങ്ങാൻ വെച്ച പൈസയിൽ നിന്ന് കുറച്ചു പൈസയെടുത്ത് റെയിൽവേ ടിക്കറ്റ് വാങ്ങി ഒരു ട്രെയ്‌നിന് അങ്ങോട്ട് പോയി, രണ്ടുമൂന്ന് മണിക്കൂർ ഏതോ ഒരു സ്‌റ്റേഷനിലിറങ്ങി അവിടെയിരുന്ന് പിന്നെ വേറൊരു ട്രെയ്‌നിൽ ഇങ്ങോട്ടെക്ക് തിരിച്ചു കയറി. വെളുക്കുന്നതുവരെ അങ്ങോട്ടുമിങ്ങോട്ടും പോയി. ഞാനാ സ്ഥാനത്ത് എന്നെയാണ് ആലോചിച്ചത്, എനിക്കൊരു മകളുണ്ട്. മകളെ സംരക്ഷിക്കുക എന്നുള്ള ഒരമ്മയുടെ വേവലാതി എനിക്കുമുണ്ട്. ഇടതുപക്ഷ ഗവണ്മെന്റ് ഭരിക്കുന്ന സംസ്ഥാനത്ത് അങ്ങനെയൊന്ന് ഉണ്ടാകാൻ പാടില്ല.

പിങ്ക് പോലീസ് ഓഫീസർ രജിത

മറ്റൊന്ന് ഒരു കൊച്ചുപെൺകുട്ടിയെ നീ കള്ളിയാണ് എന്ന്  പൊലീസുകാരി പറഞ്ഞ സംഭവമാണ്.  ആ കമന്റ് നടത്തിയ സ്ത്രീക്ക് ഒരു പൊലീസുകാരിയായി ഇരിക്കാൻ യോഗ്യതയില്ല. ഇത്തരത്തിലുള്ള വിഷയങ്ങൾ അടുത്തടുത്ത് വരികയാണ്. ഈ കേസുകളിലെല്ലാം തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് നടപടിയെടുക്കാത്ത ഒരുപാട് സംഭവങ്ങളുണ്ട്. ഇടതുപക്ഷ ഗവണ്മെന്റിന്റെ ഇമേജ് തകർക്കാൻ വേണ്ടി അത്തരമൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ സംശയിക്കുന്നു.

പൊലീസ് അസോസിയേഷന്റെ ലീഡർ അവരുടെ ഇന്റേണൽ വാട്‌സപ്പ് ഗ്രൂപ്പിൽ ഒരു സന്ദേശം ഇട്ടു. പൊലീസ് സ്റ്റേഷനിൽ സ്ത്രീകൾ കൊണ്ടുവരുന്ന പരാതികൾ, കുടുംബ കലഹം സംബന്ധിച്ചുള്ള പരാതികൾ എല്ലാം എഫ്‌.ഐ.ആർ ആക്കാൻ ശ്രമിച്ചാൽ ഈ സംസ്ഥാനത്തെ പകുതി കുടുംബങ്ങളും തകർന്നുപോകും എന്നാണ് അതിൽ പറയുന്നത്. സ്ത്രീയുടെ ചുമലിലാണ് കുടുംബം എന്നത് തന്നെ സ്ത്രീവിരുദ്ധമായ ചിന്തയാണ്. അതൊരു ഫാസിസ്റ്റ് ചിന്തയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിന്റെ നേതാവ് ഇടുന്നതാണ്. സ്ത്രീ എന്ത് ദുരന്തത്തിലൂടെ പോയാലും കുഴപ്പമില്ല, പക്ഷേ കുടുംബം നിൽക്കണം. കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. ആ കുടുംബം അങ്ങനെയല്ലാതായിട്ടും അങ്ങനെ തന്നെ നിലനിർത്തണമെന്ന് പൊലീസുകാർക്ക് എന്തിനാണ് ശാഠ്യം? പൊലീസ് ഉദ്യോഗം വഹിക്കുന്നവർ എന്തിനാണ് അവിടെ ഇരിക്കുന്നത്? ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ കൊടുക്കുന്നതിനാണ്. ഒരു സ്ത്രീ പോയി പരാതി പറയുകയാണ്, എന്റെ ജീവന് സുരക്ഷയില്ല, എന്റെ ഡിഗ്നിറ്റിക്ക് സുരക്ഷയില്ല എന്ന്. നീ ഇങ്ങനെ വരാൻ പാടില്ല, കുടുംബം രക്ഷിക്കണം എന്നാണ് പൊലീസ് മറുപടി പറയുന്നതെങ്കിൽ അത് ആർ.എസ്.എസ് ചിന്തയാണ്, മനുവാദി ആശയമുള്ളവരാണ് അങ്ങനെ ചെയ്യുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 15, 2023 3:54 pm