മണ്ഡലങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ 42 സീറ്റുകളിൽ 29 എണ്ണം നേടി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് വീണ്ടും ഒന്നാമതെത്തി. ബി.ജെ.പി 12 സീറ്റ് നേടിയപ്പോൾ കോൺഗ്രസ്-സി.പി.എം കൂട്ടുകെട്ടിന് നേടാനായത് വെറും ഒരു സീറ്റ് മാത്രം. ഉത്തരേന്ത്യ കഴിഞ്ഞാൽ ദേശീയ പാർട്ടികളെല്ലാം ഉറ്റു നോക്കിയിരുന്ന പ്രധാനപ്പെട്ട സംസ്ഥാനമാണ് 42 ലോക്‌സഭാ സീറ്റുകളുള്ള ബംഗാൾ. 2019 ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ 22 സീറ്റുകളും, ബി.ജെ.പി 18 സീറ്റുകളും, കോൺഗ്രസ് 2 സീറ്റുകളുമായിരുന്നു നേടിയത്. ബി.ജെ.പി വലിയ മുന്നേറ്റമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടാക്കിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. 2014ലെ രണ്ട് സീറ്റുകളില്‍ നിന്നും 2019ൽ 16 സീറ്റുകൾ അധികം നേടിയാണ് ബി.ജെ.പി ശക്തി ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ ഈ വർഷം 20 സീറ്റിൽ അധികം നേടാമെന്ന അവരുടെ പ്രതീക്ഷയാണ് 12ൽ ഒതുങ്ങിയത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്കൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് ഒട്ടും അനുകൂലമായിരുന്നില്ല 2024 ലെ എക്സിറ്റ് പോൾ ഫലങ്ങളൊന്നും. ജൻ കി ബാത്, ന്യൂസ്-ഡി-ഡൈനാമിക്‌സ്, റിപ്പബ്ലിക് ഭാരത്-മാട്രൈസ് എന്നീ എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമായ പ്രവചനമാണ് നടത്തിയത്. ബി.ജെ.പി 21-26 വരെ സീറ്റ് മുതൽ 30 സീറ്റ് വരെ പ്രവചിച്ചവരുണ്ട്. അത്തരം കണക്കുകളെയെല്ലാം തെറ്റിച്ചിരിക്കുകയാണ് മമത ദീദിയുടെ ബംഗാൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ആറ് സീറ്റ് ബി.ജെ.പിക്ക് ഇത്തവണ കുറഞ്ഞത് തീർച്ചയായും മമത ബാനർജിയുടെ രാഷ്ട്രീയ വിജയം തന്നെയാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ വോട്ട് ശതമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 38 ശതമാനത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞ് 22.6 ശതമാനമായി.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ പിന്തള്ളി മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്കുയരണമെന്ന കോണ്‍ഗ്രസ് – സി.പി.എം സഖ്യത്തിന്റെ മോഹം ഒറ്റ സീറ്റ് വിജയത്തിൽ അസ്തമിച്ചു. മല്‍ഡഹ ദക്ഷിണില്‍ നിന്നും മൽസരിച്ച ഇഷ ഖാന്‍ ചൗധരിയാണ് കോണ്‍ഗ്രസിന്‍റെ വിജയിച്ച ഏക സ്ഥാനാർത്തി. കോണ്‍ഗ്രസ് – സി.പി.എം സഖ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ അപേക്ഷിച്ച് പല മേഖലകളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. സി.പി.എമ്മിന് വേരുകളുള്ള മുർഷിദാബാദ് മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനും വിജയിക്കാനായില്ല. നീണ്ട 35 വർഷക്കാലം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ച ബംഗാളിൽ കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ നിരവധി പുതുമുഖങ്ങളെ രംഗത്തിറക്കി ശക്തമായ മത്സരത്തിന് ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിന് ബംഗാളിലെ സ്ഥിതി മെച്ചപ്പെടുത്താൻ കഴിയുന്നില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്.
2011 മുതൽ 13 വർഷമായി തൃണമൂൽ കോൺഗ്രസാണ് ബംഗാൾ ഭരിക്കുന്നത്. കടുത്ത സർക്കാർ വിരുദ്ധ ആരോപണങ്ങൾക്ക് നടുവിലാണ് മമത ബാനർജി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെങ്കിലും ആ വിവാദങ്ങൾക്കൊന്നും തൃണമൂൽ വിജയത്തെ തടുക്കാൻ ശക്തിയുണ്ടായിരുന്നില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ പീഡന പരാതി ഉയർന്ന സന്ദേശ്ഖാലി സംഭവം ബാസിർഹട്ട് ലോക്‌സഭാ മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാൽ തൃണമൂലിന്റെ എസ്.കെ നുറുൽ ഇസ്ലാമിന്റെ വിജയം സന്ദേശ്ഖാലി സംഭവങ്ങളിലെ ബിജെപി ഗൂഢാലോചന പുറത്ത് വന്നതിന്റെ പ്രതിഫലനം കൂടിയാണ്. സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ്റെയും അദ്ദേഹത്തിൻ്റെ സഹായികളുടെയും പീഡനത്തിനിരയായ രേഖ പത്രയെന്ന 27കാരിയായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി. ഷാജഹാൻ ഷെയ്ഖും അനുയായികളും തങ്ങളെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഫെബ്രുവരിയിൽ നിരവധി സ്ത്രീകൾ രംഗത്ത് വരുകയും ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവും ആരോപിച്ച് ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ 55 ദിവസത്തിന് ശേഷം ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ബി.ജെ.പി. പണം നൽകി ഷാജഹാന്‍ ഷെയ്ഖിനെതിരെ ആരോപണമുന്നയിക്കാൻ 70 സ്ത്രീകളെ എത്തിച്ചെന്ന ബി.ജെ.പി അംഗങ്ങളുടെതന്നെ ദൃശ്യങ്ങൾ പുറത്ത് വന്നതും ലൈംഗികമായ പീഡനത്തിന് ഇരയായിട്ടില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് നേതാക്കൾക്കെതിരായ പീഡനക്കേസ് രണ്ട് യുവതികൾ പിൻവലിച്ചതും ബി.ജെ.പിക്ക് തിരിച്ചടിയായി. ജനസംഖ്യയുടെ 54 ശതമാനത്തിലധികം മുസ്ലീങ്ങളുള്ള ബാസിർഹട്ട് തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്.
പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട മെഹുവ മൊയ്ത്രയുടെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് നേടിയ വിജയവും ബി.ജെ.പിക്ക് പ്രഹരമേൽപ്പിക്കുന്നതാണ്. മോദി-അദാനി കൂട്ട് കെട്ടിനെ ശക്തമായി വിമർശിച്ചിരുന്ന മെഹുവ മൊയ്ത്രക്കെതിരെയുണ്ടായ ചോദ്യ കോഴ വിവാദവും പാർലമെന്റിൽ നിന്നുള്ള പുറത്താക്കലും ദേശീയതലത്തിൽ ചർച്ചയായി മാറിയിരുന്നു. മെഹുവക്കെതിരെ മത്സരിച്ച ബി.ജെ.പിയുടെ അമൃതാ റോയി ആകട്ടെ കൃഷ്ണനഗറിൽ ഇപ്പോഴും സ്വാധീനമുള്ള രാജകുടുംബാംഗമാണ്. അമൃതാ റോയി ഉൾപ്പെടുന്ന രാജകുടുംബം 2024 മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്. രാജ കുടുംബത്തിന്റെ മണ്ഡലത്തിലുള്ള സ്വാധീനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. സി.ബി.ഐ അന്വേഷണവും പരിശോധനകളും നടക്കുന്നതിനിടെയിലാണ് മെഹുവ മത്സരത്തിനിറങ്ങിയത്.
കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവും പാർലമെന്റിലെ പ്രധാന പ്രതിപക്ഷ ശബ്ദവുമായിരുന്ന അധീര്‍രഞ്ജന്‍ ചൗധരിക്കെതിരെ തൃണമൂൽ സ്ഥാനാർത്ഥി ക്രിക്കറ്റ് താരം യൂസഫ് പഠാൻ ബെർഹാംപൂരിലെ നേടിയ വിജയവും ശ്രദ്ധേയമായി. 1999 മുതല്‍ ബെർഹാംപൂരിനെ പാര്‍ലമെന്‍റില്‍ പ്രതിനിധാനം ചെയ്യുന്ന അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മമതാ ബാനര്‍ജി പ്രഖ്യാപിച്ച അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിരുന്നു യൂസഫ് പത്താൻ. 2014ലും 2019ലും ബെർഹാംപൂരിൽ വിജയിച്ച അധീര്‍രഞ്ജന്‍ 2019ല്‍ തൃണമൂലിന്‍റെ അപൂര്‍വ സര്‍ക്കാരിനെ 80,696 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.
അഴിമതിയും ഗുണ്ടായിസവും സന്ദേശ്ഖാലിയും തൃണമൂലിനെതിരെ പ്രചരണ ആയുധമാക്കുകിയ ബി.ജെ.പി പൗരത്വ ഭേദഗതിയും, രാമക്ഷേത്രവും നേട്ടങ്ങളായി ഉയർത്തിപ്പിടിച്ചു. ന്യൂനപക്ഷ സംരക്ഷണവും സ്ത്രീകൾക്കായുള്ള ക്ഷേമ പദ്ധതികളും സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയുമൊക്കെയാണ് തൃണമൂൽ പ്രചാരണ സമയത്ത് ഊന്നിപറഞ്ഞ കാര്യങ്ങൾ. എന്നാൽ ശക്തരായ സ്ഥാനാർത്ഥികളുമായി കൃത്യമായ ആസൂത്രണത്തോടെ തന്നയാണ് മമത തെരഞ്ഞെടുപ്പിനെ നേരിട്ടത്. തൃണമൂലിന്റെ പ്രമുഖ സ്ഥാനാർത്ഥികളായ മഹുവ മൊയ്ത്ര, ശത്രുഘ്നൻ സിൻഹ, കീർത്തി ആസാദ്, മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, മാലാ റോയ്, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെല്ലാം ഇത്തവണ വിജയിച്ചു. രാജ്യത്തെ ഏക വനിത മുഖ്യമന്ത്രിയായ മമത ഭരിക്കുന്ന ബംഗാളിൽ 42 സീറ്റിൽ 12 സ്ഥാനാർത്ഥികൾ സ്ത്രീകളായിരുന്നുവെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ജനസംഖ്യയുടെ 27 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകൾ തന്നെയാണ് മമതയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മൂന്ന് തവണ ബംഗാളിലെത്തിയ, വർഗീയ പ്രചാരണങ്ങളെ ആളിക്കത്തിച്ച, ബി.ജെ.പിയുടെ ഏകപക്ഷീയമായ ജയം അവകാശപ്പെട്ട നരേന്ദ്ര മോദിയെ കൂടിയാണ് മമതയ്ക്കൊപ്പം നിന്ന് ബംഗാൾ ജനത പരാജയപ്പെടുത്തിയത്.