വ്യവസ്ഥിതി പുറത്താക്കുന്ന ജനസമൂഹങ്ങൾ

അശുഭകരമായ സാമൂഹ്യ സാഹര്യത്തിലൂടെയാണ് ദലിത്-ആദിവാസികൾ കടന്നുപോകുന്നത്. ഒരു വ്യക്തിക്ക് തന്റെ സ്വത്വത്തെ, സ്വത്വബോധത്തെ പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ജീവിതം സാധ്യമല്ലാതായിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥ രൂപപ്പെട്ടിരിക്കുന്നു. സ്വയം പൂർണ്ണമായും പ്രതിഫലിപ്പിച്ച് ജീവിക്കാനുള്ള സാഹചര്യം നഷ്ടമാവുകയും, എല്ലാം മറച്ചുപിടിക്കുമ്പോഴാണ് സ്വസ്ഥ പൂർണമായ ജീവിതം സാധ്യമാകുന്നത് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തിരിക്കുന്നു. സ്വയം മറച്ചുപിടിച്ചില്ലെങ്കിൽ പല രീതിയിലുള്ള ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. ഇഷ്ടപ്പെടാത്തവരെയും അസ്വസ്ഥപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നവരെയും അത്തരം സാന്നിധ്യങ്ങളെയും സാഹചര്യങ്ങളെയും പുരോഗമന നാട്യങ്ങളിൽ ജീവിക്കുന്ന ഒരു സമൂഹം നിഷ്ഠൂരം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മധുവിനെയും വിശ്വനാഥനെയും ആൾക്കൂട്ട വിചരാണ നടത്തി കൊലപ്പെടുത്തിയത് ഈ മനോഭാവമാണ്. അഞ്ച് വർഷം കഴിഞ്ഞിട്ടും മധുവിന് നീതി നൽകാൻ കഴിയാത്ത തരത്തിൽ കേരളം പരാജയപ്പെടുന്നു. ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, മരിച്ചാലും നീതി കിട്ടാത്ത അവസ്ഥ. മുത്തങ്ങയിൽ ആദിവാസികൾക്ക് നേരെ നടന്ന വംശീയമായ അതിക്രമത്തിന് ഇരുപത് വർഷം പിന്നിടുന്ന കാലത്തും സാഹചര്യങ്ങൾ മാറുന്നില്ലെന്ന് ഈ തുടർ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

മധുവിനെ ആൾക്കൂട്ടം ആക്രമിക്കുന്നു. കടപ്പാട്:​indianexpress

ദലിത്-ആദിവാസി സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മറച്ചുവച്ച് പുരോഗമനത്തെക്കുറിച്ച് സംസാരിക്കാം എന്നത് ഒരു അബദ്ധധാരണയാണ്. മാറ്റിനിർത്തലുകളും ഒഴിവാക്കലുകളും മറച്ചുപിടിക്കലും വഴി ഇവിടെ നിലനിൽക്കുന്ന പ്രശ്നങ്ങളെ മൂടിവയ്ക്കാൻ സാധ്യമല്ല. ആ പ്രശ്നങ്ങൾ പുറത്തേക്ക് വരിക തന്നെ ചെയ്യും. യാഥാർത്ഥത്തിൽ, ദലിത്- ആദിവാസി സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ മറച്ചുപിടിക്കുന്നതിന് പകരം അവയെ അഭിമുഖികരിക്കുകയാണ് വേണ്ടത്. എന്നാൽ അതിൽ സമൂഹവും ഭരണകൂടവും നിരന്തരം പരാജയപ്പെടുകയാണ്.

വിശ്വനാഥന്റെ ഭാര്യ ബിന്ദു. കടപ്പാട്: mathrubhumi

സമൂഹം ഒരേസമയം രണ്ട് രീതിയിലാണ് ദലിത്-ആദിവാസികളോട് പെരുമാറുന്നത് എന്നതാണ് വൈരുധ്യം. ഒരുവശത്ത്, നിങ്ങൾ ഉന്നതങ്ങളിലേക്ക് വരേണ്ടവരാണ് എന്നു പറയും. എന്നാൽ ഏതെങ്കിലും തരത്തിലുള്ള മുന്നേറ്റങ്ങളിലൂടെ അവർ ഉയർന്നുവന്നാൽ പലവിധത്തിലും അവരെ അടിച്ചമർത്താൻ ശ്രമിക്കും. ചരിത്രപരമായി അവഗണനകൾ നേരിടുന്ന സാമൂഹികവിഭാഗങ്ങളുടെ പ്രശ്നങ്ങളെ ഗൗരവത്തോടെ പരിഗണിക്കുന്നതിന് പകരം യഥാർത്ഥ പ്രശ്നത്തിൽ നിന്നും വ്യതിചലിപ്പിക്കുകയും ഗതിമാറ്റി വിടുകയുമാണ് ആധിപത്യം പുലർത്തുന്ന സാമൂഹിക വ്യവസ്ഥകളും ഭരണകൂടവും നിയമവ്യവസ്ഥകളും ചെയ്യുന്നത്. ഇത്തരത്തിൽ, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന സാമൂഹിക പ്രവർത്തകരെയും സ്വതന്ത്ര മാധ്യമപ്രവർത്തകരെയും വരെ ഭരണകൂടം വേട്ടയാടുന്നു.

ഭൂമി, തൊഴിൽ, വിദ്യാഭ്യാസം

ഭൂമി, തൊഴിൽ, വിദ്യാഭ്യാസം എന്നിവ ദലിത്-ആദിവാസികളുടെയും പ്രധാനപ്പെട്ട പ്രശ്നമായി ഇന്നും തുടർന്നു വരുന്നു. ഈ പ്രശ്നങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളുന്നതിനോ, പരിഹരിക്കാനോ കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. ഭൂമി, തൊഴിൽ, വിദ്യാഭ്യാസം എന്നിവയുടെ അഭാവം അടിസ്ഥാന വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കും ജീവിതനിലവാരത്തിന്റെ ഉയർച്ചയ്ക്കും തടസ്സങ്ങളായി തുടരുന്നു. അതേസമയം, വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുന്നോട്ടുവരുന്ന ദലിത്-ആദിവാസികൾക്ക് കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവരുന്ന പ്രവണതയും തുടരുകയാണ്. ജനപ്രതിനിധികളും അധികാര പദവികളിലുള്ളവരും ഉദ്യോഗസ്ഥരും ദലിത്-ആദിവാസികളുടെ പ്രശ്നങ്ങളെ സർക്കാരിന് മുന്നിൽ ഉയർത്തികൊണ്ടുവരുന്നതിൽ വലിയ പരാജയമാണ് നേരിടുന്നത്. ഈ പരാജയം ആ വിഭാഗങ്ങളെ അവികസിത സ്ഥലങ്ങളിൽ തന്നെ നിലനിർത്തുകയേയുള്ളു. ഇത് ദലിത് -ആദിവാസി വിഭാഗങ്ങളുടെ ഉയർച്ചയിൽ താല്പര്യമില്ലാത്ത സവർണ താത്പര്യങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.

ഭൂമിയുടെ അവകാശം

ദലിത്-ആദിവാസികളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് തങ്ങൾക്ക് അവകാശപ്പെട്ട ഒരു തുണ്ട് ഭൂമിയെങ്കിലും ലഭിക്കുകയെന്നത്. എന്നാൽ ഈ വിഭാഗങ്ങളുടെ ഭൂപ്രശ്നത്തെ അടയാളപ്പെടുത്തുന്നതിലും പരിഗണിക്കുന്നതിലും ഭരണകൂടം പരാജയപ്പെടുന്നതാണ് ചരിത്രത്തിലുടനീളം കാണുന്നത്. ഭൂമിയിൽ അവകാശം നിഷേധിക്കപ്പെട്ട ജനതയെ കോളനികളിലേക്ക് ഒതുക്കുകയാണ് ചെയ്തിരിക്കുന്നത്. ആദിവാസികളുടെ ഭൂപ്രശ്നത്തിൽ എല്ലാക്കാലത്തും ഭരണസംവിധാനങ്ങൾ ആദിവാസികൾക്ക് എതിരായി നിലകൊണ്ടിരുന്നതായി കാണാം. ദലിതരും ആദിവാസികളും തങ്ങളുടെ ന്യായമായ ഭൂഅവകാശങ്ങൾക്ക് വേണ്ടി പലതരത്തിലുള്ള സമരങ്ങൾ നടത്തിയെങ്കിലും അവയെല്ലാം ഭരണകൂടം അധികാരമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാതിരിക്കുമ്പോൾ തന്നെയാണ് കയ്യേറ്റക്കാരെയും ഭൂമാഫിയകളെയും അതിരുവിട്ട് സഹായിക്കുന്നതും അവർക്ക് നിയമങ്ങളിൽ ഇളവുകൾ നൽകുന്നതും. ഭൂമിയുടെ അവകാശമുന്നയിച്ച് കേരളത്തിൽ നടന്ന രണ്ട് ഭൂസമരങ്ങൾക്ക്-വയനാട്ടിലെ ആദിവാസികൾ നടത്തിയ മുത്തങ്ങ ഭൂസമരവും ചെങ്ങറ ഭൂസമരവും-എന്താണ് സംഭവിച്ചത്? ആദിവാസികളുടെ മുത്തങ്ങ ഭൂസമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് ചെയ്തതെങ്കിൽ ചെങ്ങറ സമരം അത്തരം ഒരവസ്ഥയിലേക്ക് എത്തുന്നതിന് മുന്നെതന്നെ സമരപ്രവർത്തകർ അതിനെ വിജയകരമായി പ്രതിരോധിക്കുകയാണുണ്ടായത്. എന്നാൽ ഈ സമരങ്ങളെ തുടർന്ന് നൽകിയ വാഗ്ദാനങ്ങൾക്കൊന്നും ഭൂപ്രശ്നത്തിന് പരിഹാരം കാണാനായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ദലിത്-ആദിവാസി ഭൂപ്രശ്നങ്ങൾ ഇന്നും പരിഹാരമാകാതെ തുടരുകയാണ്. മരിയനാട് ഭൂസമരവും അട്ടപ്പാടിയിലെ കുടിയേറ്റ ഭൂമാഫിയ വ്യാജരേഖയിലൂടെ കൈവശമാക്കിയ ഭൂമിയുടെ കണക്കുകളും ഇന്നും ആദിവാസികളുടെ ഭൂപ്രശ്നത്തി​ന്റെ മാറാത്ത അവസ്ഥകളുടെ തെളിവാണ്.

ചെങ്ങറ ഭൂസമരം

തൊഴിൽ

തൊഴിൽ മേഖലയിലും ദലിത്-ആദിവാസികൾ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തൊഴിൽ മേഖലയിൽ സംവരണം നടപ്പിലാക്കുന്ന കാര്യത്തിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. അതിൽ പ്രധാനമാണ് എയ്ഡഡ് മേഖലയിൽ സംവരണം പാലിക്കുന്നതിന് പകരം മാനേജ്മെന്റുകൾക്ക് ഒത്താശ ചെയ്യുന്ന നിലപാട്. ഇതുപോലെ സംവരണം നടപ്പാക്കാത്ത, വേണ്ടത്ര തിരിച്ചറിയപ്പെടാത്ത ഒട്ടനവധി മേഖലകൾ വേറെയുമുണ്ട്. സർവകലാശാലകൾ, സർക്കാർ കമ്പനികൾ, എക്സിക്യൂട്ടിവ് പോസ്റ്റുകൾ, അക്കാദമികൾ, സൊസൈറ്റികൾ, കൗൺസിലുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ക്ഷേമബോർഡുകൾ, കോർപ്പറേഷനുകൾ, സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ദലിത്-ആദിവാസി മേഖലയിൽ തൊഴിൽ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും വിവിധ ഉദ്യോഗങ്ങളിലൂടെ ഉന്നതസ്ഥാനങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്നവരെ തഴയുന്ന പ്രവണത പതിവാണ്. ഗസറ്റഡ് പോസ്റ്റുകൾ മുതലുള്ള ഉയർന്ന തസ്തികകളിലാണ് ഇത്തരം പ്രവണതകൾ നമ്മുക്ക് കാണാൻ കഴിയും. ഉദാഹരണത്തിന് സർവകലാശാലകളിൽ അർഹതപ്പെട്ട സ്ഥാനങ്ങൾ ലഭിക്കാതെ പോയവർ നിരവധിയാണ്. അതേസമയം പ്ലസ്ടു മുതലുള്ള യോഗ്യതകളുള്ള ഉദ്യോഗങ്ങൾ കൂടുതൽ നൽകിക്കൊണ്ട് അതുവഴി ഈ മേഖലയിൽ വലിയ രീതിയിൽ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നുവെന്നുള്ള പരസ്യ പ്രചാരണം സർക്കാർ നടത്തുകയും ചെയ്യുന്നു. ഇന്നും പല തൊഴിൽ മേഖലകളിലും മതിയായ പ്രാതിനിധ്യമില്ലെന്ന വസ്തുത കാണാവുന്നതാണ് കേരളത്തിന്റെ സാമൂഹ്യാവസ്ഥയെ ദുർബലപ്പെടുത്തുന്നത്. അവ നികത്താൻ സർക്കാർ തയ്യാറാവുന്നതേയില്ല. ദലിത്-ആദിവാസി ഉദ്യോഗാർത്ഥികളുടെ യോഗ്യതകൾക്കനുസരിച്ച് ഉദ്യോഗങ്ങൾ നൽകാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിലും അവ നൽകാതിരിക്കുന്നതും ഈ മേഖലയിൽ പ്രകടമാണ്. ദേശീയ തലത്തിൽ പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗ്ഗത്തിന് 7.5 ശതമാനവുമാണ് സംവരണമെങ്കിൽ കേരളത്തിലത് എട്ടും, രണ്ടും ശതമാനമാണ്. ഇതുതന്നെ നടപ്പിൽ വരുത്താൻ കഴിഞ്ഞ 62 വർഷമായി ഭരിക്കുന്ന ഇടത്-വലത് മുന്നണികൾക്ക് കഴിഞ്ഞിട്ടില്ല.

വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയിൽ കേരളം മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെങ്കിലും ദലിത്- ആദിവാസി മേഖലയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ എത്തിച്ചേരാത്ത സ്ഥിതി ഇന്നുമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സർവ്വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലും ദലിത്-ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നന്നെ കുറവാണ്. നൂതനമായ കോഴ്സുകളിൽ തീർത്തും ഇല്ലെന്നു തന്നെയാണ് വിവരാവകാശ രേഖകൾ പറയുന്നത്. ഗവേഷണത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവരെ പലപ്പോഴും കാത്തിരിക്കുന്നത് സംവരണ അട്ടിമറികളാണ്. ഗവേഷണ മേഖലകളിൽ അർഹതപ്പെട്ട സീറ്റുകൾ നഷ്ടപ്പെടുന്നത് മൂലം പല വിദ്യാർത്ഥികൾക്കും ഗവേഷണം ചെയ്യാൻ കഴിയാത്ത സാഹചര്യം വരുന്നു. വിദ്യാഭ്യാസ മേഖലയിലേക്ക് എത്തുന്ന ദലിത്-ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്നം സാമ്പത്തികവും സാമൂഹിക അസമത്വങ്ങളാണ്. സമയബന്ധിതമായി ഗ്രാന്റുകൾ നൽകാതിരിക്കൽ, കാലാനുസൃതമായി ഗ്രാന്റുകൾ പുനഃക്രമീകരണം നടത്താതിരിക്കൽ, ഫെലോഷിപ്പുകൾ കൃത്യമായി നൽകാതിരിക്കൽ, സംവരണം നടപ്പാക്കാതിരിക്കൽ തുടങ്ങിയ ദലിത്-ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ സമൂഹം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഉദ്വോഗസ്ഥരുടെ അപക്വപരമായ പെരുമാറ്റങ്ങൾ കാരണവും ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ട്.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം

ദലിത്-ആദിവാസി ജീവിതം മെച്ചപ്പെടണമെന്ന് പറയുന്നവരും ആഗ്രഹിക്കുന്നവരുമായ മനുഷ്യത്വമുള്ള സമൂഹം ഈ വിവേചനങ്ങളെ തിരിച്ചറിയണം. സാമൂഹിക അസമത്വങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർത്തണം, സമൂഹവും ഭരണകൂടവും അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും തെറ്റുകൾ തിരുത്താൻ തയ്യാറാവുകയും ചെയ്യണം. ഭൂമി, തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുകയും ദലിതരുടെയും ആദിവാസികളുടെയും നേർക്കുള്ള ജാതീയവും വംശീയവുമായ മനോഭാവത്തിന് മാറ്റമുണ്ടാവുകയും ചെയ്താൽ മാത്രമേ മധുവിന്റെയും വിശ്വനാഥന്റെയും അനുഭവങ്ങൾ ആവർത്തിക്കാതിരിക്കൂ. എങ്കിൽ മാത്രമേ ദലിതർക്കും ആദിവാസികൾക്കും അവരുടെ സ്വത്വപ്രകാശനവും സ്വസ്ഥമായ ജീവിതവും സാധ്യമാകൂ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 23, 2023 1:10 pm