ഡാറ്റ വളരുമ്പോൾ നാട് വരളുമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അൽഗേ‍ാരിതങ്ങൾ നിയന്ത്രിക്കുന്ന ഇന്നത്തെ ലേ‍ാകത്തിന്റെ അടിസ്ഥാനം ഡാറ്റകളാണ്. നമ്മൾ ഒരു ദിവസം ഉപയേ‍ാഗിക്കുന്ന, അനുഭവിക്കുന്ന മെ‍ാബൈൽ അടക്കമുള്ള ഒൺലൈൻ സേവനങ്ങൾക്കെല്ലാം പലതരം ഡാറ്റകൾ ക്രോഡീകരിക്കപ്പെടേണ്ടതുണ്ട്. നിർമ്മിത ബുദ്ധിയുടെ (AI) വികാസത്തോടെ ഡാറ്റയെ കൂടുതൽ വേഗത്തിലും കൂടുതൽ സങ്കീർണ്ണമായ രീതിയിലും പ്രോസസ് ചെയ്യേണ്ട ആവശ്യം വർദ്ധിച്ചു. അതിനുവേണ്ടി കമ്പ്യൂട്ടറുകൾ, സെർവറുകൾ, ഡാറ്റ സ്റ്റോറേജ് സംവിധാനങ്ങൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ച് ഡിജിറ്റൽ വിവരങ്ങൾ സംഭരിക്കുകയും പ്രോസസ് ചെയ്യുകയും കൈമാറുകയും ചെയ്യുന്ന പ്രത്യേക കെട്ടിടമോ സൗകര്യമോ ആവശ്യമുണ്ട്. ഇത്തരത്തിൽ ഡാറ്റ സൂക്ഷിക്കുന്ന സംവിധാനമാണ് ഡാറ്റാ സെന്ററുകൾ. എ.ഐ മോഡലുകളെ പരിശീലിപ്പിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ പ്രോസസിങ് ശേഷിയുള്ള ഡാറ്റാ സെന്ററുകൾ നിർമ്മിക്കുക എന്നത് സാങ്കേതിക വ്യവസായ രംഗത്തെ നിക്ഷേപകരെ സംബന്ധിച്ച് അനിവാര്യതയായി മാറി. എന്നാൽ ഇത്തരം ഡാറ്റാ സെന്ററുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആ​ഘാതം ഇന്ന് ലോകമെങ്ങും ആശങ്കയായി മാറുകയാണ്.

സൂപ്പർ ബ്രെയിൻ സെന്ററുകൾ‌ ജലമൂറ്റൽ ഭീകരരേ‍ാ?

നിലവിൽ ദശലക്ഷം കേ‍ാടി ഡാറ്റകളാണ് ഒരേസമയം ലോകത്ത് വേണ്ടിവരുന്നത്. അവ നിർമ്മിക്കാനുളള കേന്ദ്രങ്ങൾ വിവിധ രാജ്യങ്ങളിൽ വ്യാപകമാകുന്നു. ചിലയിടത്ത് അതിനെതിരെ പ്രതിഷേധവും നീക്കങ്ങളും ആരംഭിച്ചിരിക്കുന്നു. ഡാറ്റാ സെന്ററുകൾ ജലം വൻതേ‍ാതിൽ ഊറ്റുമെന്നതും, പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നതുമാണ് പ്രതിഷേധക്കാ‍ർ ഉയ‍ർത്തുന്ന ആശങ്ക. ഡാറ്റാ വിപ്ലവം ലേ‍ാകത്തെ മാറ്റിമറിച്ചുകെ‍ാണ്ടിരിക്കുമ്പേ‍ാൾ അത് ഭൂമിയെ വരൾച്ചയിലേക്ക് തള്ളിവിടുമോ എന്ന ഭയം ലോകമെങ്ങുമുണ്ട്. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രചാരണമാണ് ഇതെന്ന് എഐ കമ്പനികളും പല വിദഗ്ധരും പറയുന്നതെങ്കിലും തെളിവുകളും അനുഭവങ്ങളും നിരത്തിയാണ് മറുപക്ഷത്തിന്റെ വാദം. ഡാറ്റാ സെന്ററുകൾ ആരംഭിക്കുന്നതിന് മുൻപും പിൻപും പ്രദേശത്തെ മാറ്റങ്ങൾ അത് ശരിവയ്ക്കുന്നുമുണ്ട്. പല രാജ്യങ്ങളിലും പദ്ധതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കമുണ്ടെങ്കിലും അത് ഫലവത്താകുന്നില്ല.

പി. സായിനാഥ്

പാലക്കാട് വച്ച് നടന്ന, എഴുത്തുകാരനും സേ‍ാഷ്യലിസ്റ്റ് നേതാവുമായ എം.പി വീരേന്ദ്രകുമാർ അനുസ്മരണ യേ‍ാഗത്തിൽ, രാജ്യത്തെ പ്രശസ്ത പത്രപ്രവർത്തകനായ പി. സായിനാഥ് ജലത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തിൽ ഡാറ്റാ സെന്ററുകൾക്ക് വേണ്ടിവരുന്ന ജലത്തിന്റെ അളവിനെക്കുറിച്ച് പറഞ്ഞത് ഞെട്ടലുണ്ടാക്കി. വരാൻപേ‍ാകുന്ന വൻ ജലപ്രതിസന്ധിയിലേക്കാണ് അദ്ദേഹം വിരൽചൂണ്ടിയത്. അതിൽ ഐഎ എത്രത്തേ‍ാളം പങ്കുവഹിക്കുമെന്നും പരാമശിച്ചിരുന്നു.

“മൈക്രേ‍ാസേ‍ാഫ്റ്റും ഗൂഗിളും ഉൾപ്പെടെ വൻകിട കമ്പനികൾ ഇന്ത്യയിൽ നിരവിധി വലിയ ഡാറ്റാസെന്ററുകൾ നിർമിക്കാൻ പേ‍ാകുകയാണ്. യുഎസ് പേ‍ാലുള്ള പല രാജ്യങ്ങളിലും ജനങ്ങൾ ഡാറ്റാ സെന്ററുകളെ തുരത്തുന്ന കാലത്താണിത്. വൻതേ‍ാതിൽ വെള്ളവും, വൈദ്യുതിയും ഈ സെന്ററുകൾക്ക് ആവശ്യമാണ്. ദലിതരുടെയും മറ്റും ഭൂമിയാണ് ഇവയ്ക്കുവേണ്ടി കൈമാറുന്നത്. കഴിഞ്ഞവർഷം രാജ്യത്തെ ഡാറ്റാ സെന്ററുകൾ 150 ബില്യൺ ലീറ്റർ വെള്ളം ഉപയേ‍ാഗിച്ചു. 2030 ആകുമ്പേ‍ാഴേക്കും ഇത് ഇരട്ടിയാകുമെന്നാണ് കണക്ക്. ലേ‍ാകജനസംഖ്യയുടെ 18 ശതമാനം ഇന്ത്യയിലാണെങ്കിൽ, ലേ‍ാകത്തെ ശുദ്ധജലത്തിന്റെ നാല് ശതമാനം മാത്രമാണ് നമുക്കുള്ളത്. സർക്കാർ കണക്കനുസരിച്ച് ഇപ്പേ‍ാൾതന്നെ രാജ്യത്തെ 600 ദശലക്ഷം പേർ ജലക്ഷാമം നേരിടുന്നുണ്ട്.” പി. സായിനാഥ് പറയുന്നു.

ഡാറ്റാ സെന്റർ, representative image

വെള്ളം കുടിപ്പിക്കുന്ന ഡാറ്റകൾ

ജലം ഊറ്റിയെടുക്കുന്ന ഡാറ്റകൾ മനുഷ്യനെ ‘വെള്ളം കുടിപ്പിക്കുമേ‍ാ’? – ഇമചിമ്മി തുറക്കും മുൻപ് ഈ ചേ‍ാദ്യത്തിന് കൃത്യമായ ഉത്തരം നൽകിയത് എഐ ചാറ്റ് ബേ‍ാട്ടുകളാണ്. അഞ്ച് സെക്കൻഡുകൾക്കുള്ളിൽ നമ്മുക്ക് നൽകിയ ഉത്തരത്തിന് 10 ലധികം വെബ്സെൈറ്റുകളാണ് സൂക്ഷ്മമായി പരിശേ‍ാധിച്ചിട്ടുണ്ടാവുക. ചേ‍ാദ്യങ്ങളുടെ ആഴവും പരപ്പും അനുസരിച്ച് 100 വെബ് സൈറ്റുകളിൽ വരെ ഇങ്ങനെ തിരച്ചിൽ നടത്തുന്നു.

അതിനുള്ള വേഗത്തിനും അതി സൂക്ഷ്മതക്കും ഇടയിൽ ഒരേസമയം പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് കംപ്യൂട്ടറുകളുടെയും സെർവറുകളുടെയും സൂപ്പർ ബ്രെയിൻ ആണ് എഐയുടെ ഡാറ്റാ സെന്ററുകൾ. ഇന്റർനെറ്റിലെ കേ‍ാടിക്കണക്കിന് പേജുകൾ തൽസമയം സ്കാൻ ചെയ്ത് ആധികാരികമായ ചില വെബ്സൈറ്റുകൾ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. ഡാറ്റാ സെന്ററിലെ പ്രേ‍ാസസിങ് യൂണിറ്റുകളും( ജിപിഎസ്) ഗൂഗിൾ ടെൻഡർ പ്രേ‍ാസസിങ് യൂണിറ്റുകളുമാണ് (ടിപിയു) വിപുലമായ ഈ കംപ്യൂട്ടിങിന് ഉപയേ‍ാഗിക്കുന്നത്. ഒറ്റസമയം ദശകേ‍ാടി കണക്കുകൂട്ടലുകൾ നടത്താനുളള ഇവയുടെ ശേഷി സങ്കൽപ്പിക്കുന്നതിലും അപ്പുറമാണ്. സൂപ്പർ കംപ്യൂട്ടർ ഫാക്ടറിക്ക് തുല്യമാണ് എഐ ഡാറ്റാ സെന്ററുകളെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

എഐയുടെ കുതിച്ചുചാട്ടത്തിനെ‍ാപ്പമല്ല ഡാറ്റാ സെന്റുകൾ വളർന്നത്. കാൽനൂറ്റാണ്ടിന് മുൻപുതന്നെ ഇന്ത്യയിൽ സംയുകത ഡാറ്റാ കേന്ദ്രങ്ങൾ ആരംഭിക്കാൻ തുടങ്ങി. ഇൻഫർമേഷൻ ടെക്നേ‍ാളജി ഒരു പഠന–പ്രവർത്തന വിഷയമായ കാലയളവിൽ തന്നെ അത് അനിവാര്യമായിരുന്നു. കേന്ദ്രീകൃത പ്രെ‍ാസസിങ് സെന്ററുകൾ, മെമ്മറിചിപ്പുകൾ അടക്കം ഉൾക്കെ‍ാള്ളുന്ന സെർവറുകൾ എന്നിങ്ങനെ ലേ‍ാകം ഇന്റർനെറ്റ് വിപ്ലവത്തിന്റെ ഉയരങ്ങൾ കയറുന്നതിനൊപ്പം ഡാറ്റാ സെന്ററുകൾ വൻതേ‍ാതിലാണ് ആവശ്യമായി വന്നത്. ക്ലൗഡ് കംപ്യൂട്ടിങ് കൂടുതൽ കപ്പാസിറ്റിയുള്ള സ്റ്റോറേജ് സംവിധാനങ്ങൾ ആവശ്യപ്പെട്ടു. പിന്നാലെ, നിർമ്മിത ബുദ്ധിയുടെ കുതിച്ചുചാട്ടം കൂടിയായതോടെ എ.ഐ ഡാറ്റാ സെന്റർ ബൂം ലോകമെമ്പാടുമുണ്ടായി.

ഇപ്പേ‍ാഴത്തെ സാഹചര്യം തുടർന്നാൽ നാല് വർഷത്തിനുള്ളിൽ ലേ‍ാകത്തെ മുക്കാൽഭാഗം ഡാറ്റാ സെന്ററുകളും എഐയുടെ ബാക്കപ്പുകൾ മാത്രമാകുമെന്നാണ് പഠന റിപ്പേ‍ാർട്ടുകൾ. ഇന്ത്യ ലേ‍ാകത്തെ ഡാറ്റാ സെന്ററുകളുടെ കേന്ദ്രസ്ഥാനമായി മാറുമെന്നാണ് അമേരിക്കൻ സാങ്കേതിക ഗവേഷണസ്ഥാപനമായ മെക്കൻസിയുടെ റിപ്പേ‍ാർട്ട്. ആഗേ‍ാള എഐ കമ്പനിയായ ആന്ത്രേ‍ാപിക്കിന്റെ കണക്കിൽ ഇന്ത്യ എഐ ഉപയേ‍ാഗത്തിൽ ലേ‍ാകത്ത് രണ്ടാംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഒന്നാംസ്ഥാനത്ത് ആമേരിക്കയാണ്. ഏഷ്യാ–പസഫിക് മേഖലയിൽ എ.ഐ ഡാറ്റാ സെന്റർ ശേഷിയിൽ ഇന്ത്യ ഒന്നാം സ്ഥാനം കൈവരിക്കാനുള്ള സാധ്യതയും ഗവേഷകർ തളളുന്നില്ല. ഇവിടെയാണ് സെന്ററുകൾക്കാവശ്യമായ ജല ആവശ്യവും രാജ്യത്തെ ജലലഭ്യതയും തമ്മിലുള്ള സംഘർഷം ഉരുത്തിരിയുക. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം അതിന്റെ ഉച്ചസ്ഥായിലെലെത്തുന്ന കാലം കൂടിയായിരിക്കുമത്.

താനെ ബാൽക്കും പ്രദേശത്ത് ആമസോണിന്റെ ഡാറ്റാ സെന്ററിന് എതിരെ നടക്കുന്ന സമരം. കടപ്പാട്:PTI

32 രാജ്യങ്ങൾ, 12,100 ഡാറ്റാ സെന്ററുകൾ

ഏറ്റവും കൂടുതൽ നിക്ഷേപമെന്നതാണ് ഇപ്പേ‍ാൾ രാജ്യത്തിന്റെ ലക്ഷ്യം. പരമാവധി മേഖലയിൽ സ്വന്തം ഉൽപാദനമെന്നതിനും മുൻതൂക്കം നൽകുന്നതിനാൽ എ.ഐ ഡാറ്റാ സെന്ററുകളുടെ വരവ് വൻതേ‍ാതിലാകുമെന്ന് ഉറപ്പാണ്. ഒടുവിലത്തെ കണക്കനുസരിച്ച് ലേ‍ാകത്ത് ഡാറ്റാ സെന്ററുകളുടെ നിക്ഷേപം എതാണ്ട് 7.85 ലക്ഷം കേ‍ാടി രൂപയാണ്. 2030–ൽ ഇത് 18 ലക്ഷം കേ‍ാടി കവിയുമെന്നാണ് കണക്ക്. ഈ വർഷം ആദ്യപാദത്തിലെ കണക്കനുസരിച്ച് ലേ‍ാകത്തെ 32 രാജ്യങ്ങളിലായി 12,100 ഡാറ്റാ സെന്ററുകളുണ്ട്. അതിൽ 150 വൻകിട സെന്ററുകൾ ഇന്ത്യയിലാണ്. പുതിയവയിൽ പകുതിയിലധികം അമേരിക്കയിൽ വരുന്നതായും റിപ്പേ‍ാർട്ടുകൾ പറയുന്നു. സമുദ്രം വഴിയുള്ള സംവിധാനം സുഗമമായ രാജ്യങ്ങൾക്കാണ് സെന്ററുകൾക്ക് മുൻഗണന ലഭിക്കുകയെന്നതിനാൽ ഇന്ത്യക്ക് ഗുണമാകും. നഗരങ്ങളിലെ സെന്ററുകളിൽ കടലിനടിയിലൂടെയാണ് ആശയവിനിമയ കേബിളുകൾ എത്തിക്കുന്നത്. അതനസുരിച്ച് മുംബൈ, ഹൈദരബാദ് നഗരങ്ങളിലായിരിക്കും ഇനിയും ഡാറ്റാസെന്ററുകൾ കൂടുതൽ വരവറിയിക്കുക. ആമസേ‍ാൺ, ഒറക്കിൾ എന്നീ കൂറ്റൻ കമ്പനികൾ കൂടാതെ 1600 കേ‍ാടി രൂപയുടെ പ്രേ‍ാജക്റ്റ് ഗൂഗിളും ഹൈദരബാദിൽ ആരംഭിക്കാനിരിക്കുന്നു. ഗുജറാത്തിൽ മെറ്റ, റിലയൻസ് സംയുക്ത സംരംഭമാണ് വരുന്നതെന്നാണ് വിവരം.

ചൂടിൽ തിളയ്ക്കും അതിവേഗം

കമ്പനികൾ നാളെ ഗ്രാമങ്ങളിലേക്കും ഡാറ്റാ സെന്ററുകൾക്കായി എത്തുമെന്നുറപ്പാണ്. വേനലിലും മഴയിലും ഒരു പേ‍ാഴെ ജലക്ഷാമം നേരിടുന്ന ഗ്രാമീണ ഇന്ത്യയിൽ നിന്നും എങ്ങനെയാണ് ഡാറ്റാ സെന്ററുകൾ ജലം ഊറ്റാൻ പോകുന്നത് എന്നതാണ് പ്രധാനം. ആവശ്യപ്പെടുന്നതെന്തും തരാൻ രാപകൽ പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകളുടെ സെർവർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അതിവേഗമാണ് വലിയ തേ‍ാതിൽ ചൂടാവുക. അവ തണുപ്പിച്ചില്ലെങ്കിൽ ഒ‍‍ാൺലൈൻ സംവിധാനങ്ങൾ പതുക്കെയാകും. ഒരു ഘട്ടം കഴിഞ്ഞാൽ പ്രവർത്തനം നിലയ്ക്കും.

തണുപ്പിച്ചാലും ഒതുങ്ങാത്ത ചൂട്

സാങ്കേതിക സംവിധാനത്തിനുള്ളിൽതന്നെ തണുപ്പിക്കൽ പ്രക്രിയ നടക്കുമെങ്കിലും തിളച്ചുമറിയുന്ന ചൂട് അതിൽ ഒതുങ്ങില്ല. അതേ‍ാടെ കൂളിങ് സിസ്റ്റങ്ങൾ ഫലപ്രദമല്ലാതാകും. പിന്നെ പ്രധാന ആശ്രയം ജലമാണ്. വാഹനങ്ങളിലെ റേഡിയേറ്ററുകളിൽ വെള്ളമെ‍ാഴിച്ച് തണുപ്പിക്കുന്നത് പേ‍ാലെയല്ല ഇവിടുത്തെ കാര്യങ്ങൾ. ബാഷ്പീകരണ ശീതീകരണമാണ് (ഇവാപ്പറേറ്റിങ് കൂളിങ് ) ഡാറ്റാ സെന്ററുകളിലേത്. ഉത്തരേന്ത്യപേ‍ാലെ മിക്കപ്പേ‍ാഴും അത്യുഷ്ണമുണ്ടാകുന്ന പ്രദേശങ്ങളിൽ ശീതീകരണത്തിന് വൻതേ‍ാതിൽ ജലം വേണ്ടിവരുന്നു. പ്രദേശത്തിന്റെ താപനിലയനുസരിച്ച് ജലത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുണ്ടാകാം..

ചില ഡാറ്റാ സെന്ററുകളിൽ വൻകിട ഫാനുകൾ ഉപയേ‍ാഗിച്ച് തണുപ്പിക്കുന്ന രീതിയു(എയർകൂൾഡ് ചില്ലേഴ്സ്) ണ്ടെങ്കിലും അതിന് വലിയ തേ‍ാതിൽ വൈദ്യുതി വേണ്ടിവരും. മാത്രമല്ല, അതിന് മറ്റുള്ളവയെക്കാൾ ഇരട്ടിയിലധികമാണ് മെ‍ാത്തം ചെലവ്. വൻകിട എഐ മേ‍ാഡലുകൾ പരിശീലിപ്പിക്കാനും പ്രവർത്തിപ്പാക്കാനും സാധാരണ സെർവറുകൾക്ക് വേണ്ടതിനെക്കാൾ ഇരട്ടിയിലധികം തണുപ്പിക്കൽ ആവശ്യമാണ്. ചിലയിടങ്ങളിൽ ഇവ പ്രവർത്തിക്കാൻ താൽക്കാലിക വൈദ്യുതി ഉൽപാദന സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. അതും വലിയ തേ‍ാതിൽ വേണ്ടിവരുന്നു. കൽക്കരി ഉപയേ‍ാഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കും.

ഇതുവരെയുളള രീതിയനുസരിച്ച് ഡാറ്റാ സെന്ററുകളെ തണുപ്പിക്കുന്നത് ജലം ഉപയേ‍ാഗിച്ചു തന്നെയാണ്. അതിന് ഒരു പ്രദേശത്തെ മുഴുവൻ ജലസംവിധാനത്തെയും ഉപയേ‍ാഗപ്പെടുത്തുന്നു. ഇത് പെ‍ാതുവേ ജലദൗബല്യത്തിൽ കഴിയുന്ന രാജ്യത്തെ വൻ നഗരങ്ങളെ കൂടുതൽ പ്രതിസന്ധിയിലാകും. സമുദ്രജലം സംവിധാനത്തിൽ ഉപയേ‍ാഗിക്കുമെന്ന് കമ്പനികൾ പ്രഖ്യാപിക്കുമെങ്കിലും അത് നടപ്പാക്കിയതായി അറിവില്ല.

വിശാഖപട്ടണത്ത് നിർദ്ദിഷ്ട ഡാറ്റാ സെന്റർ പദ്ധതിക്കെതിരെ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ പ്രതിഷേധം. കടപ്പാട്:thehindu

പാഠമാക്കണം പ്ലാച്ചിമട

ഭൂഗർഭജലം വൻതേ‍ാതിൽ ഊറ്റി ജലമലിനീകരണം നടത്തിയ കെ‍ാക്കക്കേ‍ാളക്കും പെപ്സിക്കുമെതിരെയാണ് മുൻവർഷങ്ങളിൽ വൻ ജനകീയ പ്രക്ഷേ‍ാഭങ്ങൾ കേരളത്തിൽ നടന്നിട്ടുള്ളത്. ലേ‍ാകം മുഴുവൻ ചർച്ചയായ പാലക്കാട് പെരുമാട്ടിയിലെ കെ‍ാക്കക്കേ‍ാള ഫാക്ടറി വിരുദ്ധസമരം ഉണ്ടാക്കിയ അലയെ‍ാലി ഫാക്ടറി അടച്ചുപൂട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. പ്രദേശത്ത് ഫാക്ടറിയുടെ ജലമൂറ്റലിന് ഇരയായ ആദിവാസികൾക്കുള്ള സമാശ്വാസ തുകയും, പരിസ്ഥിതി നഷ്ടത്തിനുള്ള പരിഹാര ധനവും ലഭിക്കാനുള്ള സമരം മൂന്ന് പതിറ്റാണ്ടായി തുടരുകയാണ്. എന്നാൽ, കമ്പനിക്കെതിരെയുളള പരാതികളിൽ കേസെടുക്കാൻ ഇനിയും സർക്കാരുകൾ തയാറായിട്ടില്ല. കഞ്ചിക്കേ‍ാട് വ്യവസായ മേഖലയിലുണ്ടായ പെപ്സി പ്ലാന്റിനുള്ളിൽ നിരവധി കുഴൽകിണറുകളിലൂടെയായിരുന്നു ജലമൂറ്റൽ. ജനങ്ങളുടെ മാസങ്ങൾ നീണ്ട ചെറുത്തുനിൽപ്പിൽ ആ ഫാക്ടറിയും അടച്ചുപൂട്ടേണ്ടിവന്നു. ഡാറ്റാ സെന്ററുകളെക്കുറിച്ചുള്ള ചർച്ചകൾ ഈ രണ്ട് പദ്ധതികളും പാഠമാക്കേണ്ടതുണ്ട്. എഐ ഡാറ്റാ സെന്ററുകളുടെ കെ‍ാടിയദാഹം തീർക്കാൻ ഒരു ജനസമൂഹവും ബലിയാടാകേണ്ടി വരരുത്.

ഒരു മെഗാവാട്ടിന് 2.6 കേ‍ാടി ലിറ്റർ ജലം

ഡാറ്റാ സെന്ററുകളുടെ ശേഷി മെഗാവാട്ടിലും ജിഗാവാട്ടിലുമാണ് അളക്കുന്നത്. ഒരു മെഗാവാട്ടിന്റെ ഡാറ്റാ സെന്ററുകൾ തണുപ്പിക്കാൻ ഒരു വർഷം ശരാശരി 2.6 കേ‍ാടി ലീറ്റർ ജലം വേണ്ടിവരുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. യുഎൻ യൂണിവേഴ്സിറ്റിയുടെ ജലപരിസ്ഥിതി ഇൻസ്റ്റിട്ട്യൂട്ട് വിഷയത്തിൽ വിശദമായ പഠനം നടത്തിയിരുന്നു. അവരുടെ റിപ്പേ‍ാർട്ടനുസരിച്ച് 2030ൽ ലേ‍ാകത്തെ ഡാറ്റാ സെന്ററുകൾക്ക് എല്ലാംകൂടി 130 കേ‍ാടി ജനങ്ങൾ ഒരു വർഷം ഉപയേ‍ാഗിക്കുന്നതിന് തുല്യമായ ജലം വേണ്ടിവരും. സെന്ററുകൾക്ക് ആവശ്യമായ വൈദ്യുതി 945 ടെറാവാട്ട്–അവർ (TWH) ആകും. പാകിസ്താൻ, ബംഗ്ലാദേശ്, നൈജീരിയ എന്നിവിടങ്ങളിലെ 70 കേ‍ാടി ജനങ്ങൾ ഒരുവർഷം ഉപയേ‍ാഗിക്കുന്നതിന്റെ മൂന്ന് ഇരട്ടിയാണ് ഈ അളവ്

ജലമൂറ്റലിനെ‍ാപ്പം ഹരിഗൃഹ വാതകവും വൻ ശബ്ദവും

പെ‍ാതുവേ ജലക്ഷാമം രൂക്ഷമായ രാജ്യങ്ങളിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമ്പേ‍ാൾ ഉണ്ടായേക്കാവുന്ന കടുത്ത പ്രതിസന്ധി കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരിക്കും. കൂടുതൽ സ്ഥലവും കുറഞ്ഞ ചെലവിൽ തെ‍ാഴിലാളികളെയും ലക്ഷ്യമിട്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് മിക്ക വ്യവസായ ഭീമന്മാരും ഉൽപാദന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ജലക്ഷാമത്തിനും ജലജന്യരേ‍ാഗങ്ങൾക്കും മുൻപന്തിയിലാണ് ഈ രാജ്യങ്ങളിൽ മിക്കതും. ആഗേ‍ാള ഗവേഷണ സ്ഥാപനമായ വേൾഡ് റിസേ‍ാഴ്സ് ഇൻസ്റ്റിട്ട്യൂട്ട് തയാറാക്കിയ മാപ്പിൽ ലേ‍ാകത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന 25 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയും. ഈ രാജ്യത്താണ് നിർമ്മിതബുദ്ധി, ഡാറ്റാ സെന്റർ കുതിച്ചുചാട്ടത്തിന് ഭരണകൂടവും മുന്നിട്ടിറങ്ങുന്നത്. മാറിയ ലേ‍ാകസാഹചര്യത്തിൽ അതിൽ നിന്ന് മാറിനിൽക്കാനാകില്ലെങ്കിലും നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതാകും.

മുംബൈയിലെ 30 മെഗാവാട്ട് ശേഷിയുളള ഒരു ഡാറ്റാ സെന്ററിന്റെ ജല ഉപയേ‍ാഗം വർഷത്തിൽ 78 കേ‍ാടി ലിറ്ററാണ്. രാജ്യത്ത് നഗരജനസംഖ്യാ–ജലലഭ്യതാ കണക്കനുസരിച്ച് ഒരാൾക്ക്-135 ലീറ്റർ വെള്ളം ദിനംപ്രതി വേണം. അങ്ങനെ നേ‍ാക്കിയാൽ ഒരു നഗരപ്രദേശത്തെ ശരാശരി 20,000 പേർക്ക് ഉപയേ‍ാഗിക്കേണ്ട ജലമാണ് 30 വാട്ട് ഡാറ്റാ സെന്ററിൽ ചെലവഴിക്കുന്നത് എന്നാണ് പഠന റിപ്പേ‍ാർട്ട്. സെന്ററുകളിൽ നിന്ന് പുറത്തുവരുന്ന ഹരിതഗൃഹ വാതകങ്ങളെക്കുറിച്ചും ഗവേഷകരും പരിസ്ഥിതി പ്രസ്ഥാനങ്ങളും മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുമ്പേ‍ാൾ ശബ്ദ മലിനീകരണവും ഉണ്ടാകുന്നുണ്ട്.

ജലം മാത്രമല്ല, ചതുപ്പും കൃഷിഭൂമിയും

2030 ആകുമ്പേ‍ാൾ വൻതേ‍ാതിലായിരിക്കും സെന്ററുകളുടെ ഭൂമി ഉപയേ‍ാഗം. ആവശ്യത്തിന് സ്ഥലം കിട്ടാത്ത മേഖലകളിൽ ചതുപ്പും, കൃഷിഭൂമിയും ഉൾപ്പെടെ ഭരണാധികാരികളുടെ സഹായത്തേ‍ാടെ ഏറ്റെടുക്കാനുളള നീക്കങ്ങളും സജീവമാണ്. പദ്ധതികൾ സംബന്ധിച്ച് കൃത്യമായ കണക്കുകൾ കമ്പനികൾ പുറത്തുവിടുന്നില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു. ഡാറ്റാ സെന്ററുകൾക്കെതിരെയുള്ള ആരേ‍ാപണങ്ങളിൽ വലിയെ‍ാരു പങ്കും ശരിവയ്ക്കുന്നതാണ് വിവിധ കമ്മിറ്റികളുടെയും വിദഗ്ധരുടെയും അന്വേഷണ ഫലങ്ങൾ.

അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും സ്പെയിൻ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളും ഡാറ്റാ സെന്ററുകളുടെ ജല ഉപയേ‍ാഗത്തിനെതിരെ പ്രാദേശിക തലത്തിൽ നിരവധി പ്രക്ഷേ‍ാഭങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സെന്ററുകളുടെ ഉടമകളായ ഗൂഗിൾ, മൈക്രേ‍ാസേ‍ാഫ്റ്റ്, ആമസേ‍ാൺ തുടങ്ങിയ വൻകിട കമ്പനികൾ പ്രശ്നത്തിലുള്ള വിമർശനങ്ങൾ അവഗണിക്കുകയാണ്.

ഡാറ്റാ സെന്ററിലെ എയർ കൂളിംഗ് സിസ്റ്റം. കടപ്പാട്:SPX

വേണം, ഗ്രീൻ ഡാറ്റാ സെന്ററുകൾ

വെള്ളത്തിന് പകരം എയർകൂളിങ് സാങ്കേതിക വിദ്യയും ജലത്തിന്റെ പുനരുപയേ‍ാഗവും കമ്പനികൾ മുന്നേ‍ാട്ടുവയ്ക്കുന്നു. 2030 ആകുമ്പേ‍ാഴേക്കും ഉപയേ‍ാഗിക്കുന്നതിനെക്കാൾ ജലം മഴവെള്ള കെ‍ായ്ത്തിലൂടെയും പുഴകളുടെ പുനരുദ്ധാരണങ്ങളിലൂടെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കുമെന്ന (വാട്ടർപേ‍ാസിറ്റീവ്) വാഗ്ദാനവും കമ്പനികൾ നൽകുന്നുണ്ട്. പരിഹാരമായി സമുദ്രജലവും മലിനജലവും ഉപയേ‍ാഗിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, ഇത് പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും വിശ്വാസത്തിലെടുത്തിട്ടില്ല. മുൻകാല അനുഭവങ്ങൾ അവർ അക്കമിട്ടു നിരത്തുന്നു. ഡിജിറ്റൽ ലേ‍ാകത്തിന്റെ വളർച്ചക്കും വ്യാപനത്തിനും ഡാറ്റാ സെന്ററുകൾ അത്യാവശ്യമാണെങ്കിലും പരിസ്ഥിതിയെ ചൂഷണം ചെയ്യാത്ത ഗ്രീൻ ഡാറ്റാ സെന്ററുകൾ (Green data centers) പ്രേ‍ാത്സാഹിപ്പിക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

താനെയും വിശാഖപട്ടണവും സമരത്തിലേക്ക്

ഡാറ്റാ സെന്റർ ഉണ്ടാക്കാൻ സാധ്യതയുളള ജലക്ഷാമവും ശബ്ദമലിനീകരണവും ഉൾപ്പെടെ ചൂണ്ടിക്കാട്ടി രാജ്യത്ത് പലയിടത്തും പ്രതിഷേധം നടക്കുന്നതിനിടെ മുംബൈയിലെ താനെയിലും ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തും സമരം ശക്തമായി. ആളുകൾ സെന്ററുകൾക്കെതിരെ പരസ്യമായി തെരുവിലിറങ്ങി കഴിഞ്ഞു. താനെ ബാൽക്കും പ്രദേശത്ത് 53.8 ഏക്കറിൽ 45,000 കേ‍ാടി രൂപ മുതൽ മുടക്കിലാണ് ആമസേ‍ാണിന്റെ 422 മെഗാവാട്ട് ‍ഡാറ്റാ സെന്റർ സ്ഥാപിക്കാൻ പേ‍ാകുന്നത്. പദ്ധതിക്കെതിരെ അവിടെ നിരവധി കുടുംബങ്ങൾ മനുഷ്യചങ്ങല തീർത്തായിരുന്നു പ്രതിഷേധിച്ചത്.

വിശാഖപട്ടണത്ത് ഗൂഗിളിന്റെ സഹകരണത്തേ‍ാടെ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന ഡാറ്റാ സെന്ററിനെതിരെയാണ് പ്രക്ഷേ‍ാഭം നടക്കുന്നത്. 1.2 ലക്ഷം കേ‍ാടി രൂപയുടേതാണ് പദ്ധതി. 500 ഏക്കറിലാണ് നിർദ്ദിഷ്ട ഡാറ്റാ സെന്റർ. പ്രവർത്തനം ആരംഭിച്ചാൽ സെന്റർ തണുപ്പിക്കാൻ വർഷത്തിൽ 1.2 കേ‍ാടി ലീറ്റർ ജലം വേണ്ടിവരുമെന്ന് മേഖലയിലെ പരിസ്ഥിതി സംഘടനകൾ പറയുന്നു. ഭീകരമായ ശബ്ദമായിരിക്കും ഉയരുക. എതാണ്ട 90 ഡെസിബൽ ശബ്ദമുണ്ടാകുമെന്നാണ് ശരാശരി കണക്ക്. 80,000 എയർകണ്ടീഷനറുകൾ പുറന്തള്ളുന്ന ചൂട് സെന്ററിൽ നിന്ന് പരിസരത്ത് പരക്കുന്നതേ‍ാടെ ജനങ്ങൾക്ക് താമസിക്കാൻ കഴിയാതെയാകും. അന്തരീക്ഷ ചൂട് ശരാശരി നാല് ഡിഗ്രി വരെ ഉയരാം. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും. സമീപത്തെ കബാല വന്യജീവിസംരക്ഷണ കേന്ദ്രത്തിനും സെന്റർ ഭീഷണിയാകും. രണ്ടിടത്തെയും ഡാറ്റാ സെന്റർ കമ്പനികളുടെ വിശദീകരണങ്ങളിലും വാഗ്ദാനങ്ങളിലും തൃപ്തരല്ല.

എന്നാൽ, ഡാറ്റാ സെന്റർ തണുപ്പിക്കാൻ പ്രാദേശിക ശുദ്ധജല കേന്ദ്രങ്ങൾ ഉപയേ‍ാഗിക്കില്ലെന്നാണ് ആമസേ‍ാൺ വ്യക്തമാക്കുന്നത്. എല്ലായിടത്തും എയർകൂളിങ് സാങ്കേതിക വിദ്യയുണ്ടാകും. വൈദ്യുതിക്ക് സ്വന്തമായി സബ് സ്റ്റേഷനുകളുണ്ടാകും. ശബ്ദമലിനീകരണം ഇല്ലാതാക്കാൻ ശക്തമായ സംവിധാനം ഉണ്ടാകുമെന്നും കമ്പനി പറയുന്നു.

Also Read

8 minutes read August 17, 2026 1:23 pm