‘ദി കാരവൻ’ മാസിക പ്രസിദ്ധീകരിച്ച ലേഖനം 24 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഫെബ്രുവരി 13ന് നൽകിയ നോട്ടീസിലാണ്, ജമ്മു കശ്മീരിലെ സൈനിക കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട സിവിലിയൻസിനെക്കുറിച്ചുള്ള ജതീന്ദർ കൗർ തൗർ എഴുതിയ Screams from the Army Post എന്ന ലേഖനം പിൻവലിക്കാൻ സർക്കാർ കാരവനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 പ്രകാരമാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കാരവൻ അറിയിക്കുന്നു. ഒരു ഉള്ളടക്കം ദേശീയ സുരക്ഷയ്‌ക്കോ പരമാധികാരത്തിനോ ഭീഷണിയാണെന്ന് കണ്ടാൽ അത് പിൻവലിക്കാനുള്ള ഉത്തരവുകൾ നൽകാൻ കേന്ദ്രത്തെ ഈ വ്യവസ്ഥ അനുവദിക്കുന്നു. ഐ.ടി നിയമത്തിൽ 2021-ലും പിന്നീട് 2023-ലും വരുത്തിയ വിവാദ ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട അധികാരമാണ് ഒരു മാധ്യമ സ്ഥാപനത്തിനെതിരെ ഉപയോഗിച്ചിരിക്കുന്നത്.
മുഹമ്മദ് സഫീര്‍, ഷബീര്‍ അഹമ്മദ്, ഷൗക്കത്ത് ഹുസൈന്‍ എന്നിവരാണ് 2023 ഡിസംബർ 22 ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വച്ച് സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഇവരുടെ ദുരൂഹ മരണത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവർ ജമ്മു കശ്മീരിലെ മൂന്നാമത്തെ വലിയ ജനവിഭാഗമായ ഗുജ്ജര്‍, ബക്കര്‍വാള്‍ ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. കസ്റ്റഡിയിലെടുത്തവരെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. തുടർന്ന് സിവിലിയന്മാരുടെ കസ്റ്റഡി മരണത്തിൽ സൈനികതല അന്വേഷണം നടത്താൻ സൈനിക കോടതി ഉത്തരവിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൊല്ലപ്പെട്ട സിവിലിയന്മാരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സിവിലിയന്മാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജാഗ്രത പാലിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഈ മൂന്ന് മരണത്തെയും അനുബന്ധ സംഭവങ്ങളെയും കുറിച്ചാണ് ജതീന്ദർ കൗർ തൗർ അന്വേഷിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ജതീന്ദർ സംസാരിച്ചിരുന്നു. മരണശേഷം ഒരു കുടുംബത്തിന് ഒരു വിശദീകരണവുമില്ലാതെ സൈന്യം 10 ലക്ഷം രൂപ നൽകിയതിന്റെ കാരണവും റിപ്പോർട്ട് അന്വേഷിക്കുന്നു. റിപ്പോർട്ടർ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം ചോദിക്കാൻ പൊലീസ്, ആർമി, ജില്ലാ ഭരണകൂടം എന്നിങ്ങനെ ഒന്നിലധികം അധികാരികളെ കാരവൻ സമീപിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. സര്‍വ്വീസില്‍ നിന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ജതീന്ദര്‍ കൗറിന്റെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ചിട്ടുണ്ട്.
ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഒരു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഈ ഉത്തരവിനെ ഞങ്ങൾ ചോദ്യം ചെയ്യുമെന്നുമാണ് സാമൂഹ്യ മാധ്യമത്തിലൂടെ ദി കാരവൻ അറിയിച്ചത്. “നോട്ടീസിന്റെ ഉള്ളടക്കം രഹസ്യാത്മകമാണ്” എന്നും കാരവൻ പറയുന്നു.
പ്രസാധകരെ കേൾക്കാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം നൽകുന്ന ഐടി നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ട് ദി വയർ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ നൽകിയ ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് ഐടി നിയമത്തിലെ സെക്ഷൻ 69 എ ഇന്ത്യയിലെ ഒറു ഒരു മാധ്യമ സ്ഥാപനത്തിന് നേരെ ഉപയോഗിക്കുന്നത്.