ബസുധയെ ഭയക്കുന്ന മൊൺസാന്റോ

തദ്ദേശീയ വിത്ത് വൈവിധ്യം സംരക്ഷിക്കുന്നതിനായി കിഴക്കൻ ഇന്ത്യയിലെ പരമ്പരാഗത കർഷകരുമായി ചേർന്ന് പ്രവർത്തിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ഡോ. ദെബൽ ദേബ്. പാരിസ്ഥിതിക വാസ്തുവിദ്യയും പരമ്പരാഗത കൃഷിരീതികളെക്കുറിച്ചുള്ള ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് ഒഡീഷയിൽ ദെബൽ ദേബ് സ്ഥാപിച്ച കൃഷിയിടമാണ് ബസുധ (Basudha). ദെബൽ ദേബിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനം കർഷകർക്കായി വ്രിഹി (Vrihi) എന്ന പേരിൽ ആരംഭിച്ച ആദ്യത്തെ സർക്കാരിതര നെൽവിത്ത് ബാങ്ക് ആണ്. ഇതിലൂടെ 1400 ലധികം നെൽവിത്തുകൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഇതിന്റെ പേരിൽ മൊൺസാന്റോ പോലുള്ള വൻകിട കമ്പനികളിൽ നിന്നും പലതരം ഭീഷണികളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അഗ്രോ ഇക്കോളജിയെക്കുറിച്ചും നാടൻവിത്ത് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. ദെബൽ ദേബ് സംസാരിക്കുന്നു. ഭാ​ഗം-2

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു പറയാമോ? പോഷക ദാരിദ്ര്യം പരിഹരിക്കാൻ സമ്പുഷ്‌ടീകരിച്ച അരി (Fortified rice) പൊതു വിതരണ ശൃംഖലയിലൂടെയും കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിലൂടെയും നടപ്പിലാക്കാൻ തുടങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത് എത്രമാത്രം ശരിയായ നടപടിയാണ്?

ഭക്ഷ്യ സുരക്ഷയെന്നാൽ മുഖ്യമായും ആവശ്യമായ അളവിലുള്ള പോഷക ലഭ്യതയാണ് സൂചിപ്പിക്കുന്നത്. അതിനു സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണം എല്ലാവർക്കും ലഭ്യമായിരിക്കണം എന്നതാണ് അടിസ്ഥാന തത്വം. കർഷകർക്കും കൃഷിയിടങ്ങൾക്കും സ്വയം പര്യാപ്തതയും പരമാധികാരവും ഉണ്ടായിരിക്കണം. എന്ത് കൃഷി ചെയ്യണമെന്ന് മാത്രമല്ല, എങ്ങനെ കൃഷി ചെയ്യണം, എന്തൊക്കെ അതിനുപപയോഗിക്കണമെന്നതും പ്രധാനമാണ്. അതായത് കൃഷിയുടെ നിയന്ത്രണം സർക്കാരിനോ, വൻകിട കോർപ്പറേറ്റ് കമ്പനികൾക്കോ, ബാങ്കുകൾക്കോ സർക്കാരിതര സംഘടനകൾക്കോ ആവരുത്. എന്നാൽ മാത്രമേ കർഷകർക്ക് സ്വതന്ത്രരായി നിലനിൽക്കാൻ സാധിക്കുകയും, വിഭവങ്ങളുടെ മേൽ നിയന്ത്രണമുണ്ടാവുകയും, അങ്ങനെ അവരുടെ ഉൽപ്പാദന പ്രവർത്തനം ശരിയായ ദിശയിൽ നടക്കുകയുമുള്ളൂ. സർക്കാരിന്റെ നയ രൂപീകരണം കൊണ്ട് മാത്രം ഭക്ഷ്യ സുരക്ഷ നടപ്പാവില്ല. കർഷകരുടെ ജീവിതവും പങ്കാളിത്തവും വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ വൻകിട കുത്തകകൾ നിയന്ത്രിക്കുന്ന വിപണിയിലൂടെ അത് നടപ്പാവുകയുമില്ല. നമുക്ക് വേണ്ടത് പ്രാദേശിക വിപണിയുടെ സ്വതന്ത്ര നിലനിൽപ്പാണ്‌. ഉൽപ്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം ഇടനിലക്കാരുടെ ചൂഷണമില്ലാതെ നിലനിൽക്കണം. ഇത് നൂറ്റാണ്ടുകളായി ലോകമെമ്പാടും നിലനിന്നിരുന്നതും, ഇതിന്റെ അവശേഷിപ്പുകൾ ഇപ്പോഴും നമ്മുടെ ഗ്രാമങ്ങളിൽ നിലനിൽക്കുന്നതുമാണ്. ഇത് യൂറോപ്യൻ യൂണിയനിലും അമേരിക്കയിലും ‘ഫാർമേഴ്‌സ് മാർക്കറ്റ്’ എന്നപേരിൽ ഇപ്പോൾ വീണ്ടും വന്നു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലുമിത് ശക്തിപ്പെടുത്താവുന്നതേയുള്ളൂ. അതിനിപ്പോൾ നിലവിലുള്ള സമ്പദ്ക്രമം പൊളിച്ചെഴുതേണ്ടിവരും. നവ കൊളോണിയൽ മാർക്കറ്റിന്റെ നിയന്ത്രണത്തിൽ നിന്നും അതിനെ മോചിപ്പിക്കേണ്ടിവരും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുമായി ചേർന്നു വേണം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ. ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില കർഷകർക്ക് തന്നെ നിശ്ചയിക്കാനും കഴിയണം. അതിലൂടെ കർഷകർ രാസകൃഷിയിൽ ആശ്രയിക്കുന്നതില്ലാതാക്കാൻ പറ്റും. വളങ്ങൾ തെരഞ്ഞെടുക്കുന്നതുപോലെ തങ്ങളുടെ പ്രാദേശിക കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച നാടൻ വിത്തുകൾ തെരഞ്ഞെടുക്കാനും കർഷകർക്ക് കഴിയും. എന്നാലിപ്പോൾ അത്തരം വിത്തുകൾ എളുപ്പത്തിൽ ലഭ്യമല്ല. ഇപ്പോൾ സമ്പുഷ്‌ടീകരിച്ച അരി വിതരണം ചെയ്യാൻ പോകുന്നത് മാർക്കറ്റിനെയും, കുത്തകകളെയും സഹായിക്കാനാണ്. നല്ല ഇരുമ്പ്‌, കോപ്പർ, സിങ്ക് തുടങ്ങിയവ അടങ്ങിയ നെല്ലിനങ്ങളെക്കുറിച്ചു ഞങ്ങൾ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആറ് നാടൻ ഇനങ്ങളിൽ വലിയ അളവിൽ ഇരുമ്പ്‌ അടങ്ങിയത് കണ്ടെത്താൻ കഴിഞ്ഞു. ഇതുപോലുള്ള അനേകം ഇനങ്ങൾ വേറെയും ഉണ്ടാകും.

ദെബൽ ദേബ് കൃഷിയിടത്തിൽ. കടപ്പാട്: inspiringodisha.com

നമ്മുടെ രാജ്യത്തു ഇപ്പോഴും നമ്മുടെ പോഷക ദാരിദ്യം പരിഹരിക്കാൻ കഴിയുന്ന ഇനങ്ങൾ ബാക്കിയുണ്ട്. എന്നാൽ ഈ അറിവ് പൊതു ജനത്തിന് ലഭ്യമല്ല. അത് വ്യാപിപ്പിക്കാതെ വിപണി അധിഷ്ഠിത പരിഹാരങ്ങൾ തേടുന്നത് ജി.ഡി.പി വർധിപ്പിക്കാൻ കൂടിയാണ്. സർക്കാർ ആത്മാർത്ഥയുണ്ടെങ്കിൽ ചെയ്യേണ്ടത് കോടിക്കണക്കിനു രൂപ അനാവശ്യമായി ചെലവഴിച്ചു മാർക്കറ്റിനെ സഹായിക്കുന്നതിന് പകരം സ്വാഭാവികമായി തന്നെ പോഷക സമൃദ്ധമായ ഇനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ്. ഇപ്പോൾ നഗരത്തിലെ സമ്പന്ന വർഗത്തിന് കുറഞ്ഞ ചെലവിൽ ആവശ്യമായ ഭക്ഷണം ലഭ്യമാക്കുന്ന ഉത്തരവാദിത്തം കർഷകരുടേതാണ്. സ്വന്തം ഭക്ഷ്യ സുരക്ഷയും ജീവിതവും മാറ്റിവച്ചുകൊണ്ടാണ് കർഷകർ അത് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ ഭക്ഷ്യസുരക്ഷയായി അവതരിപ്പിക്കുകയാണ് സർക്കാർ. കൃഷിയിടങ്ങളുടെ സുസ്ഥിരതയും കർഷകരുടെ ഭക്ഷ്യസുരക്ഷയും ജീവിതവും പരിഗണിക്കാതെ നമുക്ക് ലോകത്തു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയില്ല.

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള സർക്കാർ പദ്ധതികളിൽ പരിഗണിക്കാതെ പോകുന്നതാണ് സംഭരിച്ചു വയ്ക്കാനും വിപണിയിൽ വിതരണം ചെയ്യാനും എളുപ്പമല്ലാത്ത ഭക്ഷ്യ വിഭവങ്ങൾ. ചെറു ധാന്യങ്ങൾ, ഇലക്കറികൾ, ചേമ്പ് വർഗ്ഗങ്ങൾ, പഴ വർഗ്ഗങ്ങൾ തുടങ്ങി അനേകം പ്രാദേശിക ഭക്ഷ്യ വിഭവങ്ങൾ നമുക്കിപ്പോഴുമുണ്ട്. എന്നാൽ ഇതിന്റെ ലഭ്യത കൂട്ടാനും പ്രാദേശികമായി തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സർക്കാർ ശ്രമിക്കാത്തത്‌ വലിയ പോരായ്‌മ തന്നെയല്ലേ?

ഇന്ത്യൻ ഗ്രാമങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ തീർച്ചയായും പ്രാദേശിക വിഭവങ്ങൾക്ക് കഴിയും. ഗ്രാമങ്ങളിലെപ്പോലെ വനത്തിലും എത്രയോ കാലമായി ആദിവാസികൾ കഴിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി ഭക്ഷ്യ വിഭവങ്ങൾ ഉണ്ട്. അതൊന്നും കൃഷി ചെയ്തുണ്ടാക്കുന്നവയല്ല. ഒരുപക്ഷെ നഗരത്തിലെ സമ്പന്നർക്ക് അത് ലഭ്യമാകണമെന്നില്ല. അതിന്റെ ഉത്തരവാദിത്തം അവർ തന്നെ ഏറ്റെടുക്കട്ടെ. വില കൊടുത്തു ലോകത്തിലെ ഏത് ഉൽപ്പന്നവും വാങ്ങാൻ ശേഷിയുള്ള അവരുടെ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഞാൻ ആകുലനല്ല. നേരത്തെ പറഞ്ഞ പല വൈവിധ്യങ്ങളും ഏക വിള കൃഷിരീതിയുടെ ഫലമായി ഇല്ലാതായി കൊണ്ടിരിക്കുകയാണ് . ഉദാഹരണത്തിന് System of Rice Intensification (SRI) രീതിയിലൂടെ ഒട്ടനവധി ജൈവവൈവിധ്യമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷയുടെ പേരിൽ വൻ യന്ത്രങ്ങളും കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് ജി.ഡി.പി വർധിപ്പിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. പാവങ്ങളുടെ ഭക്ഷ്യസുരക്ഷയുടെ പേരിൽ സമ്പന്നരാകുന്നത് വൻകിട കമ്പനികളാണ്. അതുകൊണ്ടാണ് പല ഭക്ഷ്യയിനങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കാത്തതും പരിഗണിക്കാത്തതും. അല്ലാതെ അവയ്ക്കൊന്നും പോഷക സമൃദ്ധി ഇല്ലാത്തതു കൊണ്ടല്ല. കൂടാതെ ഇത്തരത്തിലെ വിഭവങ്ങൾ പലതും കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തത് ഒരുകണക്കിന് നല്ലതാണ്. അത്രയും വിഭവങ്ങൾ ഗ്രാമത്തിലെ മനുഷ്യർക്ക് ലഭിക്കുമല്ലോ.

ഭക്ഷ്യസുരക്ഷയോടൊപ്പം ഒരു സ്വയംപര്യാപ്ത പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്ക് വികസിക്കാനുള്ള എല്ലാ സാധ്യതകളും വ്യവസായ വൽക്കരണത്തോടെ ഇല്ലാതായില്ലേ?

ഭക്ഷ്യസുരക്ഷയ്ക്കുള്ള സാധ്യതകൾ മാത്രമല്ല ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നുമില്ലാതായത്. ഭക്ഷണം, ആരോഗ്യം, ജീവിത നിലവാരം എല്ലാം പരസ്പ്പര ബന്ധിതമാണ്. ഗ്രാമത്തിലെ എല്ലാവരും ഭക്ഷ്യ ഉൽപ്പാദകരല്ല എന്നത് യാഥാർഥ്യമാണ്. അവിടെ മരപ്പണിക്കാരും, മൽസ്യതൊഴിലാളികളും, നെയ്ത്തുകാരും, ലോഹപ്പണിയെടുക്കുന്നവരുമടക്കം ഒട്ടനവധി തൊഴിൽ വിഭാഗങ്ങളുണ്ട്. എന്നാൽ ഈ വിഭാഗങ്ങൾക്കിന്ന് പുതിയ സാമ്പത്തിക നയങ്ങളുടെ ഭാഗമായി തൊഴിലില്ലാതായിരിക്കുകയാണ്. അതിന്റെ ഫലമായി കർഷകർക്ക് അവരുടെ കൃഷി ആയുധങ്ങൾക്കായി ദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്നു. അതുകൊണ്ടു തന്നെ പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കർഷകർക്ക് കഴിയാതെ വരുന്നു. ഒരിക്കൽ യൂറോപ്പിലേക്കും റോമിലേക്കും കയറ്റുമതി ചെയ്തിരുന്ന നൂറുകണക്കിനുള്ള ഫൈബർ ഇന്ന് ലഭ്യമല്ലാതായിരിക്കുന്നു. പകരം നൈലോൺ കയറുകൾ വിപണി കയ്യടക്കിയിരിക്കുന്നു. ചെറുകിട വ്യവസായങ്ങളുടെ തകർച്ച ഗ്രാമീണ ജീവിതത്തെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ഇങ്ങനെ ഗ്രാമീണ തൊഴിലും സംസ്ക്കാരവും സമ്പദ് വ്യവസ്ഥയും തകർത്തിട്ടാണ് പരിഹാരമായി MNREGA പോലുയുള്ള തൊഴിൽ പദ്ധതികൾ സർക്കാർ ആരംഭിക്കുന്നത്. ഇതേ സ്ഥിതി തന്നെയാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. പരമ്പരാഗത തൊഴിലവസരങ്ങൾ ഇല്ലാതാക്കിയിട്ട് വൻകിട കോർപ്പറേറ്റുകളെ വളർത്തി, ഗ്രാമീണ ജനതയെ വെറും ഉപഭോക്താക്കളാക്കി മാറ്റിയെന്നതാണ് ആത്യന്തികമായി സംഭവിച്ചത്. തീർച്ചയായും ഗ്രാമങ്ങളിലെ ജാതിവ്യവസ്ഥ തകരേണ്ടതു തന്നെയാണ്. എന്നാൽ തൊഴിലവസരങ്ങൾ അങ്ങനെയല്ല. മുള കൊണ്ടുള്ള കുട്ട നെയ്തു പ്രോത്സാഹിപ്പിച്ചാൽ ജി.ഡി.പി അതിവേഗം വളരുകയില്ലെന്നു ഭരണാധികാരികൾ മനസിലാക്കി. വ്യവസായവൽക്കരണം എന്താണ് ലോകത്തിനു നൽകിയതെന്ന് ഈ വൈകിയ വേളയിൽ എങ്കിലും സ്റ്റേറ്റുകൾ പുനരാലോചിക്കണം. മൂല്യത്തിന് (value) പകരം വയ്ക്കാവുന്നതല്ല വില (price) എന്ന് ഭരണാധികാരികൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഭക്ഷ്യ ഉൽപ്പാദനം ഇന്ന് വ്യാവസായിക അടിസ്ഥാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയായി മാറിയിരിക്കുന്നു. ആയുധ കച്ചവടം പോലെ തന്നെ വൻ ലാഭം ഉണ്ടാക്കുന്ന, രാഷ്ട്രീയ സ്വാധീനമുള്ള വ്യവസായമാണ് ഇന്ന് ഭക്ഷ്യ മാർക്കറ്റ്. ഇതിനെ മറികടക്കാൻ നമുക്കാകുമോ ?

ഉൽപ്പാദനമല്ല പ്രശനം. ഉൽപ്പാദന ചരിത്രത്തിന് ഏതാണ്ട് പതിനായിരം വർഷത്തെ പഴക്കമുണ്ട്. ആർക്കുവേണ്ടി എന്ത് എങ്ങനെ ഉൽപ്പാദിപ്പിക്കുന്നുവെന്നതാണ് പ്രധാനം. വ്യവാസായ പുരോഗതിക്കായുള്ള വ്യാവസായിക ഉൽപ്പാദനം തീർച്ചയായും മനുഷ്യനെ സംരക്ഷിക്കാൻ പോകുന്നില്ല. ഈ ലോകത്തു ഒരു കർഷകൻ രാസവളങ്ങൾ ഒഴിവാക്കി ജൈവ കൃഷി ചെയ്‌താൽ ഭക്ഷ്യ സുരക്ഷ ഉണ്ടാവില്ല. അതുകൊണ്ടാണ് അഗ്രോ ഇക്കോളജിയാണ് വേണ്ടതെന്നു ഞാൻ പറയുന്നത്. അത് നാം നേരത്തെ സംസാരിച്ച വ്യവസ്ഥയുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. അത് ഖനിജ ഇന്ധന അടിസ്ഥാനത്തിലുള്ള സമ്പദ് വ്യവസ്ഥയെ തകർത്തുകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ. യുറോപ്പിൽ നടക്കുന്ന ട്രാൻസിഷൻ ടൗൺ മൂവ്മെന്റ് ഈ ദിശയിലേക്കുള്ള ചുവടുവയ്പ്പാണ്. ഇന്ത്യയിൽ നൂറു കണക്കിന് ആദിവാസി സമൂഹങ്ങളും മറ്റു ഗ്രാമീണ സമൂഹങ്ങളും ഒരു പരിധിവരെ വ്യവസായ വൽക്കരണത്തെ പ്രതിരോധിച്ചത് വ്യക്തികളെന്ന നിലയ്ക്കല്ല, അവർ ഒരു സമൂഹമായിട്ടാണ്. ഒരു കമ്മ്യൂണിറ്റിക്കു മാത്രമേ ഫലപ്രദമായി പ്രധിരോധമുയർത്താൻ കഴിയൂ. ഞങ്ങളുടെ വ്രിഹി വിത്ത് ബാങ്ക് പ്രവർത്തിക്കുന്നത് ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പണം മാധ്യമമാക്കിയല്ല അവിടെ കൈമാറ്റം നടക്കുന്നത്. വിത്തുകൾ ഒരു പൊതു സ്വത്താണ്. അതിനു ഒരു സമൂഹത്തിനു അവകാശമുണ്ട്. അതുപോലെ അറിവിനും. ഞങ്ങൾക്ക് വിദേശത്തുള്ള ഒരു വിദഗ്ധന്റെ ഉപദേശം വേണ്ട ഇവിടെ കൃഷിചെയ്യാൻ. അറിവ് ഇവിടെ സ്വതന്ത്രമായി വിനിമയം ചെയ്യപ്പെടുന്നുണ്ട്. പുറത്തുനിന്നുള്ള ഒന്നും തന്നെ നല്ലതല്ലയെന്നല്ല പറഞ്ഞു വരുന്നത്. നമ്മൾ വിവേകത്തോടെ വേണം അത് സ്വീകരിക്കാൻ. പുറത്തു നിന്ന് വരുന്ന എന്തും നല്ലതാണെന്ന അന്ധവിശ്വാസവും നമ്മൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഭൗതിക പുരോഗതിക്കുവേണ്ടിയുള്ള അത്യാഗ്രഹവും ഇതോടൊപ്പം കൈയ്യൊഴിയേണ്ടിവരും. ഇത് ബോധപൂർവ്വം നടത്തേണ്ട ഒരു രാഷ്ട്രീയ തീരുമാനം കൂടിയാണ്.

ബസുധ സംരക്ഷിക്കുന്ന വിത്തിനങ്ങൾ. കടപ്പാട്: traveleastindia.weebly.com

ഇന്ന് നിലനിൽക്കുന്ന ഒരു വ്യവസ്ഥയ്‌ക്കെതിരാണല്ലോ ജൈവകൃഷി പ്രചാരം നേടുന്നത്. താങ്കൾ പറഞ്ഞ അഗ്രോ ഇക്കോളജിയുടെ തലത്തിലേക്ക് അതിന്ന് എത്തിയിട്ടില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ ഉൽപ്പാദന മേഖലയെ മുഖ്യധാര രീതികളിൽ നിന്നും മോചിപ്പിക്കുന്നത്പോലെ പ്രധാനമല്ലേ ഉൽപ്പന്നങ്ങളുടെ വിപണനവും? മുതലാളിത്ത വ്യവസ്ഥയുടെ രീതിയിലും ഘടനയിലും വിള്ളൽ വരുത്തുന്ന ഒരു വിപണന രീതി കൂടി ജൈവകൃഷി ഏറ്റെടുക്കേണ്ടതല്ലേ?

മുഖ്യധാര (Mainstream) എന്നത് എന്താണെന്നതു തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് ആദ്യം പറയാം. നമ്മൾ അത് തലതിരിച്ചിട്ടാണ് ഉപയോഗിക്കുന്നത്. പുറത്തുനിന്നുള്ള വിഭവങ്ങൾ ഇല്ലാതെ പതിനായിരത്തോളം വർഷം കാർഷിക വ്യവസ്ഥ ലോകത്താകമാനം പുരോഗമിച്ചു വന്നു. അതിനെയാണ് മുഖ്യധാര എന്ന് വിളിക്കേണ്ടത്. ദുർബലമെങ്കിലും അത് ഇപ്പോഴും നാമാവശേഷമായിട്ടില്ല. ഇന്ന് കാണുന്ന വിപണിയധിഷ്ഠിത രീതി വന്നിട്ടധികകാലമായിട്ടില്ല. ഇങ്ങനെ ഹ്രസ്വകാല ചരിത്രം മാത്രമുള്ള ഒന്നിനെയെങ്ങനെയായാണ് മുഖ്യധാരയെന്ന് വിളിക്കുക. ബുദ്ധിജീവികൾ, നയപരമായ തീരുമാനം എടുക്കുന്നവർ, ഔപചാരിക വിദ്യാഭ്യാസം നേടിയവർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഈ കാര്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. അവർ അനന്തമായ ഭൗതിക പുരോഗതിയുടെ പിന്നാലെയാണ്. അല്ലെങ്കിൽ അവർ ഈ യാഥാർഥ്യത്തോട് പുറംതിരിഞ്ഞു നിൽക്കുന്നു. ഇതാണ് ‘ഡിവേലപ്മെന്റാലിറ്റി’. അതിനു വിരുദ്ധമായത് എല്ലാം പിന്നോക്കം, അവികസിതം, അന്ധവിശ്വാസം, തുടങ്ങിയ രീതിയിൽ അവർ വിവരിക്കും. ഇതിനെ ആസ്പദമാക്കി ഞാൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.

പങ്കുവയ്ക്കൽ വിപണിയുടെ ഭാഗമല്ല. സാധനങ്ങൾ എന്തിനെയെങ്കിലും മാനദണ്ഡമാക്കി കൈമാറുന്നതാണ് വിപണി. അദൃശ്യ ശക്തികൾ നിയന്ത്രിക്കുന്ന, ഉൽപ്പാദകർക്കും, അധ്വാനിക്കുന്നവർക്കും യാതൊരു നിയന്ത്രണവുമില്ലാത്ത വിപണിയല്ല നമുക്ക് വേണ്ടത്. അവിടെയെന്ത് നടക്കുന്നു എന്നതിനെപ്പറ്റി എപ്പോഴും അനിശ്ചിതത്വം നിറഞ്ഞു നിൽക്കുന്ന വിപണി സമ്പ്രദായം നമുക്ക് വേണ്ട. ഉൽപ്പനങ്ങളുടെ വില നിശ്ചയിക്കേണ്ടത് ഉൽപ്പാദകനും ഉപഭോക്താക്കളും തമ്മിലുള്ള ധാരണയിൽ ആയിരിക്കണം. വിദൂരങ്ങളിലെ നഗരവാസികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് അവിടെയുള്ളവർ തന്നെയാണ്. തങ്ങൾക്കു ആവശ്യമുള്ള ഉൽപ്പന്നങ്ങൾ തേടിയവർ ഉൽപ്പാദകരെ സമീപിക്കട്ടെ, അല്ലെങ്കിൽ അത് ലഭിക്കാനുള്ള സംവിധാനം അവർ വികസിപ്പിക്കട്ടെ. ആ ഉത്തരവാദിത്തം കർഷകർ ഏറ്റെടുക്കേണ്ടതില്ല. തങ്ങൾ ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള സാഹചര്യം കർഷകർക്ക് ഉണ്ടാവണമെന്ന് മാത്രം. മുതലാളിത്ത വ്യവസ്ഥയുടെ രീതിയിലും ഘടനയിലും വിള്ളൽ വരുത്തുന്ന ഒരു വിപണന രീതി നമുക്ക് ആവശ്യം തന്നെയാണ്.

ബസുധയിലും വ്രിഹിയിലും നടക്കുന്ന പ്രവർത്തങ്ങളെ കുറിച്ച് പറയാമോ ?

1994-ലാണ് നാടൻ നെല്ലിനങ്ങളുടെ ഡോക്യുമെന്റേഷന്റെ അഭാവം കണ്ടെത്തിയതിനെത്തുടർന്ന് നിലനിൽക്കുന്ന നാടൻ ഇനങ്ങൾ ഞാൻ സർവേ ചെയ്യാൻ തുടങ്ങിയത്. 2006-ൽ എന്റെ ഗവേഷണം പൂർത്തിയാക്കിയപ്പോൾ, നേരത്തെ ഉണ്ടായിരുന്നവയുടെ 90% അപ്രത്യക്ഷമായതായി മനസിലായി.1970കൾ വരെ ഇന്ത്യയിൽ ഏകദേശം 1,10,000 വ്യത്യസ്ത നെല്ലിനങ്ങൾ ഉണ്ടായിരുന്നുവെന്ന് കാർഷിക വിദഗ്ധൻ ആർ.എച്ച്. റിച്ചാരിയ പറഞ്ഞിരുന്നു. അക്കാലത്ത്, ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉയർന്ന വിളവ് നൽകുന്ന നെല്ലിനങ്ങൾ നൽകി, പകരം നാടൻ ഇനങ്ങൾ കർഷകരിൽ നിന്നും വാങ്ങിയിരുന്നു. 1993-ൽ ആണ് ബംഗാളിയിൽ “ഭൂമി മാതാവ്” എന്നർത്ഥം വരുന്ന ‘ബസുധ’ ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസിനായുള്ള ഒരു ഫീൽഡ് സ്റ്റേഷനായി തെക്കൻ ഒഡീഷയിലെ രായഗഡ (Rayagada) ജില്ലയിൽ ആരംഭിച്ചത്. കാടുകളാലും കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്ന ബസുധ,1.7 ഏക്കർ ഗവേഷണ കേന്ദ്രം എന്നതിലുപരി ആക്ടിവിസ്റ്റുകൾ, ഗവേഷണ വിദ്യാർത്ഥികൾ, കർഷകർ എന്നിവരെ സ്വാഗതം ചെയ്യുന്ന ഒരു പൊതു ഇടം കൂടിയാണ്. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തുകയാണ് ഞങ്ങൾ ചെയ്യുന്ന വേറൊരു പ്രവർത്തനം. അതോടൊപ്പം ബാഹ്യ ശക്തികളിൽ നിന്നും അകന്നുള്ള കർഷകന്റെ സ്വതന്ത്രമായ നിലനിൽപ്പും ഉറപ്പുവരുത്താൻ ശ്രമിക്കുന്നു.

വിവിധയിനം വിത്തുകൾ. കടപ്പാട്: pkbnews.in

1998 ൽ വ്രിഹി ആരംഭിക്കുന്നത്. അന്ന് 21 നെല്ല് ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 1440 ഇനങ്ങൾ ഈ ബാങ്കിലുണ്ട്. ഏതൊരു കർഷകനും ‍വ്രിഹിയുടെ വിത്ത് ബാങ്കിൽ നിന്നും ആവശ്യമുള്ള നാടൻ നെല്ലിനങ്ങൾ സൗജന്യമായി ലഭിക്കും. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, തായ്‌ലൻഡ്, കൊറിയ, ഫിലിപ്പീൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ഇനങ്ങൾ വ്രിഹിയുടെ ശേഖരത്തിലുണ്ട്. മൂന്ന് തരം അരിയുണ്ടാകുന്ന ട്രിപ്പിൾ-ഗ്രെയിൻ ഇനം, മൂന്ന് മീറ്റർ ആഴത്തിൽ വെള്ളത്തിൽ വളരുന്ന ഒമ്പതിനം നെല്ല്, ഉപ്പു വെള്ളത്തിൽ വളരുന്ന 15 ഇനങ്ങളൊക്കെ ഇവിടെയുണ്ട്. അവയിൽ ചിലത് കടൽ വെള്ളത്തിൽ പോലും വളരും,12 ഇനങ്ങൾക്ക് വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. അവയ്ക്കു പറിച്ചുനട്ടതിനുശേഷം ജലസേചനം ആവശ്യമില്ല, 68 ഇനങ്ങളിൽ ഉയർന്ന ഇരുമ്പിന്റെ അംശം, 30 ഇനങ്ങളിൽ ഉയർന്ന സിങ്ക് എന്നിവ കണ്ടെത്തിയിട്ടുണ്ട് .

ഈ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ മൊൺസാന്റോ പോലുള്ള കുത്തക കമ്പനികളിൽ നിന്നും എപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ടോ?

ഇപ്പോൾ നേരിട്ടുള്ള എതിർപ്പുകളില്ല. 20 വർഷം മുൻപ് വരെ പല രീതിയിൽ അവർ ഞങ്ങളെയില്ലാതാക്കാൻ ശ്രമിച്ചു. ചില വിത്തിനങ്ങൾക്കായി അവർ എന്നെ സമീപിച്ചിരുന്നു. ഞാൻ കൊടുത്തില്ല. പിന്നെ അവർ എന്റെ സഹപ്രവർത്തകരെ പണം കൊടുത്തു സ്വാധീനിക്കാൻ നോക്കി. അതും നടക്കാതെ വന്നപ്പോൾ പല രീതിയിൽ ഭീഷണിപ്പെടുത്താൻ നോക്കി. എന്റെ അമ്മയെ പല തവണ ഫോൺ വിളിച്ചു നിങ്ങളുടെ മകന്റെ ജീവിതം അപകടത്തിലാണെന്നൊക്കെ പറഞ്ഞു പേടിപ്പിക്കാൻ നോക്കിയിരുന്നു. ഒരു ചെടിയിൽ തന്നെ മൂന്നിനം നെല്ലുണ്ടാകുന്ന ഒരു വിത്തിനായി അവർ ഏറെ പരിശ്രമിച്ചു. ലോകത്തിലെ തന്നെ വേറെ ഒരു അപൂർവ്വ ഇനത്തിനായി അവർ 30 ലക്ഷം വരെ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നുണ്ട്. അന്ന് അവർ പോലീസ് ഡിപ്പാർട്മെന്റിനെ ഉപയോഗിച്ചും ഉപദ്രവിക്കാൻ നോക്കി. അവസാനം കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് പറഞ്ഞു മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഞാൻ കത്തെഴുതിയതിനു ശേഷമാണത് അവസാനിച്ചത്.

മൊൺസാന്റോ കമ്പനിക്കെതിരെ കർഷകരുടെ പ്രതിഷേധം കടപ്പാട്: countercurrents.org

ജനറ്റിക് എഞ്ചിനീറിങ്ങിനെക്കുറിച്ച് ആദ്യമായി കിഴക്കൻ ഇന്ത്യയിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് ബംഗാളി ഭാഷയിലായിരുന്നു. അത് അവർക്കു വലിയ ഭീഷണിയായി. പിന്നെ ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ അപകടം പ്രചരിപ്പിച്ചുകൊണ്ടു ഞങ്ങൾ നടത്തിയ വിവിധ പ്രവത്തനങ്ങൾ അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം. കൂടാതെ ഞങ്ങളുടെ പ്രചാരണം മൊൺസാന്റോയുടെ വിത്തുകളുടെയും കീടനാശിനികളുടെയും വില്പന കുറയ്ക്കാൻ ഇടയാക്കിയിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഒരുപാട് വ്യക്തികളുടെയും സംഘടനകളുടെയും പിന്തുണ ലഭിക്കുന്നുണ്ട്. തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് അന്ന് പൊതുജനത്തിന് അറിവുണ്ടായിരുന്നില്ല. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിലും നാടൻ വിത്തുകളുടെ സംരക്ഷണം അത്രയെളുപ്പമുള്ള കാര്യമല്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read