സത്യം പറയാൻ ഭയക്കുന്ന സാക്ഷികൾ

മധു എന്ന ആദിവാസി യുവാവിനെ മോഷ്ടാവെന്ന് മുദ്രകുത്തി ആൾക്കൂട്ടം മർദ്ദിച്ചുകൊന്നിട്ട് നാല് വർഷം പിന്നിടുകയാണ്. കേരളം ഇത്രയേറെ ചർച്ച ചെയ്ത ഒരു കേസിൽ അതിവേഗം അന്വേഷണം പൂർത്തിയായിട്ടും വിചാരണ വല്ലാതെ വൈകി. സാക്ഷികളുടെ കൂട്ട കൂറുമാറ്റത്തിന് അത് കാരണമായിത്തീർന്നു. പ്രതികളുടെ സ്വാധീനശക്തിയും പ്രോസിക്യൂഷന്റെ പിൻമാറ്റവും നിയമന‌‌ട‌പടികളെ പ്രശ്നത്തിലാക്കി. അത്തരം പ്രതിസന്ധികൾക്കിടയിലും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പോരാട്ടം തുടരുകയാണ്. മധു കൊല്ലപ്പെട്ട ശേഷം നീതിക്ക് വേണ്ടി ഇത്രകാലവും നടന്ന ശ്രമങ്ങളും അതിനിടയിലുണ്ടായ തിരിച്ചടികളും അന്വേഷിക്കുന്ന കേരളീയം പരമ്പര. (ഭാ​ഗം -1)

മണ്ണാർക്കാട് നിന്നും മുടിപ്പിൻ വളവുകൾ കയറിയെത്തുന്ന അട്ടപ്പാടി ചുരം അവസാനിക്കുന്നത് മുക്കാലി എന്ന കവലയിലാണ്. സൈലന്റ് വാലി മഴക്കാടുകളിലേക്കും കോയമ്പത്തൂരിലേക്കും വഴി രണ്ടായി തിരിയുന്ന ഒരു ചെറിയ കവല. ആൾത്തിരക്കില്ലാത്ത ബസ് കാത്തിരിപ്പുകേന്ദ്രം, അതിനരികിലായി നിരന്ന് കിടക്കുന്ന മഞ്ഞയും കറുപ്പും നിറങ്ങളുള്ള ഓട്ടോറിക്ഷകൾ, അത്ര വലുതല്ലാത്ത ചില ഹോട്ടലുകൾ, പലവ്യജ്ഞനക്കടകൾ, വനവിഭവങ്ങളുടെ ഒരു ഷോപ്പ്, എ.ടി.എം, ബേക്കറി… കേരളത്തിലെ ഏതൊരു മലയോര ഗ്രാമത്തിലും കാണാവുന്ന പതിവ് പരിസരങ്ങളും ആളനക്കങ്ങളും. പുറമെ ശാന്തമെങ്കിലും മുക്കാലി ഇന്ന് ഒരു തീരാകളങ്കത്തിന്റെ തീ ഉള്ളിൽപ്പേറുന്നുണ്ട്. മാനസിക അസ്വാസ്ഥ്യങ്ങളുള്ള, വിശന്ന് അവശനായ മധു എന്ന ആദിവാസി യുവാവിനെ മോഷ്ടാവെന്ന് മുദ്രകുത്തി ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന സ്ഥലമെന്ന ദുഷ്‌പേര്. 2018 ഫെബ്രുവരി 22ന് മുക്കാലിയിൽ വച്ച് പ്രദേശവാസികളായ ചിലർ നടത്തിയ ആ ‘വീരകൃത്യം’ കേരളത്തിന്റെ ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനാകാത്ത ഒരപമാനമായി നമ്മളെ പിന്തുടരുകയാണ്. നാല് വർഷം കഴിഞ്ഞിട്ടും ആ കൊടും ക്രൂരതയിൽ പങ്കുചേർന്നവർ ശിക്ഷിക്കപ്പെട്ടില്ല എന്നത് നീതികേടിന്റെ ആഴം കൂട്ടുകയാണ്. ‘ഉത്തരേന്ത്യയിൽ മാത്രം നടക്കുന്ന പൈശാചിക സംഭവങ്ങൾ’ കേരളത്തിൽ ഇനി നടക്കില്ല എന്നാണ് മന്ത്രി എ.കെ ബാലനും, മുഖ്യമന്ത്രി പിണറായി വിജയനും അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ആ പൈശാചിക സംഭവത്തിന് കാരണക്കാരായവർ ഇനിയും ശിക്ഷിക്കപ്പെട്ടില്ല എന്നതും വിചാരണ പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടായതും സമൂഹത്തിന് വീണ്ടും നാണക്കേടായിത്തീർന്നു. ഇത്രയധികം ചർച്ച ചെയ്യപ്പെട്ട ഒരു കേസിൽ അതിവേഗം അന്വേഷണം പൂർത്തിയായിട്ടും എന്തുകൊണ്ടാണ് സമയോചിതമായ വിചാരണ നടക്കാതെ പോകുന്നത്? കനിവിന്റെ ഒരു കണികപോലുമില്ലാതെ സാക്ഷികൾ നിരന്തരം കൂറുമാറിക്കൊണ്ടിരിക്കുന്നത് ആരുടെ പ്രേരണയാലാണ്? പന്ത്രണ്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയുടെ നടപടി പ്രതീക്ഷാർഹമായിരുന്നെങ്കിലും ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ വീണ്ടും മധുവിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടങ്ങളെ ചോദ്യത്തിലാക്കുകയാണ്.

മധുവിന്റെ ഊരായ ചിണ്ടക്കിയിലേക്കുള്ള വഴിയിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ്: അരുൺ ശങ്കർ

അജുമുടിയിൽ അലഞ്ഞ മധു

മുഡുഗർ സമുദായ ജനങ്ങൾ താമസിക്കുന്ന ആദിവാസി ഊരായ ചിണ്ടക്കിയിലേക്ക് പോകേണ്ടതും മുക്കാലിയിൽ നിന്നാണ്. സൈലന്റ് വാലി വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, യാത്രാ സൗകര്യങ്ങൾ വല്ലാതെ കുറവുള്ള ഒരു ചെറിയ സെറ്റിൽമെന്റ്. ആ ഊരിലെ മല്ലിയമ്മയുടെയും മല്ലന്റെയും മകനാണ് മധു. മാനസിക അസ്വാസ്ഥ്യങ്ങൾ ആരംഭിച്ച നാൾ മുതൽ കുടുംബവും ഊരും വിട്ട് മല്ലേശ്വരൻ മലയ്ക്ക് സമീപമുള്ള അജുമുടി എന്ന റിസർവ് ഫോറസ്റ്റിനുള്ളിലായിരുന്നു മധുവിന്റെ ജീവിതം. വല്ലപ്പോഴും മാത്രം ഊരുകളിൽ എത്തുകയും തന്റെ പ്രിയപ്പെട്ടവരെ കാണുകയും ചെയ്തിരുന്ന മധു ചിണ്ടക്കിയിലും മുക്കാലിയിലുമുള്ളവർക്കെല്ലാം ചിരപരിചിതനായിരുന്നു.

മധു അലഞ്ഞുനടന്നിരുന്ന അജുമുടി മല, മധുവിന്റെ വീടിന്റെ പശ്ചാത്തലത്തിൽ. ഫോട്ടോ: ആരതി എം.ആർ

ചിണ്ടക്കിയിലെത്തിയ രണ്ടാം ദിവസമാണ് മധുവിന്റെ സുഹൃത്തായ മരുതനെ കണ്ടുമുട്ടുന്നത്. മധുവിന്റെ ബന്ധു കൂടിയായ സിന്ധുവിന്റെ ഭർത്താവാണ് മരുതൻ. ഭവാനിപ്പുഴയിൽ മീൻ പിടിക്കാൻ പോയ മരുതൻ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ രാത്രി എട്ടര കഴിഞ്ഞിരുന്നു. തന്റെ കളിക്കൂട്ടുകാരനായിരുന്ന മധുവിനെക്കുറിച്ച് ഫോറസ്റ്റ് വാച്ചറായ മരുതന് ഒരുപാട് പറയാനുണ്ടായിരുന്നു. “ഒരു ദിവസം രാത്രി മധു വീട്ടിലേക്ക് വന്നു. കൈയിൽ കുങ്കിലം (കുന്തിരിക്കം) ഉണ്ടായിരുന്നു. സൊസൈറ്റിയിൽ കൊടുക്കാനായിട്ടാണ് വന്നത്. പക്ഷേ രാത്രി ആയതുകൊണ്ട് കൊടുക്കാൻ കഴിഞ്ഞില്ല. കുറേനേരം മിണ്ടാതെ നിന്നു. അവസാനം ചോറ് വേണോ എന്ന് ചോദിച്ചപ്പോൾ വേണമെന്ന് പറഞ്ഞു. രണ്ട് പ്ലേറ്റ് ചോറ് ഒറ്റയിരുപ്പിന് കഴിച്ചിട്ട് മുൻവശത്ത് പായ വിരിച്ച് കിടന്നുറങ്ങി. മധു വന്നിട്ടുണ്ടെന്ന് അവരുടെ വീട്ടിൽ രാവിലെ പോയി പറയണമെന്ന് കരുതിയാണ് ഞങ്ങൾ കിടന്നത്. എന്നാലേ അവർക്ക് അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റുള്ളൂ. പക്ഷേ കാലത്ത് നാല് മണിയായപ്പോഴേക്കും മധുവിനെ കാണാതായി. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് ഞങ്ങൾ അവനെ കണ്ടത്.” മധുവിന്റെ രീതികൾ മരുതൻ ഓർമ്മിച്ചു. മാനസികാരോഗ്യം നഷ്ടപ്പെട്ടതിന് ശേഷം മധു ഒരിടത്തും അധികനേരം തങ്ങിയിരുന്നില്ല. അധികം സംസാരിക്കാതെ ആളുകൾ പറയുന്നത് കേട്ട് നിൽക്കുക മാത്രമാണ് ചെയ്തിരുന്നത്. ഒരിക്കൽ മധു താമസിച്ചിരുന്ന കാട്ടിനുള്ളിൽ വെച്ച് മരുതൻ മധുവിനെ കണ്ടത് ഇങ്ങനെ ഓർക്കുന്നു. “അന്നെനിക്ക് ചായ ഇട്ടു തന്നു. ചെറിയ പാത്രങ്ങൾ, വളരെ കുറച്ച് ഭക്ഷണസാധനങ്ങളൊക്കെ ഉണ്ടായിരുന്നു അവിടെ. കുറച്ച് നേരം ഞാൻ അവിടെ സംസാരിച്ചിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്നോട് അവിടുന്ന് പോകാൻ മധു ആവശ്യപ്പെട്ടു. വീട്ടിൽ ഭാര്യ ഒറ്റയ്ക്കായിരിക്കുമെന്നും എന്റെ കൂടെ അധികനേരം ഇരിക്കേണ്ട എന്നും മധു പറഞ്ഞു.”

ചിണ്ടക്കിയിലെ മധുവിന്റെ വീട്. ഫോട്ടോ: അരുൺ ശങ്കർ

വനത്തിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ വിൽക്കാനും വിറ്റ് കിട്ടുന്ന കാശ് കൊണ്ട് അവശ്യ സാധനങ്ങൾ വാങ്ങാനുമാണ് മിക്കപ്പോഴും മധു കാട് വിട്ടിറങ്ങി നാട്ടിലേക്ക് വന്നിരുന്നത്. തികച്ചും വനത്തിനുള്ളിൽ താമസമാക്കിയിരുന്ന മധുവിനെ ആക്രമിക്കാനായി കാട്ടിലേക്ക് കടന്ന പ്രതികളിലൊരാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സെൽഫിയിലൂടെയാണ് പുറംലോകം മധു എന്ന ആദിവാസി യുവാവിനെ കുറിച്ചറിയുന്നത്. കള്ളനെന്ന് ആരോപിച്ച് അതിക്രൂരമായി മർദ്ദിക്കുകയും ഉടുതുണിയഴിച്ച് കൈ രണ്ടും കൂട്ടിക്കെട്ടി വനത്തിൽ നിന്ന് മുക്കാലി കവലയിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ആദ്യമൊക്കെ കള്ളനെ പിടിച്ചേ എന്ന ആഘോഷത്തോടെയാണ് ഷെയർ ചെയ്യപ്പെട്ടത്. തൊണ്ടിയെന്ന് ആൾക്കൂട്ടം പറയുന്ന കുറച്ച് അരിയും മുളകുപൊടിയും അടങ്ങിയ സഞ്ചി അവർ ആവേശത്തോടെ പ്രദർശിപ്പിച്ചു. അക്രമികൾ തന്നെ അറിയിച്ചതിനെ തുർന്ന് അഗളി പൊലീസ് എത്തുകയും അവരുടെ കസ്റ്റഡിയിലിരിക്കെ മധു മരണപ്പെടുകയും ചെയ്തതോടെയാണ് കഥയാകെ മാറുന്നത്.

ചിണ്ടക്കിയിലെ മരുതന്റെ വീട്. ഫോട്ടോ: ആരതി എം.ആർ

കൂറുമാറുന്ന സാക്ഷികൾ

“22.2.2018 തീയതി 14.15 മണിക്ക് അഗളി പോലീസ് സ്‌റ്റേഷനിലെ വിവിധ കളവുകേസിലെ പ്രതിയായ മധു ചിണ്ടക്കി എന്നയാളെ മുക്കാലി ജംങ്ഷനിൽ നാട്ടുകാർ പിടികൂടി വെച്ചിരിക്കുന്ന വിവരം ലഭിച്ചതനുസരിച്ച് ടിയാളെ മുക്കാലിയിൽ നിന്നും ഡിപ്പാർട്‌മെന്റ് ജീപ്പിൽ 15.30 മണിക്ക് കൂട്ടിക്കൊണ്ടുവരുന്ന സമയം, താവളം ജങ്ഷനിൽ വച്ച് ഛർദ്ദിച്ച് അവശനാവുകയും സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി മെഡിക്കൽ പരിശോധനയ്ക്കായി അഗളി സി.എച്ച്.സിയിൽ എത്തിച്ച് ഡോക്ടർ പരിശോധിച്ച് ടിയാൻ മരണപ്പെട്ടതായി പറഞ്ഞു.” മധു കൊല്ലപ്പെട്ടതിനെ തുടർന്ന് അഗളി പോലീസ് സ്‌റ്റേഷനിൽ തയാറാക്കിയ എഫ്‌.ഐ.ആർ റിപ്പോർട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്.

അജുമുടിയിൽ നിന്നും മധുവിനെ മുക്കാലിയിലേക്ക് എത്തിക്കുന്നതുവരെ അക്രമികൾ തന്നെ അവരുടെ ഫോണുകളിൽ റിക്കോർഡ് ചെയ്ത വീഡിയോകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിലാണ് കേസിലെ 16 പ്രതികളെ പോലീസ് കണ്ടെത്തിയത്. മുക്കാലി കവലയിലുള്ള കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് 122 സാക്ഷികളെയും തിരിച്ചറിയുകയായിരുന്നു. എന്നാൽ കേസ് വിസ്താരം തുടങ്ങി 26 സാക്ഷികളെ വിസ്തരിച്ചു കഴിയുമ്പോഴേക്കും ആകെ രണ്ട് സാക്ഷികൾ മാത്രമാണ് പ്രൊസിക്യൂഷന് അനുകൂലമായി മൊഴി പറഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവരുടെ കൂട്ടക്കൂറു മാറ്റത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് പോകുമ്പോൾ എത്തിച്ചേരുന്നത് മുക്കാലി എന്ന പ്രദേശത്തെ ആദിവാസി ഇതരരായ പ്രബല സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാധീനങ്ങളുടെ പിന്നാമ്പുറങ്ങളിലാണ്. ആ സ്വാധീനശക്തിയും അധികാരവും പണവും ഉപയോ​ഗിച്ച് വിചാരണാ നടപടികളെപ്പോലും അട്ടിമറിക്കാൻ അവർക്ക് കഴിയുന്നു.

മർദ്ദിച്ച് അവശനാക്കിയ ശേഷം മധുവിനെ അക്രമികൾ കൊണ്ടുവന്ന് ഇരുത്തുന്നത് മുക്കാലി കവലയിലെ ഈ ഭണ്ഡാരത്തിന് അടുത്താണ്. ഫോട്ടോ: അരുൺ ശങ്കർ

മുക്കാലി കവലയുടെ ഒത്ത നടുക്കുള്ള ഒരു ഭണ്ഡാരത്തിന് അടുത്താണ് മർദ്ദിച്ച് അവശനാക്കിയ മധുവിനെ ആക്രമികൾ കൊണ്ടുവന്ന് ഇരുത്തുന്നത്. അതിനടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡും ശ്രീരാ​ഗ് ബേക്കറിയുമെല്ലാം നിരന്തരം ആളുകൾ വന്ന് പോകുന്ന ഇടമാണ്. അത്തരത്തിൽ ആളുകളുടെ നിരന്തര സാന്നിധ്യം ലഭ്യമായ ദൃശ്യങ്ങളിൽ വ്യക്തവുമാണ്. കൺമുന്നിൽ ഒരു കൊടും അനീതി നേരിൽക്കണ്ട സാക്ഷികൾ എന്തുകൊണ്ട് കോ‌ടതിയിൽ എത്തുമ്പോൾ കൂറുമാറുന്നു എന്നത് അത്യപൂർവ്വവും ​ഗുരുതരവുമായ ഒരു സംഭവമാണ്. “കാട്ടിനുളളിൽ നടന്ന സംഭവങ്ങൾക്കാണ് വീഡിയോ തെളിവുകളില്ലാത്തത്. ആകെ ഫോറസ്റ്റ് വാച്ചർമാരാണ് അവിടെ നടന്ന സംഭവങ്ങൾക്ക് സാക്ഷികളായി ഉള്ളതും. എന്നിട്ടും അവർ കൂറുമാറി. സർക്കാർ ജോലിക്കാരെന്ന നിലയ്ക്ക് ജോലിക്കിടയിൽ കണ്ട കാര്യങ്ങൾ സത്യസന്ധമായി കോടതിയിൽ പറയാൻ അവർ ബാധ്യസ്ഥരാണ്.” ഫോറസ്റ്റ് വാച്ചർമാർ പോലും മൊഴിയിൽ ഉറച്ചുനിൽക്കാത്തതിനെക്കുറിച്ച് മധു വധക്കേസിലെ ഇപ്പോഴത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ രാജേഷ് എം.മേനോൻ ആശങ്കയോടെ പറഞ്ഞു.

മധു കൊല്ലപ്പെട്ടതിനെ തുടർന്ന് കേരളമൊട്ടാകെയുണ്ടായ ജനരോഷം മധുവിന്റെ കേസ് മുന്നോട്ട് പോകുന്നതിൽ സഹായിച്ചുവെന്ന് കാണാം. അഗളി പോലീസ് ആദ്യം 87/18 ക്രൈം നമ്പറിൽ സി.ആർ.പി.സി 174 വകുപ്പ് അനുസരിച്ച് അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. എന്നാൽ നാല് ദിവസങ്ങൾക്ക് ശേഷം കേസിൽ 16 പ്രതികളെ ഉൾപ്പെടുത്തി എഫ്‌.ഐ.ആറിൽ മാറ്റം വരുത്തി 143,147,148 &323, 325, 364, 365, 367, 368, 302, r/w 149 ഐ.പി.സി & എസ്.സി.എസ്.ടി.പി.ഒ.എ ആക്ട് 3(1),(d)(r)3(2) തുടങ്ങിയ സെഷനുകൾ ചേർക്കുകയുമായിരുന്നു. മധു കൊല്ലപ്പെട്ട് 90 ദിവസങ്ങൾക്കുള്ളിൽ തന്നെ അഗളി പോലീസ് കുറ്റപ്പത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ മണ്ണാർക്കാട് എസ്.സി എസ്.ടി സ്‌പെഷ്യൽ കോടതിയിൽ പ്രതികൾ ജാമ്യത്തിനായി അപേക്ഷിച്ചു. എന്നാൽ എസ്.സി എസ്.ടി സ്‌പെഷ്യൽ കോടതി ജാമ്യം അനുവദിച്ചില്ല. തുടർന്ന് അപ്പീൽ എന്ന നിലയ്ക്ക് കേരള ഹൈക്കോടതിയിൽ പ്രതികൾ ജാമ്യാപേക്ഷ വച്ചു. 2018 മെയ് 30തിന് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം നൽകി. അതായത് മധു മരിച്ച് 98ാമത്തെ ദിവസം പ്രതികൾക്ക് ജാമ്യം ലഭിച്ചു. “ഹൈക്കോടതികളുടെയും സുപ്രീം കോടതികളുടെയുമൊക്കെ നിലപാട് ജാമ്യത്തിന് അപ്പീൽ നിലനിൽക്കില്ല എന്നാണ്. അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ പ്രതികൾക്ക് ജാമ്യം നൽകിയെന്നത് ദുരൂഹമാണ്. കൂടാതെ, ജാമ്യവ്യവസ്ഥകളിൽ പിൽക്കാലത്ത് ഇളവുകൾ ഉണ്ടാവുകയും ചെയ്തു.” അഡ്വ. രാജേഷ് മേനോൻ അഭിപ്രായപ്പെടുന്നു. പ്രതികൾ ആരും മണ്ണാർക്കാട് താലൂക്കിനുള്ളിൽ പ്രവേശിക്കരുതെന്നും അങ്ങനെ പ്രവേശിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നുമായിരുന്നു ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥകൾ. എന്നാൽ 2018 ഒക്ടോബറിൽ ഈ വ്യവസ്ഥകൾക്കും ഇളവുണ്ടായി. ഏറെ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നിട്ടും ഒരു പ്രത്യേക പ്രോസിക്യൂട്ടറെ വയ്ക്കാൻ തുടക്കത്തിൽ സർക്കാർ തയ്യാറായിരുന്നില്ല. സമ്മർദ്ദങ്ങളെ തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ. പി ​ഗോപിനാഥ് ഒഴിവായിപ്പോവുകയും പിന്നീട് 2019ൽ ചുമതലയേറ്റ അഡ്വ. വി.ടി രഘുനാഥ് കോടതിയിൽ തു‌ടർച്ചയായി ഹാ​ജരാകാതിരിക്കുകയും ചെയ്തു. ഒടുവിൽ കോടതിയ്ക്ക് തന്നെ പ്രോസിക്യൂട്ടർ എവിടെ എന്ന് ചോദിക്കേണ്ട സാഹചര്യം ഉണ്ടായി. തുടർന്ന് അഡ്വ. സി രാജേന്ദ്രൻ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടെങ്കിലും വാദം ഫലപ്രദമല്ല എന്ന് മധുവിന്റെ കുടുംബം സർക്കാരിൽ പരാതി നൽകിയതോടെ സി രാജേന്ദ്രൻ രാജിവച്ചു. തുടർന്നാണ് നാലാമത്തെ പ്രോസിക്യൂട്ടറായി രാജേഷ് എം. മേനോൻ നിയമിതനാകുന്നത്. വിചാരണ വൈകുന്നതിനും വാദം ദുർബലമാകുന്നതിനും പ്രോസിക്യൂട്ടറുടെ കാര്യത്തിലുണ്ടായ ഈ തുടർച്ചയായ മാറ്റം കാരണമായിത്തീർന്നു. നാല് വർഷമാണ് ഇതിനിടയിൽ കടന്നുപോയത്. നാല് നിർണ്ണായക വർഷങ്ങൾ!

ഭീഷണികളും ഗൂഢാലോചന സിദ്ധാന്തവും

നാല് വർഷമെന്ന വലിയ കാലയളവ് അവസരോചിതമായി ഉപയോഗിക്കുകയായിരുന്നു പ്രതികൾ ചെയ്തത്. സാമ്പത്തികമായും സാമൂഹികമായും പിന്നിൽ നിൽക്കുന്ന മുക്കാലിയിലെ ആദിവാസി സമൂഹത്തെ അവർ പണം കൊണ്ടും ‘സഹായങ്ങൾ’ കൊണ്ടും കൈയിലെടുത്തു എന്നതിന് തെളിവായിരുന്നു പിന്നീടുണ്ടായ കൂറുമാറ്റങ്ങളുടെ പരമ്പര. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി, കള്ളക്കഥകൾ മെനഞ്ഞു. കേസ് വിസ്താരം ആരംഭിക്കുമ്പോഴേക്കും സാക്ഷികൾ പ്രതികളുടെ ആളുകളായി മാറിക്കഴിഞ്ഞിരുന്നു.

ഭൂതയാറിലുള്ള ഒരു മരണവീട്ടിൽ വെച്ചാണ് നഞ്ചി എന്ന ആദിവാസി സ്ത്രീയെ കാണുന്നത്. അംഗൻവാടി ഹെൽപ്പറായിരുന്ന അവർ മധു കൊല്ലപ്പെടുന്ന ദിവസം ഭർത്താവുമൊത്ത് ശമ്പളം വാങ്ങാൻ പോയിവരുമ്പോൾ മുക്കാലിയിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയിരുന്നു. “ആൾക്കൂട്ടം കണ്ടിട്ട് എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന മുക്കാലി ഊര് മൂപ്പൻ കള്ളനെ പിടിച്ചതാണെന്ന് പറയുന്നത്. ചിണ്ടക്കിയിലുള്ള ആളാണോ അതോ തുട്ക്കിയിലുള്ള ആളാണോ എന്ന് നോക്കാനായി പോയപ്പോഴാണ് നമ്മുടെ മകൻ മധുവാണെന്ന് അറിയുന്നത്. എനിക്ക് വിഷമമായി. ഇപ്പോൾ എ.ടി.എം ഇരിക്കുന്ന ആ സ്ഥലത്ത് നിന്ന് എന്തിന് ഇങ്ങനെ ചെയ്യുന്നെന്ന് ചോദിച്ച് ഞാൻ കരഞ്ഞു വിളിച്ചു. എന്തിന് ആദിവാസി കുട്ടികളെ ഇങ്ങനെ തല്ലുന്നുവെന്ന് ചോദിച്ച് ഞാൻ അവരെയൊക്കെ ചീത്ത പറഞ്ഞു. ആ ആൾക്കൂട്ടത്തിന് ചുറ്റും ഞാൻ ഓടിനടന്നു. എല്ലാവരും നോക്കി നിൽക്കുവായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവിടേക്ക് പോലീസ് ജീപ്പ് വന്നു. അവർ അവനെ കൂട്ടിയിട്ട് പോയി. കുറച്ച് നേരം കഴിഞ്ഞതും മധു മരിച്ചുവെന്നാണറിഞ്ഞത്. ഇപ്പോഴും ഞാൻ അത് ആലോചിച്ച് കരയാറുണ്ട്. അവനെന്റെ മകനെ പോലെയായിരുന്നു.”

നഞ്ചി, ഭൂതയാറിർ വച്ച് കണ്ടപ്പോൾ : ആരതി എം.ആർ

തുട്ക്കി എന്ന ആദിവാസി ഊരിലെ അന്തേവാസിയായ നഞ്ചിയുടെ സാന്നിധ്യം ശ്രീരാ​ഗ് ബേക്കറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. മധുവിനെ കൊണ്ടിരുത്തിയ ഭണ്ഡാരത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടി നിൽക്കുമ്പോൾ അവിടെ കുറച്ചെങ്കിലും പ്രതിഷേധം വ്യക്തമാക്കിയത് നഞ്ചിയാണ്. പക്ഷെ അവരെ കേസിൽ സാക്ഷിയാക്കിയിട്ടില്ല. സാക്ഷിയാകാൻ നഞ്ചിക്ക് ഭയവുമുണ്ടായിരുന്നു. കേസിൽ സാക്ഷിയായാൽ കണ്ടതെല്ലാം കോടതിയിൽ പറയാമല്ലോ എന്ന് ചോദിക്കുമ്പോൾ സാക്ഷിയാകില്ല എന്ന് തീർത്ത് പറയുകയാണ് നഞ്ചി. “ഞാനിവിടെ ഇനിയും ജീവിക്കണ്ടേ” എന്ന പറയുമ്പോൾ കണ്ണുകളിൽ പേടി കലർന്നിരുന്നു. ഇത് നഞ്ചിയുടെ മാത്രം ഭയമല്ല. അന്ന് അവിടെ കൂടിനിന്ന ആദിവാസികളിൽ പലർക്കും ഈ ഭയമുണ്ട്. അതുകൊണ്ടുതന്നെ മധുവിന്റെ വിഷയത്തിൽ ഒന്നും സംസാരിക്കാൻ ആരും തയ്യാറല്ലായിരുന്നു. മധുവിനെ അറിയില്ലെന്ന് കോടതിയിൽ പറഞ്ഞ സാക്ഷി ഫോറസ്റ്റ് വാച്ചർ അനിൽകുമാർ മധുവിന്റെ ബന്ധു കൂടിയാണെന്ന വിവരം മാത്രം മതി പ്രതികൾ മുക്കാലിയിൽ ചെലുത്തിയ സ്വാധീനത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ.

മുക്കാലി കവലയും ശ്രീരാ​ഗ് ബേക്കറിയും. ഫോട്ടോ: അരുൺ ശങ്കർ

വലിയ സാമ്പത്തികശേഷിയുള്ള അട്ടപ്പാടിയിലെ വള്ളിയമ്മാൾ ഗുരുകുലം എന്ന സ്വകാര്യ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിലെ അബ്ബാസ് എന്ന വ്യക്തി മധുവിന്റെ അമ്മയായ മല്ലിയമ്മയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മധു വധക്കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അബ്ബാസും സംഘവും മല്ലിയമ്മയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. “പെട്ടെന്ന് ഒരു ദിവസം അബ്ബാസ് വീട്ടിലേക്ക് വന്നു. മധുവിന്റെ കേസ് പിൻവലിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം.” മല്ലിയമ്മ ഓർത്തു. “ഇതിനു മുമ്പും ഇവിടെ ആദിവാസികൾ മരണപ്പെട്ടിട്ടുണ്ടല്ലോ. പിന്നെ നിന്റെ മകന് മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നാണ് അയാൾ ചോദിച്ചത്. പിന്നീട് നാൽപ്പത്തിയഞ്ച് ലക്ഷം രൂപ മുടക്കി വീട് പണിത് തരാമെന്നും കല്യാണം കഴിച്ച് സുഖമായി ജീവിക്കാൻ പാടില്ലേ എന്നും അയാൾ ചോദിച്ചു.” ഈ വിവരം മാധ്യമങ്ങളോട് മല്ലിയമ്മ പറഞ്ഞതുകൊണ്ട് 2022 ആഗസ്റ്റ് 5ന് അപകീർത്തി കേസ് നൽകിയിരിക്കുകയാണ് വള്ളിയമ്മാൾ ഗുരുകുലം. മൂന്ന് കോടി രൂപയാണ് നഷ്ടപരിഹാരമായി ഇവർ മല്ലിയമ്മയിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തലിനെതിരെ മല്ലിയമ്മ കേസ് കൊടുത്തതോടെ ഒന്നാം പ്രതി അബ്ബാസ് ഒളിവിൽ പോയി. കേസ് അന്വേഷണത്തിന്റെ ഭാഗമായി അ​​ഗളി പൊലിസ് നടത്തിയ റെയ്ഡിൽ ചികിത്സാകേന്ദ്രത്തിൽനിന്ന് കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.

മൂന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വള്ളിയമ്മാൾ ​ഗുരുകുലം നൽകിയ വക്കീൽ നോട്ടീസ്

മധു പൊലീസ് കസ്റ്റഡിയിലിരുന്നാണ് മരിച്ചതെന്നാണ് പ്രതികളും കൂട്ടാളികളും പറഞ്ഞു പരത്തുന്ന പ്രധാന വാദം. ഈ വാദത്തിന് ആളുകളെ ഏറെക്കുറെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്. മുക്കാലിയിലെ ആദിവാസി ഇതര സമൂഹങ്ങൾ ഈ വാദം വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. മുക്കാലിയിൽ നിന്ന് പൊലീസ് കൂട്ടിക്കൊണ്ടുപോകുമ്പോൾ മധുവിന് ജീവൻ ഉണ്ടായിരുന്നുവെന്നും, അഗളിയിലെ സി.എച്ച്‌.സി ആശുപത്രിലേക്കുള്ള യാത്രാമദ്ധ്യേ പൊലീസ് മധുവിനെ ഉപദ്രവിച്ചതുകൊണ്ടാണ് മധു മരണപ്പെട്ടതെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ ഇതിന് വേണ്ട തെളിവുകളൊന്നും ആരുടെയും കൈവശമില്ല. ശരീരമാസകലം മർദ്ദനമേറ്റ മധു ആന്തരിക രക്തസ്രാവം മൂലമാണ് മരണപ്പെട്ടതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ല് തകരുകയും തലയ്ക്ക് ശക്തമായ ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. തുട, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിൽ കഠിന മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ഒട്ടേറെ പേർ ചേർന്ന് നടത്തിയ മർദ്ദനത്തിന്റെ സൂചനകളാണ് ശരീരത്തിലുണ്ടായിരുന്നതെന്നും റിപ്പോർട്ട് പറയുന്നു. “ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമെന്ന് ഭയന്നിട്ട് തന്നെയാകണം മധുവിനെ കൊണ്ടുവന്ന പൊലീസ് ഓഫീസർ ഛർദ്ദിച്ച് അവശനായ മധുവിനെ നേരെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരാതെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പക്ഷെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മധുവിന് മരണം സംഭവിക്കുകയായിരുന്നു.” അഗളി പൊലീസ് ഡി.വൈ.എസ്.പിയും കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനും ആയിരുന്ന എൻ മുരളീധരൻ പറയുന്നു.

കോടതിയെ ഭീഷണിപ്പെടുത്തുന്ന പ്രതിഭാ​ഗം

സാക്ഷികളുടെ കൂട്ടക്കൂറു മാറ്റം തുടർക്കഥയാകുമ്പോഴാണ് പ്രോസിക്യൂഷൻ 12 പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്. ഇതിനായി പ്രതികൾ സാക്ഷികളെ ബന്ധപ്പെട്ടതിന്റെ ഫോൺരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. തുടർന്ന് 2022 ആഗസ്റ്റ് 20ന് 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് എസ്.സി. എസ്ടി കോടതി റദ്ദാക്കി. എന്നാൽ വിചിത്രമായ ചില സംഭവവികാസങ്ങൾ കൂടി കോടതിയിൽ നടന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജഡ്ജിയുടെ ഫോട്ടോയുൾപ്പെടെ മോശം വാർത്തകൾ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് താക്കീത് ചെയ്‌തെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ കോടതി പറഞ്ഞു. കേസിലെ 3,6,8,12 പ്രതികളുടെ അഭിഭാഷകനാണ് കോടതിയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ഭീഷണിപ്പെടുത്തിയതായി പറയുന്ന ഉത്തരവിലെ ഭാ​ഗം.

പ്രതികളുടെ ജാമ്യം റ​ദ്ദാക്കിയ മണ്ണാർക്കാട് പ്രത്യേക കോടതിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ലഭിച്ചത് അപലപനീയമായ നീക്കമായിമാറി. ഒരു ആദിവാസി കുടുംബത്തിന്റെ സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥകൾ ഉന്നത നീതിപീഠത്തിന് പോലും മനസ്സിലാക്കാൻ കഴിയാതെ പോകുന്നു എന്നത് കേസിൽ വീണ്ടും തിരിച്ചടിയായി മാറുന്നു. 90 ദിവസത്തിനുള്ളിൽ തന്നെ ജാമ്യം നിഷേധിച്ച് ട്രയൽ നടത്തിയിരുന്നെങ്കിൽ ഇത്തരത്തിലൊരു കൂട്ടകൂറുമാറ്റം സംഭവിക്കില്ലായിരുന്നുവെന്ന് അഡ്വ.രാജേഷ് മേനോൻ അഭിപ്രായപ്പെടുന്നുണ്ട്. “വെല്ലുവിളിയായി തന്നെയാണ് കേസ് ഏറ്റെടുത്തത്. ഒരാൾ പോലും അനുകൂല സാക്ഷി പറയുമെന്ന് വിചാരിച്ചതല്ല. പക്ഷെ രണ്ട് പേർ അനുകൂലമായി മൊഴി നൽകി. സി.സി.ടി.വി ഫൂട്ടേജുമായി അവരുടെ മൊഴികൾ ഒത്ത് പോകുന്നുമുണ്ട്. ഒരു സംഭവം പത്ത് പേർ പറഞ്ഞാലേ ശിക്ഷിക്കൂ എന്ന് എവിടെയുമില്ല. റിലൈബിൾ ആയുള്ള ഒരാൾ സാക്ഷി പറഞ്ഞാലും കോടതി അത് അംഗീകരിക്കും. ഇന്ത്യയിൽ നടന്ന ഒരു കേസിലും എല്ലാ സാക്ഷികളും പ്രൊസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞിട്ടുണ്ടാകില്ല. ടി.പി വധക്കേസിൽ 54 ഓളം സാക്ഷികളാണ് കൂറുമാറിയത്. അതുകൊണ്ട് ടി.പി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടില്ലല്ലോ.” അഡ്വ.രാജേഷ് മേനോൻ ചോദിക്കുന്നു. കൂറുമാറുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഈ കേസിന്റെ വിധിയോടു കൂടി പ്രോസിക്യൂഷൻ അത് ഉറപ്പായും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

(തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 25, 2022 10:09 am