വേണം വികേന്ദ്രീകൃത ദുരന്ത ലഘൂകരണം

കേരള ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത വ്യാപ്തിയും ആഘാതവും ആണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഉണ്ടായിരിക്കുന്നത്. അതോടൊപ്പം കോഴിക്കോട് വിലങ്ങാട് ഉണ്ടായ വലിയ ദുരന്തത്തിൽ ഒരു മനുഷ്യജീവൻ നഷ്ടമായപ്പോൾ വയനാട് ഒരുപാട് മനുഷ്യർക്ക് ജീവഹാനി ഉണ്ടായിരിക്കുന്നു. കേരളത്തിൽ പതിവായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം പങ്കുവയ്ക്കാമോ?

1924 ലെ വലിയ വെള്ളപ്പൊക്കത്തിനുശേഷം 2018 ലാണ് സമാനരീതിയിൽ ഒരു ദുരന്തം ഉണ്ടാവുന്നത്. കൊളോണിയൽ ഭരണകൂടത്തെ സംബന്ധിച്ചു ഒരു ദുരന്തത്തെ തുടർന്നുള്ള മരണ നിരക്ക് അന്ന് ഒരു പ്രശ്നമായിരുന്നില്ല. അതുകൊണ്ടു ദുരന്ത നിവാരണം ഒരു വലിയ കാര്യം ആയിരുന്നില്ല. 2004 ലാണ് സുനാമി ഉണ്ടായത്. 2017 ൽ ഓഖി ദുരന്തത്തെത്തുടർന്ന് 2018 ൽ വലിയ പ്രളയം, 2019 ൽ കവളപ്പാറയിലും പുത്തുമലയിലും, 2020 ൽ പെട്ടിമുടിയിലും വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായി. 2022ൽ അതിതീവ്ര മഴയുണ്ടാവുന്നു. ഇതൊക്കെ കാണിക്കുന്നത് ദുരന്തം സംഭവിക്കുന്ന ഇടവേളകളുടെ ദൈർഘ്യം കുറഞ്ഞു വരുന്നു എന്നാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഒരു ദുരന്തത്തിൽ നിന്നും ഒരു സമൂഹം പൂർവ്വസ്ഥിതിയിലേക്കു തിരിച്ചു വരാൻ 5 മുതൽ 7 വർഷം വരെ എടുക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. 2018 ലെ ദുരന്തത്തെ തുടർന്നുള്ള പുനരധിവാസം ഇപ്പോഴും പൂർണ്ണമായിട്ടില്ല എന്ന് കാണാം. അതോടൊപ്പം ഒരു ദുരന്തത്തെ നേരിടാനോ അതിനു തയ്യാറെടുക്കുന്നതിനോ അധിക സമയം കിട്ടുന്നില്ല എന്നതാണ് വസ്തുത. ഇത്തരം സംസ്ഥാനങ്ങളിൽ സാമ്പത്തിക വളർച്ച, ഉൽപ്പാദന നിരക്ക്, നികുതി ഘടന, മൂലധന നിക്ഷേപം എന്നിവയിൽ പ്രതിസന്ധി നിലനിൽക്കുന്നതായി കാണാം. അതുകൊണ്ടു ദുരന്തത്തോട് കേവലം വൈകാരിക സമീപനം മാത്രം പോരാ എന്നർത്ഥം. ഭൂവിനിയോഗം, സാമ്പത്തിക നയങ്ങൾ, പ്ലാനിങ് തുടങ്ങിയവയിൽ കേരളം മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. ആ മാറ്റങ്ങളോടെ ആയിരിക്കും യഥാർത്ഥ വികസനത്തിന്റെ കേരള മോഡൽ ഉണ്ടാവുക. സാധാരണഗതിയിൽ കേരളം പോലെ വികസന സൂചികകളിൽ മുന്നോക്കം നിൽക്കുന്ന ഒരു സ്ഥലത്തു ദുരന്ത ഫലമായി ഇത്രയും നഷ്ടങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. ഇത് നമ്മൾ ആഘോഷിക്കുന്ന കേരളത്തിന്റെ വികസന മാതൃകയുടെ പൊള്ളത്തരങ്ങൾ വെളിവാക്കുന്നതാണ്.

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന വീട്. കടപ്പാട്: thehindu.com

ആരെയാണ് ഈ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു എന്നതും പ്രധാനമാണ്. പെട്ടിമുടിയിൽ മരണപ്പെട്ട ജനങ്ങളുടെ സാമ്പത്തിക ആസ്തി 7 ലക്ഷത്തിനു താഴെയെന്നാണ് കണക്കാക്കുന്നത്. പലപ്പോഴും ദുരന്തങ്ങളുടെ ഇരകൾ ഇതുപോലെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ ആണെന്നും കാണാം. ഇപ്പോൾ വയനാട് ഉണ്ടായിരിക്കുന്നത് പല കാലങ്ങളായുള്ള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക നയങ്ങളുടെ മൊത്തം പ്രഭാവം (cumulative effect ) ആണ്. രക്ഷാപ്രവർത്തനത്തിന് ശേഷം കേരളം സമൂഹം ആലോചിക്കേണ്ടത് ഇതിനെക്കുറിച്ചാണ്. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം തുടർന്നുള്ള പ്രവർത്തനങ്ങൾ.

പ്രകൃതി ദുരന്തങ്ങളെ പൂർണ്ണമായും ഒഴിവാക്കാൻ നമുക്ക് കഴിയില്ലെങ്കിലും ദുരന്ത ലഘൂകരണം (Mitigation ) മനുഷ്യ സാധ്യമായത് ആണല്ലോ. ദുരന്ത ലഘൂകരണത്തിന്റെ സാധ്യതകളെക്കുറിച്ചു പറയാമോ?

അക്കാഡമിക് ആയി Disaster Risk Reduction (DRR ) എന്നാണിതിനെ പറയുക. Mitigation എന്നത് ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഭാഷയാണ്. ഫലത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ ദുരന്ത ലഘൂകരണം എന്നത് ഉദ്യോഗസ്ഥവൃന്ദത്തിന്റെ പ്രോഗ്രാം ആണ്. അതുകൊണ്ടുതന്നെ ദുരന്ത ലഘൂകരണത്തിനു പ്രത്യേക ഫണ്ട് ഉണ്ടെങ്കിലും നിലനിൽക്കുന്ന വികസന പദ്ധതികളിൽ നിന്ന് വേറിട്ട ഒരു പദ്ധതി ആയിട്ടല്ല അതിനെ കാണുന്നത്. മാത്രവുമല്ല മൂലധന സമാഹരണവും (capital accumulation) ദുരന്ത ലഘൂകരണവും ഒരുമിച്ചു നടക്കില്ല. അക്കാഡമിക് ആയി ദുരന്ത ലഘൂകരണത്തെ കാർബൺ ബഹിർഗമനത്തിലെ കുറവ്, തൊഴിൽ സംരക്ഷണം, ശരിയായ ഭൂവിനിയോഗം എന്നൊക്കെ പറയുമെങ്കിലും ഇന്ത്യയിൽ അതിനെ നിർവ്വചിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അടിസ്ഥാനപരമായി വികസനത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് തന്നെയാണ് അതിനെയും കാണുന്നത് എന്നതാണ് യാഥാർഥ്യം. യഥാർത്ഥത്തിൽ അത് മൂലധന കേന്ദ്രീകൃത പദ്ധതിയല്ല. അത് സാമ്പത്തിക വളർച്ചയ്‌ക്കോ ലാഭത്തിനോ വേണ്ടിയുള്ളതല്ല, മറിച്ച് ദുരന്തത്തിന്റെ ആഘാതം കുറച്ചു കൊണ്ട് പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കി മനുഷ്യ ജീവിതം നിലനിർത്താൻ വേണ്ടിയുള്ളതാണ്. അത് സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സംസ്ഥാനം രൂപപ്പെടുത്തിയെടുക്കേണ്ട പദ്ധതി ആണ് അല്ലാതെ നിലവിലുള്ള വികസന പദ്ധതികളുടെ തുടർച്ച (Extension) അല്ല. ഉദാഹരണത്തിന് കടൽ ഭിത്തി നിർമ്മാണം ശാസ്ത്രീയമോ ദുരന്ത ലഘൂകരണമോ അല്ല. നമുക്ക് ദുരന്ത ലഘൂകരണത്തിനു ഒരു മാതൃക കേരളത്തിൽ ഇല്ല എന്നതാണ് വാസ്തവം. ഫിനാൻഷ്യൽ ക്യാപിറ്റലിന്റെ വലിയ സ്വാധീനം ആണ് അതിനു കാരണം. പലപ്പോഴും ദുരന്ത ലഘൂകരണ ഫണ്ട് എവിടെ എങ്ങനെ ചെലവഴിക്കണം എന്നറിയാതെ നഷ്ടപ്പെടുന്നതായും (lapse) കാണാം.

ഡോ. എസ് മുഹമ്മദ് ഇർഷാദ്

2018-ലെ പ്രളയത്തിന് ശേഷം കേരളം നിരവധി പഠനങ്ങൾ നടത്തുകയും പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തതായി കാണാം. പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് പോലെയുള്ള വിലയിരുത്തലുകൾ കേരളം നടത്തിയിട്ടുണ്ട്, കിലയുടെ Local action plan on Climate Change, നമ്മൾ നമുക്കായി, റൂം ഫോർ റിവർ, പോലുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്, ഒരുപാട് ഫണ്ട് ഇത്തരം പദ്ധതികൾക്കായി ചിലവഴിച്ചിട്ടുണ്ട്. എന്നാൽ കെ.പി.എം.ജി പോലുള്ള അന്താരഷ്ട്ര ഏജൻസികളുടെ സഹായത്തോടെ Rebuild Kerala എന്ന ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് പ്രോഗ്രാമിലേക്കാണ് കേരളം അവസാനം എത്തിച്ചേരുന്നത്. ഇനിയും ഇതേ രീതി അനുവർത്തിച്ചാൽ ദുരന്ത ലഘൂകരണം നടക്കാൻ സാധ്യത ഇല്ല എന്നാണോ താങ്കൾ പറയുന്നത്?

അങ്ങനെത്തന്നെയാണ് സംഭവിക്കുക. കേരളത്തിൽ ലോക ബാങ്കിന്റെ സഹായത്തോടെ Resilient Kerala Initiative എന്ന ഒരു പദ്ധതി ഉണ്ട്. അതിന്റെ പുരോഗതി പരിശോധിച്ച ശേഷമേ പറയാൻ കഴിയുള്ളൂ. എന്തായാലും കേരളത്തിൽ ദുരന്ത പുനരധിവാസം എന്നത് വികസന പദ്ധതികളുടെ തുടർച്ച തന്നെയാണ്. അതുകൊണ്ടാണ് ദുരന്ത സ്ഥലത്തെ പുനരധിവാസം ലൈഫ് മിഷന്റെ കീഴിൽ വരുന്നത്. കേരളത്തിൽ സുനാമി കോളനികളുടെ കാര്യം എടുക്കാം. 20 വർഷത്തിന് ശേഷവും ഇത്തരം സ്ഥലങ്ങളിൽ കാര്യമായ സാമ്പത്തിക വളർച്ചയോ, ജീവിത നിലവാര ഉയർച്ചയോ കാണാൻ കഴിയില്ല. Gulati Institute of Finance and Taxation(GIFT) നടത്തിയ ഒരു പഠനം പറയുന്നത് അവിടെ താമസിക്കുന്നവർ ആരുംതന്നെ സംതൃപ്തരല്ല എന്നാണ്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ദുരന്ത നിവാരണത്തിൽ ഒരു മാതൃകയ്ക്ക് ഒരുപാട് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം.

ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ രക്ഷാപ്രവർത്തനനത്തിലേർപ്പെട്ടിരിക്കുന്നവർ. കടപ്പാട്: thehindu.com

റൂം ഫോർ റിവർ എന്നതൊക്കെ നല്ല ആശയം തന്നെയാണ്. എന്നാൽ അതിനു പ്രത്യേക സംവിധാനമോ വകുപ്പോ ഇല്ല. അതേസമയം നദീത്തടങ്ങൾ കയ്യേറുന്നതിലും നിർമ്മാണ പ്രവർത്തങ്ങൾ നടത്തുന്നതിലും ഒരു മാറ്റവും ഇല്ലതാനും. കൂടാതെ ദുരന്തങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള Risk Informed Planning നമുക്കില്ല. കില ഒക്കെ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന അറിവുൽപ്പാദനം എവിടെപ്പോയി? ഇതൊക്കെ നടപ്പാക്കാൻ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഏജൻസി മാത്രം പോരാ. നമുക്ക് വേണ്ടത് ഒരു ക്രീയേറ്റീവ് ഏജൻസി ആണ്. ദുരന്തനിവാരണം സ്ഥാപനവൽക്കരിക്കാൻ പാടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ വയനാട് ഇത്രയും മനുഷ്യ ജീവൻ നഷ്ടമാവില്ലായിരുന്നു. എന്താണ് Resilinet Kerala Initiative, എന്തുകൊണ്ട് ദുരന്ത ലഘൂകരണത്തിനായുള്ള പണം ലാപ്സ് ആകുന്നു എന്നൊക്കെ പൊതുസമൂഹം സർക്കാരിനോട് ചോദിക്കേണ്ടിയിരിക്കുന്നു. ദുരന്ത നിവാരണത്തിന്റെ കാര്യത്തിൽ പലപ്പോഴും നമ്മൾ പറയുന്ന ഡീപ് സ്റ്റേറ്റ്നെ കാണാറില്ല. ദുരന്ത ശേഷമുള്ള രക്ഷാപ്രവർത്തനത്തിൽ ഉണ്ടാവുന്ന ജനകീയ പങ്കാളിത്തം തുടർന്നുള്ള ഘട്ടങ്ങളിൽ ഉണ്ടാവാറില്ല. അവിടെ സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ആണ് പ്രവർത്തനം. അതുകൊണ്ടാണ് നെതർലാന്റിലെ റൂം ഫോർ റിവറിന്റേതിനു സമാനമായ നമ്മുടെ ദേശത്തെ തനതായ രീതികളെ കാണാതെപോവുന്നത്.2018 ലെ പ്രളയത്തിന് ശേഷം നമ്മുടെ നാട്ടിൽ ഒരുപാട് വീടുകൾ ഇല്ലാതായി. ഇത് പുനർനിർമ്മിക്കാൻ ലോകത്തിന്റെ പലഭാഗത്തും കേരളത്തിലും പരിസ്ഥിതി സൗഹൃദ പാർപ്പിടങ്ങൾ നിർമ്മിച്ച് പരിചയമുള്ള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ആർക്കിടെക്ട് ജി ശങ്കറിനെപ്പോലുള്ളവരെ ഒഴിവാക്കിയാണ് നമ്മൾ Rebuild Kerala Initiative-വുമായി മുന്നോട്ടുപോയതു എന്ന് ഇപ്പോൾ ഓർമ്മവരുന്നു.ലിവിങ് സ്പേസ് മിനിമം ഉള്ള സുനാമി വീടുകളും ലൈഫ് മിഷൻ വീടുകളുമുള്ള കുടുംബങ്ങൾ അടുത്ത തലമുറയ്ക്ക് താമസിക്കാൻ എന്തുചെയ്യും എന്ന ചോദ്യമുണ്ട്. നമ്മുടെ പ്രാദേശിക അറിവുകളും വിഭവങ്ങളും അവഗണിച്ചാണ് ഇത്തരം പദ്ധതികൾ വരുന്നത് എന്ന് കാണാം. നമ്മൾ വിഭാവനം ചെയ്യുന്നത് ഒരു നഗര കേന്ദ്രീകൃത വികസനം ആണ്. അതുകൊണ്ടാണ് കൃഷിഭൂമിക്കും തണ്ണീർത്തട സംരക്ഷണത്തിനും തീരദേശ സംരക്ഷണത്തിനും Rebuild kerala പ്രാധാന്യം നൽകാത്തത്.

2005 ലാണല്ലോ ഇന്ത്യയിൽ ദുരന്ത നിവാരണ നിയമം വരുന്നത്. അതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റികൾ ഉണ്ടാകുന്നു. ഈ സംവിധാനങ്ങളുടെ പ്രധാന ദൗത്യമാണല്ലോ ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ളതു മുൻകൂട്ടി കണ്ടുകൊണ്ടു നടത്തേണ്ട അടിയന്തിര ഇടപെടലുകൾ. വയനാട് മേഖലയിൽ ഈ ഇടപെടലിൽ ഉണ്ടായ പോരായ്മകൾ എന്തൊക്കെയാണെന്ന് പറയാമോ?

മറുവശത്തു ഒരു ശരിയായ മാതൃക ഉണ്ടാവുമ്പോഴല്ലേ നമുക്ക് പോരായ്മ ചൂണ്ടിക്കാണിക്കാൻ പറ്റൂ. അവിടെയാണ് 2005 ലെ ദുരന്ത നിവാരണ നിയമത്തിന്റെ പ്രസക്തി. 1990 കളിലാണ്‌ ഉദാരവൽക്കരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ക്ഷേമ പദ്ധതികളിൽ നിന്നും പിൻവലിയാൻ തുടങ്ങിയത്. എന്നാൽ ദുരന്ത നിവാരണം ആവശ്യപ്പെടുന്നത് സ്റ്റേറ്റിന്റെ ഇടപെടലാണ്. ഒരു നിയമം മൂലം അത് ഉറപ്പാക്കുന്നതാണ് ആ നിയമത്തിന്റെ പ്രാധാന്യം. അതുകൊണ്ടാണ് കേന്ദ്രം മുതൽ പഞ്ചായത്ത് വരെ ദുരന്ത നിവാരണ പ്ലാനുകൾ, ഫണ്ട്, എൻ.ഡി.ആർ.എഫ് ഒക്കെ നിലവിൽ വരുന്നത്. മാത്രവുമല്ല ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗങ്ങളാണ് പ്രകൃതി ദുരന്തങ്ങളുടെ വലിയ ഇരകൾ എന്നും കാണാനാകും. അവർക്കു കിട്ടിയ ഭരണഘടനാപരമായ അവകാശമാണ് ഈ നിയമം.അതുകൊണ്ടു ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഒരു സംസ്ഥാനത്തിനും ഒരു അധിക സാമ്പത്തിക ബാധ്യത അല്ല എന്ന് പറയാം. ഫിനാൻസ് കമ്മീഷൻ എല്ലാ തവണയും ഇതിനായി പണം അനുവദിക്കുന്നുണ്ട്.

ഉരുൾപൊട്ടലിൽ തകർന്ന വണ്ടികൾ. കടപ്പാട്: thehindu.com

മോദി സർക്കാർ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട സാമ്പത്തിക വിഹിതം ലഭിക്കുന്നില്ല എന്നത് കേരളം പോലുള്ള സംസ്ഥാനങ്ങൾ ഉന്നയിച്ചു വരുന്നുണ്ട്. ഈ പ്രശ്‌നം ദുരന്ത നിവാരണത്തെ ബാധിക്കുന്നില്ല എന്നാണോ പറയുന്നത്?

ദുരന്ത നിവാരണത്തിനുള്ള ഫണ്ട് രണ്ടു തരത്തിൽ ഉണ്ട്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന ശ്രമങ്ങൾ നടക്കുന്നു എന്നത് വാസ്തവമാണ്. യൂണിയൻ സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായത്തിനു അത് ബാധകമാവുന്നുണ്ടാവാം. അതുപോലെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനും. എന്നാൽ മറ്റു ഫണ്ടുകൾക്ക് ഫിനാൻസ് കമ്മീഷൻ ദുരിത ബാധിത മേഖലയിലെ സാമ്പത്തിക സഹായത്തിനു ചില മാനദണ്ഡങ്ങൾ (Risk Index ) നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചാണ് സംസ്ഥാനങ്ങൾക്കു വിഹിതം ലഭിക്കുന്നത്. കോവിഡിനെ നോട്ടിഫൈഡ് ഡിസാസ്റ്റർ ആയി പ്രഖ്യാപിച്ചപ്പോൾ നമ്മൾ അത് കണ്ടതാണ്. സ്റ്റേറ്റിന് ഒരു ക്ഷേമ രാഷ്ട്രം എന്ന നിലയിൽ പ്രവർത്തിക്കാനുള്ള അനവധി സാധ്യതകൾ ദുരന്ത നിവാരണ നിയമം തുറന്നുവയ്ക്കുന്നുണ്ട്. അത് പ്രയോജനപ്പെടുത്തുന്നത് അതാത് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും ഭാവനയും സമൂഹത്തിന്റെ ഇടപെടലും ഒക്കെ അനുസരിച്ചാണ്. ആസ്സാം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ രംഗത്ത് കുറെ മുന്നോട്ടു പോയിട്ടുണ്ട്.

ഒഡീഷയിൽ ഒരുകാലത്തു സൈക്ലോൺ കാരണം ഒരുപാട് മനുഷ്യർക്ക് ജീവൻ നഷ്ടമാവുമായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതി ഏറെ മാറിയിരിക്കുന്നു. ഇത് അവരുടെ ഫലവത്തായ ദുരന്ത ലഘൂകരണ നടപടികളുടെ ഫലമല്ലേ?

അസം ഇപ്പോഴും വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന സ്ഥലം ആണ്. ഒഡീഷ ചുഴലിക്കാറ്റിലും. ഇവിടങ്ങളിൽ മരണ സംഖ്യ ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അവർ ദുരന്ത നിവാരണ സംവിധാനങ്ങളെ പ്രാദേശിക യാഥാർഥ്യങ്ങളുമായി കൂട്ടിച്ചേർത്തു മാറ്റത്തിന് വിധേയമാക്കിയതുകൊണ്ടാണ്. ജനങ്ങളെ ദുരന്തം നേരിടാൻ പ്രാപ്തരാക്കിയത് കൊണ്ടാണ്. കേരളത്തിന് അത്തരം ഒരു മാതൃക ഇല്ല. ദുരന്ത നിവാരണ നിയമത്തിലെ സാധ്യതകൾ സർക്കാരും പൊതു സമൂഹവും പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് പറയേണ്ടിവരും.

ദുരന്ത നിവാരണത്തിൽ ഇന്ത്യൻ കാലാവസ്ഥശാസ്ത്ര വിഭാഗം, കേന്ദ്ര ജല കമ്മീഷൻ, കേരള ദുരന്ത നിവാരണ അതോറിറ്റി, ആർമി, ആരോഗ്യവിഭാഗം, പോലീസ് തുടങ്ങി ഒട്ടനവധി വിഭാഗങ്ങളുടെ പങ്കാളിത്തം ഉണ്ടല്ലോ. അതുകൊണ്ടു ഇവയുടെ ഏകോപനം സുപ്രധാനവുമാണ്. വയനാടിന്റെ കാര്യത്തിൽ ദുരന്തമുണ്ടാവുന്ന തലേന്ന് രാത്രി അവിടുത്തെ വാർഡ് മെമ്പർ മോശം കാലാവസ്ഥ ഒരു ദുരന്ത സാധ്യതയിലേക്കു പോകാം എന്ന മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകിയിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ ഇത്തരം മുന്നറിയിപ്പുകൾക്കൊപ്പം ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതല്ലേ?

2017 ൽ ഓഖി ദുരന്തം ഉണ്ടായപ്പോൾ കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തമായി ചോദ്യംചെയ്യപ്പെട്ടിരുന്നു. മത്സ്യതൊഴിലാളികൾ പ്രതിഷേധ മാർച്ചു നടത്തുകയൊക്കെ ഉണ്ടായി. അന്ന് കാലാവസ്ഥ വകുപ്പ് നൽകിയ വിവരങ്ങൾ വേണ്ട രീതിയിൽ വിശകലനം ചെയ്ത് അതുണ്ടാക്കാവുന്ന ദുരന്തങ്ങൾ മനസിലാക്കി വേണ്ട നടപടികൾ കൈക്കൊള്ളാൻ കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തിന് കഴിഞ്ഞില്ല. ഇന്നും നമ്മുടെ മുന്നറിയിപ്പ് സംവിധാനങ്ങൾ (Early Warning System) ദുർബലമാണ്. നേരത്തെയുള്ള മുന്നറിയിപ്പ് നേരത്തെയുള്ള നടപടികളിലേക്കും (Early Action) കടക്കണം. പൗരനെ സംരക്ഷിക്കാനുള്ള ബാധ്യതയും മുന്നറിയിപ്പ് നൽകിയ സംവിധാനങ്ങൾക്കുണ്ട്. അത് നിർവ്വഹിക്കാതെ വിവരങ്ങൾ മാത്രം കൈമാറിയതുകൊണ്ട് കാര്യമില്ല. ഇന്ന് മത്സ്യതൊഴിലാളികൾക്ക് ലഭിക്കുന്ന മുന്നറിയിപ്പുകൾ ഒഴിച്ചാൽ മറ്റു സമൂഹങ്ങളിലേക്ക് ഇത്തരം മുന്നറിയിപ്പുകൾ ഫലപ്രദമായി എത്തുന്നില്ല എന്നുകാണാം. പെട്ടിമുട്ടിയും വയനാടുമൊക്കെ അതിന്റെ ഇരകളാണ്. അതിനൊക്കെയുള്ള പണവും അറിവും ഇന്ന് കേരളത്തിനുണ്ട്. എന്നാൽ ഇതൊക്കെ ആര് ഏകോപിപ്പിക്കും എന്നതൊക്കെ വലിയ പ്രശ്‌നമാണ്. സ്വന്തം തീരുമാനത്താൽ അത്തരം കാര്യങ്ങൾ ചെയ്യാനുള്ള പൗരബോധവും നമുക്കില്ല എന്നും പറയേണ്ടിവരും.

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അതിനു സാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി മനസിലാക്കുകയും ദുരന്ത നിവാരണ സേനയുടെയും മറ്റും സാന്നിധ്യം അത്തരം സ്ഥലങ്ങളിൽ മുൻകൂട്ടി ഉറപ്പാക്കുന്നതും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കില്ലേ?

2018ലെ വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തനത്തിൽ മൽസ്യബന്ധന തൊഴിലാളികൾക്ക് വലിയ പങ്കുണ്ടായിരുന്നല്ലോ. അതിനു ശേഷം ദുരന്ത നിവാരണ അതോറിറ്റി സന്നദ്ധരായ ആളുകൾക്ക് ദുരന്ത നിവാരണത്തിന്റെ അടിസ്ഥാന പരിശീനങ്ങൾ നൽകിയിരുന്നു. കമ്മ്യൂണിറ്റി ട്രെയിനിങ് ഒരു സാധ്യതയാണ്. അതിനെയൊക്കെ പിന്നീട് രാഷ്ട്രീയവത്ക്കരിച്ചു എന്ന് തോന്നുന്നു. അതോടൊപ്പം ലോക്കൽ പോലീസിനെ സജ്ജമാക്കാവുന്നതാണ്. കേരളത്തിലെ ദുരന്ത സാധ്യതാ മേഖലകളെക്കുറിച്ചുള്ള പഠനങ്ങൾ നിലവിലുണ്ട്. അതൊന്നും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടില്ല. ദുരന്ത നിവാരണ സേനയെയും ആർമിയെയും ഒക്കെ കൃത്യസമയത്തു ലഭിക്കാൻ കാലാവസ്ഥ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ 48 മണിക്കൂർ മുൻപേയെങ്കിലുമുള്ള തയ്യാറെടുപ്പുകൾ അനിവാര്യമാണ്. അതിൽ ശ്രദ്ധപതിപ്പിക്കാൻ കേരളം ഇനിയും വൈകിക്കൂടാ. കേരളത്തിന് വേണ്ടത് വലിയ വികസന പദ്ധതികൾ അല്ല, ഇത്തരം സംവിധാനങ്ങളാണ്.

വീട് നഷ്ടപ്പെട്ട ആളെ ആശ്വസിപ്പിക്കുന്ന രക്ഷാപ്രവർത്തകൻ. കടപ്പാട്: news.sky.com

കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ ആണല്ലോ ദുരന്ത ലഘൂകരണത്തിനു പെട്ടെന്ന് നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ Landslide Zonation Map, Disaster Management Plan എന്നിവ കൃത്യമായി പുതുക്കാത്തതും സത്വര നടപടികൾ സ്വീകരിക്കുന്നതിൽ തടസ്സമായി വരുന്നില്ലേ?

തീർച്ചയായും, ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ പഴയ പ്ലാൻ മാത്രമേ കാണാൻ കഴിയുള്ളൂ. കഴിഞ്ഞ കാലയളവിൽ ഉണ്ടായ ദുരന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ വെബ്‌സൈറ്റിൽ കാണാൻ കഴിയില്ല. ഇതൊന്നും അസാധ്യമായ കാര്യങ്ങളല്ല. ദുരന്ത സാധ്യത മാപ്പ് ഉണ്ടാക്കാൻ വലിയ സാങ്കേതിക വിദ്യയുടെ ആവശ്യമില്ല. അതാത് പ്രദേശത്തെ ജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പഞ്ചായത്തിന് ഉണ്ടാക്കാൻ കഴിയുന്നതേയുള്ളൂ. അതിനെ ദുരൂഹവത്ക്കരിക്കേണ്ട കാര്യമില്ല. എന്നാൽ റീബിൾഡ് കേരളം, നവ കേരളം പോലുള്ള വലിയ, കേന്ദ്രീകൃത പദ്ധതികളിലാണ് സർക്കാരിന് താത്പര്യം. എന്നാൽ ദുരന്ത നിവാരണത്തിന് വികേന്ദ്രീകൃതവും ജനകീയവുമായ ഇടപെടലാണ് ആവശ്യം.

കാലാവസ്ഥ പ്രതിസന്ധിയുടെ ഭാഗമായി നടക്കുന്ന പ്രകൃതി ദുരന്തങ്ങളോട് കേരളം പോലുള്ള പ്രാദേശിക സമൂഹങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് ഒരു വിഭാഗം പറയുന്നു. വികസിത രാഷ്ട്രങ്ങൾ അമിതമായി പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുകയും കാർബൺ ബഹിർഗമനം നടത്തിയതിന്റെ ദുരന്തമാണ് വയനാട് പോലുള്ള സ്ഥലങ്ങളിലെ സാധാരണ മനുഷ്യർ അനുഭവിക്കേണ്ടി വരുന്നത്. എന്നാൽ കാലാവസ്ഥ പ്രതിസന്ധി ഒരു ആഗോള പ്രതിഭാസമാണെന്നു പറഞ്ഞുകൊണ്ട് പ്രാദേശിക സമൂഹങ്ങൾക്കും സ്റ്റേറ്റിനും ദുരന്ത ലഘൂകരണത്തിൽനിന്നും മാറിനിൽക്കാൻ കഴിയുമോ?

ആ വാദമാണ് നമ്മൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ കേട്ടത്. കൊളോണിയൽ കാലം മുതൽ വികസിത രാഷ്ട്രങ്ങൾ പിന്തുടർന്ന് വരുന്ന ഉപഭോഗ സംസ്കാരം തന്നെയാണ് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ക്ലൈമറ്റ് ആക്ഷൻ നടക്കേണ്ടത് പ്രാദേശിക തലത്തിൽ കൂടിയാണ്. Loss and Damage എന്ന വിഭാഗത്തിൽ ഒക്കെ വികസിത രാഷ്ട്രങ്ങൾ കുറെ ഫണ്ട് മൂന്നാം ലോക രാജ്യങ്ങൾക്കു നൽകുന്നുണ്ട്. അതൊക്കെ പ്രയോജനപ്പെടുത്തി കേരളം പോലുള്ള സ്ഥലങ്ങളിൽ പ്രാദേശികമായി ക്രിയാത്മക പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. വയനാട്ടിൽ കാലാവസ്ഥ പ്രതിസന്ധിക്കൊപ്പം പ്രാദേശികമായി പരിസ്ഥിതിക്കു പ്രതികൂലമായി നടന്ന മനുഷ്യന്റെ പ്രവർത്തനങ്ങൾ കൂടി ദുരന്തത്തിന്റെ തീവ്രത കൂട്ടി എന്ന് കാണാനാകും. ഉദാരവൽക്കരണത്തിനു ശേഷം സുസ്ഥിര വികസനത്തിന്റെ പേരിൽ Loss and Damage, Carbon Trading തുടങ്ങിയ രംഗങ്ങളിൽ ക്ലൈമറ്റ് ആക്ഷൻ ഒതുക്കാനാണ് ഫിനാൻഷ്യൽ ക്യാപിറ്റലിസം ശ്രദ്ധപതിപ്പിക്കുന്നതു എന്നുകൂടി നമ്മൾ മനസിലാക്കണം. കാലാവസ്ഥ പ്രതിസന്ധി നിക്ഷിപ്ത താല്പര്യങ്ങൾ നടപ്പാക്കാനുള്ള ഉപകരണമായി മാറിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കാർബൺ ഉദ്വമനം കുറയ്ക്കും എന്നപേരിൽ ബുള്ളെറ്റ് ട്രെയിൻ ഒക്കെ വരുന്നത്. അത് സാങ്കേതികമായി ശരിയാണെങ്കിലും ബുള്ളെറ്റ് ട്രെയിൻ മാത്രമല്ല ശരിയായ കാർബൺ ഉദ്വമനം കുറയ്ക്കാൻ സഹായിക്കുന്നത്. കാലാവസ്ഥ പ്രതിസന്ധി ഒരു ആഗോള പ്രതിഭാസമാണെന്ന് പറഞ്ഞു മാറിയിരുന്നാൽ അതിന്റെ ദുരന്തം അനുഭവിക്കാൻ പോവുന്നത് നിരുത്തരവാദികളായ സാധാരണ മനുഷ്യരായിരിക്കും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read