മനഃസാക്ഷിയുടെ മുന്നിൽ പി.പി ദിവ്യ എന്താകും ചെയ്തിട്ടുണ്ടാവുക?

തന്റെ ആത്മാഭിമാനത്തിനേറ്റ മുറിവിനെ പ്രതിരോധിക്കാൻ സ്വയം മരണം വരിക്കുകയായിരുന്നു എ.ഡി.എം നവീൻ ബാബു. അതായിരുന്നു നവീൻ ബാബു എന്ന മനുഷ്യന്റെ മനഃസാക്ഷി. അത് വെറും ആത്മഹത്യയായി മനസ്സിലാക്കുന്നതിൽ അപാകതയുണ്ട്. ഈ അപാകത ജീർണതകൾ ബാധിച്ച ഒരു പ്രസ്ഥാനത്തിന് മനസിലാകണമെന്നില്ല. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെയുള്ള പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ല. തൽക്ഷണ പ്രതികരണങ്ങളുടെ കൂത്തരങ്ങായി മാറിയ പ്രതിഷേധ വേദികളിലെ തീപ്പൊരികൾ കെട്ടടങ്ങാൻ കുറച്ചുകൂടി സമയമെടുത്തേക്കും. അതിനുശേഷവും ബാക്കിയാവുന്ന ചില യാഥാർഥ്യങ്ങൾ വിശകലനം ചെയ്യപ്പെടണമെന്ന് തോന്നുന്നു. പി.പി ദിവ്യ എന്ന രാഷ്ട്രീയ പ്രവർത്തക സ്ഥാനമാനങ്ങൾ രാജിവെച്ചാലും, നിയമനടപടികൾ നേരിടേണ്ടി വന്നാലും തീരുന്നതല്ല യഥാർത്ഥ പ്രശ്നങ്ങൾ. എ.ഡി.എമ്മിനെതിരെ ഒരു പൊതുപ്രവർത്തക ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി, അത് അവതരിപ്പിക്കാൻ തെരഞ്ഞെടുത്ത വേദിയും സമയവും, അവരുടെ മുന്നിൽ ഉണ്ടായിരുന്ന നിയമപരവും ഭരണപരവുമായ മറ്റു വഴികൾ, അത് ഉന്നയിക്കാൻ ഇടയാക്കിയ നിക്ഷിപ്ത താൽപ്പര്യങ്ങളൊക്കെ നമ്മൾ ഇഴകീറി പരിശോധിച്ച് കഴിഞ്ഞു. ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് പൊതുപ്രവർത്തകരിൽ നിന്നും അന്നത്തെ യാത്രയയപ്പ് വേളയിലുണ്ടായത് പോലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നതാണ് ഒരു പ്രധാന കാര്യം. അതിന് നിലനിൽക്കുന്ന രാഷ്ട്രീയ സാംസ്ക്കാരിക വ്യവഹാര രംഗവുമായുള്ള ബന്ധമെന്താണ്? അത് പി.പി ദിവ്യ എന്ന വ്യക്തിയെങ്കിലും ഇപ്പോൾ ആലോചിക്കുന്നുണ്ടാവുമോ? അവരെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ പ്രശ്നത്തിന്റെ മൂലകാരണം തിരയുന്നുണ്ടാവുമോ ?

ഇന്ന് അത്രമേൽ ഉപയോഗത്തിലില്ലാത്ത ഒരു വാക്കാണ് മനഃസാക്ഷി എന്നത്. എങ്കിലും മനഃസാക്ഷിയുടെ മുന്നിൽ പി.പി ദിവ്യ എന്ന വ്യക്തി ഒരിക്കലെങ്കിലും ഒറ്റയ്ക്കിരുന്നു ധാർമ്മികതയും വൈകാരികതയും തളംകെട്ടിയ ഒരു നിമിഷത്തിൽ മനംനൊന്ത് പൊട്ടിക്കരഞ്ഞിട്ടുണ്ടാവുമോ? അല്ലെങ്കിൽ തന്റെ ശൈലിയിൽ ഊറ്റംകൊണ്ട്, തനിക്കുവേണ്ടി ഉയരുന്ന ന്യായീകരണ കാഹളത്തിന്റെ ബലത്തിൽ താനൊരു ‘ഉരുക്കു’ മനുഷ്യനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ടാവുമോ? വൈകാരിക പ്രക്ഷുബ്ധതകളുടെ വേലിയേറ്റത്തിൽ കണ്ണീർ പൊഴിക്കുക എന്നത് മനുഷ്യ സഹജവും മാനസാന്തര പ്രയാണത്തിലേക്കുള്ള പ്രവേശികയുമാണ്. മനുഷ്യനെന്ന നിലയിൽ ഒരാൾ അനുഭവിക്കുന്ന ധർമ്മ സങ്കടങ്ങളും അരക്ഷിതാവസ്ഥയും നിസ്സഹായതയുമൊക്കെ കൂടിച്ചേർന്ന് കണ്ണീരിന്റെ കരിങ്കടൽ തീർക്കാം. ഏതായാലും ഈ ജൈവ മനുഷ്യാവസ്ഥ വ്യക്തികൾക്ക് നഷ്ടമാവുമ്പോൾ അവർ കൂടിച്ചേരുന്ന പ്രസ്ഥാനങ്ങളും ഹിംസാത്മകവും ജനവിരുദ്ധമാവുമെന്നും പറയാതെ വയ്യ. അതോടൊപ്പം കരച്ചിലിൽ പ്രതിവിപ്ലവകരമായി ഒന്നുമില്ല എന്നുതന്നെ പറയേണ്ടിവരും. അതേസമയം ഒരു ജീവൻ ഇല്ലാതാവുമ്പോൾ അതിൽ ഒട്ടും തന്നെ നൊമ്പരവും അസ്വസ്ഥതകളുമില്ലാതെ ആ മരണത്തിനു കാരണക്കാരിയായ ഒരാളെ യാതൊരു മനഃസ്താപവുമില്ലാതെ സംരക്ഷിക്കുകയും ജീവൻ വെടിഞ്ഞയാളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് ഒരു വിപ്ലവപ്രവർത്തനമല്ലെന്നും പറയേണ്ടിവരും.

എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോ​ഗത്തിൽ പി.പി ദിവ്യ സംസാരിക്കുന്നു. കടപ്പാട്:manorama

പി.പി ദിവ്യ എന്ന പൊതുപ്രവർത്തകയുടെ ശരീരഭാഷ, വാക്കുകൾ, അനൗചിത്യ പ്രതികരണങ്ങൾ എന്നിവ പ്രത്യക്ഷത്തിൽ തന്നെ വിമർശനവിധേയമാക്കപ്പെടുന്നതിൽ അസ്വാഭാവികമായി ഒന്നും തന്നെയില്ല. എന്നാൽ ഇത് ഒരു വ്യക്തിയുടെ അഹന്തയും പകയും പ്രതികാര നടപടികളും മാത്രമായി വിലയിരുത്തിയാൽ മതിയോ? ഇവിടെയാണ് പൊതുബോധവും രാഷ്ട്രീയ സാംസ്ക്കാരിക വ്യവഹാരങ്ങളും വില നൽകാതെ പോകുന്ന സൂക്ഷ്മ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന് തോന്നുന്നു. അധികാര രാഷ്ട്രീയത്തിന്റെയും വോട്ടുബാങ്ക് വീതംവയ്പ്പിന്റെയും നിക്ഷിപ്ത താല്പര്യങ്ങളുടെയും പേരിൽ നടമാടുന്ന ‘സാമൂഹ്യ’ പ്രവർത്തന മേഖലയിൽ നിന്നും സൂക്ഷ്മ രാഷ്ട്രീയ വിചിന്തനങ്ങൾ കെട്ടടങ്ങുമ്പോൾ ദുഷിച്ചുപോകുന്നത് സ്ഥൂല രാഷ്ട്രീയത്തിന്റെ പൊതു ഇടങ്ങളാണ്. അത് അഭിസംബോധന ചെയ്യാൻ നമ്മുടെ രാഷ്ട്രീയ സാംസ്ക്കാരിക രംഗം തയ്യാറാകാത്തതിന്റെ ദുരന്തങ്ങൾ രൂക്ഷമായത് നവ ലിബറൽ സാമ്പത്തിക നയങ്ങളുടെ വരവോടുകൂടിയാണെന്നും കാണാം.

‘വ്യക്തിപരമായത് രാഷ്ട്രീയം തന്നെ’ (personal is political) എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും പറയുമെങ്കിലും അതൊരു ന്യൂനപക്ഷം മനുഷ്യർ മാത്രം ഉള്ളിൽ വഹിക്കുന്ന ബോധ്യമാണെന്ന് കാണാം. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രവർത്തനം എന്നത് പൊതു സ്ഥലത്തെ മുദ്രാവാക്യം വിളി മുതൽ അധികാര ഇടങ്ങളിലെ പ്രധാന ഇടപാടുകൾ വരെയുള്ള പ്രവർത്തനങ്ങൾക്കിടയിലെ ടെലിവിഷൻ ചർച്ച, ഉദ്ഘാടന ചടങ്ങുകൾ, രാഷ്ട്രീയ ആരോപണ പ്രത്യാരോപണ വാക്കേറ്റങ്ങൾ, തെരുവ് കൈയ്യാങ്കളികൾ, ബിനാമി ഇടപാടുകൾ, കമ്മീഷൻ തരപ്പെടുത്തൽ തുടങ്ങിയ പൊതു ദൃശ്യതയ്ക്കകത്തും പുറത്തും നടക്കുന്ന ഒട്ടനവധി ‘നാട്ടുനടപ്പു’കളായി മാറിയിരിക്കുന്നു. ഇതിൽനിന്നും വ്യത്യസ്തരായ ന്യൂനപക്ഷം പൊതുപ്രവർത്തകരെ ഇത്തരുണത്തിൽ ‘വംശനാശം’ നേരിടുന്ന വർഗ്ഗങ്ങൾ എന്ന നിലയിൽ കരുതലോടെയും സ്നേഹത്തോടെയും ഓർക്കാം എന്നുമാത്രം! ഇതിനിടയിൽ രാഷ്ട്രീയം, സാംസ്ക്കാരികം, പ്രത്യയശാസ്ത്രം തുടങ്ങിയ ഇടപാടുകൾ പൊതുവേദിയിൽ പ്രദർശന യോഗ്യമാക്കുന്നതിനപ്പുറം വ്യക്തിയുടെ ഉപബോധ മനസിനെവരെ സ്വാധീനിക്കേണ്ടതും ‘പവിത്രമായ’ കുടുംബത്തിനകത്തും പൊതു ഇടങ്ങളിലും പ്രയോഗവൽക്കരിക്കേണ്ടതുമാണെന്ന സുപ്രധാന വസ്തുത തമസ്ക്കരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പൊതു ഇടങ്ങളിൽ ഉച്ചത്തിൽ ഉദ്‌ഘോഷിക്കപ്പെടുന്നതും മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നതുമായ പ്രത്യയശാസ്ത്ര ബോധ്യങ്ങൾക്ക് വ്യക്തി ജീവിതത്തിലും പൊതുബോധത്തിലും പ്രയോഗവൽക്കരിക്കേണ്ട ബാധ്യത മനുഷ്യർ വിട്ടുകളയുന്നു. കൂടാതെ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തനങ്ങൾ മനുഷ്യജീവിതത്തെ കൂടുതൽ വിശാലമാക്കേണ്ടതും പുതിയ അന്വേഷണങ്ങൾക്ക് വഴിയൊരുക്കേണ്ടതുമാണെന്ന പ്രാഥമിക തത്വവും വിസ്മൃതിയിലാകുന്നു. അതുകൊണ്ടു തന്നെ ജനപ്രതിനിധികൾ നിലവിലെ സംവിധാനങ്ങൾക്കത്ത് പ്രവർത്തിക്കാനുള്ള പരിമിതമായ ഉത്തരവാദിത്തം മാത്രം ഏറ്റെടുക്കുന്നവരാകുന്നു. അതും മേലാള വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്ന മുൻഗണന ഉറപ്പാക്കിക്കൊണ്ട്.

ഈ സാഹചര്യത്തിൽ പി.പി ദിവ്യയെപ്പോലെ അധികാര സ്ഥാനത്തിരിക്കുന്ന പൊതു പ്രവർത്തകർ ( ഇത് എക്സിക്യൂട്ടീവിന്റെ ഭാഗമായ ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും ബാധകമാണെന്ന് ഓർക്കാം) വളരെ യാന്ത്രികമായും നിർവ്വികാരമായും പൊതുപ്രവർത്തനം എന്ന വ്യാജ നിർമ്മിതിക്കകത്ത് ധാർമ്മികതയും രാഷ്ട്രീയ ഉത്തരവാദിത്തവും തിരുകിക്കയറ്റി മൂലധന സേവയും സ്വജന താത്പര്യങ്ങളും നടപ്പാക്കുന്നു. അതിനുവേണ്ടി അവർ മാതൃകയാക്കുന്നത് തനിക്കു ചുറ്റും രാഷ്ട്രീയ കക്ഷി ഭേദമന്യേ നടമാടുന്ന ആൺകോയ്മയും മാഫിയ ഇടപാടുകളും ജനാധിപത്യ വിരുദ്ധമായ മാടമ്പിത്തരങ്ങളുമാവുന്നതിൽ അത്ഭുതപ്പെടാനില്ല. ഈ അനുകരണത്തിനു കിട്ടുന്ന അന്ധമായ പൊതു സ്വീകാര്യതയും പാർട്ടി സംരക്ഷണവും ഹിംസയെ സ്വന്തം വ്യവഹാരങ്ങൾക്കത്ത് ആവാഹിച്ച് നിർത്താനും മുന്നും പിന്നും നോക്കാതെ ഏതു അഭ്യാസവും (Performance) ആരുടെ നേർക്കും കാണിക്കാനും നേതാക്കൾക്ക് പ്രേരണയാകുന്നു. നമ്മുടെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തിന് ദിശയും ചൈതന്യവും നൽകേണ്ട സ്ത്രൈണത എന്ന മൂല്യത്തിന് ആശയപരമായും പ്രായോഗികമായും പ്രസക്തി നഷ്ടപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. അങ്ങനെ പി.പി ദിവ്യ പൗരുഷവും നവീൻ ബാബു സ്ത്രൈണതയും പ്രകടിപ്പിക്കുന്നു. പൊതുബോധത്തിൽ ദയ, അനുകമ്പ, അനുതാപം തുടങ്ങിയ സുപ്രധാന മാനോഭാവങ്ങൾ ദൗർബല്യങ്ങളായും അസംബന്ധങ്ങളായും കണക്കാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ചരിത്രം, പ്രത്യയശാസ്ത്രം, സാമ്പത്തിക യുക്തി, ശാസ്ത്ര മാനദണ്ഡങ്ങൾ തുടങ്ങിയ ആധുനികതയുടെ ടൂളുകൾക്കപ്പുറം മനോവികാരം ഉൾച്ചേർന്ന സംവേദന ക്ഷമതയ്ക്കും സഹജാവബോധത്തിനും മനുഷ്യ ജീവിതത്തിൽ ചിലത് നിർവ്വഹിക്കാനുണ്ടെന്നുള്ള പരമാർത്ഥത പരിഗണിക്കാതെ പോകുന്നു. പി.പി ദിവ്യ ഒറ്റയ്‌ക്കെങ്കിലും പൊട്ടിക്കരഞ്ഞിട്ടുണ്ടാവുമോ എന്നുള്ള ചോദ്യം പ്രസക്തമാവുന്നത് ഈ ഊഷര കാലാവസ്ഥയിലാണ്. ശുഷ്ക്കിച്ചുപോവുന്ന മനുഷ്യ വികാരങ്ങളുടെ വാടിക്കരിഞ്ഞ ഒരു ദളത്തിലെങ്കിലും ഈ ചോദ്യം ഒട്ടിപ്പിടിച്ചു കിടക്കേണ്ടതുണ്ട്, പ്രത്യാശയുടെ ഒരു തരിമ്പിനായി. കാരണം കരച്ചിൽ മനുഷ്യ മനസിനെ വിമലീകരിക്കാനുള്ള സാധ്യതയാണ് തുറന്നിടുന്നത്.

നവീൻ ബാബുവിന്റെ സംസ്ക്കാര ചടങ്ങിൽ പങ്കുചേരുന്ന മക്കൾ. കടപ്പാട്:manorama

ഈ പ്രവണതകളുടെ തുടർച്ചയായി വേണം നേതാക്കൾ സ്വയം വീര പരിവേഷം അണിയുന്നതും തെറ്റുപറ്റാത്ത അമാനുഷ പ്രതിഭാസങ്ങളായി സ്വയം വാഴ്ത്തുന്നതിനെയും മനസിലാക്കാൻ. അതിന് അരയും തലയും മുറുക്കി സംഘടിതമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കർതൃത്വം മറന്ന അണികളും ഒന്നുചേരുന്നു. പിന്നീട് എല്ലാ യുക്തികളെയും ശാസ്ത്രീയ അവബോധത്തെയും വെല്ലുവിളിച്ച് മുന്നേറുന്ന ന്യായീകരണപ്പടയാളികളുടെ ശക്തിപ്രകടനത്തിൽ സ്വതന്ത്രന്റെ ശബ്ദം എങ്ങുമെത്താതെ ഒടുങ്ങിപ്പോകുന്നു. അണികളുടെ ആരാധനയ്ക്ക് പാത്രമാവുന്ന നേതൃത്വമാകട്ടെ ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും അധികദൂരം താണ്ടേണ്ടി വരുന്നുമില്ല. തിരുത്തൽ ശക്തികൾ മാളത്തിൽ പോയിട്ടുപോലും ഓരിയിടില്ല എന്നുള്ള ഉറപ്പ് എല്ലാ ഏകാധിപതികൾക്കുമുണ്ട്, അങ്ങനെ ചെയ്‌താൽ അവരെ വരുതിയിൽ വരുത്താനുള്ള ചങ്കുറപ്പും. ഈ ദുഷ്പ്രവണതയുടെ പശ്ചാത്തലത്തിൽ വേണം പി.പി ദിവ്യയുടെ യാത്രയയപ്പ് വേദിയിലെ ശരീരഭാഷയെയും അധികാര ദുർവിനിയോഗത്തെയും വിലയിരുത്താനും അതൊരു ഒറ്റപ്പെട്ട പ്രവണതയല്ല എന്ന് മനസിലാക്കാനും.

ജനായത്തം (Democracy) എന്നത് അന്ധമായ ഭക്തിയുടെയും അനുസരണയുടെയും അച്ചടക്കത്തിന്റെയും മൂശയിൽ മൂർച്ച കൂട്ടാൻ പറ്റുന്ന ആയുധമല്ലെന്നും അത് വികസിപ്പിസിച്ചെടുക്കേണ്ടത് യജമാന ഭക്തികൊണ്ടല്ലെന്നും ഒരു ജനത ഇക്കാലമത്രെയും തിരിച്ചറിയാത്തതിന്റെ പ്രത്യക്ഷ ഇരയാണ് നവീൻ ബാബു. ഇതിനേക്കാൾ എത്രയോ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കുമാണ് അനുസരണയും അച്ചടക്കമുള്ള അണികളുടെ കൂട്ടം കാലങ്ങളായി വകയൊരുക്കുന്നത്. ഇതിലൂടെ അടഞ്ഞുപോവുന്നത് ജനായത്തിന്റെ പൂക്കാലമാണ്. അവസാനത്തെ നിരാലംബനും സ്വാതന്ത്ര്യവും അന്തസ്സും സുരക്ഷിതത്വവും ഉറപ്പാക്കേണ്ട ഒരു ജനകീയ സംവിധാനത്തിന്റെ സാധ്യതകളാണ്. നവീകരിക്കാതെ പോവുന്നത് മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ഇരുണ്ട ലോകവും. ജനങ്ങൾ തെരഞ്ഞെടുത്ത് സ്ഥാനമാനങ്ങൾ നൽകുന്ന ഒരാൾ അധികാരത്തിന്റെ ലഹരിയിൽ മത്തുപിടിച്ച് അതിക്രമങ്ങൾ കാട്ടുന്നതിന്റെ ഉത്തരവാദിത്തം അതിനെ ചോദ്യം ചെയ്യാൻ വിമുഖതകാട്ടുന്ന ജനങ്ങൾക്ക് കൂടിയാണ്.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ പരികല്പനകൾ ദൈനംദിന ജീവിതത്തിന്റെ അടരുകളിലേക്ക് സന്നിവേശിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് ജനായത്ത സംവിധാനങ്ങളുടെ പ്രധാന ദൗത്യമായി വരാതിരിക്കുമ്പോൾ കൂടിയാണ് താൻപോരിമയുള്ള ‘അധികാരികൾ’ ഈ ക്രമത്തിനകത്ത് തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ലിംഗഭേദമന്യേ ഈ ബാധകേറിയ ‘അധികാരി’കളുടെ ആൺകോയ്മയ്ക്കും മേധാവിത്വത്തിനും ദൈനംദിന ജീവിതത്തിൽ വിലകൊടുക്കേണ്ടി വരുന്നവരാണ് സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് കീഴാളജന സമൂഹം. അവരുടെ അവകാശങ്ങൾക്ക് നേരെ ഇക്കാലമത്രെയും കണ്ണടയ്ക്കാൻ ഭരണകൂടത്തിന് ഔഷധമായത് ഈ ആൺകോയ്മയും അധികാര മനോഭാവവുമാണ്. അതായത് നിലവിലെ വ്യവസ്ഥ (status quo) പുരോഗമന മൂല്യങ്ങളാൽ പുതുക്കപ്പെടാതിരിക്കുമ്പോൾ നിവർന്നു നിൽക്കാൻ പോലും കഴിയാതെപോവുന്നത് അരികുവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾ ആണ്. അതിൽ നിലവിലെ രാഷ്ട്രീയ പാർട്ടികളുടെ അധികാര ഘടനയും പിതൃമേധാവിത്വവും വഹിക്കുന്ന പങ്ക് ചെറുതല്ല. പൊളിറ്റിക്കൽ ക്ലാസ് ഒരിക്കലും അത് പൊളിച്ചെഴുതാൻ ആഗ്രഹിക്കുകയില്ല. നവീൻ ബാബുവിന്റെ മരണം ഏതാനും ദിവസങ്ങൾക്കു ശേഷം ഒരു കുടുംബത്തിന്റെ ഓർമ്മകളിലെ നൊമ്പരമായി അവസാനിക്കും. എന്നാൽ പൊളിറ്റിക്കൽ ക്ലാസ് നടത്തുന്ന അധികാര ദുർവ്വിനയോഗവും ജനായത്ത വിരുദ്ധ നടപടികളും ചരിത്രപരമായി അടിച്ചമർത്തപ്പെട്ട ഒരു വലിയ സമൂഹത്തിന്റെ വിമോചന സ്വപ്നങ്ങളെ തകർത്തുകളയുന്നത് തുടരുകയും ചെയ്യും.

നവീൻ ബാബുവിൻ്റെ മൃതദേഹം സർക്കാർ ക്വാർട്ടേഴ്സിൽ നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം. കടപ്പാട്:newindianexpress

കേരളീയ നവോഥാനത്തിന്റെ പരിണിതഫലങ്ങളിൽ ഊറ്റംകൊള്ളുകയും അതിന്റെ തിരസ്‌ക്കാരം ഏറ്റുവാങ്ങിയ ജാതി അടിമത്തം അനുഭവിക്കുന്ന സാമൂഹ്യ വിഭാഗങ്ങളെക്കുറിച്ച് പുനരാലോചിക്കാതിരിക്കുകയും പുതിയ ആശയധാരകളിലേക്കുള്ള സംക്രമണ സാധ്യതകൾ അടച്ചുകളയുകയും ചെയ്തതിന്റെ പരിണതഫലം കൂടിയാണ് കേരള രാഷ്ട്രീയ രംഗത്തെ ഇന്നത്തെ പ്രതിസന്ധി. കീഴാള സമൂഹത്തെ അധമ വിഭാഗം എന്ന് കരുതി തള്ളിക്കളയുന്നതിനു പകരം അവരിൽ നിന്നും സ്വയംഭരണം അടക്കമുള്ള ജീവിത ദർശനങ്ങൾ സ്വാംശീകരിച്ചിരുന്നെങ്കിൽ കേരള സമൂഹം ഇന്നനുഭവിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പല പ്രതിസന്ധികളും ഇത്രയും രൂക്ഷമാകുമായിരുന്നില്ല.

കീഴാളരെ പരിഗണിക്കാതിരുന്ന നവോത്ഥാനത്തെ തുടർന്നുവന്ന ഭൂപരിഷ്‌ക്കരണനയവും പിന്നീട് ഏറെ ആഘോഷിക്കപ്പെട്ട കേരള വികസന മാതൃകയും തുറന്നു പരിശോധിക്കാൻ കേരള പൊതുസമൂഹം തയ്യാറാകാതിരുന്നതിനിന്റെ തണലിൽ ത്രസിച്ച് വളർന്നത് പുതിയ അധികാര വിഭാഗങ്ങളും കച്ചവട ദല്ലാൾ സമൂഹവുമായിരുന്നു. ആ ശക്തിയാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ട് പെട്രോൾ പമ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നം ഏതോ ദുർബല വിഭാഗത്തിലെ ഒരാളുടെ ജീവൻ മരണ പോരാട്ടം എന്ന പ്രതീതിയിൽ ‘ധാർമിക’ രോഷപ്രകടനം നടത്തിച്ചതിലെയും ഒരു മനുഷ്യനെ മരണത്തിലേക്ക് നയിച്ചതിലെയും പ്രധാന കുറ്റവാളി. ആയിരക്കണക്കിന് ആദിവാസികളും ദലിതരും തങ്ങളിൽ നിന്നും മേലാള വിഭാഗം അപഹരിച്ച ഭൂമി തിരിച്ചു കിട്ടാനും അന്തസ്സോടെ ജീവിക്കാനും വേണ്ടി കാലങ്ങളായി സമരം ചെയ്യേണ്ടി വരുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മതന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നോക്കം വരുന്ന വിഭാഗങ്ങൾ, തൊഴിൽ രഹിതരും സ്ത്രീകളുമൊക്കെ 1947 ൽ പിറന്ന ഒരു ദേശ രാഷ്ട്രത്തിന്റെ പിന്നാമ്പുറങ്ങളിൽ അരക്ഷിതാവസ്ഥയിൽ കഴിയുന്നതിന്റെ പ്രശ്നമല്ല ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രോഷപ്രകടനങ്ങൾക്ക് ഹേതുവായത് എന്നത് ഏറെ പ്രധാനമാണ്. കാരണം ന്യൂനപക്ഷം വരുന്ന വലിയ മൂലധനം കൈകാര്യം ചെയ്യാൻ ശേഷിയുള്ള, വോട്ടുബാങ്ക് നിയന്ത്രണമുള്ള, അധികാരം കൈയ്യാളുന്ന വിഭാഗങ്ങളുടെ താൽപ്പര്യങ്ങളും സംരക്ഷണവുമാണ് ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ഏറ്റെടുത്തിരിക്കുന്ന പ്രാഥമിക ഉത്തരവാദിത്തമെന്ന് സാരം. അത് തിരിച്ചറിയാത്ത ജനങ്ങൾ മാനവരാശിയുടെ മുന്നോട്ടുപോക്കിനു തന്നെ വിഘാതം സൃഷ്ടിക്കുകയുമാണ്.

നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് റവന്യൂ ജീവനക്കാർ നടത്തിയ പ്രതിഷേധം. കടപ്പാട്:manorama

അധികാരത്തെ അപനിർമ്മിക്കാൻ വൈകുന്നതിന്റെ ദുരന്തമാണ് പല വിധത്തിൽ ആധുനിക ലിബറൽ ജനായത്ത സംവിധാനങ്ങൾ പൗരർക്കായി ഒരുക്കുന്നത്. നിക്ഷിപ്ത താല്പര്യങ്ങളുടെയും അറിവില്ലായ്മയുടെയും ഭയത്തിന്റെയും പേരിൽ അധികാരി വർഗത്തെ കാണുമ്പോൾ മുട്ടിടിക്കുന്ന, യുക്തിബോധം അസ്തമിക്കുന്ന, നീതി ബോധം കീഴ്മേൽ മറഞ്ഞുപോകുന്ന ജനങ്ങൾ തിരുത്തൽ ശക്തിയാകാത്ത കാലത്തോളം ഈ ദുരവസ്ഥ തുടരും. സ്വാശ്രയത്വം, സ്വാതന്ത്ര്യം, നീതി, തുല്യത തുടങ്ങിയ പരികല്പനകളെ വികസിപ്പിക്കുകയും ജീവിതവുമായി തുന്നിച്ചേർക്കുകയും ചെയ്യാൻ ഇനിയും വൈകിക്കൂടാ എന്ന് ഓരോ അനീതിയും നമ്മളെ ഓർമ്മിപ്പിക്കുന്നു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ചവരുടെ ക്രൂരതകളുടെ ഞെട്ടൽ മാറുന്നതിനു മുൻപാണ് അതിനു ഉത്തരവാദികളായവരെ പിന്തുണയ്ക്കുന്ന മറ്റൊരു കൂട്ടം സഹപാഠികൾ മാധ്യമങ്ങൾക്കു മുൻപിൽ മരവിച്ചഴുകിയ ന്യായീകരണത്തിന്റെ അശ്ലീല കാഴ്ചയൊരുക്കിയത്. രാഷ്ട്രീയപ്രവർത്തനമെന്ന ലേബലിൽ തുടരുന്ന ഇത്തരം ഹീന പ്രകടനങ്ങളുടെ ആവർത്തനം പി.പി ദിവ്യയെ സംരക്ഷിക്കാനായി വിയർപ്പൊഴുക്കുന്നതും നമ്മൾ കണ്ടു.

ജീവിതത്തെ പുതിയ മാനങ്ങളിലേക്കു നയിക്കാനുള്ള, വൈവിധ്യത്തെ ആഘോഷമാക്കാനുള്ള സ്വതന്ത്രമായി ജീവിതത്തെ പരിണയിക്കാനുള്ള മനുഷ്യന്റെ അവസരങ്ങളാണ് ഇത്തരം പൊള്ളയായ കാഴ്ചയുടെ കോയ്മയിൽ ഒരുക്കുന്ന കാർണിവലുകൾ നഷ്ടമാക്കുന്നത്. സൃഷ്ടിപരതയുടെ ഉള്ളടക്കമില്ലാതെ എത്രനാൾ ഹിംസാത്മക പ്രവർത്തനങ്ങളുടെ തൊണ്ടിമുതലുമായി നമ്മുടെ ജീവിതത്തിന് നാം സ്വയം സാക്ഷിയാകേണ്ടി വരും? ഉദ്ബുദ്ധരായ ജനങ്ങൾ കാതലുള്ള ചോദ്യങ്ങളുമായി നിർഭയം പ്രതിരോധം തീർക്കാത്ത കാലത്തോളം അർത്ഥവത്തായ വ്യവഹാരങ്ങൾ നമ്മുടെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് നിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല എന്ന് തന്നെ വേണം കരുതാൻ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

8 minutes read October 20, 2024 10:28 am