കൃഷിയുടെ ജ്ഞാനപ്പാന

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജൂൺ 22 ലോക മഴക്കാട് ദിനമായി കൊണ്ടാടുകയായിരുന്നു. അപ്പോൾ നമ്മുടെ രാജ്യം അത്യുഷ്ണത്തിന്റെ ഉച്ചകോടിയിലെത്തി. ഉത്തർപ്രദേശിൽ എട്ട് മണിക്കൂർ പവർകട്ട്. കാലത്ത് എട്ട് മുതൽ നാല് മണിവരെ പുറത്തിറങ്ങാൻ വിലക്ക്. പണിശാലകൾ അടഞ്ഞുകിടന്നു. ജനറേറ്റർ ഉള്ളവർ മാത്രം ചലനാത്മകതയിൽ. കേരളത്തിലാകട്ടെ കറന്റ് കട്ട് അനിവാര്യമായി. ഡാമുകൾ ശോഷിച്ചു. വൈദ്യുതി ഉപയോഗം എവറസ്റ്റാരോഹണത്തിലേക്ക്. ഇപ്പോൾ ആഗസ്റ്റ് ആദ്യമാകുമ്പോഴേക്കും അതിന്റെ വിപരീത പ്രതിഭാസം. ചുഴലിക്കാറ്റും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലുമൊക്കെയായി ദുരിത പെയ്ത്ത്.

അന്നമൂട്ടുന്നവർ അവഗണിക്കപ്പെടുമ്പോൾ

വൈരുധ്യങ്ങളുടെ പെരുവഴിയിൽ, പരിഹാരം തേടിയുള്ള യാത്രകളിൽ പലവിധത്തിൽ പലരും പങ്കാളികളാണ്. അവരിലൊരാൾ പെരുമാട്ടിയുടെ പെരുമയുമായി ജ്ഞാനശരവണൻ. വിഷവിമുക്ത ഗ്രാമം എന്ന ലക്ഷ്യം നിറവേറ്റാൻ തുനിഞ്ഞിറങ്ങിയ നാല്പതുകാരൻ. ഇന്ത്യയിലെ 147.7 കോടി ജനതയെ അന്നം ഊട്ടുന്ന കൃഷി അവഗണിക്കപ്പെടുകയും പരാജയപ്പെടുകയും ചെയ്യുന്നു. എന്നാൽ അതിലെ പത്ത് ശതമാനം പേർ മാത്രം ഉപയോഗിക്കുന്ന ഐഫോൺ വിജയമാതൃകയാകുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം വിചാരണ ചെയ്യുകയാണ് ജ്ഞാനശരവണൻ. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ‘പരിസ്ഥിതി സംരക്ഷണം കൃഷിയിലൂടെ’ എന്ന കർഷക ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശുരഹിത ബ്ലോക്ക് എന്ന ലക്ഷ്യത്തിലേക്ക് മഹത്തായൊരു ചുവടുവെയ്പാണിതെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത എം.കെ. സൂചിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വത്സല ബാബു ജ്ഞാനശരവണനെയും ഭാര്യ കൃഷ്ണ സുധയേയും ഉപഹാരം നല്കി ആദരിച്ചു.

ദീശൻ ഓർഗാനിക് ഫാമിൽ ജ്ഞാനശരവണൻ.

Agri-culture-ൽ നിന്ന് Agri-business-ലേക്ക്

കൃഷി സംസ്കാരമാണോ കൃഷി ബിസിനസ്സാക്കി മാറ്റണോ എന്നതാണ് കാതലായ പ്രശ്നം. പഞ്ചഭൂതങ്ങൾ ഉൾപ്പെടുന്ന ഭക്ഷണം ഉണ്ടാക്കുന്ന കൃഷിക്കാർ സർവ്വകലാശാലയുടെ പടികയറിയിട്ടില്ല. പ്രകൃതി അവരുടെ ഗുരു. പ്രപഞ്ചം ഓതിക്കൊടുക്കുന്നതിന് കാതോർക്കുന്നവർ. അതിലെ വിസ്മയങ്ങൾ നോക്കികണ്ട് ഹൃദിസ്ഥമാക്കുന്നു. എന്നാൽ നാല് വർഷം കൊണ്ട് ഇരുപതിലധികം വകുപ്പുകളിലായി 160 ഓളം വിഷയങ്ങൾ (credit) പഠിച്ച് ബി.എസ്.സി. അഗ്രിക്കൾച്ചർ പാസ്സായിട്ടാണ് കൃഷിവകുപ്പിൽ ഉദ്യോഗസ്ഥരെത്തുന്നത്. അതുകൊണ്ട് ഗുണ-ഗണാധിഷ്ഠിതമായി (Qualitatively and Quantitatively) വാർഷിക ലക്ഷ്യം (Target) വെച്ച് കൃഷിയിൽ നിന്ന് വർഷം തോറും ഒരു ലക്ഷം, രണ്ട് ലക്ഷം, മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ വരുമാനം വർധിപ്പിക്കാനാകും. അത് തെളിയിച്ചാണ് ഈ ദമ്പതികൾ 36 ഏക്കർ കൃഷിയിടം വനനിബിഡമായ ഒരു സൂക്ഷ്മതല മാതൃകയാക്കി (Micro model) മാറ്റിയിരിക്കുന്നത്.

കാർഷികത്തിലെ ത്രിതല സംവിധാനം

മണ്ണിന് മുകളിൽ മാനവൻ, മറ്റുജീവികൾ, പക്ഷികൾ എന്നിവർ. രണ്ടാമത്തേത് ഭൂമിക്കടിയിലെ എണ്ണമറ്റ സൂക്ഷ്മാണുക്കൾ. ജൈവവസ്തുക്കൾ അലിഞ്ഞുചേർന്നതും നേരിട്ടുള്ള ജൈവവളങ്ങളും ജൈവമാലിന്യത്തിൽ നിന്നുള്ള കമ്പോസ്റ്റുമടങ്ങുന്നത്. അതിൽ രാസവള-രാസകീടനാശിനികൾ ചെന്നാൽ ആവാസവ്യവസ്ഥ മുടിയും. വേരു പടലങ്ങളടങ്ങുന്ന മൺതലവും സസ്യകാണ്ഡങ്ങളുള്ളതുമാണ് മൂന്നാമത്തെ വിഭാഗം. വിശാല വീക്ഷണമുള്ളവരാണ് കൃഷിക്കാർ. കാർഷികതയുടെ പ്രഫുല്ലതക്കായി സുസ്ഥിരവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ പലരും പല സാങ്കേതിക വിദ്യകൾ പഠിക്കുന്നുണ്ട്. ഉന്നത പഠനങ്ങളിൽ വ്യാപൃതരാകുന്നു. എല്ലാം നിശ്ചിത കാലയളവിലെ നിർദ്ദിഷ്ട സിലബസനുസരിച്ച്. ഉദാഹരണത്തിന് ഡ്രൈവിംഗ് പഠിക്കാൻ മൂന്നുമാസത്തെ പരിശീലനം. പക്ഷേ, കാർഷിക വൃത്തിയുടെ തുടക്കം കൃഷിയിടത്തിലെ അധിവാസം ആരംഭിച്ചത് മുതൽ. കാർഷിക ദർശനം ഉരുവപ്പെടുന്നങ്ങനെ. കൃഷി ധർമ്മം പരിസ്ഥിതിയുടെയും മനുഷ്യന്റെയും ആരോഗ്യം കാക്കാൻ. മറിച്ച് ഫാക്ടറികൾക്ക്, കമ്പനികൾക്ക് ഇത്തരത്തിലൊരു ദർശന പ്രസ്താവം (vision statement) ഇല്ല. ലാഭത്തിന്റെ കണക്കു മാത്രം.

കമ്പോസ്റ്റ് നിർമ്മാണത്തിൽ നിന്ന്

പരീക്ഷണത്തിന്റെ പക്ഷങ്ങളിലൂടെ

ഒരു സെന്റിമീറ്റർ കനത്തിലുള്ള മേൽമണ്ണ് (Top soil) രൂപപ്പെടാൻ 100 മുതൽ 400 വർഷം വരെ വേണം. അതിൽ സ്ഥിരനിക്ഷേപമായി (F.D.) ഇട്ടാൽ തിരിച്ചുകിട്ടുന്നത് ഭക്ഷണവും വെള്ളവും. ഇനിയുള്ള കാലം പെട്രോളിയത്തിനേക്കാൾ വിലകൂടുന്നതായിരിക്കും ജലം. മണ്ണിന് പോഷണമായി ഉണങ്ങിയ പുത (dry mulch). കൃഷിസ്ഥലത്തെ ഇലകൾ, ഒാല, ചിരട്ട തുടങ്ങിയവ ജൈവാവരണമാക്കാം.ഉഴുതുമറിക്കുന്നത് കുറക്കുക.ജൈവ ആവരണവിള(live mulch)യാണ് പുല്ല്, വളപയർ തുടങ്ങിയവ.

ഫാമിൽ ഇരുപത് പശുക്കളുണ്ട്. ജീവാമൃതം, EM ലായനി എന്നിവക്ക് സൂക്ഷിപ്പുകാലം കുറവാണെന്നതാണ് വെല്ലുവിളി. ഇവിടെയാണ് ജ്ഞാനശേഖരന്റെ സാങ്കേതിക വിദ്യ സടകുടഞ്ഞെഴുന്നേറ്റത്. ജലസേചന-വളപ്രയോഗ സംയോജിത സാങ്കേതിക വിദ്യ (Semi automised fertigation)യിലൂടെയാണ് ഇത് പരിഹരിച്ചത്. ഒപ്പം തൊഴിലാളികളുടെ പ്രശ്നവും.
ആദ്യമായി തൊഴുത്തിൽ നിന്നുള്ള ചാണകവും മൂത്രവും കളക്ഷൻ ടാങ്കിലേക്ക് വിടും. പിന്നെ തുറന്ന കിണറ്റി (open well)ലേക്ക്. അവിടെ മെഷിൻ ഉപയോഗിച്ച് കറക്കി ലായനിയാക്കുന്നു. അനന്തരം കംപ്രസർ വെച്ച് അടിക്കും. തുടർന്നാണ് വെള്ളം വറ്റിച്ച് (dewatering) ഖരവളമാക്കുക. ബാക്കിവരുന്ന വളവെള്ളം പൈപ്പിലൂടെ ജലസേചന സമയത്ത് ചെടികൾക്ക് നല്കുകയാണ് പതിവ്. മുപ്പത് ഡ്രമ്മുകളിലെ ബയോസൈജസ്റ്ററിലാണ് സൂക്ഷിപ്പ്. അതിൽ ആവശ്യമനുസരിച്ച് (അതായത് ഏകദേശം 15 കിലോഗ്രാം) ശർക്കര ചേർക്കും.

പൊതുവെ വിളകൾക്ക് വിലകുറവാണ്. കമ്പോളനിലവാരം കൂടുകയും കുറയുകയും ചെയ്യും. കച്ചവടക്കാരന്റെ കണ്ണ് ലാഭത്തിൽ. പറ്റിക്കപ്പെടുന്നത് പണിയാളർ. മറികടക്കാനുള്ള മാർഗ്ഗം മൂല്യവർധിത ഉല്പന്നങ്ങളാണ്. മൊത്ത/കച്ചവടക്കാർ കിലോക്ക് 2-3 രൂപക്ക് വാങ്ങുന്ന തക്കാളി കെച്ചപ്പ്/സോസ് ആക്കിയാൽ 100 ഗ്രാമിന് 20-40 രൂപ കിട്ടും. വ്യവസായ ഉല്പന്നങ്ങൾക്ക് (finished goods) വിപണിയിൽ നിശ്ചിത വിലയുണ്ട്. ഒരു കിലോ തേങ്ങക്ക് 40-50 രൂപയാണ് കിട്ടുന്നതെങ്കിൽ വെർജിൻ കോക്കനട്ട് ഓയിലിന് (ഉരുക്കെണ്ണ) മാർക്കറ്റുവില ഏകദേശം 700 രൂപക്കുമേൽ. പാല് ഒരു ദിവസമെ വെക്കാനാകൂ. തൈരാക്കിയാൽ 2-3 ദിവസവും വെണ്ണയായി മൂന്നു മാസവും നെയ്യ് വർഷം മുഴുവനും കാത്തുവെക്കാം. പാൽവില ലിറ്ററിന് 40-50 രൂപ. യോഗർട്ടിന് 120-140 രൂപയാണ്. നാടൻ പശുവിന്റെ നെയ്യുടെ മൂല്യം കിലോക്ക് 3000-4000 രൂപ വരെ. മോരിൽ ശർക്കര ചേർത്തുവെച്ചാൽ വളമായി. സൂക്ഷ്മാണുക്കളുടെ പെരുക്കങ്ങളും. എൽ.പി.ജി.യുടെ വില കത്തികയറുമ്പോൾ ബയോഗ്യാസ് യൂണിറ്റിലൂടെ മീഥേൻ അടുക്കളയിലേക്കും സ്ലറി വളപ്പിലേക്ക് വളമായും ലഭിക്കുന്നു. ബയോഫെർട്ടിലൈസറും ഇന്ധനവും ഒറ്റയടിക്ക്. മറ്റൊരുപാധി വെർമ്മി കമ്പോസ്റ്റ്.

ദീശൻ ഫാമിലെ ഉല്പന്നങ്ങൾ

ഭൂതലം സുസ്ഥിരവും സമഗ്രവുമാക്കാൻ

ഒരു തെങ്ങ് ഒരുവർഷം നാളികേരത്തിന് പുറമെ 140 കിലോഗ്രാമോളം ഉപോല്പന്നങ്ങൾ (പട്ട, മടൽ, ചിരട്ട തുടങ്ങിയ വേസ്റ്റ് എന്നു വിളിക്കുന്നവ) തരുന്നത് കമ്പോസ്റ്റ് ആക്കിയാൽ 70-80 കിലോഗ്രാം വരുമെന്ന് ശരവണൻ. നാം സാധാരണ അത് കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. Waste is Wealth. മാലിന്യശല്യം ഒഴിവാക്കുകയും ചെയ്യാം. വളം പാക്കറ്റാക്കി വില്ക്കാനുമാകും. ജൈവപച്ചിലവളമായ ഡെയ്ഞ്ചയാണ് നൈട്രജൻ നിക്ഷേപിക്കുന്നത്. യൂറിയയുടെ 40 ശതമാനം മാത്രമെ നൈട്രജനുള്ളൂ. ബാക്കി അവശിഷ്ടമായി മണ്ണിൽ കിടന്ന് മലിനമാകും. ഉല്പാദനക്ഷമതയുള്ള തെങ്ങ്, അടക്കാമരം, ജാതി, ആധുനികവും അത്യുല്പാദനശേഷിയുമുള്ള പേര, ലിച്ചി, അവക്കാഡോ തുടങ്ങിയ പഴവർഗ്ഗങ്ങൾ, വെള്ളരി എന്നിങ്ങനെ അഞ്ചുതലങ്ങളിൽ വിഭാവനം ചെയ്യുന്ന വിളവൈവിധ്യം. ഇങ്ങനെ ചെയ്യുന്നതോടെ മൺസൂൺ കൃഷിയിടത്തിലേക്ക് വരുമെന്ന് ഈ യുവകർഷകൻ വിശ്വസിക്കുന്നു. പഴങ്ങൾ സംസ്കരിക്കുന്നു. വിറ്റാമിൻ സി രോഗ പ്രതിരോധത്തിന്. ഇൻസുലിൻ ഉണ്ടാക്കുകയും ഹീമോഗ്ലോബിൻ (HB) ശരിയാക്കുകയും ചെയ്യും. പാടത്ത് നവര, രക്തശാലി നെല്ലിനങ്ങൾ. പ്ലാവിലേയും മറ്റു ഫലവർഗ്ഗ ചെടികളിലേയും കനികൾ മറ്റുജീവികൾക്കും ആഹാരമാകുന്നു. മയിൽ-കുറുനരിയുടെ ശരിയായ അനുപാതം വന്യജീവിശല്യം കുറക്കും. സചേതനമായ കാട് ജൈവ നിയന്ത്രണം സാധ്യമാക്കുന്നു.

ജ്ഞാനശരവണൻ.

സുതാര്യതയും നൈതികതയും

ഉഷ്ണമേഖല രാജ്യത്ത് (Tropical) മഴവെള്ള സംഭരണം അനിവാര്യം. ഇവിടെയുള്ളത് 3000 ച. അടിയുള്ള കുളവും അതിൽ മത്സ്യം വളർത്തലും. കാർഷിക യന്ത്രോപകരണങ്ങൾ വഴി തൊഴിലാളിക്ഷാമം പരിഹരിക്കാം. ഹരിതഗൃഹ പ്രഭാവം (Green house effect) കുറക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്. സോളാർ ഡ്രയറിലാണ് തേങ്ങ ഉണക്കുന്നത്. വെളിച്ചെണ്ണയും പിണ്ണാക്കും ലഭിക്കും. കാർഷിക മേഖലയിലുള്ളവർ സ്മാർട്ട് ഫോൺ ഉപയോഗിക്കുവാൻ പഠിക്കുന്നതുപോലെ സാങ്കേതിക/ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോഗിക്കുവാൻ പ്രാപ്തി നേടണം. മൂന്ന് നേരം ശാപ്പിടാൻ എന്ത്, എവിടെനിന്ന്, എന്താണ് ഉള്ളതെന്നറിയുക. ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാണ് ഐഫോൺ വാങ്ങുന്നത്. എന്ത് ഉപയോഗം എന്ന് ആലോചിക്കണം. തവിടുകളഞ്ഞ് അന്നജം (carbo hydrate) മാത്രം കഴിക്കുന്നതിലെ പരിമിതി കൃഷിക്കാരൻ ബോധ്യപ്പെടണം. അന്നം തന്നെ ഔഷധം. മനോഭാവം മാറ്റുക. വിദ്യാഭ്യാസത്തിൽ അനുകരണീയമായ മാതൃകകൾ കുറവ്. അതും ബിസിനസായി മാറുന്നു. ജനങ്ങൾക്ക് വേണ്ടത് ശുദ്ധവും പോഷണസമൃദ്ധവുമായ ഭക്ഷണം. പുനഃചംക്രമണവും പുനരുപയോഗവും സുസ്ഥിരതയിലേക്ക് നയിക്കും. ചിരട്ട കത്തിച്ച് ചാരമാക്കുന്നതിന് പകരം കമ്പോസ്റ്റാക്കുക.

ജഗദീശൻ എന്ന അച്ഛന്റെ നാമധേയത്തിൽ നിന്ന് കമ്പനി തുടങ്ങിയത് ദീശൻ എന്ന പേരിൽ. ബ്രാന്റിംഗ് നടത്തിയാണ് തനത് ഉല്പന്ന വില്പന. സംഘർഷമകറ്റാനും തലമുടി കൊഴിയാതിരിക്കാനും ജൈവ ഷാമ്പു. പുതുതലമുറ ഭക്ഷണവും ശരിയാക്കണം. വിപണി ഓൺലൈനായി. സെലിബ്രിറ്റികളുടെ പരസ്യത്തിൽ, ഡിസ്കൗണ്ടിന്റെ കെണിയിൽ നാം വീണുപോകുകയാണ്. അങ്ങനെ വെളിച്ചെണ്ണക്കുപകരം സൂര്യകാന്തിയെണ്ണ വാങ്ങുന്നു. കേന്ദ്ര-സംസ്ഥാനാവിഷ്കൃത ജൈവകൃഷി പദ്ധതികളുടെ സാധ്യതകൾ ആരായണം. ഫാർമർ പ്രൊഡ്യൂസർ കമ്പനികളും ഫാമുകളും സാമൂഹികാധിഷ്ഠിതവും ഉപഭോക്തൃ സൗഹൃദവുമാകണം. കാത്തുസൂക്ഷിക്കേണ്ടത് സുതാര്യതയും നൈതികതയും. അവാർഡുകളുടെ തേരിലേറി ജ്ഞാനശരവണ-കൃഷ്ണസുധ ദമ്പതികളെ തേടിയെത്തിയത് വ്യത്യസ്ത ബഹുമതികൾ. കേരകേസരി (2017), യുവകർഷകനുള്ള പുരസ്കാരം (2019), അക്ഷയശ്രീ (2020), സംസ്ഥാന ജൈവകർഷകൻ (2022), വിവേകാനന്ദ അവാർഡ് തുടങ്ങിയവ. ശരവണന് H.R.D(മാനവശേഷി വികസനം)യിൽ ബിരുദാനന്തര ബിരുദവും ഭാര്യക്ക് കമ്പ്യൂട്ടർ സയൻസിൽ ഉന്നത പഠനവും. ഉദ്യോഗത്തിലെ ലക്ഷകണക്കിനുള്ള വരുമാനം ഉപേക്ഷിച്ചാണ് കാർഷിക വൃത്തിയിൽ വ്യാപൃതരായത്. നല്ല ഭക്ഷണവും നല്ല ആരോഗ്യവും നല്ല യുവതയുമാണ് അവരുടെ ഉന്നം. വീട്ടിലും വിദ്യാലയത്തിലും കൃഷിയെ കുറിച്ച് ആരും ഉരിയാടില്ല. അതുകൊണ്ട് അടുത്ത തലമുറയിൽ കൃഷിയുടെ നന്മവിത്തുകൾ വിതക്കാൻ അദ്ദേഹം ക്ലാസുകളെടുക്കുന്നു-ICAR, തമിഴ്നാട് കാർഷിക സർവ്വകലാശാല, യൂണിവേഴ്സിറ്റികൾ, സ്വകാര്യഫാമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം.

കോവിഡ് കാലത്ത് ‘ഇ’ മാർക്കറ്റ് ആരംഭിച്ചു. പ്രാദേശിക കർഷകരുടെ സൊസൈറ്റികൾ ഉണ്ടാക്കി. കേന്ദ്രസർക്കാരിന്റെ നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗിന്റെ (NMNF) ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. തൊഴിൽ പ്രശ്നങ്ങൾ, ജലലഭ്യത, ഉപഭോക്തൃ വിജ്ഞാനകുറവ് തുടങ്ങിയവയാണ് മുഖ്യ വെല്ലുവിളികൾ. എല്ലാ പ്രവൃത്തികളിലും സ്വയം ഉത്തരവാദികളാകുക എന്നതാണ് ജ്ഞാനോപദേശം. അനുപേക്ഷണീയം ആവാസവ്യവസ്ഥയുടെ സംരക്ഷണം. വിഭവ ദുർവിനിയോഗം കുറക്കുക. ചന്ദ്രനിൽ പോയുള്ള പരീക്ഷണങ്ങൾ ആവശ്യമാകാം. എന്നാൽ സമഗ്രവും ഉപാധികളില്ലാത്തതുമായ ആരോഗ്യത്തിന് ഭീഷണിയാകുന്ന മണ്ണും വെള്ളവും പരിരക്ഷിക്കുക. ഗ്രാമം മലിനമുക്തവും സുസ്ഥിരവുമാക്കാൻ Deesan Organic Farms എന്ന പ്രസ്ഥാനവുമായി നീങ്ങുകയാണ് ഈ ചെറുപ്പക്കാരൻ.

Also Read

5 minutes read August 13, 2026 2:52 pm