ഡൽഹി നഗരത്തിലെ മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്ന ഒരാൾ 2022 ഒക്ടോബർ 20 മുതൽ നവംബർ 21 വരെയുള്ള കാലയളവിൽ 340 സിഗരറ്റ് വലിച്ചതിന് സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നാണ് കഴിഞ്ഞ വർഷം ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്. 2023 നവംബറിലും തലസ്ഥാന നഗരം സമാനമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. ഡൽഹിയിലെ നിലവിലെ പർടികുലേറ്റ് മാറ്റർ (വായുവിലുള്ള ഖര അല്ലെങ്കിൽ ദ്രാവകത്തിന്റെ കണികകൾ ആണ് പർടികുലേറ്റ് മാറ്റർ അഥവാ കണികാ ദ്രവ്യം) സാന്ദ്രതയായ PM 2.5 ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാർഗ്ഗ നിർദ്ദേശകതത്വം പറയുന്ന പരിധിയേക്കാൾ 14.2 മടങ്ങ് കൂടുതലാണ്. ഈ വായു ശ്വസിക്കുന്നത് ഒരു ദിവസം 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തണുപ്പ് കാലം തുടങ്ങിയതോടെ ദേശീയ തലസ്ഥാനം ശ്വസിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. നഗരവാസികൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം ഡൽഹിയുടെ അന്തരീക്ഷം മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഡൽഹിയിലെ വായു മലിനീകരണ തോത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘ഗുരുതര’ വിഭാഗത്തിൽ തന്നെ തുടരുന്നു. ഇതിനെത്തുടർന്ന് ഡൽഹിയിലെ പ്രൈമറി വിദ്യാലങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിക്കുകയും ചെയ്തു. ദീപാവലി ആഘോഷങ്ങൾക്കു മുൻപ് തന്നെ എയർ ക്വാളിറ്റി ഇൻഡക്സ് ഈ അവസ്ഥയിലേക്കെത്തിയത് ആശങ്കയുയർത്തിയിട്ടുണ്ട്. ദീപാവലി ദിവസത്തിൽ ഉണ്ടായേക്കാവുന്ന കരിമരുന്ന് പ്രയോഗം സ്ഥിതി വഷളാക്കാനും സാധ്യതയുണ്ട്. കരിമരുന്ന് പ്രയോഗത്തിൽ മിതത്വം വേണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. നിയന്ത്രണങ്ങൾ ഡൽഹിക്ക് മാത്രമല്ല രാജ്യവ്യാപകമായി ബാധകമായിരിക്കുമെന്നും കോടതി പറഞ്ഞു. അതോടൊപ്പം ഡൽഹിക്ക് ചുറ്റുമുള്ള അയൽ സംസ്ഥാനങ്ങളിൽ കർഷകർ വയ്ക്കോൽ കത്തിക്കുന്നത് ഉടനടി തടയുവാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകി. നവംബർ 13 മുതൽ 20 വരെ ‘ഒറ്റ-ഇരട്ട’ വാഹന നിയന്ത്രണവും (ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന നമ്പർപ്ലേറ്റുള്ള സ്വകാര്യ വാഹനങ്ങൾ ഒറ്റ അക്ക തീയതികളിൽ നിരത്തുകളിൽ അനുവദിക്കും, ഇരട്ട സംഖ്യയുള്ള വാഹനങ്ങൾക്ക് ഇരട്ട തീയതികളിൽ ഓടാം) ഡൽഹിയിൽ നടപ്പിലാക്കും.
ആരോഗ്യവാന്മാരായ ആളുകളിൽ പോലും ശ്വസന സംബന്ധിയായ അസുഖങ്ങൾ ഉണ്ടാക്കുന്ന, ‘ഗുരുതര’ വിഭാഗത്തിലാണ് ഇപ്പോൾ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക. ശ്വാസകോശ സംബന്ധിയായതോ, ഹൃദയ സംബന്ധിയായതോ ആയ അസുഖങ്ങളുള്ളവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും ഈ അവസ്ഥ കാരണമാകും. ഡൽഹിയിലും പരിസരത്തും നിരവധി സ്ഥലങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ‘400’നു മുകളിലാണ് ഇപ്പോൾ രേഖപ്പെടുത്തിയിടുള്ളത്. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ ശരാശരി AQI 471 രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഇത് മെച്ചപ്പെട്ട് 395 ലേക്ക് എത്തി. എന്നാൽ ബുധനാഴ്ച രാവിലെ AQI വീണ്ടും മോശപ്പെട്ട് വീണ്ടും 400 നു മുകളിലേക്ക് കടന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം, ഒക്ടോബർ 27 മുതൽ ഡൽഹിയുടെ വായു ഗുണനിലവാര സൂചിക 200 പോയിൻറിലധികം വർധിച്ചിട്ടുണ്ട്. 2021 നവംബർ 12-ന് രേഖപ്പെടുത്തിയ 471 എന്ന ഉയർന്ന ഇൻഡക്സിലേക്ക് ഡൽഹി ഈ വർഷം നവംബർ 3 ന് വീണ്ടുമെത്തി. എല്ലാ വർഷവും ശീതകാലത്ത് ഡൽഹിയിലെ വായു ഇത്തരത്തിൽ ഗുരുതരമായ മലിനീകരണ തോതിലേക്ക് എത്താറുണ്ട്.
ശ്വാസകോശ രോഗങ്ങൾ ഉറപ്പ്
2011 ലെ സെൻസസ് പ്രകാരം ഡൽഹിയിൽ ഏകദേശം 167.5 ലക്ഷം ജനങ്ങളാണ് നിലവിൽ താമസിക്കുന്നത്. ഈ വലിയ ജനസമൂഹത്തെ ഗുരുതര രോഗങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയിലാണ് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം. നിരവധി പഠനങ്ങൾ വായു മലിനീകരണം ശ്വസന പ്രവർത്തനങ്ങളിലുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും അനുബന്ധ രോഗാവസ്ഥകളെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും സമഗ്രമായ പഠനം, 2008-ൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനമാണ്. ഡൽഹിയിലെ വായു മലിനീകരണം മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ പശ്ചിമ ബംഗാളിലെ ഗ്രാമീണ ജനസംഖ്യയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഈ പഠനം നടന്നത്. ഗ്രാമീണ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഡൽഹിയിൽ 1.7 മടങ്ങ് കൂടുതലാണെന്ന് ഈ പഠനം പറയുന്നു. ഡൽഹിയിൽ 40.3 ശതമാനം ആളുകളുടെയും ശ്വാസകോശ പ്രവർത്തനക്ഷമതത കുറഞ്ഞിരിക്കുന്നു. എന്നാൽ, ബംഗാളിൽ ഇത് 20 ശതമാനം മാത്രമാണെന്ന് പഠനം പറയുന്നു. ഡൽഹിയിൽ ജനിക്കുന്ന മൂന്നിൽ ഒന്ന് കുട്ടികൾക്കും ശ്വാസകോശ രോഗങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ‘ഇന്ത്യയിൽ മൊത്തം ഒരു വർഷം 2 മില്യണിൽ അധികം ആളുകളാണ് വായു മലിനീകരണം മൂലം കൊല്ലപ്പെടുന്നതെന്നും,എന്നാൽ ഇത് പൊതുജനാരോഗ്യ പ്രശ്നമായി സർക്കാരുകൾ പരിഗണിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകയും ‘ബ്രീത്തിങ് ഹിയർ ഈസ് ഇഞ്ചുറിയസ് ടു യുവർ ഹെൽത്ത്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജ്യോതി പാണ്ഡേ ലവാകരേ അഭിപ്രായപ്പെടുന്നു.
മലിനീകരണം ദൃശ്യമാകുന്ന ശീതകാലം
വാഹനങ്ങളിൽ നിന്നുള്ള പുക, വ്യവസായങ്ങൾ പുറത്തുവിടുന്ന പുക, ഊർജ്ജ നിലയങ്ങൾ പുറത്തുവിടുന്ന വാതകങ്ങൾ, കർഷകർ വയലുകൾ കത്തിക്കുന്നതിൽ നിന്നും ഉയരുന്ന പുക, നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന പൊടി, മാലിന്യങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക എന്നിവയാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ. ശീതകാലത്ത് മലിനീകരണം കൂടുതൽ ദൃശ്യമാകുന്നതിന്റെ കാരണം ഈ സമയത്ത് വായു കൂടുതൽ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കിടക്കുന്നു എന്നതുകൊണ്ട് കൂടിയാണ്. നഗരത്തിലും ചുറ്റിലുമുള്ള പ്രദേശങ്ങളിലും ഉണ്ടാകുന്ന പൊടിയും മറ്റു മലിനീകരണം ഉണ്ടാക്കുന്ന പാർട്ടിക്കിളുകളും ഈ സമയത്ത് ഭൂമിയോടു ചേർന്ന് കിടക്കുന്നു. അതുകൊണ്ടാണ് എല്ലാ വർഷവും ശീതകാലത്ത് ഡൽഹിയിൽ ഗുരുതരമായ വായു മലിനീകരണമുണ്ടാകുന്നത്. എന്നാൽ മലിനീകരണം വർഷത്തിൽ എല്ലാ സമയത്തും നടക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ശീതകാലത്ത് തന്നെ ദീപാവലിയുടെ ഭാഗമായി നടക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകുന്നതും ഡൽഹിക്ക് സമീപമുള്ള സംസ്ഥാനങ്ങളിൽ വിളവെടുപ്പിന് ശേഷം വയ്ക്കോൽ കത്തിക്കുന്നത് ഈ സമയത്തു തന്നെയായതും പ്രശ്നം രൂക്ഷമാക്കാറുണ്ട്. ഡീസൽ വാഹനങ്ങൾ, ട്രക്കുകൾ, മറ്റു വാഹനങ്ങൾ എന്നിവ അടങ്ങുന്ന ഗതാഗത സംവിധാനങ്ങൾ മലിനീകരണത്തിന്റെ മറ്റൊരു പ്രധാന ഉറവിടമാണ്. ഗുണനിലവാരമില്ലാത്ത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വ്യവസായങ്ങളും, വാഹനങ്ങളും പ്രശ്‌നത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. മാലിന്യങ്ങൾ കത്തിക്കുന്നതും, വീടുകളിൽ ഖര രൂപത്തിലുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്നതും, റോഡിൽ നിന്നും നിർമാണ പ്രവർത്തങ്ങളിൽ നിന്നുമുണ്ടാകുന്ന പൊടിയും മലിനീകരണം ഉണ്ടാക്കുന്ന മറ്റു ഘടകങ്ങളാണ്.
സംയോജിതവും സമഗ്രവുമായ പരിഹാരം
സീസണൽ ആയിട്ടുള്ള പരിഹാരങ്ങൾ കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ പ്രശ്‌നപരിഹാരത്തിന് ഡൽഹിയും അയൽ സംസ്ഥാങ്ങളും ഉൾപ്പെടുന്ന ഇൻഡോ-ഗാംജറ്റിക് സമതലങ്ങൾ മുഴുവനായും ഉൾപ്പെടുത്തിയുള്ള കർമ്മ പദ്ധതികളാണ് ആവശ്യം. “ഗതാഗത സംവിധാനത്തെ പരിഷ്കരിക്കുക എന്നത് പരിഹാര മാർഗങ്ങളിലൊന്നാണ്. കാറുകളും, ഇരുചക്ര വാഹനങ്ങളും ഡൽഹിയിലെ റോഡുകളിൽ വളരെ കൂടുതലാണ്. ജനസഖ്യയുടെ 15 മുതൽ 20 ശതമാനം ആളുകളാണ് ഡൽഹിയിൽ കാറുകൾ ഉപയോഗിക്കുന്നത്. എന്നാൽ റോഡിന്റെ 90 ശതമാനവും കവരുന്നത് കാറുകളും ഇരുചക്ര വാഹനങ്ങളുമാണ്. ഇവ മലിനീകരണ തോത് കൂട്ടുന്നു. മറ്റു വാഹനങ്ങൾക്ക് റോഡിൽ ഇടമില്ല എന്നതാണ് വാസ്തവം. ഡൽഹിയുടെ സുഗമമായ ഗതാഗത സംവിധാനത്തിന് വേണ്ടത് 10,000 ബസുകൾ ആണെങ്കിൽ 6261 എണ്ണം മാത്രമാണ് ഇപ്പോൾ ഡൽഹിയിലുള്ളത്. മെട്രോ, ബസ് , ഓട്ടോ എന്നീ സംവിധാനങ്ങൾ സംയോജിപ്പിച്ച് അവസാന ലക്ഷ്യ സ്ഥാനം വരെ യാത്ര സുഗമമാകാനുള്ള പരിശ്രമങ്ങളാണ് ഇനി വേണ്ടത്.” ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകയും ഡൗൺ ടു എർത്ത് എഡിറ്ററുമായ സുനിത നാരായൺ അഭിപ്രായപ്പെടുന്നു. സ്വകാര്യ കാറുകളുടെ എണ്ണം കുറക്കുകയും ജനങ്ങൾ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കും വിധം അത് പരിഷ്കരിക്കുകയും ചെയ്താലേ വാഹനങ്ങൾ പുറത്തുവിടുന്ന മലിനീകരണ തോത് കുറക്കാൻ സാധിക്കു.
ഡൽഹിയിലെ ഖരമാലിന്യങ്ങൾ കത്തിക്കുന്ന പ്രക്രിയ അവസാനിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഡൽഹിയിൽ പ്രതിദിനം 190 മുതൽ 246 ടൺ വരെ മുനിസിപ്പൽ ഖര മാലിന്യങ്ങൾ കത്തിക്കുന്നുവെന്നും ഇത് വായുവിനെ ഗുരുതരമായി മലിനമാക്കുന്നുവെന്നും 2015 ലെ ഒരു പഠനം പറയുന്നു. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള മാലിന്യം കത്തിക്കുന്നത് അവസാനിപ്പിക്കണം, കൂടാതെ മുനിസിപ്പൽ ഖര മാലിന്യങ്ങൾ ഫലപ്രദമായി ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുമുണ്ട്. മലിനീകരണ തോത് കുറഞ്ഞ ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റവും വളരെ പ്രധാനപ്പെട്ടതാണ്. ഡൽഹിയിലും എൻ.സി.ആറിലും നിലവിൽ കൽക്കരി ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിക്ക് പുറത്തുള്ള വ്യവസായ നഗരങ്ങളിൽ ഇപ്പോഴും കൽക്കരി ഉപയോഗിക്കുന്നുണ്ട്. ഈ വ്യവസായങ്ങൾ പ്രകൃതി വാതകങ്ങളിലേക്കു മാറിയിട്ടില്ല. പ്രകൃതി വാതകങ്ങളുടെ വിലക്കൂടുതലാണ് ഇതിന് കാരണം. ഇത്തരം വ്യവസായങ്ങളും പ്രകൃതി വാതകങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും, നിയമ നിർമാണം നടത്തുകയും വേണം. കർഷകർ വയ്ക്കോൽ കത്തിക്കുന്നതിന് പകരം സംവിധാനങ്ങൾ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. മലിനീകരണത്തിന് സംസ്ഥാന അതിർത്തികൾ ഇല്ല എന്നതുകൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങളുടെ കൂട്ടായതും സമഗ്രവുമായ പദ്ധതികളിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
തയ്യാറാക്കിയത്: നിഖിൽ വർഗീസ്