കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പൃഥ്വി റൂട്ട് കൂട്ടായ്മ എല്ലാ വാരാന്ത്യങ്ങളിലും ചുരം കയറി വയനാട്ടിലെ മുത്തങ്ങയിലെത്തും. അധിനിവേശ സസ്യമായ സെന്നയുടെ വേരറുക്കുകയാണ് ലക്ഷ്യം. കോഴിക്കോട് രാമകൃഷ്ണ മിഷൻ സ്കൂളിലെ പരിസ്ഥിതി ക്ലബിലുണ്ടായിരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയാണ് പൃഥ്വി റൂട്ട്. രാമകൃഷ്ണ മിഷനിലെ പഠനകാലത്ത് സംഘടിപ്പിച്ചിരുന്ന നേച്ചർ ക്യാമ്പുകളുടെ ഭാഗമായി പൃഥ്വി അംഗങ്ങൾ മുത്തങ്ങ സന്ദർശിക്കാറുണ്ടായിരുന്നു. വളരുന്ന പ്രദേശത്തെ പുൽനാമ്പുകളെപ്പോലും നശിപ്പിക്കുന്ന സെന്ന പടർന്ന് പിടിക്കുന്നത് കേരളത്തിലെ പ്രധാന വന്യജീവി സങ്കേതങ്ങളിൽ ഒന്നായ മുത്തങ്ങയെ തകർച്ചയിലേയ്ക്ക് നയിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഇവരെ സെന്ന മരങ്ങൾ നശിപ്പിക്കുക എന്ന ഉദ്യമത്തിലേയ്ക്ക് നയിച്ചത്. സെന്നയുടെ വ്യാപനം കാരണം ആവാസവ്യവസ്ഥ തകർന്നതും മനുഷ്യ-വന്യജീവി സംഘർഷം വലിയ രീതിയിൽ കൂടിയതും സെന്നയെ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഉറച്ചുനിൽക്കാൻ പൃഥ്വിക്ക് പ്രേരണയായി മാറി. ഓരോ മരവും എവിടെയാണ് നടേണ്ടതെന്ന തിരിച്ചറിവില്ലാതെ വൃക്ഷത്തൈകൾ വ്യാപകമായി നടുന്ന പരിസ്ഥിതി ദിനത്തിൽ സെന്ന മരങ്ങൾ നശിപ്പിക്കുന്നതിനായി പൃഥ്വി നടത്തുന്ന പ്രവർത്തനങ്ങൾ വ്യത്യസ്തമാകുന്നു.
‘സെന്ന സ്പെക്ടബിലിസ്’ എന്നാണ് സെന്നയുടെ ശാസ്ത്രീയ നാമം. വിഷക്കൊന്ന, രാക്ഷസകൊന്ന, സ്വർണകൊന്ന എന്നും ഇതിനെ വിശേഷിപ്പിച്ച് പോരുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 15 മീറ്റർ മുതൽ 20 മീറ്റർ വരെ ഉയരത്തിൽ ഇത് വളരും. ഒരു പ്രദേശത്തിന്റെ സന്തുലിതാവസ്ഥയെ മുഴുവനായി താറുമാറാക്കാനും മറ്റ് വൃക്ഷങ്ങളെയും സസ്യങ്ങളെയും പൂർണ്ണമായും നശിപ്പിക്കാനും ഇതിന് ശേഷിയുണ്ട്. കേരളം, തമിഴ്നാട്, കർണാടക മുതലായ സംസ്ഥാനങ്ങളുടെ ജൈവവൈവിധ്യ സമ്പത്തിനെ ഇത് പ്രതികൂലമായി ബാധിച്ച് തുടങ്ങി. 1980-കളിലാണ് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം പണം മുടക്കി കാടുകളിൽ മഞ്ഞക്കൊന്നത്തൈകൾ നട്ടുപിടിപ്പിച്ചത്. നട്ടുപിടിപ്പിച്ച മഞ്ഞക്കൊന്നകൾ വളർന്ന് വനത്തിന് വിപത്തായി മാറിയതോടെ ഇപ്പോൾ അവ പിഴുതുമാറ്റാൻ കോടികൾ വകയിരുത്തുകയാണ്. 2.27 കോടി രൂപയാണ് ഈ അധിനിവേശ സസ്യത്തെ ഉന്മൂലം ചെയ്യുന്നതിനായി വനംവകുപ്പ് ആദ്യഘട്ടം അനുവദിച്ചത്. അനുവദിച്ച തുകയുടെ പകുതിയിൽ അധികം ചെലവായെന്നല്ലാതെ പ്രയോജനങ്ങളൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. മഞ്ഞക്കൊന്നയുടെ വ്യാപനം കാട്ടിലെ ആവാസവ്യവസ്ഥ തകർക്കുകയും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതിന് കാരണമായി മാറുകയും ചെയ്തിരിക്കുന്നു. വയനാട് മുത്തങ്ങ-തോൽപ്പെട്ടി റേഞ്ചിൽ മാത്രമായി 1500 ഹെക്ടറിൽ സെന്ന വ്യാപിച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ മാത്രം കണക്കാണിത്. ഭൂമധ്യരേഖ പ്രദേശങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ സെന്നയ്ക്ക് ഇത്രത്തോളം വ്യാപ്തിയോ വ്യാപനമോ ഉണ്ടാവില്ല. ഭൂമധ്യരേഖ പ്രദേശങ്ങളിലെ കാലാവസ്ഥ സെന്നയ്ക്ക് ഏറ്റവും അനുയോജ്യമാണ്. വയനാടൻ കാടുകളിലെ മണ്ണിന് നല്ല വളക്കൂറുള്ളതുകൊണ്ട് തന്നെ അവയിൽ ഏറ്റവും എളുപ്പത്തിൽ സെന്ന വേര് പിടിക്കുന്നു. ഒരു തവണ അറുത്ത് മാറ്റിയാൽ അഞ്ചും ആറുമായിട്ടാണ് സെന്ന വീണ്ടും മുളച്ചു വരുന്നത്. മഞ്ഞക്കൊന്നയുടെ വ്യാപനത്തോടെയാണ് മറ്റ് മരങ്ങൾ ഉണങ്ങി പോകാനും പുതിയ മരങ്ങളോ സസ്യങ്ങളോ വേര് പിടിക്കാതിരിക്കാനും തുടങ്ങിയത്. സസ്യഭുക്കുകളായ മൃഗങ്ങൾ മഞ്ഞക്കൊന്നയുടെ ഇല ഭക്ഷിക്കാറില്ലാത്തതുകൊണ്ട് പല മൃഗങ്ങൾക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.
കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ ഒരു പ്രധാന കാരണം സെന്നയാണെന്ന തിരിച്ചറിവാണ് പൃഥ്വി റൂട്ടിന്റെ ഈ ഉദ്യമത്തിലേക്കുള്ള ചുവടുവയ്പ്പിന് കാരണമായതെന്ന് പൃഥ്വി റൂട്ട് സെക്രട്ടറി സുഗമ്യ കേരളീയത്തോട് പറഞ്ഞു. “2006, 2007 കാലത്ത് മുത്തങ്ങ സന്ദർശിച്ചപ്പോൾ ഇതിന്റെ ഒന്ന്, രണ്ട് തൈകൾ മാത്രമായിരുന്നു കണ്ടിരുന്നത്. അന്നേ ഞങ്ങളുടെ അധ്യാപകർ ഇത് ഭാവിയിൽ ഒരു ഭീഷണിയാകാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് വന്യജീവി സംഘർഷം വയനാട്ടിൽ കൂടുന്നതായി അറിയുന്നത്. ഇത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ച് തുടങ്ങിയ സമയത്താണ് ചില സെമിനാറുകളിൽ സെന്നയെക്കുറിച്ച് പരാമർശിച്ച് കേൾക്കുന്നത്. മഞ്ഞക്കൊന്ന പശ്ചിമഘട്ടത്തിൽ അവിടവിടയായി വ്യാപിച്ച് തുടങ്ങിയെന്നും പശ്ചിമഘട്ടം മുഴുവനായി വ്യാപിയ്ക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു കേട്ടു. ഞങ്ങൾ അങ്ങനെ നേരിട്ട് മുത്തങ്ങയിൽ പോവുകയും, പോകുന്ന സമയത്ത് തന്നെ ഒരു പ്രൊപ്പോസൽ കരുതുകയും ചെയ്തു. വിദ്യാർത്ഥികൾ മുതൽ പല വിഭാഗത്തിലുള്ളവർ വരെ പൃഥ്വിയിലെ അംഗങ്ങളായതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടുന്നതിന് ഞങ്ങൾക്ക് പരിമിതിയുണ്ടായിരുന്നു. ഡി.എഫ്.ഓയേയും വൈൽഡ് ലൈഫ് ഇൻചാർജിനേയും കണ്ട് ആണ് പ്രൊപ്പോസൽ കൊടുത്ത് അനുമതി വാങ്ങിയത്. 2023 നവംബറിൽ ആയിരുന്നു പ്രൊപ്പോസൽ കൊടുക്കുന്നത്. മാർച്ച് മുതൽ തുടർച്ചയായി എല്ലാ ആഴ്ചകളിലും ശനിയും ഞായറും മുത്തങ്ങയിൽ എത്തി സെന്ന നശീകരണത്തിൽ പൃഥ്വി റൂട്ട് ഏർപ്പെടുന്നുണ്ട്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചും വനം വകുപ്പ് പൃഥ്വിയെ ക്ഷണിച്ചിട്ടുണ്ട് . തുടർച്ചയായ നശീകരണ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ സെന്നയെ വേരോടെ ഉന്മൂലനം ചെയ്യാൻ സാധിക്കൂ.”
സെന്നയെ നശിപ്പിക്കാൻ വേണ്ടി രാസപ്രയോഗങ്ങളൊന്നും സാധ്യമല്ല. മുത്തങ്ങയിലെ മറ്റ് സാഹചര്യങ്ങളെല്ലാം പരിഗണിച്ചുള്ള നശീകരണ പ്രവർത്തനം മാത്രമേ സാധ്യമാകൂ. കേരള വനഗേവഷണ പഠന കേന്ദ്രം (കെ.എഫ്.ആർ.ഐ) നിർദ്ദേശിച്ച രീതിയുമായിട്ടാണ് പൃഥ്വി മുന്നോട്ട് പോകുന്നത്. മരത്തിന്റെ വേര് ഭാഗത്ത് നിന്ന് ഒരടി, രണ്ടടി മുകളിലേയ്ക്ക് വട്ടത്തിൽ തൊലി ചീകിമാറ്റും. എവിടെയും മുറിയാതെ വേണം തൊലി അടർത്തി മാറ്റിയെടുക്കാൻ. താഴെ വേര് വരെ ഇത് കൃത്യമായി ചെയ്യണം. മണ്ണിന് പുറത്തായി വേര് കാണുന്നുണ്ടെങ്കിൽ വേരിന്റെയും തൊലി ഉരിഞ്ഞുമാറ്റും. അതോടെ ഫോട്ടോസിന്തസിസ് പ്രക്രിയ നടക്കാതെയാവും. ഡീബാർക്ക് ചെയ്യുന്നതിലൂടെ ഒരു വർഷത്തിനുള്ളിൽ തന്നെ ഇലകളും ശിഖരവുമൊക്കെ കൊഴിഞ്ഞ് ഈ മരം തനിയെ നശിയ്ക്കും. ആ ഒരു രീതിയിൽ സെന്നയുടെ നശീകരണം ചെയ്യാനുള്ള അനുമതിയേ പൃഥ്വിയ്ക്ക് ലഭിച്ചിട്ടുള്ളൂ. രണ്ട് മാസം കൊണ്ട് ഏകദേശം 1200 ചെടികൾ ചെയ്ത് കഴിഞ്ഞു. 10 മുതൽ 20 വരെയുള്ള ബാച്ചുകളായാണ് പ്രവർത്തകർ പോവുക. ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കാനുള്ള തുക നിലവിൽ വനം വകുപ്പിന് ഇല്ലാത്തതുകൊണ്ട് ചെലവുകൾ വഹിക്കുന്നതും പൃഥ്വി തന്നെയാണ്. 1400 ഹെക്ടറിലുള്ളതിൽ ആകെ 1200 മരങ്ങൾ മാത്രമാണ് പൃഥ്വിയ്ക്ക് ഡീബാർക്ക് ചെയ്യാൻ കഴിഞ്ഞത്. മൂന്നു വർഷം തുടർച്ചയായി ഡീബാർക്കിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആണ് പൃഥ്വിയുടെ തീരുമാനം.
അതേസമയം, പുനരുജ്ജീവനശേഷി വലിയ രീതിയിലുള്ള ഒരു സസ്യമാണ് സെന്ന എന്നതുകൊണ്ട് സെന്ന നശീകരണത്തിന് ഉപയോഗിക്കുന്ന ഡീബാർക്കിംഗ് രീതി എത്രത്തോളം ഫലവത്താകുമെന്ന് അറിയില്ലെന്നും, ഇവയുടെ നശീകരണത്തിനുള്ള ശാസ്ത്രീയ രീതി ഇനിയും കണ്ടുപിടിക്കേണ്ടതായിട്ടുണ്ടെന്നും കേരള സ്റ്റേറ്റ് ഐ.ടി മിഷൻ എഞ്ചിനിയറും പൃഥ്വി റൂട്ട് അംഗവുമായ മഹേഷ് വി.വി പറയുന്നു.
“ഓരോ വർഷവും ഓരോ അധിനിവേശസസ്യങ്ങളുടെ നശീകരണത്തിൽ ഞങ്ങൾ ഏർപ്പെടാറുണ്ട്. ഡീബാർക്കിംഗ് നടത്താൻ കഴിയുന്നത് വേനൽക്കാലത്താണ്. അങ്ങനെ ഈ വേനൽക്കാലത്തേക്ക് വേണ്ടി ഒരു പദ്ധതി തയ്യാറാക്കുകയും, മാർച്ച് മുതൽ അത് നടപ്പാക്കുകയും ചെയ്തു. മാർച്ച് 22 ൽ തുടങ്ങിയ പ്രവർത്തനങ്ങൾ ജൂണിലും തുടരുന്നു. റീജനറേഷൻ കപ്പാസിറ്റിയുള്ള ഒരു സസ്യമാണ് സെന്ന. എങ്ങനെയൊക്കെ നശിപ്പിക്കാൻ നോക്കിയാലും വീണ്ടും മുളച്ചുവരും. ഡീബാർക്ക് ചെയ്താലും വീണ്ടും അത് മുളച്ചു വരുന്നതുകൊണ്ട് തന്നെ മഴയുള്ള സമയത്ത് തോൽപ്പെട്ടി റേഞ്ചിലൊക്കെ ഇത് പിഴുതെടുക്കുകയാണ് ചെയ്യുന്നത്. അപ്റൂട്ടിംഗും ഒരു രീതിയാണ്. എങ്ങനെ ഡീബാർക്ക് ചെയ്താലും തോല് പൊട്ടുന്നിടത്ത് നിന്ന് വീണ്ടും ഇത് മുളച്ചുവരുന്നുണ്ട്. ഇവയുടെ നശീകരണത്തിനുള്ള ശാസ്ത്രീയപരമായ രീതി ഇനിയും കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്.”
സെന്ന കാരണം ഭക്ഷ്യയോഗ്യമായ മറ്റ് സസ്യങ്ങൾ നഷ്ടമായ മൃഗങ്ങൾ പശ്ചിമഘട്ടത്തിലൂടെ ഭക്ഷണം തേടി അലഞ്ഞുനടക്കുകയാണ്. ഈ അലച്ചിലിനിടയിലാണ് ഇവ പലപ്പോഴും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വിഷക്കൊന്നയുടെ ഇലകളോ മറ്റ് ഭാഗങ്ങളോ കഴിയ്ക്കാതിരിക്കാൻ മൃഗങ്ങൾ അതീവ ശ്രദ്ധ പുലർത്താറുണ്ടെന്ന് വയനാട്ടിലെ ആദിവാസി സമൂഹം പറയുന്നു. ആദിവാസി വിഭാഗത്തിലുള്ളവർക്ക് സെന്നയുടെ ഉണങ്ങിയ കൊമ്പുകൾ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിയ്ക്കാൻ അനുമതിയുണ്ട്. എന്നാൽ ഇവ കത്തിച്ച് ഉപയോഗിച്ചതിന് ശേഷം പ്രായമായവർക്ക് ആസ്ത്മ പോലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ വന്നിട്ടുള്ളതായും അതുകൊണ്ടാകാം ഈ മരത്തിന് രാക്ഷസകൊന്ന എന്ന പേര് വന്നതെന്നും പൃഥ്വി പ്രവർത്തകർ പറയുന്നു.
“ഒരു സമയത്ത് സർക്കാർ തന്നെ മുൻകൈ എടുത്ത് കാടുകളിൽ പ്ലാന്റേഷൻ കൊണ്ടുവരുന്നു. ഇതിന് പിന്നിൽ പല താത്പര്യങ്ങളും കാണും. തടിയെടുക്കാൻ വേണ്ടി നട്ടുപിടിപ്പിച്ച തേക്ക് വരെ ഇതിൽ ഉൾപ്പെടും. ഫർണീച്ചറുകൾ ഉണ്ടാക്കുക എന്നത് മാത്രമാണ് ആകെ തേക്കിന്റെ ഗുണം. അക്കേഷ്യ പോലെ തന്നെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് മറ്റുള്ള മരങ്ങൾക്ക് കൂടി വേണ്ടിയുള്ള ജലാംശം തേക്ക് വലിച്ചെടുക്കുന്നുണ്ട്. എന്നാൽ വേറൊരു തരത്തിൽ നോക്കിയാൽ യൂക്കാലിയും അക്കേഷ്യയും മാത്രമാണ് സെന്നയുടെ അടുത്ത് വളരുന്നത്. അതിനർത്ഥം സെന്ന പുറത്ത് വിടുന്ന കെമിക്കൽ ടോളറേറ്റ് ചെയ്യാനുള്ള എന്തോ ഒന്ന് യൂക്കാലിയിലും അക്കേഷ്യയിലുമുണ്ട്. സാധാരണ കാട്ടിൽ കാണുന്ന ഈട്ടി, വേങ്ങ, മുരിക്ക് എന്നിങ്ങനെ ഒറ്റ മരങ്ങളും മുത്തങ്ങയിൽ കാണാൻ കഴിയില്ല. ഭക്ഷ്യയോഗ്യമായ സസ്യങ്ങളും വളരെ പരിമിതമാണ് ഇവിടെ. മൃഗങ്ങളുടെ വൈവിധ്യവും എണ്ണവും കുറവാണ്. സസ്യഭുക്കുകളുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവ് കൊണ്ട് ആവാം പുലിയും കടുവയുമൊക്കെ കാട് വിട്ട് നാട്ടിലേയ്ക്ക് ഇറങ്ങി തുടങ്ങിയത്.” സുഗമ്യ പറഞ്ഞു.
“വിത്ത് മാറി കേരളത്തിൽ എത്തിയത് ആണ് സെൻട്രൽ അമേരിക്കൻ വാസിയായ വിഷക്കൊന്നയുടെ വിത്ത്. സെന്നയുടെ വേറെ ഒരു ഇനത്തിൻ്റെ വിത്ത് ആയിരുന്നു വനംവകുപ്പ് ആവശ്യപ്പെട്ടത്. ഒരുപാട് വിദേശികൾ കാട് സന്ദർശിക്കുന്നതുകൊണ്ട് തന്നെ കാട്ടുപാതയിലെ ഇരു വശങ്ങളിലുമായി ഈ മരം പൂവണിഞ്ഞ് നിൽക്കുന്നത് ആകർഷണീയമായിരിക്കും എന്നതിനാലാണ് അന്നത്തെ സർക്കാർ സെന്നയുടെ വിത്ത് വാങ്ങുന്നതും നടുന്നതും. നടേണ്ടുന്ന മരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നമ്മൾ അതീവ ശ്രദ്ധ പുലർത്തേണം എന്നാണ് സെന്നയുടെ അനുഭവം പഠിപ്പിക്കുന്നത്. ആ തിരിച്ചറിവിൻ്റെ ആവണം ഈ പരിസ്ഥിതി ദിനം. ഏത് മരം എവിടെയാണ് നടേണ്ടതെന്ന് കൃത്യമായി അറിയണം.” സുഗമ്യ കൂട്ടിച്ചേർത്തു.
ഏത് മരമാണ് നടേണ്ടതെന്നും അധിനിവേശ സസ്യങ്ങൾ ഏതെല്ലാമാണെന്നുമുള്ള ഒരു ബോധവത്കരണം നടത്താനുള്ള തീരുമാനത്തിലേയ്ക്ക് പൃഥ്വി ഈ പരിസ്ഥിതി ദിനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. പൃഥ്വി നൽകുന്ന ഈ പരിസ്ഥിതി ദിന സന്ദേശം അധിനിവേശ സസ്യങ്ങൾ നാടെങ്ങും വ്യാപിക്കുന്ന ഈ കാലത്ത് വളരെ പ്രധാനമാണ്.