വികസനം പുറന്തള്ളിയവരുടെ അന്തസ്സും അതിജീവനവും

കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പാർശ്വവത്കരണത്തിന്റെയും പുറന്തള്ളലിന്റെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ‘കടലാളരുടെ ജീവനവും അതിജീവനവും’ എന്ന പുസ്തകത്തിന്റെ എഡിറ്ററും കേരള സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറും ആയ സിദ്ധിക്ക് റാബിയത്ത് സംസാരിക്കുന്നു.

അന്തസ്സുയർത്തിപ്പിടിക്കുന്ന വികസനം എന്ന സങ്കൽപ്പത്തെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ അമിത് ഭാധുരിയുടെ വിശകലനത്തെ മുൻ നിർത്തി സിദ്ധിക്ക് മാഷ് ‘കടലാളരുടെ ജീവനവും അതിജീവനവും’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. പാർശ്വവത്കൃത സമൂഹങ്ങളുടെ അന്തസ്സും അഭിമാനവും ഉറപ്പാക്കുന്നത് കൂടിയാണ് വികസനം എന്ന് മാഷ് വിലയിരുത്തുന്നു. പക്ഷെ മനുഷ്യാന്തസ്സിന് നമ്മുടെ ഇന്നത്തെ വികസന പ്രക്രിയയിൽ സ്ഥാനം വളരെ പരിമിതമാണ്. തുല്യത വികസനത്തിന്റെ പരി​ഗണനയിലേയില്ല. കടലാളരുടെ ജീവിതത്തെ മുൻനിർത്തി വികസനം എന്ന സങ്കൽപ്പത്തെക്കുറിച്ച് വിലയിരുത്താമോ?

വികസനം എല്ലാവരും ഇഷ്ടപെടുന്ന ഒരു ആശയമാണ്. സാമൂഹ്യശാസ്ത്രത്തിലായാലും, ശാസ്ത്ര സംബംന്ധിയായ ചർച്ചയിൽ ആയാലും വികസനം എന്ന ആശയത്തിന് ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ട്. വികസനത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നവർ പോലും ‘വികസന വിരോധി’ ആവാതിരിക്കുവാനുള്ള മുന്നുപാധികൾ സ്വീകരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് നാം ഈ ചർച്ച നടത്തുന്നത്. വികസനം ആർക്കുവേണ്ടി എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഉദാഹരത്തിന് മൽസ്യത്തൊഴിലാളികളുടെ സ്ഥലത്ത് റോഡ്, പോർട്ട്, പുലിമുട്ട് തുടങ്ങിയ നിർമ്മിതികൾ വരുന്നു. ഈ നിർമ്മിതികളെല്ലാം തന്നെ വികസനത്തിന്റെ ഘടകങ്ങളായാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്. എന്നാൽ ഈ നിർമ്മിതികൾ മൽസ്യത്തൊഴിലാളികളുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ കാഴ്ചയിൽ നിന്നുകൊണ്ട് വികസനത്തെ നമ്മൾ പുനർനിർമ്മിക്കേണ്ടതുണ്ട്. ഈ പുസ്തകത്തിൽ ആശയപരമായും എംപിരിക്കൽ ആയും വികസനം എന്ന സംജ്ഞയെ സമീപിക്കുന്നുണ്ട്. ആശയപരമായി പരിശോധിച്ചാൽ ‘വികസനം ആർക്കുവേണ്ടി’, അല്ലെങ്കിൽ ‘എല്ലാ വിഭാഗങ്ങളെയും തുല്യതയോടെ പരിഗണിക്കുന്ന രീതിയിൽ വികസനത്തെ എങ്ങനെ നിർവചിക്കാം’ എന്നെല്ലാം പരിശോധിക്കുന്നു. അമർത്യ സെന്നിന്റെ കേവലം ‘വളർച്ചയല്ല വികസനം’ എന്ന കോൺസെപ്റ്റാണ് ഇതിനായി ആദ്യം ഞാൻ സ്വീകരിക്കുന്നത്. ഭൗതികമായ വികസനത്തെ സെൻ അളക്കുന്നത് ആ ജനസമൂഹത്തിന് സ്വാതന്ത്ര്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിലൂടെയാണ്. ഇത് ഉപയോഗിച്ച് പുസ്തകത്തിന്റെ കാഴ്ചപ്പാട് നിർമ്മിക്കുകയും ബാക്കി ഭാഗങ്ങളിൽ വരുന്ന ലേഖനങ്ങൾ എംപിരിക്കലായി ഈ അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നു. എംപിരിക്കൽ പരിശോധനയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന് സ്വാതന്ത്ര്യമില്ല എന്ന് മനസിലാക്കാൻ സാധിക്കും. ഈ അന്വേഷണം മീൻ പിടിക്കുന്നതിനുള്ള മത്സ്യത്തൊഴിലാളിയുടെ കേവല അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നാണ് വിശദീകരിക്കുന്നത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കുന്നതിൽ, ആഴക്കടലിലും തീരത്തുമുള്ള വിലക്കുകൾ തീരുമാനിക്കുന്നതിൽ എല്ലാം മത്സ്യത്തൊഴിലാളിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യവും ഈ അന്വേഷണങ്ങൾ മുന്നോട്ടുവയ്ക്കുന്നു. മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ട ചാക്രികമായ പ്രവർത്തനങ്ങളില്ലെല്ലാം തന്നെ സമൂഹത്തിന്റെ ഇടപെടലുണ്ട്. മീൻ പിടിക്കുന്നതും വിപണനം ചെയ്യുന്നതും ഒരേ സമൂഹം ആയിട്ടും തങ്ങളുടെ പ്രവർത്തന മേഖലയിൽ അവർക്ക് സ്വാതന്ത്ര്യമില്ല എന്നതാണ് വസ്തുത. ആദിവാസി സമൂഹത്തിനു ഏറെ പ്രക്ഷോഭങ്ങളുടെ ഫലമായി ലഭിച്ച വനാവകാശ നിയമം പോലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് കടലിന് മേൽ കടലവകാശമില്ല. പരമ്പരാഗതമായി ഒരേ പ്രദേശത്ത് താമസിക്കുകയും, ഒരേ തൊഴിൽ പിന്തുടരുകയും ചെയ്യുന്ന ഒരു സമൂഹത്തിന് ഈ വിഭവാധികാരമില്ല എന്നതാണ് ഇന്ത്യയിലെ യാഥാർത്ഥ്യം. ഐക്യരാഷ്ട്ര സംഘടന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തദ്ദേശീയ ജനതയായി അംഗീകരിക്കുകയും അവരുടെ പ്രത്യേക അവകാശങ്ങളെക്കുറിച്ച് പരാമർശിക്കുകയും ചെയുന്നുണ്ട്. എങ്കിൽക്കൂടി ഇവരുടെ അവകാശങ്ങൾ വിദൂരതയിലാണ്.

‘കടലാളരുടെ ജീവനവും അതിജീവനവും’ ബുക്ക് കവർ

സ്വാതന്ത്ര്യത്തിന് വേണ്ട അടിസ്ഥാനപരമായ അവസ്ഥ പോലും മത്സ്യത്തൊഴിലാളി സമൂഹം അനുഭവിക്കുന്നില്ല. അതിനാൽ മത്സ്യത്തൊഴിലാളി സമൂഹം അപരവത്കരണം നേരിടുന്നുണ്ട് എന്ന് വ്യക്തമാണ്. വികസനത്തിൽ നേരിട്ട് ഗുണം ലഭിക്കാത്ത സമൂഹം എന്ന നിലയിൽ നിലവിലെ വികസന സങ്കൽപ്പം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അസ്വാതന്ത്ര്യമാണ് എന്ന് അമർത്യ സെന്നിന്റെ കാഴ്ച്ചപ്പാടിൽ നിന്ന് പറയാമല്ലോ?

സെന്നിന്റെ കാഴ്ചപ്പാടിൽ നിന്നും ഒരുപടി മുന്നിലായി അമിത് ഭാധുരിയുടെ ചർച്ചയിൽ വികസനത്തിന്റെ മതിയായ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന വികസനത്തെക്കുറിച്ചാണ് അമിത് ഭാധുരി സംസാരിക്കുന്നത്. മത്സ്യത്തൊഴിലാകളെ സംബന്ധിച്ചിടത്തോളം വികസനത്തിന് അടിസ്ഥാനപരമായി വേണ്ട ഘടകവും (സെന്നിന്റെ), മതിയായ ഘടകവും ലഭ്യമാകാത്തതിനാൽ അവർ പരിപൂർണ്ണമായും വികസനത്തിന് വെളിയിലാണ് എന്ന് സൈദ്ധാന്തികമായി വാദിക്കാം. മുഖ്യധാരാ സമൂഹത്തിന്, അഥവാ ഉയർന്ന ജാതി-മത വിഭാഗങ്ങൾക്കും സമ്പത്തുള്ളവർക്കും നിലവിലെ വികസന സങ്കൽപം ഗുണം ചെയ്തേക്കാം. എന്നാൽ പാർശ്വവത്കൃതർക്ക് ഈ വികസന സങ്കൽപം അരികുവൽക്കരണമാണ് എന്ന വിമർശനമാണ് ഇവിടെ ഉന്നയിക്കുന്നത്. ഉദാഹരണത്തിന്, മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ തെഴിൽ അവർക്ക് അന്തസ്സുള്ള ഒന്നാണ്. പരമ്പരാഗത മത്സ്യബന്ധനത്തിൽ ഇവരുടെ തൊഴിൽ ശക്തി വില്പന ചെയ്യപ്പെടുന്നില്ല. മത്സ്യത്തൊഴിലിൽ ഇവിടെ സംരംഭകത്വമുണ്ട്. ഒരേസമയം തൊഴിലാളിയും സംരംഭകനുമായ മത്സ്യത്തൊഴിലാളി തന്റെ തൊഴിലിൽ അന്തസ്സ് കാണുന്നുണ്ട്. എന്നാൽ ഈ അന്തസ്സ് പൂർണ്ണ അർത്ഥത്തിൽ അനുഭവിക്കണമെങ്കിൽ മറ്റുള്ളവർ അത് അംഗീകരിക്കണം എന്ന വാദമാണ് അമിത് ഭാദുരി മുന്നോട്ടുവയ്ക്കുന്നത്. പുസ്തകത്തിലെ ലെവിൻ എൻ.ആറിന്റെ ലേഖനത്തിൽ മുഖ്യധാര മത്സ്യത്തൊഴിലാളികളെ ദുർഗന്ധശരീരങ്ങളായാണ് അടയാളപ്പെടുത്തുന്നത് എന്ന് പറയുന്നുണ്ട്. അതിനാൽ തന്നെ ഇവരുടെ അന്തസ്സിനെ മുഖ്യധാര അംഗീകരിക്കുന്നില്ല. വികസനത്തിന്റെ ഒരു തലത്തിലും മൽസ്യത്തൊഴിലാളികൾ സ്വാതന്ത്ര്യത്തെ അനുഭവിക്കുന്നില്ല എന്നതുമാത്രമല്ല മാനവ വികസന സൂചികകൾ പരിശോധിച്ചാലും വികസന മാതൃകകൾ മത്സ്യത്തൊഴിലാളികളെ ഉൾക്കൊള്ളുന്നില്ല.

അമിത് ഭാദുരി

ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ഭേദപ്പെട്ടതായിരിക്കും. എന്നാൽ കേരളത്തിലെ വിവിധ സമൂഹങ്ങളുമായി താരതമ്യം ചെയ്താൽ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. കോഴിക്കോട് നഗരത്തിലെ മത്സ്യത്തൊഴിലാളികളുടെ സാക്ഷരത 70 ശതമാനമാണ്. ഈ നിരക്ക് ആദിവാസികളേക്കാൾ താഴെയാണ്. കോഴിക്കോട് നഗരം തന്നെ വികസിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് ഇടയിലാണ്. എന്നിട്ടും മത്സ്യത്തൊഴിലാളി സമൂഹം ഈ വികസനത്തിൽ ഉൾച്ചേർക്കപ്പെട്ടിട്ടില്ല. മറ്റൊരു പ്രധാന മത്സ്യബന്ധന നഗരമായ വിഴിഞ്ഞത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണ്. ഇതെല്ലം സൂചിപ്പിക്കുന്നത് വികസനം എന്ന ബസ്സ്‌വേർഡിൽ മൽസ്യത്തൊഴിലാളികൾ പരിപൂർണമായും ഫിക്സ് ചെയ്യപ്പെടുന്നില്ല എന്നതാണ്.

വലിയ സാമ്പത്തിക വളർച്ചാ സൂചികയില്ലാതെ തന്നെ സാമൂഹ്യമേഖലകളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ കഴിയുന്ന ശേഷി കേരളം എഴുപതുകളിൽ കൈവരിച്ചു എന്നതാണല്ലോ കേരള വികസന മാതൃക എന്ന പേരിൽ ഇന്നും ഉയർത്തിക്കാണിക്കപ്പെടുന്നത്. പാർശ്വവത്കൃത സമൂഹങ്ങളുടെ ജീവിതത്തെ വിലയിരുത്താതെയാണ് കേരളം ഒരു മാതൃകയാണ് എന്ന വിശകലനം ചെയ്യപ്പെട്ടതെന്ന് വിമർശനമുണ്ട്. കേരള മോഡലിന് പുറത്തായ സമൂഹങ്ങളെ / എക്സ്ക്ലൂഷനെ മാഷ് എങ്ങനെയാണ് കാണുന്നത്?

കേരള മോഡൽ എന്നത് സാമ്പത്തിക ശാസ്ത്ര വിഷയത്തിനകത്തെ ഒരു ചർച്ചയായിരുന്നു. വളർച്ചയുടെ അടിസ്ഥാനം പണമാണെന്നുള്ള പൊതുധാരയിൽനിന്നും വ്യത്യസ്തമായിരുന്നു കേരളത്തിന്റെ വളർച്ച. ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ പൊതുധാരയിൽനിന്നു വ്യത്യസ്തമായി ഏറ്റവും താഴെത്തട്ടിൽ നിന്നിരുന്ന ഒരു സംസ്ഥാനം, മാനവവിഭവ സൂചികകളിൽ വളരെ ഉയർന്നു നിൽക്കുന്നു എന്നതാണ് കേരളത്തിനുണ്ടായിരുന്ന സവിശേഷത. വളർച്ചയുടെ അടിസ്ഥാനം പണമാണെന്ന ധാരണയെ തിരുത്തുന്നു എന്നതാണ് കേരള മോഡലിന്റെ അടിസ്ഥാനം. മറിച്ച്, ഏറ്റവും ഉയർന്ന മോഡൽ എന്ന നിലയിലല്ല കേരള മോഡലിനെ കാണേണ്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുന്നെതന്നെ ഏറ്റവും കൂടുതൽ സാക്ഷരതയുണ്ടായിരുന്നത് തിരുവിതാംകൂറിലും കൊച്ചിയിലുമായിരുന്നു. ഇതിനു പിന്നിൽ നവോത്ഥാന സമരങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും സഭക്കുമെല്ലാം കൃത്യമായ പങ്കുണ്ട്. എന്നാൽ സഭ ഏറ്റവുമധികം പ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി മേഖലയിലെ മനുഷ്യർക്ക് ഇതുവരെ ഉയർന്ന സാക്ഷരത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഈ ചരിത്രത്തിലെ വൈരുദ്ധ്യമാണ്. അതോടൊപ്പം തന്നെ കൊളോണിയൽ പിരീഡിൽ നിയമനിർമ്മാണങ്ങളിലൂടെ മത്സ്യത്തൊഴിലാളികളെ മാറ്റിനിർത്തുന്നുണ്ടെന്ന് ഹമീദയുടെയും രാംദാസിന്റെയും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. വ്യവസായവൽക്കരണവും, മുതലാളിത്തവും, ഉത്തര-മലബാറിൽ മത്സ്യ അനുബന്ധ മേഖലയുടെ (ഉപ്പുനിർമ്മാണം, മീനെണ്ണ നിർമാണം) വളർച്ചയും മത്സ്യത്തൊഴിലാളിയെ അവരുടെ തീരത്ത് നിന്നും പുറത്താക്കുന്നുണ്ട്. അങ്ങനെ തീരം അവരുടേതല്ലാതാകുകയും അത് അധികാരിവർഗ്ഗത്തിന്റെ കൈകളിൽ എത്തിപ്പെടുന്നു. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തീരം വളരെ പ്രധാനപ്പെട്ട ഒരു വിഭവമാണ്. യാനങ്ങൾ സുരക്ഷിതമായി കയറ്റി വെക്കുവാൻ, മീൻ ഉണക്കുവാൻ തുടങ്ങി നിരവധിയായ കാര്യങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ തീരം ഉപയോഗിക്കുന്നുണ്ട്. ഈ സ്ഥലങ്ങളെല്ലാം അവരിൽനിന്നും കവർന്നെടുത്തിരിക്കുകയാണ്. മുതലാളിത്ത ഉല്പാദന ക്രമം മത്സ്യത്തൊഴിലാളികളെ അവരുടെ ഇടത്തിൽനിന്നു പുറത്താക്കുകയും, ഈ സമൂഹത്തെ ഈ വികസനത്തിന്റെ ഗുണഭോക്താക്കളല്ലാതാക്കുകയും ചെയ്തു. കൊളോണിയൽ കാലഘട്ടത്തിലും അതിനെത്തുടർന്നുവന്ന സർക്കാരുകളും മൽസ്യത്തൊഴിലാകളെ മാറ്റിനിർത്തുന്നുണ്ട് (marginalization). തിരുവിതാംകൂറിലെയും, കൊച്ചിയിലെയും രാജഭരണത്തിന്റെയും, മലബാറിലെ കൊളോണിയൽ ഭരണത്തിന്റെയും തുടർച്ച തന്നെയാണ് സ്വാതന്ത്ര്യത്തിനു ശേഷം മാറി മാറി വന്നിട്ടുള്ള ജനാധിപത്യ സർക്കാരുകളും. മത്സ്യത്തൊഴിലാളികളുടെ ട്രോളിങ് നിരോധനത്തിന് വേണ്ടിയുള്ള സമരം പരിശോധിച്ചാൽ ഇത് മനസിലാകും. ഇൻഡോ-നോർവീജിയൻ പ്രോജക്ടിന്റെ ഭാഗമായി മൽസ്യബന്ധന മേഖലയിലേക്ക് കടന്നുവന്ന വലകൾ ഏറെ വിലപിടിപ്പുള്ളവയായിരുന്നു. തൊഴിൽ ചെയ്യുന്നതിന് അങ്ങനെ കൂടുതൽ മുതൽ മുടക്ക് വേണ്ടിവന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തി. ഇത്തരത്തിൽ ഉയർന്നുവന്ന ബോട്ടുടമസ്ഥരും, നിക്ഷേപകരുമായ അധികാരി വർഗമാണ് മൽസ്യത്തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങൾ പിന്നീട് നിർമ്മിച്ചു പോന്നത്. മൂലധനത്തിന്റെ കടന്നുകയറ്റം ചെറുകിട സംരംഭകരായിരുന്ന മീൻപിടുത്തക്കാരെ വെറും തൊഴിലാളികളാക്കി മാറ്റി. വലിയ യാനങ്ങളിലെ തൊഴിലാളികൾക്കിന്ന് ബേസിക് മിനിമം പേ പോലും ലഭിക്കുന്നില്ല.

മത്സ്യത്തൊഴിലാളികളുടെ സ്പേസും ഭരണനിർവഹണം നടക്കുന്ന സ്പേസും തമ്മിൽ ഏറെ അന്തരമുണ്ട്. ഈ സ്പെഷ്യൽ ഡിസ്പാരിറ്റി മനസിലാക്കുന്നതിന് ഉചിതമായ ഉദാഹരണമാണ് ശംഖുമുഖം ബീച്ചിന്റെ പുനരുദ്ധാരണം. ശംഖുമുഖത്തെ ബീച്ചിന്റെ പുനരുദ്ധാരണം എപ്പോഴും ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയാണ്. എന്നാൽ അതിനപ്പുറം ശംഖുമുഖം മുതൽ വിഴിഞ്ഞം വരെ തീരശോഷണത്തിന്റെ ഫലമായി വീടും, തീരവും, തൊഴിലും നഷ്ടപെട്ട മത്സ്യത്തൊഴിലാളികൾ മുഖ്യധാരയുടെ പരി​ഗണനയിലേയില്ല. അതിനുകാരണമായി മുന്നോട്ടുവയ്ക്കനുള്ളത് ‘ബീച്ച് വിനോദത്തിനായി ഉപയോഗിക്കുന്നത് തിരുവന്തപുരത്തെ മുഖ്യധാരാ സമൂഹം ആണെന്നതാണ്’. വടക്കൻ കേരളത്തിൽ കോഴിക്കോടിന്റെ ഉദാഹരണം എടുത്താലും ഇതുതന്നെയാണ് അവസ്ഥ. കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ എന്നിവ മത്സ്യത്തൊഴിലാളികൾ അധികമായി താമസിക്കുന്ന കോഴിക്കോട് കോർപ്പറേഷനിലെ വാർഡുകളാണ്. ഈ വാർഡുകളിലായി നിരവധി പ്രദേശങ്ങളിൽ തീരശോഷണം സംഭവിക്കുകയും ധാരാളം വീടുകൾ പൂർണമായും തകരുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊതുസമൂഹവും ഭരണവർഗവും കൂടുതൽ ശ്രദ്ധ നൽകുന്നത് കോഴിക്കോട് ബീച്ച് പുനരുദ്ധാരണത്തിന് ആണ്. കോഴിക്കോട് നഗരത്തിൽ തന്നെ തീരശോഷണം മൂലം ആറ് ഫിഷ് ലാൻഡിങ് സെന്ററുകൾ ആണ് നഷ്ടമായിട്ടുള്ളത്. കേരളത്തിലെ സ്ഥിതി പരിശോധിക്കുമ്പോൾ പുലിമുട്ടുകളുടെ വടക്കുഭാഗത്ത് തീരശോഷണം രൂക്ഷമാകുന്നുണ്ട്. അതോടൊപ്പം തന്നെ പുലിമുട്ടിന് തെക്ക് ഭാഗത്ത് മണൽ നിക്ഷേപം ഉണ്ടായി പുതിയ ബീച്ച് രൂപപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ ഭൂമി മത്സ്യത്തൊഴിലാളികൾക്ക് നൽകാതെ സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. മുതലപ്പൊഴിക്ക് തെക്ക് രൂപപ്പെട്ട ഗോൾഡൻ ബീച്ച് സർക്കാർ ഏറ്റെടുത്ത് വിഴിഞ്ഞം ഇൻറർനാഷണൽ സീപ്പോർട്ട് ലിമിറ്റഡിന് വാർഫ് നിർമ്മിക്കുന്നതിനായി കൈമാറുകയാണ് ചെയ്തത്. എന്നാൽ മുതലപ്പൊഴി വടക്കുഭാഗത്ത് മൂന്ന് ഫിഷ് ലാൻഡിങ് സെന്ററുകൾ ഇതോടൊപ്പം ഇല്ലാതായി. നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളി സമൂഹത്തിന് എന്ത് നഷ്ടപരിഹാരമാണ് നൽകിയത്. കേരളത്തിന്റെ തെക്കേ അറ്റം പൊഴിയൂർ മുതൽ കാസർകോട് വരെ ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. മത്സ്യമേഖലയിലെ ഉൽപ്പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും നമ്മൾ വാചാലരാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതവും ജീവസന്ധാരണവും മുഖ്യധാരയുടെ ചർച്ചയിൽ ഇതുവരെയും ഇടം നേടിയിട്ടില്ല. അതാണ് നമ്മുടെ വികസന പരിപ്രേക്ഷ്യത്തിന്റെ പ്രശ്നം. കടലിനെ വിഭവങ്ങൾ ലഭിക്കുന്ന ഒരു സ്രോതസ്സ് മാത്രമായിട്ടാണ് നാം കണ്ടിട്ടുള്ളത്. കടലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മനുഷ്യരെ നാം ഇതുവരെയും പരിഗണിച്ചിട്ടില്ല. ജോൺ കുര്യൻ പറയുന്നത് കേരള വികസനത്തിന്റെ സെൻട്രൽ ടെൻഡൻസിയിൽ മത്സ്യത്തൊഴിലാളി സമൂഹം ഉൾപ്പെടുന്നില്ല എന്നും, മത്സ്യത്തൊഴിലാളികൾ അരികുപുറങ്ങളിൽ ഉള്ളവരാണെന്നുമാണ് (The Kerala model: Its central tendency and the outlier-1995). മത്സ്യത്തൊഴിലാളികളുടെ അരികുവൽക്കരണം കേരള മോഡലിൽ കൊണ്ടുവന്നാൽ കേരള മോഡലിന്റെ നിലവാരം താഴേക്ക് വരും.

കേരളം ഇപ്പോൾ പിന്തുടരുന്ന വികസനനയവും വലിയ വികസന പദ്ധതികളും പാർശ്വവൽക്കരണത്തിന് വ്യാപ്തി കൂട്ടുകയല്ലേ ചെയ്യുന്നത്? മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് വിലയിരുത്തുമ്പോൾ അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതി അത്തരത്തിൽ പാർശ്വവൽക്കരണം കൂട്ടുന്നില്ലേ?

നിലവിലെ വികസന സങ്കല്പം പരിസ്ഥിതിയെ തകർക്കുകയാണ് ചെയ്യുന്നത്. മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട വിഭവങ്ങളെയും പ്രക്രിയകളെയും തകർക്കുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഡ്രഡ്ജിങ് തിരുവനന്തപുരത്തെ പാരുകളെ (coastal reef) നശിപ്പിക്കുന്നു. ഇതിലൂടെ സമീപ ഭാവിയിലേക്കുള്ള മുഴുവൻ ലൈവ് സ്റ്റോക്കും നശിപ്പിക്കപ്പെടുകയാണ്. ദൂരവ്യാപകമായ ഫലങ്ങളാണ് ഇത് ഉണ്ടാക്കുക. മത്സ്യങ്ങളുടെ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ് തിരുവനന്തപുരത്തെ തീരക്കടൽ. ആയിരത്തിന് മുകളിൽ സ്പീഷ്യസ് മത്സ്യങ്ങൾ ഇവിടെ ലഭിക്കുന്നുണ്ട്. ഓയിസ്റ്റർ, ലോബ്സ്റ്റെർ, നങ്ക്, ചിപ്പി, ചങ്ക്, തിരണ്ടി തുടങ്ങി നിരവധി വിപണിമൂല്യമുള്ള മൽസ്യങ്ങൾ ഇവിടെ ധാരാളമായി ലഭിച്ചിരുന്നു. മത്സ്യങ്ങൾ തിന്ന് ജീവിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് ഡ്രഡ്ജിങ്ങിലൂടെ നഷ്ടമാകുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള പുനരധിവാസ-നഷ്ടപരിഹാര പാക്കേജിലും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ. വിഴിഞ്ഞത്ത് ചിപ്പി തൊഴിലാളികൾക്ക് 2.5 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. രണ്ടരലക്ഷം സ്വാഭാവികമായും അയാളുടെ ഒരു വർഷത്തെ വരുമാനം ആണ്. ഈ കൂലിയാണ് ആകെ നഷ്ടപരിഹാരമായി നൽകിയിട്ടുള്ളത്. അതോടൊപ്പം ഇനിയൊരിക്കലും ആ തൊഴിൽ ചെയ്യാൻ സാധിക്കുകയുമില്ല. മത്സ്യത്തൊഴിലാളി സമൂഹം പരമ്പരാഗതമായി മത്സ്യത്തൊഴിൽ മാത്രം ശീലിച്ച സമൂഹം ആയതിനാലും, പൊതുസമൂഹത്തിലേക്ക് കടന്നു ചെല്ലാനുള്ള സ്ടിഗ്മ (stigma) ഇവർക്കിടയിൽ നിലനിൽക്കുന്നതിനാലും ഈ സമൂഹത്തിന് സാമൂഹിക ചലനാത്മകത കുറവാണ്. അതിനാൽ തൊഴിൽ എടുക്കാൻ സാധിക്കാത്ത തരത്തിൽ ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് വിഴിഞ്ഞത്തെ ഒട്ടുമിക്ക മത്സ്യത്തൊഴിലാളികളും. മുഖ്യധാര, മത്സ്യത്തൊഴിലാളികളെ ദുർഗന്ധ ശരീരങ്ങളായാണ് അടയാളപ്പെടുത്തുന്നത്. ദുർഗന്ധ ശരീരങ്ങൾ ആയ മത്സ്യത്തൊഴിലാളികളെ എവിടെയാണ് സ്ടിഗ്മ ഇല്ലാതെ മുഖ്യധാരാ സമൂഹം അംഗീകരിക്കുക. നമ്മുടെ സമൂഹത്തിൽ സാമൂഹികമായ വിഭജനം ഇല്ലായിരുന്നുവെങ്കിൽ ഈ കുടിയിറക്കലുകൾ വലിയ പ്രശ്നം സൃഷ്ടിക്കുകയില്ലായിരുന്നു. ചിപ്പി ശേഖരണം എന്ന തൊഴിൽ ഇവർക്ക് നഷ്ടമാവുകയും മറ്റൊരു തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുകയുമാണ്‌ നിലവിൽ. പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം സ്വീകരിക്കുന്നവർ ഇനിയൊരിക്കലും ഈ തൊഴിൽ ചെയ്യുകയില്ലെന്ന് ബോണ്ട് ഒപ്പിട്ടു നൽകണം എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. കമ്പവല തൊഴിലാളികളുടെ കാര്യമാണെങ്കിൽ അവർക്ക് അഞ്ച് ലക്ഷം രൂപ നൽകുകയാണ് ചെയ്തത്. ആ തുകയുടെ ലഭ്യതയിലും അസമത്വം നിലനിൽക്കുന്നുവെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായി ആർജിച്ച തൊഴിൽ നൈപുണ്യത്തിന് ഒരു ദിവസം കൊണ്ടാണ് മൂല്യം ഇല്ലാതായത്. ഇതിന്റെ ഫലമായി മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കൾ നഗരപരിധിയിൽ മീൻകച്ചവടം, ഹോട്ടൽ എന്നീ തൊഴിലുകളിൽ ഏർപ്പെടുന്നതായി കാണാം. എന്നാൽ അവരുടെ മുതിർന്നവർക്ക് ഈ തിരഞ്ഞെടുപ്പും സാധ്യമല്ല. കടലിനെ മാത്രം ആശ്രയിച്ചുള്ള ജീവസന്ധാരണം സാധ്യമല്ല എന്ന തിരിച്ചറിവിലാണ് യുവാക്കൾ. നിർബന്ധിതമായ കുടിയിറക്കൽ ഭരണകൂടത്തിന്റെ പൊതുനയം ആയി മാറിയിരിക്കുന്നു. വിഴിഞ്ഞം പദ്ധതിയുടെ യാതൊരു ഗുണഫലങ്ങളും മത്സ്യത്തൊഴിലാളി സമൂഹത്തിന് ലഭ്യമാകുന്നില്ല എന്നതും നാം ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ ഭൂമിക്ക് അഞ്ച് ലക്ഷത്തിൽ താഴെ മാത്രം നഷ്ടപരിഹാരം ലഭ്യമാകുമ്പോൾ, പദ്ധതിക്ക് ഭൂമി കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഇതേ ഭൂമിയുടെ വിപണിമൂല്യം പലമടങ്ങായി മാറുകയാണ്. അതോടൊപ്പം തന്നെ വിഴിഞ്ഞം പദ്ധതി വരുമ്പോൾ അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ഭൂമിയുടെ വിലയിൽ വർദ്ധനവ് സംഭവിക്കുന്നുണ്ട്. എന്നാൽ ഇതിൻ്റെ ലാഭം ലഭിക്കുന്നത് വലിയ അളവിൽ ഭൂവുടമസ്ഥതയുഉള്ള വിഭാഗങ്ങൾക്കാണ്. മത്സ്യത്തൊഴിലാളികൾ ജീവസന്ധാരണത്തിന് ഉപയോഗിച്ച ഭൂമി അവർക്ക് നഷ്ടമാകുകയും തുച്ഛമായ തുകയ്ക്ക് അവരെ കുടിയിറക്കുകയുമാണ് ഫലത്തിൽ ചെയ്തത്. ഭൂവുടമസ്ഥതയുള്ള വിഭാഗങ്ങൾക്ക് ഒരു സെൻ്റിന് കൂടിയ തുക പോലും മത്സ്യതൊഴിലാളികൾക്ക് ആകെ നഷ്ടപരിഹാരമായി ലഭിക്കുന്നില്ല.

വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന്റെ നിർമ്മാണം

വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നടക്കുന്ന കുടിയിറക്കലുകളിലും പുനരധിവാസത്തിലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തൊഴിൽ- സാമൂഹ്യപ്രശ്നങ്ങൾ കൂടുതലാണല്ലോ? നിലവിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുള്ള പുനരധിവാസം ലൈഫ് മാതൃകയിലുള്ള ഫ്ലാറ്റുകളാണ്. ഇപ്പോൾ പുനർഗേഹം പദ്ധതി വഴിയും പുനരധിവാസം നടക്കുന്നു. പൊതുവേ ഈ പുനരധിവാസ പദ്ധതികളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഒരു കുടുംബത്തിന് പുനരധിവാസത്തിന്റെ ഭാഗമായി നൽകുന്നത് 450 സ്ക്വയർഫീറ്റ് ഫ്ലാറ്റാണ്. 450 സ്ക്വയർഫീറ്റിൽ ഒരു മുറിയും, ലിവിങ് റൂമും, ഒരു ടോയ്‌ലറ്റും ഉണ്ടാകും. നേരത്തെ അവർക്ക് സ്വന്തമായി വീടും, അവരുടെ തൊഴിൽ അനുബന്ധ പ്രവർത്തനങ്ങൾക്കും വിനോദത്തിനും വേണ്ട ഇടവും ഉണ്ടായിരുന്നു. ഇതിന് പകരമായി ഫ്ലാറ്റ് നൽകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് യാനങ്ങൾ അടുപ്പിക്കാനും മത്സ്യം ഉണക്കുവാനും വലകൾ നന്നാക്കുവാനുമുള്ള സ്ഥലം ഇല്ലാതായിരിക്കുന്നു. ഇവരുടെ സാമൂഹിക ഇടത്തിന് യാതൊരു വിലയും നാം കൽപ്പിച്ചിട്ടില്ല. ഇതിനെയാണ് നമ്മൾ അവരുടെ വികസനം എന്ന് പറയുന്നത്. ഈ സമൂഹത്തിന് പുറത്തുനിന്നുള്ളവർ ഈ വികസനത്തിന്റെ നേർഗുണം പറ്റുകയാണ് ചെയ്യുന്നത്. നേരത്തെ പുറത്ത് പൊതുസ്ഥലത്ത് വെച്ചിരുന്ന എൻജിനും വലയും വയ്ക്കാൻ 450 സ്ക്വയർഫീറ്റ് വീടിനകത്ത് സ്ഥലം കണ്ടെത്തേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ. കൂടാതെ തീരത്ത് നിന്ന് കിലോമീറ്ററുകൾ അപ്പുറമുള്ള പുനരധിവാസം മത്സ്യത്തൊഴിലാളികൾക്ക് ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല. എന്തുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ ഉയർന്ന അളവിൽ വരുമാനം ഉള്ള സമയത്ത് കടലിൽ നിന്ന് മാറി വീട് വെക്കാത്തത് എന്നതുപോലും നയരൂപീകരണം നടത്തുന്നവർ ആലോചിക്കുന്നില്ല, അഥവാ അവർക്ക് ഗ്രഹിക്കാനാകുന്നില്ല. അതിനാലാണ് നയം നിർമ്മിക്കുന്നതിന് മുൻപായി ആ സമൂഹത്തിലുള്ളവരുടെയും അഭിപ്രായങ്ങൾ ആരായണം എന്ന് പറയുന്നത്. ഈ പരിഗണനകൾ ഇല്ലാത്തതിന്റെ പ്രശനം ഇവിടുത്തെ പുനരധിവാസ പദ്ധതികൾക്കുണ്ട്.

മുട്ടത്തറയിൽ സർക്കാർ നൽകിയ ഫ്ലാറ്റ്

ചരിത്രത്തിലെവിടെയും മത്സ്യത്തൊഴിലാളികൾ കടം കയറി ആത്മഹത്യ ചെയ്തതായി കാണാൻ നിങ്ങൾക്ക് സാധിക്കില്ല. എന്നാൽ മുട്ടത്തറയിൽ സർക്കാർ നൽകിയ ഫ്ലാറ്റിൽ ഒരു മത്സ്യത്തൊഴിലാളി കടബാധ്യത മൂലം ആത്മഹത്യ ചെയ്തിരിക്കുന്നു. കടം മാത്രമല്ല അയാളുടെ ഇടവും കൂടി നഷ്ടപ്പെടുന്നു എന്നതാണ് അയാളുടെ പ്രശ്നം. തീരത്തു ജീവിക്കുമ്പോൾ പ്രശ്നങ്ങൾ കടലിനോട് സംസാരിച്ച് അവർ ആശ്വാസം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് കടൽ കാണണമെങ്കിൽ വണ്ടി വിളിച്ച് പോകേണ്ട അവസ്ഥയാണ് മത്സ്യത്തൊഴിലാളികൾക്ക്. മത്സ്യത്തൊഴിലാളികളെ തൊഴിലിൽ നിന്നും, തൊഴിലിടത്തിൽ നിന്നും അന്യവത്ക്കരിക്കുകയാണ് നിലവിലെ വികസന പരിപ്രേക്ഷ്യം ചെയ്യുന്നത്. ആരുടെ വിഭവങ്ങൾ ഉപയോഗിച്ചാണോ ഈ വികസനങ്ങൾ നടക്കുന്നത് അവർക്ക് മതിയായ നഷ്ടപരിഹാരം നൽകേണ്ടതില്ലേ ? കടൽത്തീരത്ത് റോഡ് നിർമ്മിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. റോഡിന് പടിഞ്ഞാറ് കടലിനോട് ചേർന്നുള്ള ഭാഗത്ത് താമസിച്ചിരുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കും. പിന്നീട് അവരെ പുനരധിവസിപ്പിക്കേണ്ടത് കടലിനോട് ഏറ്റവും അടുത്ത സ്ഥലത്തല്ലേ? ആ സ്ഥലം സ്വാഭാവികമായും മുതലാളിമാരുടെതായിരിക്കും. യഥാർത്ഥത്തിൽ അവിടെയാണ് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടത്. അവർക്ക് തൊഴിലിന് പോകാൻ സൗകര്യമുള്ളത് അവിടെയല്ലേ? ഇതൊന്നും പൊതുനയരൂപീകരണം നടത്തുന്നവരും സർക്കാരുകളും ഒരുകാലത്തും ചർച്ച ചെയ്യാൻ തയ്യാറല്ല. തൊഴിലുമായി ബന്ധപ്പെട്ട ഇടത്തുനിന്നും ആണ് അവരെ പുറം തള്ളുന്നത്. കടലിൽ നിന്നും അഞ്ച് കിലോമീറ്റർ അപ്പുറത്ത് ഫ്‌ളാറ്റോ, അതല്ലെങ്കിൽ ഭൂമി തന്നെ നൽകിയാലും അവർക്ക് തൊഴിലിടത്തിലേക്കുള്ള ദൂരം കൂടുകയാണ് ചെയ്യുന്നത്. അത് അവരുടെ ജീവിത ചെലവ് വളരെയധികം വർദ്ധിപ്പിക്കും. മത്സ്യത്തൊഴിലാളികൾക്ക് ഗുണഫലങ്ങൾ ഇല്ലാതാകുകയും അവരെ കൂടുതൽ ദുർബലരാക്കുകയും ചെയ്യുന്ന പ്രശ്നങ്ങളെ ഭരണകൂടം പരിഗണിക്കണം. അല്ലെങ്കിൽ മത്സ്യത്തൊഴിലാളി സമൂഹം സ്റ്റേറ്റിന്റെ ഭാഗം അല്ലെന്ന് പറയേണ്ടി വരും. ഈ വികസന നയം മത്സ്യത്തൊഴിലാളികൾക്ക് കൂടി വേണ്ടിയുള്ളതാണെങ്കിൽ അതിന്റെ ദൂഷ്യഫലം പരിഹരിക്കാനുള്ള ബാധ്യതയും ഭരണകൂടത്തിന്റേതാണ്.

പാരമ്പര്യ ജ്ഞാനവും കമ്പോള യുക്തിയും തമ്മിലുള്ള സംഘർഷങ്ങൾ എല്ലാ പരമ്പരാഗത ഉൽപാദന-തൊഴിൽ മേഖലയിലും ഉണ്ടായിട്ടുണ്ട് മത്സ്യബന്ധന മേഖലയിൽ അത് വളരെ രൂക്ഷമായിരുന്നല്ലോ. ട്രോളർ ബോട്ടുകൾ വരുന്ന കാലത്ത് അത് പ്രത്യക്ഷ സംഘർഷത്തിലേക്ക് വരെ വഴിമാറിയ ചരിത്രമുണ്ട്. ഇന്ന് എന്താണ് സ്ഥിതി? പരമ്പരാഗതമായ അറിവുകളിലെ പാരിസ്ഥിതികമായ കാഴ്ചപ്പാടുകൾ വിലമതിക്കപ്പെടുന്നുണ്ടോ?

ആരുടെ അറിവിനെയാണ് മുഖ്യധാര ആധികാരികമായി കാണുന്നത് എന്നതാണ് ഇവിടുത്തെ പ്രശ്നം. മത്സ്യത്തൊഴിലാളികൾ ആദ്യകാലം മുതലേ ചെറുമീനുകളെ പിടിക്കാതെ ഉപേക്ഷിക്കുമായിരുന്നു. ചെറുമീനുകളെ പിടിക്കരുതെന്ന അറിവ് ഒരു പുസ്തകത്തിൽ നിന്നും അല്ല അവർ പഠിച്ചത്. വൈകിയാണെങ്കിലും നമ്മൾ ഇപ്പോൾ ഈ അറിവ് നമ്മുടെ പുസ്തങ്ങളിൽ എഴുതി വയ്ക്കുന്നുണ്ട്. ആദ്യം മുതലേ മത്സ്യത്തൊഴിലാളികൾ ഈ അറിവ് പങ്കുവയ്ക്കുന്നുണ്ട്. 1950 -ലെ ഇൻഡോ നോർവീജിയൻ പ്രോജക്ടിന്റെ ഭാഗമായി വന്ന വലകൾ സുസ്ഥിരമല്ലെന്ന് മനസിലാക്കി ആദ്യമേ മത്സ്യത്തൊഴിലാളികൾ എതിർക്കുന്നുണ്ട്. ഈ അറിവ് മുഖ്യധാരാ ചർച്ചയുടെ കേന്ദ്രത്തിലേക്ക് എത്തുമ്പോൾ മാത്രമേ അത് ആധികാരികമായ അറിവായി മാറുന്നുള്ളൂ. വ്യവസായവൽക്കരണം വന്നപ്പോൾ വ്യവസായിക മാലിന്യം തള്ളിയത് കടലിലേക്കാണ്. തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനിക്കെതിരെ പരിസ്ഥിതി പ്രവർത്തകരേക്കാൾ മുൻപ് സമരത്തിനിറങ്ങിയത് മത്സ്യത്തൊഴിലാളികളാണ്. മുഖ്യധാര സമരത്തിന്റെ ഭാഗമാകുമ്പോൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുകയും ഡോക്യുമെന്റ് ചെയ്യപ്പെടുകയും ചെയ്‌യുന്നത്‌. എഴുതപ്പെട്ട ചരിത്രത്തിനു മാത്രമേ ഇവിടെ നിലനിൽപ്പുള്ളൂ. അരികുവൽക്കരിക്കപ്പെട്ടവരുടെ അറിവുകളും പോരാട്ടങ്ങളും ഓർക്കാതെ പോകുന്നത് എഴുതപ്പെടാത്തതിനാലാണ്. മത്സ്യത്തൊഴിലാളികളുടെ അറിവുകൾ ശേഖരിച്ച് എഴുതപ്പെടണം. എന്നാൽ മാത്രമേ പരമ്പരാഗതമായ ഈ അറിവുകളും വിലപ്പെട്ടതാണെന്ന് മനസ്സിലാവുകയുള്ളൂ. അതിനുള്ള പരിശ്രമമാണ് ഈ പുസ്തകവും. മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവർ തന്നെ ഇപ്പോൾ കടൽ അറിവുകളുടെയും കടൽ ജൈവവൈവിധ്യത്തിന്റെയും ഡോക്യുമെന്റേഷനിൽ ഏർപ്പെടുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ അറിവുകൾ ഡോക്യുമെന്റ് ചെയ്യുകയും, ആധുനിക വികസന പരിപ്രേക്ഷ്യം ഈ ഇക്കോളജിയിലും തൊഴിൽ പ്രക്രിയയിലും ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടെത്തുകയും ചെയ്യണം.

മത്സ്യത്തൊഴിലാളികളുടെ അറിവ് നിലനിൽക്കുന്നുണ്ടായിരുന്നുവെന്നതിന്റെ പ്രതിഫലനങ്ങളാണ് മത്സ്യത്തൊഴിലാളികളുടെ സമരങ്ങൾ. അറുപതുകളിലും എഴുപതുകളിലും സംഭവിച്ചത് പ്രാദേശികമായ സമരങ്ങളായിരുന്നു. ഇത്തരം പ്രാദേശിക സമരങ്ങൾ ക്രോഡീകരിക്കപ്പെട്ടത് ഒരു സംഘടന നിർമ്മിക്കപ്പെട്ടതിന് ശേഷമാണ്. കേരള ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി ഫെഡറേഷൻ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പിന്നീട് സമരങ്ങൾ നടന്നത്. പെഴ്സീൻ വലകളുടെ നിരോധനം, ട്രോളിംഗ് നിരോധനം, ബോട്ടം ട്രോൾ നെറ്റ് നിരോധനം, മത്സ്യ തൊഴിലാളികൾക്ക് പെൻഷൻ, ഇവരുടെ കുട്ടികൾക്കായി ലംസം ഗ്രാൻഡ്, സ്ത്രീകൾക്ക് മത്സ്യ വിപണനത്തിനുള്ള യാത്രാ സൗകര്യം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 1980 -90 കാലഘട്ടത്തിൽ നിരവധി സമരങ്ങൾ നടന്നു. ഈ സമരങ്ങളുടെയെല്ലാം പിന്നിലുള്ള വിജ്ഞാനത്തിൻ്റെ സ്രോതസ്സ് മത്സ്യത്തൊഴിലാളികൾ ആയിരുന്നു. ഏകദേശം പത്ത് വർഷത്തോളം നീണ്ടുനിന്ന സമരങ്ങളുടെ ഫലമായാണ് മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡും, ലംപ്സം ഗ്രാന്റും, ബസ്സുകളും അനുവദിക്കുന്നത്. മത്സ്യത്തൊഴിലാളി സ്ത്രീകൾ അന്നും ഇന്നും ബസ്സിൽ യാത്ര ചെയ്യുമ്പോൾ വിവേചനം നേരിടുന്നു. ചിറയൻകീഴിൽ വച്ച് ഒരിക്കൽ ഒരു മത്സ്യത്തൊഴിലാളി സ്ത്രീയെ ബസ്സിൽ നിന്നും ഇറക്കി വിട്ടു. പിറ്റേ ദിവസം സ്ത്രീകൾ ബസ് തടയുകയും ബസ്സിലേക്ക് മീൻ തട്ടുകയും ചെയ്തു. കഴിക്കുന്ന ഭക്ഷണത്തിനോട് അസ്പൃശ്യത കാണിക്കരുതെന്ന സന്ദേശം സ്ത്രീകൾ നൽകി. വിഴിഞ്ഞത്തും മറ്റു മത്സ്യ ഗ്രാമങ്ങളിലും ഇത്തരം പ്രതിരോധങ്ങൾ നിരന്തരമായി സംഭാവിച്ചുകൊണ്ടിരുന്നു. എന്നാൽ മുഖ്യധാരാ സമൂഹം മത്സ്യത്തൊഴിലാളി സ്ത്രീകളെ ചന്തപ്പെണ്ണുങ്ങൾ എന്ന് ആക്ഷേപിക്കുന്നു. അവർ നേരിടുന്ന വിവേചനത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല. മത്സ്യത്തൊഴിലാളി സ്ത്രീകളും പുരുഷന്മാരും നിരന്തരമായ പ്രതിരോധം തീർത്താണ് അവരുടെ ഇടം നേടിയെടുത്തിട്ടുള്ളത്.

കടലിലെ ഫിഷ് സ്റ്റോക്കിൻ്റെ കാര്യമെടുത്താലും നമ്മുടെ ഔദ്യോഗിക സ്ഥാപനങ്ങളേക്കാൾ സമ്പന്നമാണ് മത്സ്യത്തൊഴിലാളികളുടെ അറിവ്. മത്സ്യത്തൊഴിലാളികളാണ് സമുദ്ര ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകർക്ക് വിവരങ്ങൾ നൽകുന്നത്. നിരന്തരം മെച്ചപ്പെടുത്തുന്ന, നവീകരിക്കപ്പെടുന്ന അറിവാണ് മത്സ്യത്തൊഴിലാളികളുടേത്. മത്സ്യത്തൊഴിലാളികളുടെ അറിവ് മുഖ്യധാര ഉൾക്കൊള്ളുകയും ഉൾച്ചേർക്കുകയും ചെയ്യുമ്പോഴാണ് ഇത് ആധികാരികമായ അറിവായി മാറുന്നത്. മീനാകുമാരി റിപ്പോർട്ടിനെതിരെ സമരം ചെയ്യുന്നതും മത്സ്യത്തൊഴിലാളികൾ മാത്രമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിൻ്റെ നിയമങ്ങൾ മുഴുവനായും മാറ്റിയ ഈ റിപ്പോർട്ടിനെതിരെ നടക്കുന്ന ഈ സമരങ്ങൾക്ക് എത്ര ശ്രദ്ധ ലഭിക്കുന്നുണ്ട്. നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറവും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ഇതിനെതിരെ സമരം ചെയ്യുന്നുണ്ട്. എത്ര മാധ്യമങ്ങൾ ഈ സമരങ്ങൾ വേണ്ടവിധത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുഖ്യധാര ഈ സമരങ്ങളെ പറ്റി ബോധവാന്മാരല്ല എന്നതാണ് വസ്തുത.

മത്സ്യബന്ധന മേഖലയെ കോവിഡ് മഹാമാരി എങ്ങനെയാണ് ബാധിച്ചതെന്ന് വിശദീകരിക്കാമോ?

സാമൂഹിക അകലം കോവിഡിനെ ചെറുക്കുന്നതിൽ പ്രധാനപ്പെട്ട ഒരു സ്ട്രാറ്റജി ആയിരുന്നു. മത്സ്യബന്ധനം ആകട്ടെ കൂട്ടായി ചേർന്ന് ചെയ്യേണ്ട തൊഴിലും. മീൻ പിടിക്കലും, വിപണനവും കൂട്ടായ പരിശ്രമമാണ്. സാമൂഹിക അകലം ഉറപ്പുവരുത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ സാധിക്കില്ല. കോവിഡ് സമയങ്ങളിൽ മീൻ വിൽക്കുന്ന സ്ത്രീകൾക്കും മുഖ്യധാരാ ഇടങ്ങളിലേക്ക് സ്വീകാര്യത ഉണ്ടായിരുന്നില്ല. അതിനാൽ മത്സ്യമേഖലയെ കോവിഡ് മഹാമാരി മാരകമായി ബാധിച്ചിട്ടുണ്ട്. നിരവധി ആളുകൾ പ്രതികരിച്ചത് സർക്കാർ നൽകിയ കിറ്റ് കൊണ്ട് മാത്രമാണ് പട്ടിണിമരണം സംഭവിക്കാതിരുന്നത് എന്നാണ്. പക്ഷേ, അതു മാത്രമല്ലല്ലോ ജീവിതം. ജീവസന്ധാരണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലെല്ലാം തങ്ങൾ പിന്നോട്ടുപോയി എന്ന് അവർ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ ഇടയിൽ കോവിഡ് കാലഘട്ടത്തിൽ കടത്തിൻ്റെ അളവ് ഭീകരമായി വർദ്ധിച്ചിട്ടുണ്ട്. നേരത്തെ ഒരു മത്സ്യത്തൊഴിലാളിക്ക് ശരാശരി ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് കടം ഉണ്ടായിരുന്നത്. ഇപ്പോൾ അത് ശരാശരി 10 ലക്ഷം രൂപ വരെയെങ്കിലും ആയിട്ടുണ്ടാകും. അതിനാൽത്തന്നെ അതിരൂക്ഷമായിട്ടുള്ള ആഘാതമാണ് കോവിഡ് മത്സ്യബന്ധന മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്.‌

കോവിഡിനെ നിയന്ത്രിക്കുന്നതിനായി പൂന്തുറയിൽ സർക്കാർ പട്ടാളത്തെ വിന്യസിച്ചിരുന്നല്ലോ. ഇതിനെതിരെ ശക്തമായ പ്രതിഷേധവും മത്സ്യമേഖലയിൽ നിന്നുമുണ്ടായി. കോവിഡ് കാലത്ത് മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും പൊലീസിൽ നിന്നും അധികാരികളിൽ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോടുള്ള പൊതു സമീപനത്തിൻ്റെ തുടർച്ച തന്നെയല്ലേ കേവിഡ് കാലത്തും ഉണ്ടായത്?

മത്സ്യത്തൊഴിലാളികൾക്ക് പൊതുവിലുള്ള അംഗീകാരം, പൊതുസമൂഹം അവരെ എങ്ങനെ കാണുന്നു എന്നതിന്റെയെല്ലാം തുടർച്ചയായി വേണം ഈ ചോദ്യത്തെയും സമീപിക്കാൻ. കോവിഡ് കാലത്ത് ഈ ജനതയാണ് മഹാമാരി പരത്തുന്നതെന്ന വാദം പൊതുവായി ഉണ്ടായിരുന്നു. കന്യാകുമാരിയിൽ നിന്നും മീൻ കൊണ്ടുവന്ന പൂന്തുറ നിവാസിയാണ് പ്രാരംഭ ഘട്ടത്തിലുള്ള സാമൂഹ്യ വ്യാപനത്തിന് കാരണമെന്ന് വലിയ തോതിലുള്ള പ്രചാരണമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾ ഒട്ടും പറഞ്ഞാൽ കേൾക്കാത്തവരാണ്, തങ്ങളുടെ അനുസരിപ്പിക്കലിനും അപ്പുറത്താണ് എന്നൊക്കെയുള്ള ഒരു വിലയിരുത്തലിലായിരിക്കണം സർക്കാർ ഇത്തരത്തിൽ വികലമായ ഒരു തീരുമാനമെടുത്തത്. ഇതിനെ ലളിതമായി കണ്ട് സാമാന്യവൽക്കരിക്കാൻ പാടുള്ളതല്ല. നഗരത്തിൽ ഒരു വഴക്കുണ്ടായാൽ സർക്കാരുകൾ പട്ടാളത്തെ വിന്യസിക്കാറില്ല. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ കലഹം ഉണ്ടായാലും വെടിവക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാറില്ല. വിവിധ മതങ്ങൾ തമ്മിൽ കേരളത്തിൽ പലയിടത്തും കലാപങ്ങളുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് മൽസ്യത്തൊഴിലാളികൾക്കിടയിലും ഇത്തരത്തിൽ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞത്ത് 1968 ൽ ഉണ്ടായ മുസ്ലിം-ക്രിസ്ത്യൻ കലാപത്തിൽ മുസ്ലീം മത്സ്യത്തൊഴിലാളികൾ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെടുകയുണ്ടായി. ഇത് തന്നെയാണ് ബീമാപള്ളിയിലും സംഭവിച്ചത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന പശ്ചാത്തലത്തിലാണ് സർക്കാർ വെടിവെക്കാൻ തീരുമാനിക്കുന്നത്. ഇത് മൽസ്യത്തൊഴിലാളികൾ ഈ അധികാര സംവിധാനത്തിൽ ഏറ്റവും അടിച്ചമർത്തപ്പെടേണ്ടവരാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ്. അവരിൽ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും വലിയ രീതിയിൽ ശിക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുധാരണയാണ് ഈ സംഭവങ്ങളിൽ കാണുന്നത്. ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ ഇടതു-വലതു സർക്കാരുകൾക്കെല്ലാം ഇതിൽ കൃത്യമായ പങ്കുണ്ട്. അതിന്റെ ഒരു അനുരണനം മാത്രമാണ് പൂന്തുറയിൽ പട്ടാളത്തെ ഇറക്കിയ നടപടി. ഇതേ കാരണത്താൽ തന്നെയാണ് മുത്തങ്ങയിൽ ആദിവാസികൾക്കെതിരെ വെടിവെക്കുന്നതും. ആദിവാസികൾ അടിച്ചമർത്തപ്പെടേണ്ടവരാണ് എന്ന ബോധ്യത്തിൽ നിന്നാണ് വെടിവെയ്പുണ്ടാകുന്നത്. ചരിത്രത്തിന്റെ പുനരാവർത്തനം മാത്രമാണ് പൂന്തുറയിൽ നടന്നത്.

പൂന്തുറയിൽ കോവിഡ് കാലത്ത് സൈന്യത്തെ വിന്യസിച്ചപ്പോൾ

കാലാവസ്ഥ വ്യതിയാനം കാരണമുള്ള തുടർച്ചയായ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും മത്സ്യബന്ധനത്തൊഴിലിനെ കൂടുതൽ ദുരിതപൂർണ്ണമാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് നമ്മുടെ നയരൂപീകരണ സ്ഥാപനങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നുണ്ട്. എന്താണ് സാധ്യമായ പരിഹാരങ്ങൾ?

മത്സ്യത്തൊഴിലാളികൾക്ക് മുൻകൂട്ടി കാലാവസ്ഥ പ്രവചനങ്ങൾ നൽകുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ വൈകുന്നത്തിന്റെ ഫലമായാണ് മരണങ്ങളുണ്ടായിട്ടുള്ളത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. സ്റ്റേറ്റിന്റെയും നയരൂപീകരണത്തിൽ ഇടപെടുന്നവരുടെയും നോട്ടത്തിൻ്റെ പ്രശ്നമുണ്ടിവിടെ. മറ്റൊരു താരതമ്യം പറയാം. ഈയടുത്ത് ബാബു എന്ന യുവാവ് മലയിൽ കയറി കുടുങ്ങിയപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃത്യമായി അതിനോട് പ്രതികരിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകീകരിക്കുകയും ചെയ്തു. അതിന് ഒരു മാസം മുമ്പ് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽ പെട്ടപ്പോൾ മറൈൻ ആംബുലൻസ് പ്രവർത്തനരഹിതമായിരുന്നു. ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ചെയ്തു. മുഖ്യധാരയുടെ അവബോധത്തിൽ മത്സ്യത്തൊഴിലാളികൾക്ക് എവിടെയാണ് സ്ഥാനം എന്നതിന് തെളിവാണിത്. ഈ പ്രശ്നത്തെ ആണ് നാം അഭിമുഖീകരിക്കേണ്ടത്. നിരന്തരമായി മത്സ്യത്തൊഴിലാളികളുടെ വിഷയം സംസാരിക്കുകയും അത് നയരൂപീകരണത്തിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യുകയാണ് വേണ്ടത്. കൂടുതൽ ലേഖനങ്ങൾ, രചനകൾ, ചർച്ചകൾ ഇതിലൂടെ മാത്രമെ ഇവരുടെ പ്രശ്നങ്ങളെ പൊതുബോധ മധ്യത്ത് പ്രതിഷ്ഠിക്കാൻ സാധിക്കൂ. വി.എസ് അച്യുതാനന്ദൻ ചെയർമാനായുള്ള ഭരണപരിഷ്കാര കമ്മിഷൻ സ്വമേധയാൽ ആദ്യമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ചർച്ച ചെയ്യുകയും റിപ്പോർട്ട് തയ്യാറാക്കുകയും ഭരണപരിഷ്കാര നിർദേശങ്ങളിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തു എന്നത് ശ്ലാഘനീയമാണ്. ഒരുപക്ഷെ പത്ത് വർഷത്തിനു ശേഷമായിരിക്കും അതിൽനിന്നും ഫലം ഉണ്ടാകുക. ഈ വിഷയങ്ങൾ ഡോക്യുമെൻ്റ് ചെയ്ത് സർക്കാരിൻറെ മുമ്പിൽ കൊണ്ടുവരണം എന്നതാണ് പ്രധാനം. ആത്യന്തികമായി ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ബ്യൂറോക്രസി ആയതിനാൽ തന്നെ ഇത്തരത്തിലുള്ള നയരേഖകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ബ്യൂറോക്രസിയുടെ ബോധ്യങ്ങളാണ് നയപരിപാലനത്തിൽ സുപ്രധാനം. അതിനാൽ തന്നെ അവർക്കിടയിൽ അവബോധം ഉണ്ടാകേണ്ടതുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read