‘യോ​ഗി സർക്കാരിന് ഒരു ബലിയാടിനെ വേണമായിരുന്നു’

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാ​ഗ്വാ​ദങ്ങളെ തുടർന്ന് ഉത്തരപ്രദേശ് വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്. യു.പിയുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ നീതിബോധമുള്ളവർക്ക് മറക്കാനാകാത്ത ഒരു പേരുണ്ട്, ഡോ. കഫീൽ ഖാൻ. യു.പിയിലെ ആരോ​ഗ്യരം​ഗത്തിന്റെ അതിദയനീയമായ അവസ്ഥ തുറന്നുകാണിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത മനുഷ്യസ്നേഹിയായ ഡോക്ടർ. മുസ്ലിം ആയതിനാൽ, പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തിയ പ്രസം​ഗത്തിന്റെ പേരിൽ ദേശസുരക്ഷാ കുറ്റം ചുമത്തപ്പെട്ടും അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. കഫീല്‍ ഖാന് സംഭവിച്ചത് ഇനിയും ഇങ്ങനെ ചെയ്യാന്‍ മുതിരുന്നവര്‍ക്ക് ഒരു പാഠമാണ് എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന ‌ഖൊരക്പൂർ മണ്ഡലത്തിലെ ബാബാ രാഘവ്‌ ദാസ്‌ (ബി.ആർ.ഡി) മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ 63 നവജാത ശിശുക്കൾ മരിച്ചതിന്റെ പേരിലാണ് ഡോ. കഫീൽ ഖാനെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത്. സർക്കാർ യഥാസമയം പണം നൽകാതിരുന്നതാണ്‌ ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടതെന്ന്‌ കഫീൽ ഖാനും സഹ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാണിച്ചത് യോഗി ആദിത്യനാഥ്‌ സർക്കാരിന്‌ കനത്ത ആഘാതമായിരുന്നു.

ക​ഫീ​ല്‍ ഖാ​നു​മേ​ല്‍ ചു​മ​ത്തി​യ ദേ​ശ​സു​രക്ഷാ കുറ്റം നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്. പ്ര​സം​ഗ​ത്തിന്റെ പേ​രി​ല്‍ ക​ഫീ​ലി​നെ​തി​രെ കു​റ്റം ചു​മ​ത്തി​യ അലി​ഗഢ് ജി​ല്ലാ മ​ജി​സ്​​ട്രേ​റ്റി​നെ ഹൈ​കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍ശിക്കുകയുണ്ടായി. ‘ആശുപത്രികളിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യാതിരിക്കുന്നത് അതിന് ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തുന്ന. നരഹത്യയ്ക്ക് സമാനമായ കുറ്റകൃത്യമാണ്’ എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജയിലിൽ നിന്നും പുറത്തുവന്ന ശേഷം യോ​ഗ്യ ആദിത്യനാഥ് സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുടർച്ചയായി തുറന്നുകാണിക്കുന്നു കഫീൽ ഖാൻ.

ഖൊരക്പൂർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ച കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ വിശദീകരിക്കുന്ന, ‘ദ ഖൊരക്​പൂർ ഹോസ്പിറ്റൽ ട്രാജഡി- എ ഡോക്​ടേഴ്​സ്​ മെമയിർ ഓഫ്​ എ ഡെഡ്​ലി മെഡിക്കൽ ക്രൈസിസ്​’ എ​ന്ന തന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്രകാ​ശ​നത്തിനായി അടുത്തിടെ കേരളത്തിൽ എത്തിയിരുന്നു കഫീൽ ഖാൻ. കേരളീയത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. കഫീല്‍ ഖാന്‍ പുസ്തകത്തെക്കുറിച്ചും ഇന്ത്യയിലെ ആരോഗ്യസംവിധാനങ്ങളുടെ സമകാലിക അവസ്ഥയെപ്പറ്റിയും സംസാരിക്കുന്നു.

“സാധാരണഗതിയില്‍ ആശുപത്രിയുടെ പീഡിയാട്രിക്‌സ് വാര്‍ഡില്‍ ഏകദേശം ഇരുപത് മരണങ്ങള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പൂര്‍വ്വാഞ്ചലിലെ ദരിദ്രമായ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ ആശ്രയിച്ചിരുന്നത് ഈ ആശുപത്രിയെ ആയിരുന്നതുകൊണ്ട്. ബിഹാറില്‍ നിന്നുള്ള വലിയൊരു വിഭാഗവും അയല്‍ രാജ്യമായ നേപ്പാളില്‍ നിന്നുള്ള ഒരു ചെറിയ വിഭാഗം രോഗികളും ചികിത്സതേടിയെത്തും. തുടര്‍ച്ചയായി തകര്‍ന്ന അവസ്ഥയിലാണ് ഈയിടങ്ങളിലെ പ്രാഥമിക ആരോഗ്യ സംവിധാനം. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ആര്‍ക്കും പ്രയോജനമില്ലാതെയായി. അതിനാല്‍ ബി.ആര്‍.ഡിയില്‍ തിരക്കേറിയും വന്നു.

*****

പെട്ടെന്ന് മാധ്യമങ്ങളും പ്രതിപക്ഷവും ഇതേപ്പറ്റി ആഴത്തിലുള്ള അന്വേഷണം തുടങ്ങി. മുന്‍പൊന്നും അറിഞ്ഞിരുന്നില്ലാത്ത പല വിവരങ്ങളും പുറത്തുവന്നുതുടങ്ങി. ഗൊരഖ്പൂര്‍ എംപി ആയിരിക്കെ നിലവിലെ മുഖ്യമന്ത്രി എന്താണ് ഇവിടെ ചെയ്തതെന്ന് ആളുകള്‍ ചോദിച്ചുതുടങ്ങി. യോഗി ആദിത്യനാഥ് ഖൊരഖ്പൂരില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗമായിരുന്നത് അഞ്ച് തവണയാണ്.

*****

എല്ലാ ഓഗസ്റ്റിലും കുഞ്ഞുങ്ങള്‍ മരിക്കാറുള്ളതാണ് എന്ന ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിന്റെ പ്രസ്താവന മെഡിക്കല്‍ കോളേജിലെത്തിയ മാധ്യമപ്രവര്‍ത്തകരില്‍ വലിയ ചലനമുണ്ടാക്കി. അതൊരു വലിയ തലക്കെട്ടായി. മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഈ നിര്‍വ്വികാരതയെ ചോദ്യംചെയ്തുതുടങ്ങി. രാഷ്ട്രീയപാര്‍ട്ടികള്‍ ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടു. ടെലിവിഷനില്‍ അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ ഒരു രാത്രിയുടെ വാര്‍ത്ത സംപ്രേഷണം ചെയ്യപ്പെടുകയായിരുന്നു.

*****

ഓക്‌സിജന്‍ കിട്ടാതെ മരിച്ച ഖുശി എന്ന അഞ്ചുവയസ്സുകാരിയുടെ പിതാവ് രാജ്ഭര്‍ ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയും നടപടിയെടുക്കണമെന്ന് പരാതി ആവശപ്പെട്ടിരുന്നു. രക്ഷിതാക്കള്‍ അവരുടെ മക്കള്‍ക്കുവേണ്ടി നീതി ആവശ്യപ്പെട്ടു. ഭരണസംവിധാനത്തിന്റെ ഏറ്റവും ഉന്നതങ്ങളിൽ ഏതായാലും ഇത് ഒരു ബലിയാടിന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിരുന്നു”

ഡോ. കഫീല്‍ ഖാന്റെ ‘ദ ഖൊരക്​പൂർ ഓക്‌സിജന്‍ ട്രാജഡി, എ മെമോയര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ്’ എന്ന പുസ്തകത്തിലെ ഡ്യൂട്ടി എന്ന അധ്യായത്തിൽ നിന്നും.

ഖൊരക്​പൂർ ഓക്‌സിജന്‍ ദുരന്തത്തെക്കുറിച്ചുള്ള ഈ പുസ്തകം എഴുതണമെന്ന് തോന്നിയ നിമിഷം എപ്പോഴായിരുന്നു?

കോവിഡ് രണ്ടാം തരംഗത്തിലെ കേസുകള്‍ വളരെ കൂടിയ സമയമാണ് പുസ്തകമെഴുതാനുണ്ടായ ട്രിഗർ പോയിന്റ്. 2021ലെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡല്‍ഹി, മുംബൈ, ലക്‌നൗ, കൊല്‍ക്കത്ത, ബാം​ഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന ആരോഗ്യം വിപണിയില്‍ ലഭ്യമാണെന്ന് കരുതുന്ന വരേണ്യ വര്‍ഗത്തിനും സമാനമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. ശരിക്കും ദേജാ വൂ അനുഭവിച്ച സാഹചര്യമായിരുന്നു അതെനിക്ക്. അതായിരുന്നു ഒരു ട്രിഗര്‍. ഞാന്‍ മുമ്പും എഴുതാറുണ്ട്. കുട്ടിയായിരിക്കെ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഞാന്‍ എഴുതുമായിരുന്നു. ജയിലില്‍നിന്നും എഴുതിയിരുന്നു. ഒരു ദിവസം ജയിലിനകത്ത് എന്തൊക്കെ സംഭവിക്കുന്നു, എന്റെ മനസ്സിലൂടെ എന്തെല്ലാം കടന്നുപോകുന്നു എന്നെല്ലാം എഴുതിവെച്ചിരുന്നു. ജയിലില്‍ നിന്ന് എന്റെ കുടുംബാംഗങ്ങള്‍ക്കയച്ച കത്തുകള്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. എല്ലാവര്‍ക്കും എന്റെ കഥ അറിയാം, കുറച്ചെങ്കിലും. എന്റെ കുടുംബം എന്തിലൂടെ കടന്നുപോയി എന്ന് ആര്‍ക്കും അറിയില്ല. ഈ കാര്യങ്ങളെല്ലാം ഒരു പുസ്തകമാക്കി സൂക്ഷിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കും ഡോ. കഫീലിന് സംഭവിച്ചതെന്ത് എന്നറിയാം, പക്ഷേ ആര്‍ക്കും ആ എണ്‍പതു കുടുംബങ്ങള്‍ക്ക് എന്താണെന്ന് സംഭവിച്ചതെന്നറിയില്ല. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അല്ലെങ്കില്‍ ഏതൊരു ഭരണകൂടവും തങ്ങളുടെ പരാജയം മറച്ചുപിടിക്കാന്‍ ഒരു ബലിയാടിനെ ഉണ്ടാക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയാണ് എനിക്ക് എഴുതേണ്ടിയിരുന്നത്. ആരാണ് ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ എന്ന് ഈ ലോകം അറിയേണ്ടതുണ്ട്. ജയില്‍ ജീവിതത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്, കുറച്ച് അധ്യായങ്ങള്‍ ജയിലിനെക്കുറിച്ചുള്ളതാണ്. ഇന്ത്യയിലെ ആരോഗ്യസംവിധാനമാണ് പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി, ഓക്‌സിജന്‍ ദുരന്തം നമ്മുടെ തകര്‍ന്ന ആരോ​ഗ്യ സംവിധാനത്തിന്റെ ക്രൂര മുഖമാണെന്ന്. എല്ലായിടത്തും ഇത് ഒരുപോലെയാണ്.

തുടർച്ചയായ അറസ്റ്റുകൾക്കും ജയിൽ മോചനങ്ങൾക്കും ഇടയിലുള്ള സമയത്ത് ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നല്ലോ. കോവിഡിന് ശേഷമുള്ള ആരോ​ഗ്യരം​ഗത്തിന്റെ അവസ്ഥയെക്കുറിച്ച് ഈ പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കിയത് എന്തൊക്കെയാണ്?

ഗ്രാമപ്രദേശങ്ങളില്‍ ഒന്നും മാറിയിട്ടില്ല. മൂന്നു വര്‍ഷത്തിനിടയിൽ ഞങ്ങൾ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലായി 250 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. മെട്രോ നഗരങ്ങളിലെ ആശുപത്രികളില്‍ വെന്റിലേറ്ററുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും ഉണ്ട്. പക്ഷെ ഡോക്ടര്‍മാരില്‍ വെന്റിലേറ്റര്‍ അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവര്‍ എത്രപേരുണ്ടാവും? ആര്‍ക്കും എടുത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന കളിപ്പാട്ടമല്ല വെന്റിലേറ്റര്‍. അതിന് പരിശീലനം ആവശ്യമാണ്. കുറഞ്ഞത് ആറുമാസത്തെ പരിശീലനമെങ്കിലും വേണം. ആരോഗ്യ ബഡ്ജറ്റ് ഈ വര്‍ഷം 86,200 കോടിയാണ്. ജി.ഡി.പിയുടെ 2 ശതമാനം മാത്രമേ അത് വരൂ. 2025 ആകുമ്പോഴേക്കും അത് 3.5 മുതല്‍ 5 ശതമാനം വരെ ആക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കോവിഡിന് ശേഷം ലോകത്തെങ്ങും രാജ്യങ്ങള്‍ 10 ശതമാനം ഒക്കെയാണ് ആരോഗ്യത്തിനു വേണ്ടി മാറ്റിവെക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരോഗ്യത്തിന് വകയിരുത്തിയതില്‍ നിന്ന് ഈ വര്‍ഷത്തേതിലേക്കുള്ള മാറ്റം പണപ്പെരുപ്പനിരക്ക് മാത്രമാണ്. അത് ബജറ്റിലുള്ള യഥാര്‍ത്ഥ വര്‍ദ്ധനവല്ല. കേരളത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞതും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നാണ്. കേരളം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ഭേദമുള്ള അവസ്ഥയിലാണ് എന്നുപറയാം. യു.പി, ബിഹാര്‍, ആസ്സാം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ വളരെ മോശം നിലയിലാണ്, ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്നുണ്ട്. ആരും അത് കാര്യമാക്കാറില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് ഒരു ആരോഗ്യസംവിധാനത്തിന്റെ അടിസ്ഥാനം. ഇവ തകര്‍ച്ച നേരിടുകയാണ്.

ഈ അവസ്ഥയിലേക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എത്താനുള്ള ചരിത്രപരമായ കാരണം എന്താണെന്നാണ് കരുതുന്നത്?

ഇന്ത്യ ബ്രിട്ടീഷ്‌കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയതോടെ ആരോഗ്യം സംസ്ഥാനങ്ങളുടെ ചുമതലയിലായി. കേന്ദ്രം പകുതി ചിലവാണ് വഹിക്കുക. കഴിഞ്ഞ എഴുപത്തിയഞ്ചു വര്‍ഷമായി ഭരണത്തിലിരിക്കുന്ന വിവിധ ഗവണ്മെന്റുകള്‍ വളരെ നിശ്ശബ്ദമായി പ്രോത്സാഹിപ്പിച്ചത് സ്വകാര്യ മേഖലയെയാണ്. 81 ശതമാനം ഡോക്ടര്‍മാര്‍ സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്, ആരോഗ്യസംവിധാനത്തിന്റെ 78 ശതമാനം സ്വകാര്യമേഖലയിലാണ്. സ്വകാര്യ ആശുപത്രികള്‍ ലക്ഷ്യമിടുന്നത് നഗരങ്ങളെ മാത്രമാണ്, അവര്‍ ഗ്രാമങ്ങളിലേക്ക് പോകുകയില്ല. അവര്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതിലോ രോഗവ്യാപനം തടയുന്നതിലോ ശ്രദ്ധ ചെലുത്തുകയില്ല. നിങ്ങള്‍ മരിക്കാന്‍ സാധ്യതയുള്ള അവസ്ഥയിലാണെങ്കില്‍ അവര്‍ നിങ്ങളെ രക്ഷിച്ചേക്കും. പണത്തിലാണ് അതിന്റെ നിലനില്‍പ്, അല്ലാതെ രോഗ നിര്‍മ്മാര്‍ജ്ജനത്തിലോ നിയന്ത്രണത്തിലോ അല്ല. നിങ്ങള്‍ക്ക് ചിക്കന്‍പോക്‌സോ ടി.ബിയോ ഉണ്ടെങ്കില്‍ അത് സ്വകാര്യ ആശുപത്രികളുടെ വിഷയമല്ല. സെക്കണ്ടറി, ടേര്‍ഷ്യറി കെയര്‍ നല്‍കുക എന്നതാണ് അവരുടെ ലക്ഷ്യം. പ്രാഥമിക ആരോഗ്യ പരിചരണത്തെപ്പറ്റി അവര്‍ ചിന്തിക്കുകയില്ല. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രാഥമികാരോഗ്യ സംവിധാനം തകര്‍ച്ച നേരിടുകയാണ്. ആരോഗ്യ സംവിധാനം സര്‍ക്കാര്‍ കൈകളില്‍ നിന്നും സ്വകാര്യ വ്യക്തികളിലേക്ക് എത്തിത്തുടങ്ങിയതാണ് ഈ തകര്‍ച്ചയ്ക്ക് കാരണം. രോഗനിയന്ത്രണത്തില്‍ ശ്രദ്ധിക്കാത്ത രോഗപരിചരണത്തിനാണ് സ്വകാര്യമേഖല ഊന്നല്‍ കൊടുക്കുന്നത്. അവര്‍ രോഗപ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നതേയില്ല. ഈസ്റ്റേണ്‍ യു.പിയിലെ എന്‍സിഫലൈറ്റിസിന്റെ ഉദാഹരണം നോക്കാം. എന്‍സിഫലൈറ്റിസിന്റെ പനി വരുമ്പോള്‍ അവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് പോകുക. പക്ഷേ അവിടെ ഡോക്ടര്‍ ഉണ്ടാവുകയില്ല. അവര്‍ക്ക് പിന്നീട് പോകേണ്ടിവരിക വ്യാജ ഡോക്ടര്‍മാരുടെ അടുത്തേക്കായിരിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍നിന്ന് തന്നെ ചികിത്സ ലഭിക്കുകയാണെങ്കില്‍ നമുക്ക് ശിശുമരണനിരക്ക് കുറയ്ക്കാന്‍ കഴിയും.

പുസ്തകം കൂടുതലായി ചര്‍ച്ച ചെയ്യുന്നത് കുഞ്ഞുങ്ങളെ കുറിച്ച് തന്നെയല്ലേ?

അതെ. ആര്‍ക്കും അതൊരു വിഷയമല്ല. കേരളത്തിലാണെങ്കിലും എല്ലാവരും കേരളത്തിലെ ആരോഗ്യമേഖലയിലെ മികവിനെപ്പറ്റി സംസാരിക്കുമെങ്കിലും ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ആദിവാസി മേഖലകളില്‍ ആരോഗ്യസംവിധാനം വളരെയധികം ആവശ്യമാണ്.

താങ്കള്‍ക്ക് എതിരെയുള്ള കേസുകളില്‍ ഇന്ത്യന്‍ നിയമസംവിധാനം എത്രത്തോളം നീതിപൂര്‍വ്വം ഇടപെട്ടിട്ടുണ്ട് ?

വൈകിയാണെങ്കിലും കോടതികള്‍ എന്റെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ ഒന്നും രണ്ടും വര്‍ഷം തടവ് അനുഭവിക്കാറുണ്ട്. ജാമിഅയിലെയും ജെ.എന്‍.യുവിലെയും വിദ്യാര്‍ത്ഥികള്‍ ജയിലിലടയ്ക്കപ്പെട്ടിട്ട് രണ്ട് വര്‍ഷം കഴിയുന്നു. ഇരുപത് വർഷത്തോളമായി ജയിലില്‍ കഴിയേണ്ടിവന്നവരുണ്ട്. വെടിയേറ്റ് കൊല്ലപ്പെട്ടവരുണ്ട്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണ്. എങ്കിലും മുപ്പത്തിയഞ്ച് മില്യണിലധികം കേസുകള്‍ തീർപ്പാകാതെ കിടക്കുന്നുണ്ട് എന്നത് ‍ഞെട്ടിക്കുന്ന വസ്തുതയാണ്. അമ്പതുമുതല്‍ എഴുപത് ശതമാനംവരെ കേസുകളില്‍ നടപടികള്‍ തുടങ്ങിയിട്ടേ ഉള്ളൂ. നിയമസംവിധാനത്തിന്റെ വേഗം പതുക്കെയാണ്. കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിച്ചുവെങ്കിലും ആരാണ് എന്റെ അഞ്ഞൂറു ദിവസങ്ങള്‍ തിരിച്ചുതരിക?

എനിക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് നിയമവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീംകോടതി ചീഫ് ജസ്റ്റിസും വ്യക്തമായി എന്റെ കേസില്‍ പറഞ്ഞിട്ടുണ്ട്. ഖൊരക്പൂർ ജില്ലാ മജിസ്‌ട്രേറ്റും ഈ കേസില്‍ കോടതിയുടെ വിമര്‍ശനം നേരിടുകയുണ്ടായി. എന്നാല്‍ ജില്ലാ മജ്‌സ്‌ട്രേറ്റിന് നിയമപരമായ ശിക്ഷ നല്‍കാന്‍ അവര്‍ തയ്യാറായില്ല. ജില്ലാ മജിസ്‌ട്രേറ്റ് ഇനിയും കൂടുതല്‍ പേരെ ജയിലിലടക്കരുത്. അലിഗഢ് കേസ് ക്വാഷ് ചെയ്യാന്‍ എനിക്ക് മറ്റൊരു കേസ് ഫയല്‍ ചെയ്യേണ്ടിവന്നു. അതിന് വേണ്ടി അഞ്ച് ലക്ഷം രൂപ ചെലവഴിക്കുകയും കോടതിയില്‍ ഓടിനടക്കേണ്ടിയും വന്നു. ഒടുവില്‍ അലഹാബാദ് ഹൈക്കോടതി ആ കേസ് ക്വാഷ് ചെയ്തു. ഇനി ജില്ലാ മജിസ്‌ട്രേറ്റിനെയും മുതിര്‍ന്ന പൊലീസ് സൂപ്രണ്ടിനെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടും വേറൊരു കേസ് ഫയല്‍ ചെയ്യണം. ഈ രീതിയിലാണ് നിയമസംവിധാനം പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരനായ ജനങ്ങള്‍ക്കോ അടിച്ചമര്‍ത്തപ്പെട്ട ജനതകള്‍ക്കോ നീതി കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. ഹൈക്കോടതിയില്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഒരു കേസ് വാദിക്കുന്നതിന് ചെലവ്. സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഫീസ്. ഒരു ഹിയറിങ്ങിന് മാത്രമാണ് ഇത്. സുപ്രീംകോടതിയില്‍ ഞാന്‍ നാലോ അഞ്ചോ തവണയാണ് പോയത്. പത്തിലേറെ തവണ ഹൈക്കോടതിയിലും. എത്രപേര്‍ക്കാണ് ഇതിനുള്ള റിസോഴ്‌സ് ഉള്ളത്? ഈ കാലഘട്ടത്തില്‍ ദരിദ്രര്‍ക്കുള്ളതല്ല നീതി. നീതി ഇത്രയും വിലപിടിച്ചതാകുമെന്ന് ബാബാ സാഹേബ് അംബേദ്കര്‍ ഭരണഘടന എഴുതിയപ്പോള്‍ കരുതിക്കാണില്ല. ഇത്രയും വൈകിയെത്തുന്നതാകുമെന്നും കരുതിക്കാണില്ല. പ്രിവിലേജ്ഡ് ആയ ആളുകള്‍ക്ക് മാത്രം ഉള്ളതാണ് നീതി. ദരിദ്രരായവര്‍ക്ക് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോകാന്‍ കഴിയില്ല. അതിനുള്ള ചെലവ് വഹിക്കുക എന്നത് ഏറെക്കുറെ അസാധ്യമായിരിക്കും.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രചാരണം നടത്തുന്നത് ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് പറഞ്ഞാണല്ലോ. എന്താണ് യാഥാർത്ഥ്യം?

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് നമ്മള്‍ കണ്ടതാണല്ലോ. കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം ഞങ്ങള്‍ ഒരു സര്‍വെ നടത്തിയിരുന്നു, യു.പിയിലെ ഗ്രാമങ്ങളില്‍. ഓരോ ഗ്രാമത്തിലും പത്തോളം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ലക്ഷത്തോളം ഗ്രാമങ്ങളുണ്ട് യു.പിയിൽ. കൊറോണയുടെ രണ്ടാം തരംഗത്തില്‍ പതിനൊന്ന് ലക്ഷത്തോളം മരണങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. യു.പി സർക്കാർ ഇത് നിഷേധിക്കുകയാണ്. അവര്‍ പറയുന്നു ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ട് എന്ന്. എന്നാല്‍ റേപ് കേസുകളുടെ എണ്ണത്തെക്കുറിച്ചോ കൊലപാതകങ്ങളുടെ എണ്ണത്തെക്കുറിച്ചോ അവര്‍ സംസാരിക്കില്ല. ഇക്കാര്യങ്ങൾ മറച്ചുവയ്ക്കാനായി ബി.ജെ.പി യോഗി ആദിത്യനാഥിനെ പിന്നിലേക്ക് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. യോഗിയും അഖിലേഷും തമ്മില്‍ എന്നത് മോദിയും അഖിലേഷും എന്ന നിലയിലേക്ക് മാറി. ഇന്ത്യന്‍ ജനതയുടെ 75 ശതമാനം ജനങ്ങള്‍ക്ക് ആവശ്യം ഭക്ഷണവും തൊഴിലും പാര്‍പ്പിടവുമാണ്. ഈ ആവശ്യങ്ങള്‍ തള്ളിക്കളയുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്. മോദി-യോ​ഗി സർക്കാർ മാത്രമല്ല, ധാർമ്മികതയില്ലാത്ത ഭരണകൂടങ്ങളാണ് ഇതുവരെയും നമ്മളെ ഭരിച്ചത്. ഇവിടെയുള്ള ജനങ്ങളുടെ വോട്ടിം​ഗ് താല്‍പര്യങ്ങള്‍ക്കും അതിൽ പങ്കുണ്ട്. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടിയല്ല, ജാതിക്കും മതത്തിനും വേണ്ടി വോട്ട് ചെയ്തവരാണ് ഏറെയും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read