“ജാതിയുടെ ഘടനയെ മനസ്സിലാക്കുന്നവർ തീർച്ചയായും അതിനെ തകർക്കാൻ മുന്നിട്ടിറങ്ങും”

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

‘ഡോ. ബി.ആർ അംബേദ്കർ നൗ ആൻഡ് ദെൻ’ ഒരു പ്രസ്താവനയിലാണ് തുടങ്ങുന്നത്, ‘the film is not working for me’, എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞുകൊണ്ട് തുടങ്ങിയത്?

ഈ ഡോക്യുമെന്ററി ഞാൻ മൂന്ന് തവണ എഡിറ്റ് ചെയ്തു. രണ്ടാമത്തെ എഡിറ്റിലും എനിക്ക് സന്തോഷം തോന്നിയില്ല. അതിൽ എല്ലാ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും ഞാൻ ചെയ്തിരുന്നു, സൗണ്ട് ഡിസെെനും കളർ കറക്ഷനും സബ് ടെെറ്റ്ലിങ്ങും, എല്ലാം. ഒരു തരത്തിൽ ഫിലിം റാപ് അപ് ചെയ്തെങ്കിലും എനിക്കത് ഒട്ടും വർക്കായില്ല. മുഴുവനായെങ്കിലും മുഴുവനായില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ കുറച്ചുനാൾ മുംബെെയിലെ വിസ് ലിങ് വുഡ്സ് ഇന്റർനാഷണലിൽ ഫിലിം പ്രൊഡ്യൂസിങ് പഠിപ്പിച്ചു, അതിന്റെ തിരക്കിൽ ജീവിച്ചു. എട്ടുമാസം സിനിമയുമായി അകലം സൂക്ഷിച്ചപ്പോൾ എനിക്ക് സിനിമയെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകളുണ്ടായി. അങ്ങനെ ഞാൻ മൂന്നാമത്തെ എഡിറ്റ് തുടങ്ങി. എന്റെ എഡിറ്ററുമായി സംസാരിക്കുമ്പോൾ ഞാൻ പറഞ്ഞു, “the film is not working for me”. അന്ന് ഞങ്ങൾക്ക് തോന്നി സിനിമ അങ്ങനെ തുടങ്ങാമെന്ന്. ഞാൻ സിനിമ ചെയ്ത് ശീലമുള്ളൊരു ഫിലിം മേക്കർ അല്ല എന്ന അർത്ഥം കൂടി ഈ പറഞ്ഞതിലുണ്ട്, ഞാനിതുവരെ ഒരു അഞ്ച് മിനിറ്റ് സിനിമ പോലും ഉണ്ടാക്കിയിട്ടില്ല. ഇതൊരു നീണ്ട സിനിമയാണ്, ഒറ്റയടിക്ക് ഞാൻ 111 മിനിറ്റ് നീണ്ട ഒരു സിനിമയുണ്ടാക്കി (ചിരിക്കുന്നു). പക്ഷേ, ഇതെനിക്ക് ചെയ്യാൻ കഴിയുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. ഒരു എഴുത്തുകാരിയെന്ന നിലയിൽ ഞാൻ‍ ശക്തയാണ്. എന്റെ എഴുത്തിൽ എനിക്ക് വലിയ ആത്മവിശ്വാസവുമുണ്ട്, അത് ഏതുതരം എഴുത്തായാലും. തിരക്കഥയെഴുത്ത് മത്സരങ്ങളിൽ കുറേ പങ്കെടുക്കുകയും ചിലതിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എനിക്ക് പറയാനുള്ളതെന്താണെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. But film making is a completely different beast altogether. ഓരോന്നും ചെയ്തു തുടങ്ങുന്നതുവരെ അത് എങ്ങനെയാണ് ചെയ്യുക എന്നറിയില്ല, മാത്രമല്ല വളരെ ചിലവേറിയ ഒരു മീഡിയം ആണിത്. മൂന്നാമത്തെ എഡിറ്റ് ചെയ്യാൻ മാനസികമായി വളരെയധികം തയ്യാറെടുപ്പ് വേണമായിരുന്നു. ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താൻ സിനിമയിൽ നിന്നും കുറച്ച് അകലവും പണവും വേണമായിരുന്നു. ഈ സിനിമ ചെയ്തെടുക്കാൻ എട്ടുവർഷങ്ങൾ വേണ്ടിവന്നു. അവസാന എഡിറ്റും അതിലൂടെ പുറത്തുവന്ന നിങ്ങളെല്ലാം കണ്ട സിനിമയും, ആളുകളോട് എനിക്ക് എങ്ങനെ സിനിമയെടുക്കണമെന്ന് അറിയില്ല എന്ന് അത്രയും സത്യസന്ധമായി പറയാൻ കൂടിയുള്ളതാണ്. എനിക്കറിയില്ലായിരുന്നു! But i am an honest person, and i believe that vulnerability requires some kind of courage, strength and honesty. എനിക്കതറിയില്ല, അറിയാത്തിടത്ത് നിന്ന് തന്നെ തുടങ്ങാം, അങ്ങനെയാണ് ഞാൻ ചിന്തിച്ചത്. ഫിലിം എന്നെക്കൊണ്ട് പറ്റുന്നില്ല!

‘ഡോ. ബി.ആർ അംബേദ്കർ നൗ ആൻഡ് ദെൻ’, പോസ്റ്റർ

ഞാൻ കരുതി ജ്യോതി പോപ്പുലർ കൾച്ചറിലെ സിനിമകളെക്കുറിച്ചാണ് പറഞ്ഞതെന്ന്.

പോപ്പുലർ കൾച്ചർ ജാതിയെ വർഗമായി അവതരിപ്പിക്കുകയാണ്. ‘ക്ലാസ്’ എന്നത് സാമ്പത്തിക പ്രശ്നങ്ങളെ കാണിക്കുവാനും, മനുഷ്യർ ദരിദ്രരാണ് എന്ന് പറയുവാനും വേണ്ടി camouflage ചെയ്യുകയാണ്. മനുഷ്യർ ദരിദ്രർ മാത്രമല്ല, അവർ സാമൂഹ്യമായി അപമാനിക്കപ്പെടുന്നവരും, വിഭജിതരും, ബഹിഷ്കരിക്കപ്പെട്ടവരും, വിവേചനം നേരിടുന്നവരുമാണ്. ഈ സാമൂഹ്യവിവേചനത്തെക്കുറിച്ച് പോപ്പുലർ കൾച്ചറിൽ നേരിട്ട് സംസാരിക്കുകയില്ല. പാ. രഞ്ജിത്തിന്റെ സിനിമകളിൽ ഈ സംസാരം വളരെ തീവ്രമായി കാണാം. ബിഗ് ബജറ്റിൽ ഒരു കൊമേഷ്യൽ സിനിമയുണ്ടാക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നേരിടണം. ആദ്യത്തേത്, സെൻസർ സർ‍ട്ടിഫിക്കറ്റ് കിട്ടുമോ? ജാതിയെയും ജാതിവിവേചനത്തെയും കുറിച്ചുള്ള ചോദ്യങ്ങളുയർത്തുന്ന സിനിമകൾ, രഞ്ജിത്ത്, വെട്രിമാരൻ, മാരി സെൽവരാജ്, നാഗരാജ് മഞ്ജുളെ, നീരജ് ഗേയ്വാൻ എന്നിവരുടെ സിനിമകൾ. വയനാട്ടിൽ നിന്നും ലീല സന്തോഷ് എന്ന സംവിധായികയുണ്ട്. ജെന്നി ഡോളി ഉണ്ട്. സ്ത്രീ സംവിധായികമാർ വളരെ കുറവാണ്, പ്രത്യേകിച്ച് ദലിത് സമുദായങ്ങളിൽ നിന്ന്. പതുക്കെ എനിക്ക് മനസിലാക്കാനായി, ഇതൊക്കെ ഞാൻ ഉയർത്തിക്കൊണ്ടുവരേണ്ട പ്രധാനപ്പെട്ട ചോദ്യങ്ങളാണെന്ന്, സിദ്ധാന്തപരവും ബോധനപരവുമായ (pedagogical) ചോദ്യങ്ങളാണെന്ന്, ആദ്യാവസാനം അതെല്ലാം മനുഷ്യാവകാശ ചോദ്യങ്ങളാണെന്ന്.

അറിവും പ്രാതിനിധ്യവും തമ്മിൽ വലിയൊരു വിടവ് ചലച്ചിത്ര നിർമ്മാണത്തിലും കഥപറച്ചിലിലും നിലനിൽക്കുന്നുണ്ട്. അപ്പോൾ ഈ ചോദ്യം വരുന്നു, റിസർച്ച് എവിടെ? കൊമേഷ്യൽ സിനിമകൾക്ക് ഗവേഷണം ചെയ്യാനുള്ള ഫണ്ട് ഉണ്ടാകും. പക്ഷേ, സമുദായത്തിലെ ആളുകളുടെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കുവാൻ കഴിയുകയില്ല. സിനിമയുണ്ടാക്കുന്നവരും അവർ പ്രതിനിധീകരിക്കുന്ന മനുഷ്യരും ഒന്നുചേർന്നല്ല ഇതൊക്കെ ചെയ്യുന്നത്. സഹപ്രവർത്തനം അവിടെ നടക്കുന്നില്ല. അരികുകളിലേക്ക് പുറംതള്ളപ്പെട്ടവർ എന്നു പറഞ്ഞുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതും. ഒരു ക്വിയർ വ്യക്തിയെക്കുറിച്ച് സിനിമയുണ്ടാക്കുമ്പോൾ, കഥയ്ക്ക് ആധികാരികത കിട്ടണമെങ്കിൽ ഒരു ക്വിയർ വ്യക്തി ആ സിനിമയിൽ അഭിനയിക്കണം. നീരജ് ഗേയ്വാന്റെ ‘ഗീലി പുച്ചി’ എന്ന സിനിമയിൽ ഞാൻ ഡയറക്റ്റേഴ്സ് അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്നു. നീരജ് ദലിത് സമുദായത്തിൽനിന്നുള്ളയാളാണ്. ഗവേഷണം ചെയ്യാനാണ് നീരജ് എന്നെ സിനിമയിലെടുത്തത്. ക്രിയേറ്റീവ് ആയും പ്രൊഡക്ഷൻ സമയത്തും ആ ജോലി ചെയ്യണം. ഡയലക്റ്റ് എക്സ്പേർട്ട് (dialect expert) ആയും ഞാൻ വർക്ക് ചെയ്തു. ഡയറക്ടേഴ്സ് അസിസ്റ്റന്റ് ഡയറക്ടറുമായി അടുത്ത് വർക്ക് ചെയ്യണം. പ്രീ പ്രൊഡക്ഷൻ ചെയ്യുന്ന സമയത്ത് എല്ലാ ഡിപ്പാർട്ട്മെന്റിലെയും തലപ്പത്തുള്ളവരുമായി ഇരുന്ന് നമ്മൾ സ്ക്രിപ്റ്റ് വായിച്ചു. അതിനിടയിൽ എനിക്ക് വിയോജിപ്പ് തോന്നുന്ന ഇടങ്ങളിൽ ഞാനതു തുറന്നുപറഞ്ഞു, ഒരു കാര്യം ഇങ്ങനെ വന്നാൽ അത് കഥാപാത്രത്തിന് എതിരാകും, ഒരു ഗെയ്സ്, അല്ലെങ്കിൽ കൂടുതൽ കൃത്യമായ കാഴ്ചപ്പാട് കൊണ്ടുവരിക അങ്ങനെയെല്ലാം. ഗീലി പുച്ചിയിൽ ജോലി ചെയ്യുന്നതിന് മുമ്പ് തന്നെ ബഹുജൻ പ്രേക്ഷകത്വം (bahujan spectatorship) ഞാൻ തിയറെെസ് ചെയ്തിരുന്നു. അങ്ങനെ സിനിമയിലെ വിഷ്വൽ മീഡിയത്തെക്കുറിച്ചുള്ള സിദ്ധാന്തവുമായി ഒരുതരത്തിൽ പരിചയമുള്ളയാളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ സിനിമ ‘ഡോ. അംബേദ്കർ നൗ ആൻഡ് ദെൻ’ വർക്ക് ആകുമെന്ന് എനിക്കറിയാം. തിയറിയും സിനിമയുടെ ദൃശ്യ മാധ്യമവും ഒന്നിച്ചുവരുന്നുണ്ട് ഇതിൽ, പോപ്പുലർ കൾച്ചറിൽ അത് സംഭവിക്കാറില്ല.

(“എന്റെ ആദ്യ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്തത് നീലം പ്രൊഡക്ഷന്‍സിനൊപ്പമാണ്. എന്തുകൊണ്ട് നീലം പ്രൊഡക്ഷന്‍സിനൊപ്പം മാത്രം ചെയ്തു എന്നത് പ്രത്യയശാസ്ത്രം ഒന്നായതുകൊണ്ടും ജീവിതാനുഭവങ്ങള്‍ ഒരുപോലെയുള്ളതുകൊണ്ടുമാണ്. പ്രതിരോധത്തില്‍ ഊന്നിയ നോട്ടവും (gaze), ചോദ്യം ചെയ്യലില്‍ ഊന്നിയ നോട്ടവുമായതുകൊണ്ടാണ്. ആധികാരികത നഷ്ടപ്പെടാതിരിക്കാന്‍ വളരെയേറെ ശ്രമിച്ചിട്ടുണ്ട്. 25 ലക്ഷത്തോളം രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ശേഖരിച്ചത്. രാഷ്ട്രീയ നേതാക്കളും എനിക്ക് പണം ഓഫര്‍ ചെയ്തിട്ടുണ്ട്, അവര്‍ക്ക് സിനിമയില്‍ അഭിപ്രായം പറയാനുള്ള ഇടമുണ്ടാക്കാന്‍ വേണ്ടി. അത് ചെയ്യാന്‍ പറ്റില്ല. ജാതിവിരുദ്ധ മുന്നേറ്റത്തിന്റെ ചരിത്രമുള്ള ഒരു കുടുംബമാണ് എന്റേത്. എന്റെ പിതാവ് ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. ഡോ. അംബേദ്കര്‍ പൊതുവ്യവഹാരത്തിന്റെ ഭാഗമാകുന്നതിന്റെ മുമ്പ് തന്നെ ഞാന്‍ ജയ് ഭീം വിളിച്ചിരുന്നു. അംബേദ്കര്‍ ജയന്തി, ബുദ്ധ പൂര്‍ണിമ ആഘോഷങ്ങളില്‍ പാട്ടുകള്‍ പാടിയിരുന്നു. എങ്ങനെയുള്ള ഫണ്ടുകള്‍ വന്നാലും അതിൽ നിന്നും കാഴ്ച മാറുകയില്ല. പൊതു വ്യവഹാരത്തില്‍ തന്നെ ഈ ആശയത്തെ വളച്ചൊടിക്കാന്‍ വലിയ സാധ്യതകളുണ്ട്, അതുകൊണ്ട് നമ്മുടെ ഉത്തരവാദിത്തവും വളരെ ഭാരമേറിയതാണ്.”- 2025 IDSFFKയിൽ, ‘ഷിഫ്റ്റിങ് ടെറെയ്ൻസ് ഓഫ് ഡോക്യുമെന്ററി മേക്കിങ്, ഫെെൻഡിങ് ന്യൂ പാത്ത്സ്’ എന്ന പാനൽ ഡിസ്കഷനിൽ ജ്യോതി നിഷ പറഞ്ഞത്).

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

ബോളിവുഡ് സിനിമകളുടെ സ്വഭാവം മാറുകയാണ്. 1980കളിലെയോ 1990കളിലെയോ സിനിമകൾ വെച്ചു നോക്കുമ്പോൾ ഇന്ന് പുറത്തുവരുന്ന സിനിമകൾ വാക്സിൻ വാർ, കശ്മീർ ഫയൽസ്, ആർട്ടിക്കിൾ 370 ഒക്കെയാണ്, ഈ സിനിമകളെല്ലാം ഒരു പ്രത്യയശാസ്ത്രത്തോട്, ഭരണകൂടത്തോട് വളരെയധികം അടുപ്പം പ്രഖ്യാപിക്കുന്നവയാണ്. ഇത്തരം സിനിമകൾ കാണാതിരിക്കാൻ ചിലർ തീരുമാനിക്കാറുണ്ട്, എന്താണ് ഈ സിനിമകൾ പറയുന്നത് എന്നറിയാൻ ഇത്തരം സിനിമകൾ ചിലർ കാണാറുണ്ട്. ചിലർ അവരുടെ മാനസികാരോഗ്യം പരിഗണിച്ച് കാണാതിരിക്കുന്നു. ഇങ്ങനെയുള്ള സിനിമകൾ ഒന്നിന് പിറകെ ഒന്നായി, ചിലപ്പോൾ രണ്ടും മൂന്നും അടുത്തടുത്ത് റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഒരു സംവിധായികയെന്ന നിലയിൽ, സിനിമകളെ വിമർശനാത്മകമായി വായിക്കുന്ന ഒരു എഴുത്തുകാരിയെന്ന നിലയിൽ ഈ സിനിമകളെ എങ്ങനെയാണ് കാണുന്നത്?

സമയത്തിന്റെ പശ്ചാത്തലത്തിലാണ് ഞാൻ അതിനെ നോക്കുന്നത്. ശ്രദ്ധിച്ചാലറിയാം, നിർമ്മിക്കപ്പെടുന്ന സിനിമ – സിനിമ മാത്രമല്ല, കലയും സാഹിത്യവും സംഗീതവും – എപ്പോഴും ചരിത്രത്തിൽ നമ്മൾ നിലനിൽക്കുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയായിരിക്കും. ഇപ്പോൾ, ജാതിവിരുദ്ധ മുന്നേറ്റത്തിന്റെ റാഡിക്കൽ ആയ ‘പ്രതിപക്ഷ നോട്ടം’ ഞാനും രഞ്ജിത്തും മാരിയും വെട്രിമാരനും ഉൾപ്പെടെയുള്ള ആർട്ടിസ്റ്റുകളിലൂടെ നമ്മൾ കാണുന്നു. ഞങ്ങളുടെ സിനിമകളിൽ ഇന്ത്യയെക്കുറിച്ചുള്ള വേറിട്ട ഭാവനകളാണ് കാണിക്കുന്നത്. പ്രതിരോധവും ജനങ്ങളുടെ മുന്നേറ്റങ്ങളും ജാതിവിരുദ്ധ മുന്നേറ്റവും – സമയത്തിന്റെ പശ്ചാത്തലത്തിലാണ് അതിനെ നോക്കുന്നത്. തീർച്ചയായും ജാതിവിരുദ്ധ പ്രത്യയശാസ്ത്രത്തിന് മറുപക്ഷത്ത് വളരെ വലതുപക്ഷ സ്വഭാവമുള്ള, ഭരണകൂടത്തോട് ചേർന്ന് നിൽക്കുന്ന ഇന്ത്യയെ കുറിച്ചുള്ള മറ്റൊരു ഭാവനയുണ്ട്. ഫണ്ടിങ് ശാസ്ത്രീയമായ ചോദ്യങ്ങളുണ്ടാക്കും എന്ന് സാൻഡ്ര ഹാർഡിങ് പറയുന്നുണ്ട്. അതുകൊണ്ട് ആദ്യാവസാനം ആരാണോ നിങ്ങൾക്ക് പണം തരുന്നത് അവർ തന്നെ ഒരു പ്രത്യേക അഭിരുചിക്കും അടിത്തറയുണ്ടാക്കുന്നുണ്ട്, ഈ അഭിരുചി ശാസ്ത്രീയമായതോ അല്ലാത്തതോ ആകാം. സ്റ്റേറ്റ് ഫണ്ട് ചെയ്യുന്ന സിനിമ നിർമ്മിക്കുവാൻ എളുപ്പമായിരിക്കും, സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ എളുപ്പമായിരിക്കും, വിതരണം ചെയ്യുവാനും പ്രദർശിപ്പിക്കുവാനും എളുപ്പമായിരിക്കും. കാരണം, film is pro ideology.

തീവ്രമായ വിമർശന ചിന്തയുടെ കാമ്പ് എപ്പോഴും യുവാക്കളിലായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. അവർക്കൊരിക്കലും ഇത് ഉൾക്കൊള്ളാൻ കഴിയില്ല. രാഷ്ട്രീയവുമായി ഇടപെടുന്നില്ലെങ്കിലും സൗഹൃദത്തിലും പ്രണയത്തിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം നിങ്ങൾ ഇടപെടുന്നുണ്ട്. ഒന്നിച്ചിരുന്ന് സംസാരിക്കുകയും ഒരു സിഗരറ്റ് വലിക്കുകയും ഒന്നിച്ചിരുന്ന് കുടിക്കുകയും പ്രണയിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ഓരോ നിമിഷത്തിലും ഓരോ സാഹചര്യത്തിലും നമുക്ക് സ്വയം വിമർശനാത്മക ചിന്തയിൽ നിന്നും മാറിനിൽക്കാൻ കഴിയില്ല. അത് എത്രത്തോളം നിങ്ങളുടെ സ്വത്വത്തിന്റെ ഭാഗമാണോ അത്രത്തോളം നിങ്ങളുടെ സമൂഹത്തിന്റെയും ഭാഗമാണ്. വിമർശനാത്മക ചിന്തയിൽ വിശ്വസിക്കുന്ന ഒരാൾ അത്തരം ചോദ്യങ്ങളെ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുകൊണ്ട് ചോദ്യം ചെയ്യും. ഈ ജീവിതാനുഭവങ്ങൾ ഓരോരുത്തർക്കും വേറിട്ടതായിരിക്കും. ചിലയാളുകൾ അവയെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യും. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള മൂല്യവ്യവസ്ഥ അതിനെ സ്വാധീനിക്കും, ഒരാൾ എത്രത്തോളം തുറന്ന മനസ്സുള്ളയാളാണ്, ഒരാൾ ശരിക്കും ചിന്തിക്കുന്നുണ്ടോ, ഒരാൾ ശരിക്കും ചോദ്യങ്ങൾ ചോദിക്കുന്നുണ്ടോ എന്നതെല്ലാം.

ഡോക്യുമെന്ററിയിൽ നിന്നും

നിങ്ങളുടെ സിനിമ കൂടുതലായും സെെദ്ധാന്തികവും സോഷ്യലിസ്റ്റ് സ്വഭാവമുള്ളതുമാണ്. സമൂഹത്തിന്റെ മൊത്തം ഘടനയെ അത് ആഴത്തിൽ ചികഞ്ഞ് പരിശോധിക്കുന്നുണ്ടല്ലോ. ഒരു സ്ത്രീയായിരിക്കെ പ്രത്യേകിച്ച് ബഹുജൻ സ്ത്രീ ആയിരിക്കെ, ഫെമിനിസത്തെയും അതിന്റെ പോരായ്മകളെയും കുറിച്ച് സംസാരിക്കുമ്പോൾ, ജാതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ചില സമുദായങ്ങളിൽ നിന്നുള്ളവർ വിശ്വസിക്കുന്നത് അവർക്ക് ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നാണ്.

കാരണം ഇതൊന്നും അവരെ ബാധിക്കുന്നില്ല എന്നതാണ്. ഞാനീ സിനിമയുണ്ടാക്കാൻ കാരണം അതാണ്. ഇത് എന്നെ ബാധിക്കുന്നുണ്ട്. ഐഡിഎസ്എഫ്എഫ്കെയിൽ സോഷ്യൽ ജസ്റ്റിസ് പാക്കേജ് ക്യൂറേറ്റ് ചെയ്ത ക്യൂറേറ്ററെയും ജാതി ബാധിക്കുന്നുണ്ട്. സഹനമനുഭവിക്കുമ്പോൾ അതനുഭവിക്കുന്നവർ മാത്രമായിരിക്കും അതേക്കുറിച്ച് സംസാരിക്കുന്നത്. ഒരു മനുഷ്യജീവിയെന്ന നിലയിൽ എല്ലാവർക്കും ഒരു റിലീസ് ആവശ്യമാണ്, കല അതിന് ഒരു വഴിയാണ്. അപ്പോൾ എന്താണ് ഇന്റഗ്രിറ്റി എന്ന ചോദ്യം വരും. വളരെ സൂക്ഷ്മതയോടെ പിന്തുടരുന്ന ചില നയങ്ങളാണ്, ചില മൂല്യങ്ങളും എത്തിക്സും. മറ്റൊരാളും നിങ്ങളെ കാണാത്തപ്പോഴും നിങ്ങൾ പിന്തുടരുന്ന ചില കാര്യങ്ങൾ, അല്ലേ? എന്റെ കാഴ്ചപ്പാടുകളോടും എന്റെ സിനിമയുടെ ഇന്റഗ്രിറ്റിയിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ എട്ടുവർഷമെടുത്താണ് ഞാൻ എന്റെ സിനിമയുണ്ടാക്കിയത്, അത് ചെയ്യാനുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ഞാൻ സത്യസന്ധമായാണ് സംസാരിക്കുന്നത്.

നമ്മുടെ രാജ്യത്ത് ആളുകൾ വിദ്യാഭ്യാസം നേടിയവരാണ്, വിഭവാധികാരങ്ങൾ ഉള്ളവരാണ്. പക്ഷേ, അവർ യഥാർത്ഥത്തിൽ സത്യസന്ധരാണോ? വിഭവാധികാരങ്ങളുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ സ്വന്തം വ്യവസ്ഥകളെ ചോദ്യം ചെയ്യാറുണ്ടോ? സ്വന്തം വ്യവസ്ഥകളെ വിമർശിക്കാൻ അവർക്കു കഴിയാറുണ്ടോ? അങ്ങനെയുള്ള തിരിച്ചടി സ്വീകരിക്കാൻ അവർ തയ്യാറാകുമോ? അത്തരം കാര്യങ്ങളെ നിങ്ങൾ നിങ്ങളുടെ വീട്ടിലോ പ്രേമബന്ധത്തിലോ ചോദ്യം ചെയ്യുമോ? ഞാൻ അത് ചെയ്യാറുണ്ട്. അതു ചെയ്യാതെ ജീവിക്കാനുള്ള മറ്റൊരു വഴിയും ഞാൻ കാണുന്നില്ല.

ജാതി ജെൻഡറുമായി വളരെ കെട്ടുപിണഞ്ഞ് കിടക്കുന്നതാണ്, എപ്പോഴും ക്രിട്ടിക്കൽ ആയിരിക്കണം. നമ്മൾ ജെൻഡറിനെയും ഫെമിനിസത്തെയും കുറിച്ച് സംസാരിക്കുന്നു, ഫെമിനിസ്റ്റ് മുന്നേറ്റം മൊത്തത്തിൽ സംസാരിക്കുന്നത് സ്ത്രീകളുടെ ശരീരത്തെക്കുറിച്ചും സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചും അവരുടെ ശരീരത്തിന്മേലുള്ള അതിക്രമങ്ങളെക്കുറിച്ചുമാണ്.

അതേസമയം നിങ്ങൾ സ്ത്രീധനം എന്നൊരു സംവിധാനമുണ്ടാക്കിയിട്ടുണ്ട്. സമ്മാനമായി നൽകുന്നതാണെങ്കിലും അല്ലെങ്കിലും നിങ്ങൾ ഈ സമ്പ്രദായത്തെ സമൂഹത്തിൽ സാധാരണമാക്കിയെടുത്തു, അതിന്റെ പേരിൽ സ്ത്രീകൾ കൊല്ലപ്പെടുകയാണ്. അടിത്തറയിൽത്തന്നെ തെറ്റായ ഇത്തരം വ്യവസ്ഥകൾ നിങ്ങളോട് ഒരു മനുഷ്യനെന്ന നിലയിൽ ഇടപെടുകയില്ല. ശരീരത്തിനുമേൽ തലച്ചോർ പ്രവർത്തിക്കുന്നൊരു വ്യക്തിയായി ഈ പ്രത്യയശാസ്ത്രം നിങ്ങളെ കാണുകയില്ല! ആ പരിമിതിയും വിമർശനാത്മകബോധവും പ്രത്യയശാസ്ത്രവുമായി ബന്ധമുള്ളതാണ്. ജാതിവ്യവസ്ഥ ജീവിതങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത്, അതെങ്ങനെയാണ് സാധാരണമാക്കപ്പെടുന്നത് എന്നെല്ലാം എനിക്ക് മനസ്സിലായത് കോവിഡ് 19 ന്റെ കാലത്താണ്. നമ്മൾ മാസ്‌ക് ഉപയോഗിക്കാൻ നിർബന്ധിതരായി, കൈ കഴുകുവാനും സാമൂഹ്യ അകലം പാലിക്കാനും നിർബന്ധിതരായി. ആളുകളെ അങ്ങനെ പുതിയൊരു രീതിയിൽ പരിശീലിപ്പിച്ചെടുക്കാൻ കഴിയും എന്ന് ഞാൻ ചിന്തിച്ചു – ശരിക്കും ആഗോളമായിത്തന്നെ സംഭവിക്കുന്നുണ്ട്. പുതിയ രീതിയിലുള്ള പരിശീലനം സംഭവിക്കുന്നുണ്ട്. ജാതി സൃഷ്ടിച്ചത് മനുഷ്യരാണ്, ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ അന്തിമോൽപന്നം ആണത്.

ഡോക്യുമെന്ററിയിൽ നിന്നും

കഴിഞ്ഞ ബിനാലെയിൽ ഒരു ടോക്കിനിടെ ജെൻഡർ റോളുകളെക്കുറിച്ചൊരു ചർച്ച നടന്നു. അതിൽ ബംഗാളിൽ നിന്നുള്ളൊരു സ്ത്രീ പറഞ്ഞത് അവർ ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ ഘടനയിൽ വിശ്വസിക്കുന്നു എന്നാണ്. ചർച്ചയുടെ അവസാനം ഞാൻ അവരോട് സംസാരിച്ചു, സ്ത്രീകൾക്കുമേൽ എങ്ങനെയാണോ ജെൻഡർ റോളുകൾ അടിച്ചേൽപ്പിക്കുന്നത് അതിനോട് ഏറെക്കുറെ സമാനമാണ് ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ എന്ന് പറഞ്ഞു. ഫോട്ടോഗ്രാഫർ പളനികുമാറും അവിടെയുണ്ടായിരുന്നു, അദ്ദേഹം അവരുമായി പിന്നീട് സംസാരിച്ചു. ഈ സംഭവം കാണിക്കുന്നത് ജാതി അധീശ സമുദായങ്ങളിലുള്ളവർ ഇപ്പോഴും സമൂഹത്തിലെ ജാതി ക്രമം ആളുകൾ പിന്തുടരണമെന്ന് കരുതുന്നുണ്ട് എന്നാണ്. ഈ വിഭജനം നിലവിലുണ്ട് എന്നതിനെ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ സ്വീകരിച്ചുകഴിഞ്ഞു. മനുഷ്യമാലിന്യം നീക്കം ചെയ്യുന്ന ജോലി ചില ജാതികളിലുള്ളവർക്കുമാത്രം ചെയ്യേണ്ടിവരുന്നതും ബ്യൂറോക്രാറ്റിക് ജോലികൾ മറ്റു ചില ജാതികളിലുള്ളവർ മാത്രം ചെയ്യുന്നതും അതുകൊണ്ടാണല്ലോ. ഇത് എങ്ങനെ മാറും എന്നാണ് ജ്യോതി നിഷ കരുതുന്നത്? ഈ ചോദ്യം ഞാൻ ചോദിക്കുന്നത് ഒരു അധീശ ജാതി (dominant caste) യിൽ നിന്നുള്ള അകക്കാഴ്ചയോട് കൂടിയാണ്.

എനിക്കു തോന്നുന്നത് ഇതിന്റെ ഉത്തരവാദിത്തം പ്രിവിലേജ്ഡ് ആയ ആളുകളിലാണ് എന്നാണ്. സമുദായം അത് മനസ്സിലാക്കുന്നുണ്ട്. എന്റെ ഡോക്യുമെന്ററിയിൽ ജിഗ്നേഷ് മേവാനി പറയുന്നുണ്ട്, “ജാതി ദളിതരുടെ പ്രശ്നമല്ല, ജാതി ഇന്ത്യയുടെ പ്രശ്നമാണ്.” ഞാനും അതിനോട് യോജിക്കുന്നു. ഈ രാജ്യത്ത് സമ്പന്നമാകുകയും വളരുകയും ചെയ്യുന്ന എല്ലാ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ചുമലുകളിൽ പണിയപ്പെടുന്നതാണ്. ഇതെങ്ങനെ മാറും? ഒരു നല്ല ally ആകുകയാണ് ചെയ്യാൻ കഴിയുന്നത്, നിങ്ങളുടെ തന്നെ വീടുകളിലെ നിങ്ങളുടെ തന്നെ സംവിധാനങ്ങളെ ചോദ്യം ചെയ്യണം. ആലോചിക്കണം, ആരാണ് നിങ്ങളുടെ ടോയ്ലറ്റ് വൃത്തിയാക്കുന്നത്? ശുദ്ധി-അശുദ്ധി എന്ന സങ്കൽപം പോലെ തന്നെയാണിത്. നിങ്ങളുടെ വീട്ടിലെ മാലിന്യം/അശുദ്ധി ആരാണ് വൃത്തിയാക്കുന്നത്? ഇതുവരെയും നിങ്ങളും അതാണ് പിന്തുടരുന്നതെങ്കിൽ, തിയറിയോ ഇമേജ് മേക്കിങ്ങോ സിനിമയോ അല്ല, ഞാൻ സംസാരിക്കുന്നത് നമ്മുടെ ദെെനംദിന ജീവിതത്തെക്കുറിച്ചാണ്. ഈ കാര്യങ്ങളെ എന്റെ കുടുംബത്തിലും എന്റെ വീടുകളിലും ഞാൻ വിമർശിക്കുന്നുണ്ട്. ദലിത് ഫെമിനിസവും ജെൻഡറും മനസ്സിലാക്കുമ്പോൾ, ആരാണ് ഇത്രയും കാലം സംസാരിച്ചതെന്നും ആരുടെ ശബ്ദമാണ് ഇത്രയും കാലം അടിച്ചമർത്തപ്പെട്ടതെന്നും ആലോചിക്കുമ്പോൾ ബ്രാഹ്മണ്യ പുരുഷാധിപത്യ ഘടനയെയാണ് ഞാൻ കാണുന്നത്.

എന്റെ ഏജൻസി നിഷേധിക്കുന്നത് എന്റെ സഹോദരനാണോ പുറമെ നിന്നുള്ള ഏതെങ്കിലും പുരുഷനാണോ എന്നത് എനിക്ക് വിഷയമല്ല, പ്രശ്നം ഈ ഘടനയിലാണ്. എന്റെ ഏജൻസി ആരെങ്കിലും നിഷേധിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും എല്ലാവരെയും ചോദ്യംചെയ്യും. നിങ്ങളെന്റെ ലവർ ആയിക്കോട്ടെ, സുഹൃത്തായിക്കോട്ടെ, ടീച്ചറായിക്കോട്ടെ, ഒരു ഫിലിം മേക്കർ ആയിക്കോട്ടെ, ക്യൂറേറ്റർ ആയിക്കോട്ടെ. എന്റെ നിലപാട് എല്ലാവരോടും ഒരുപോലെയായിരിക്കും. ഇതുവരെയും അങ്ങനെതന്നെയായിരുന്നു. ഇതിൽ ഞാൻ സത്യമായും വിശ്വസിക്കുന്നുണ്ട്. മാത്രമല്ല അധീശജാതിക്കാരുടെ കുറ്റബോധം വളരെ ക്യൂട്ട് ആണ്. നിങ്ങൾക്ക് കുറ്റബോധമുണ്ട്, പക്ഷേ നിങ്ങൾക്കൊന്നും ചെയ്യാൻ വയ്യ. ഞങ്ങൾ അങ്ങനെ ചെയ്യാറില്ല എന്ന പറച്ചിലൊക്കെ ഇപ്പോൾ വളരെ സാധാരണമായിക്കഴിഞ്ഞു.

ഒരാളുടെ കലയിൽ കാണാം അയാൾ ആളുകളോട് എങ്ങനെ പെരുമാറുന്നുവെന്നുള്ളത്. നോക്കൂ, അടിച്ചമർത്തപ്പെട്ട ആളുകൾ— ഈ വ്യവസ്ഥയുടെ സ്വഭാവം കാരണം അടിച്ചമർത്തപ്പെട്ട ആളുകൾ —അവരെല്ലാം അവർ നേരിടുന്ന അടിച്ചമർത്തലുകളെ അങ്ങനെ തന്നെ മനസ്സിലാക്കുന്നവരല്ല. കുറേപ്പേർ കരുതുന്നത് ഞാൻ വളർന്നതെല്ലാം ഇങ്ങനെയാണ്, എന്റെ മരണവും ഇങ്ങനെ തന്നെയായിരിക്കും എന്നാണ്. പക്ഷേ, ജാതിയുടെ ഘടനയെ മനസ്സിലാക്കുന്നവർ തീർച്ചയായും അതിനെ തകർക്കാൻ മുന്നിട്ടിറങ്ങും. എന്റെ അച്ഛൻ ഒരു അംബേദ്കറെെറ്റ് ആയിരുന്നു, ഒരു ജാതിവിരുദ്ധ ആക്റ്റിവിസ്റ്റായിരുന്നു. എനിക്ക് മുപ്പത് വയസ്സായപ്പോഴാണ് ‍‍ഞാൻ ഡോ. ബി.ആർ അംബേദ്കറെ വായിക്കുന്നത്. ആ അർത്ഥത്തിൽ ജാതി വലിയൊരു ഗൂഢാലോചനയാണെന്ന് ഞാൻ മനസ്സിലാക്കി. മുഴുവൻ സാംസ്കാരിക മുന്നേറ്റവും നിർമ്മിച്ചിരിക്കുന്നത് ധനികരും ദരിദ്രരും എന്ന നറേറ്റീവിനു മേലെയാണ്. ഫ്രാൻസ് ഓസ്റ്റെന്റെ അച്യുത് കന്യ, ബിമൽ റോയിയുടെ സുജാത, മൺഡി, ഇങ്ങനെ കുറേ സിനിമകളുണ്ട്, ഇതിലൊന്നും ആരും ജാതിയെ ചോദ്യം ചെയ്യുന്നതായി കാണുന്നില്ല. മീരാ നായറുടെ ‘സലാം ബോംബേ’ എന്ന സിനിമ, absolutely brilliant films but the gaze is again a class issue. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ടാണ്? അത് ജാതി കാരണം മാത്രമാണ്. കണ്ടീഷനിങ്ങിലൂടെ മാത്രം സാധിക്കുന്നതാണിത്. ആ വസ്തുതയാണ് നമ്മൾ മനസ്സിലാക്കേണ്ടത്, കുറേ കാര്യങ്ങൾ അൺലേൺ ചെയ്യാൻ തയ്യാറാകണം. വളരെ ബോധപൂർവ്വം ജീവിക്കണം, നിങ്ങളുടെ പ്രവൃത്തികളിൽ ഉത്തരവാദിത്തം കാണിക്കണം.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ക്രീൻ റെെറ്റിങ് പഠിച്ചതോടുകൂടി എനിക്ക് കഥ പറച്ചിലിനോടുള്ള സമീപനം തന്നെ മാറിയിട്ടുണ്ട്. ജാതിയെക്കുറിച്ചോ ജെൻഡറിനെക്കുറിച്ചോ അവിടെ സംഭാഷണങ്ങളുണ്ടാകാറില്ല. ഇത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. ആ സമയത്ത് എനിക്ക് ജാതി ഘടനയെക്കുറിച്ച് വലിയ അവബോധമുണ്ടായിരുന്നില്ല. 2017ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ സ്കൂൾ ഓഫ് മീഡിയ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ നമ്മൾ സിനിമകളെക്കുറിച്ച് പഠിച്ചു. കുറേ സിനിമകൾ കണ്ടു, അവയെ വിശകലനം ചെയ്തു. 2009-2010ൽ പൂനെയിൽ സ്ക്രീൻ റെെറ്റിങ് പഠിക്കുമ്പോൾ ഒരു സിനോപ്സിസ് എങ്ങനെ എഴുതണം, സിനിമയുടെ പ്ലോട്ട് എന്താണ്, ക്യാരക്റ്റർ ആർക്ക് എന്താണ്, ക്യാരക്റ്റർ സ്കെച്ചസ് എന്തൊക്കെയാണ്, അഡാപ്റ്റേഷൻ എന്താണ് എന്നെല്ലാമാണ് പഠിച്ചത്. സിനിമകൾ കാണുകയും അവയെക്കുറിച്ചുള്ള പ്രസന്റേഷൻ ചെയ്യുകയും ചെയ്തിരുന്നത് ക്രാഫ്റ്റിനെ കുറിച്ചുള്ള വിശകലനത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ടായിരുന്നു. ടിസ്സിലെ കൾച്ചറൽ സ്റ്റഡീസിൽ കൂടുതലായും സാമൂഹ്യ ഘടനയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പഠിച്ചു. ടിസ്സിൽ ക്ലാസ് മുറിക്ക് അകത്തും പുറത്തുമായി, മറ്റു പല ഡിപ്പാർട്ട്മെന്റിലെയും സുഹൃത്തുക്കൾക്കൊപ്പം ഇടപെട്ടുകൊണ്ടും പഠിച്ചത് ഇതാണ്. ഇവിടെ ഗേസ്- നോട്ടത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ട്. ഉണർവ്വുകളുണ്ടാക്കിയ സമയമായിരുന്നു അത്. തിരക്കഥയെഴുത്തിലും സമൂഹം പ്രതിഫലിക്കേണ്ടതാണ്. ടിസ്സിൽ ജാതിയെക്കുറിച്ചും ജെൻഡറിനെക്കുറിച്ചും പഠിക്കുവാനും ഡോ. ബി.ആർ അംബേദ്കറെക്കുറിച്ച് ഗവേഷണം ചെയ്യുവാനും വന്നപ്പോൾ ഞാൻ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ടായിരുന്നു. മീഡിയ ആൻഡ് കൾച്ചറൽ സ്റ്റഡീസിലാണ് ‍ഞാൻ ബിരുദാനന്തര ബിരുദം നേടിയത്.

ഡോക്യുമെന്ററിയിൽ നിന്നും

സ്റ്റീരിയോടെെപിങ് ചെയ്യുന്നത് ഒരു തരത്തിലുള്ള അധികാരം നിലനിർത്തൽ അല്ലേ? അത് വീണ്ടും മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നു.

സ്റ്റീരിയോടെെപിങ് ഒരു ഗെയ്സ് ആണ്, നോക്കുന്നതിന്റെ ഒരു രീതി. പോപ്പുലർ കൾച്ചറിൽ sanitized ഉം tokenist ഉം ആയ ഒരു വേർഷൻ നിലനിൽക്കുന്നുണ്ട്, അതിനൊട്ടും ആഴമില്ല.

ഏയ്സ്തെറ്റിക് ക്വാളിറ്റിയെക്കുറിച്ച് ഒരു ചോദ്യമുണ്ട്. ഒരു കലാസൃഷ്ടിയെക്കുറിച്ച് സംസാരിക്കപ്പെടണമെങ്കിൽ അത് ഏയ്സ്തെറ്റിക്കലി വളരെ സന്തോഷിപ്പിക്കുന്നതാകണം, രാഷ്ട്രീയമായ എന്തിനെയെങ്കിലും കുറിച്ചാണെങ്കിൽ അത് കാണാൻ ആളുകൾക്ക് താൽപര്യമുണ്ടായിരിക്കില്ല എന്നൊരു ധാരണയുണ്ടല്ലോ.

കുറേയേറെ ബ്ലാക്ക് സിനിമാ സംവിധായകർ തീവ്രരാഷ്ട്രീയമുള്ള ആർട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ അമേരിക്കൻ എഴുത്തുകാരിയായ അവാ ദുവാർണേയുടെ വർക്കുകൾ ഞാൻ താൽപര്യത്തോടുകൂടി ശ്രദ്ധിക്കാറുണ്ട്. അവാ ദുവാർണേയുടെ ‘വെൻ ദേ സീ അസ്’ എന്ന സിരീസിൽ, ഒരു വെള്ളക്കാരിയായ സ്ത്രീ ലെെംഗിക പീഡനത്തിനിരയായ സെൻട്രൽ പാർക്ക് ജോഗർ കേസിൽ നിഷ്കളങ്കരായ അഞ്ച് കൗമാരക്കാരായ കറുത്ത കുട്ടികളെ അറസ്റ്റ് ചെയ്യുന്നുണ്ട്. വംശീയമായാണ് അവരെ വിചാരണ ചെയ്യുന്നത്. മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തപ്പോഴും അവരെ വളരെ വംശീയമായ നോട്ടത്തോടെയും (racist gaze), വംശീയമായ ഭാഷയിലും അവതരിപ്പിച്ചു. ദലിതരുടെ രാഷ്ട്രീയ പ്രഖ്യാപനമായി നടത്തുന്ന ഒരു റാലിയെ ‘ദലിത് വയലൻസ്’ എന്നാണ് വരേണ്യജാതി മാധ്യമപ്രവർത്തകർ വ്യാഖ്യാനിക്കുന്നത്. പോപ്പുലർ മാധ്യമങ്ങൾ അതിനെ വയലൻസ് ആയിട്ടാണ് പ്രൊജക്റ്റ് ചെയ്യുക. ഈ സിരീസിന്റെ പേര് ‘വെൻ ദേ സീ അസ്’ എന്നാണ്, അവർ നമ്മെ കാണുമ്പോൾ. ആരാണ് ഈ അവർ? വെെറ്റ് സുപ്രീമസിയെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ഒരു ഘടനയെയാണ് അവർ അഭിസംബോധന ചെയ്യുന്നത്.

ഒരാൾക്ക് ഇതിനെ കുറിച്ചെല്ലാം മനസ്സിലാക്കാൻ കഴിയുന്നത്രയും സാഹിത്യവും സിനിമയും ഇവിടെ ഉണ്ട്, നമുക്ക് ഊർജ്ജം തരുന്ന വർക്കുകൾ. ഈ നറേറ്റീവ് ഇവിടെ നിലവിലുണ്ട്. വളരെ പ്രിവിലേജ്ഡ് ആയ ആളുകൾ എല്ലാത്തിനെയും വെട്ടിത്തുറന്ന് നിഷേധിക്കും. ഏറ്റവും വിമർശനാത്മകമായ ചോദ്യങ്ങളോട് അവർ ഇടപെടാറില്ല. സംഭാഷണങ്ങളുണ്ടാക്കാൻ അവർ തയ്യാറാവുകയില്ല. എനിക്ക് തോന്നുന്നത് സംഭാഷണങ്ങൾ അത്യാവശ്യമാണെന്നാണ്. സാഹചര്യങ്ങൾ എന്തുതന്നെയായാലും ഒരു സംഭാഷണത്തിന്റെ സാധ്യത നിലനിൽക്കുന്നില്ലെങ്കിൽ കാര്യമില്ല.

‘സൗന്ദര്യാത്മകമായി സന്തോഷിപ്പിക്കുന്ന’ത് ആയിരിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുന്നവരോടാണ് ചോദ്യം, നമ്മുടെ ലോകം യഥാർത്ഥത്തിൽ സൗന്ദര്യം നിറച്ച് സന്തോഷിപ്പിക്കുന്നതാണോ? അല്ല. ഒരു ഫ്രെയ്മിൽ നിങ്ങൾ ഉൾക്കൊള്ളിക്കാൻ തീരുമാനിക്കുന്നത് എന്തൊക്കെയാണോ അതെല്ലാം ആ ഫിലിം മേക്കറുടെ രാഷ്ട്രീയം പറയുന്നതാണ്. ഫ്രെയ്മിൽ‍ നിന്നും ഒഴിവാക്കുവാൻ തീരുമാനിക്കുന്നത് എന്താണോ അതും ഫിലിം മേക്കറുടെ രാഷ്ട്രീയമാണ്. സിനിമ വളരെ സുതാര്യമാണ്, അതാണ് ഞാൻ സിനിമ ഇഷ്ടപ്പെടുന്നത്. നിങ്ങൾ ആരാണെന്നോ എന്താണെന്നോ എന്നതിനുമപ്പുറം നിങ്ങളുണ്ടാക്കുന്ന സിനിമ സ്വയം സംസാരിക്കും. സിനിമ സത്യസന്ധമല്ലെങ്കിൽ നിങ്ങൾക്കതിനെ ന്യായീകരിക്കുവാൻ കഴിയില്ല. സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നതിനെക്കുറിച്ച് അത് ശരിക്കും സംസാരിക്കുകയില്ല. കാരണം സിനിമ വളരെ സുതാര്യമായ മാധ്യമമാണ്. അത് നമ്മളെ അനുഭവിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. നമ്മുടെ മനസ്സിൽ നിലവിലുള്ള ആർക്കിടെെപ്പുകളിലൂടെയാണ് ഇതെല്ലാം ഉപബോധ മനസ്സിലേക്ക് പോകുന്നത്. ഏതൊരു ഫിലിം മേക്കറും കരുതുന്നതിനേക്കാൾ ആഴത്തിലാണ് ഇത് യാത്ര ചെയ്യുക. എന്റെ സിനിമ നിങ്ങളുമായി സംസാരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അത് സത്യസന്ധമാണ് എന്നാണ്. എന്റെ സിനിമ സംസാരിക്കുന്നത് അത് ആളുകളുമായി അവരുടെ ജീവിതാനുഭവങ്ങളിലൂടെ ചേർന്നുനിൽ‌ക്കുന്നതുകൊണ്ടാണ്. എന്റെ സിനിമ ആളുകളുമായി സംവദിക്കുന്നത് അത് ബോധപൂർവ്വം തീവ്രമായൊരു രാഷ്ട്രീയ ഇടത്തിൽനിന്നും വരുന്നതുകൊണ്ടാണ്. അത് സെൻസേഷണൽ അല്ല. വിമർശനാത്മകമായാണ് ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത്. കാണികൾ ഈ സിനിമ അനുഭവിച്ചറിയണമെന്നുണ്ടായിരുന്നു, സ്വന്തം അനുഭവങ്ങളും നോട്ടങ്ങളും ചോദ്യം ചെയ്യണമെന്നുണ്ടായിരുന്നു.

ജ്യോതി ഈ ഡോക്യുമെന്ററിയിൽ നേരിട്ട് സംസാരിക്കുന്നുണ്ടല്ലോ.

ശരിയാണ്. നിങ്ങളെല്ലാം പറയുന്നത് ഞാൻ കുറേ കേട്ടു, നിങ്ങളുടെ കഥപറച്ചിൽ എനിക്ക് മടുത്തു. I am a person who likes original thinkers. Something that blows my mind. എന്റെ ഉറക്കം കെടുത്തിയ സിനിമകളും പുസ്തകങ്ങളുമുണ്ട്. ഞാനതിനെക്കുറിച്ചെല്ലാം ആളുകളോട് സംസാരിക്കും. ഈ സിനിമ നിങ്ങൾ കണ്ടോ? കണ്ടിട്ട് എന്താണ് തോന്നിയത്? എന്നെല്ലാം. അവർ എങ്ങനെയാണ് അതിനെ കാണുന്നത് എന്നറിയാൻ. നമ്മൾ ഒരു സിനിമ കാണുന്നത് എങ്ങനെ എന്നറിയാൻ പറ്റും. നിങ്ങൾ ഒരു സിനിമ കാണുന്നത് എങ്ങനെ എന്നതിൽ നിന്ന് എനിക്ക് നിങ്ങളുടെ നോട്ടത്തിന്റെ വഴിയറിയാൻ പറ്റും, എനിക്ക് നിങ്ങളുടെ രാഷ്ട്രീയം കാണാൻ പറ്റും. അടിസ്ഥാനപരമായി അതാണ് നിങ്ങളു‍ടെ നോട്ടം.

സത്യമായും ആരും സ്റ്റീരിയോടെെപ് ചെയ്യപ്പെടാൻ ഇഷ്ടപ്പെടുകയില്ല. ഒന്നിനും തളിർക്കാൻ കഴിയാത്ത, വളരെ ഇടുങ്ങിയൊരിടമാണത്. എനിക്ക് സ്വന്തമായൊരു മനസ്സുണ്ട്. ഞാൻ പഠിക്കാൻ തയ്യാറാണ്. അങ്ങനെയാണ് ഞാനീ സിനിമയുണ്ടാക്കിയത്. ജ്യോതി ഇത് ശരിയല്ല എന്ന് എന്നോട് ആരെങ്കിലും പറയുകയാണെങ്കിൽ ഞാൻ ആ വാക്കുകൾ സ്വീകരിക്കും. പക്ഷേ, എവിടെയാണ് എനിക്ക് തെറ്റുപറ്റിയതെന്നും എന്തുകൊണ്ടാണ് അത് തെറ്റെന്നും എന്നോട് പറയണം. അങ്ങനെയാണ് constructive criticism പ്രവർത്തിക്കുന്നത് (2024).

കഴിഞ്ഞ അഞ്ചോ മൂന്നോ വർഷങ്ങൾക്കിടയിൽ കണ്ടതിൽ ഇഷ്ടപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററികളെക്കുറിച്ച് പറയാമോ?

പായൽ കപാഡിയയുടെ ‘എ നെെറ്റ് ഓഫ് നോയിങ് നത്തിങ്’ എന്നെ ആകർഷിച്ചു. എനിക്ക് അവരുടെ സിനിമകൾ ഇഷ്ടമാണ്, സൗന്ദര്യബോധമുള്ള കലാരീതിയാണ് പായൽ കപാഡിയയുടെത്. വളരെ പുതുമയുള്ള ഒരു ഡോക്യുമെന്ററിയാണത്. നമ്മൾ കാണുന്ന ‍ഡോക്യുമെന്ററികളിൽ നിന്നും വ്യത്യസ്തമാണ് ‘എ നെെറ്റ് ഓഫ് നോയിങ് നത്തിങ്’. കഥപറച്ചിലും വളരെ രസമുള്ളതാണ്. ഡോക്യുമെന്ററി മാത്രമല്ല അവരുടെ ‘ഓൾ വി ഇമാജിൻ ആസ് ലെെറ്റ്’ എന്ന സിനിമയിലും വളരെ വ്യത്യസ്തമായ എയ്സ്തെറ്റിക്സ് കാണാൻ കഴിയും. പായലിന്റെ സിനിമകളിൽ പൊതുവെ ഒരുപാട് നിശ്ശബ്ദതകളുണ്ട്. ഇവിടെ കണ്ട വിദ്യാർത്ഥികളുടെ ചില ഷോർട്ട് ഡോക്യുമെന്ററികൾ എനിക്ക് ഇഷ്ടപ്പെട്ടു. ‘എൻ ഇവൻച്വൽ കലാമിറ്റി ഓഫ് ടെെം’ വളരെ നല്ലതായിരുന്നു. ‘അമ്മാസ് പ്രെെഡ്’ മറ്റൊരു ഇഷ്ടപ്പെട്ട ഡോക്യുമെന്ററിയാണ്. ഫിക്ഷനിൽ ‘ഗ്രീൻ ഗേൾ’ ഇഷ്ടപ്പെട്ടു. സിനിമയ്ക്ക് ചേരുന്ന ടെെറ്റിൽ അല്ല അതെന്ന് തോന്നി. പക്ഷേ, സിനിമ വളരെ സിനിമാറ്റിക്കും രസമുള്ളതും നമ്മളോട് എളുപ്പം സംസാരിക്കുന്നതും, നന്നായി അഭിനയിച്ചിട്ടുള്ളതും നന്നായി സംവിധാനം ചെയ്തിട്ടുള്ളതും ആണ്. ഈ സിനിമ മറ്റു ചില ഷോർട്ട് ഫിലിമുകൾക്കൊപ്പമായിരുന്നു പ്രദർശിപ്പിച്ചിരുന്നത്, ഇത് കണ്ടയുടനെ ഞാൻ തിയേറ്റർ വിട്ട് ഇറങ്ങി. മറ്റേതെങ്കിലും സിനിമ കണ്ട് ഇതിന്റെ ഫീൽ മാറാതിരിക്കാൻ. ‘ദ സബ്സ്റ്റൻസ്’ വളരെ ഭ്രാന്തമായൊരു സിനിമയാണ്. മുംബെെ അക്കാദമി ഓഫ് മൂവിങ് ഇമേജസ് (മാമി)ന്റെ ഫിലിം ഫെസ്റ്റിവലിൽ മുംബെെയിലെ റീഗൽ തിയേറ്ററിൽ വെച്ചാണ് ഞാൻ ഈ സിനിമ കണ്ടത്. 2,000 പേർക്കിരിക്കാൻ കഴിയുന്ന തിയേറ്റർ ആണ് റീഗൽ. ഈ ബോഡി ഹൊറർ സിനിമ കണ്ട കാണികളെല്ലാം സിനിമയോട് പ്രതികരിച്ചത് വളരെ രസമായിരുന്നു. ഒരു ക്രിക്കറ്റ് മാച്ചോ മറ്റേതെങ്കിലും സ്പോർട്സോ കാണുന്നതുപോലെ, ഓഡിയൻസ് എല്ലാം ഒന്നിച്ച് നിൽക്കുന്ന ഒരു നിമിഷം ആ കാഴ്ചയിൽ ഉണ്ടായിരുന്നു. അങ്ങനെയൊരു സിനിമയാണത്. 2000 ആളുകളോ അല്ലെങ്കിൽ അതിൽ പകുതിപ്പേരോ ഒരുമിച്ച് ഒരേ രീതിയിൽ പ്രതികരിക്കുമ്പോൾ അത് വളരെ മാന്ത്രികമാണ്, സിനിമ കാരണം ഈ ലോകത്തിന് പുറത്തുള്ളൊരു സംഗതിയുണ്ടായതുപോലെ! വിം വെൻഡേഴ്സിന്റെ ‘പെർഫെക്റ്റ് ഡേയ്സ്’ ആണ് എനിക്കിഷ്ടപ്പെട്ട മറ്റൊരു സിനിമ. വിം വെൻഡേഴ്സിന്റെ സിനിമകളെല്ലാം എനിക്കിഷ്ടമാണ്. ആലീസ് ഇൻ ദ സിറ്റിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ‘പെർഫക്റ്റ് ഡേയ്സ്’ ഒരു ടോയ്ലറ്റ് ക്ലീനറെ കുറിച്ചാണ്. ഇന്ത്യയിലെ ഒരു ടോയ്ലറ്റ് ക്ലീനറെ കുറിച്ച് ആരെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ഉറ‌പ്പായും അതൊരു പ്രത്യേക നോട്ടത്തോടെയുള്ളതായിരിക്കും. ഈ സിനിമയിൽ ഈ ടോയ്ലറ്റ് ക്ലീനർ ഒരു പെർഫെക്ഷനിസ്റ്റാണ്. അയാൾ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നത് കല ചെയ്യുന്നതുപോലെയാണ്. അയാൾക്ക് പാട്ടുകളും ഇഷ്ടമാണ്, കയ്യിൽ പുസ്തകങ്ങളുടെ ശേഖരമുണ്ട്. അയാളുടെ വീട് വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. അയാൾ ചെടികൾ നട്ടുനനയ്ക്കാറുണ്ട്. അയാൾക്ക് സുഹൃത്തുക്കളുണ്ട്. അയാൾ ദയവുള്ളയാളാണ്. ഒരു പതിവ് ജീവിതം അയാൾ സൂക്ഷിക്കുന്നുണ്ട്. പക്ഷേ, ഈ കഥാപാത്രത്തിന്റെ ലോകത്തെ അവതരിപ്പിച്ചിരിക്കുന്നത് വളരെ അത്ഭുതകരമായാണ്! ഇതിനെയാണ് ഒരു കഥാപാത്രത്തിന് അന്തസ്സ് നൽകുന്നതെങ്ങനെയെന്ന് പറയുന്നത്. അന്തസ്സോടെ അവതരിപ്പിക്കുന്നത്. അയാൾ ഒരു ടോയ്ലറ്റ് ക്ലീനർ ആണെന്ന വസ്തുതയിലല്ല സിനിമ ശ്രദ്ധിക്കുന്നത്. അയാൾ അതിനേക്കാളുമാണ്.

‘പെർഫക്റ്റ് ഡേയ്സ്’ പോസ്റ്റർ

അയാൾ ഒരുപാട് വായിക്കുന്നയാളാണ്. ഒസിഡി ഉള്ളതുപോലെ തോന്നുന്നു. അയാളുടെ ചെറിയ അപ്പാർട്ട്മെന്റിൽ എല്ലാം വളരെ പെർഫെക്റ്റായി അടുക്കിവെച്ചിട്ടുണ്ട്. എല്ലാ ദിവസവും അയാൾ കിടക്ക മടക്കിവെക്കും. ആദ്യാവസാനം അയാളൊരു ആർട്ടിസ്റ്റാണ്. പക്ഷേ, അയാൾ‍ ടോയ്ലറ്റ് വൃത്തിയാക്കുന്നു. കടന്നുപോകുന്ന വെളിച്ചത്തിന്റെ നിഴലുകൾ അയാൾ നോക്കിനിൽക്കാറുണ്ട്, സ്വയം മുഴുകി നിൽക്കുന്ന സമയങ്ങളിൽ നമ്മൾ നിരീക്ഷിക്കുന്ന കാര്യങ്ങളുണ്ടല്ലോ. മരങ്ങളെ നോക്കുക, സൂര്യപ്രകാശത്തിൽ നോക്കുക, ഇലകളിൽ, ഋതുക്കളിൽ നോക്കുക, വൗ! ടോപ് നോച്ച്. അപ്പർ കാസ്റ്റ് ആയിട്ടുള്ള ആളുകൾ ഈ സിനിമ എന്തായാലും കാണണം. അവരോട് ഈ സിനിമ കാണാൻ പറയണം. തുറിച്ചുനോട്ടം (ഗെയ്സ്) എങ്ങനെയെന്നുള്ളതിനെ കുറിച്ചാണിത്. അതൊരു ശക്തമായ സിനിമയാണ്.

ഗെയ്സിനെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ വളരെ ക്രിട്ടിക്കൽ ആണ്. മനുഷ്യരെ എന്തുകൊണ്ടാണ് മനുഷ്യരായി കാണാൻ കഴിയാത്തത്? നിങ്ങൾ മനുഷ്യരെ നോക്കുന്നത് അവർ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിൽ ജാതി എന്നത് വളരെയധികം തൊഴിലധിഷ്ഠിതമാണ്. പക്ഷേ, ഡോ. അംബേദ്കർ പറഞ്ഞിട്ടുണ്ട്, ഇത് തൊഴിലിന്റെ വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന്. നമ്മുടെ രാജ്യം ഇതിനോട് പ്രതികരിക്കുന്നത് അങ്ങനെയാണ്. സിനിമാ സംവിധായകരും വളരെ ജാതീയമായ രീതിയിൽ പെരുമാറുന്നുവെന്നത് ലജ്ജാകരമാണ്. അവരുടെ ഇമേജുകളിൽ ഇത് പ്രതിഫലിക്കാറുണ്ട്. കഥാപാത്രങ്ങളുമായി ഇടപഴകുന്ന രീതിയിൽ നിന്ന് അത് വ്യക്തമാകും. മാനവികത എന്നത് ആർക്കും ആരെയും പഠിപ്പിക്കാൻ കഴിയുന്നതല്ല, നിങ്ങൾക്കുള്ളിൽ അതുണ്ടോ ഇല്ലയോ എന്ന ചോദ്യം മാത്രം.

ഇന്നലെ രാകേഷ് ശർമ്മയുടെ ‘ഫെെനൽ സൊല്യൂഷൻ റീവിസിറ്റഡ്’ എന്ന ഡോക്യുമെന്‍ററി കണ്ടിരുന്നു. അതിലൊരു ചെറിയ കുട്ടിയോട് രാകേഷ് ശർമ്മ സംസാരിക്കുന്നത് കാണിക്കുന്നുണ്ട്. ഈ കുട്ടി ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച് നിൽക്കുകയാണ്. വളരുമ്പോൾ അവനൊരു പട്ടാളക്കാരനായി ഹിന്ദുക്കളെ കൊല്ലണം എന്നാണ് അവൻ പറയുന്നത്. അപ്പോൾ ഡയറക്ടർ ആ കുട്ടിയോട് ചോദിക്കുന്നത്, എല്ലാ ഹിന്ദുക്കളും മോശമാണെന്ന് നീ കരുതുന്നുണ്ടോ എന്നാണ്. ഈ കുട്ടി വലിയ ആശങ്കയിലായതായി കാണാം. അപ്പോൾ ഡയറക്ടർ, ഞാൻ ഹിന്ദുവാണ്, ഞാൻ മോശമാണെന്ന് തോന്നുന്നുണ്ടോ എന്ന് കുട്ടിയോട് ചോദിക്കുന്നു. കുട്ടി വീണ്ടും ആശങ്കയോടെ നോക്കിക്കൊണ്ട്, അല്ല നിങ്ങൾ മുസ്ലീം ആണെന്ന് പറയുന്നു. ഈ സ്ക്രീനിങ്ങിന് ശേഷം രാകേഷ് ശർമ്മയോട് ഒരു സ്ത്രീ ആ കുട്ടിയുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചോദിക്കുന്നുണ്ട്. ഈ അഭിമുഖത്തിന് ശേഷവും പത്ത് വർഷത്തോളം ഈ കുട്ടിയുമായി ബന്ധം സൂക്ഷിച്ചിരുന്നു എന്ന് രാകേഷ് ശർമ്മ പറഞ്ഞു. പിന്നീട് സംവിധായകൻ പറഞ്ഞത് കുട്ടിക്കാലത്ത് ഞാനും വയലൻസിന് ഇരയായിട്ടുണ്ടെന്നും വയലൻസ് കുട്ടികളോട് ചെയ്യുന്നതെന്താണെന്ന് എനിക്കറിയാമെന്നുമാണ്. അപ്പോഴും ആ സ്ത്രീ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല.

നോക്കൂ ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എഴുതുന്ന ഒരാൾ എന്ന നിലയ്ക്ക് ഞാൻ എന്തെങ്കിലും എഴുതുമ്പോൾ എനിക്ക് അഭിപ്രായമുണ്ടായിരിക്കും, എന്റെ അഭിപ്രായം വെറും അഭിപ്രായം മാത്രമല്ല അതിന് ഒരു തരത്തിലുള്ള ഉത്തരവാദിത്തം കൂടിയുണ്ട്. നിങ്ങൾ ഒരു പെർഫോമർ മാത്രമല്ലല്ലോ, ഏത് കലയിലായാലും എഴുത്തിലായാലും സിനിമ സംവിധാനം ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും ഈ ഉത്തരവാദിത്തത്തിൽനിന്നും മാറിനിൽക്കാൻ കഴിയുകയില്ല. അത് സാധ്യമല്ല. അങ്ങനെയുള്ള ഒരാളെ ആരായാലും ചോദ്യം ചെയ്യും.

‘ദളിത് സുബ്ബയ്യ’ ഒരു എക്സലന്റ് ഡോക്യുമെന്ററിയാണ്. അതുകണ്ടിട്ട് ഞാൻ ശരിക്കും കരഞ്ഞു. എന്നിൽ അത് വല്ലാത്ത അനക്കങ്ങളുണ്ടാക്കി. എനിക്ക് സംസാരിക്കാനൊന്നും കഴിഞ്ഞില്ല. സംവിധായകൻ ഗിരിധരനെ കണ്ടിരുന്നു. യാഴി ഫിലിംസും നീലം പ്രൊഡക്ഷൻസും ചേർന്നാണ് ഈ ഡോക്യുമെന്ററി പ്രൊഡ്യൂസ് ചെയ്തത്. രാംദാസ് കടവല്ലൂരിന്റെ ഡോക്യുമെന്ററി ‘സത്യപ്പുല്ല്’ എനിക്കിഷ്ടപ്പെട്ടു.

നല്ലൊരു സിനിമ കാണുമ്പോൾ നമ്മൾ എന്തെങ്കിലുമൊക്കെ കൂടെ കൊണ്ടുപോകുന്നു. അത് നമ്മളോടൊപ്പം നിൽക്കുന്നു, കുറച്ചു കാലത്തോളം ഈ സിനിമ നിങ്ങളുടെ ഉള്ളിൽ നിൽക്കുന്നു. അതിശക്തമായ സിനിമകൾ അങ്ങനെയാണ്. ദളിത് സുബ്ബയ്യയും സത്യപ്പുല്ലും, ‘ഓ ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്’ എന്ന് ഓർമ്മപ്പെടുത്തുന്നതാണ്. ‘സത്യപ്പുല്ല്’ ഭരണകൂട ഹിംസയെക്കുറിച്ചാണ്, നമ്മളെല്ലാവരെയും അത് ബാധിക്കുന്നുണ്ട്. ഈ വയലൻസ് അരികിലാക്കപ്പെടുന്ന സമുദായങ്ങൾക്കെതിരെ ഘടനാപരമായി പ്രവർത്തിക്കുന്നതാണ്. നമ്മളെ അത് ഭയപ്പെടുത്തും. എന്നെയും അത് ഭയപ്പെടുത്തിയിട്ടുണ്ട്. ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട്, നിങ്ങൾക്ക് എന്താണ് ഭയമില്ലാത്തതെന്ന്. എന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഭീഷണികൾ നേരിട്ടിട്ടുണ്ടോ എന്നെല്ലാം ചോദിച്ചിട്ടുണ്ട്. ഭാഗ്യമാണ്, അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.

ഭീഷണി എന്ന സങ്കൽപം തന്നെ ഇപ്പോൾ മാറിയിട്ടുണ്ടെന്ന് തോന്നുന്നു, അതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്ന് തോന്നുന്നു.

ശരിയാണ്. ഒരു നിമിഷത്തിലോ ഒരു വ്യക്തിയോ മാത്രമല്ല ഇന്ന് ഭീഷണിപ്പെടുന്നത്.

‘അദ്രായി’ പോസ്റ്റർ

ഈ ഫെസ്റ്റിവലിൽ കണ്ട ഫർസാന സി.കെയുടെ ‘അദ്രായി’ മാവൂരിലെ ഗ്രാസിം കമ്പനി സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ നടന്ന പരിസ്ഥിതി മുന്നേറ്റത്തെക്കുറിച്ചാണ്. ഗ്രാസിം വിരുദ്ധ സമരത്തിന്റെ നേതാക്കളിലൊരാളായ കെ.എ റഹ്മാനെ കുറിച്ചാണ്. രാസ മലിനീകരണത്തെ തുടർന്ന് മരിച്ചുപോയ ക്യാൻസർ ബാധിതരായ നിരവധി നാട്ടുകാരിൽ ഒരാളാണ് അദ്രായി. സ്ത്രീ സംവിധായകർ ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. പുതിയൊരു തരം ഭാഷയാണ് അവയ്ക്ക്.

സ്ത്രീകൾ എല്ലാം പുരുഷന്മാരിൽനിന്നും വ്യത്യസ്തമായാണ് ചെയ്യുന്നത്. ആളുകളെ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നതിൽ, ഭക്ഷണമുണ്ടാക്കുന്നത് എങ്ങനെ എന്നതിൽ, ഒരു റിലേഷൻഷിപ് ഉണ്ടാക്കിയെടുക്കുന്നതിൽ‍, അതിനെ സൂക്ഷിച്ചു പരിപാലിക്കുന്നതിൽ, അതുപോലെ തന്നെ സിനിമയിലും. അതുകൊണ്ടാണ് ഈ പാട്രിയാർക്കൽ ക്രാപ് എന്നെ അസ്വസ്ഥമാക്കുന്നത്. നിങ്ങളുണ്ടാക്കുന്നതിലൊക്കെ ഞാൻ ഛർദ്ദിച്ചു പോകുന്നു. ബോംബെയിൽ ആളുകൾ എന്നെക്കുറിച്ച് പറയുന്നത്, അവൾ കൂടുതൽ സംസാരിക്കുന്നു എന്നാണ്. ഞാൻ കൂടുതൽ സംസാരിക്കുന്നില്ലെങ്കിലും ക്രിട്ടിക്കൽ ആണ്. വിദ്യാഭ്യാസം നേടിയതിന്റെയും വിഭവാധികാരമുളളതിന്റെയും അവകാശവാദമുയർത്തുന്നവർ എന്തുകൊണ്ട് അതൊന്നും ഉപയോഗിക്കുന്നില്ല? എന്റെ സമപ്രായക്കാരും അങ്ങനെ തന്നെയാണ്. ഞാൻ എന്റെ ജോലി ചെയ്യുന്നു, നിങ്ങൾ നിങ്ങളുടേത് ചെയ്യുന്നു, എനിക്ക് നിങ്ങളുടെ ആവശ്യമില്ല. അവർ കരുതുന്നത് നിങ്ങൾക്ക് ഞങ്ങളെ ആവശ്യം വരുമെന്നാണ്. ചിലപ്പോൾ ആവശ്യം വന്നേക്കാം. പക്ഷേ, ഞാൻ എന്തായാലും എന്റെ വഴി കണ്ടെത്തും. എനിക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യാൻ എന്നെ തന്നെ dumb down ചെയ്യേണ്ട കാര്യമില്ല. എനിക്കത് പറ്റില്ല, ഞാൻ മരിച്ചുപോകും! (ചിരിക്കുന്നു).

ജ്യോതി നിഷ. ഫോട്ടോ: മൃദുല ഭവാനി

നമുക്ക് കുറേയധികം സ്ത്രീ സിനിമാ സംവിധായകരില്ല. നമുക്ക് സിനിമാ സംവിധായകരായ സ്ത്രീകളില്ല എന്നത് വലിയ നാണക്കേടാണ്. പക്ഷേ, തീർച്ചയായും സ്ത്രീകൾ ഉയർന്ന് വരികയും സിനിമകളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകൾ എല്ലാത്തിനെയും നോക്കുന്നത് വ്യത്യസ്തമായിട്ടാണ്. എല്ലാവരും അങ്ങനെയാണെന്നല്ല, അങ്ങനെയല്ലാത്ത പുരുഷ നോട്ടമുള്ള സ്ത്രീകളുമുണ്ട്, അത് വളരെ ബോധപൂർവ്വം തകർക്കേണ്ടുന്ന ഒരു കണ്ടീഷനിങ് ആണ്. ഇത് ചിലരുടെ സിനിമകളിൽ കാണാൻ കഴിയും. അതാണ് സിനിമയെക്കുറിച്ചുള്ള മാന്ത്രികത, അതു വളരെ തെളിമയുള്ളതാണ്, സിനിമ സ്വയം സംസാരിക്കും. (2025).

ഫീച്ചേർഡ് ഇമേജ്: ‘ഡോ. ബി.ആർ അംബേദ്കർ നൗ ആൻഡ് ദെൻ’ ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം

Also Read

18 minutes read September 24, 2025 2:24 pm