അമേരിക്കയിലെ വിദ്യാർത്ഥി മുന്നേറ്റവും ജൂത വിരുദ്ധ ചാപ്പയും

ഗാസയിലെ ഇസ്രായേൽ വംശഹത്യ 200 ദിവസങ്ങൾ പിന്നിട്ടിരിക്കെ അമേരിക്കയിലുടനീളം യൂണിവേഴ്സിറ്റി ക്യാമ്പസുകൾ സമരമുഖങ്ങളായി മാറിയിരിക്കുന്നു. ഇസ്രായേൽ യുദ്ധം ആരംഭിച്ച ഒക്‌ടോബർ മുതൽ തന്നെ വിദ്യാർത്ഥികൾ പലസ്തീൻ അനുകൂല റാലികൾ നടത്തിയിരുന്നു. കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്ന ഇസ്രായേൽ യുദ്ധനയത്തിനും അമേരിക്കയുടെ പിന്തുണയ്ക്കും എതിരെ കുത്തിയിരിപ്പ് സമരത്തിലൂടെയും നിരാഹാര സമരത്തിലൂടെയുമെല്ലാം യു.എസിൽ ഉടനീളം വിദ്യാർത്ഥികളുടെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പലസ്തീൻ അനുകൂല സമരം നയിച്ച വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്നും പുറത്താക്കിയ ന്യൂയോർക്ക് പൊലീസ് ഇടപെടൽ അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളെ തീവ്രമായ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന പലസ്തീൻ ഐക്യദാർഢ്യ വിദ്യാർത്ഥി പ്രക്ഷോഭം, 1980 കളിൽ ദക്ഷിണാഫ്രിക്കയുമായി വ്യാപാരബന്ധമുള്ള കമ്പനികൾക്കെതിരെ വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനം നയിച്ച സമരത്തിൽ നിന്നും വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങളിൽ നിന്നും ഊർജം ഉൾക്കൊള്ളുന്നതായി വിലയിരുത്തപ്പെടുന്നു.

ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണ പിൻവലിക്കുവാനും, വെടിനിർത്തൽ നടപ്പിലാക്കുവാനും, ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായുള്ള യൂണിവേഴ്സിറ്റികളുടെ ബന്ധം അവസാനിപ്പിക്കുവാനും യൂണിവേഴ്സിറ്റികളിൽ ടെന്റിടിച്ച് സമരം ചെയ്യുന്ന അമേരിക്കൻ വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കുന്നു. ആയുധ വിതരണക്കാരിൽ നിന്നും യുദ്ധത്തിൽ നിന്നും ലാഭം നേടുന്ന കമ്പനികളിലെ യൂണിവേഴ്സിറ്റിയുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾ ഗൂഗിളും ആമസോണും ഉൾപ്പെടെ ഇസ്രായേലിനെ സഹായിക്കുന്ന കമ്പനികളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. 1980 കളിൽ ദക്ഷിണാഫ്രിക്കയുമായി വ്യാപാരം നടത്തുന്ന കമ്പനികൾക്കെതിരെ കൊളംബിയ വിദ്യാർത്ഥികൾ നടത്തിയ പ്രചാരണമാണ് ഈ ലിസ്റ്റിങ്ങിന് മാതൃകയായിട്ടുള്ളത്. ഇസ്രായേലിൽ നിന്നും യൂണിവേഴ്സിറ്റികൾ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങൾ സുതാര്യമാക്കണമെന്നും വിദ്യാർത്ഥി പ്രക്ഷോഭം ആവശ്യപ്പെടുന്നു.

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഇസ്രായേൽ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം. കടപ്പാട്:aljazeera

എന്നാൽ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ വകവെയ്ക്കാതെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിന് എതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യൂണിവേഴ്സിറ്റികൾ. അതേസമയം ഈ നിലപാടിന് മാറ്റമുണ്ടാവും വരെ ഇസ്രായേലിനെതിരായ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുകയില്ല എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. പലസ്തീനിലെ കൂട്ടക്കൊലയിൽ തങ്ങളുടെ ട്യൂഷൻ ഫീസിന്റെ പങ്കാളിത്തമുണ്ടാകരുത് എന്നുറപ്പിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾ അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ ഉടനീളം പലസ്തീൻ പതാകകൾ വീശിയും കഫിയ ധരിച്ചും ഡ്രമ്മുകൾ മുഴക്കിയും ഇസ്രായേലിനും വംശഹത്യയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സമരത്തിൽ പങ്കെടുത്ത 550 ഓളം വിദ്യാർത്ഥികളെ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അറസ്റ്റ് വരിക്കാൻ തയ്യാറായി സമരം തുടരുകയാണ് വിദ്യാർത്ഥികൾ. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ ഈ അറസ്റ്റുകളെ ഹ്യുമൻ റൈറ്റ് വാച്ചും, അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയനും ഉൾപ്പെടെ വിമർശിച്ചിട്ടുണ്ട്.

വംശഹത്യയുടെ 200 ദിവസങ്ങൾ

സമാനതകളില്ലാത്ത 200 ദിവസങ്ങളിലെ ആക്രമണത്തിനിടെ യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് പ്രകാരം ഇസ്രായേൽ സൈന്യം 42,510 പലസ്തീനികളെ കൊന്നൊടുക്കി കഴിഞ്ഞു. അവരിൽ 10,091 സ്ത്രീകളും 15,780 കുട്ടികളും ഉൾപ്പെടെ 38,621 പേർ ‘സാധാരണക്കാരായ’ പലസ്തീനികളാണ്. ആയിരക്കണക്കിന് മനുഷ്യരുടെ മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ആയിരക്കണക്കിന് മനുഷ്യരെ കാണാതായി, അവരെ മരിച്ചതായി കണക്കാക്കുന്നു. യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പുറത്തുവിട്ട ഈ സ്ഥിതിവിവരക്കണക്കുകളിൽ 137 മാധ്യമപ്രവർത്തകരുടെയും 356 മെഡിക്കൽ ഉദ്യോഗസ്ഥരുടെയും 42 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരോടൊപ്പം മുറിവേറ്റവരുടെ കണക്കുകളുമുണ്ട്. ജനവാസമേഖലകളിലെ ഇസ്രായേൽ സൈനിക ആക്രമണത്തിൽ 79,240 പലസ്തീനികൾക്ക് പരിക്കേറ്റു, അവരിൽ ബഹുഭൂരിപക്ഷവും ‘സാധാരണക്കാരായിരുന്നു’. 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. ഗാസ മുനമ്പിലെ ആരോഗ്യ സംരക്ഷണ സംവിധാനം ഇസ്രായേൽ തകർത്തതിനാൽ ഇവരിൽ ഭൂരിഭാഗം പേർക്കും ആവശ്യമായ വൈദ്യസഹായവും പരിചരണവും ലഭ്യമാക്കാനായില്ല. അവയിൽ, കുറഞ്ഞത് 11,000 കേസുകളെങ്കിലും ഗുരുതരമാണ്. കൂടാതെ, 1,200-ലധികം കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് മനുഷ്യർ അവയവങ്ങൾ ഛേദിക്കപ്പെട്ട് വികലാം​ഗരായി.

ഹമാസിന്റെ സൈനിക നടപടികളിൽ യാതൊരു പങ്കാളിത്തവും ഇല്ലാത്ത പലസ്തീനിലെ സാധാരണക്കാരായ മനുഷ്യർക്കുനേരെ ഇസ്രായേൽ നടത്തിയ നിരവധി യുദ്ധക്കുറ്റങ്ങൾ യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പുകൾ ഇല്ലാതെ വീടുകൾക്കും ഷെൽട്ടറുകൾക്കും നേരെയുള്ള വിവേചനരഹിതവും ഏകപക്ഷീയവുമായ സൈനിക ആക്രമണങ്ങൾ പലസ്തീനിലെ സാധാരണക്കാരെ ലക്ഷ്യമാക്കുന്നതായിരുന്നുവെന്നും ഹമാസിന് എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യം സമ്പൂർണ്ണ വംശഹത്യയാണെന്നും ഈ റിപ്പോർട്ടിൽ നിന്നും വ്യക്തമാകും. എന്നാൽ കേവലം അക്കങ്ങളിൽ നിന്നും വായിച്ചെടുക്കാനാവുന്നതല്ല ഗാസയിലെ
ഇസ്രായേൽ വംശഹത്യയുടെ ക്രൂരതകളുടെ വിശദാംശങ്ങൾ. ഈ കൊലപാതകങ്ങളിലും മുറിവുകളിലുമുള്ള അമേരിക്കയുടെ പങ്ക് ഇസ്രായേലിനോളം തന്നെയാണ്.

ഇസ്രായേൽ വിമർശനവും ജൂതവിരോധവും

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ അനുകൂല നിലപാടിൽ തുടരുമ്പോൾ ഇസ്രായേൽ സർക്കാറിന്റെ നയങ്ങളെ വിമർശിക്കുന്നത് ജൂതവിരുദ്ധമാണെന്ന നെതന്യാഹുവിൻ്റെ അവകാശവാദം ആവർത്തിക്കുന്ന വിദ്യാർത്ഥി സംഘങ്ങൾ ഇസ്രായേൽ പതാകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകളുമായി പലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭത്തിനെതിരായി യൂണിവേഴ്സിറ്റികളിലുണ്ട്. ഇസ്രായേലിനെ പിന്തുണക്കുന്ന കമ്പനികൾക്കെതിരായ നിലപാട് ആന്റി സെമിറ്റിക്ക് അഥവാ ജൂത വിരുദ്ധമാണ് എന്നും ജൂത വിരുദ്ധരായ വിദ്യാർത്ഥികളാണ് പലസ്തീൻ അനുകൂല സമരം നയിക്കുന്നത് എന്നുമാണ് ഇസ്രായേലിനെ പിന്തുണക്കുന്ന വിദ്യാർത്ഥികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ നെതന്യാഹുവിന്റെ ‘ജൂത വിരുദ്ധ’ വാദത്തിന്റെ പൊളത്തരം തുറന്നുകാണിച്ചുകൊണ്ട് അമേരിക്കൻ സെനറ്ററായ ബെ‍ർനി സാൻഡേഴ്‌സ് പ്രതികരിച്ചതിങ്ങനെയാണ്.

ബെ‍ർനി സാൻഡേഴ്‌സ്

“അല്ല മിസ്റ്റർ നെതന്യാഹു, കഴിഞ്ഞ ആറുമാസത്തിൽ നിങ്ങളുടെ തീവ്രവാദ സർക്കാർ 34,000 ത്തിലേറെ പലസ്തീനികളെ കൊല്ലുകയും 78,000 ത്തിലേറെ മനുഷ്യരെ മുറിവേൽപ്പിക്കുകയും ചെയ്തു. അതിൽ 78 ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് ചൂണ്ടിക്കാണിക്കുന്നത് ജൂത വിരുദ്ധതയോ ഹമാസ് അനുകൂലതയോ അല്ല.

നിങ്ങളുടെ ബോംബാക്രമണം ഗാസയിലെ 221,000-ലധികം ഭവനസമുച്ചയങ്ങൾ പൂർണ്ണമായും നശിപ്പിച്ചു, ഒരു ദശലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കി – ഏകദേശം ജനസംഖ്യയുടെ പകുതിയോളം. നിങ്ങളുടെ സർക്കാർ ഗാസയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ – വെള്ളവും, വൈദ്യുതിയും, ഓടകളും – ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാണിക്കുന്നത് ജൂത വിരുദ്ധതയല്ല.

നിങ്ങളുടെ ഗവൺമെൻ്റ് ഗാസയിലെ ആരോഗ്യ പരിപാലന സംവിധാനത്തെ ഉന്മൂലനം ചെയ്യുകയും 26 ആശുപത്രികളുടെ സേവനം ഇല്ലാതാക്കുകയും 400-ലധികം ആരോഗ്യ പ്രവർത്തകരെ കൊല്ലുകയും ചെയ്തുവെന്ന് മനസ്സിലാക്കുന്നത് ജൂത വിരുദ്ധതയല്ല.

ഗാസയിലെ 12 സർവ്വകലാശാലകളും അവിടുത്തെ 56 സ്‌കൂളുകളും നശിപ്പിച്ച നിങ്ങളുടെ സർക്കാറിനെ അപലപിക്കുന്നത് ജൂത വിരുദ്ധമല്ല, നൂറുകണക്കിന് സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 625,000 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസമില്ലാതാക്കി.

ലക്ഷക്കണക്കിന് കുട്ടികൾ പോഷകാഹാരക്കുറവും പട്ടിണിയും അഭിമുഖീകരിക്കുന്ന സാഹചര്യം സൃഷ്ടിച്ചുകൊണ്ട്, അമേരിക്കൻ നിയമം ലംഘിച്ചുകൊണ്ട് നിങ്ങളുടെ ഗവൺമെൻ്റ് ഗാസയിലേക്ക് വരുന്ന മാനുഷിക സഹായങ്ങളെ അകാരണമായി തടഞ്ഞുവെന്ന് എല്ലാ സന്നദ്ധ സംഘടനകളും പറയുമ്പോൾ യോജിക്കുന്നത് ജൂത വിരുദ്ധമല്ല.

വിർജീനിയ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന വിദ്യാർത്ഥി സമരം. കടപ്പാട്:cavalierdaily

മിസ്റ്റ‍ർ നെതന്യാഹു, നീചമായ, വെറുപ്പുളവാക്കുന്ന മതാന്ധതയുടെ രൂപമാണ് സെമിറ്റിക്ക് വിരുദ്ധത. ദശലക്ഷക്കണക്കിന് ആളുകൾക്കത് പറഞ്ഞറിയിക്കാനാവാത്ത വിധം ദ്രോഹം ചെയ്തിട്ടുണ്ട്. നിങ്ങളുടെ വംശീയ തീവ്രവാദ സർക്കാറിന്റെ നിയമവിരുദ്ധവും അധാർമികവുമായ യുദ്ധ നയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചുകൊണ്ട് ദയവായി അമേരിക്കക്കാരുടെ ബുദ്ധിയെ അപമാനിക്കരുത്. ഇസ്രായേൽ കോടതികളിൽ നിങ്ങൾ നേരിടുന്ന ക്രിമിനൽ കുറ്റാരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ജൂത വിരുദ്ധത ഉപയോഗിക്കരുത്. നിങ്ങളുടെ പ്രവൃത്തികൾക്ക് നിങ്ങൾ ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാണിക്കുന്നത് ജൂത വിരുദ്ധമല്ല.”

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 27, 2024 3:49 pm