ദീർഘവീക്ഷണമില്ലാത്ത കേരള രാഷ്ട്രീയം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ജനപക്ഷത്ത് നിൽക്കാൻ കഴിയുന്നില്ല എന്ന വിമർശനം ശക്തമാണ്. ജനകീയ സമരങ്ങളുടെ ഭാ​ഗത്ത് നിന്നും പുതിയൊരു ജനപക്ഷ രാഷ്ട്രീയം കേരളത്തിൽ ഉയർന്നുവരുന്നുമുണ്ട്. ആ രാഷ്ട്രീയത്തെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്?

ജനകീയ സമരങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും ഉയർന്നുവരുന്ന പ്രസ്ഥാനങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളായി മാറിയിട്ടില്ല. ജനകീയ രാഷ്ട്രീയത്തിന്റെ മുൻകൈയിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കപ്പെട്ടാലും ഇപ്പോഴത്തെ സ്ഥിതിയിൽ വലിയ മാറ്റുമുണ്ടാകുന്നില്ല. നിലവിലുള്ള പാർട്ടികളെ സ്വാധീനിക്കാൻ കഴിയുന്നതരത്തിൽ ജനങ്ങളെ ശക്തിപ്പെടുത്തുകയാണ് അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയുടെ രജിസ്റ്റേഡ് വോട്ടർമാരാണ്. പാർട്ടി കേന്ദ്രത്തിൽ നിന്നും പല പേരുകൾ മുന്നോട്ടുവരുകയാണെങ്കിൽ പാർട്ടിയുടെ പിന്നിലുള്ള ജനങ്ങൾ വോട്ടിംഗ് നടത്തി സ്ഥാനാർത്ഥിയെ തീരുമാനിക്കും. റിപ്പബ്ലിക്കൻ പാർട്ടിക്കാരും ഇതേ രീതിയിലാണ് സ്ഥാനാർത്ഥി നിർണ്ണയം നടത്തുന്നത്.

കേരളത്തിലും ഇതുപോലെ കുറച്ച് പഞ്ചായത്തുകളിൽ ഗ്രാമസഭകൂടി ആ വാർഡിലെ മെമ്പർ ആരാകണമെന്ന് തീരുമാനിക്കുന്ന സംവിധാനമുണ്ടാകണം. അല്ലെങ്കിൽ ഓരോ മുന്നണിയുടെയും വോട്ടർമാർ ആ മുന്നണിയുടെ സ്ഥാനാർത്ഥി ആ ഗ്രാമത്തിലുള്ള ആരാകണം എന്ന് നിശ്ചയിക്കുന്ന സംവിധാനമുണ്ടാകണം. ഇത്തരത്തിൽ ജനങ്ങൾ സ്ഥാനാ‍ർത്ഥിയെ നിർണ്ണയിക്കുന്ന ഒരു പ്രക്രിയ കേരളത്തിൽ തുടങ്ങേണ്ടതുണ്ട്. ജനകീയ പ്രസ്ഥാനങ്ങൾ അതിന് വേണ്ടിയുള്ള ശ്രമം നടത്തണം.

ഡോ. എം.പി പരമേശ്വരൻ 2024ൽ കേരളീയം ഓഫീസ് സന്ദർശിച്ചപ്പോൾ.

ജനകീയ സമരങ്ങളുടെ ഭാ​ഗമായി ഉയർന്നുവരുന്ന പ്രസ്ഥാനങ്ങൾ പൊതുജനാഭിപ്രായ രൂപീകരണത്തെ എങ്ങനെയാണ് സ്വാധീനിക്കേണ്ടത്?

ജനകീയ പ്രസ്ഥാനങ്ങൾ ജനങ്ങൾക്ക് ശരിയായ തരത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസം നൽകാനാണ് ശ്രമിക്കേണ്ടത്. ജനകീയ രാഷ്ട്രീയവും ഭരണകൂടവും തമ്മിൽ സംവാദം നടക്കില്ല. ജനകീയ രാഷ്ട്രീയവും ജനങ്ങളും തമ്മിലാണ് സംവാദം നടക്കേണ്ടത്. അവർ ജനങ്ങളെയാണ് സംബോധന ചെയ്യേണ്ടത്. വിഭവങ്ങൾ പരിമിതമായതുകൊണ്ട് അമേരിക്കൻ മോഡൽ വികസനം നിലനിൽപ്പില്ലാത്തതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. വാർഡ് സ്ഥാനാർത്ഥികളെയെങ്കിലും ജനങ്ങൾ തെരഞ്ഞെടുക്കുന്ന തരത്തിലുള്ള സംവിധാനമുണ്ടാക്കാനും ജനകീയ പ്രസ്ഥാനങ്ങൾ ശ്രമിക്കണം. വാർഡ് മെമ്പർമാർ ജനഹിതത്തിന് വിരുദ്ധമായ തരത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ മെമ്പറെ തിരിച്ച് വിളിക്കാനുള്ള നിയമം ഉൾപ്പെടുത്തി പഞ്ചായത്തിരാജ് നിയമം ഭേദഗതി ചെയ്യാനും ശ്രമിക്കണം. മെമ്പർമാരെ നിയന്ത്രിക്കാൻ നിയമപരമായി കഴിയുന്നില്ലെങ്കിൽ ജനശക്തിയുടെ പിൻബലത്താൽ സാമൂഹികമായി അതിന് കഴിയണം.

ജനകീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഭാഗിക വീക്ഷണങ്ങളാണുള്ളത്. അതാണ് ആ പ്രസ്ഥാനങ്ങളുടെ പ്രധാന പരിമിതി. അജ്ഞതയേക്കാൾ അപകടകരമാണത്. ജനകീയ പ്രസ്ഥാനങ്ങളിൽ ഇടപെടുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും കാഴ്ചപ്പാടിൽ സമഗ്രതയില്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതുകാരണം സമരങ്ങളുടെ സ്വാധീനശക്തിയും കുറഞ്ഞുവരുന്നു. എങ്കിലും പരിസ്ഥിതിയേയും മനുഷ്യാവകാശത്തെയും സംബന്ധിച്ച ഒരുപാട് വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ അവയ്ക്ക് കഴിയുന്നുണ്ട്. ലോക സോഷ്യൽ ഫോറം ഇത്തരം ആശയത്തിന്റെ പ്രതിഫലനമായിരുന്നു. അതിന് തുടർച്ച വേണ്ടിവരും. ശരിയായ ദിശ കണ്ടെത്തുക എന്നതാകണം ജനകീയ പ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യം.

കേരളീയം റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം 2016ൽ ഡോ. എം.പി പരമേശ്വരൻ നിർവഹിക്കുന്നു.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം ദാർശനികമായ തളർച്ച നേരിടുന്നുണ്ടോ?

ദീർഘകാല കാഴ്ചപ്പാട് ഇല്ലാതായി എന്നതാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രിയം നേരിടുന്ന പ്രധാന പ്രതിസന്ധി. തൊണ്ണൂറുകളുടെ തുടക്കത്തിൽ ആഗോള തലത്തിൽ സോഷ്യലിസത്തിനുണ്ടായ തകർച്ച ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടിനെ ശിഥിലമാക്കി. അവർ ഉയർത്തിപ്പിടിച്ചിരുന്നത് സോഷ്യലിസ്റ്റ് കാഴ്ചപ്പാടായിരുന്നു. ഇന്നവർക്കത് പൂർണ്ണമായും നഷ്ടമായിരിക്കുകയാണ്. ഇന്ന് ലാറ്റിനമേരിക്കയിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും മാത്രമാണ് പുതിയ കാഴ്ചപ്പാടുണ്ടാക്കാൻ ശ്രമിക്കുന്നത്. വേൾഡ് സോഷ്യൽ ഫോറത്തിന്റെ തുടർച്ച സാധ്യമായത് ലാറ്റിൻ അമേരിക്കയിൽ മാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളല്ല അവിടെ ഭരിക്കുന്നത്. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരാണെങ്കിലും മുതലാളിത്ത ചൂഷണത്തെ ചെറുക്കുന്നതിൽ അവർ ഒരുമിച്ച് നിൽക്കുന്നു. കേരളത്തിലും അത്തരത്തിൽ ജനങ്ങളുടെ പക്ഷത്ത് നിന്നുള്ള ദിശാബോധമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉയർന്നുവരണം. നവസാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് അത്തരത്തിലുള്ള കാഴ്ചപ്പാട് രൂപീകരിക്കാൻ കഴിയണം.

പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാൻ കഴിയുന്ന തരത്തിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ടോ? പരിഷത്തിന്റെ മുൻകൈയിൽ നടന്ന അധികാര വികേന്ദ്രീകരണ ക്യാമ്പയിനുകളുടെ ബുദ്ധികേന്ദ്രം എന്ന നിലയിൽ എന്താണ് തോന്നുന്നത്?

ജനകീയാസൂത്രണവും സാക്ഷരതയുമെല്ലാം പരിഷത്തിന്റെ മുൻകൈയിൽ തുടങ്ങിയ പരിപാടികളായിരുന്നു. എന്നാൽ പരിഷത്തിന്റെ നിയന്ത്രണത്തിലായിരുന്നില്ല. തുടർന്ന് അത് മുന്നോട്ട് കൊണ്ടുപോകുന്നതിൽ പരിഷത്തിന് പരിമിതമായ പങ്ക് മാത്രമേ വഹിക്കാനുണ്ടായിരുന്നുള്ളു. ഭരണം കയ്യാളുക എന്നത് അതിന്റെ ലക്ഷ്യമല്ലാത്തതിനാലും രാഷ്ട്രീയ പ്രസ്ഥാനമല്ലാത്തതിനാലും പരിഷത്തിന് പോകാവുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ അയൽക്കൂട്ടങ്ങളേയും കുടംബശ്രീകളേയുമൊക്കെ ശക്തിപ്പെടുത്തി ഗാന്ധിയൻ മാർഗ്ഗത്തിലുള്ള സമരങ്ങൾ പരിഷത്തിന് നടത്താൻ കഴിയും.

Also Read

3 minutes read August 11, 2026 1:01 pm