കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്ന ചെറുകിട സ്ത്രീ സംരംഭകർ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കടൽക്കരയിലും വീട്ടുമുറ്റത്തുമൊക്കെ ഉപ്പിൽ പൊതിഞ്ഞ് വെയിലത്ത് ഉണക്കാനിട്ടിരിക്കുന്ന മീനുകളുടെ നിരകൾ കേരളത്തിൻ്റെ തീരപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. കേരളത്തിലെ തദ്ദേശീയ മത്സ്യബന്ധന കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന് കൂടിയാണിത്. എന്നാൽ നിരത്തിലും മണൽവിരിപ്പിലും പായ വിരിച്ച്, അതിന് മുകളിൽ ഉപ്പ് തേച്ച് ഉണക്കാനിട്ടിരിക്കുന്ന മീനുകളുടെ കാഴ്ച ഇന്ന് അപൂർവമാണ്. ശക്തമായ വേലിയേറ്റം, തീരശോഷണം, മഴയിൽ വന്ന മാറ്റങ്ങൾ, ജനസംഖ്യയിലുണ്ടായ വർദ്ധനവ് തുടങ്ങി പലവിധ കാരണങ്ങൾ ചെറുകിട ഉണക്കമീൻ നിർമ്മാണ സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, പരമ്പരാഗത ഉണക്കമീൻ നിർമ്മാണ രീതികളിലേക്ക് സാങ്കേതികവിദ്യ കൂടി ഇണക്കി ചേർത്ത് കൊച്ചിയിലെ മത്സ്യബന്ധന ഗ്രാമങ്ങളിലെ ചില സ്ത്രീ കൂട്ടായ്മകൾ പ്രാദേശിക സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട കൂട്ടായ്മയാണ് കഴിഞ്ഞ നാല് വർഷമായി കൊച്ചിയിലെ ഉൾനാടൻ മത്സ്യബന്ധന ഗ്രാമമായ വടക്കേക്കരയിൽ പ്രവർത്തിക്കുന്ന സീബീസ് ഫിഷ് പ്രോസസിങ് യൂണിറ്റ്.

രാവിലെ തന്നെ വീട്ടുപ്പണികൾ കഴിഞ്ഞ് അയൽവാസികളായ മിനിയും ഷീനയും സാവിത്രിയമ്മയും സജിതയും സജിതയുടെ വീടിന് മുകളിൽ പ്രവർത്തിക്കുന്ന, തങ്ങളുടെ ബിസിനസ് സംരംഭത്തിൻ്റെ തിരക്കുകളിലേക്ക് കടക്കും.

സജിത

“ആഴ്ചയിൽ രണ്ട് ദിവസമാണ് ഞങ്ങൾ മീൻ വാങ്ങുന്നത്. മുനമ്പം ഹാർബറിൽ തരകന്മാരോട് ഏത് മീൻ വേണമെന്നും, എത്ര കിലോ വേണമെന്നും നേരത്തെ തന്നെ പറഞ്ഞുവെക്കും.” സജിത വിവരിച്ചു. “മാന്തൾ, കൊഴുവ, ചെമ്മീൻ, സ്രാവ്, അയല ഒക്കെയാണ് ഉണക്കമീൻ ഉണ്ടാക്കാനായി പൊതുവെ വാങ്ങുന്നത്.”

കഴിഞ്ഞ ഇരുപത് വർഷമായി സജിത ഉണക്കമീൻ നിർമ്മാണവും വിൽപനയും നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. പരമ്പരാഗത മത്സ്യബന്ധന സമുദായമായ ധീവര സമുദായത്തിൽ ഉൾപ്പെട്ട സജിതയെ സംബന്ധിച്ച് കായലും കടലും മീനും വലയും വള്ളവുമൊക്കെ നിത്യജീവിതത്തിൻ്റെ ഭാഗമാണ്.

2005 ജൂൺ 30ന് ആണ് വടക്കേക്കരയിലെ 18-ാം വാർഡായ കുഞ്ഞിത്തൈയിലെ ഭർതൃവീട്ടിൽ നിന്ന് ഉണക്കമീൻ നിർമ്മാണവും വിൽപനയും സജിത തുടങ്ങുന്നത്. “അന്നൊക്കെ ചെമ്മീനാണ് അധികവും ചെയ്തിരുന്നത്. മസാല ചേർത്തും അല്ലാതെയും പാക്കറ്റിലാക്കി വിൽക്കുമായിരുന്നു. ചെമ്മീനാകുമ്പോൾ ചട്ടിയിൽ വറുത്തെടുക്കാം. വലിയ നഷ്ടമുണ്ടാകില്ല. മറ്റ് മീനുകൾക്ക് നല്ല വെയിൽ വേണം. വീണ്ടും കുറേനാൾ കഴിഞ്ഞാണ് മാന്തളൊക്കെ ഉണക്കാൻ തുടങ്ങിയത്.” സജിത വിവരിച്ചു.

എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും കോവിഡും കാരണം തൻ്റെ ബിസിനസ് നഷ്ടം വന്ന് തുടങ്ങിയപ്പോഴാണ് സജിതയും അയൽവാസികളായ മിനിയും ഷീനയും ഒരു സ്വയം സഹകരണ സംഘമായി മാറാൻ തയാറായത്.

ഡ്രൈയറിൽ മീൻ ഉണക്കുന്നതിനായി വയ്ക്കുന്നു.

മട്ടുപ്പാവിൽ തീർത്ത വ്യവസായ സംരംഭം

ഇന്ന് സജിതയുടെ ഇരുമുറി വീട്ടിലെ ഗോവണി പടിയിൽ വലിയ പ്ലാസ്റ്റിക് ബക്കറ്റുകളിൽ നിറയെ കമ്പോളത്തിൽ എത്തിക്കാനുള്ള ഉണക്കിയ മീനുകൾ നിറച്ചുവെച്ചിരിക്കുകയാണ്. മട്ടുപ്പാവിൻ്റെ വാതിലിനോട് ചേർന്ന് 100 ചതുരശ്ര അടി മാത്രമുള്ള ഇടത്തിൽ നിന്നാണ് സീബീസിലെ മറ്റൊരു അംഗമായ നാൽപ്പത്തൊന്ന് വയസുകാരി ഷീന മീനുകളുടെ തൂക്കവും എണ്ണവുമനുസരിച്ച് പാക്ക് ചെയ്യുന്നത്. ഓരോ മീനിനും അനുയോജ്യമായ പ്ലാസ്റ്റിക് കവറുകളിൽ മീൻ നിറച്ച് സീൽ ചെയ്ത് പാക്ക് ചെയ്യുകയാണ് ഷീനയുടെ ചുമതല.

വീടിന് പുറക് വശത്ത് സ്ഥാപിച്ചിരിക്കുന്ന ഡ്രൈയറിൽ നിന്ന് ഉണങ്ങിയ മീനുകൾ പാക്കിങ് ചെയ്യുന്നിടത്തേക്ക് എത്തിക്കേണ്ടത് സജിതയുടെ ജോലിയാണ്. ഉണക്കാനായി വാങ്ങി ശീതീകരണയന്ത്രത്തിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന മീനുകൾ ആവശ്യാനുസരണം കഴുകി വൃത്തിയാക്കി ഉപ്പുതേച്ച് ഡ്രൈയറിനുള്ളിലാക്കുന്ന തിരക്കിലാണ് എഴുപത്തിയൊന്ന് വയസുകാരി സാവിത്രിയമ്മയും നാൽപ്പത്തേഴ് വയസുകാരി മിനിയും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം കഴിഞ്ഞിട്ടും മഴ തുടരുന്നുണ്ടെങ്കിലും സീബീസിലെ സ്ത്രീകൾ കർമ്മനിരതരാണ്.

നീണ്ടകാലം സംഭരണ കാലാവധിയുള്ള ഉണക്കമീനുകൾ പ്രാദേശിക കമ്പോളത്തിലേക്കും, കടൽമത്സ്യം സുലഭമായി ലഭിക്കാത്ത ഹൈറേഞ്ചുകളിലേക്കും, വിദേശരാജ്യങ്ങളിലേക്കും എത്തിക്കുന്ന ഒരു മൂല്യവർദ്ധിത ഉൽപ്പന്നമാണ്. മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുന്ന ജൂൺ-ജൂലൈ മാസങ്ങളിലാണ് ഉണക്കമീനിന് ആവശ്യക്കാർ ഏറുന്നത്. അതുകൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് വളരെയേറെ പ്രാധാന്യം ഉണക്കമീൻ നിർമാണത്തിലുണ്ട്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ കേരളതീരത്തെത്തുന്നതിന് മുമ്പ് തന്നെ കമ്പോളങ്ങളിലെത്തിക്കാനുള്ള ഉണക്കമീനുകൾ തയ്യാറായിരിക്കണം.

ഉണങ്ങിയ മീൻ പാക്കയ്റ്റുകളിലാക്കുന്ന പ്രക്രിയ.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നിരത്തിലും ബീച്ചിലുമൊക്കെ ഇട്ട് ഉണക്കി വിറ്റിരുന്ന ഉണക്കമീനുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ശുചിത്വമില്ലാതെയാണ് അവ നിർമ്മിക്കുന്നതെന്നുമൊക്കെയുള്ള പ്രചരണങ്ങൾ ഉണക്കമീനിൻ്റെ വിപണിയെ ബാധിക്കുന്ന കാലത്ത് തന്നെയാണ് കാലാവസ്ഥാ വ്യതിയാനം തീരങ്ങൾക്ക് തിരിച്ചടിയായി മാറിയത്.

നിരന്തരമായുണ്ടാകുന്ന തീരശോഷണം/കരനഷ്ടം, ഉണക്കമീൻ നിർമ്മാണത്തെ അവരവരുടെ സൗകര്യങ്ങൾക്കനുസരിച്ച് വീട്ടുമുറ്റങ്ങളിലേക്ക് പറിച്ചുനടുന്നതിന് കാരണമായി. ജനസാന്ദ്രതയ്ക്കൊപ്പമുയർന്ന വീടുകളും കെട്ടിടങ്ങളും വിശാലമായ മുറ്റങ്ങളെ ചുരുക്കുകയും വീട് മതിൽക്കെട്ടിനുള്ളിലാകുകയും ചെയ്തപ്പോൾ സജിതയെ പോലുള്ള സ്ത്രീകൾ അവരുടെ നിർമാണ വേലകൾ വീടിൻ്റെ മട്ടുപ്പാവിലേക്ക് മാറ്റി.

സാങ്കേതികവിദ്യ കൊണ്ട് കാലാവസ്ഥയെ മറികടക്കുമ്പോൾ

2017 നവംബർ മാസം കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന് ശേഷം കടലിൻ്റെയും കാറ്റിൻ്റെയും സ്വഭാവം പ്രവചനാതീതമായി എന്നത് കേരളത്തിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ പൊതു അഭിപ്രായമാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന ന്യൂനമർദ്ദങ്ങളും കടൽക്ഷോഭങ്ങളും മത്സ്യത്തൊഴിലാളികൾക്ക് കടൽപ്പണിക്ക് പോകാൻ കഴിയുന്ന ദിവസങ്ങളിലുണ്ടാക്കിയ ഇടിവ് പല മത്സ്യബന്ധന ഗ്രാമങ്ങളെയും കടക്കെണിയിലാക്കുകയും മറ്റ് ജോലികൾ അന്വേഷിക്കാൻ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്തു.

കൊച്ചിയിലെ തീരദേശ ഗ്രാമങ്ങളിലെ ചെറുകിട സംരംഭങ്ങളിലൂടെ ഉപജീവനം കണ്ടെത്തിയിരുന്ന സ്ത്രീകളെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. പ്രാദേശികമായി മത്സ്യസംസ്കരണം, വിൽപന എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന സ്ത്രീകൾ മറ്റ് തൊഴിലുകൾ—പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ ഫ്ലാറ്റുകളിലെയും വീടുകളിലെയും വീട്ടുജോലികൾ—ചെയ്യാൻ നിർബന്ധിതരായി.

2018 ആഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയം കൊച്ചിയിലെ തീരപ്രദേശത്തെ വീണ്ടും ദുരിതത്തിൽ മുക്കി. കരകവിഞ്ഞൊഴുകിയ പെരിയാറും, ചാലക്കുടിപ്പുഴയും തീരജീവിതത്തെ ഒന്നാകെ വലച്ചു. “അന്ന് ഇവിടങ്ങളിലെ എല്ലാ വീട്ടിലും വെള്ളം കയറി. രാഷ്ട്രീയ പ്രവർത്തകനായിരുന്ന എൻ്റെ ഭർത്താവ് രക്ഷാപ്രവർത്തനത്തിനും മറ്റുമായി തിരക്കായിരുന്നു. ഞാൻ ഒറ്റയ്ക്കാണ് ഈ വീട് മുഴുവൻ വൃത്തിയാക്കി എടുത്തത്.” സജിത ഓർത്തു.

2018ലെ പ്രളയക്കെടുതിയിൽ നിന്ന് കരകയറി കച്ചവടം മെച്ചപ്പെടുമ്പോഴാണ് കോവിഡ് 19 മഹാമാരി എത്തുന്നത്. ബാക്കി എല്ലാ തൊഴിൽ മേഖലകളെയും പോലെ മത്സ്യബന്ധനമേഖലയും തകർച്ചയിലായി. “കോവിഡ് കൂടി കഴിഞ്ഞപ്പോൾ ഇവിടുത്തെ കുടുംബങ്ങളിൽ കാശിൻ്റെ ബുദ്ധിമുട്ട് രൂക്ഷമായി. അങ്ങനെയാണ് കൊറോണയ്ക്ക് ശേഷം ഞാനും സാവിത്രി അമ്മയും മിനിയും ഷീനയും ചേർന്ന് ഉണക്കമീൻ വിൽപന വീണ്ടും തുടങ്ങാൻ തീരുമാനിക്കുന്നത്.” സജിത പറഞ്ഞു.

പക്ഷേ, കാലംതെറ്റി പെയ്യുന്ന മഴ അവരുടെ ജോലിയെ നിരന്തരം തടസപ്പെടുത്തിക്കൊണ്ടിരുന്നു. ഉപ്പുതേച്ചിടുന്ന മീനിൽ ഈർപ്പത്തിൻ്റെ അംശം നിലനിന്നാൽ പിന്നെ മീൻ വളരെ വേഗം കേടായി പോകും. അതുണ്ടാക്കുന്ന നഷ്ടം എങ്ങനെ ഒഴിവാക്കാമെന്ന അന്വേഷണത്തിന്റെ ഭാ​ഗമായാണ് സൗരോർജത്തിൽ പ്രവർത്തിക്കാവുന്ന ഡ്രൈയറുകളിലേക്ക് ഇവർ എത്തുന്നത്.

എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതി’യിലൂടെ തീരദേശ നിവാസികളായ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയം എറണാകുളത്തെ പത്ത് തീരദേശ ഗ്രാമങ്ങളിലെ സ്ത്രീ കൂട്ടായ്മകളെ കണ്ടെത്തുന്നത്. നിലവിൽ എളങ്കുന്നപ്പുഴ, നായരമ്പലം, എടവനക്കാട്, കുഴിപ്പിള്ളി, ഞാറക്കൽ, പള്ളിപ്പുറം, മൂത്തകുന്നം, വടക്കേക്കര, ചേന്ദമംഗലം, വരാപ്പുഴ എന്നിവടങ്ങളിൽ നിന്ന് സ്ത്രീ കൂട്ടായ്മകളെ കണ്ടെത്തുകയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സഹായത്തോടെ പരിശീലനം നൽകുകയും ചെയ്തു. ഡ്രൈയർ വന്നതിന് ശേഷം ഞങ്ങൾക്ക് മഴയായാലും, വേലിയേറ്റമായാലും ഇവ‍ർക്ക് പണി നിർത്തേണ്ടി വന്നിട്ടില്ല. മത്സ്യ സംസ്കരണ യൂണിറ്റിന് വേണ്ട ശീതീകരണ യന്ത്രം, ഡ്രൈയർ, സോളാർ പാനൽ, വെയിംഗ് മെഷീൻ തുടങ്ങിയ സാമഗ്രികൾ ഇവർക്ക് നൽകി.

ഉണക്കമീൻ പാക്കറ്റുകൾ തയ്യാറാക്കുന്ന ഷീന

സൗരോർജ പാനൽ, ഡ്രൈയർ, ശീതീകരണ യന്ത്രം തുടങ്ങി പലവിധ സാങ്കേതികവിദ്യകളുടെ സഹായം എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമങ്ങളിലെ ചെറുകിട വ്യവസായങ്ങളെ മത്സ്യവ്യാപാര ശൃംഖലയിലെ വലിയ സാമ്പത്തിക ശക്തിയായി മാറ്റിയിരിക്കുകയാണ് ഇന്ന്.

സീബീസ് അങ്ങനെ വിജയം കണ്ട സംരംഭമാണ്. “2013ലെ മൺസൂൺ കാലത്ത് വെറും നാൽപ്പത് കിലോ മീനായിരുന്നു ഉണക്കമീൻ നിർമ്മാണത്തിനായി എടുത്തിരുന്നത്. പക്ഷേ, ഇക്കഴിഞ്ഞ മൺസൂണിൽ മാസം നൂറ് കിലോയുടെ മീൻ ഞങ്ങൾ എടുക്കുകയും മാർക്കറ്റിൽ എത്തിക്കുകയും ചെയ്തു.” അഭിമാനത്തോടെ സജിത പറഞ്ഞു. ഉൽപാദനം, വിതരണം എന്നിവയ്ക്ക് പുറമേ വാട്സ്ആപിലൂടെയും മറ്റും പുതിയ വിപണികൾ അവർ കണ്ടെത്തുന്നുണ്ട്. “ഇപ്പോൾ മാസം കുറഞ്ഞത് 50,000 രൂപയുടെ ലാഭം ഞങ്ങൾക്ക് ഉണ്ടാകുന്നുണ്ട്.” വീടിന് മുകളിൽ ചെറിയ മുറികൾ പോലെ പണിത് മീനച്ചാർ ഉത്പാദന യൂണിറ്റ് കൂടെ തുടങ്ങുക എന്നതാണ് സീബീസിലെ സ്ത്രീകളുടെ അടുത്ത ലക്ഷ്യം.

Also Read

5 minutes read September 11, 2025 1:38 pm