“അന്നെന്റെ മകൾക്ക് മഹാരാജാസ് ഗ്രൗണ്ടിൽ മത്സരമുണ്ടായിരുന്നു. രക്ഷിതാവും വരണമെന്ന് സ്കൂളുകാർ ആവശ്യപ്പെട്ടതുകൊണ്ട് ഫ്ലാറ്റിലെ ജോലി കഴിഞ്ഞ് ഞാൻ അങ്ങോട്ട് പോയി. അവിടുന്ന് ഞങ്ങൾ ഒരുമിച്ചാണ് തിരിച്ച് വന്നത്. ആറേ കാലിന് പുതുവൈപ്പ് ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയപ്പോൾ തന്നെ എന്തോ സ്മെൽ തോന്നിയിരുന്നു.” പുതുവൈപ്പ് എൽ.പി.ജി പ്ലാന്റിൽ നിന്നും വിഷവാതക ചോർച്ചയുണ്ടായ ദിവസം ഓർമ്മിച്ചുകൊണ്ട് ടിന്റു വർഗീസ് പറഞ്ഞു. “അന്ന് വൈകുന്നേരം പുതുവൈപ്പിൽ തന്നെ ഒരു ബർത്ഡേ ഫങ്ഷനുണ്ടായിരുന്നതുകൊണ്ട് ഞാൻ നേരെ അങ്ങോട്ട് പോയി. മകളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഫങ്ഷന് അലങ്കരിച്ചുകൊണ്ട് നിൽക്കുമ്പോൾ ഗ്യാസ് തുറന്ന് വിട്ടത് പോലെ വീണ്ടും മണം അനുഭവപ്പെട്ടു. തൊട്ടടുത്ത വീട്ടിൽ ഗ്യാസ് തുറന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ അവിടുത്തെ ചേച്ചിയും കുറെ നേരമായി ഗ്യാസിന്റെ മണമുണ്ടെന്ന് പരാതിപ്പെട്ടു. ഇരുപത് മിനിട്ട് കഴിഞ്ഞിട്ടുണ്ടാകും, ഞാൻ ചുമയ്ക്കാൻ തുടങ്ങി, ശ്വാസം മുട്ടുംപോലെ വന്നു. അപ്പോഴേക്കും ഛർദ്ദി തുടങ്ങി, അവശതയായി…”
2023 ഒക്ടോബർ നാലാം തീയതി വൈകുന്നേരത്തോടെയാണ് കൊച്ചിയിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിലുള്ള എൽ.പി.ജി പ്ലാന്റിൽ നിന്നും എഥൈൽ മെർകാപ്റ്റൻ എന്ന വിഷവാതകം ചോർന്നത്. തുടർന്ന് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഏഴോളം പേരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തു. അതിൽ ടിന്റു വർഗീസിൻറെ സ്ഥിതി അതീവഗുരുതരമായിരുന്നു.
2008ലാണ് കേരളത്തിലെ ആദ്യ പാചകവാതക (എൽ.പി.ജി) ഇറക്കുമതി ടെർമിനലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി തുറമുഖ ട്രസ്റ്റ് പുതുവൈപ്പ് ലൈറ്റ് ഹൗസിനടുത്ത് 15 ഹെക്ടർ ഭൂമി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് (ഐ.ഒ.സി) കൈമാറിയത്. 2009 മുതൽ പ്രദേശത്തെ ജനങ്ങൾ എൽ.പി.ജി ടെർമിനൽ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ സമരം തുടങ്ങി. പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയെന്ന പേരിൽ നിയമപോരാട്ടങ്ങളും പ്രക്ഷോഭസമരങ്ങളും നടത്തി. 2010 ൽ പുതുവൈപ്പ് പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്നും പാരിസ്ഥിതികാനുമതി ലഭിച്ചു. ഗ്രീൻ ടിബ്യൂണലും പദ്ധതിക്ക് അനുമതി നൽകി. എന്നാൽ തുടർച്ചയായുണ്ടായ ജനകീയ പ്രക്ഷോഭങ്ങൾ കാണം പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോയി. എന്നാൽ തദ്ദേശീയരുടെ എതിർപ്പുകളെയെല്ലാം മറികടന്നുകൊണ്ട് സർക്കാർ നിർമ്മാണം പൂർത്തീകരിക്കുകയും പ്ലാന്റ് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
കപ്പലുകളിൽ (എൽ.പി.ജി കാരിയർ) ടെർമിനൽ ജെട്ടിയിൽ എത്തുന്ന എൽ.പി.ജിയുടെ ഘടകങ്ങളായ പ്രൊപെയ്നും ബ്യുട്ടെയ്നും സ്വീകരിച്ച് ടെർമിനലിലെ വ്യത്യസ്ത ടാങ്കുകളിലാണ് സംരഭിക്കുന്നത്. രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ച് ഇത് പ്ലാന്റിൽ വെച്ച് കൂട്ടിക്കലർത്തും. എൽ.പി.ജിക്ക് നിറമോ മണമോ ഇല്ലാത്തതിനാൽ സൾഫർ കലർന്ന ഈഥൈൽ മെർകാപ്റ്റൻ എന്ന രാസവസ്തു എൽ.പി.ജിയിൽ ചേർക്കും. ചോർച്ച ഉണ്ടായാൽ എളുപ്പത്തിൽ തിരിച്ചറിയാൻ ഈ രൂക്ഷഗന്ധം സഹായിക്കും. എന്നാൽ ഈഥൈൽ മെർകാപ്റ്റനുമായി മനുഷ്യർക്ക് സമ്പർക്കമുണ്ടാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ശ്വാസകോശത്തിന് അസ്വസ്ഥതകൾ, ചുമ, ഛർദ്ദി, തലവേദന, ശാരീരിക അസ്വാസ്ഥ്യം, തലകറക്കം, ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകുന്നതിന് ഇത് കാരണമാകും. ഇതടക്കമുള്ള സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതുവൈപ്പിലെ ജനങ്ങൾ പ്ലാന്റിനെതിരെ സമരം നടത്തിയത്. എന്നാൽ സംസ്ഥാനത്തെ പാചകവാതക വിതരണം സുഗമമവും സുരക്ഷിതവുമാക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് സർക്കാർ ആരംഭിച്ച പ്ലാന്റ് പരിസരവാസികളുടെ ഉറക്കം കെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു. ജില്ലയിലെ അഗ്നിശമനസേന, സുരക്ഷാ സംവിധാനങ്ങൾ എൽ.പി.ജി മുഖാന്തിരമുണ്ടാകുന്ന അപകടങ്ങളെ നേരിടാൻ പരിമിതമാണെന്ന് സമരക്കാർ ഉന്നയിച്ചിരുന്ന ആരോപണത്തെ ശരിവെക്കുകയാണ് ഒക്ടോബർ നാലാം തീയതി ഉണ്ടായ വിഷവാതക ചോർച്ച.
ശ്വാസം കിട്ടാതെ പിടയുന്നവർക്കൊരു മോക്ഡ്രിൽ!
കലൂരിലെ എൽ.ഐ.സി ഓഫീസിൽ ജോലി ചെയ്യുന്ന സെബീന പെരേരയും വൈകുന്നേരം പുതുവൈപ്പ് ബസ് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോളാണ് ഇങ്ങനെയൊരു അപകടം നടന്ന വിവരം അറിയുന്നത്. ഉടൻ തന്നെ സെബീന തൊട്ടടുത്തുള്ള ഫയർഫോഴ്സ് സ്റ്റേഷനിലേക്കും ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്കും വിളിച്ച് വിവരം അറിയിച്ചു. അഞ്ച് മിനിട്ട് കൊണ്ട് മാലിപ്പുറം ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ വന്നുവെങ്കിലും ഞാറയ്ക്കൽ പൊലീസ് സംഭവം അവരുടെ അതിർത്തിയല്ല എന്ന് പറഞ്ഞ് ഒഴിവാകുകയാണ് ചെയ്തത്. തുടർന്ന് മുളവ്കാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിച്ചു. “അന്ന് ഡിസാസ്റ്റർ മാനേജ്മെന്റിലും കളക്ടറുടെ ക്യാമ്പ് ഓഫീസിലും വിളിച്ച് അറിയിച്ചിരുന്നു. പക്ഷേ കളക്ടർ ഇതുവരേം വന്നിട്ടില്ല. എം.എൽ.എയും വന്നിട്ടില്ല.” സെബീന പെരേര പരാതിപ്പെട്ടു. “രാത്രി 12 മണി വരെ പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ കാത്ത് നിന്നു. പിറ്റേ ദിവസം സേഫ്റ്റി ഓഫീസേഴ്സ് വരുമെന്ന് പറഞ്ഞാണ് ഞങ്ങളെ പറഞ്ഞുവിട്ടത്.”
എന്നാൽ, എം.എൽ.എ കൂടി പങ്കെടുക്കുന്നതുകൊണ്ട് കളക്ട്രേറ്റിൽ മീറ്റിങ് വച്ചിരിക്കുകയാണെന്ന വിവരമാണ് അടുത്ത ദിവസം അറിയിച്ചത്. റവന്യൂ-വില്ലേജ് ഉദ്യോഗസ്ഥരും വാർഡ് മെമ്പർമാരും ഒക്കെ അടങ്ങുന്ന ഒരു കമ്മിറ്റി അപ്പോഴേക്കും രൂപീകരിച്ചിരുന്നു. തങ്ങളുടെ അതിർത്തിയല്ല എന്ന് പറഞ്ഞൊഴിഞ്ഞ ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാരാണ് മീറ്റിംഗിന് എത്തിയിരുന്നത്. പൊലീസ് കൃത്യമായിട്ട് അവരുടെ ജോലി ചെയ്തിട്ടുണ്ടെന്നും, അവരെ വിളിച്ച മീറ്റിംഗ് അറ്റൻഡ് ചെയ്തിട്ടുണ്ടെന്നുമാണ് ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ യേശുദാസ് കേരളീയത്തോട് പ്രതികരിച്ചത്. വിഷവാതകചോർച്ച പോലൊരു ദുരന്തമുണ്ടാകുമ്പോൾ കളക്ട്രേറ്റിൽ വിളിച്ചുചേർത്ത മീറ്റിംഗിൽ കൃതായി പങ്കെടുക്കുക എന്നതിലേക്ക് ജനത്തിന്റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ടവരുടെ കടമ ചുരുങ്ങിപ്പോയോ എന്ന് പുതുവൈപ്പിനിലെ ജനങ്ങൾ ചോദിക്കുന്നു. വിഷവാതക ചേർച്ചയുണ്ടായതിൽ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, എം.എൽ.എയും കളക്ടറും ഇടപെട്ടതുകൊണ്ട് എഫ്.ഐ.ആർ ഇട്ടില്ലെന്നാണ് മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കേരളീയത്തോട് പ്രതികരിച്ചത്.
“കളക്ട്രേറ്റിലെ യോഗം കഴിയാറായപ്പോഴാണ് എം.എൽ.എ വന്നത്. വന്ന ഉടൻ അദ്ദേഹം പ്രസംഗിച്ചത് ഈ പദ്ധതി ഇന്ത്യയുടെ അഭിമാന പദ്ധതിയാണ്, വികസന കൊയ്ത്താണ് എന്നാണ്. എന്തൊക്കെ വികസനമാണെങ്കിലും ഇതിന്റെ ചോട്ടിൽ കിടക്കുന്നവർക്ക് ദൂഷ്യമല്ലേയുള്ളൂ ?” സെബീന ചോദിക്കുന്നു.
വിഷവാതകം ശ്വസിച്ച് അതീവ ഗുരുതരനിലയിലായ ടിന്റു വർഗീസിന് മുമ്പ് ശ്വാസംമുട്ടൽ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ഐ.ഒ.സി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖബാധിതരും കാൻസർ രോഗികളും ഏറെയുള്ള നാടാണ് പുതുവൈപ്പ്. അതിനൊപ്പം ഇങ്ങനൊരു ബുദ്ധിമുട്ട് കൂടി വന്നാൽ എന്തുചെയ്യും എന്നതാണ് സെബീന പെരേരയുടെ ന്യായമായ ചോദ്യം. “ഐ.ഒ.സിക്കാർ പറയുന്നത് ഇത് സ്മെല്ലിങ് ഏജന്റാണ്, മൂന്ന് മാസം കൂടുമ്പോഴേ മിക്സിങ് ഉണ്ടാവുകയുള്ളൂ എന്നാണ്. സേഫ്റ്റി ഓഫീസറെ ഒരു മുറിയിൽ പൂട്ടിയിട്ട്, ഇതൊരു മണിക്കൂർ ശ്വസിപ്പിച്ച്, അയാൾ റിക്കവർ ചെയ്യുകയാണെങ്കിൽ ഞങ്ങൾ സമ്മതിക്കാമെന്നാണ് ഞാൻ മീറ്റിംഗിൽ പറഞ്ഞത്.” സെബീന വിവരിച്ചു.
“ഗ്യാസ് ലീക്കിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ഞാറയ്ക്കൽ പൊലീസ് പറഞ്ഞത്, ഇനി അങ്ങനെ ഒരു സംഭവമുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് മോക്ഡ്രിൽ നടത്തി കാണിക്കാമെന്നാണ്. പ്രോജക്ട് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ലീക്ക് ഉണ്ടാകുമ്പോൾ മണ്ണ് വാരി എറിഞ്ഞ്, കാറ്റിന്റെ എതിർദിശ നോക്കി ഓടാൻ. നമുക്ക് കാറ്റ് എപ്പോഴും കിഴക്കോട്ടാണ്. അപ്പോൾ പടിഞ്ഞാറോട്ട് ഓടിയാൽ കടലിലോട്ടാണ് ഓടേണ്ടത്. അതിലും ഭേദം ഞങ്ങളെ പെട്രോൾ ഒഴിച്ച് കൊല്ലുന്നതാണ്.” സെബീന പെരേര അമർഷത്തോടെ പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ വിദഗ്ധ സമിതിയെ വച്ച് ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് നൽകിയിട്ട് മാത്രമേ ഇനി മെർകാപ്റ്റൻ ചേർക്കാവൂവെന്നാണ് കളക്ടറിന്റെ ഉത്തരവ്.
ചികിത്സ കിട്ടാനുള്ള നെട്ടോട്ടം
പുതുവൈപ്പ് എൽ.പി.ജി പ്ലാന്റിൽ നിന്നുണ്ടായ വിഷവാതക ചോർച്ചയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായവർക്ക് വേണ്ട ചികിത്സാ സൗകര്യങ്ങൾ ലഭിച്ചിരുന്നില്ല എന്നും പരാതിയുന്നുണ്ട്. പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട്, പ്രകാരം ഇത്തരം വാതകചോർച്ചയുണ്ടായാൽ ഞാറയ്ക്കൽ, മാലിപ്പുറം കൊച്ചിൻ പോർട്ട് ആശുപത്രികളിൽ ചികിത്സ ലഭ്യാമാകുമെന്നാണ് എഴുതിയിട്ടുള്ളത്. എന്നാൽ പുതുവൈപ്പിന് തൊട്ടടുത്തുള്ള ഈ മൂന്ന് ആശുപത്രികളിലും രാത്രികാലങ്ങളിൽ ഡോക്ടർമാരോ, മറ്റ് സൗകര്യങ്ങളോ ഇല്ല. അതുകൊണ്ടുതന്നെ വിഷവാതക ചോർച്ചയിൽ ശ്വാസംമുട്ടൽ പോലെ അനുഭവപ്പെട്ടവരെ എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്. അവർക്ക് ഓക്സിജൻ ലഭ്യമാക്കാൻ മാത്രമേ അന്ന് കഴിഞ്ഞിരുന്നുള്ളൂ. ഇതിനിടയിൽ, ഐ.ഒ.സിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പ്രശ്നബാധിതർക്ക് ചികിൽസ സഹായം നൽകാനായെത്തിയിരുന്നു. വാതകചോർച്ച പ്ലാന്റിൽ ഉണ്ടായിട്ടില്ല എന്ന് വാദിക്കുന്നവർ എന്തിനാണ് പ്രശ്നബാധിതർക്ക് ചികിത്സാ സഹായവുമായി എത്തിയതെന്ന സംശയവും തദ്ദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
“ഹോസ്പിറ്റലിലേക്ക് പോകാൻ ഓട്ടോയിൽ കയറാൻ നിന്നപ്പോഴാണ് ആംബുലൻസ് എത്തിയ വിവരം അറിഞ്ഞത്. ആംബുലൻസിൽ കയറ്റി ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. മൂന്ന് ഇഞ്ചക്ഷൻ എടുത്തു. കുറെ ആളുകൾ ഉള്ളതുകൊണ്ട് വേണ്ട കെയർ കിട്ടിയില്ല. അപ്പോഴേക്കും പുതുവൈപ്പിൽ നിന്നുള്ള അഞ്ചാറ് പേരെ അവിടെ ട്രീറ്റ്മെൻറിന് കൊണ്ടുവന്നിരുന്നു.” ടിന്റു വർഗീസ് വിവരിച്ചു. “എന്നിട്ടും സ്ഥിതി വഷളായപ്പോൾ പുതുവൈപ്പിൽ തന്നെയുള്ള ക്രിസ്തു ജയന്ത് ഹോസ്പിറ്റലിൽ വന്നു. അവർ വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോകാനാണ് പറഞ്ഞത്. അങ്ങനെയാണ് മെഡിക്കൽ ട്രസ്റ്റിലേക്ക് പോയതും അവിടെ അഡ്മിറ്റായതും. പിറ്റേ ദിവസം വെളുപ്പിന് നാലരയ്ക്ക് ഐ.ഒ.സിയിൽ നിന്ന് ഒരാൾ വന്ന് അഡ്മിറ്റാകണമെന്ന് പറഞ്ഞോ എന്ന് ഡോക്ടറിനോട് ചോദിച്ചു. ഐ.ഒ.സിയുടെ ആളാണെന്നാണ് അയാൾ പരിചയപ്പെടുത്തിയത്. ഡിസ്ചാർജ് വാങ്ങി പോകാണമെന്ന് പറഞ്ഞ് നിർബന്ധിച്ചു. അപ്പോഴാണ് എന്റെ മകളെ ജനറൽ ഹോസ്പിറ്റലിൽ കൊണ്ടുപോയെന്നും അവിടെ അവൾക്ക് കിടക്കയൊന്നും കിട്ടിയില്ലെന്നുമുള്ള വിവരം ഞാൻ അറിയുന്നത്. അതുപറഞ്ഞ് ഐ.ഒ.സിയുടെ ആൾ എന്നെ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിപ്പിച്ചു. ഡോക്ടർ ഡിസ്ചാർജ് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം പോകുകയാണെന്ന് പറഞ്ഞ് മെഡിക്കൽ ട്രസ്റ്റുകാർ എഴുതി വാങ്ങി, ഡിസ്ചാർജ് തന്നു. ഡിസ്ചാർജ് സമ്മറി തരില്ലെന്നും അടുത്ത് കാണിക്കുന്ന ഹോസ്പിറ്റലിൽ മരുന്നിന്റെ ബില്ല് കാണിച്ചാൽ മതിയെന്നും അവർ പറഞ്ഞു. വാശിപിടിച്ചാണ് അവിടെ നിന്ന് ഡിസ്ചാർജ് സമ്മറി വാങ്ങിയത്. അപ്പോഴും ബ്ലഡ് ടെസ്റ്റിന്റെ റിസൾട്ട് അവർ നൽകിയില്ല.” ടിൻറു വർഗീസ് പറഞ്ഞു.
മെഡിക്കൽ ട്രസ്റ്റിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ ടിന്റു വർഗീസിന്റെ സ്ഥിതി വീണ്ടും വഷളായി. എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞുപോയ, ഐ.ഒ.സിയിൽ നിന്നുള്ള സിറാജ് എന്നയാൾ പിന്നെ വന്നില്ല. തുടർന്ന് പുതുവൈപ്പിലുള്ള ക്രിസ്തു ജയന്ത് ഹോസ്പിറ്റലിൽ ടിന്റു വർഗീസ് വീണ്ടും അഡ്മിറ്റായി. “അഡ്മിറ്റായി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വിഷവാതകം ശ്വസിച്ചാണ് അഡ്മിറ്റായതെന്ന് ആശുപത്രി അധികൃതർ അറിയുന്നത്. അതുവരെ ഭക്ഷ്യവിഷബാധ എന്ന് കരുതി അവർ ചികിത്സിക്കുകയായിരുന്നു. അടുത്ത വീട്ടിലെ ചേച്ചി സ്വർണം പണയം വെച്ചാണ് അവിടുത്തെ ബില്ല് അടച്ചോണ്ടിരുന്നത്. രണ്ട് ദിവസം കഴിഞ്ഞ് സിറാജ് 1500 രൂപ കൊണ്ടുതന്നു. പിന്നെ മിഥുൻ എന്നൊരാൾ വന്ന് 18,000 രൂപയോളം ഹോസ്പിറ്റൽ ബിൽ അടച്ചു. അപ്പോഴേക്കും അഡ്മിറ്റായി ഒരാഴ്ചയോളമായിരുന്നു.” ടിന്റു ഓർമ്മിച്ചു.
ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതുകൊണ്ട് പിറ്റേ ദിവസം മെഡിക്കൽ ട്രസ്റ്റിൽ പോകാമെന്ന് ഐ.ഒ.സിയിൽ നിന്ന് വന്ന ബൈസ്റ്റാൻഡർ വാക്ക് കൊടുത്തിരുന്നു. എന്നാൽ നിങ്ങളുടെ കേസ് കളക്ടറിന്റെ മേശപ്പുറത്താണെന്നും ഇനി ഞങ്ങൾ നിങ്ങളുടെ ചികിത്സാ ചിലവ് നോക്കില്ലെന്നും പറഞ്ഞ് അവർ കൈയൊഴിഞ്ഞു. “മെഡിക്കൽ ട്രസ്റ്റിൽ കൊണ്ടുപോകാനുള്ള കാശില്ലായിരുന്നതുകൊണ്ട് മൂന്ന് ദിവസം വീണ്ടും വീട്ടിൽ തന്നെ കിടപ്പായിരുന്നു. ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളുണ്ട്.” ടിന്റു വർഗീസ് പറഞ്ഞു.
(ഐ.ഒ.സിയിൽ നിന്ന് ബൈസ്റ്റാൻഡറായി എത്തിയ സിറാജ് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിരുന്നില്ല.)
ഇതിനിടയിൽ ടിന്റു വർഗീസിന് ഒരു അജ്ഞാത ഫോൺ വന്നതായി അവർ പറയുന്നു. ‘ആംബുലൻസിലേക്ക് അവശതയായി കയറിയ നീ ഇട്ടിരുന്ന ഡ്രസ് വില കൂടിയതല്ലേ, അതിടാനുള്ള ആവതുണ്ടായിരുന്നോ’ എന്നാണ് വിളിച്ചയാൾ ടിൻറു വർഗീസിനോട് ചോദിച്ചത്. ‘ഐ.ഒ.സി ചികിത്സാ ചിലവ് വഹിച്ചിട്ടും പൊലീസ് കേസ് കൊടുത്തുവല്ലേ’ എന്നും വിളിച്ചയാൾ ചോദിച്ചിരുന്നതായി ടിന്റു വർഗീസ് പരാതിപ്പെട്ടു.
രണ്ട് ഫ്ളാറ്റുകളിൽ ജോലിക്ക് പോയാണ് ടിന്റു വർഗീസ് കുടുംബം പുലർത്തിയിരുന്നത്. പക്ഷേ, ഈ സംഭവത്തോടെ അവർക്ക് ജോലി നഷ്ടപ്പെട്ടു. സംഭവം നടന്ന് ഇരുപത് ദിവസം പിന്നിട്ടിട്ടും ആരോഗ്യം മെച്ചപ്പെടാതായതോടെ ഇനി എങ്ങനെ ജോലിക്ക് പോകും എന്ന ആശങ്കയിലാണ് ടിന്റു വർഗീസ്.
സമരം തുടരും
ഈഥൈൽ മെർകാപ്റ്റൻ പോലൊരു രാസവസ്തു കലർത്തുന്നത് ഐ.ഒ.സി പഞ്ചായത്ത് അധികൃതരെയോ, പൊലീസിനെയോ, ഫയർഫോഴ്സിനെയോ അറിയിച്ചിരുന്നില്ല. പ്ലാന്റിനുള്ളിൽ പണി ചെയ്തിരുന്ന നൂറോളം വരുന്ന തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നാണ് ഐ.ഒ.സിയുടെ വാദം. എന്നാൽ കിലോമീറ്ററുകൾ അകലെയുള്ള മുളവ്കാട് പൊലീസ് സ്റ്റേഷനിൽ ഗ്യാസ് മണം അനുഭവപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
“ഇനി ഇത് നിരന്തരം ഉണ്ടാകും. മൂന്ന് മാസം കൂടുമ്പോൾ മെർകാപ്റ്റൻ ചേർക്കുന്ന പ്രക്രിയ നടക്കുമെന്നാണ് ഐ.ഒ.സി പറയുന്നത്. ആവശ്യക്കാർ കൂടുമ്പോൾ ഇവരുടെ പ്രവർത്തനങ്ങളും കൂടും. പുതുവൈപ്പ് പോലെ ഹ്യുമിഡിറ്റി ഉള്ള പ്രദേശത്ത് ഇത് തങ്ങി നിൽക്കും. ഏകദേശം അഞ്ഞൂറോളം കുടുംബങ്ങൾ ഇതിന്റെ ചോട്ടിൽ കിടപ്പുണ്ട്. ഞങ്ങൾ എന്ത് ചെയ്യും?” സമരസമിതി അംഗം മുരളി കെ.എസ് ചോദിക്കുന്നു. “ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ജില്ലാ അധിപൻ ജില്ലാ കളക്ടറാണ്. ഇത് എപ്പോൾ വേണമെങ്കിലും ലീക്ക് ആകാം. വേണമെങ്കിൽ പകലും ലീക്കാകാം, രാത്രിയും ലീക്കാകാം. രാത്രി ലീക്കായാൽ അപകടാവസ്ഥ കൂടുതലാണ്. അങ്ങനൊരു സാഹചര്യം വന്നാൽ ഇവിടുത്തെ ജനങ്ങളെ സുരക്ഷിത മേഖലയിൽ എത്തിക്കാനുള്ള പ്ലാനും പദ്ധതിയും എന്താണ് ചെയ്ത് വെച്ചേക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയണം.” മുരളി കെ.എസ് ആവശ്യപ്പെട്ടു.
“സുനാമി ഉണ്ടായപ്പോൾ ഞങ്ങൾ അനുഭവിച്ചതാണ്. പത്ത് മീറ്റർ ഉയരത്തിൽ തിരമാലകൾ വരും, എല്ലാവരും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് പറഞ്ഞ് അനൗൺസ്മെന്റ് വന്നപ്പോൾ ഇവിടുത്തെ സകല ഇടവഴികളും ബ്ലോക്കായി. ഇങ്ങനൊരു അലർട്ട് വന്നാൽ, ഗ്യാസ് ലീക്ക് വന്നാൽ ഒരു തീപ്പെട്ടിക്കൊള്ളി പോലും ഉരയ്ക്കാൻ പാടില്ല. സ്വിച്ച് ഇടാൻ പാടില്ല. മൊബൈൽ ഓണാക്കാൻ പാടില്ല, അവരുടെ നിർദ്ദേശമാണ്. രാത്രി കാലങ്ങളിൽ ഇതുപോലൊരു സംഭവമുണ്ടായാൽ നമ്മുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കും? കമ്പനിയോട് ഞങ്ങൾ ഇത് ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇവിടുത്തെ സർക്കാരിനാണ്. ഞങ്ങൾ ഇതിനെതിരെ സമാധാനപരമായി സമരം നടത്തിയപ്പോൾ ഫോഴ്സിനെ ഉപയോഗിച്ചുകൊണ്ട് മൂന്ന് ദിവസം നിരന്തരമായ ലാത്തിച്ചാർജിലൂടെ അടിച്ചമർത്തിയതാണ്. ആയിരം ദിവസത്തോളം ഞങ്ങളിവിടെ സമരപ്പന്തൽ കെട്ടിയിരുന്നു. അതിനുശേഷം ഒരു പാതിരാത്രി നൂറ്റിനാൽപത്തിനാല് പ്രഖ്യാപിച്ചുകൊണ്ട് സമരപ്പന്തൽ മുഴുവനും നശിപ്പിച്ചു. മുക്കാൽ കിലോമീറ്ററോളം ബാരിക്കേഡുകൾ കെട്ടി. അത്രയും താൽപര്യം കാണിച്ച സർക്കാരിന് ഇവിടുത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഇരട്ടി ബാധ്യതയാണുള്ളത്.”
ഐ.ഒ.സി അധികൃതർ ഇപ്പോഴും പറയുന്നത് പ്ലാന്റിനു ഡബിൾ സേഫ്റ്റിയുണ്ടെന്നാണ്. പക്ഷേ അവരുടെ കോമ്പൗണ്ടിനുള്ളിലെ സുരക്ഷയെ പറ്റിയാണ് പറയുന്നതെന്നും പുറത്തുള്ള മനുഷ്യരുടെ ജീവന് വിലയില്ലേ എന്നും നാട്ടുകാർ ചോദിക്കുന്നു. ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഇതിനെ ചെറുക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും ഇന്നല്ലെങ്കിൽ നാളെ വീണ്ടും സമരം ഉയർന്ന് വരുമെന്നും പുതുവൈപ്പുകാർ പ്രതീക്ഷിക്കുന്നുണ്ട്.
“മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. ഇതുവരെ എഫ്.ഐ.ആർ ഇട്ടിട്ടില്ല. ഇത്രയും വലിയ വിഷവാതകം ചോർന്നിട്ട് ഇൻഫോർമേഷൻ കിട്ടിയാൽ എഫ്.ഐ.ആർ ഇടണ്ടേ? ഭരണകൂടം ഐ.ഒ.സിക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുകയാണ്. കളക്ട്രേറ്റിൽ വെച്ച് നടന്ന കമ്മിറ്റിയിൽ വൈപ്പിൻ എം.എൽ.എ കെ.എൻ ഉണ്ണികൃഷ്ണൻ ചോദിച്ചത് സമരമൊക്കെ പോയില്ലേ എന്നാണ്. സമരം പോയിട്ടൊന്നുമില്ല, സമരസമിതി പിരിച്ചു വിട്ടിട്ടുമില്ല. കാരണം, നമുക്ക് ഉത്തമ ബോധ്യമുണ്ട്, ആൾക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ അവർ എന്തിനും തയാറായി ഇറങ്ങിവരും, അന്നേരം നമുക്ക് മുന്നോട്ട് പോകാനും പറ്റും.” ജനജീവിതം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതുവരെ സമരം തുടരുമെന്ന ഉറപ്പോടെ മുരളി കെ.എസ് പറഞ്ഞു നിർത്തി.
അധികവായനക്ക്: പുതുവൈപ്പ് ദുരന്തഭൂമിയാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല