സംരക്ഷിത പ്രദേശങ്ങൾക്ക് ഭീഷണിയായി തുഷാര​ഗിരി കൈമാറ്റം

കോഴിക്കോട് നഗരത്തിൽ നിന്ന് അമ്പത് കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് ജീരകപ്പാറ എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് പിന്നീട് തുഷാരഗിരിയായത്. ഈരാറ്റുമുക്ക്, മഴവിൽ ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങൾ ഒന്നുചേരുന്ന വിസ്മയ കാഴ്ചയാണ് തുഷാര​ഗിരിയുടെ മുഖ്യ സൗന്ദര്യം. ഇരുവഴിഞ്ഞിപ്പുഴയുടെ ഉത്ഭവപ്രദേശമായ മലനിരകളോട് ചേർന്ന് കിടക്കുന്ന സ്ഥലം. കൂടാതെ, ആയിരക്കണക്കിന് സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രവും. വംശനാശ ഭീഷണി നേരിടുന്ന പ്രത്യേക ഇനം ചിത്രശലഭങ്ങളുൾപ്പെടെ അത്യപൂർവ്വ ഇനത്തിൽപെട്ട അമ്പതോളം ശലഭങ്ങളുടെ സാന്നിധ്യം. തുഷാര​ഗിരിയുടെ പ്രകൃതിഭം​ഗി വിനോദ സഞ്ചാരികളെ ഇവിടേക്ക് ഏറെ ആകർഷിക്കുന്നുണ്ട്. വന സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്നതും തദ്ദേശീയർക്ക് വരുമാനം ഉറപ്പുവരുത്തുന്നതുമായ ഇക്കോ ടൂറിസം പദ്ധതിയും തുഷാരി​ഗിരിയിൽ നന്നായി നടക്കുന്നു.

സമീപകാലത്തുണ്ടായ കോടതി ഇടപെടലുകൾ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള തുഷാരഗിരിയുടെ സംരക്ഷണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളിൽ രണ്ട് വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കണം എന്നാണ് ഹൈക്കോടതി കോടതി ഉത്തരവിട്ടത്. തുടർന്ന് സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക് തന്നെ എത്തിച്ചേരുകയായിരുന്നു. 2000ൽ പരിസ്ഥിതി ദുർബല പ്രദേശമായി നോട്ടിഫൈ ചെയ്ത് സർക്കാർ ഏറ്റെടുത്ത ഭൂമി വനം വകുപ്പിന്റെ പിടിപ്പുകേട് കാരണമാണ് സ്വകാര്യ വ്യക്തികളിലേക്ക് എത്തിച്ചേരുന്നത്. ഇ.​എ​ഫ്.​എ​ൽ ട്രി​ബ്യൂ​ണ​ലി​ലും ഹൈ​കോ​ട​തി​യി​ലും ന​ട​ന്ന വി​ചാ​ര​ണ​യിൽ വ​നം​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നും വരുത്തിയ വീഴ്ചകളാണ് കേസ് തോൽക്കുന്നതിന് കാരണമായത്. ഹൈ​കോ​ട​തി വി​ധി​ക്ക്​ എ​തി​രാ​യ അ​പ്പീ​ൽ സ​മ​യം വൈ​കി​​ ന​ൽ​കി​യ​തിനാൽ സുപ്രീം കോടതി കേസ് തള്ളിയതും സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി മാറുകയായിരുന്നു. സർക്കാർ ഏറ്റെടുത്ത 270 ഏക്കറിൽ 24 ഏക്കർ ഭൂമിയാണ് നാല് സ്വകാര്യ വ്യക്തികൾക്ക് തിരിച്ച് നൽകാൻ പോകുന്നത്. എന്നാൽ സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യവ്യക്തികൾക്ക് തിരികെ നൽകുന്ന നടപടി ഒരു കീഴ്വഴക്കമായി മാറുമോ എന്നതും വനനശീകരണത്തിന് വഴിവയ്ക്കുമോ എന്നതും ആശങ്കയായി മാറുന്നു. ഇതിനെതിരെ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കേരള നദീ സംരക്ഷണ സമിതി പ്രവർത്തകർ.

സർക്കാരിലേക്ക് വന്ന വഴി

ഭൂപരിഷ്‌കരണത്തെ തുടർന്ന് ഭൂമി നഷ്ടമായ പാലക്കാട് കുതിരവട്ടം കുടുംബത്തിലെ 32 പേർക്ക് ലഭിച്ച 549 ഏക്കർ വനഭൂമിയിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിയുടെ അവകാശം മുക്ത്യാർ വഴി സമ്പാദിച്ച വ്യക്തി 1990കളിൽ ഭൂമി മുറിച്ച് ചെറിയ ഭാഗങ്ങളായി 71 പേർക്ക് വിറ്റു. 270 ഏക്കർ ഭൂമിയിലെ മരങ്ങൾ മുറിച്ച് തരിശാക്കിയതിന് ശേഷമായിരുന്നു വിൽപ്പന. പിന്നീട് മറ്റൊരു 270 ഏക്കർ ഭൂമി കൂടി കൈക്കലാക്കി മരം മുറിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടു. വ്യാപകമായ മരംമുറിക്കെതിരെ ജനകീയ സമരം ഉണ്ടായി. നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും എല്ലാം ചേർന്ന് സമരം ശക്തമായി. ജീരകപ്പാറ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മേധാ പട്കർ, സുഗതകുമാരി, സുകുമാർ അഴീക്കോട് എന്നിവരെല്ലാം നേതൃനിരയിലേക്ക് വന്നതോടെ സർക്കാർ സമ്മർദ്ദത്തിലായി.

ഒടുവിൽ പത്ത് വർഷത്തിന് ശേഷം 2000ത്തിൽ പരിസ്ഥിതി ദുർബല പ്രദേശമായി (EFL) നോട്ടിഫൈ ചെയ്ത് ജീരകപ്പാറ മലവാരത്തിലെ 270 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാതെയായിരുന്നു ഏറ്റെടുക്കൽ. 70 പേരുടെ പേരിലുണ്ടായിരുന്ന ഭൂമിയാണ് ഈവിധം സർക്കാർ ഏറ്റെടുത്തത്. വനംവകുപ്പിന്റെ അധീനതയിലാണ് ഭൂമി എത്തിച്ചേർന്നത്. അങ്ങനെ ചാലിപ്പുഴയിലുള്ള വെള്ളച്ചാട്ടങ്ങളും അതിനോട് ചേർന്ന പ്രദേശങ്ങളും സർക്കാർ നിയന്ത്രണത്തിൽ വരുകയും പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുകയും ചെയ്തു. സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടായിരുന്ന ഭൂമിയെല്ലാം ഇന്ന് നിബിഡ വനമാണ്.

സർക്കാരിൽ നിന്ന് പോയ വഴി

2000ൽ സർക്കാർ ഭൂമി ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഏതാനും പേർ ഇതിനെതിരെ കേസ് നൽകി. ഭൂമി തിരിച്ച് നൽകണം എന്നതായിരുന്നു പ്രധാന ആവശ്യം. ഇ.എഫ്.എൽ (Ecologically Fragile Land) കോടതിയിലായിരുന്നു ആദ്യം കേസുകൾ നൽകിയത്. 2000 ഒക്ടോബർ നാലിന് ഭൂമി ഇ.എഫ്.എൽ ആയി വിജ്ഞാപനം ചെയ്‌തെങ്കിലും അതിൽ ചില തിരുത്തലുകൾ വേണ്ടിവന്നതിനാൽ 2007ൽ തിരുത്തൽ വിജ്ഞാപനം ചെയ്തു. 2013 ലാണ് മുൻ ഉടമകളായിരുന്നവർ ഇ.എഫ്.എൽ ട്രിബ്യൂണലിൽ ഭൂമി ഇ.എഫ്.എല്ലിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. 2014 ഏപ്രിൽ 30ന് നാല് കക്ഷികൾക്ക് മുഴുവനായും അഞ്ചാമതൊരാൾക്ക് ഭാഗികമായും അനുകൂലമായി വിധി വന്നു. എന്നാൽ ഈ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2018 നവംബർ 19ലെ വിധിയിൽ ട്രിബ്യൂണലിന്റെ വിധി ഹൈക്കോടതി ശരിവച്ചു. പിന്നീട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി അത് ഫയലിൽ സ്വീകരിച്ചില്ല. തുടർന്ന് ഫോറസ്റ്റ് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറുമായി ചർച്ച ചെയ്ത് വീണ്ടും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും 2020 സെപ്തംബർ ഏഴിന് കോടതി ആ അപ്പീൽ തള്ളി. അതിനിടെ കോടതി ഉത്തരവനുസരിച്ച് സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തികൾ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. അളന്നുതിരിച്ചതിന് ശേഷമേ സ്ഥലം വിട്ടുകൊടുക്കാനാവൂ എന്നായിരുന്നു വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. 24 ഏക്കറിൽ അഞ്ച് ഏക്കർ ഭൂമി തുഷാരിഗിരി വെള്ളച്ചാട്ടത്തിന്റെ പ്രവേശന സ്ഥലത്തും ബാക്കിയുള്ളവ കാടിന്റെ ഉൾഭാഗങ്ങളിലുമാണ്. ശരിയായ വഴിപോലും ഇല്ലാതായ പ്രദേശത്തേക്ക് സർവേ നടത്തുന്നതിനായി എത്തിപ്പെടാനുള്ള പ്രയാസം നടപടികൾ വൈകിപ്പിച്ചു. എന്നാൽ നിലവിൽ സർവേ പൂർത്തിയാക്കി സ്ഥലം കൈമാറ്റത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൈവിട്ടുകളഞ്ഞ ഭൂമി

തുഷാരഗിരിയോട് ചേർന്നുകിടക്കുന്ന ആനക്കാംപൊയിലെ മുത്തപ്പൻപുഴയിൽ കൃഷിഭൂമി ജണ്ട കെട്ടിത്തിരിച്ച വനംവകുപ്പാണ് ഒരിക്കൽ ഏറ്റെടുത്ത, അതും പരിസ്ഥിതി ദുർബല പ്രദേശമായ ഭൂമി സ്വകാര്യവ്യക്തികൾക്ക് തിരികെ നൽകുന്നത്. സംസ്ഥാനത്ത് വനംവകുപ്പ് ഏറ്റെടുത്ത ഭൂമി തിരികെ നൽകുന്നത് ഇത് ആദ്യത്തെ സംഭവമാണ്. “വളരെ എളുപ്പം ജയിക്കാവുന്ന ഒരു കേസ് സർക്കാരും വനംവകുപ്പം ചേർന്ന് തോറ്റുകൊടുത്തു. വേണ്ട രേഖകൾ സമർപ്പിക്കാതെ, കൃത്യമായ വിശദാംശങ്ങൾ നൽകാതെ തോറ്റുകൊടുക്കുക തന്നെയായിരുന്നു.” നദീ സംരക്ഷണ പ്രവർത്തകനായ ടി.വി രാജൻ പ്രതികരിച്ചു.

“സ്വകാര്യവ്യക്തികൾ ഉന്നയിച്ച വാദങ്ങളെയൊന്നും വനംവകുപ്പോ സർക്കാരോ ഹൈക്കോടതിയിൽ ചോദ്യം ചെയ്തില്ല. താമരശ്ശേരി റേഞ്ച് ഓഫീസർ മാത്രമാണ് കേസിൽ വനംവകുപ്പിന്റെ പ്രതിനിധിയായി ഹാജരായത്. 2013 നവംബറിലാണ് ചാർജ് എടുത്തത് എന്നും രേഖകൾ പ്രകാരമാണ് തനിക്ക് പരിചയമെന്നുമാണ് റേഞ്ച് ഓഫീസർ ഇ.എഫ്.എൽ ട്രിബ്യൂണലിന് മുന്നിൽ നൽകിയ മൊഴി. ഇ.എഫ്.എൽ കോടതി ഒരു കമ്മീഷനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. അവർ പ്രദേശത്ത് വന്ന് ഒരു ദിവസം കൊണ്ട് 8008 മരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി എന്നാണ് റിപ്പോർട്ട്. അത് അസംഭവ്യമാണ്. കിഴക്കാംതൂക്കായ ചെങ്കുത്തായ പാറകളും വെള്ളച്ചാട്ടങ്ങളും ചതുപ്പുകളും പാമ്പുകളുൾപ്പെടെയുള്ള ജീവികളും ഉള്ള സ്ഥലത്ത് ഒരു ദിവസത്തിനുള്ളിൽ ഇത്രയും കണക്കെടുപ്പ് നടത്തുക സാധ്യമല്ല. ഇത് ഹൈക്കോടതിയുടെ വിധിയിലും ചോദ്യം ചെയ്യുന്നുണ്ട്.”

2006ൽ അഡ്വക്കറ്റ് കമ്മീഷൻ നടത്തിയ പരിശോധനയിലും എട്ട് വർഷത്തിന് ശേഷം ഫോറസ്റ്റ് ട്രിബ്യൂണൽ സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയിലും മരങ്ങളുടെ എണ്ണത്തിലുൾപ്പെടെ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്. “ഇതും ഹൈക്കോടതി ചോദ്യം ചെയ്തു. ആനകളുടെ ആക്രമണമാണ് അഡ്വക്കേറ്റ് കമ്മീഷൻ പറഞ്ഞത്രയും കാർഷിക വിളകൾ ഇല്ലാതിരിക്കാൻ കാരണമെന്നാണ് ഫോറസ്റ്റ് ട്രിബ്യൂണൽ പറഞ്ഞത്. എന്നാൽ ഈ വ്യത്യസങ്ങളൊന്നും തന്നെ സർക്കാർ അഭിഭാഷകൻ ശ്രദ്ധയിൽ പെടുത്തിയില്ല എന്നും ഹൈക്കോടതി വിധി പറയുന്നു. അതായത് ചോദ്യം ചെയ്യേണ്ട ഒന്നും ചോദ്യം ചെയ്യാതെ, വൈരുദ്ധ്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്താതെ സുഗമമായി കേസ് തോൽക്കുകയായിരുന്നു.” ടി.വി രാജൻ തുടർന്നു.

ഹൈക്കോടതി വിധി വന്ന് 22 മാസങ്ങൾ കഴിഞ്ഞാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നത്. എന്നാൽ കാലതാമസം വന്നു എന്ന ഒറ്റക്കാരണം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അപ്പീൽ തള്ളി. “കാലതാമസം വന്നതിനാൽ കേസ് തള്ളി എന്നല്ലാതെ സുപ്രീം കോടതി ഈ വിഷയത്തിൽ ഒരു വിധിയും പുറപ്പെടുവിച്ചിട്ടില്ല. സുപ്രീംകോടതി വിധിയല്ല, ഹൈക്കോടതി വിധിയാണ് ഭൂമി സംബന്ധിച്ച് നിലനിൽക്കുന്നത്. ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷൻ സമർപ്പിക്കാൻ പോലും സർക്കാരോ വനംവകുപ്പോ തയ്യാറായില്ല. മുൻ എം.എൽ.എയുടെ കുടുംബത്തിനാണ് ഭൂമി അനുവദിച്ച് കിട്ടിയിട്ടുള്ളത്. ചെറുകിട ക്വാറി ഓണേഴ്‌സ് അസോസിയേഷനുമായി നേരിട്ട് ബന്ധമുള്ളയാളുമാണ്.” രാഷ്ട്രീയ നേത‍ൃത്വവും സർക്കാരും തമ്മിലുള്ള ഒത്തുകളിയെ തുടർന്നാണ് വനം വകുപ്പ് കേസ് തോറ്റ് കൊടുത്തതെന്ന് ടി.വി രാജൻ അടക്കമുള്ള പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നു.

നിയമപോരാട്ടത്തിലേക്ക്

ഹൈക്കോടതി വിധി അനുസരിച്ചുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് വനംവകുപ്പ്. വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീംകോടതി തള്ളിയതിനാൽ ഈ കേസിൽ ഇനി മറ്റ് സാധ്യതകളില്ല. എന്നാൽ കുതിരവട്ടം കുടുംബത്തിന്റെ ആദ്യ ഉടമസ്ഥത തന്നെ നിയമപരമായി ചോദ്യം ചെയ്യാനാണ് നദീ സംരക്ഷണ സമിതിയുടെ തീരുമാനം. “അർഹിക്കാത്ത ഭൂമിയാണ് സ്വകാര്യ വ്യക്തികൾക്ക് ലഭിച്ചത്. കേരളത്തിൽ എവിടെയും ഭൂമിയില്ല എന്നാണ് അപേക്ഷ സമർപ്പിക്കുമ്പോൾ നൽകേണ്ട രേഖ. എന്നാൽ കോടഞ്ചേരി പഞ്ചായത്തിൽ ഭൂമിയില്ല എന്നേ അപേക്ഷയിൽ പറഞ്ഞിട്ടുള്ളൂ. അത് അനധികൃതമാണ്. 32 കേസാണ് ഇ.എഫ്.എൽ കോടതിയിൽ ഫയൽ ചെയ്തത്. എന്നാൽ അതിൽ ആറ് പേർക്ക് മാത്രമേ അനുകൂലമായ വിധി ലഭിച്ചുള്ളൂ. മറ്റുള്ളവർക്ക് എന്തുകൊണ്ട് അനുകൂല വിധി ലഭിച്ചില്ല എന്നതും അന്വേഷിക്കണം. കേസ് നൽകിയവർ മുഴുവൻ രേഖകളും കോടതിയിൽ നിന്ന് തിരികെ വാങ്ങുകയും ചെയ്തു. ഇതും നിയമവിരുദ്ധമാണ്.” ടി.വി രാജൻ കൂട്ടിച്ചേർത്തു.

പണം നൽകി ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്

കോടതി വിധിയെ തുടർന്ന് ഭൂമി സ്വകാര്യവ്യക്തികൾക്ക് തിരികെ നൽകുന്നതോടെ ഇക്കോ ടൂറിസം പദ്ധതി അനിശ്ചിതത്വത്തിലാവും. ടൂറിസം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറും കെട്ടിടവും ഉൾപ്പെടുന്ന പ്രവേശന കവാടം സ്വകാര്യവ്യക്തികൾക്ക് തിരികെ നൽകുന്ന 24 ഏക്കറിൽ ഉൾപ്പെടുന്നതാണ്. ഈരാറ്റുമുക്കി, മഴവിൽ വെള്ളച്ചാട്ടങ്ങളും ഇതിൽ ഉൾപ്പെടും. വെള്ളംച്ചാട്ടം ഉൾപ്പെടെ പ്രധാന കാഴ്ചകളിലേക്കുള്ള വഴി അടയും. ജൈവവൈവിധ്യവും പാരിസ്ഥിതിക പ്രാധാന്യവുമുള്ള പ്രദേശം എന്തുവില കൊടുത്തും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. പദ്ധതി ഉൾപ്പെടുന്ന പ്രദേശം വനംവകുപ്പ് സ്വകാര്യവ്യക്തികളിൽ നിന്ന് പണം നൽകി വാങ്ങുന്നതിനുള്ള സാധ്യതയെക്കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്. സ്ഥലം സന്ദർശിച്ച അഞ്ച് മലയോര മേഖല എം.എൽ.എമാരും മന്ത്രി എ.കെ ശശീന്ദ്രനും സ്വകാര്യവ്യക്തികളിൽ നിന്ന് സ്ഥലം വിലകൊടുത്ത് വാങ്ങാനുള്ള ശുപാർശ സമർപ്പിക്കും എന്ന് അറിയിച്ചിരുന്നു. കിഫ്ബി വഴിയുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയും ഇതിനുള്ള സാധ്യത പരിശോധിക്കുന്നതായും മന്ത്രി പറഞ്ഞു. എന്നാൽ പിന്നീട് നടപടികൾ ഒന്നും സ്വീകരിക്കുകയുണ്ടായില്ല. ഇപ്പോഴും ഇക്കാര്യം ആലോചനയിലുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

അതേസമയം സർക്കാർ ഭൂമി ഏറ്റെടുത്ത് തുഷാരഗിരിയെ സംരക്ഷിക്കണമെന്ന നിലപാടാണ് കോടഞ്ചേരി പഞ്ചായത്തിനുള്ളത്. പഞ്ചായത്ത് ഭരണ സമിതിയും ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും പ്രമേയം പാസാക്കി സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തുഷാരഗിരി സംരക്ഷിക്കപ്പെടുമ്പോൾ തന്നെ കർഷകരെ ഒഴിവാക്കരുതെന്നും പഞ്ചായത്ത് ഭരണസമിതിക്ക് അഭിപ്രായമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് അത് വ്യക്തമാക്കുന്നു. “തുഷാരഗിരി സംരക്ഷിക്കപ്പെടണം. കർഷകർക്ക് മാന്യമായ നഷ്ടപരിഹാരം നൽകിക്കൊണ്ട് അത് നിലനിർത്താൻ സർക്കാർ നടപടി സ്വീകരിക്കണം. കർഷകരുടെ പേരിലുണ്ടായിരുന്ന ഭൂമി നഷ്ടപരിഹാരം ഒന്നും നൽകാതെയാണ് പെട്ടെന്ന് ഇ,എഫ്.എൽ ആക്കിയത്. 20 വർഷത്തോളം വ്യവഹാരം നടത്താൻ സാമ്പത്തിക ശേഷിയുള്ളവർക്ക് ഇപ്പോൾ അനുകൂലമായി വിധി ലഭിച്ചു. എന്നാൽ പലരും അതിന് കഴിയുന്നവരല്ല. തുഷാരഗിരി വനഭൂമിയായി തന്നെ നിലനിൽക്കണം എന്നതാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാൽ അത് ആരിൽ നിന്നും തട്ടിപ്പറിച്ചുകൊണ്ടല്ല, മറിച്ച് അർഹമായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കണം.”

ഭൂമി ഇപ്പോൾ കൃഷിയോഗ്യമായ രീതിയിലല്ല ഉള്ളത്. ചെങ്കുത്തായ പാറകളെല്ലാം വനമായി മാറിയിരിക്കുന്നു. ഇത്രയും ഹരിതഭമായ ഭൂമി സ്വകാര്യ വ്യക്തികൾക്ക് തിരിച്ച് നൽകുമ്പോൾ അവർ എങ്ങനെയാണ് അത് ഉപയോ​ഗിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. ക്വാറി തുടങ്ങാനോ പാരിസ്ഥിതിയെ ദുർബലപ്പെടുത്തുന്ന ടൂറിസം പദ്ധതികൾക്കോ ഈ ഭൂമി ഉപയോഗിക്കപ്പെട്ടാൽ ജീരകപ്പാറ വന മേഖല സംരക്ഷിക്കുന്നതിനായി നടന്ന വലിയ ശ്രമങ്ങൾ അത് തിരിച്ചടിയാകും. 24 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് തിരികെ ലഭിച്ച സാഹചര്യം മുൻനിർത്തി മറ്റ് ഭൂ ഉടമകളും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. കേരളത്തിന്റെ പലഭാ​ഗങ്ങളിൽ, ഇത്തരത്തിൽ വനംവകുപ്പും സർക്കാരും ഏറ്റെടുത്ത ഭൂമികളിലെല്ലാം സമാനമായ തർക്കം ഉന്നയിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. സംരക്ഷിത പ്രദേശങ്ങൾ വെട്ടിവെളുപ്പിക്കപ്പെടാനുള്ള സാധ്യതയ്ക്ക് വഴി തുറക്കുമോ തുഷാര​ഗിരി?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 19, 2021 3:35 pm