ഗോപിനാഥ് മുതുകാടിന്റെ ‘ഡിഫറന്‍റ് ആര്‍ട് സെന്‍റ’റുമായി ബന്ധപ്പെട്ട് ഡിസേബിൾഡ് ആയ വ്യക്തികളില്‍ നിന്നും അവരുടെ രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍, കേരളത്തിലെ ഡിസബിലിറ്റി മേഖലയെയും അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സംവിധാനങ്ങളെയും കുറിച്ചുള്ള ചില ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അത്ര സുഗമമായ രീതിയില്‍ അല്ല മുന്നോട്ടുപോകുന്നത് എന്ന വസ്തുത ഇത്തരം സംഭവങ്ങളിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നു. ഇതുസംബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായങ്ങളെ മുന്‍നിര്‍ത്തി ഡിസബിലിറ്റി മേഖലയിലെ ക്ഷേമത്തെ സംബന്ധിച്ചുള്ള ഒരു വീണ്ടുവിചാരത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഡിസബിലിറ്റി സമൂഹത്തിന്‍റെ ഉന്നമനം അല്ല തന്‍റെ ലക്ഷ്യമെന്ന് പ്രശ്നം രൂക്ഷമായ ശേഷം പുറത്തുവന്നിട്ടുള്ള ഫേസ്ബുക്ക് ലൈവില്‍ മുതുകാട് വ്യക്തമാക്കുന്നുണ്ട്. മാജിക് പഠിക്കാന്‍ താല്‍പര്യമുള്ളവരെയും മാജിക് പഠിപ്പിക്കുക അതിലൂടെ വരുമാനം ഉണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നത്രേ അതിന്‍റെ ലക്ഷ്യം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല മുതുകാടും ഡിഫറന്‍റ് ആര്‍ട് സെന്‍ററും സ്വയവും മറ്റുള്ളവരാലും വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ടായിരുന്നത്. ഡിസബിലിറ്റി മേഖലയിലെ ഒരു വിഭാഗത്തെ മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ എന്ന സ്ഥാപനം വഴി, ഡിസബിലിറ്റി മേഖലയിലെ ഭൂരിഭാഗം പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്തിക്കഴിഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങളും ധാരണയും സൃഷ്ടിക്കപ്പെട്ടു എന്നതാണ് ഇതിലൂടെ ഉണ്ടാക്കിയിട്ടുള്ള ഒന്നാമത്തെ പ്രശ്നം. മുതുകാടിന്‍റെ സ്ഥാപനത്തില്‍ ചെന്നാല്‍ തീരുന്ന പ്രശ്നങ്ങളേ ഇവിടുത്തെ ഡിസബിലിറ്റി മേഖലയില്‍ ഉള്ളൂ എന്ന തരത്തിലുള്ള ധാരണകള്‍ വ്യപകമായി തന്നെ ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുതുകാട് വലിയ രീതിയിലുള്ള റിസോര്‍സ് സ്വായത്തമാക്കല്‍ നടത്തിയിട്ടുണ്ട് എന്നതും വ്യക്തമാണ്. എന്നാല്‍ ഡിസബിലിറ്റി മേഖലയിലെ ഇതിനപ്പുറത്തുള്ള വലിയൊരു വിഭാഗത്തിന്‍റെ പുനരധിവാസ സാധ്യതകള്‍ ഇതുമൂലം അട്ടിമറിക്കപ്പെടുകയോ അവഗണിക്കപ്പെട്ടു പോവുകയോ ചെയ്യുന്നുണ്ടായിരുന്നു എന്നതാണ് രണ്ടാമത്തെ പ്രശ്നം. മൂന്നാമതായി, ഡിഫറന്‍റ് ആര്‍ട് സെന്‍ററില്‍ ജോലി ചെയ്യുകയോ അതിന്‍റെ വേദികളില്‍ അവതരണങ്ങള്‍ നടത്തുകയോ ചെയ്യുന്ന വ്യക്തികളെ സ്ഥാപനത്തിന്‍റെ നടത്തിപ്പിനായി ചൂഷണം ചെയ്യുകയും അവരുടെ ആത്മാഭിമാനത്തെയും മൗലിക അവകാശങ്ങളെയും ഹനിക്കുകയും ചെയ്യുന്ന നടപടികള്‍ ഉണ്ടായതായി നിരവധി രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നതായി കാണാം. നിയമ നടപടികള്‍ക്ക് വിധേയമാക്കേണ്ട സംഭവവികാസങ്ങളാണ് ഇത്തരത്തില്‍ അവിടെ നടന്നിട്ടുള്ളത്. മുതുകാടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിലനില്‍ക്കുന്ന ഈയൊരു പശ്ചാത്തലത്തില്‍, കേരളത്തിലെ ഡിസബിലിറ്റി മേഖലയുമായി ബന്ധപ്പെട്ട് നിലവിലുള്ള ചില സാഹചര്യങ്ങളെ പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്.
ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട അവസ്ഥകള്‍ അനുഭവിക്കുന്ന വ്യക്തികളെ എല്ലാവരെയും ഒരൊറ്റ വിഭാഗമായി കണക്കാക്കാന്‍ സാധ്യമല്ല എന്നതാണ് നാം മനസിലാക്കേണ്ടുന്ന അടിസ്ഥാനപരമായ ഒരു കാര്യം. അത്തരം വ്യക്തികള്‍ അവര്‍ ഓരോരുത്തരും കടന്നുപോകുന്ന അവസ്ഥകള്‍, അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഏറെ വ്യത്യസ്തമാണ്. അതില്‍ ശാരീരികമായ വെല്ലുവിളികള്‍ അനുഭവിക്കുന്നവരുണ്ട്, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുണ്ട്, ശാരീരകവും ബൗദ്ധികവുമായി വെല്ലുവിളികള്‍ ഉള്ളവരുണ്ട്, ബൗദ്ധിക വെല്ലുവിളികള്‍ ഉള്ളവരില്‍ തന്നെ അതിന്‍റെ തീവ്രതകളില്‍ വ്യത്യാസങ്ങള്‍ ഉണ്ട്. ഓട്ടിസം പോലെയുള്ള അവസ്ഥകളില്‍ തീവ്രതയിലുള്ള വ്യത്യാസങ്ങള്‍ വളരെ പ്രകടമാണ്. സംസാരശേഷിയുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്, ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തവരുണ്ട്, ഹൈപ്പര്‍ ആക്ടിവിറ്റികള്‍ ഉള്ളവരുണ്ട്, സെന്‍സറി സംബന്ധിച്ച പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉണ്ട്. അതോടൊപ്പം തന്നെ, ഇവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ കടന്നുപോകുന്ന വിഷമാവസ്ഥകള്‍ ഉണ്ട്. അങ്ങനെ അങ്ങനെ നിരവധി വകഭേദങ്ങളും തലങ്ങളും ഈ മേഖലയെ സംബന്ധിച്ചിടത്തോളമുണ്ട്.
ബൗദ്ധിക ഡിസബിലിറ്റി വിഭാഗത്തെ പരിശോധിക്കുമ്പോള്‍, ഏതെങ്കിലും പ്രത്യേക കാര്യങ്ങളില്‍ അാസാമാന്യ പാടവം പ്രകടിപ്പിക്കുന്നവരും, പരിശീലനത്തിലൂടെ ചെറിയ വരുമാനം ലഭിക്കുന്ന ജോലികള്‍ ചെയ്യാന്‍ പ്രാപ്തരാവുന്നവരും ഉണ്ടെന്നുള്ളത് വസ്തുതയാണ്. ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ എന്ന മാര്‍ഗം അവലംബിക്കുന്നതിലൂടെ അത്തരം പ്രാപ്തികള്‍ കൈവരിക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട്. ചെറിയ ശതമാനത്തിലുള്ള മെന്‍റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വിഭാഗത്തില്‍ ഉള്ള കുട്ടികള്‍ ഇത്തരം പരിശീലനങ്ങളിലൂടെ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാവാറുണ്ട്. മൈല്‍ഡ് ഓട്ടിസ്റ്റിക് ആയവരെ വിവിധ സ്ഥാപനങ്ങള്‍ ജോലിക്കാരായി നിയമിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓട്ടിസ്റ്റിക് ആയ കുട്ടികളില്‍ അസാമാന്യ കഴിവുകള്‍ ഉള്ളവര്‍ ഉണ്ടാകുമ്പോഴും പ്രത്യേക നൈപുണികള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയാതെ ദൈനംദിന കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ, എല്ലാകാര്യത്തിനും മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുട്ടികളും മുതിര്‍ന്നവരും ധാരാളമായി നമുക്കിടയിലുണ്ട്. ഡിസബിലിറ്റി മേഖലയിലെ താരതമ്യേന എളുപ്പത്തില്‍ ഇടപെടല്‍ സാധ്യമാവുന്ന ഒരു വിഭാഗത്തെ സമീപിച്ചുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചില കുട്ടികളെ അവതരിപ്പിക്കുകയാണ് ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ എന്ന പേരില്‍ മുതുകാട് ചെയ്തിട്ടുള്ളത്. പിന്നീട് ഡിസബിലിറ്റി മേഖലയിലെ ഒരു രക്ഷകന്‍റെ സ്ഥാനത്തേക്ക് മുതുകാട് അവരോധിക്കപ്പെടുന്നതാണ് നാം കാണുന്നത്. അതോടൊപ്പം തന്നെ സര്‍ക്കാരും അനുബന്ധ സംവിധാനങ്ങളും ഈ സംരഭത്തിന് സഹായ ഹസ്തവുമായി മുന്നോട്ടുവന്നിട്ടുള്ളതായി കാണാവുന്നതാണ്.
ഡിസബിലിറ്റി മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രത കുറവും, മേല്‍നോട്ടത്തിലെ അപര്യാപ്തതയും, കൃത്യമായ കാഴ്ചപ്പാടുകളും ആക്ടീവ് ആയ നയങ്ങളും ഇല്ലാതിരിക്കുന്നതിന്‍റെയും ഭവിഷ്യത്തുകളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മെ എത്തിക്കുന്നത് എന്നതാണ് പ്രധാനമായും തിരിച്ചറിയേണ്ടുന്ന കാര്യം. ഏതെങ്കിലും ഒരു പ്രതിസന്ധിഘട്ടത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടതോ, താല്‍ക്കാലിക പരിഹാരങ്ങളും നീക്കുപോക്കുകളും ചെയ്ത് നിര്‍ത്തലാക്കേണ്ടതോ ആയിട്ടുള്ള ഒരു മേഖലയല്ല ഡിസബിലിറ്റിയുമായി ബന്ധപ്പെട്ടത്. മറിച്ച്, വിവിധ സംവിധാനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് നിരന്തരമായ അന്വേഷണങ്ങളും പ്രതിവിധികളും ഇടപെടലുകളും അവിടെ ഉണ്ടാവേണ്ടതുണ്ട്. ഏതെങ്കിലും രക്ഷകരെ പ്രതീക്ഷിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഡിസബിലിറ്റി വിഭാഗത്തിന്‍റെ ഉന്നമനത്തിന് മുന്‍കൈയ്യെടുക്കുകയാണ് വേണ്ടത്. 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഒരു ഡിസബിലിറ്റി നയം നിലവിലുണ്ടെങ്കിലും അത് എത്രമാത്രം പ്രയോഗത്തിൽ വന്നിട്ടുണ്ട് എന്നത് സംശയകരമാണ്. കേരളത്തിന്‍റെ വികസന സങ്കല്‍പ്പങ്ങളില്‍ ഡിസബിലിറ്റി എന്ന അവസ്ഥയെ കൂടി ഉള്‍പ്പെടുത്തുക, ഡിസബിലിറ്റി വ്യക്തികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, വ്യക്തികളുടെ സ്വാഭിമാനവും വ്യക്തിസ്വാതന്ത്ര്യവും തെരഞ്ഞെടുപ്പും ഉറപ്പുവരുത്തുക എന്നതായിരുന്നു നയം മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍. യഥാര്‍ത്ഥത്തില്‍, മുന്‍ ഭാഗങ്ങളില്‍ സൂചിപ്പിച്ച പോലെ ഡിസബിലിറ്റി വിഭാഗത്തെ ഒരൊറ്റ കാറ്റഗറി ആയി കണ്ടുകൊണ്ടുള്ള നയരൂപീകരണമാണ് നടന്നിരിക്കുന്നത് എന്നതാണ് ഇതിലൂടെ കടന്നുപോകുമ്പോള്‍ മനസിലാകുന്ന കാര്യം. ബൗദ്ധിക ഡിസബിലിറ്റി വിഭാഗത്തിനെ അഡ്രസ് ചെയ്യാന്‍ പ്രത്യേകമായ നയം രൂപീകരിക്കണ്ടേതന്‍റെ ആവശ്യകതയിലേക്ക് ഇതില്‍ വിരല്‍ ചൂണ്ടുന്നുണ്ട്.
വികസന പ്രക്രിയയുടെ ഭാഗമാക്കലും, വ്യക്തികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കലും, സ്വാഭിമാനം ഉറപ്പുവരുത്തലും വളരെ പ്രധാനപ്പെട്ട വസ്തുതകളായി നിലനില്‍ക്കെ തന്നെ, ഈയൊരു സങ്കല്‍പ്പത്തിലേക്ക് പോലും ഉള്‍ച്ചേരാന്‍ കഴിയാത്ത വിധം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അനേകമനേകം കുട്ടികളും മുതിര്‍ന്നുവരും അവര്‍ ജീവിച്ചുവരുന്ന കുടുംബബവും അവരുടെ രക്ഷിതാക്കളും പരിചാരകരും നമുക്കിടയില്‍ ഉണ്ട്. അവര്‍ പലപ്പോവും നമ്മുടെ ചര്‍ച്ചകള്‍ക്ക് പുറത്തുനില്‍ക്കുകയാണ്. വികേന്ദ്രീകൃകമായ പുനരധിവാസ സംവിധാനങ്ങളെക്കുറിച്ച് പരാമര്‍ശമുള്ളത് സ്വാഗതാര്‍ഹമായ കാര്യമാണെങ്കിലും പ്രായോഗികതലത്തില്‍ അവയുടെ സ്ഥിതിയെന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൗദ്ധിക ഡിസബിലിറ്റിയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ചില സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുള്ളയാളാണ് ഞാന്‍. നിലവില്‍, ബഡ്സ്, സ്പെഷ്യല്‍ സ്കൂള്‍സ്, ബ്ലോക്ക് റിസോര്‍സ് സെന്‍ററുകളുടെ മേല്‍നോട്ടത്തില്‍ റെഗുലര്‍ സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, കുട്ടികളുടെ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ഡിസബിലിറ്റി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നവ. പശ്ചാത്തല സൗകര്യത്തിന്‍റെ കാര്യത്തിലും അധ്യയനത്തിന്‍റെ ഗുണനിലവാരത്തിലും ഇവിടങ്ങളില്‍ നിലനില്‍ക്കുന്ന അവസ്ഥ വളരെ പരിതാപകരമാണ്. ഒരു ഡേകെയര്‍ സെന്‍റര്‍ അല്ലെങ്കില്‍ കുട്ടികള്‍ക്ക് പകല്‍ മുഴുവന്‍ ചെലവഴിക്കുന്നതിന് വേണ്ടിയുള്ള ഒരു താല്‍കാലിക ഇടം എന്നതിന് അപ്പുറത്തേക്ക് ശാസ്ത്രീയമായ പരിശീലന
സംവിധാനങ്ങളോ അത് പ്രയോഗത്തില്‍ വരുത്താനുള്ള ആവശ്യമായ അധ്യാപകരോ എവിടെയും ഉണ്ടാകുന്നില്ല. റെഗുലര്‍ ക്ലാസ് റൂമുകളിലാണെങ്കില്‍ മുപ്പത് കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്ന അനുപാതം മതിയായിരിക്കാം. പക്ഷെ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെ സംന്ധിച്ചിടത്തോളം അതല്ല അവസ്ഥ. ഓരോരുത്തര്‍ക്കും ശ്രദ്ധവേണ്ടി വരുന്ന സാഹചര്യമാണ് അവിടെയുള്ളത്. നിരന്തരമായി ലഭിക്കേണ്ടുന്ന തെറാപ്പി സംവിധാനങ്ങളുടെ അഭാവം ഇത്തരം സ്ഥാപനങ്ങളില്‍ പ്രകടമാണ്. ഒക്യൂപ്പേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയവ നടക്കുന്നുണ്ടെങ്കിലും ആവശ്യമായ തോതില്‍ അത് കുട്ടികള്‍ക്ക് ലഭിക്കുന്നതായി കണ്ടിട്ടില്ല. ആഴ്ചയില്‍ ഒരു തവണയോ രണ്ട് തവണയോ ചുരുങ്ങിയ സമയത്തേക്കുള്ള തെറാപ്പികള്‍ മാത്രമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. മറ്റൊരു കാര്യം, എല്ലാ കുട്ടികള്‍ക്കും ഓരേപോലെയുള്ള തെറാപ്പികള്‍ കൊണ്ട് ഫലപ്രാപ്തി ഉണ്ടാവണമെന്നില്ല. കുട്ടികളുടെ സ്വഭാവ വ്യത്യാസത്തിന് അനുസരിച്ച് അതും വ്യത്യാസപ്പെടുന്നു. ഹൈപ്പര്‍ ആക്ടീവ് ആയ കുട്ടികളെ ഉള്‍ക്കൊള്ളിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല. അത്തരം കുട്ടികള്‍ക്ക് വീടുകളില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ കഴിയേണ്ടി വരുന്ന അവസ്ഥയാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാനും അത് മാനേജ് ചെയ്യാനും കഴിയുന്ന സ്പെഷലൈസ് ചെയ്യപ്പെട്ട അധ്യാപകര്‍ ഈ മേഖലയില്‍ ഉണ്ടാവേണ്ടതുണ്ട്. അവര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം നല്‍കേണ്ടതുണ്ട്. അവരുടെ അധ്യയന രീതികളില്‍ മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അത് ചെയ്യേണ്ടതുണ്ട്. പലയിടങ്ങളിലും
രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മതിയായ സാമ്പത്തിക പിന്തുണയും മറ്റ് വിഭവങ്ങളും ലഭ്യമാവാത്ത സാഹചര്യത്തില്‍ നിര്‍ത്തലാക്കേണ്ട സാഹചര്യമാണ് ഉള്ളത്. മുതുകാടിന്‍റെ സ്ഥാപനത്തിന് പ്രത്യേക പരിഗണന ലഭിക്കുമ്പോഴാണ് ഈ സാഹചര്യം ഇവിടെ നിലനില്‍ക്കുന്നത് ഓര്‍ക്കണം.
കുട്ടികള്‍ക്കായി വീടകങ്ങളില്‍ ജീവിതം നയിക്കുന്ന രക്ഷിതാക്കളെ ഉള്‍ക്കൊള്ളാത്ത തരത്തിലുള്ള നയങ്ങളാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത് എന്നത് മറ്റൊരു വസ്തുത. അവര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ക്കോ മറ്റ് ഗുണപരമായ കാര്യങ്ങള്‍ക്കോ ഉള്ള
അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് കാര്യക്ഷമവും പര്യാപ്തവുമായ നിര്‍ദ്ദേശങ്ങള്‍ കണ്ടെത്താനാവുന്നില്ല. ഇത്തരത്തില്‍ ഡിസബിലിറ്റി മേഖലയെ സംബന്ധിച്ച് നിലനില്‍ക്കുന്ന കാഴ്ചപ്പാടിന്റേതായ പ്രശ്നങ്ങളാണ് ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ പോലെയുള്ള സ്ഥാപനങ്ങളെ കൊട്ടിഘോഷിക്കുന്നതിലേക്ക് ചെന്നെത്തിക്കുന്നത്. സമീപനത്തില്‍ അടിമുടി പരിഷ്കരിക്കപ്പെടേണ്ട കാര്യങ്ങളാണ് ബൗദ്ധിക ഡിസബിലിറ്റി മേഖലയുമായി ബന്ധപ്പെട്ട് ഉള്ളത്. ഏതെങ്കിലുമൊരു കേന്ദ്രീകൃത സംവിധാനത്തെ വികസിപ്പിച്ചെടുക്കുന്നതിന് പകരം, വികേന്ദ്രീകൃതമായ സംവിധാനവും അത്തരം സ്ഥാപനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള നിക്ഷേപങ്ങളുമാണ് സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടതായിട്ടുള്ളത്. അതോടൊപ്പം ഡിസബിലിറ്റി വിഭാഗത്തിന്‍റെ അവകാശങ്ങളും അവര്‍ക്കു മേലുള്ള ഏതുവിധേനയുമുള്ള അധികാര പ്രയോഗങ്ങളും കൃത്യമായി കണ്ടെത്താനും അവയെ തടയാനും സാധിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നല്ലൊരു ശ്രദ്ധ ഈ മേഖലയില്‍ ഉണ്ടാവാതെ ഇത് സാധ്യമാവുക ബുദ്ധിമുട്ടാണ്.