ജനകീയ സമരങ്ങളും കെ.പി ശശിയുടെ ഡോക്യുമെന്ററി ജീവിതവും

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ.പി ശശിക്ക് ആദരാഞ്ജലികൾ. ജനകീയ സമരങ്ങളെയും സാമൂഹിക വിഷയങ്ങളെയും കുറിച്ച് ഡോക്യുമെന്ററി സിനിമകൾ നിർമ്മിക്കുന്നതിൽ ഇന്ത്യയിൽ തുടക്കം കുറിച്ച സംവിധായകരിൽ ഒരാളായിരുന്നു കെ.പി ശശി. കാർട്ടൂൺ രചനയിൽ നിന്നും ഡോക്യുമെന്ററി നിർമ്മാണത്തിലേക്കെത്തിയ കെ.പി ശശി ഇന്ത്യയിലെമ്പാടും സഞ്ചരിച്ച് ജനകീയ സമരങ്ങളെയും മനുഷ്യാവകാശ പ്രശ്നങ്ങളെയും ക്യാമറിയിൽ പകർത്തി. ആനന്ദ് പട് വർദ്ധൻ, തപൻ ബോസ് എന്നിവർ നേതൃത്വം നൽകിയ ഈ ഡോക്യുമെന്ററി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയത് സിനിമകൾ ചിത്രീകരിക്കാനും പ്രദർശിപ്പിക്കാനും വേണ്ടി കെ.പി ശശി നടത്തിയ ശ്രമങ്ങൾ കൂടിയാണ്. സി ശരത്ചന്ദ്രന്റെയും പി ബാബുരാജിന്റെയും മുൻകൈയിൽ കേരളത്തിലും ജനകീയ വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി നിർമ്മാണ ശാഖ സജീവമാകുന്നതിൽ കെ.പി ശശി വഴികാട്ടിയായി. കെ.പി ശശിയുടെ ഡോക്യുമെന്ററി ജീവിതത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ഡോക്യുമെന്ററി ചലച്ചിത്രകാരനുമായ മുസ്തഫ ദേശമം​ഗലം 2004ൽ കേരളീയത്തിന് വേണ്ടി നടത്തിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു. കെ.പി ശശിയു‌ടെ ഡോക്യുമെന്ററി സങ്കൽപ്പങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്ന ആദ്യകാല അഭിമുഖങ്ങളിൽ ഒന്നാണ് ഇത്.

ജനകീയ സമരങ്ങളിൽ ഡോക്യുമെന്ററി സിനിമയുടെ പങ്ക് എന്താണ്?

സിനിമകൾ നിർമ്മിക്കുന്നത് ഭരണകൂടവും കോർപ്പറേറ്റ് സ്ഥാപനങ്ങളുമാണ്. കൊക്കക്കോളക്കെതിരായി ഡോക്യുമെന്ററി സിനിമ ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ കൊക്കക്കോള കമ്പനി അവരുടെ പ്രചരണത്തിനുവേണ്ടി ഡോക്യുമെന്ററി സിനിമകൾ നിർമ്മിച്ചു. ഇവിടെ അത്തരം ഡോക്യുമെന്ററി സിനിമകളെക്കുറിച്ച് ഞാൻ സംസാരിക്കുന്നില്ല. ജനകീയ പ്രശ്നങ്ങളിൽ ഊന്നിയുള്ളതോ, ആക്ടിവിസ്റ്റ് ഡോക്യുമെന്ററി സിനിമകളോ, നിലവിലുള്ള വികസന സങ്കൽപങ്ങൾക്കെതിരെ ബദൽ നിർദ്ദേശിക്കുന്ന ഡോക്യുമെന്ററി സിനിമകളോ പോലുള്ള ഒരു ചെറിയ വിഭാഗം ഡോക്യുമെന്ററി സിനിമകളെക്കുറിച്ച് പറയാനാണ് എനിക്ക് ആഗ്രഹം. അടിയന്തിരാവസ്ഥയ്ക്ക് ശേഷം പലവിധത്തിലുള്ള ക്രിയാത്മകമായ ഇടപെടലുകളും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. കേരളത്തിലും ഇത്തരം ഇടപെടലുകൾ വളരെ പ്രസക്തമായിരുന്നു.

ഈ ഇടപെടലുകൾക്ക് കാരണം അടിയന്തിരാവസ്ഥ സമ്മാനിച്ച ദുരനുഭവങ്ങളായിരുന്നു. 1982ൽ ഞാൻ ആദ്യ ഡോക്യുമെന്ററി സിനിമ തുടങ്ങുമ്പോൾ ആക്ടിവിസ്റ്റ് ഡോക്യുമെന്ററി സംവിധായകർ ആനന്ദ് പട് വർദ്ധൻ, തപൻ ബോസ് തുടങ്ങിയ അപൂർവ്വം ചിലർ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ ഇന്ന് ഇത് ഇന്ത്യയിലെ ഒരു ശക്തമായ ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ഞാൻ ഡോക്യുമെന്ററികൾ ചെയ്തു തുടങ്ങുന്ന കാലത്ത് ജനകീയ സമരങ്ങളിൽ ഡോക്യുമെന്ററികൾക്ക് എന്തെങ്കിലും സ്ഥാനമുണ്ടായിരുന്നതായി അറിവുണ്ടായിരുന്നില്ല. ഇന്നു നടക്കുന്ന എല്ലാ ജനകീയ സമരങ്ങളും ഡോക്യുമെന്ററി സിനിമയ്ക്ക് സ്ഥാനം നൽകുന്നുണ്ട്. ഒരു എഴുത്തുകാരനോ അല്ലെങ്കിൽ ആക്ടിവിസ്റ്റോ ഒരു ജനകീയ പ്രശ്നത്തെക്കുറിച്ച് പറയുമ്പോൾ അവർ ആ സമരങ്ങളെ പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, ഡോക്യുമെന്ററി സിനിമയിലൂടെ പലപ്പോഴും പ്രശ്നം അനുഭവിക്കുന്നവർ തന്നെ നേരിട്ട് പൊതുജനങ്ങളോട് സംവദിക്കുകയാണ് ചെയ്യുന്നത്.

ജാർഖണ്ഡിലോ ഒറീസയിലെ കാശിപൂരിലോ, കേരളത്തിലെ പ്ലാച്ചിമടയിലോ ഉള്ള സമരം ചെയ്യുന്ന അല്ലെങ്കിൽ പ്രശ്നം അനുഭവിക്കുന്ന ആദിവാസികൾ അടക്കം ഉള്ളവർക്ക് സാധാരണ മനുഷ്യരോട് നേരിട്ട് സംസാരിക്കാനുള്ള വേദി ഡോക്യുമെന്ററി സിനിമകൾ നൽകുന്നു. ജാർഖണ്ഡിൽ നിന്ന് പ്ലാച്ചിമടയിലേക്കോ പ്ലാച്ചിമടയിൽനിന്ന് ഗുജറാത്തിലേക്കോ ഉള്ള ദൂരം ഡോക്യുമെന്ററി സിനിമകൾ ഇല്ലാതാക്കുന്നു എന്നതാണ് യാഥാർഥ്യം. ചുരുക്കത്തിൽ ഡോക്യുമെന്ററി സിനിമകൾ ജനകീയ സമരങ്ങളുടെ തലം വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഡോക്യുമെന്ററി സിനിമകൾ സമരങ്ങളെക്കുറിച്ചുള്ള അറിവ് നൽകുകയും പ്രചോദനം നൽകുകയും സമരത്തിന് അവരെ സജ്ജരാക്കുകയും ചെയ്യുന്നു.

കെ.പി ശശി

ഡോക്യുമെന്ററി സിനിമയിലേക്ക് തിരിയാനുണ്ടായ കാരണം ?

1981 വരെ പ്രധാന മേഖല കാർട്ടൂൺ രചനയായിരുന്നു. ബോംബെയിൽ “ഫ്രീ പ്രസ്’ മാഗസിനിൽ കാർട്ടൂൺ വരക്കുന്ന കാലത്ത് വെറും രാഷ്ട്രീയ നേതാക്കളെയായിരുന്നു കളിയാക്കിയിരുന്നത്. അക്കാലത്ത് ആനന്ദ് പട്വർദ്ധന്റെയും തപൻ ബോസിന്റെയുമൊക്കെ സിനിമകൾ കാണാൻ അവസരം ലഭിച്ചു. ഇവരുടെ സിനിമകൾ എന്നെ വളരെയേറെ സ്വാധീനിച്ചു. ഇവരുടെ സിനിമകളായിരുന്നു യഥാർത്ഥത്തിൽ ഡോക്യുമെന്ററി സിനിമയ്ക്കു നിർവ്വഹിക്കാവുന്ന രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാക്കിയത്. അങ്ങനെയാണ് കാർട്ടൂണിനൊപ്പം ഡോക്യുമെന്ററി സിനിമകൾ ചെയ്യാൻ തീരുമാനിച്ചത്. ഇന്ന് സി-ഡി റ്റിലുള്ള മോഹൻകുമാറും അന്തരിച്ച ലോനപ്പൻ കള്ളിയത്തും ഞാനും ചേർന്ന് 1982 ൽ ഒരു ഡോക്യുമെന്ററി സിനിമയുണ്ടാക്കി. 8 എം.എം. ഫിലിമിലായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്. കവി വി.ജി തമ്പി, കേരളവർമ്മ കോളേജിലെ ഡോ. കെ ഗോപിനാഥ് തുടങ്ങിയ സുഹൃത്തുക്കളാണ് ഇതിനുവേണ്ടിയുള്ള പണം ജനങ്ങളിൽ നിന്ന് സ്വരൂപിച്ചത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെക്കുറി ച്ചായിരുന്നു ഈ സിനിമ. ശേഷം ചെയ്ത ‘റോപ്പ്’ എന്ന സിനിമ പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കാനുള്ള മനുഷ്യന്റെ ഒത്തൊരുമയുടെ ആവശ്യകതയെക്കുറിച്ചുള്ളതായിരുന്നു.

2004 ജൂലായിൽ കേരളീയം പ്രസിദ്ധീകരിച്ച അഭിമുഖം

ഡോക്യുമെന്ററി സിനിമയുമായുള്ള അനുഭവം കേരളത്തിൽ എങ്ങനെയായിരുന്നു?

1980 കളിൽ തന്നെ കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും വ്യത്യസ്തമായ ഡോക്യുമെന്ററി സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. പി ബാബുരാജ്, കെ സതീഷ് എന്നിവരായിരുന്നു അക്കാലത്ത് സജീവമായി കൂടെയുണ്ടായിരുന്നത്. സിനിമ ജനങ്ങളിലേക്ക് എത്തിക്കുന്ന ശ്രമത്തിലും നിർമ്മാണത്തിലും കെ.സി സന്തോഷ് കുമാർ, എ.ജെ പീറ്റർ എന്നിവർ പിന്നീട് കൂടെ നിന്നവരായിരുന്നു. ഇങ്ങനെ ചിത്രീകരിച്ച മിക്ക ചിത്രങ്ങളും കേരളത്തിനകത്തും പുറത്തും ഇവർ കൊണ്ടുനടന്ന് കാണിച്ചിട്ടുണ്ട്. കെ സതീഷിന്റെ നേതൃത്വത്തിൽ ടിവിയും വി.സി.ആറും ചുമന്ന് കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും സിനിമകൾ പ്രദർശിപ്പിക്കുകയുണ്ടായിട്ടുണ്ട്. അക്കാലത്ത് കേരളീയ സമൂഹത്തിൽ പുതിയൊരനുഭവമായിരുന്നു ഇത്തരം സിനിമകൾ. ഇന്ന് കേരളം അതിൽ നിന്നെല്ലാം വളരെയേറെ മുന്നോട്ടുപോയി​രിക്കുന്നു. ജനകീയ പ്രശ്നങ്ങളെക്കുറിച്ച് സിനിമയുണ്ടാക്കാനും കൊണ്ടുനടന്ന് കാണിക്കാനും അശ്രാന്തം പരിശ്രമിച്ചവരാണ് സി ശരത്ചന്ദ്രനെ പോലുള്ളവർ. തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന കച്ചവട സിനിമകൾക്കും ഫിലിം സൊസൈറ്റികളിൽ പ്രദർശിപ്പിച്ചിരുന്ന ആർട് സിനിമകൾക്കും അപ്പുറം പുതിയൊരു തലമായിരുന്നു ഇത്തരം സിനിമകളുടെ പ്രദർശനം. ഇന്ന് ഫിലിം സൊസൈറ്റികൾ പോലും ഈ സാധ്യത ഉപയോ​ഗിക്കുന്നുണ്ട്. ഇപ്പോൾ ഞങ്ങൾ കാണിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കാൻ കേരളത്തിൽ നിരവധി ആളുകളും ഗ്രൂപ്പുകളുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം സിനിമാ പ്രേക്ഷകർ ഇടതുപക്ഷം-പരിസ്ഥിതി എന്നീ കാഴ്ചപ്പാടുകളുള്ള ഒരു വിഭാഗമാണ്. ഈ സങ്കലനം ചിലപ്പോൾ പ്രശ്നങ്ങളും ചിലപ്പോൾ ഗുണങ്ങളുമുണ്ടാക്കാറുണ്ട്. പക്ഷെ ഗുണപരമായി ചിന്തിക്കുകയാണെങ്കിൽ ഈ സങ്കലന വിഭാഗമാണ് സൈലന്റ് വാലി, പൂയംകൂട്ടി, ചാലിയാർ, പെരിങ്ങോം തുടങ്ങിയ സമരങ്ങളുടെ വിജയകാരണം. ഇന്ന് പെരിയാർ, മലമ്പുഴ, ഭവാനി തുടങ്ങിയവ ആഗോളവത്ക്കരണം മൂലമുള്ള വില്പനയ്ക്ക് വഴങ്ങാത്തതിന് കാരണവും ഈ സങ്കലന വിഭാഗത്തിന്റെ ഇടപെടലുകൾ കൊണ്ട് തന്നെയാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം വിജയങ്ങൾ കുറവാണ്. ഈ പ്രത്യേക വിഭാഗം തന്നെയാണ് ഡോക്യുമെന്ററി സിനിമകളുടെ മുഖ്യ പ്രേക്ഷകർ.

കാന്ധമാൽ സംഭവത്തെക്കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി വോയ്സ് ഫ്രം ദ റൂയിൻസ് പോസ്റ്റർ

നർമ്മദ സമരത്തിന് ശശിയുടെ ഡോക്യുമെന്ററി നിർവ്വഹിച്ച പങ്ക്?

പ്രശ്നാധിഷ്ഠിതമായ ഡോക്യുമെന്ററി സിനിമകൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ സമരമായിരുന്നു നർമ്മദ. പല മേഖലകളിലും കഴിവുകളുള്ളവർക്ക് ഈ സമരത്തിൽ പലതരം അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് നർമ്മദ സമരത്തിൽ ഡോക്യുമെന്ററി സിനിമയ്ക്കും ഏറെ പ്രസക്തിയും പങ്കും ഉണ്ടായത്. തിരിച്ച് സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമകൾ ഉണ്ടാക്കിയ സാധ്യത ഉപയോ​ഗിക്കാൻ സമരത്തിനും കഴിഞ്ഞിരുന്നു. നർമ്മദ സമരത്തെക്കുറിച്ചുള്ള ആദ്യത്തെ സിനിമയായിരുന്നു ഞങ്ങൾ ചെയ്ത “വാലി റസിസ്റ്റ് ടു ഡൈ”. ഈ സിനിമ നർമ്മദ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യയിലെ നിരവധി സംഘടനകളും വ്യക്തികളും പ്രദർശിപ്പിക്കുകയുണ്ടായി. ഇതിനുശേഷം കുറെയേറെ ഡോക്യുമെന്ററി സിനിമകൾ നർമ്മദ സമരത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. പക്ഷെ ഓരോ സിനിമയും ഈ സമരത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് ചിത്രീകരിച്ചത്. ഒരു സിനിമയും ആവർത്തനമായിരുന്നില്ല എന്നത് വളരെ പ്രസക്തമാണ്. പ്രസ്തുത അണക്കെട്ടിനു വേണ്ടിയുള്ള ജപ്പാൻ, വേൾഡ് ബാങ്ക് ഫണ്ടുകൾ നിർത്തലാക്കാൻ അന്തർദേശീയ തലത്തിൽ പല സംഘടനകളും ശബ്ദമുയർത്തിയിരുന്നു. അതിന്റെ ഭാഗമായി അവർ ഈ ഡോക്യുമെന്ററി സിനിമ ഉപയോഗിച്ചിരുന്നു. ഫ്രാൻസിൽ ഇത് വിവർത്തനം ചെയ്തു തന്നെ അവർ ഉപയോഗിച്ചു.

കേരളത്തിലെ ജനകീയ സമരങ്ങളും ഡോക്യുമെന്ററികളും ഏതുവിധത്തിലാണ് ബന്ധപ്പെടുന്നത്?

കേരളത്തിലെ ജനകീയ സമരങ്ങളെക്കുറിച്ചുണ്ടാകുന്ന ഡോക്യുമെന്ററി സിനിമകൾ സമരങ്ങളെ മാത്രമല്ല മുന്നോട്ടുകൊണ്ടുപോകുന്നത്. ഇത്തരം സിനിമകൾ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെ പോലും ഏറെ സ്വാധീനിക്കുന്നുണ്ട്. ഡോക്യുമെന്ററി
സിനിമ ഉണ്ടാക്കുന്നവരെപ്പോലെതന്നെ ഇന്ന് കേരളത്തിലെ ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് വളരെ ചെറുതാണങ്കിൽ പോലും സമരങ്ങൾക്ക് ഇത് വളരെ പുതിയ ശക്തിയാണ് നൽകുന്നത്. എഴുപതുകളിലെ പ്രസ്ഥാനങ്ങളിൽ ബുദ്ധിജീവിക്കും ആക്ടിവിസ്റ്റിനും കലാകാരനും വെവ്വേറെ തുരുത്തുകളിലായിട്ടുള്ള പങ്കുകളായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ, ഇന്ന് ഇത് മൂന്നും ഒരുമിച്ചു ചേർന്ന പങ്കുകൾക്കാണ് പ്രസക്തി. ജനകീയ പ്രശ്നങ്ങളിൽ പങ്കാളിത്തമില്ലാത്ത ബുദ്ധിജീവികൾക്കും, കലാകാരന്മാർക്കും ഇന്ന് ജനകീയ പ്രസ്ഥാനങ്ങളിൽ പ്രസക്തിയില്ലാതായിരിക്കുന്നു. അതുപോലെ ബുദ്ധിയും കലയും ജനകീയ പ്രശ്നങ്ങൾക്കുവേണ്ടി ഉപയോഗിക്കാത്ത ആക്ടിവിസ്റ്റുകൾക്കും ഇന്ന് പ്രസക്തിയില്ല. തന്റെ ജോലി ബുദ്ധിയോ കലയോ മാത്രമാണെന്ന് വിശ്വസിക്കുന്നവരോട് ഇന്നത്തെ ആക്ടിവിസ്റ്റുകൾ ‘പോയി പണിനോക്കാൻ’ പറയും. കാരണം അവർക്കും പങ്കാളിത്തമുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ടാണിത്. ഈ മൂന്നു കഴിവുകളും കൂടിയുള്ളവരുടെ ഒത്തൊരുമയാണ് ഞങ്ങളെപ്പോലുള്ളവരുടെ ഡോക്യുമെന്ററികൾ.

ഇലയും മുള്ളും റിലീസ് ചെയ്തപ്പോൾ വന്ന പത്ര പരസ്യം

കഥാചിത്രങ്ങളിലേക്ക് തിരിയാനുണ്ടായ കാരണം?

1980 കളിൽ ഡോക്യുമെന്ററി സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോഴുള്ള അതേ സന്ദർഭമാണ് ഇന്ന് കഥാചിത്രങ്ങളിൽ ഉള്ളത്. സാമൂഹ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഫീച്ചർ ഫിലിമുകൾ ഉണ്ടെങ്കിൽ തന്നെ പ്രശ്നാധിഷ്ഠിത കഥാചിത്രങ്ങൾ വളരെ കുറവാണ്. ഒരു സാമൂഹ്യ പ്രശ്നത്തിന്റെ ഉള്ളിലേക്കിറങ്ങി ചെല്ലുകയും ആ പ്രശ്നത്തിന്റെ പല മുഖങ്ങൾ കാണിക്കുകയും ചെയ്യുന്ന കഥാചിത്രങ്ങൾ വളരെ വിരളമാണ് ഇന്ന് ഇന്ത്യയിൽ. കച്ചവട സിനിമ, ആർട്ട് സിനിമ എന്നിങ്ങനെയുള്ള പൊള്ളയായ മുഖംമൂടികളിലും തത്വങ്ങളിലും ഇന്ന് കഥാചിത്രങ്ങൾ ഒതുങ്ങിയിരിക്കുന്നു. ഈ വേർതിരിവുകൾക്കപ്പുറം ഡോക്യുമെന്ററി സിനിമകളിൽ ഉള്ളപോലെ തന്നെ ജനകീയ പ്രശ്നങ്ങളിൽ ഊന്നിക്കൊണ്ടുള്ള സിനിമകൾ ഇവിടെ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. സാമൂഹികവും രാഷ്ട്രീയവുമായ സംവാദത്തിന് യഥാർത്ഥത്തിൽ ഡോക്യുമെന്ററികളേക്കാൾ സാധ്യത കഥാചിത്രങ്ങൾക്കുണ്ട്. സിനിമയെ യാഥാർത്ഥ്യമായി സങ്കൽപ്പിച്ചുകൊണ്ട് അതിന്റെ രംഗങ്ങളോട് തീവ്രമായി ജനങ്ങൾ പ്രതികരിച്ച അനുഭവങ്ങൾ ഡോക്യുമെന്ററികളേക്കാളേറെ ‘ഇലയും മുള്ളും’ എന്ന കഥാചിത്രത്തിൽ നിന്നാണ് എനിക്കു ലഭിച്ചത്. ഒരു കഥാചിത്രം എന്ന നിലയിലല്ല, നമ്മുടെ സമൂഹത്തിന്റെ ഒരു യാഥാർത്ഥ്യം എന്ന നിലയിലാണ് ‘ഇലയും മുള്ളും’ അവതരിപ്പിച്ചതും ജനങ്ങൾ പ്രതികരിച്ചതും.

കഥാചിത്രങ്ങളുടെ പ്രദർശനങ്ങൾ?

ഈ പ്രശ്നങ്ങളിൽ കുറച്ചുകാലമായി കുരുങ്ങിയിരിക്കുകയാണ് ഞാൻ. പ്രശ്നങ്ങൾ അവസാനിക്കുമെന്ന വിശ്വാസത്തിൽ മുന്നോട്ടുപോകുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read