അച്ചടിയെ അതിജീവിച്ചു എന്നു പറയാറായിട്ടില്ല

അച്ചടിയിൽ നിന്നും ഡിജിറ്റൽ ലിപികളിലേക്ക് വ്യാപിച്ചിരിക്കുന്നു മലയാളം. ബ്ലോഗുകളും സമൂഹ മാധ്യമങ്ങളും വെബ് പോർട്ടലുകളും ഉൾപ്പെടെ പല പ്രതലങ്ങളിൽ ഇന്ന് മലയാളം വായിക്കപ്പെടുന്നു. ഡിജിറ്റൽ മലയാളത്തിന്റെ എഴുത്തും പ്രസാധനവും വായനയും അച്ചടിയിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെയെന്നും വായനയെ അത് എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും അന്വേഷിക്കുകയാണ് ഈ വായനവാരത്തിൽ കേരളീയം.

ഡിജിറ്റൽ ചുമരുകളിലെ വായനക്കാലം –3

വായനയുടെയും എഴുത്തിന്റെയും ജനാധിപത്യ ഇടമെന്നാണല്ലോ സമൂഹ മാധ്യമങ്ങൾ അറിയപ്പെടുന്നത്. പലതരം സൃഷ്ടികൾ ഓരോ നിമിഷവും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ഒരിടത്തിൽ, എത്തരത്തിലുള്ള രചനകളാണ് താങ്കളെ ആക‍ർഷിക്കുന്നത് ? തുട‍ർച്ചയായി വായിക്കുന്നത് ?

സമൂഹ മാധ്യമങ്ങളെ ജനാധിപത്യ ഇടം എന്ന് കൃത്യമായി പറയുക പ്രയാസമാണ്, മറിച്ച് ഓരോ സമൂഹത്തിന്റെയും അധികാര സങ്കൽപ്പവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയാവും നല്ലത്. അതേസമയം അത് ഭാവന ചെയ്യുന്ന സാർവ്വലൗകികത വ്യക്തിയെ കരുതലിൽ എടുത്തിരിക്കുന്നു. എങ്കിൽ അത് എങ്ങനെ വിനിയോഗിക്കപ്പെടണം എന്ന് തീരുമാനിക്കുന്നത് ആ ഒരാളാണ്. അതുകൊണ്ടാണ് സമൂഹ മാധ്യമത്തിലെ ‘അയാൾ’ കൂടുതൽ രാഷ്ട്രീയ ജീവിയാവുന്നത്. അന്യന്റെയും ഭരണകൂടത്തിന്റെയും നോട്ടപ്പുള്ളിയാവുന്നത്.

സമൂഹ മാധ്യമത്തിലെ സാഹിത്യ രചനകൾ ശ്രദ്ധിക്കാറുണ്ട്. വിശേഷിച്ചും കവിതകൾ. 

ആനുകാലികങ്ങളുടെയും പുസ്തകങ്ങളുടെയും വായനാ സമയത്തെ അപഹരിക്കുന്നുണ്ടോ സമൂഹ മാധ്യമ വായന ? അച്ചടി മാധ്യമങ്ങൾക്ക് പകരംവയ്ക്കാനാവുന്നതാണോ ഡിജിറ്റൽ ചുമരുകളിലെ വായന ?

ഞാൻ പുസ്തകങ്ങളുടെ വായനക്കാരനാണ്. അഥവാ, കൂടുതൽ ഇഷ്ടം അതാണ്‌, അതിനൊരു അടുപ്പം കൂടും. വായന സമയാപഹരണമാവുന്നില്ല എന്നാണ് എന്റെ പക്ഷം, രണ്ടു മാധ്യമങ്ങളിലും. അച്ചടിയുടെ ഒരു തുടർച്ച ഡിജിറ്റൽ മാധ്യമത്തിൽ കാണാം. എന്നാൽ ഇന്നത് രണ്ടും രണ്ടായി വേർപെട്ടിരിക്കുന്നു. മലയാളം അത് പതുക്കെ മനസ്സിലാക്കുന്നു.

സമൂഹ മാധ്യമങ്ങളിലെ എഴുത്തിനെയും വായനയെയും സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ് ? എത്തരത്തിലുള്ള എഴുത്തുകളാണ് വായിക്കപ്പെടുന്നതും ച‍ർച്ചചെയ്യപ്പെടുന്നതും ?

അത് നമ്മുടെ ഓരോരുത്തരുടെയും തിരഞ്ഞെടുപ്പ് നിർണ്ണയിക്കുന്നു. അപ്പോഴും സമൂഹ മാധ്യമങ്ങളിൽ മിന്നിമായുന്ന ഊർജ്ജം ഒരു സെൻസേഷണലൈസേഷൻ നിലനിർത്താൻ ശ്രമിക്കുന്നു.  കൂടുതൽ വായിക്കപ്പെടുന്നത് ‘വാർത്തകളാണ്’; നാം നിർമ്മിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ‘വാർത്തകൾ.’

കരുണാകരൻ

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ, മലയാളത്തിലെ സാഹിത്യ-സാഹിത്യേതര രചനകളെ സ്വാധീനിക്കുന്നുണ്ടോ ?

ഇല്ല. പക്ഷെ അങ്ങനെ നടിക്കുന്ന എഴുത്തുകൾ ഉണ്ടാവുന്നുണ്ട്.
എഴുത്തിനെ സ്വാധീനിക്കുന്നത് ‘പാരമ്പര്യം’ ആണ്‌. അതിനോടുള്ള ഇടർച്ചയാണ് ‘പുതിയത് ‘ സൃഷ്ടിയ്ക്കുന്നത്.

അച്ചടിക്കപ്പെടുന്നതിന്റെ ആധികാരികത സമൂഹ മാധ്യമങ്ങളിലെ എഴുത്തുകൾക്ക് കൽപ്പിക്കപ്പെടുന്നില്ലേ ?  

യാഥാസ്ഥിതികങ്ങളായ അധികാര സങ്കൽപ്പങ്ങളെകുറിച്ച് നമ്മൾ പുലർത്തുന്ന ധാരണകളാണ് ഇതിന്റെ ഉത്തരങ്ങൾ – നമ്മൾ അച്ചടിയെ അതിജീവിച്ചു എന്ന് പറയാറായിട്ടുമില്ല.

സമൂഹ മാധ്യമങ്ങളിലെ സംവാദങ്ങളിൽ തുറസ്സുകൾ സൃഷ്ടിക്കപ്പെടേണ്ടതാണ്. പക്ഷെ അധികവും അങ്ങനെ സംഭവിക്കാറില്ല. വിശേഷിച്ചും നമുക്കിടയിൽ. നമ്മുടെ ഭാഷയിൽ. ഒരുപക്ഷെ, നീണ്ടുനിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് മനോഘടന അതിനു കാരണമാണ്. നമ്മൾ ജനാധിപത്യത്തെ അല്ല, അധികാരത്തെയാണ് പലപ്പോഴും അത്തരം സംവാദങ്ങളിൽ ഉറപ്പിക്കുന്നത്. അതിനൊരു മാറ്റമുണ്ടാവുക, പൗരസമൂഹത്തിന്റെ കണ്ടെത്തലായി സമൂഹ മാധ്യമങ്ങളെ കാണുമ്പോൾ ആയിരിക്കും. ലോകത്തെ പല സമൂഹങ്ങളിലും അങ്ങനെയൊരു കാഴ്ചപ്പാട് വന്നിട്ടുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 19, 2023 2:12 pm