ദു‍ർബല ജനവിഭാ​ഗങ്ങളുടെ ജീവിതം മറച്ചുവയ്ക്കുകയാണ് ‘അതിദരിദ്രർ ഇല്ലാത്ത കേരളം’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നവംബർ 1 ന് കേരള സർക്കാർ പ്രഖ്യാപിക്കാൻ പോകുന്ന ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന പ്രഖ്യാപനം പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സർക്കാർ നടത്തുന്ന പ്രഖ്യാപനത്തിന് പൊതുസമ്മതി നേടാനാണ് മോഹൻലാൽ, മമ്മൂട്ടി, കമലഹാസൻ തുടങ്ങിയവരെ പ്രഖ്യാപന വേദിയിലണിനിരത്തുന്നത്. യഥാർത്ഥത്തിൽ പ്രഖ്യാപനം ഒരു വഞ്ചനയാണ്. കേരളത്തിലെ വലിയൊരുവിഭാഗം ദരിദ്ര ജനവിഭാഗങ്ങളുടെ യഥാർത്ഥ ജീവിത സാഹചര്യത്തെ മറച്ചുവെക്കുന്നതാണ്. ദരിദ്ര ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠനങ്ങളില്ലാത്ത സിനിമാ താരങ്ങളെ മുൻനിർത്തി നൂറ് കണക്കിന് വരുന്ന ദരിദ്രജനവിഭാഗങ്ങളെ കബളിപ്പിക്കുകയാണ്. സിനിമാ താരങ്ങൾ പ്രഖ്യാപന പരിപാടിയിൽ നിന്നും പിൻമാറണം.

കേരളത്തിലെ ഗുരുതരമായ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളായ ദാരിദ്ര്യവും, പട്ടിണിയും, ഭൂരാഹിത്യവും, ഭവനരാഹിത്യവും, തൊഴിലില്ലായ്‌മയും, രോഗങ്ങളും, സാമൂഹിക സുരക്ഷാ പദ്ധതികളുടെ കുറവും വിലകുറഞ്ഞ രാഷ്ട്രീയകളിക്ക് വേണ്ടി നവംബർ 1 ൻ്റെ പ്രഖ്യാപനം യഥാർത്ഥ ചിത്രം മറച്ചുവെക്കുകയാണ്.

Representative Image

കേരളത്തിലെ അതിദുർബല ജനവിഭാഗങ്ങളായി കണ്ടെത്തിയത് 64,000 കുടുംബങ്ങളെയാണ്. ഇവരിൽ അഞ്ച് ശതമാനം മാത്രമേ ആദിവാസികളുള്ളൂ. 20 ശതമാനം ദലിതരും 75 ശതമാനം ഇതരവിഭാഗങ്ങളുമാണ്. ഒറ്റനോട്ടത്തിൽ തന്നെ കണക്കുകൾ വ്യാജമാണെന്ന് കാണാവുന്നതാണ്. ഗോത്രവർഗ്ഗ വിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഭൂരഹിതരും, ഭവന രഹിതരും, തൊഴിൽ രഹിതരുമാണ്. നൂറുകണക്കിന് കുടുംബങ്ങൾ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരാണ്. സിക്കിൾ സെൽ അനീമിയ രോഗികൾ നിരവധിയാണ് (1234). പോഷകാഹാര കുറവുള്ള കുട്ടികൾ നിരവധിയാണ്. പണിയ, കുറിച്ച്യ വിഭാഗങ്ങൾക്കിടയിൽ 2020 ൽ നടത്തിയ ഒരു പഠനമനുസരിച്ച് (Sabu etal) 59 ശതമാനം കുട്ടികൾക്കും അണ്ടർവെയ്റ്റാണ്. 52.3 ശതമാനം കുട്ടികൾ വളർച്ച മുരടിച്ചവരായാണ്. 2022 ൽ LUCMPH (International Journal of Community Medicine & Public Health) (Prevalence of Malnutrition among Tribals of Wayanad) അഞ്ച് വയസ്സിന് താഴെയുള്ള 54.8 ശതമാനം കുട്ടികളിലും മാൽന്യൂട്രീഷനാണെന്ന് കണ്ടെത്തിയിരുന്നു. ഗ്രാമീണ മേഖിലയിലെ കാർഷിക തൊഴിലുകൾ – പ്രത്യേകിച്ചും സ്ത്രീകൾക്ക് – ഇല്ലാതായത് ദാരിദ്ര്യത്തിനും പോഷകാഹാര കുറവിനും കാരണമാണ്. നെൽവയലുകളിൽ കൊയ്ത്തിനും നടീലിനും യന്ത്രങ്ങൾ വന്നു. ഉള്ള തൊഴിലുകളിൽ അന്യസം സ്ഥാനക്കാർ വന്നു. തൊഴിലുറപ്പിൽ ചെറിയ വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നു.

വിദ്യാഭ്യാസമുള്ളവർ തൊഴിൽ രഹിതരാണ് പാതിവഴിയിൽ പഠനം നിർത്തിയവർക്ക് നഗരങ്ങളിലെ തൊഴിലുകളിൽ പ്രവേശിക്കാനുള്ള കഴിവുകൾ (Skills) ഇല്ല, തൊഴിൽ രഹിതർ ആയിരക്കണക്കിനാണ് ഐക്യരാഷ്ട്രസഭ കണക്കാക്കിയ പ്രതിദിന വേതനമായ 157 രൂപ പോലും ലഭിക്കാത്തവരാണിവർ. സൗജന്യറേഷന് സർക്കാരിനെ ആശ്രയിച്ചു ജീവിക്കുന്ന അതിദരിദ്രരാണിവർ. ശിശുമരണം വ്യാപകമായി നടന്ന അട്ടപ്പാടിയിലെയും സ്ഥിതി വ്യത്യസ്ഥമല്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ നടത്തിയ പഠനമനുസരിച്ച് (20 ഊരുകൾ, 480 വീടുകൾ, 523 കൂട്ടികൾ, 40 ഗർഭിണികൾ, 110 മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ പഠനം) 48 ശതമാനം കുട്ടികൾക്ക് ഭാരക്കുറവും, 40 ശതമാനം കുട്ടികൾക്ക് വളർച്ച മുരടിച്ചവരുമാണ്. 91 ശതമാനം കുട്ടികൾക്കും, 96 ശതമാനം കൗമാരക്കാരായ പെൺകുട്ടികൾക്കും, 80 ശതമാനം ഗർഭിണികൾക്കും രക്തക്കുറവാണ്. ഇവരിൽ 10 ശതമാനം പേരും ഭൂരഹിതരാണ്.

Representative Image

ആദിവാസി മേഖലകൂടാതെ ദലിതരും, മത്സ്യത്തൊഴിലാളികളും, തോട്ടം തൊഴിലാളികളും മറ്റ് തൊഴിൽ മേഖലകളിലുള്ളവരും ദരിദ്രരാണ്. തുച്ഛമായ വേതനത്തിന് വേണ്ടി തൊഴിലെടുക്കുന്ന ആശാവർക്കർമാരെ പോലുള്ള നിരവധി പേർ സാമൂഹിക സേവനരംഗത്തുണ്ട്. പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും കൊണ്ട് ജീവിതം തകർന്നവർ നിരവധിയാണ്. മേൽപ്പറഞ്ഞ ജനവിഭാഗങ്ങളുടെ ദുസ്സഹമായ ജീവിത സാഹചര്യം സർക്കാർ മറച്ചുവെക്കുകയാണ്. അതിദാരിദ്ര്യ നിർമ്മാർജന പ്രഖ്യാപനം വഴി യഥാർത്ഥ ദാരിദ്ര്യം പരിഹരിക്കാനുള്ള പദ്ധതികളിൽ നിന്നും സർക്കാർ പിൻമാറുകയാണ്. വിവിധ ദുർബല വിഭാഗം ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയെ കുറിച്ച് സമഗ്രമായ സർവ്വെ നടത്തി, പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയാണ് സർക്കാർ നടപ്പാക്കേണ്ടത്.

(രേഷ്‌മ കെ.ആർ – ആദിശക്തി സമ്മർ സ്‌കൂൾ, എം. ഗീതാനന്ദനൻ – സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ആദിവാസി ഗോത്ര മഹാസഭ, മണികണ്ഠൻ സി, ജിഷ്ണു ജി – ആദിശക്തി സമ്മർ സ്‌കൂൾ, രമേശൻ കൊയാലിപ്പുര – ഗോത്രമഹാസഭ)

Also Read

2 minutes read October 28, 2025 11:42 am