ഒരു പന്തിന് ചുറ്റും ഭൂലോകം തിരിഞ്ഞുതുടങ്ങുകയായി

“ഖത്തറിൽ തുടങ്ങുന്ന ലോകകപ്പ് പ്രവാസി സമൂഹത്തിന്റെ കൂടി ആഘോഷമാണ്, പ്രത്യേകിച്ച് മലയാളികളുടെ. ഇന്ത്യയിൽ ഒരു ലോകകപ്പ്‌ നടന്നാൽ പോലും ഇത്രയേറെ മലയാളി സാന്നിധ്യത്തിന് സാധ്യതയില്ല. സ്റ്റേഡിയമുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ അധ്വാനത്തിന്റെ വിയർപ്പുണ്ട്. കാണികളുടെ ഇരിപ്പിടത്തിന്റെ നിർമ്മാണം മുതൽ മത്സരത്തിനെത്തുന്ന താരങ്ങളുടെ സഞ്ചാരത്തിനുള്ള അലങ്കാര വാഹനങ്ങളൊരുക്കുന്നതും മലയാളി സംരംഭകർ.” ഖത്തറിൽ നിന്നും ഷഫീക്ക് അറക്കൽ എഴുതുന്നു.

നവംബർ 20 ന് ഖത്തറിൽവിസിൽ മുഴങ്ങുന്ന കാൽപന്തു പൂരത്തിനായി കളി ആരാധകർ ദോഹയിലേക്കോഴുകി തുടങ്ങി. ഖത്തറിന്റെ ഓരോ ചലനങ്ങളും ഇനി ലോകത്തിന്റെ തരംഗമാകും. സൗദിയിൽ നിന്നും കാൽനടയായെത്തിയ അബ്ദുള്ള അൽ സലാമിയെന്ന അയൽരാജ്യത്തെ ആരാധകനെ ദോഹ കോർണീഷിൽ വൻ വരവേൽപ്പ് നൽകിയാണ്‌ ഖത്തർ സ്വീകരിച്ചത്. സെപ്തംബർ ആദ്യവാരം സൗദിയിൽ നിന്നും കാൽനടയായി 55 ദിവസം കൊണ്ടാണ് സലാമി ഖത്തറിൽ എത്തിയത്. ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലെ ആകാശം തൊടുന്ന കെട്ടിടങ്ങളിൽ ഇതിഹാസ താരങ്ങളുടെ കൂറ്റൻ ചിത്രങ്ങളും, നഗരവീഥികളിൽ മത്സരിക്കുന്ന രാജ്യങ്ങളുടെ പതാകകളുമായി ലോകകപ്പിന്റെ ആവേശം അലയടിക്കുകയാണ്.

ലോകകപ്പ്‌ ചരിത്രത്തിലെ സമാനതകളില്ലാത്ത വിസ്മയങ്ങളാണ് കടലിനെ ചുംബിച്ചുകിടക്കുന്ന ഖത്തർ എന്ന കൊച്ചുരാജ്യം ഒരുക്കിവെച്ചിട്ടുള്ളത്‌. 2022 ലെ ലോകകപ്പ്‌ ഏഷ്യൻ വൻകരയുടെയാകെ ആഘോഷമാകുമെന്നാണ് 2010 ൽ ഫിഫയുടെ ബിഡ് ലഭിച്ചപ്പോൾ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ലോകത്തോട് പറഞ്ഞത്. ലോകകപ്പ്‌ ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ കൂടി ആഘോഷമാകുമെന്ന പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പ്രഖ്യാപനത്തിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് ഇന്ത്യക്കാരായ പ്രവാസികളാണ്. ഇന്ത്യയിൽ ഒരു ലോകകപ്പ്‌ നടന്നാൽ ഇത്രയേറെ മലയാളി സാന്നിധ്യത്തിനൊട്ടും സാധ്യതയുമില്ല. ഏറിയാൽ കൊച്ചിയിലെ സ്റ്റേഡിയത്തിൽ ഒരു കളിനടന്നേക്കാം. ഖത്തർ ലോകകപ്പിൽ ഒർഗനൈസർ മുതൽ വളണ്ടിയർമാരടക്കം സ്ത്രീ പുരുഷഭേദമില്ലാതെയുള്ള പ്രവാസികളുടെ നിറഞ്ഞ പങ്കാളിത്തം ചരിത്രമാകും. സ്റ്റേഡിയമുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ അധ്വാനത്തിന്റെ വിയർപ്പുണ്ടെന്നതിലും അഭിമാനിക്കാം. കാണികളുടെ ഇരിപ്പിടത്തിന്റെ നിർമ്മാണം മുതൽ ലോകകപ്പ് മൽസരത്തിനെത്തുന്ന താരങ്ങളുടെ സഞ്ചാരത്തിനുള്ള അലങ്കാര വാഹനങ്ങളോരുക്കുന്നതിലും മലയാളി സംരംഭകരുടെ സാന്നിധ്യമുണ്ട്. ഏഷ്യയിലെ രണ്ടാമത്തേതും അറബ് മേഖലയിലെ ആദ്യത്തെതുമായ 2022 ലെ ഫിഫ ലോകകപ്പ്‌ 32 രാജ്യങ്ങൾ മത്സരിക്കുന്ന അവസാനത്തെതുമാകും. അടുത്ത ലോകകപ്പിന് അമേരിക്കയും-കാനഡയും വേദിയാകുമ്പോൾ 48 രാജ്യങ്ങളാകും മത്സരിക്കുക. മറ്റുരജ്യങ്ങളിൽ നടന്ന ലോകകപ്പിനെ അപേക്ഷിച്ച് എട്ട് സ്റ്റേഡിയങ്ങളിൽ നടക്കുന്ന ഖത്തർ ലോകപ്പിൽ എല്ലാ കളികളും ഫുട്ബോൾ പ്രേമികൾക്ക് കാണാൻ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്. ലോകത്തിന് അറബ് സംസ്ക്കാരം പരിചയപെടുത്തുന്നതരത്തിലാണ് 70 കിലോമീറ്റർ ചുറ്റളവിൽ എട്ട് ലോകകപ്പ്‌ സ്റ്റേഡിയങ്ങളുടെയും രൂപ ഘടന. ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വേദിയായ ഓൾഡ്‌ ട്രഫോഡിൽ നിന്ന് ലിവർപൂളിലെ ആൽഫീൽഡിലെത്തുന്ന സമാനദൂരമാണ് ഖത്തറിലെ എട്ട് ലോകകപ്പ്‌ വേദികളിലേക്കുമെത്താനുള്ളത്.

ലോകകപ്പ് കാണാനായി ജിദ്ദയിൽ നിന്ന് കാൽനടയായി ഖത്തറിലെത്തിയ അബ്ദുള്ള അൽ സലാമിക്ക് സ്വീകരണം നൽകുന്നു.

ലോകകപ്പ്‌ ചരിത്രത്തിലെ ‘മോസ്റ്റ്‌ കോമ്പാക്ട്’ ടൂർണമെന്റ് എന്ന സവിശേഷതയുമായി കാൽപന്തുകളിയുടെ വിശ്വമാമാങ്കത്തിന്റെ ഖത്തറിലെ ഓരോ കളിക്കളങ്ങളും അറബിക്കഥയിലെ അത്ഭുതങ്ങളുടെ യാഥാർത്ഥ്യങ്ങളാകുകയാണ്. ലോകത്തിനെ അമ്പരപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങളിൽ രാജ്യത്തിന്റെ ദേശീയ ദിനമായ ഡിസംബർ 18ന് ഫൈനലിന് സാക്ഷ്യം വഹിക്കുന്ന ‘ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയം’ എന്ന പേരിൽ തന്നെയുണ്ട്‌ ഇനിയും വെളിപ്പെടുത്താത്ത വിസ്മയങ്ങൾ. അറബ് ചരിത്ര പാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനർ റാന്തൽ വിളക്കും നേർത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച് പുരാതന യാനപാത്രത്തിന്റെ ആകൃതിയിലാണ് ദോഹയിൽ നിന്നും 15 കിലോമീറ്റർ ദൂരമുള്ള ലുസൈൽ സ്റ്റേഡിയം. കടലിലേക്ക്‌ മണലും മണലിലേക്ക് കടലും കയറിക്കിടക്കുന്ന മരുഭൂമിയിൽ വലിച്ചുകെട്ടിയ ടെന്റിന്റെ ആകൃതിയിലാണ് ദോഹയിൽ നിന്നും 48 കിലോമീറ്റർ അകലെയുള്ള ലോകകപ്പിന്റെ ഉത്ഘാടന മത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയം. പൂർവികരായ അറബികൾ മരുഭൂമിയിൽ രാപ്പാർക്കുന്ന ടെന്റുകളുടെ മാതൃകയിലുള്ള ഈ കളിമുറ്റത്താകും ആതിഥേയ രാജ്യമായ ഖത്തർ ആദ്യദിനത്തിൽ പന്തുതട്ടുന്നത്. അറബ് കൗമാരക്കാരുടെ തലപ്പാവായ ‘ഗഫിയ’യുടെ മാതൃകയിലാണ് ദോഹയുടെ ചുറ്റുവട്ടത്തുള്ള അൽതുമാമ സ്റ്റേഡിയം. മറ്റാരും പരീക്ഷിക്കാത്ത ഉദ്യമമാണ് കോർണീഷിനെ തൊട്ടുരുമ്മിനിൽക്കുന്ന 974 കണ്ടെയ്നർ മാജിക് സ്റ്റേഡിയം.1930 മുതലുള്ള ലോകകപ്പ്‌ ചരിത്രത്തിൽ മത്സരശേഷം പൊളിച്ചുകളയുന്ന പരിസ്ഥിതി സൗഹൃദ സ്റ്റേഡിയം എന്ന സവിശേഷതയാണ് 974 കണ്ടെയ്നർ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയത്തിനുള്ളത്. 2010 ൽ ലോകകപ്പ്‌ ബിഡ് ലഭിക്കുമ്പോൾ ഖത്തറിൽ ഉണ്ടായിരുന്നത് ഖലീഫ സ്റ്റേഡിയവും അൽറയ്യാൻ സ്റ്റേഡിയവും മാത്രമായിരുന്നു.1975 ൽ നിർമ്മാണം പൂർത്തിയാക്കിയ ഖത്തറിലെ പ്രഥമ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാണ് ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയം. 2006 ലെ ഏഷ്യൻ ​ഗെയിംസ് മുതൽ വൈവിധ്യമാർന്ന കായിക മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം ആദ്യരൂപഘടന നിലനിർത്തികൊണ്ടാണ് പുനർനിർമ്മിച്ചിരിക്കുന്നത്. ദോഹയിലെ കായിക ഹബ്ബായ അസ്പയർ സോണിലുള്ള ഖലീഫ സ്റ്റേഡിയം ലോക അതലറ്റിക്സ്‌ചാമ്പ്യൻ ഷിപ്പ്, ഫിഫ ക്ലബ് ലോകകപ്പ്‌, പാൻ അറബ് ഗയിംസ്, ഏഷ്യ കപ്പ് ഫുട്ബോൾ തുടങ്ങിയ ലോകകായിക മത്സരങ്ങളുടെ ആവേശങ്ങളും ആരവങ്ങളും തങ്ങിനിൽകുന്ന കൂടാരമാണ്. ലോകകപ്പിനായി ആധുനിക സൗകര്യങ്ങളോടെ മോഡി കൂട്ടിയ അൽറയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം ഖത്തർ സ്റ്റാർ ലീഗിലെ കരുത്തരായ അൽറയ്യാൻ എഫ്.സിയുടെ പരിശീലന ഗ്രൗണ്ട്കൂടിയാണ്.
ലോകകപ്പ്‌ സ്റ്റേഡിയങ്ങളുടെ നിർമ്മാണങ്ങളുടെ വേറിട്ടൊരു അത്ഭുതമാണ് ദോഹയിൽ നിന്നും ഏറെ അകലെയല്ലാത്ത വക്രയിലെ അൽജുനൂബ് സ്റ്റേഡിയം. അറബ് ജീവിത സംസ്ക്കാരത്തിന്റെ ഭാഗമായ പായക്കപ്പലിന്റെ മാതൃകയിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. എട്ടാമത്തെ വേദിയായ എജുക്കേഷൻ സ്റ്റേഡിയത്തിന്റെ രൂപകൽപന ഇസ്ലാമിക് വാസ്തുവിദ്യയിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തിയാണ്. സ്പോർട്സിനെ ഉള്ളത്തിൽ സ്നേഹിക്കുന്നവരാണ് ഖത്തരികൾ. രാജ്യത്തിന്റെ വളർച്ചയിൽ കായിക മേഖലയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. 1988 ലെ ഏഷ്യകപ്പ് ഫുട്ബോളിനായുള്ള തയ്യാറെടെടുപ്പോടെയാണ് അതിന് നാന്ദികുറിച്ചത്. പിന്നീട് രാജ്യം കായിക സംസ്ക്കാരത്തിന്റെ ഊർജമുൾകൊണ്ടുള്ള പ്രവർത്തനങ്ങളും കാഴ്ചപ്പാടുകളുമായി മുന്നേറി. 2006 ൽ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളിയതോടെയാണ് ഖത്തർ ലോകശ്രദ്ധയാകർഷിക്കുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴിലായിരുന്ന ഖത്തർ എന്ന കുഞ്ഞു രാജ്യം സ്വതന്ത്രരായതിന് ശേഷം ഓരോ ചലനത്തിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു. ഏഷ്യാകപ്പും ഏഷ്യൻ ഗെയിംസും ഒരുക്കുന്നതിലും വിജയിപ്പിക്കുന്നതിലും ഇന്ത്യക്കാരുടെ പങ്കാളിത്തമുണ്ടായിരുന്നു.
കളിക്കാൻ ലോകത്തോടൊപ്പമെത്തില്ലെങ്കിലും ഫുട്ബോൾ പ്രണയത്തിലൊരു ലോകകപ്പ്‌ നടന്നാൽ കപ്പ് സ്വന്തമാക്കാൻ കഴിയുന്ന നാടാണ് ഇന്ത്യ. ഇന്ത്യക്കാരായ കളിയാരാധകർക്ക് ജീവിതത്തിൽ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് ഏതാനും ദിവസങ്ങൾക്കകം ഖത്തറിൽ നടക്കുന്ന 2022 ലെ ഫിഫലോകകപ്പ്. അയൽക്കാരായ അറബ് രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരെത്തുക ഇന്ത്യയിൽ നിന്നാകും. 12 ലക്ഷത്തോളം പേരെയാണ് ലോകകപ്പ്‌ വേളയിൽ ഖത്തർ പ്രതീക്ഷികുന്നത്. പ്രവാസികളായ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും കൂടെ താമസിക്കാനുള്ള അനുമതിയും കളികാണാൻ വിദേശത്തു നിന്നും എത്തുന്നവർക്ക് നൽകിക്കഴിഞ്ഞു.‌‌‌

ലോകകപ്പിനോട് അനുബന്ധിച്ച് മറ്റൊരു വിമാനത്താവളം കൂടി ഖത്തർ ഒരുക്കി. കളി തുടങ്ങുന്ന നവംബർ 20 മുതൽ ടിക്കറ്റിനോപ്പമുള്ള ഹയ്യാകാർഡിലൂടെ മെട്രോയടക്കമുള്ള പൊതുഗതാഗതം സൗജന്യമാക്കിയിട്ടുണ്ട്. ഫാൻസോണുകളിലെ വലിയ സ്ക്രീനുകളിൽ കളികാണാനുള്ള സൗകര്യങ്ങളോടൊപ്പം നൃത്തവും സംഗീതവുമായി വൈവിധ്യമാർന്ന കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്. ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ളതെന്ന സവിശേഷതയോടൊപ്പം പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പ്, സുസ്ഥിരതയ്ക്ക് ഊന്നൽ നൽകുന്ന ലോകകപ്പ്‌, ഹോസ്പിറ്റാലിറ്റി, ശീതീകരണ സംവിധാനങ്ങളോടെയുള്ള സ്റ്റേഡിയങ്ങൾ, നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ആദ്യലോകകപ്പ്‌, പൊതുഗതാഗതത്തിനായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ലോകകപ്പ്‌ തുടങ്ങിയ പ്രത്യേകതകൾ കൂടിയുണ്ട്.

ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങൾ

മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ, ലുക്കമോഡ്രിച്ച്, ഏഞ്ചൽ ഡി മരിയ, ലൂയിസ് സുവാരാസ്, സെർജിയോ ബുസ്ക്വറ്റ്സ്, തോമസ്‌മ്യുളർ, ഏഡൻ ഹസാർഡ്‌ തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങളുടെ വിടവാങ്ങൽ കളികൂടിയാകും ഖത്തർ ലോകകപ്പ്‌. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇർഫാൻ റിനോയുടെ പ്രതികരണം മൂന്നര വർഷത്തെ ഖത്തർ ഉപരോധം ലോകകപ്പിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ലയെന്ന് വ്യക്തമാക്കുന്നതാണ്. കായിക ലോകത്ത് അവകാശപ്പെടാനൊന്നുമില്ലാതിരുന്ന ഖത്തർ 1981-ൽ ആസ്ട്രേലിയയിൽ നടന്ന ലോകയൂത്ത് ഫുട്ബോൾ മത്സരത്തിൽ ഫൈനലിൽ എത്തുന്നതോടെയാണ്‌ കായിക ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുന്നത്. 1984 ൽ ഒളിമ്പിക്സ് ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചെങ്കിലും 1992-ലെ ബാഴ്സലോണ ഒളിമ്പിക്സിലാണ് ക്വാർട്ടറിൽ എത്തിയത്. 1998 ലെ ഫ്രാൻസ് ലോകകപ്പിൽ യോഗ്യതനേടാനാകാതെ മടങ്ങിയ നിയോഗത്തിന്റെ പാഠം 2022ൽ ആതിഥേയ രാജ്യമെന്ന മധുരസാക്ഷാത്കാരം കൂടിയാണ്. നിലവിലെ ഏഷ്യൻ ചാമ്പ്യൻപട്ടത്തോടെയാണ് സ്വന്തം രാജ്യത്തെ പുൽമൈതാനത്ത് ലോകകായിക മാമങ്കത്തിന് കന്നിയങ്കത്തിനൊരുങ്ങുന്നത്. ഏഷ്യൻ ഫുട്ബോളിന്റെ ഉച്ചിയിലേക്ക് ഖത്തർ കുതിച്ചത് കൃത്യമായ കളി അടവുകളുമായി അശ്രാന്ത പരിശ്രമത്തോടെയായിരുന്നു.

പെൺകുട്ടികളുടെ വീട് ‘ കവർ

മുത്തുവാരുന്നതിനായി കടലാഴങ്ങളിൽ മുങ്ങിനിവർന്നപ്പോൾ ബ്രിട്ടീഷ്കാരുടെ കപ്പലിൽനിന്നും കിട്ടിയ കാൽപന്ത് കരയിൽ ഉരുട്ടാനുള്ള ശ്രമം വിഫലമായതിനെതുടർന്ന് “ഗുബ്ബത്ത് ഷെയ്ത്താൻ’ (പിശാചിന്റെ ഗോളം) എന്ന് പറഞ്ഞു ഒറ്റതട്ടിന് കടലിലേക്ക് വലിച്ചെറിയുന്നതായി അറബ് ദേശം കാൽപന്തിനെ ഭയത്തോടെ കണ്ട കാലത്തെക്കുറിച്ച് ‘പെൺകുട്ടികളുടെ വീട്’ എന്ന നോവലിൽ സോണിയ റഫീക്ക് വിവരിക്കുന്നുണ്ട്. 1940-കളിൽ ഖത്തർ മണ്ണിൽ ആദ്യമായി കാൽപന്തുരുളുന്നത് എണ്ണ ഖനനത്തിനായി എത്തിയ ഇംഗ്ലീഷ്കാരിലൂടെയാണെന്നത് ചരിത്രം. ഒരുപതിറ്റാണ്ടിനിടെ 1962 ൽ ദോഹ സ്റ്റേഡിയം നിർമ്മിച്ചു. ബ്രസീൽ ഇതിഹാസം പെലെ 1973-ലെ പ്രദർശന മത്സരത്തിൽ ദോഹസ്റ്റേഡിയത്തിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 1975ൽ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയവും കായികപ്രേമികൾക്ക് സമർപ്പിച്ചതോടെ അന്താരാഷ്ട്രമത്സരങ്ങളും അരങ്ങേറി. യൂറോപ്പ് ഒഴികെയുള്ള രാജ്യങ്ങളിൽ ലോകകപ്പ്‌ വരുമ്പോൾ കുപ്രചാരണങ്ങൾ നടത്തുന്നതിന്റെ തുടർച്ച മാത്രമാണ് ഖത്തറിനെതിരെയുള്ള യൂറോപ്യൻ മാധ്യമപ്പടയുടെ ഉറഞ്ഞുതുള്ളൽ. 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ രാജ്യത്തെ പരമ്പരാഗത സംഗീത ഉപകരണമായ വ്യത്യസ്ത ശബ്ദം പൊഴിക്കുന്ന പീപ്പി (മത്സരിക്കുന്ന താരങ്ങളുടെ ശ്രദ്ധതിരിക്കുമെന്ന മുടന്തൻ ആരോപണങ്ങൾ ഫലിക്കാതെവന്നപ്പോൾ ആ രാജ്യത്തെ ജനങ്ങൾ ക്രിമനലുകളാണെന്ന കുപ്രചരണം പടച്ചുവിട്ടതും
2014 ൽ ബ്രസീൽ ലോകകപ്പ്‌ വേദിയായപ്പോൾ സാമ്പത്തിക അസ്ഥിരതയെകുറിച്ച് ആശങ്കവിതച്ചതും ഇതേ യൂറോപ്യൻ മീഡിയകൾ തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഖത്തർ ഭരണാധികാരി ശക്തമായ ഭാഷയിൽ പ്രതികരിച്ചതും.

ഖത്തറിലേക്കെത്തുന്ന ടീമുകളുടെ ​ഗ്രാഫിക്സ്. കടപ്പാട്: ഫിഫ

ടോക്യോ ഒളിമ്പിക്സിൽ ഭാരദ്വഹനത്തിൽ സ്വർണം നേടി ഫാരിസ് ഇബ്രാഹിം ഖത്തറിന്റെ ആദ്യ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ അവകാശിയെന്ന ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ഭാരദ്വഹനം 96 കിലോഗ്രാം വിഭാഗത്തിൽ ഒളിമ്പിക്സ് റെക്കോർഡ് കുറിച്ചാണ് ഫാരിസിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. മൊത്തം 402 കിലോയാണ് ഫാരിസ് ഉയർത്തിയത്. 2016 ഒളിമ്പിക്സിൽ ഹൈജംപിൽ മുതാസ് ബർഷിം നേടിയ വെള്ളി മെഡലായിരുന്നു ഇതുവരെ ഖത്തറിന്റെ ഏറ്റവും വലിയ നേട്ടം. കായികാഭിനിവേശം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാവർഷവും ഫെബ്രുവരിമാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച രാജ്യം പൊതു അവധിയോടെയാണ് ദേശീയ കായികദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ പാർക്കുകളിൽ വ്യയാമത്തിനുള്ള നടപ്പാതകളിൽ ഒരെണ്ണം ശീതീകരിച്ച സംവിധാനമുള്ളതാണെന്നത് പ്രതികൂല കാലാവസ്ഥയിലും ആരോഗ്യസുരക്ഷയിലും കായികമികവിലും രാജ്യം മുന്നേറികൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. മുഴുവൻ സ്വദേശി വീടുകളിലും രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് ലോകകപ്പിന്റെ ആദ്യമത്സരത്തിൽ ബൂട്ടണിയുന്ന ഖത്തർ ദേശീയ ടീമിന് ഐക്യദാർഢ്യമർപ്പിക്കുന്നത്.

കോവിഡ് മഹാവ്യാധിയിൽ ജീവസ്സറ്റുപോയ ലോകത്തെ മുഴുവൻ കളിയാരാധകരും സുഷുപ്തിയിൽ നിന്നുണർന്ന ചിത്രശലഭങ്ങളായി ഖത്തറിൽ പറന്നിറങ്ങുകയാണ്. നാല് വർഷത്തിലൊരിക്കൽമാത്രം ലോക കാൽപന്തുൽസവത്തിന്റെ ആവേശം കൊടുമുടിയേറുന്ന കളിക്കളങ്ങളിൽ കവിത വിരിയുമ്പോൾ ആരവങ്ങൾക്കു നടുവിൽ പുതിയചരിത്രവും ഇതിഹാസങ്ങളും പിറക്കും. ഖത്തർ ദേശീയദിനമായ ഡിസംബർ 18 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ സ്വർണ്ണക്കപ്പുമായി ജയാഘോഷം നടത്തുന്നത് ഏതു രാജ്യമായാലും 2022 ലെ ലോകകപ്പിലെ അനന്യ വിജയി ആതിഥേയരായ ഖത്തർ മാത്രമാകും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 6, 2022 10:12 am