അറിയാനുള്ള അവകാശത്തിന് നേരെയാണ് ഈ ആക്രമണം

എൽ.ഡി.എഫ് സർക്കാരിന്റെ മാധ്യമങ്ങളോടുള്ള സമീപനം ഒ‍ട്ടും തന്നെ ആരോ​ഗ്യകരമല്ല. ഒന്നിന് പുറകേ ഒന്നായി വരുന്ന കേസുകളും മറ്റ് അനുഭവങ്ങളും വിലയിരുത്തിയാൽ ഇടതുപക്ഷ സർക്കാരിന്റെ സമീപനം ഒരു സമ​ഗ്രാധിപത്യ സർക്കാരിന് സമാനമായിട്ടുള്ളതാണെന്നാണ് പറയാതിരിക്കാൻ വയ്യാ. ഒരുപക്ഷെ അടിയന്തരാവസ്ഥാ കാലത്തൊഴിച്ച് കേരളത്തിന്റെ ചരിത്രത്തിൽ മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും ഇത്രയും ശത്രുതാപരമായ ഒരു നിലപാടും സമീപനവും സ്വീകരിച്ച സർക്കാരുണ്ടോയിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ആരംഭിച്ചുവെങ്കിലും ഈ സർക്കാരിന്റെ കാലത്താണ് അത് പരകോടിയിലേക്ക് എത്തിയിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോട്ടർ അഖില നന്ദകുമാറിനെ പ്രതി ചേർത്ത് കേസെടുക്കാനുള്ള ഹീനമായ ശ്രമം.

ഇതിനെ കേരളാ പൊലീസിന്റെ മാത്രം ശുദ്ധ മണ്ടത്തരം അല്ലെങ്കിൽ ധിക്കാരമെന്ന് തള്ളിക്കളയാൻ പാടില്ല. കാരണം അതിന് മുകളിലുള്ള രാഷ്ട്രീയ നേത‍ൃ‍‍ത്വമാണ് ഒരു പൊലീസ് സേനയുടെ സ്വഭാവം നിർണയിക്കുന്നത്. രാഷ്ട്രീയ അധികാര ശക്തിയുടെ പിന്തുണയോ അധികാരമോ ഇല്ലാതെ പൊലീസിന് ഇതുപോലെ പ്രവർത്തിക്കാൻ കഴിയുകയില്ല. മാത്രമല്ല, അഥവാ പൊലീസ് അങ്ങനെ ചെയ്താൽ അവരെ നിയന്ത്രിക്കാനും തിരുത്താനും ഒക്കെയുള്ള ഉത്തരവാദിത്തം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു സർക്കാരിന് ഉണ്ടാവേണ്ടതാണ്. അത് ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല, ആ നടപടികളെ പരമാവധി ന്യായീകരിക്കുകയും ഈ നടപടി പോരാ അല്ലെങ്കിൽ ഈ നടപടിക്ക് അപ്പുറം ചെയ്യാൻ മടിക്കില്ല എന്ന രീതിയിൽ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയെ പോലെ ഉത്തരവാദിത്വമുള്ള വ്യക്തി പറഞ്ഞുവെന്നതും അങ്ങേയറ്റം നിർഭാ​ഗ്യകരമാണ്. ജനാധിപത്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും കടക വിരുദ്ധമാണ് ഈ സർക്കാരിന്റെ നിലപാടുകളും, പൊലീസിന്റെ നടപടികളും. സർക്കാരിനേയും ഭരണകക്ഷിയേയും നിയന്ത്രിക്കുന്ന നേതാക്കളുടെ അഭിപ്രായങ്ങളും ഭീഷണികളും എല്ലാം സ്വേച്ഛാധിപത്യ സ്വഭാവമുള്ള സർക്കാരിന്റേതിന് സമാനമായിരിക്കുന്നു.

അഖില നന്ദകുമാർ

മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ മാത്രമല്ല ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിന്റെ കടക്കലാണ് കത്തിവെക്കുന്നത്. ഇത് മാധ്യമ പ്രവർത്തകരുടെ അധികാരത്തെയോ അവകാശത്തെയോ ‍സ്വാതന്ത്ര്യത്തെയോ മാത്രം ബാധിക്കുന്ന ഒന്നാണെന്നുള്ള മട്ടിലാണ് ചർച്ചകൾ. വാസ്തവത്തിൽ അതൊരുപക്ഷത്ത് നിൽക്കുമ്പോൾ തന്നെ ഇതിനെ കൂടുതൽ വിപുലമായ അർത്ഥത്തിൽ നമ്മൾ കാണേണ്ടതുണ്ട്. സമ​ഗ്രമായ രീതിയിൽ നോക്കിക്കാണുമ്പോൾ ഭരണഘടന നമുക്ക് നൽകുന്ന മൗലികാവകാശമായ അറിയാനുള്ള അവകാശത്തിന് നേരെയാണ് ഈ ആക്രമണം. കേന്ദ്ര ​സർക്കാരും അവരെ നയിക്കുന്ന ബി.ജെ.പിയും സംഘപരിവാറുമൊക്കെ അങ്ങനെ എല്ലാ തരത്തിലുമുള്ള സ്വാതന്ത്ര്യത്തിന്റെയും മുകളിൽ കുതിര കയറുന്ന ഒരു കാലമാണിത്. കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ​ഗുരുതരമാകുന്നത് ആ സാഹചര്യത്തിൽ കൂടിയാണ്.

വ്യക്തി സ്വാതന്ത്രത്തിന്റെ കാര്യത്തിലായാലും മത സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലായാലും മൗലികാവകാശമായ പൗരത്വത്തിന് നേരെയായാലും ഉണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ നിൽക്കുന്നു എന്ന് കൊട്ടിഘോഷിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി നയിക്കുന്ന സർക്കാരിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത സമീപനമാണ് ഉണ്ടാകുന്നത് എന്നത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്. ബി.ജെ.പി-സംഘപരിവാറിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ കഴിയുന്ന ഒരു ചെറിയ തുരുത്തായി കേരളം നിലനിൽക്കാനുള്ള സാധ്യത എൽ.ഡി.എഫ് സർക്കാരിന്റെ ഇത്തരം നയങ്ങളിൽക്കൂടി അടച്ചുകളയപ്പെടുകയാണ്. മാത്രമല്ല, ഇടതുപക്ഷത്തിന്റെ തന്നെ നിലപാടുകളെ, അവകാശവാദങ്ങളെ അവർ തന്നെ നശിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read