വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടായ കടലേറ്റത്തിൽ വീടും തൊഴിലും നഷ്ടപ്പെട്ട കടലോര ജനതയുടെ സമരമായിരുന്നു 140 ദിവസമായി തിരുവനന്തപുരത്ത് നടന്നത്. ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ വേണ്ടി നടന്ന ആ സമരത്തെ സർക്കാരും കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും രാജ്യദ്രോഹ പ്രവർത്തനമാക്കി ചിത്രീകരിക്കാനാണ് ആദ്യം മുതൽ ശ്രമിച്ചത്. സമരം ലത്തീൻ സഭയുടെ താത്പര്യങ്ങൾക്കനുസരിച്ച് നടക്കുന്നതാണെന്ന വാദം പ്രചരിക്കപ്പെടുകയും മത്സ്യത്തൊഴിലാളികളുടെ കര്‍തൃത്വത്തെ മാധ്യമങ്ങളടക്കം മറച്ചുവയ്ക്കുകയും ചെയ്തു. സമരം നടത്തുന്നവർ കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുന്നവരാണെന്നും ചിത്രീകരിക്കപ്പെട്ടു. എന്നാൽ വികസന പദ്ധതിയെ എതിർക്കുന്ന രാജ്യദ്രോഹികളാണ് മത്സ്യത്തൊഴിലാളികളെന്ന് വാദിക്കുന്ന സംസ്ഥാന സർക്കാരും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും കേരളത്തിന്റെ മധ്യവർഗ മനസ്സും മനസിലാക്കേണ്ടത് വിഴിഞ്ഞത്ത് നടക്കുന്ന സമരം ഇന്ത്യയിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ്. വിഴിഞ്ഞത്തിന് സമാനമായ രീതിയിൽ, വീടും ഉപജീവന മാർഗവും കടൽ വിഭവങ്ങളുടെ മേലുള്ള അധികാരവും നഷ്ടമായ/ഭീഷണി നേരിടുന്ന കടലോര ജനതയുടെ പ്രതിഷേധങ്ങൾ ഇന്ത്യയിലുടനീളം നടക്കുന്നുണ്ട്. തീർച്ചയായും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കോർപ്പറേറ്റുകളുടെയും മുൻകൈയിൽ നടക്കുന്ന വൻകിട പദ്ധതികൾ കാരണം തൊഴിൽ മേഖലയിൽ നിന്നും പുറത്താക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധങ്ങളെ കൂടി വിലയിരുത്തുമ്പോഴാണ് വിഴിഞ്ഞം സമരത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്നത്.
വാധവാൻ (മഹാരാഷ്ട്ര)
ലോക മത്സ്യബന്ധന ദിനമായ നംവബർ 21ന് മുംബൈയിലെ ആസാദ് മൈതാനത്ത് കടലോര ജനത നടത്തിയ പ്രതിഷേധം ദേശീയതലത്തിൽ വാർത്തയായി മാറിയിരുന്നു. വാധവാൻ വാണിജ്യ തുറമുഖ പദ്ധതിയുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ഈ സമരമാണ്. വിഴിഞ്ഞത്തിന് സമാനമായരീതിയിൽ നാളുകളായി ഇവിടെ സമരം നടക്കുന്നുണ്ട്. ദഹാനുവിൽ (പാൽഗർ) കേന്ദ്ര സർക്കാർ നിർമ്മിക്കാൻ ശ്രമിക്കുന്ന ഈ വാണിജ്യ തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളും ആദിവാസികളും കർഷകരും ഉൾപ്പെടെ ഏഴായിരത്തിലധികം പേരാണ് വിയോജിപ്പ് പ്രകടിപ്പിക്കാൻ ‘ചലോ മുംബൈ’ എന്ന ബാനറിന് കീഴിൽ നംവബർ 21ന് ഒത്തുകൂടിയത്.
കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയുടെ ഭാഗമായി 2020 ഫെബ്രുവരിയിൽ കേന്ദ്ര കാബിനറ്റ് അംഗീകരിച്ച വാധവാൻ തുറമുഖം ഏഷ്യയിലെ ഏറ്റവും വലിയ തുറമുഖമാകുമെന്നും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലെ സാമ്പത്തിക മെച്ചമുണ്ടാക്കുമെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ നിർദ്ദിഷ്ട തുറമുഖ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും ആദിവാസികളുടെയും തൊഴിലും നിലനിൽപ്പും തന്നെ ഇല്ലാതാകുന്നതിനും കടലോരത്ത് നിന്നും ഇവർ അകറ്റപ്പെടുന്നതിനും പദ്ധതി കാരണമാകുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
തൊണ്ണൂറുകളിൽ ഒരു ഓസ്ട്രേലിയൻ കമ്പനി നിർദ്ദേശിച്ച വാധവാൻ വാണിജ്യ തുറമുഖ പദ്ധതിക്കെതിരെ പാൽഘർ-ദഹാനു നിവാസികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ 2015ൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ പിന്തുണയോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചു. തൊണ്ണൂറുകളിൽ പദ്ധതിക്കെതിരെ പോരാടിയ വാധവാൻ ബന്ദർ വിരോധി സംഘർഷ് സമിതി അംഗങ്ങൾ പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന വാർത്ത പത്രത്തിലൂടെ അറിയുകയും അതിനെതിരെ നിവേദനം നൽകുകയും ചെയ്യുകയായിരുന്നുവെന്നും മുംബൈ സ്വദേശിയായ പബ്ലിക് പോളിസി റിസർച്ചർ നേഹ റാനെ കേരളീയത്തോട് അഭിപ്രായപ്പെട്ടു.
“പാൽഘർ-ദഹാനു മേഖല പരിസ്ഥിതി ലോല പ്രദേശങ്ങളിൽപ്പെട്ടതാണ്. ഈ പ്രദേശത്ത് റെഡ് കാറ്റഗറി പദ്ധതികളൊന്നും അനുവദനീയമല്ല. ഈ പ്രദേശത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദഹാനു താലൂക്ക് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ അതോറിറ്റിക്കാണ് പരമാധികാരം. 2017-ൽ ഹർജി ഈ അതോറിറ്റിയിലേക്ക് മാറ്റുകയും അന്നു മുതൽ വാദം കേൾക്കുകയും ചെയ്തു. അതിനിടെ പദ്ധതിക്കായി സർക്കാർ ഊർജിത ശ്രമം തുടങ്ങിയതോടെ പ്രദേശത്തെ യുവജന സംഘങ്ങൾ ദഹാനുവിലും പാൽഘറിലും ഉടനീളം ബോധവൽക്കരണ ക്യാമ്പയ്നുകളും പ്രതിഷേധ യോഗങ്ങളും ആരംഭിച്ചു. തുടർച്ചയായി 144 പ്രഖ്യാപിച്ചിട്ട് പോലും ഒരുമിച്ച് കൂട്ടുന്നതിനും പ്രതിഷേധങ്ങൾക്കും ജനങ്ങൾ പുതിയ മാർഗങ്ങൾ കണ്ടെത്തി.” നേഹ പറഞ്ഞു.
കാർവാർ (കർണാടക)
തുറമുഖ പദ്ധതികൾ എന്നത് കർണാടകയിൽ ഇന്ന് വിപുലമായി നടക്കുന്ന ഒരു വികസന പ്രോജക്ട് ആണ്. കർണാടകയിലെ 320 കിലോമീറ്റർ വരുന്ന തീരപ്രദേശത്തായി 12 ചെറുകിട തുറമുഖങ്ങളുടെയും ഒരു പ്രധാന തുറമുഖത്തിൻെയും നിർമ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലൊന്ന്, സംസ്ഥാന സർക്കാരും, ഹൊന്നാവർ പോർട്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ്. രണ്ടെണ്ണം ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും, രേണുക ഷുഗറും ചേർന്ന് സ്വകാര്യ ക്യാപ്റ്റീവ് പോർട്ടുകളായി വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. സാഗർമാല പദ്ധതിക്ക് കീഴിലാണ് കാർവാർ, തഡാഡി തുറമുഖ നിർമ്മാണം. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തുറമുഖ വികസന പദ്ധതികൾക്കെതിരെയുള്ള പരാതി, പദ്ധതി പരിസരത്ത് താമസിക്കുന്ന തീരദേശ സമൂഹങ്ങൾ ഉന്നയിക്കുന്ന കടലോര ജനതയുടെ അവകാശങ്ങൾ, ജൈവവൈവിധ്യ നഷ്ടം, ജീവനോപാധി നഷ്ടം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ അവഗണിക്കുന്നു എന്നതാണ്. തീരദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് കാർവാറിലെ തുറമുഖ നിർമ്മാണം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരുകുകയാണ്. ബാക്കിയുള്ളവ ഇപ്പോഴും നിർമ്മാണ പൂർത്തീകരണത്തിന്റെയും നിക്ഷേപം തേടുന്നതിന്റെയും വിവിധ ഘട്ടങ്ങളിലാണ്.
“കാർവാർ പ്രദേശത്തെ പ്രതിഷേധത്തിന് മത്സ്യത്തൊഴിലാളികൾ സ്വയം സംഘടിച്ചതാണ്. കാരണം 30 വർഷങ്ങൾക്ക് മുൻപ് സീ ബേർഡ് പ്രോജക്ടിന്റെ ഭാഗമായി ഞങ്ങൾക്ക് നിരവധി കടലോര ഗ്രാമങ്ങളും കടൽത്തീരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയും അതാവർത്തിക്കരുത് എന്നുറപ്പിച്ചാണ് കർവാർ തീരം സംരക്ഷിക്കാൻ ഇറങ്ങിയത്. പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്ന നുണയെ ന്യായീകരിക്കുന്നവരാണ്. പദ്ധതി തുടങ്ങിയത് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സമയത്താണ്. നിലവിലെ സർക്കാർ അതിനെ മുന്നോട്ടുകൊണ്ടുപോകുന്നു. പക്ഷേ, ഞങ്ങൾ പ്രതിഷേധിക്കുമ്പോൾ അവർ വാക്ക് പോര് നടത്തുക മാത്രമാണ് ചെയ്യുന്നത്.” സമരത്തിൽ പങ്കുചേരുന്ന ഉത്തര കന്നഡ ഡിസ്ട്രിക് ഫിഷർമെൻ അസോസിയേഷൻ ഫോറത്തിലെ അംഗമായ കെ.ടി ടണ്ടൽ അഭിപ്രായപ്പെട്ടു.
“മത്സ്യത്തൊഴിലാളികൾ എപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായതുകൊണ്ട് തങ്ങളുടെ അവകാശത്തിന് വേണ്ടി സംഘടിക്കാനോ പ്രതിഷേധിക്കാനോ ഉള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകാറില്ല. സർക്കാരുകളും സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങളും മത്സ്യത്തൊഴിലാളികൾക്കും മറ്റ് സമൂഹങ്ങൾക്കുമിടയിൽ വിദ്വേഷമുണ്ടാക്കാൻ വികസനം വഴിയുണ്ടാകുന്ന തൊഴിൽ സാധ്യതകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾ സ്വാർത്ഥരാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരം വികസനം പലപ്പോഴും കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നതും സാധാരണക്കാർക്ക് നേട്ടങ്ങളില്ലെന്ന് മാത്രമല്ല നഷ്ടങ്ങളുണ്ടാക്കുന്നതുമാണ്.” ടണ്ടൽ കൂട്ടിച്ചേർത്തു. കാർവാറിലെ മിക്ക മത്സ്യത്തൊഴിലാളികളും ഹിന്ദുക്കളും, നിലവിലെ സർക്കാരിന് വോട്ട് ചെയ്തവരും ആയിരുന്നതിനാൽ മതപരമായ കാർഡ് ഉപയോഗിക്കാനുള്ള സർക്കാരിന്റെ എല്ലാ പദ്ധതികളും പരാജയപ്പെട്ടുവെന്നും തീരദേശ സമൂഹമെന്ന നിലയിലുള്ള അവകാശങ്ങൾ മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവതലമുറ തിരിച്ചറിയാൻ ശ്രമിക്കണമെന്നും ഇല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ മത രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് യുവാക്കളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുമെന്ന ആശങ്കയും ടണ്ടൽ പങ്കുവെച്ചു.
താജ്പൂർ (വെസ്റ്റ് ബംഗാൾ)
25,000 ത്തിലധികം തൊഴിലവസരമുണ്ടാക്കുമെന്ന വാഗ്ദാനത്തോടെയാണ് മമതാ ബാനർജി താജ്പൂർ തുറമുഖ വികസന പദ്ധതി പ്രഖ്യാപിച്ചത്. 2022 ഒക്ടോബർ മാസമാണ് താജ്‌പൂരിലെ ആഴക്കടൽ തുറമുഖം വികസിപ്പിക്കുന്നതിനുള്ള സമ്മതപത്രം പശ്ചിമ ബംഗാൾ സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറുന്നത്.
എന്നാൽ താജ്പൂർ തുറമുഖ വികസന പദ്ധതിയുടെ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതിനായി പശ്ചിമ ബംഗാൾ സർക്കാർ അദാനി പോർട്സുമായും SEZ ലിമിറ്റഡുമായും കരാർ ഒപ്പിട്ടെന്നുമുള്ള വാർത്ത ടെലിവിഷനിലൂടെയാണ് മത്സ്യത്തൊഴിലാളികൾ അറിയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് തുറമുഖത്തെക്കുറിച്ച് നേരിട്ട് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലായിരുന്നു എന്നും നാഷണൽ പ്ലാറ്റ്ഫോം ഫോർ സ്മാൾ സ്കെയ്ൽ ഫിഷ് വർക്കേഴ്സ് ദേശീയ കൗൺസിൽ അംഗം ദേബാശിശ് ശ്യാമൽ ആരോപിച്ചു.
“പക്ഷേ ഞങ്ങൾ ആ വിഷയം ചർച്ച ചെയ്യാൻ തുടങ്ങി. തുറമുഖത്തെ എതിർക്കാനുള്ള ബോധവൽക്കരണ ശ്രമങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. താജ്പൂർ ആഴക്കടൽ തുറമുഖത്തിനായി ആസൂത്രണം ചെയ്ത സ്ഥലം ഏകദേശം 35,000 ത്തോളം മത്സ്യത്തൊഴിലാളികളുടെ സജീവ മത്സ്യബന്ധന കേന്ദ്രമാണ്. പരമ്പരാഗതമായി മത്സ്യ ബന്ധന യാനങ്ങൾ അടുപ്പിക്കുന്ന 13 ‘khutis’ (ഈ മേഖലയിലെ മത്സ്യവിപണനവുമായി ബന്ധപ്പെട്ട ഭരണ പ്രാദേശിക യൂണിറ്റ്) തുറമുഖത്തിന്റെ കര ഭാഗങ്ങളിൽപ്പെടുന്നവയാണ്. തുറമുഖ നിർമാണം ആരംഭിക്കുന്നതോടെ സ്ത്രീകൾ ഉൾപ്പടെയുള്ള മത്സ്യത്തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാരും മീൻ ഉണക്കുന്നവർ, മീൻ തരം തിരിക്കുന്നവർ ഉൾപ്പെടെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും അവരുടെ നേരിട്ടുള്ള ഉപജീവനമാർഗം നഷ്ടപ്പെടും. മാത്രമല്ല, കേരളത്തിലെ വിഴിഞ്ഞം തുറമുഖം, മഹാരാഷ്ട്രയിലെ വാധാവൻ തുറമുഖം എന്നിവടങ്ങളിലെ സമരങ്ങളിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത് ഇത്തരത്തിലുള്ള തുറമുഖങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ തീരപ്രദേശം പൂർണ്ണമായും നശിപ്പിക്കപ്പെടും എന്നാണ്. മത്സ്യബന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗങ്ങൾ വ്യാപകമായി ഇല്ലാതാകും.” ദേബാശിശ് കേരളീയത്തോട് വ്യക്തമാക്കി.
തുറമുഖ നിർമ്മാണം മാത്രമല്ല മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോഡുകൾ, തടയണ നിർമ്മാണം, വിനോദ സഞ്ചാരം, ടൂറിസം എന്നിങ്ങനെ വലിയ തോതിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തീരത്ത് നടക്കുന്നുണ്ട്. ഈ പദ്ധതികളും ഇതിന്റെ ഭാഗമായി ബീച്ചിലേക്കെത്തുന്ന പുതിയ സന്ദർശകരും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് കനത്ത ആഘാതമുണ്ടാക്കാൻ തുടങ്ങി. പശ്ചിമ ബംഗാളിലെ മൊറേസോ തീരത്ത് ഉയർന്ന തോതിലുള്ള മണ്ണൊലിപ്പ് മൂലം ഉൾനാടൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. കൂടാതെ വർഷത്തിൽ രണ്ട് ചുഴലിക്കാറ്റുകളെങ്കിലും ഉണ്ടാകാറുണ്ട്. താജ്പൂർ തുറമുഖത്തിന്റെ നിർമ്മാണം ഈ പരിസ്ഥിതി ലോല തീരത്ത് നടത്തേണ്ട ശാസ്ത്രീയവും കമ്മ്യൂണിറ്റി അധിഷ്ഠിതവുമായ വികസന തത്വങ്ങളെ ലംഘിക്കുതാണെന്നും ദേബാശിശ് ആരോപിച്ചു. ജൈവവൈവിധ്യ നാശത്തിന്റെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും കാലത്ത് താജ്പൂർ തുറമുഖം പോലെയുള്ള പദ്ധതികൾ എന്തുവിലകൊടുത്തും എതിർക്കപ്പെടേണ്ടതാണെന്നും ദേബാശിശ് ശ്യാമൽ പറഞ്ഞു.
ജഖാവു (ഗുജറാത്ത്)
തീരദേശ സുരക്ഷയുടെ പേരിൽ നിയമ വിരുദ്ധമായ നിർമ്മിതികളാണെന്ന് ആരോപിച്ചാണ് ഈ വർഷം ഒക്ടോബറിൽ ഗുജറാത്തിലെ ജഖാവു തുറമുഖത്ത് കച്ച് സർക്കാർ മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റി അവരെ കുടിയിറക്കിയത്. “ജഖാവു തുറമുഖത്ത് 1976 മുതൽ ഏകദേളം 22,000 ത്തോളം മത്സ്യത്തൊഴിലാളികൾ ഗുജറാത്ത് മാരിടൈം ബോർഡിനും പഞ്ചായത്തിനും വാടക നൽകി താമസിച്ചിരുന്നു. ഒക്ടോബറിൽ ഭരണകൂടം എല്ലാ വീടുകളും പൊളിച്ചു മാറ്റുകയും കടലോരം വിട്ടുപോകാൻ മത്സ്യത്തൊഴിലാളികളെ നിർബന്ധിക്കുകയും ചെയ്തു. എല്ലാ വീടുകളും അനധികൃതമായി നിർമ്മിച്ചതാണെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളെല്ലാം തന്നെ വാടക നൽകുന്നുണ്ടായിരുന്നു. നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും അവർ നടത്തിയിട്ടില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് വഴങ്ങിയാണ് കച്ച് ഭരണകൂടം അവരെ അവിടെ നിന്ന് പുറത്താക്കിയത്.”
ഗുജറാത്തിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനായ റിസ്വാൻ മിർസ പറയുന്നു. മത്സ്യത്തൊഴിലാളികളിൽ പലരും ഗുജറാത്തിന്റെ മറ്റ് തീരമേഖലകളിൽ നിന്നും തൊഴിലിനായി കുടിയേറിവന്നവരായതിനാൽ തന്നെ പോർട്ട് ഉപേക്ഷിച്ചു പോയെന്നും റിസ്വാൻ പറഞ്ഞു.
തൂത്തുക്കുടി (തമിഴ്നാട്)
1994 ൽ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിച്ചതോടെയാണ് വേദാന്ത ലിമിറ്റഡ് സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റുമായി തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്കെത്തുന്നത്. പ്രാദേശികമായ പ്രതിഷേധങ്ങളെ വകവെത്താതെ നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയതോടെ തൂത്തുക്കുടിയിലെ തീരദേശ ജനത ദുരിത്തിലായി. പ്ലാന്റിൽ നിന്നുള്ള ഗ്യാസ് ലീക്കേജും മലിനീകരണവും കാരണം നിരന്തരം പരാതി ഉയർന്നിട്ടും ഒന്നും പരിഗണിക്കപ്പെട്ടില്ല. തുടർന്ന് ഫാക്ടറിയുടെ രണ്ടാംഘട്ട വികസന നടപടികൾക്കെതിരെ പ്രതിഷേധിച്ച് നടന്ന പ്രക്ഷോഭത്തിലാണ് 15 ഓളം പേരുടെ ജീവനെടുത്ത പൊലീസ് വെടിവെയ്പ്പ് 2018 ൽ നടന്നത്. ഇത്രയും ദാരുണമായ പൊലീസ് നടപടിയെപ്പോലും അതിജീവിച്ച് തൂത്തുക്കുടിയിലെ കടലോര ജനതയുടെ സമരം തുടരുകയാണ്. നഷ്ടപ്പെട്ട 15 ജീവനും നീതി ലഭിക്കുന്നതുവരെയും സ്റ്റെർലൈറ്റ് പ്ലാന്റിനെ ഇവിടെ നിന്നും തുരത്തുന്നതുവരെയും ഈ സമരം അവസാനിപ്പിക്കില്ലെന്ന് സ്റ്റെർലൈറ്റ് വിരുദ്ധ സമരാംഗം കെബിസ്റ്റൺ പറഞ്ഞു.
“ഇവിടെയും ക്രിസ്ത്യൻ മിഷനറിയാണ് പ്രക്ഷോഭമുണ്ടാക്കിയത് എന്ന ആരോപണം ഉയർന്നിരുന്നു. 2013 ൽ പ്ലാന്റിൽ നിന്നും സൾഫർ ലീക്കേജ് ഉണ്ടാവുകയും 100 ലധികം ആളുകൾ ആശുപത്രിയിലാകുകയും ചെയ്തതോടെയാണ് മത്സ്യത്തൊഴിലാളി പ്രതിഷേധത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിനും ബോധ്യമാകുന്നത്. മത്സ്യത്തൊഴിലാളികളെ പഠിക്കാത്തവർ, അറിവില്ലാത്തവർ എന്ന് എല്ലാവരും പറയുമ്പോഴും ഈ പ്ലാന്റിന്റെ എല്ലാ പ്രശ്നങ്ങളും മനസിലാക്കി ഇത്രയും വർഷമായി പോരാടുകയാണ് ഞങ്ങൾ. എന്നാൽ ഞങ്ങളോട് ഭരണകൂടത്തിന്റെ ഭാഷ സൗഹാർദപരമല്ലെന്ന് മാത്രമല്ല തോക്കിൻ മുനയിലൂടെ സംസാരിക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.” കെബിസ്റ്റൺ പറഞ്ഞു.
ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്നവർ
ഇന്ത്യയിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സമരങ്ങളെല്ലാം ഉപജീവനത്തിനുള്ള അവകാശ പോരാട്ടങ്ങളാണെന്ന് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മുൻകൈയിൽ നടന്ന കൂടംകുളം ആണവനിലയ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ എസ്.പി ഉദയകുമാർ ഇത് വിശദമാക്കുന്നു. നിലനിൽപ്പിന് വേണ്ടിയാണ് നമ്മൾ സമരം ചെയ്യുന്നത്. അതിനെയാണ് വിദേശ ഫണ്ട്, ക്രിസ്ത്യാനികൾ എന്നുള്ള വിഢിത്തരങ്ങൾ പറഞ്ഞ് വഴിതിരിച്ചുവിടാൻ നോക്കിയത്. ക്രിസ്ത്യാനിയോ, ഹിന്ദുവോ, മുസ്ലീമോ ആരായാലും അവരുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടാൽ സമരം ചെയ്യും. കൂടംകുളം സമരം നടന്നപ്പോൾ എനിക്ക് വിദേശത്ത് നിന്ന് ഫണ്ട് വരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു. പൊലീസും ഇന്റലിജൻസും ഒക്കെയുള്ള സർക്കാരിന് ഏത് ദിവസം, ഏത് ബാങ്ക് വഴി ഈ വ്യക്തിക്ക് എത്ര രൂപ വന്നു എന്ന് രേഖാമൂലം തെളിയിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്? ആരാണ് സമരം നടത്തുന്നത് എന്നല്ല നോക്കേണ്ടത്, സമരമുന്നയിക്കുന്ന വിഷയമെന്തെന്നാണ്. വിഴിഞ്ഞത്ത് ഇപ്പോൾ വികസനവുമായി ബന്ധപ്പെട്ടാണല്ലോ സമരം നടക്കുന്നത്. ആരുടെ വികസനം? എന്തുതരം വികസനം? അദാനിക്ക് വികസനമുണ്ടാകുമെന്ന് പറയുന്നത് ഒരിക്കലും മത്സ്യത്തൊഴിലാളികളുടെ വികസനമല്ല. തൂത്തുക്കുടിയിൽ വേദാന്തക്കെതിരെ സമരം നടക്കുന്നു. കോപ്പർ ആർക്കാണ് ആവശ്യം? വേദാന്തക്ക് വേണം കാരണം അവർക്ക് കാശ് കിട്ടുന്നു. കോപ്പർ അനുബന്ധ വ്യവസായങ്ങൾക്ക് വേണമായിരിക്കാം, ശരി തന്നെ. എന്നാൽ തൂത്തുക്കുടിയിൽ ജീവിക്കുന്നവർക്ക് അവരുടെ കുടിവെള്ളവും ഭൂഗർഭ ജലവും മലിനമാകുന്നു. അവരെ സംബന്ധിച്ച് വേദാന്തക്ക് കാശ് കിട്ടുന്നു, ദേശീയ വരുമാനം കൂടുന്നു എന്ന് പറയാൻ പറ്റുമോ? ഇതെങ്ങനെ എല്ലാരുവരുടെയും വികസനമാകും? ടെർമിനൽ വരുമ്പോൾ മീൻപിടുത്തക്കാരുടെ തൊഴിൽ ഇല്ലാതെയാകും. മത്സ്യം കിട്ടില്ല. സ്വന്തം നാട്ടിൽ തന്നെ മത്സ്യത്തൊഴിലാളികൾ അഭയാർത്ഥികളായി മാറും. കടലും കരയും പോയാൽ നിസഹായരായി നിൽക്കാനേ കഴിയൂ. അപ്പോൾ ക്രിസ്ത്യൻ സമരം എന്ന് പറയുന്നത് ക്രൂരമായ വഴിതിരിച്ചു വിടലല്ലേ?” എന്നും ഉദയകുമാർ ചോദിക്കുന്നു.
“ക്രിസ്ത്യാനികൾ അധികം ജീവിക്കുന്നിടത്ത് ഒരു സമരം നടന്നാൽ ക്രിസ്ത്യാനികളാകും കൂടുതൽ. ഭരണഘടനയിൽ ക്രിസ്ത്യാനികൾ, ദലിത്, മുസ്ലീം എന്നിവർ സമരം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ? മതമോ ജാതിയോ ഒന്നുമല്ല, വികസനമെന്ന പേരിൽ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് മനസിലാക്കിയ ഒരു കൂട്ടം മനുഷ്യർ ഒരു തീരുമാനമെടുത്ത് പ്രതിഷേധിക്കുന്നു. അങ്ങനെയാണ് സമരത്തെ നോക്കി കാണേണ്ടത്.” ഉദയകുമാർ വ്യക്തമാക്കി.
ഇനയം പോർട്ട് പ്രോജക്ടിനെതിരെ ശക്തമായ സമരം നടത്തിയ തീരദേശ ഗ്രാമമാണ് കന്യാകുമാരി ജില്ലയിലെ ഇനയം. അവിടെ ജീവിക്കുന്നവർ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻസാണ്. ഇത് തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് മനസിലാക്കി അവർ പ്രതിഷേധിച്ചപ്പോൾ കന്യാകുമാരിക്കടുത്തുള്ള കോവളം എന്ന ഗ്രാമത്തിൽ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ഉണ്ടാക്കാനായി അടുത്ത ശ്രമം. കടലോര ജനതയും ഇന്റീരിയർ കമ്യൂണിറ്റിയും (ഹിന്ദു നാടാർ) തമ്മിൽ പ്രശ്നം ഉണ്ടാക്കി പ്രോജക്ട് നടപ്പിലാക്കാൻ ശ്രമം നടത്തി. എന്നാൽ അവർ ഒരുമിച്ച് നിന്ന് പദ്ധതി തടഞ്ഞുവെന്നും ഉദയകുമാർ വിശദമാക്കി.
ഒഡിഷയിലെ സുബർണ്ണരേഖ പോർട്ട്, തമിഴ്നാട്ടിലെ കാട്ടുപള്ളി പോർട്ട് തുടങ്ങി സർക്കാരും കോർപ്പറേറ്റുകളും വികസനത്തിന്റെയും സാഗർമാലയുടെയും പേരിൽ നടത്തുന്ന, മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന പദ്ധതികൾക്കെതിരെ ഇന്ത്യയിലെ തീരമേഖലകളിലാകമാനം ചെറുതും വലുതുമായ അനേകം പ്രതിഷേധങ്ങൾ വേറെയും നടക്കുന്നുണ്ട്. കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അടിസ്ഥാന അവകാശങ്ങൾക്കായി നടത്തുന്ന ഇത്തരം സമരങ്ങളെ സർക്കാരുകളും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒരേതരത്തിലാണ് ഇന്ത്യയിലെമ്പാടും നേരിടുന്നതെന്ന പ്രശ്നവും ഈ സമരങ്ങൾ തുറന്നുകാട്ടുന്നു.