ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വിധിയെഴുത്ത് പൂർത്തിയായിരിക്കുന്നു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കശ്മീരിലെ ബാരാമുള്ള, ലഡാക്ക് എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ. 2019-ൽ ഈ 49 സീറ്റുകളിൽ 32 എണ്ണം എൻ.ഡി.എ മുന്നണി നേടിയിരുന്നു. എന്നാൽ, എൻ.ഡി.എ മുന്നണി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രവചനത്തിന് അഞ്ചാം ഘട്ടവും തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ സീറ്റുകൾ (49) ഈ ഘട്ടത്തിലാണ്. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ ആകെ 695 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (7), ജമ്മു കശ്മീര്‍ (1), ലഡാക്ക് (1) എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാഹുല്‍ഗാന്ധി (റായ്ബറേലി), സ്മൃതി ഇറാനി (അമേഠി), രാജ്‌നാഥ് സിങ് (ലഖ്‌നൗ), കരണ്‍ ഭൂഷണ്‍ സിങ് (കൈസര്‍ഗഞ്ച്), ചിരാഗ് പാസ്വാന്‍ (ഹാജിപുര്‍), രോഹിണി ആചാര്യ (സരണ്‍), രാജീവ് പ്രതാപ് റൂഡി (സരണ്‍), പിയൂഷ് ഗോയല്‍ (മുംബൈ നോര്‍ത്ത്), അരവിന്ദ് സാവന്ത് (മുംബൈ സൗത്ത്), ഉജ്ജ്വല്‍ നികം (മുംബൈ നോര്‍ത്ത് സെന്‍ട്രല്‍), ഡോ. ശ്രീകാന്ത് ഷിന്ദേ (കല്യാണ്‍), ഒമര്‍ അബ്ദുള്ള (ബാരാമുള), കൃഷ്ണ നന്ദ് ത്രിപാതി (ചത്ര) എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയാണ് അഞ്ചാം ഘട്ടത്തിൽ രാജ്യം ഉറ്റുനോക്കിയ ഒരു മണ്ഡലം. 2019ൽ ഉത്തരപ്രദേശിലെ 80 സീറ്റിൽ 79 ഉം കൈവിട്ടപ്പോഴും കോൺഗ്രസിന് ആകെ ലഭിച്ചത് സോണിയാ ഗാന്ധി വിജയിച്ച റായ്ബറേലി എന്ന പരമ്പരാഗത മണ്ഡലം മാത്രമായിരുന്നു. സോണിയ പിന്മാറാൻ തീരുമാനിച്ചതോടെയാണ് വയനാട് മണ്ഡലത്തിൽ മത്സരിച്ച രാഹുൽ ഗാന്ധി റായ്ബറേലിയിലും ജനവിധി തേടാൻ തീരുമാനിച്ചത്. രാഹുൽ ഉത്തരേന്ത്യയിൽ മത്സരിക്കാൻ തീരുമാനിച്ചത് ഇന്ത്യ മുന്നണിക്ക് തന്നെ വലിയ ഉണർവായി മാറി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഇന്ത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിലേക്ക് ഇരച്ചെത്തിയ ആള്‍ക്കൂട്ടം കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. തിരക്ക് കാരണം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ കഴിയാതെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിവിടേണ്ട സ്ഥിതിയുണ്ടായി. കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമായി അറിയപ്പെടുന്ന, കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് സ്മൃതി ഇറാനി ജയിച്ച അമേഠിയിലും ഇന്നായിരുന്നു പോളിംഗ്. ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങുന്നത് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ്. കോൺഗ്രസിനായി മത്സരിച്ചത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിശോരിലാൽ ശർമയാണ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിന്റെയും അഖിലേഷ് യാദവിന്റെ പിന്തുണയുടെയും പ്രതിഫലനം അമേഠിയിലുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ക്രിമിനല്‍ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷണിന്റെ മകൻ കരണ്‍ ഭൂഷണ്‍ മത്സരിക്കുന്ന കൈസര്‍ഗഞ്ചിലും ഇന്ന് തെരഞ്ഞെടുപ്പ് നടന്നു. ആറു തവണ എം.പിയായിട്ടുള്ള ബ്രിജ് ഭൂഷണ് ലൈംഗിക പീഡന പരാതിയിൽ കേസ് വന്നതോടെയാണ് മകന് മണ്ഡലം കൈമാറുന്നത്. രാജ്യത്തെ പെൺമക്കൾ തോറ്റെന്നും ബ്രിജ്ഭൂഷൺ ജയിച്ചെന്നുമാണ് ഗുസ്തിതാരം സാക്ഷി മാലിക് ബ്രിജ്ഭൂഷണിന്‍റെ മകന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ചത്. ദേശീയ ഗുസ്താരങ്ങളുടെ പോരാട്ടം തെരഞ്ഞെടുപ്പ് പ്രതിഫലിക്കുമോ എന്ന് ഇന്ത്യ മുന്നണിക്കും ഉറപ്പില്ല. ബ്രിജ് ഭൂഷണ് അത്രയധികം സ്വാധീനമുള്ള സ്ഥലമാണ് കൈസർഗഞ്ച്. ലഖ്‌നൗവിൽ ഹാട്രിക് വിജയം തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടി. ഇന്ന് വോട്ടെടുപ്പ് നടന്ന യു.പിയിലെ 14 മണ്ഡലങ്ങളിൽ 13 ഇടത്തും കഴിഞ്ഞ തവണ ബി.ജെ.പിയാണ് ജയിച്ചതെങ്കിലും ആ ചിത്രം മാറുമെന്നാണ് ഇന്ത്യാ മുന്നണിയുടെ റാലികളിലെ ജനാവേശം സൂചിപ്പിക്കുന്നത്.
കേന്ദ്രഭരണപ്രദേശമായ കശ്മീരിലെ ബാരാമുള്ളയിൽ മത്സരിച്ചത് കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ്. ജമ്മു കശ്മീരിന്റെ ആദ്യ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഷേഖ് അബ്ദുള്ളയുടെ ചെറുമകനും, മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമർ അബ്ദുള്ളയ്ക്ക് 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. 370 റദ്ദാക്കിയതിനെ തുടർന്ന് ദീർഘകാലം അദ്ദേഹം വീട്ടുതടങ്കലിൽ ആയിരുന്നു. ബാരാമുള്ളയിൽ ഒമർ അബ്ദുള്ളയുടെ എതിർ സ്ഥാനാർത്ഥി പീപ്പിൾസ് കോൺഫറൻസ് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ നിയമസഭാംഗവുമായ സജാദ് ലോൺ ആണ്. അൽത്താഫ് ബുഹാരിയുടെ അപ്നി പാർട്ടിയുടെ പിന്തുണയും സജാദിനുണ്ട്. കശ്മീരിൽ സ്ഥാനാർത്ഥികളില്ലാത്ത ബി.ജെ.പിയും ബാരാമുള്ളയിൽ സജാദിനെ പിന്തുണച്ചിരുന്നു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏക മണ്ഡലത്തിലും ഇന്നായിരുന്നു വിധിയെഴുത്ത്. വിസ്തൃതിയുടെ കാര്യത്തിൽ രാജ്യത്തിലെ ഏറ്റവും വലിയ ലോക്സഭ മണ്ഡലമാണ് ലഡാക്ക്. കശ്മീരിൽ മത്സരിക്കുന്നില്ലെങ്കിലു ബി.ജെ.പിക്ക് ലഡാക്കിൽ സ്ഥാനാർത്ഥിയുണ്ട്, ലഡാക്ക് സ്വയംഭരണ വികസന കൗൺസിൽ ചെയർമാൻ താഷ് ഗ്യാൽസൺ. കോൺഗ്രസ് സ്ഥാനാർത്ഥിയായി സെറിങ് നംഗ്യാൽ മത്സരിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി കാർഗിൽ സ്വദേശി മുഹമ്മദ് ഹനീഫാ ജാനുമുണ്ടായിരുന്നു. ഭരണഘടനയുടെ ആറാം പട്ടികയിൽ ലഡാക്കിനെ ഉൾപ്പെടുത്തണം എന്ന ആവശ്യമായിരുന്നു മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. 2014ലും 2019ലും ബി.ജെ.പി ഇത് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പിലാക്കപ്പെട്ടില്ല എന്നത് അവർക്ക് തിരിച്ചടിയാണ്. സെറിങ് നംഗ്യാലും ഹനീഫാ ജാനും ഇത് പ്രചാരണ അജണ്ടയായി മാറ്റിയിരുന്നു. ഇത് അനുകൂല ഘടകമാണെങ്കിലും 1996ന് ശേഷം ഇവിടെ കോൺഗ്രസ് വിജയിച്ചട്ടില്ല എന്നത് പാർട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
മഹാരാഷ്ട്രയിലെ മുംബൈ നഗരപ്രദേശത്തുള്ള എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത്. ശിവസേന ഷിന്‍ഡെ പക്ഷവും എന്‍.സി.പി അജിത് പവാര്‍ പക്ഷവും ചേർന്ന ബി.ജെ.പിയുടെ മഹായുതി സഖ്യം നഗരമണ്ഡലങ്ങളിൽ വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും എന്‍.സി.പിയും തമ്മില്‍ നീണ്ട തർക്കം നിലനിന്നിരുന്ന മണ്ഡലങ്ങളാണ് സൗത്ത് മുംബൈ, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, താനെ, കല്യാണ്‍ എന്നിവ. മുന്നണിയിലെ തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ഭയവും ബി.ജെ.പിക്കുണ്ട്. ബി.ജെ.പി റാലികളില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റേയും എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തിന്റെയും പ്രവര്‍ത്തകര്‍ പങ്കെടുക്കില്ല. നരേന്ദ്ര മോദി പങ്കെടുത്ത റാലികളില്‍ പോലും എന്‍സിപിയുടേയും ശിവസേനയുടേയും പ്രവര്‍ത്തകര്‍ വലിയതോതില്‍ വിട്ടുനിന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, നടൻയ ഭൂഷൺ പാട്ടീൽ, മുബൈ സ്ഫോടന കേസ് പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം തുടങ്ങിയവർ ഇന്ന് ജനവിധി തേടി. യു.പി കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റുള്ള മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 41 എണ്ണവും കഴിഞ്ഞതവണ നേടിയത് എൻ.ഡി.എ മുന്നണിയാണ്. ഈ ഘട്ടത്തിലെ 13 സീറ്റുകളോടെ മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് പൂർത്തിയായി.
അഞ്ചാം ഘട്ടത്തിൽ പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹൂഗ്ലി നദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഹൗറ, ഹൂഗ്ലി, സെറാംപൂർ, ബരാക്‌പൂർ മണ്ഡലങ്ങൾ തിങ്കളാഴ്ച വിധിയെഴുതി. പ്രവർത്തനം നിലച്ച വ്യവസായ സ്ഥാപനങ്ങളും ചണ മില്ലുകളുടെ മോശം സ്ഥിതിയും തൊഴിലില്ലായ്മയുമായിരുന്നു ഇവിടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. ഇന്ന് വിധിയെഴുതിയ ബംഗ്ലാദേശ് അതിർത്തിയിലുള്ള ബംഗോൺ മണ്ഡലത്തിൽ പൗരത്വ ഭേദഗതി നിയമവും ചർച്ചയായി മാറി. കേന്ദ്ര സഹമന്ത്രി ശന്തനു താക്കൂറാണ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി. ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ മതുവ എന്ന ഹിന്ദു സമുദായത്തിന് നിർണ്ണായക സ്വാധീനമുള്ള ഈ മണ്ഡലത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിലൂടെ ബി.ജെ.പി വിജയ സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ദിവസം ബംഗാളിൽ വ്യാപകമായ അക്രമമാണ് നടന്നത്.
ഏഴ് മണിയോടെ ലഭിക്കുന്ന കണക്കുകൾ പ്രകാരം 57.38 ശതമാനമാണ് അഞ്ചാം ഘട്ടത്തിലെ പോളിംഗ്. കഴിഞ്ഞ നാല് ഘട്ടങ്ങളിൽ ഏകദേശം 60 മുതൽ 69 ശതമാനം വരെ പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെയ് 7 ന് 96 മണ്ഡലങ്ങളിൽ നടന്ന നാലാം ഘട്ട വോട്ടെടുപ്പിൽ 69.16 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതുവരെയുള്ള ഘട്ടങ്ങളിൽ ഏറ്റവും ഉയർന്ന പോളിംഗ് ഇതായിരുന്നു. ഇതുവരെ ലഭിച്ച കണക്ക് പ്രകാരം അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് പശ്ചിമ ബംഗാളിലാണ്, 73 ശതമാനം. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ്, 48.88 ശതമാനം.