

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് സമൻസ് അയച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കുറ്റകൃത്യം എന്താണെന്ന വിശദാംശങ്ങളോ എഫ്‌ഐആറിന്റെ പകർപ്പോ നൽകാതെയാണ് ആഗസ്റ്റ് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിഎൻഎസ് 152 (രാജ്യദ്രോഹം), 196 (മതം, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്‌ത വിഭാഗങ്ങള്‍ക്കിടയിൽ ശത്രുത വളര്‍ത്തൽ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചോദ്യം ചെയ്യാൻ വ്യക്തമായ കാരണങ്ങളുണ്ടെന്നും ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുമെന്നും മാത്രമാണ് സമൻസിലുള്ളത്.


ഭരണകൂട ഹിംസകൾക്കും ജനാധിപത്യ ധ്വംസനങ്ങൾക്കും വർഗീയതയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഈ മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരായ നടപടിയിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ നയങ്ങളെയും ബി.ജെ.പിയുടെ രാഷ്ട്രീയത്തെയും നിരന്തരം ചോദ്യം ചെയ്യുന്ന ‘ദ വയർ’ എന്ന മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനാണ് സിദ്ധാർഥ് വരദരാജൻ. മുതിർന്ന മാധ്യമപ്രവർത്തകനായ കരൺ ഥാപ്പറും, ‘The Interview with Karan Thapar’ എന്ന പ്രോഗ്രാമിലൂടെ ‘ദ വയറി’ന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കാലം മുതൽ ‘ദ വയറി’ന് ഇത്തരം നടപടികൾ നേരിടേണ്ടി വരുന്നുണ്ട്.


അസമിലെ മോറിഗാവ് പൊലീസ് സ്റ്റേഷനിൽ നേരത്തേ ഫയൽ ചെയ്യപ്പെട്ട രാജ്യദ്രോഹ കേസിൽ ജൂലൈ 11ന് സുപ്രീംകോടതി ‘ദ വയറി’ലെ മാധ്യമപ്രവർത്തകർക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയിരുന്നു. എന്നാൽ, ഒരു മാസത്തിന് ശേഷം വീണ്ടും അസം പൊലീസ് അതേ കുറ്റങ്ങൾ ചുമത്തി മറ്റൊരു കേസ് ഇവർക്കെതിരെ ഫയൽ ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കപ്പെടുന്നു. ബിഎൻഎസ് 152ന്റെ സാധുത ചോദ്യം ചെയ്‌ത് ‘ദ വയര്‍’ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇതേ വകുപ്പ് പ്രകാരം അവർക്ക് വീണ്ടും കേസ് നേരിടേണ്ടി വരുന്നത്. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന്, ‘IAF Lost Fighter Jets to Pak Because of Political Leadership’s Constraints’: Indian Defence Attache’ എന്ന ലേഖനം ‘ദി വയർ’ പ്രസിദ്ധീകരിച്ചതിനാണ് അസം പൊലീസ് ആദ്യം രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയുടെ പരാമർശങ്ങൾ ഉദ്ധരിച്ചായിരുന്നു ‘ദി വയർ’ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ വിഷയത്തിൽ സിദ്ധാർത്ഥ് വരദരാജനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി ആഗസ്റ്റ് 12ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ മുഖവിലയ്‌ക്കെടുക്കാതെയാണ് അസം പൊലീസ് വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തി സമൻസ് അയച്ചിരിക്കുന്നത്.
2023 ല്‍ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിലവിൽ വന്നതോടെ ഐ.പി.സിയിലുണ്ടായിരുന്ന രാജ്യദ്രോഹ നിയമം റദ്ദാക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും, ‘രാജ്യദ്രോഹം’ എന്ന വാക്ക് നേരിട്ട് ഉപയോഗിക്കാതെ വിഘടനവാദം, സര്‍ക്കാരിനെതിരായ സായുധ കലാപം, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കല്‍ എന്നിവ ഉള്‍പ്പെടുത്തി നിലവിലെ രാജ്യദ്രോഹ നിയമത്തെ പുനരാവിഷ്‌കരിക്കുകയാണ് ബിഎൻഎസ് ചെയ്തത്. ഇത് ജനാധിപത്യത്തിലെ അനിവാര്യതയായ അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ ഭരണകൂടത്തിന് കൂടുതൽ സാധ്യത തുറന്നുനൽകുകയാണ് ചെയ്തിരിക്കുന്നതെന്ന് ‘ദി വയർ’ന് എതിരായ രാജ്യദ്രോഹ കേസ് വ്യക്തമാക്കുന്നു.


എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസ്താവന രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ ശക്തമായി വിമർശിക്കുന്നുണ്ട്: “മോറിഗാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മുൻ എഫ്.ഐ.ആറിനെപ്പോലെ, ഈ പുതിയ കേസും ഭാരതീയ ന്യായ സംഹിതയുടെ (BNS) 152-ാം വകുപ്പ് ഉപയോഗിക്കുന്നു. ഇത് ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ്. 152-ാം വകുപ്പിന് പുറമേ, എഫ്.ഐ.ആറുകളിൽ മറ്റ് നിരവധി വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്: വകുപ്പ് 196 (വർഗീയ ശത്രുത), വകുപ്പ് 197(1)(d)/3(6) (തെറ്റായ പ്രചാരണം), വകുപ്പ് 353 (പൊതു അശാന്തി), വകുപ്പ് 45 (കുറ്റകൃത്യത്തിന് പ്രേരണ), വകുപ്പ് 61 (ക്രിമിനൽ ഗൂഢാലോചന). വിവിധ സംസ്ഥാനങ്ങളിലെ നിയമപാലന ഏജൻസികൾ മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കോഡിന്റെ ഒന്നിലധികം വകുപ്പുകൾ ഉപയോഗിച്ച് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്ന തുടർച്ചയായ പ്രവണതയിൽ ഗിൽഡ് അതീവ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ഈ സമ്പ്രദായം സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഫലപ്രദമായി തടയുന്നു. കാരണം, നോട്ടീസുകൾക്ക് മറുപടി നൽകൽ, വിളിപ്പിക്കലുകൾ, ദീർഘമായ നീതിന്യായ നടപടികൾ എന്നിവ ഒരു തരം ശിക്ഷയായി മാറുന്നു.” പ്രസ്താവന പറയുന്നു.
എഫ്.ഐ.ആറിന്റെ പകർപ്പുകൾ നൽകാതെ സമൻസ് അയക്കുന്നത് അസാധുവാണെന്നും ഈ നടപടി ജനാധിപത്യത്തിന് നേരെയുള്ള ഭീഷണിയാണെന്നും കരൺ ഥാപ്പറും സിദ്ധാർഥ് വരദരാജനും പ്രതികരിച്ചു.