ഇടിമുഴക്കങ്ങൾ ബാക്കിവെച്ചത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“ജീവചരിത്ര ഡോക്യുമെന്ററികൾ ഒരു പ്രത്യേക വ്യക്തിയുടെ ജീവിതത്തിലും നേട്ടങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഥാപുരുഷന്റെ ജീവിതത്തെയും പൈതൃകത്തെയും സമഗ്രമായി ആവിഷ്കരിക്കുന്നതിനായി പഴയ ദൃശ്യരേഖകൾ (Archival footage), അഭിമുഖങ്ങൾ, പുനരാവിഷ്കാരങ്ങൾ (Reenactments) എന്നിവ ഇവയിൽ സമന്വയിപ്പിക്കാറുണ്ട്. പ്രസ്തുത വ്യക്തിയുടെ വ്യക്തിപരമായ പോരാട്ടങ്ങൾ, നേട്ടങ്ങൾ, സമൂഹത്തിലുണ്ടാക്കിയ സ്വാധീനം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുകയാണ് ഇത്തരം ഡോക്യുമെന്ററികളുടെ ലക്ഷ്യം.” – “Exploring the Different Types of Documentaries with Examples.” Raindance- raindance.org

ഒരു മനുഷ്യന്റെ ജീവിതം എവിടെയാണ് ചിത്രീകരിക്കപ്പെട്ട് തുടങ്ങുന്നത്? അയാളുടെ ജനനത്തിലോ, ജീവിച്ച പശ്ചാത്തലത്തിലോ, അതോ അദ്ദേഹത്തെ രൂപപ്പെടുത്തിയ ചെറുത്തുനിൽപ്പുകളിലോ? ജീവചരിത്ര ഡോക്യുമെന്ററികൾ കേവലം വിവരങ്ങളുടെയോ ഓർമ്മകളുടെയോ ഒരു സമാഹാരമല്ല. അത് വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ പരിണാമങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു കാവ്യസഞ്ചാരമാണ്. കഥാപുരുഷന്റെ പശ്ചാത്തലം, അയാളെ സ്വാധീനിച്ച ആദ്യകാല സാഹചര്യങ്ങൾ (Formative Influences), വ്യക്തിപരവും സാംസ്കാരികവുമായ വികാസവഴികൾ (Trajectory of Evolution), ഒടുവിൽ ചരിത്രത്തിന്റെ താളുകളിൽ അയാൾ സ്വന്തം കൈയൊപ്പ് ചാർത്തുന്ന വിധം (Historical Imprint)… ഇവയെല്ലാം ചരിത്രപരമായ സൂക്ഷ്മതയോടെ കൂട്ടിച്ചേർക്കുമ്പോഴാണ് ഒരു ജീവചരിത്ര ചിത്രം പൂർണ്ണമാകുന്നത്.

പൊതുമണ്ഡലത്തിലെ തിളക്കങ്ങൾക്കപ്പുറം, ഒരു മനുഷ്യന്റെ സന്ദേഹങ്ങളെയും പരിവർത്തനങ്ങളെയും ദൃശ്യവൽക്കരിക്കുക എന്നതും ഈ മാധ്യമത്തിന്റെ ദൗത്യമാണ്. തീവ്രമായ രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്ന് തുടങ്ങി, കഠിനമായ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ സ്വയംവിമർശനത്തിന്റെ വെളിച്ചത്തിൽ ജനാധിപത്യത്തിന്റെയും മാനവികതയുടെയും പുതിയ വഴികൾ കണ്ടെത്തിയ കെ. വേണു എന്ന ചിന്തകന്റെ ജീവിതത്തെ ഇത്തരമൊരു അന്വേഷണത്തിന് വിഷയമാക്കുകയാണ് ദേശീയ-സംസ്ഥാന അവാർഡ് ജേതാവും ചലച്ചിത്രകാരനുമായ എം.ജി. ശശി രചനയും സംവിധാനവും നിർവ്വഹിച്ച, ‘ഇടിമുഴങ്ങിയത് ആർക്കുവേണ്ടി?’ എന്ന ബയോഗ്രഫിക്കൽ ഡോക്യുമെന്ററി.

ഇടി മുഴങ്ങിയത് ആർക്കുവേണ്ടി?, ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം

1.

സമീപകാല ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു തീക്കാലത്തെ അന്വേഷണാത്മകമായി സൂചിപ്പിക്കുന്ന തലക്കെട്ടു തന്നെയാണ് ചിത്രത്തിലേക്കുള്ള മികച്ച പ്രവേശിക. “ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം” (Spring Thunder Over India) എന്നത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും വളരെ പ്രശസ്തവും നിർണ്ണായകവുമായ ഒരു പ്രയോഗമാണ്.1967 ജൂലൈ 5-ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ ‘പീപ്പിൾസ് ഡെയ്‌ലി’ പ്രസിദ്ധീകരിച്ച പ്രശസ്തമായ പത്രാധിപക്കുറിപ്പിന്റെ തലക്കെട്ടായിരുന്നു അത്. നക്സൽബാരിയിലെ കർഷക പ്രക്ഷോഭത്തെയും ചാരു മജുംദാർ, കനുസന്യാൽ, ജംഗൽ സാന്താൾ എന്നിവരുടെ നേതൃത്വത്തെയും ചൈന ഔദ്യോഗികമായി പിന്തുണച്ച പ്രഖ്യാപനമായിരുന്നു ഇത്. 1967 മെയ് മാസത്തിൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലുള്ള ‘നക്സൽബാരി’ എന്ന ഗ്രാമത്തിൽ ഉയർന്നുവന്ന സായുധ കർഷക പ്രക്ഷോഭത്തെയും അതിനെത്തുടർന്ന് ഇന്ത്യയിലുണ്ടായ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉദയത്തെയുമാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്.

ജന്മികളുടെയും തോട്ടമുടമകളുടെയും കടുത്ത ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും ഇരയായിരുന്ന ആദിവാസികളും കർഷകരും തങ്ങളുടെ നിലനിൽപ്പിനായി തിരിച്ചടിച്ച സംഭവമായിരുന്നു പ്രക്ഷോഭത്തിന്റെ ഉള്ളടക്കം. തന്റെ ഭൂമിയിൽ കൃഷി ചെയ്യാനുള്ള നിയമപരമായ അവകാശം സ്ഥാപിക്കുന്ന കോടതിവിധി സമ്പാദിച്ച ബിഗുൽ കിസാൻ എന്ന പാട്ടക്കുടിയാനെ പോലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ ജന്മിമാരുടെ ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ച സംഭവമായിരുന്നു തുടക്കം. ഇതിൽ പ്രകോപിതരായ കർഷകരും ആദിവാസികളും1967 മാർച്ച് മൂന്നിന് ചാരുമജുംദാറിന്റെയും കനുസന്യാലിന്റെയും വിപ്ലവ സമിതികളുടെ (Kisan Committees) ആഹ്വാനപ്രകാരം സംഘടിച്ചു. ഏകദേശം 150-ഓളം വരുന്ന കർഷകർ അമ്പും വില്ലും വാരിക്കുന്തങ്ങളുമായി തർക്കഭൂമി വളയുകയും, അവിടെ ചുവന്ന കൊടികൾ നാട്ടി വിളവെടുപ്പ് നടത്തുകയും ചെയ്തു. തുടർന്ന് ആളിപ്പടർന്ന വസമരജ്ജ്വാലയിൽ കർഷകർ ജന്മികളുടെനെല്ലറകൾ പിടിച്ചെടുക്കുകയും കടപ്പത്രങ്ങൾ കത്തിച്ചു കളയുകയും ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ സോനംവാങ്ഡി എന്ന പോലീസ് ഉദ്യോഗസ്ഥനും തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ ഒമ്പത് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം 11 കർഷകരും കൊല്ലപ്പെട്ടു.

    നക്സൽ നേതാക്കൾ മുന്നോട്ടുവെച്ച വിപ്ലവാഹ്വാനം, പരമ്പരാഗത പാർലമെന്ററി കമ്മ്യൂണിസ്റ്റ് രീതികൾ കൊണ്ട് പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും, ചൈനയിലെ മാവോ സേതുങ്ങിന്റെ മാവോയിസ്റ്റ് മാതൃകയിൽ സായുധ വിപ്ലവത്തിലൂടെ മാത്രമേതൊഴിലാളികൾക്ക് അധികാരം പിടിച്ചെടുക്കാൻ സാധിക്കൂ എന്നും പ്രഖ്യാപിച്ചു. “വസന്തത്തിന്റെ ഇടിമുഴക്കം” എന്ന പ്രയോഗത്തിൽ ‘വസന്തം’ എന്നത് പുതിയൊരു പ്രതീക്ഷയുടെയോ മാറ്റത്തിന്റെയോ ഉദയത്തെയാണ് സൂചിപ്പിക്കുന്നത്. ‘ഇടിമുഴക്കം’ എന്നത് അതിതീവ്രവും പെട്ടെന്നുള്ളതുമായ വിപ്ലവാഹ്വാനത്തെയും. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും മോചനത്തിനായുള്ള വിപ്ലവത്തിന്റെ തുടക്കമാണ് നക്സൽബാരി എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ പദപ്രയോഗത്തിലൂടെ സ്ഥാപിച്ചത്.

    ഈ ‘ഇടിമുഴക്കം’ ബംഗാളിൽ മാത്രം ഒതുങ്ങിനിന്നില്ല. അത് ഇന്ത്യയിലെമ്പാടുമുള്ള ചെറുപ്പക്കാരെയും ബുദ്ധിജീവികളെയും വിദ്യാർത്ഥികളെയും വലിയ തോതിൽ ആകർഷിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, ബീഹാർ, ഒഡീഷ, ഒപ്പം കേരളത്തിലേക്കും (തലശ്ശേരി-പുൽപ്പള്ളി ആക്രമണങ്ങളിലൂടെ) ഈ പ്രസ്ഥാനം അതിവേഗം പടർന്നുപിടിച്ചു. ചാരുംമജുംദാറിന്റെ നേതൃത്വത്തിൽ സി.പി.ഐ (എം.എൽ) – CPI(ML) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കപ്പെടാൻ ഇത് വഴിയൊരുക്കി. ചുരുക്കത്തിൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ രണ്ടുധാരകളാക്കി മാറ്റിയ, പാർലമെന്ററി ജനാധിപത്യത്തിന് പുറത്തുള്ള ‘തീവ്ര വിപ്ലവപാത’യ്ക്ക് തുടക്കമിട്ട നക്സൽബാരി പ്രക്ഷോഭത്തെ അടയാളപ്പെടുത്താൻ ചരിത്രകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും ഇന്നും ഉപയോഗിക്കുന്ന മനോഹരവും എന്നാൽ മൂർച്ചയേറിയതുമായ ഒരു കാവ്യാത്മക ഉപമയായി “ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം” എന്ന പ്രയോഗം ഓർമ്മിക്കപ്പെടുന്നു.

    ഇടി മുഴങ്ങിയത് ആർക്കുവേണ്ടി?, ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

    2.

    ഒടിഞ്ഞ പാലങ്ങളുടെ ദൃശ്യബിംബം ചിത്രീകരിച്ച്, ചരിത്രത്തിലെ ഒടിഞ്ഞ പാലങ്ങളിൽ വീണുപോകാതെ വഴിവെട്ടി പ്രകൃതിയെയും മനുഷ്യനെയും കൂടെക്കൂട്ടി മുന്നോട്ടുനടക്കുന്ന അപൂർവ്വ ജന്മങ്ങളുടെ പ്രസക്തിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. പ്രപഞ്ച വൈരുധ്യങ്ങളെ മനസ്സിലാക്കുകയും മാറ്റിത്തീർക്കുകയും ചെയ്യുകയെന്ന ചരിത്രപരമായ മാനുഷികദൗത്യം ഏറ്റെടുക്കുന്ന ഒരാളായി കെ. വേണുവിനെ അടയാളപ്പെടുത്താനുള്ള മുഖവുരയാണ് ഇപ്രകാരം ചിത്രം നൽകുകന്നത്. രണ്ടുകൊല്ലം മുമ്പ് നമ്മെ വിട്ടുപോയ മണിചേച്ചിയെ ഓർമ്മിച്ചുകൊണ്ട് ചിത്രം സമർപ്പിക്കുന്നത് രക്തസാക്ഷികൾക്കും ഇന്നും തുടരുന്ന പോരാളികൾക്കുമാണ് എന്നത്, ചലച്ചിത്രകാരന്റെ നിലപാടിന്റെ പ്രഖ്യാപനം കൂടിയാണ്: അത് ഭൂതകാലത്തെ വിചാരണ ചെയ്യുന്നുണ്ടാകാം, പക്ഷേ തമസ്കരിക്കുന്നില്ല, തള്ളിപ്പറയുന്നില്ല.

      സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ നാളുകളിൽ പ്രാരാബ്ധങ്ങളുടെ പങ്കപ്പാടുള്ള കുടുംബത്തിൽ അമ്മയ്ക്ക് വേണ്ടി എം.ടി.യുടെ നാലുകെട്ട് ഉറക്കെ വായിക്കുന്ന വേണുവിന്റെ കുട്ടിക്കാലത്തെ പുനർസൃഷ്ടിച്ചുകൊണ്ടാണ് പുരാവൃത്തം ആരംഭിക്കുന്നത് എന്നത് യാദൃശ്ചികമല്ല. മാതൃദായക്രമത്തിന്റെ അന്ത്യനാളുകളുടെ പരിവട്ടങ്ങൾ തന്നെയാകാം അമ്മയുടെ മാനസികാസ്വാസ്ഥ്യങ്ങൾ എന്നും കാണാവുന്നതാണ്. അതിവേഗം പിൽക്കാല രാഷ്ട്രീയ ആക്ടിവിസത്തെ കുറിച്ചുള്ള ആഖ്യാനത്തിലേക്കുള്ള പാലമായി വർത്തിക്കുന്നുമുണ്ട് ഈ എം.ടി പരാമർശം. ബാബറി മസ്ജിദ് തകർക്കപ്പെട്ട ഘട്ടത്തിൽ നേരിട്ടനുഭവിക്കാനായ എം.ടിയുടെ രാഷ്ട്രീയ വ്യക്തതയെ കുറിച്ച് കെ.വി. ഓർക്കുന്നു. കുട്ടിക്കാലത്തുതന്നെ കമ്യൂണിസ്റ്റ് താല്പര്യം ഉണർത്തുന്ന ഘടകങ്ങളായി ജ്യേഷ്ടനും അമ്മ തന്നെയും വർത്തിച്ചതും അദ്ദേഹം ഓർത്തെടുക്കുന്നു. അമ്പതുകളുടെ ആരംഭത്തിൽ പാർട്ടി കാർഡ് ഉണ്ടായിരുന്ന സഖാവായിരുന്നു തൊണ്ടുതല്ലു തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുകയും പൊലീസ് പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ജ്യേഷ്ടൻ വിശ്വനാഥ മേനോൻ. അക്കാലത്തെ പാർട്ടി ബോധ വളർച്ചയിൽ കേരളമങ്ങോളമിങ്ങോളം ചാലക സ്വാധീനമായിരുന്ന ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തെയും, വിശ്വാസിയെങ്കിലും ‘വോട്ട് അരിവാളിന്’ എന്നതിൽ സംശയമില്ലാത്ത അമ്മയെയും അദ്ദേഹം ഓർത്തെടുക്കുന്നു. ഒരു പിന്നോക്ക ദലിത്‌ ഭൂരിപക്ഷ പ്രദേശത്ത് ജനിച്ചുവളർന്നതും അതിന് ആക്കം കൂട്ടി. അമ്പത്തിയൊമ്പതിൽ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിട്ടതിൽ കാരണമറിയാത്ത സങ്കടം അനുഭവിച്ചു.

      അറുപതുകളുടെ ഒടുവിൽ പി. ഗോവിന്ദപ്പിള്ളയുടെ ധൈഷണിക ശിക്ഷണത്തിൽ തിരുവനന്തപുരത്ത് ദേശാഭിമാനിയിൽ എത്തുകയും എഡിറ്റിംഗ്, തർജ്ജമ ജോലികൾ ചെയ്യുകയും ചെയ്യുന്നത് കെ.വിയുടെ ജീവിതയാത്രയിലെ ഒരു നാഴികക്കല്ലാണ്. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് താത്വികാചാര്യൻ മോറിസ് കോൺഫോർത്ത്ര ചിച്ച Materialism and the Dialectical Method എന്ന മൂന്നു വോല്യങ്ങൾ ഉള്ള ബ്രഹ്മാണ്ഡ കൃതിയുടെ വിവർത്തനം ആറു മാസം കൊണ്ട് പൂർത്തീകരിച്ചത് അക്കൂട്ടത്തിലുണ്ട്. 1969 മുതൽ നാലു കൊല്ലം നീണ്ട ജയിൽ ജീവിതം മാർക്സിസ്റ്റ് ക്ലാസിക്കുകൾ വായിക്കാനുള്ള അവസരമായി. ക്രിസ്തുവിലെ വിപ്ലവകാരിയെ കണ്ടെത്തുന്നതും, പ്രണയത്തിന്റെ ഇടവേളയും പാർട്ടി രാഷ്ട്രീയത്തിന്റെ വെല്ലുവിളികളിൽ അതിന് അന്ത്യം കുറിക്കേണ്ടി വന്നതും അദ്ദേഹം വിവരിക്കുന്നു. ഉമയാണ് കൂടെ ഉണ്ടായിരുന്നെങ്കിൽ സൈദ്ധാന്തിക അന്വേഷണങ്ങൾക്ക് സഹായകമയേനെ എന്ന അഭിപ്രായത്തിന് ‘ആ പെണ്ണ് തന്റെ കൂടെ ഇങ്ങനെ കഷ്ടപ്പെടാനൊന്നും നിൽക്കുമായിരുന്നില്ല. അതിന് ഞാൻ തന്നെ ഉണ്ടാവുള്ളൂ’ എന്ന് പ്രതികരിച്ച പങ്കാളിയെയും അദ്ദേഹം ഓർമ്മിക്കുന്നു.

      അറുപതുകളുടെ അന്ത്യവർഷങ്ങൾ മുതൽ 1991 ൽ ആശയപരമായ വിയോജിപ്പുകൾ കാരണം രാജിവെച്ചു വിട്ടുപോകുംവരെയുള്ള കെ. വേണുവിന്റെ ജീവിതം കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തന്നെയാണ്. സാംസ്കാരിക വിപ്ലവത്തിന്റെ നൈരാശ്യം, അസ്തിത്വവാദകാലത്തിന്റെ മോഹഭംഗങ്ങളിൽ പെട്ടുപോയവരോടുള്ള അഭിപ്രായ ഭിന്നതകൾ, ഇങ്ക്വിലാബിന്റെ പ്രസിദ്ധീകരണത്തിലൂടെ കണ്ണൂർ സഖാക്കളുമായി ബന്ധം പുലർത്തിയതും അതിന്റെ തുടർച്ചയിൽ കൽക്കത്തയിൽ ചാരുമജുംദാറിനെ നേരിൽ കണ്ടതും, സി.ആർ.സി.സി.പി.ഐ.എം.എല്ലിന്റെ ഉദയവും തുടങ്ങി പ്രസ്ഥാനത്തിന്റെ എല്ലാ വികാസദശകളും പ്രതിപാദിക്കപ്പെടുന്നുണ്ട്. മജുംദാറുടെ എട്ടിന പദ്ധതിയുടെ ഭാഗമായ വർഗ ശത്രുക്കളുടെ ഉന്മൂലനമെന്ന ആശയം തിരിച്ചടിച്ചതിന്റെ അനുഭവങ്ങൾ, കാര്യമായ പ്രതികരണങ്ങൾ ഉണ്ടാക്കുന്നതിൽ മുന്നോട്ടുപോയില്ലെങ്കിലും കൊടിയ ശിക്ഷാമുറകൾ ഉറപ്പാക്കിയ പൊലീസ് സ്റ്റേഷൻ ആക്രമണങ്ങൾ പോലുള്ള സാഹസങ്ങൾ, മജുംദാറുടെ രക്തസാക്ഷിത്തം, സഖാക്കളും അനുഭാവികളും നേരിട്ട അടിയന്തിരാവസ്ഥയുടെ പീഡനങ്ങൾ, അങ്ങാടിപ്പുറം ബാലകൃഷ്ണന്റെയും വർഗീസിന്റെയും ആർ.ഇ.സി. വിദ്യാർത്ഥി രാജന്റെയും രക്തസാക്ഷിത്തം– ഒരു തീക്കാലത്തിന്റെ ഓർമ്മ ശേഷിപ്പുകൾ കൂടിയാണ് ഇവയെല്ലാം. ഒരു ഡോക്കുമെന്ററിയുടെ വസ്തുതാവിഷ്കാരത്തിനപ്പുറം ഇവയെല്ലാം ഉള്ളിലുയർത്തിയ സന്ദേഹങ്ങൾ കെ.വി.യുടെ അന്വേഷണങ്ങളിൽ എങ്ങനെയാണ് വഴിതെളിച്ചത് എന്നത് പ്രധാനമാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജെ.പി. പ്രസ്ഥാനം ഇന്ത്യയിലാകെ ഇന്ദിരാവിരുദ്ധ തരംഗം സൃഷ്ടിച്ചപ്പോൾ കേരളം പുറംതിരിഞ്ഞ് നിന്നതിനെ കുറിച്ചുള്ള ഇ.എം.എസ്സിന്റെ നിരീക്ഷണത്തെ നിശിതമായി വിമര്ശിനച്ചുകൊണ്ട് ‘ഇന്ത്യൻ കൗട്ട്സ്കി’ എന്ന് പ്രയോഗിച്ചത്, ചൂടേറിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയുണ്ടായി.

      1979 ൽ ജയിൽ മോചിതനായി പുറത്തുവരുമ്പോൾ സാംസ്കാരിക വേദിയുടെ ഇടപെടലുകൾ കേരളീയ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടാക്കിയ ഉണ‍വുകൾ ഒരുവശത്തും കെ.ജെ. ബേബിയുടെ ‘നാടുഗദ്ദിക’ പോലുള്ള സാംസ്കാരിക ഇടപെടലുകൾക്ക് നേരിടേണ്ടിവന്ന ഭരണകൂട –സിപിഎം കയ്യേറ്റങ്ങൾ മറുവശത്തും എന്നൊരു ദ്വന്ദ്വം പ്രകടമായിരുന്നു. സാംസ്കാരിക വേദിയിൽ സാ‍‍ർവ്വദേശീയ ഗാനം മലയാളത്തിൽ വിവ‍ർത്തനം ചെയ്ത് ജനകീയമാക്കിയ കവി സച്ചിദാനന്ദൻ, സിവിക് ചന്ദ്രൻ തുടങ്ങിയവർ നൽകിയ സംഭാവന ഓ‌ർമ്മിക്കപ്പെടുന്നുണ്ട്.

      കെ. വേണുവും മണിചേച്ചിയും.

      3.

      ഹിംസാത്മകമായ രാഷ്ട്രീയ പ്രയോഗത്തിന്റെ തലത്തിൽ നിന്ന് അവയുടെ നിരാസത്തിലേക്കും ജനാധിപത്യ ബോധ്യങ്ങളുടെ സൈദ്ധാന്തികവും പ്രായോഗികവുമായ ബഹുമുഖ രൂപങ്ങളുടെ മധ്യത്തിലേക്കും കെ.വി. എത്തിച്ചേരുന്നത് ഒരു സുപ്രഭാതത്തിൽ അല്ലെന്നും, ആ പരിണാമത്തിന്റെ സൂചനകൾ നേരത്തെ ആ വ്യക്തിത്വത്തിൽ ലീനമായിരുന്നു എന്നും ചിത്രം കൃത്യമായും അടയാളപ്പെടുത്തുന്നുണ്ട്‌. നവോഥാനത്തിന്റെ ദീപശിഖ തന്നെപോലുള്ള വൃദ്ധ തലമുറയിൽ നിന്ന് ഏറ്റെടുക്കേണ്ട ചെറുപ്പക്കാരനായി വി.ടി ഭട്ടതിരിപ്പാട് വേണുവിനെ വിവരിച്ചത് വി.ടി വാസുദേവൻ‌ ഓ‍ർക്കുന്നു. കസ്റ്റഡിയിൽ നിന്ന് ചാടാൻ കിട്ടിയ അവസരം, കയ്യിലൊതുങ്ങിയ പോലീസുകാരന്റെ കൊരവള്ളിയിൽ വിരലമ‍ർത്താൻ കഴിയാതെ നഷ്ടപ്പെടുത്തുകയും തുടർന്ന് പിടിക്കപ്പെടുകയും ചെയ്ത അനുഭവവും അതേക്കുറിച്ച് ഹിംസയുടെ മാ‍​ർ​ഗത്തിന് മെരുങ്ങാനാകാത്ത ഹൃദയാലുതയായി എഴുതിയ കഥാകൃത്ത് കരുണാകരന്റെ വാക്കുകളും നമ്മൾ കേൾക്കുന്നു. ഇതേ ഹൃദയാലുതയാണ് മറ്റൊരു ഘട്ടത്തിൽ പരീക്ഷണ വിധേയമാകുന്നത്: അങ്ങാടിപ്പുറം ബാലകൃഷ്ണൻ തന്നോടൊപ്പം മരണവിധി നൽകിയ ഡിവൈഎസ്പിയുടെ മകൻ തൃശൂർ കലക്റ്റർ ആയി വന്നതിന് ശേഷം ഫോണിൽ വിളിച്ച അനുഭവം വേണു ഓ‍ർക്കുന്നു. ഒന്നും പറയാനാകാതെ ഇരുന്നുപോയ അനുഭവം. ഡൽഹിയിൽ വെച്ച് കാണുമ്പോൾ വേണുവിനെ ശ്രദ്ധിക്കുകയും ഇയാൾക്ക് ഹിംസാത്മക രാഷ്ട്രീയം ചേരില്ല എന്ന് നിരീക്ഷിക്കുകയും ജനാധിപത്യ മാർ​ഗത്തിൽ എത്തുക തന്നെ ചെയ്യുമെന്ന് പ്രവചിക്കുകയും ചെയ്ത ഒ.വി. വിജയനെയും ചിത്രം ഓർക്കുന്നു.

        ദാ‍ർശനിക തലത്തിൽ, സോവിയറ്റ് പാർട്ടിയുടെ സർവ്വാധിപത്യ അപചയത്തിന് എപ്പോഴും ഏകപക്ഷീയമായി പഴി കേൾക്കാറുള്ള സ്റ്റാലിൻ എന്ന ആഖ്യാനം അത്ര സമഗ്രമല്ല എന്ന തിരിച്ചറിവാണ് വേണുവിനെ ആദ്യമായി ഉലയ്ക്കുന്നത്. എല്ലാ അധികാരവും ജനങ്ങൾക്ക് (All powers to the soviets) എന്നതിൽ നിന്ന് ‘സോവിയറ്റുകൾ സ്റ്റേറ്റ് മെഷിനറിയിലെ ചക്രപ്പല്ലുകൾ’ (cogs in the wheels of the state machinery) എന്നതിലേക്ക് പരിണമിപ്പിച്ച ലെനിൻ തന്നെ ഏക പാ‍ർട്ടി സർവാധിപത്യമെന്ന വിരുദ്ധ ആശയം തുടങ്ങി വെച്ചിരുന്നു എന്ന് അദ്ദേഹം കണ്ടെത്തി. അടിയന്തരാവസ്ഥയെ സമ്പൂർണ്ണമായി ന്യായീകരിച്ച സിപിഐയും ഭാഗികമായി ന്യായീകരിച്ച സിപിഎമ്മും അതിനെ പ്രകീർത്തിച്ച് ഇന്ത്യൻ പാർലമെന്റിനെ അഭിമുഖീകരിച്ച ബ്രഷ്നേവും ഒരുപോലെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് ചേരികളുടെ അപചയം തുറന്നുകാട്ടി. ടിയാനമെൻ സ്ക്വയർ സംഭവം, സാംസ്കാരിക വിപ്ലവത്തോടെ ആരംഭിച്ച ചൈനീസ് പാർട്ടിയുടെ സർവ്വാധിപത്യ മുഖവും അർത്ഥശങ്കക്കിടമില്ലാത്ത വിധം വെളിപ്പെടുത്തി.

        4.

        വർ​ഗ രാഷ്ട്രീയത്തിൽ ഏകപക്ഷീയമായി ഊന്നുന്നത്, വർ​ഗേതര സംഘർഷങ്ങളെ കുറിച്ചുള്ള ആന്ധ്യത്തിലേക്ക് നയിക്കുന്നു എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നതോടെ, ഭാഷാദേശീയതയെന്ന അവഗണിക്കപ്പെട്ട ആശയം അദ്ദേഹം ഏറ്റെടുത്തു. ഏറെമുമ്പ്, 1942-ൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചറിയുകയും, എന്നാൽ മതദേശീയതയും അഖണ്ഡതയും സംബന്ധിച്ച ഏകശിലാ സങ്കൽപ്പങ്ങളിൽ കുരുങ്ങിപ്പോയി അവഗണിക്കുകയും ചെയ്ത മുദ്രാവാക്യമായിരുന്നു ഭാഷാ ദേശീയതയെ അടിസ്ഥാനപ്പെടുത്തി വേറിട്ടുപോകാനുള്ള അവകാശം. ‘ഒരു ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ സമസ്ത മേഖലകളിലുമുള്ള സ്വത്വം തന്നെയാണ് ദേശീയത’ എന്ന് അദ്ദേഹം നിർവ്വചിക്കുന്നു.

          അതിൽ ജാതി മത ലിംഗ വർ​ഗ ഭേദങ്ങൾ ഇല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മനുഷ്യന്റെ കൈകളുടെ അധ്വാനത്തിന്റെ സൃഷ്ടിയാണ് സംസ്കാരമെന്ന മാർക്സിസ്റ്റ് ധാരണ, ശാസ്ത്രീയമല്ല എന്ന് കെ.വി. കണ്ടെത്തുന്നു. അറുപതിനായിരം കൊല്ലം മുമ്പ് മനുഷ്യ മസ്തിഷ്കത്തിൽ സംഭവിച്ച ജനിതക മാറ്റമാണ് ഭാഷ ഉപയോഗിക്കാൻ മനുഷ്യനെ പ്രാപ്തനാക്കിയത് എന്നും അതാണ് സംസ്കാരത്തിന്റെ തുടക്കമെന്നും അദ്ദേഹം കരുതുന്നു. മാർക്സിസം ഈ നിലപാടിനെ ആശയവാദപരമായ ഒന്നായി തള്ളിക്കളഞ്ഞു. ഇന്ത്യ പോലൊരു രാജ്യത്ത് പരിമിത ജനാധിപത്യത്തിന്റെ സാധ്യത എന്ന ചോദ്യത്തിൽ ഊന്നി പ്രസ്ഥാനത്തിനുള്ളിൽ ഉയർന്ന ചർച്ച 1987-ലെ പിളർപ്പിലേക്ക് നയിച്ചു. ഇന്ത്യയിൽ നിലവിലുള്ളത് ഏതു നിമിഷവും ശിഥിലമാകുന്ന ജനാധിപത്യ നാട്യമാണെന്നും സായുധ സമരത്തിലൂടെയുള്ള പുത്തൻ ജനാധിപത്യ വിപ്ലവത്തിന് മാത്രമേ ഇന്ത്യയെ മോചിപ്പിക്കാനാകൂഎന്നുമായിരുന്നു പാർട്ടി നിലപാട്. ഈ ഘട്ടത്തിൽ, വികസിത ജനാധിപത്യം ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട് എന്ന് ഇന്ന് തിരിച്ചറിയുന്നതായി കെ.വി. തുറന്നു പറയുന്നു.

          വർ​ഗേതര സമരമുഖങ്ങൾ എന്ന നിലയിൽ ‘മാനുഷി’ പോലുള്ള സ്ത്രീപക്ഷ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടതിലും പാർട്ടിയിൽ നിന്ന് സ്വതന്ത്രമായ അസ്ഥിത്വത്തോടെ അവ സ്ഥാപിച്ചതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. ‘പുരുഷാധിപത്യം’ എന്ന വാക്കിനെ നാം ഇന്നറിയുന്ന രാഷ്ട്രീയ സാമൂഹിക പരിപ്രേക്ഷ്യങ്ങളിൽ കേരള സംവാദ മണ്ഡലത്തിൽ സ്ഥാപിച്ചത് വേണു ആണെന്ന് സാറ ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. മണിചേച്ചിയുടെ നേതൃത്വത്തിൽ തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച സംഘടനയാണ് വൈക്കത്ത് മനുസ്മൃതി കത്തിച്ചത്. അധഃസ്ഥിതരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനായത് അംബേദ്‌കറെ ​ഗൗരവമായി പഠിക്കാൻ തുടങ്ങിയപ്പോഴാണ് എന്ന് കെ.വി. ഓർക്കുന്നു. “ചൈനയിലെ ജനാധിപത്യത്തിന്റെ ശില്പ്പിയെന്ന് സൺയാത്സെന്നിനെ കുറിച്ച് പറയുന്നതുപോലെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ശില്പ്പി യഥാ‍ർത്ഥത്തിൽ ഭരണഘടനാ ശില്പ്പിയായ അംബേദ്‌കർ ആണ്.”

          പാരിസ്ഥിതിക വിഷയങ്ങളിലെ ഇടപെടലുകളും ഇവയുടെ തുടർച്ചയിലാണ് സംഭവിക്കുന്നത്‌. മാധവ് ഗാഡ്ഗിൽ ഇപ്പോഴും ശരിയായി മനസ്സിലാക്കപ്പെടുന്നില്ല എന്നതിന്റെ ഫലമാണ് ആവർത്തിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ എന്ന് അത്തരം സമരങ്ങളിൽ കെ.വിയോടൊപ്പം പ്രവർത്തിച്ച കുസുമം ജോസഫ് ഓർക്കുന്നു. ബി. രാജീവൻ, കെ.ജി.എസ്, പാർവ്വതി ദേവി (പി. ഗോവിന്ദപ്പിള്ളയുടെ മകൾ), സാവിത്രി രാജീവൻ, സച്ചിദാനന്ദൻ, ഗീതാനന്ദൻ, പി.സി. ഉണ്ണിച്ചെക്കൻ, എം.എം. സോമശേഖരൻ, വി. മോഹൻകുമാർ, സാറാ ജോസഫ്, കുസുമം ജോസഫ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കരുണാകരൻ, സിവിക് ചന്ദ്രൻ, എം.എൻ. കാരശ്ശേരി, കല്പറ്റ നാരായണൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി ഒട്ടേറെപ്പേർ നേരിട്ട് സംസാരിക്കുന്ന ചിത്രത്തിൽ ഒ.വി. വിജയൻ, എം.ടി, യു.പി. ജയരാജൻ, ദാമോദരൻ മാഷ്‌ തുടങ്ങിയ അതികായരും ഓർമ്മിക്കപ്പെടുന്നുണ്ട്.

          ഇടി മുഴങ്ങിയത് ആർക്കുവേണ്ടി?, ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

          5.

          കെ. വേണുവിനെ സംബന്ധിച്ച്, ‘വസന്തത്തിന്റെ ഇടിമുഴക്ക’ത്തിന്റെ ആവേശകരമായ ഓർമ്മകൾക്ക് മീതെ ദുരന്തപൂർണ്ണമായ ഒരു യാഥാർത്ഥ്യം നിഴൽ വീഴ്ത്തുന്നുണ്ട്: കമ്മ്യൂണിസ്റ്റ് ആദർശങ്ങളുടെ മരണം അതിന്റെ ജനിതക ഘടനയിൽത്തന്നെ കുറിക്കപ്പെട്ടിരുന്നു. പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത അധികാരവാഴ്ച എന്ന നിലപാട്, ഒടുവിൽ അത് വാഗ്ദാനം ചെയ്യുന്ന വിമോചനത്തെത്തന്നെ ചവിട്ടിയരച്ചുകളയുന്നു. ‘വിപണി പ്രണയം’ (‘Market fetishism’) എന്നും സായുധസമര പ്രസ്ഥാനത്തിന് ചേരാത്ത ‘ഗാന്ധിയൻ’എന്നുമെല്ലാം പ്രസ്ഥാനത്തിനകത്തെ ഭിന്നസ്വരത്തിന്റെ പേരിൽ വിമർശിക്കപ്പെട്ട പതിറ്റാണ്ടുകൾക്ക് ശേഷം, കമ്യൂണിസം ആന്തരാ തന്നെ ജനാധിപത്യത്തെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല എന്ന തിരിച്ചറിവിന്റെ ഒടുവിൽ 1991-ൽ കെ.വി പാർട്ടി ബന്ധം തീർത്തും അവസാനിപ്പിച്ചു. പാർട്ടി വിട്ട ശേഷം ആളും ആരവവുമില്ലാതെ ഒറ്റപ്പെട്ടോ എന്ന ചോദ്യത്തിന് കെ.വി നൽകുന്ന ഉത്തരം ശ്രദ്ധേയമാണ്: ഒറ്റയ്ക്ക് നടക്കാൻ പഠിക്കുന്നത് നല്ലതാണ്. മണി പോയതിന്റെ ആഘാതം ഇന്നുമുണ്ട്. തെറ്റ് ചെയ്തു എന്ന് തോന്നിയിട്ടില്ല. ശരിയെന്നു തോന്നിയതേ എഴുതിയിട്ടും പറഞ്ഞിട്ടും ഉള്ളൂ. തെറ്റെന്നു ബോധ്യപ്പെട്ടതൊക്കെ തിരുത്താനും തുറന്നു സമ്മതിക്കാനും മടി കാണിച്ചിട്ടും ഇല്ല. വിപ്ലവം നടക്കാതെ പോയത് നന്നായി. മറ്റൊരു ഏകാധിപത്യം ഉണ്ടായില്ലല്ലോ.

            ജെ.എസ്.എസ്. പ്രവേശത്തെയും അങ്ങനെയാണ് കണ്ടത്, സംവദിക്കാനുള്ള ഒരിടം കൂടി. ജീവിതപാഠമായി കെ.വി. ഓർമ്മിപ്പിക്കുന്നു: നാലുതരം ഫാസിസത്തെ തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്: ഭരണകൂട ഫാസിസം, വർ​ഗീയ ഫാസിസം, സൈനിക ഫാസിസം, സോഷ്യൽ ഫാസിസം. സമൂഹത്തെ സംബന്ധിച്ച് ജുഡീഷ്യറി, എക്സിക്യൂട്ടിവ്, ലെജിസ്ലേച്ച‍ർ, പ്രസ്‌ എന്നീ നാല് തൂണുകളോടൊപ്പം സിവിൽ സമൂഹം എന്ന അഞ്ചാം തൂണിന് കൂടി നാം ഉണർന്ന് കാവൽ നിൽക്കേണ്ടതുണ്ട്.

            കെ. വേണുവിന്റെ രാഷ്ട്രീയ ജീവിതം സ്ഥൂലാർത്ഥത്തിൽ പിറകിൽ ഉപേക്ഷിച്ച സന്ദർഭമാണ് നക്സലൈറ്റ് പ്രസ്ഥാനവുമായുള്ള ആശയ ബന്ധം എന്നത് കേരളീയ സമൂഹം തെല്ലുറക്കെ തിരിച്ചറിഞ്ഞതാണ്. എന്നാൽ, ആശയപരമായ വേറിട്ടുപോക്ക് ഒരാളുടെ ഭൂതകാലത്തെ നാടുകടത്തുന്നില്ല, ഓർമ്മകളിൽ നിന്നോ സ്നേഹങ്ങളിൽ നിന്നോ മായ്ച്ചുകളയുന്നുമില്ല. ഈയൊരു സംഘർഷത്തിൽ എളുപ്പവഴി ഗൃഹാതുരതയുടെ കനം കുറഞ്ഞ ഇടവഴിയോരങ്ങൾ ആയിരിക്കാമെങ്കിൽ, ഒരു ജീനിയസ്സിന് അവിടെ അഭയം കണ്ടെത്താനാകില്ല. അയാളുടേത് ആഴത്തിലുള്ള തിരുത്തലുകളുടെ, ബദലന്വേഷണങ്ങളുടെ, തിരിച്ചറിവുകളുടെ, കണ്ടെത്തലുകളുടെ, ഐക്യപ്പെടലുകളുടെ ക‍ർതൃത്വമാ‍ർന്ന ഇടപെടലുകൾ ആയിരിക്കാം. വ്യാവഹാരിക അർത്ഥത്തിലുള്ള ജയപരാജയ കണക്കെടുപ്പുകളിൽ കുരുങ്ങിക്കിടക്കാനാകില്ല അയാൾക്ക് എന്നർത്ഥം. പഴയ സഖാക്കളിൽ ചിലർ നെറ്റി ചുളിച്ചേക്കാമെങ്കിൽ വ്യക്തത തേടുന്നവർക്ക് അയാൾ ഒരു വെളിച്ചവുമാകാം.

            എം.ജി ശശി

            ചിത്രത്തിന് വേണ്ടി രചയിതാവും സംവിധായകനുമായ എം.ജി. ശശി നടത്തിയിട്ടുള്ള ഗവേഷണ പഠനങ്ങൾ സൂക്ഷ്മവും സ്വയം വ്യക്തവുമാണ്. ആഖ്യാനം തുടങ്ങിവെക്കുന്ന നിർമ്മാതാവും ഒപ്പം കഥാപാത്രവുമായ ഉള്ളാട്ടിൽ അച്ചുവും നരേറ്റർ പെർഫോമർ ആയെത്തുന്ന ഗീത ജോസഫും സൗണ്ട് ഡിസൈൻ നിർവഹിക്കുന്ന റിച്ചാർഡ് അന്തിക്കാടും ഡി.ഒ.പി മധു കാവിലും ചേർന്ന് മികച്ച ദൃശ്യ – ശ്രവ്യാനുഭവം പകരുന്നു. ചരിത്രവും ഓർമ്മകളും ദർശന ദീപ്തിയും നിറഞ്ഞുനിൽക്കുന്ന ഒരു ധന്യ ജീവിതത്തെ അതിന്റെ അടരുകൾ വിടർത്തി പരിശോധിക്കുന്നതോടൊപ്പം, കാത്തുവെക്കേണ്ട ഒരു രേഖപ്പെടുത്തൽ കൂടിയായി ചിത്രം മാറുന്നു. കെ.വിയുമായി ഉടനീളം നടത്തുന്ന അഭിമുഖങ്ങൾ, സ്നേഹാദരങ്ങളുടെയും പാരസ്പര്യത്തിന്റെയും വികാര നിർഭരത വ്യക്തമാക്കുന്നു. നാലുപതിറ്റാണ്ട് മുമ്പ് പട്ടാമ്പി റോഡിലൂടെ യാദൃശ്ചികമായി കണ്ടുമുട്ടുമ്പോൾ തടഞ്ഞുനിർത്തി പരിചയം പുതുക്കുകയും ഓങ്ങല്ലൂർ പാടത്തിരുന്ന് രാഷ്ട്രീയം സംസാരിക്കുകയും ചെയ്ത സഖാവ് വേണു, ഇന്ന് എൺപത് വയസിന്റെ നിറവിൽ തന്റെ ജീവിതം പറയുമ്പോൾ അന്നത്തെ കോളേജ് വിദ്യാർത്ഥി ചലച്ചിത്ര സംവിധായകനായി കേട്ടിരിക്കുന്നു, അത് ചലച്ചിത്രമാക്കുന്നു. എല്ലാം ചേർന്ന് മലയാളം കണ്ട മികച്ച ജീവചരിത്ര ഡോക്യുമെന്ററികളുടെ ഇടയിൽ ‘ഇടിമുഴങ്ങിയതാർക്കു വേണ്ടി’ എന്ന ചിത്രത്തിന് പ്രസക്തവും പ്രധാനവുമായ ഒരു സ്ഥാനം ഉറപ്പുവരുത്തുന്നു.

            Also Read

            11 minutes read August 2, 2026 11:20 am