ഭക്ഷ്യ സമ്പുഷ്ടീകരണം: അപകടത്തിലാകുന്ന ആരോ​ഗ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ നടത്തിയ ഒരു പ്രധാന പ്രഖ്യാപനം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി 2024 ആകുമ്പോഴേക്കും ഫോർട്ടിഫൈ (സമ്പുഷ്ടീകരിച്ച) ചെയ്ത ഭക്ഷണം ലഭ്യമാക്കും എന്നതാണ്. റേഷൻ കടകൾ വഴിയും സ്കൂളിലെ ഉച്ചഭക്ഷണ സംവിധാനത്തിലൂടെയും ഐ.സി.ഡി.എസ് വഴിയും ഫോർട്ടിഫൈ ചെയ്ത അരി കൊടുക്കുക എന്നതിനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അനീമിയ മാറ്റാൻ അരിയിൽ അയൺ (ഇരുമ്പ്) സമ്പുഷ്ടീകരിച്ച് നൽകുകയെന്നത് ഒരു പൊതുജനാരോഗ്യ നടപടിയാണെന്ന് സർക്കാർ കരുതുന്നു. എന്നാൽ ഈ തീരുമാനം ഒരുപാട് ആരോഗ്യ വിദഗ്ദ്ധരേയും പോഷക ശാസ്ത്രജ്ഞരേയും ഞെട്ടിച്ചിരിക്കുകയാണ്. അവർ പറയുന്നത് കൃത്രിമമായി രാസവസ്തുക്കൾ വച്ച് നടത്തുന്ന ഇത്തരം പദ്ധതികൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല ഇത് പിന്നീട് നഷ്ടത്തിൽ കലാശിക്കുമെന്നുമാണ്.

പോഷകാഹാരക്കുറവ്

പ്രോട്ടീൻ, കലോറി എന്നിവയുടെ അപര്യാപ്തത മൂലമുള്ള പോഷകാഹാരക്കുറവ് ഇന്ത്യയിലെ ഒരു അടിസ്ഥാന പ്രശ്നമാണെന്ന് എല്ലാവർക്കും അറിയാം. വിറ്റാമിൻ, ധാതുക്കളുടെ കുറവ് എന്നിവ പരിഹരിക്കുന്നതിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഏതെല്ലാമാണെന്ന് ലോകാരോഗ്യ സംഘടന പ്രതിപാദിക്കുന്നുമുണ്ട്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് ഇന്ത്യക്കാർക്ക് പ്രോട്ടീൻ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് 6-8% മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ മതിയായ കലോറിയുടെയും പ്രോട്ടീൻ ഉപഭോഗത്തിന്റെയും അഭാവത്തിൽ ഒന്നോ രണ്ടോ സിന്തറ്റിക് വിറ്റാമിനുകളോ ധാതുക്കളോ കൂട്ടിച്ചേർക്കുന്നത് ഭക്ഷണത്തെ വിഷമയമാക്കുകയും പോഷകാഹാരക്കുറവുള്ള ജനതയിൽ പ്രതികൂല ഫലങ്ങളുണ്ടാക്കുകയുമാകും ചെയ്യുക എന്ന് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന് പോഷകാഹാരക്കുറവുള്ള കുട്ടികളിൽ അയൺ ഫോർട്ടിഫൈ ചെയ്ത ഭക്ഷണം നൽകുന്നതുമൂലം കുടൽവീക്കം, കുടൽ പുണ്ണ് എന്നിവ ഉണ്ടാകാം.

ഒന്നോ രണ്ടോ രാസവസ്തുക്കൾ ഉപയോഗിച്ച് ഒരു പോഷകത്തിന്റെ കുറവ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു പോഷകത്തിന്റെ ലഭ്യതയെ ഇത് സ്വാധീനിക്കാം. ഹീമോഗ്ലോബിൻ രക്തത്തിൽ ഉണ്ടാകണമെങ്കിൽ അയൺ മാത്രം പോരാ. അതിന്റെ അളവ് മാത്രം പരിഹരിച്ചതുകൊണ്ടായില്ല. ല്ല ഗുണമുള്ള പ്രോട്ടീനുകളും മറ്റ് പല മൈക്രോ ന്യൂട്രിയന്റുകളും കൂടി ഇതിനാവശ്യമാണ്. വിറ്റാമിൻ എ, സി, ഇ, ബി2, ബി6, ബി12, മഗ്നീഷ്യം, സെലീനിയം, സിങ്ക് തുടങ്ങിയവയൊക്കെ ഇതിനാവശ്യമാണ്. പോഷകാഹാരക്കുറവുള്ള ജനതയിൽ ഇതിന്റെയൊക്കെ കുറവുണ്ടാകാം. അതുകൊണ്ട് ചില സൂക്ഷ്മ പോഷകങ്ങൾ ഫോർട്ടിഫൈ ചെയ്ത് അരി കൊടുത്തതുകൊണ്ട് പ്രശ്ന പരിഹാരം ഉണ്ടാകുന്നില്ല.

മറ്റൊരു പ്രധാനപ്പെട്ട ആശങ്ക ഇന്ത്യയിലെ ഉയർന്ന അളവിലുള്ള കാർബോഹൈഡ്രേറ്റ് ഉപഭോഗമാണ്. ഇത് പ്രമേഹം, രക്താതി സമ്മർദ്ദം, ഹൃദ്രോഗം അമിതവണ്ണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ധാന്യങ്ങളിൽ, പ്രത്യേകിച്ചും അരിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവയിൽ പോഷകങ്ങൾ നിർബന്ധമായി കൂട്ടിച്ചേർക്കുന്നത് വിവേകശൂന്യമാണ്. പോഷക സുരക്ഷയ്ക്ക് ഇത് മതി എന്ന തെറ്റിദ്ധാരണ സാധാരണ ജനങ്ങളുടെ ഇടയിൽ ഉണ്ടാകാൻ ഇത് ഇടയാക്കും.

ഡാറ്റ വിശ്വസനീയമോ?

ഇന്ത്യയിൽ വിറ്റാമിൻ, ധാതുക്കളുടെ കുറവ് എന്നിവയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ, സെന്റ് ജോൺസ്, സീതാറാം ഭാരതീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് റിസർച്ച് എന്നിവയിൽ നിന്നുള്ള 2021 ലെ മറ്റൊരു പഠനവും ഏറ്റവും പുതിയ സമഗ്ര ദേശീയ പോഷകാഹാര സർവേ (2018-19) ഡാറ്റയും ലഭ്യമാകുന്ന വിവരം ചെറിയ കുട്ടികളിലെ വിറ്റമിൻ എ യുടെ കുറവ് ഇപ്പോൾ ഒരു പൊതു ആരോഗ്യ പ്രശ്നമല്ല എന്നതാണ്. കൂടാതെ സപ്ലിമെന്റേഷൻ പ്രോഗ്രാമുകൾ തുടരുന്നതും നിർബന്ധമായി പോഷകങ്ങൾ കൂട്ടിച്ചേർക്കുന്നതും ഹൈപ്പർ വിറ്റാമിനോസിസിന് കാരണമാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം പഠനങ്ങൾ ദേശീയ തലത്തിലെ പോഷക കുറവുകളെകുറിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി നൽകുന്ന വിവരങ്ങൾക്ക് വിപരീതമാണ്.

വാസ്തവത്തിൽ വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ കുറവ് ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ ചെറുക്കാൻ വ്യത്യസ്തമായ പ്രാദേശിക സമീപനങ്ങൾ ആവശ്യമാണ്. എങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരമുണ്ടാകൂ. പോഷക വിദഗ്ദ്ധരും പൊതു ജനാരോഗ്യ വിദഗ്ദ്ധരും പറയുന്നത് അയണിന്റെയും വിറ്റമിൻ എയുടെയും ആവശ്യം പകുതിയായി കുറഞ്ഞിരിക്കുന്നു എന്നാണ്. ഉദാഹരണത്തിന് 30 mg ആയിരുന്നു അയൺ ദിവസവും സ്ത്രീകൾക്ക് ദിവസവും ലഭിക്കേണ്ടിയിരുന്നത്. അത് പകുതിയായി കുറഞ്ഞിരിക്കുന്നു. അത്രയും മതി. ഇത് നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ തന്നെ ലഭിക്കും. പിന്നെ എന്തിനാണ് ഫോർട്ടിഫിക്കേഷൻ? ആഫ്രിക്കയിലെ സ്കൂൾ കുട്ടികൾക്ക് ഫോർട്ടിഫൈ ചെയ്ത ഭക്ഷണം കൊടുത്ത് തുടങ്ങിയ ശേഷം അവരുടെ മലത്തിലെ സൂക്ഷ്മ ജീവികളുടെ കാര്യത്തിൽ മോശമായ മാറ്റം സംഭവിച്ചതായി കണ്ടെത്തുകയുണ്ടായി. ഒരു ജനതയുടെ യഥാർത്ഥ ഭക്ഷ്യ സുരക്ഷയ്ക്ക് വേണ്ടത് ക്ലിനിക്കൽ സമീപനമല്ല. നല്ല ഭക്ഷണം, വൈവിധ്യമാർന്ന ഭക്ഷണം വേണ്ടത്ര അളവിൽ ലഭ്യമാക്കുന്ന സമീപനമാണ് വേണ്ടത്.

ചെറുകിടക്കാരെ ബാധിക്കുന്നു

പ്രാദേശിക സമ്പദ് വ്യവസ്ഥയെയും ഉപജീവനത്തെയും നിർബന്ധ ഫോർട്ടിഫിക്കേഷൻ നയം ബാധിക്കും. ഭക്ഷ്യ വസ്തുക്കൾ (ധാന്യങ്ങൾ, എണ്ണകൾ, പാല്) നിർബന്ധമായും ഫോർട്ടിഫൈ ചെയ്യണമെന്നുവന്നാൽ ഇത് ഒട്ടു വളരെ ചെറുകിട സംരംഭകരെയും വ്യവസായികളെയും മോശമായി ബാധിക്കാനിടയുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കേരളത്തിൽ തന്നെ നോക്കിയാൽ ഇന്ന് വളർന്നു വരുന്ന സംരംഭങ്ങളിൽ എണ്ണ ചക്ക്/ കോൾഡ് പ്രസ്സ് ഓയിൽ മില്ലുകൾ, ചെറിയ അരിമില്ലുകൾ, ഡയറികൾ തുടങ്ങിയവ പ്രധാനമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇത് വളർന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ്സാണ്. ഉപഭേക്താക്കൾ നല്ല ഭക്ഷണത്തെക്കുറിച്ച് കൂടുതൽ ബോധവാൻമാരാകുമ്പോൾ ഇത്തരം സംരംഭങ്ങൾ വളരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ഫോർട്ടിഫിക്കേഷൻ ഇവർക്ക് ചെയ്യാൻ കഴിയില്ല. അതിനുവേണ്ട സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ പണം ചിലവാക്കേണ്ടിവരും. ഇത് ചെറുകിട സംരംഭകർക്ക് താങ്ങാൻ കഴിയാത്തതാണ്.

അഞ്ച് കോർപ്പറേഷനുകളാണ് ഫോർട്ടിഫൈ ചെയ്യാനുള്ള ആഗോള അനുമതി നേടിയിട്ടുള്ളത്. ഇവർ നല്ല വിലയ്ക്കാണ് ഫോർട്ടിഫൈ ചെയ്യാനുള്ള വസ്തുക്കൾ നൽകുന്നത്. ഇടത്തരം മില്ലിന് ഫോർട്ടിഫൈ ചെയ്യാനുള്ള മാറ്റങ്ങൾ വരുത്താൻ ഏകദേശം 3.2 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും റൈസ് മില്ലേഴ്സ് അസോസിയേഷനുകൾ ഫോർട്ടിഫിക്കേഷനെതിരെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്.

ഉറപ്പാക്കാത്ത ഭക്ഷണ വൈവിധ്യം

നിർബന്ധ ഫോർട്ടിഫിക്കേഷനെ പൂർണ്ണ മനസ്സോടെ പിന്തുണക്കുന്ന ഭക്ഷ്യ സുരക്ഷ അതോറിറ്റി എന്തുകൊണ്ട് ഭക്ഷ്യ വൈവിധ്യം ഉറപ്പാക്കുന്നത് നിഷ്കർഷിക്കുന്നില്ല? വിളർച്ചക്കുള്ള പരിഹാരമായി അയൺ കൂട്ടിച്ചേർത്ത അരി വിറ്റു തുടങ്ങിയാൽ സ്വാഭാവികമായും അയൺ സംപുഷ്ടമായ മില്ലറ്റ്, പലതരം ഇലക്കറികൾ, മാംസം, മുട്ട, പാൽ തുടങ്ങിയ വ്യത്യസ്തതരം ആഹാരം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുറകോട്ടടിക്കപ്പെടും. ഇത് പ്രാദേശിക ബദലുകളായ അടുക്കളത്തോട്ടങ്ങൾ, കോഴി, കന്നുകാലി, മത്സ്യം വളർത്തൽ സംരംഭങ്ങളെയും തളർത്തും. മഹാരാഷ്ട്രയിൽ ഗ്രാമീണ തലത്തിൽ അനീമിയ ഇല്ലാതാക്കിയതായി പദ്ധതിക്ക് ചുക്കാൻ പിടിച്ച ദിൽനവാസ് വരിയാവ പറയുന്നു. ചിലവു കുറഞ്ഞ സ്ഥായിയായി പോഷക വസ്തുക്കൾ ലഭിക്കാൻ കഴിയുന്ന പദ്ധതിയാണിത്. തുടക്കത്തിൽ 26 ഗ്രാമങ്ങളിൽ ആരംഭിച്ച ഈ പദ്ധതി എല്ലാ വീടുകളിലും അടുക്കളത്തോട്ടം ഉണ്ടാക്കാനും അതിലുണ്ടാകുന്ന വ്യത്യസ്ത തരം പച്ചക്കറികൾ വീടുകളിൽ ഉപയോഗിക്കാനുമാണ് ഊന്നൽ കൊടുത്തത്. പിന്നീട് കോഴി വളർത്തലും കൂൺ കൃഷിയും ആരംഭിച്ചു. 4ഉം 5ഉം ഒക്കെയായിരുന്ന ഹീമോഗ്ലോബിൻ ലെവൽ 10 ൽ കൂടുതലായി ഉയർത്താൻ അടുക്കളത്തോട്ടത്തിലൂടെ മാത്രം സാധിച്ചു. സ്വന്തം ഉത്തരവാദിത്തത്തിൽ ഈ കൃഷി തുടരാൻ സ്ത്രീകൾ തയ്യാറായി.

അതുപോലെ വൈവിധ്യമാർന്ന നെല്ലിനങ്ങൾ ഉള്ള നാടാണ് ഇന്ത്യ. 1400 ഓളം നെല്ലിനങ്ങൾ സംരക്ഷിക്കുകയും അതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും ചെയ്യുന്ന ഡോ. ദേബൽ ദേബ് പറയുന്നത് ഈ നാടൻ നെല്ലിനങ്ങളിൽ ഉയർന്ന അളവിൽ പോഷകങ്ങൾ ഉണ്ടെന്നതാണ്. പ്രത്യേകിച്ചും അയൺ, സിങ്ക്, വിറ്റമിൻ ബി തുടങ്ങിയവ. എന്നാൽ ഇവ ഇന്ന് സാധാരണ ജനങ്ങൾക്ക് ലഭ്യമല്ല. അരിയുടെ പോഷകങ്ങൾ ഉള്ളത് അതിന്റെ തവിടിലാണ്. അത് മുഴുവൻ മാറ്റി പോളിഷ് ചെയ്ത അരിയാണ് ഇന്ന് ഭൂരിപക്ഷം ആളുകളും കഴിക്കുന്നത്. അതുതന്നെ അരി കഴിക്കുന്നവർക്ക് പ്രശ്നങ്ങളുണ്ടാക്കാം. ഈ അരിയിലാണ് ഫോർട്ടിഫൈ ചെയ്ത് അയണും മറ്റും കൂട്ടിച്ചേർത്ത് പോഷക സമൃദ്ധമാക്കി നൽകാമെന്ന് സർക്കാർ പറയുന്നത്. ഇതിലും വലിയ അസംബന്ധം വേറെ ഉണ്ടോയെന്ന് ഡോ. ദേബൽ ദേബ് ചോദിക്കുന്നു.

കേരളത്തിൽ നാടൻ നെല്ലിനങ്ങൾക്ക് പ്രചാരം ഏറി വരികയാണ്. തൊണ്ടി, കുറുവ, തവളക്കണ്ണൻ, രക്തശാലി, മുള്ളൻ കഴമ, ചിറ്റേനി തുടങ്ങി വിവിധ ഇനം അരികൾ ഇന്ന് ഒാർഗാനിക് വിപണിയിൽ ലഭ്യമാണ്. ഇവ കൂടുതൽ കൃഷി ചെയ്ത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചാൽ വൻകിട ഫോർട്ടിഫിക്കേഷൻ കമ്പനികൾക്ക് നൽകുന്ന പണം നെൽ കർഷകർക്ക് നൽകാൻ കഴിയും. നമ്മുടെ നാട്ടിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം കുട്ടികളും മാതാപിതാക്കളും തിരിച്ചറിയുകയും ചെയ്യും. ഇതിനു പുറമേ ഓർഗാനിക് വയലുകളിൽ നിന്നുള്ള ഇലക്കറികളും, മത്സ്യം, കക്ക തുടങ്ങിയ വ്യത്യസ്തതരം ഭക്ഷണങ്ങളും പ്രാദേശിക ജനങ്ങൾക്ക് വില കൊടുക്കാതെ തന്നെ ലഭ്യമാക്കാൻ കഴിയും.

വേണം പോഷകനയം

പോഷകാഹാര കുറവ്, വിറ്റമിൻ, ധാതുക്കളുടെ കുറവ് എന്നിവക്കുള്ള സമഗ്രമായ പരിഹാരം മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നുമുള്ള ഭക്ഷണങ്ങളിലെ പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള കലോറി ഉപഭോഗത്തെ കേന്ദ്രീകരിച്ചു കൊണ്ടാണുള്ളത്. പ്രാദേശിക സമൂഹങ്ങളെ അവരുടെ പോഷകാഹാരം മെച്ചപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസവും അതിനെ സഹായിക്കുന്ന പദ്ധതികളും ആണ് ഇനി കേരളത്തിൽ വരേണ്ടത്. കാർഷിക ആവാസവ്യവസ്ഥകൾക്കും പ്രാദേശിക ഭക്ഷണ രീതികൾക്കും അനുസരിച്ചുള്ള ഉൽപ്പാദന സംവിധാനങ്ങളിലൂടെയാണ് ഇത് നമുക്ക് നേടിയെടുക്കാൻ കഴിയുക. വർഷം മുഴുവനും ഒരേ ഭക്ഷണം കഴിക്കുന്നതിനു പകരം വ്യത്യസ്ത സീസണിൽ വ്യത്യസ്ത ഭക്ഷണം (പ്രത്യേകിച്ചും പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുകൾ തുടങ്ങിയവ) ലഭ്യമായാൽ അതായിരിക്കും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള കേരളത്തിന്റെ വലിയൊരു കാൽവയ്പ്. ചില സംസ്ഥാനങ്ങൾ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒറീസ്സ മില്ലറ്റ് മിഷൻ ഇതിനൊരു ഉദാഹരണമാണ്. റേഷൻ കടകളിലൂടെയും അംഗൻവാടികളിലൂടെയും മില്ലറ്റും പച്ചക്കറികളും മറ്റ് വൈവിധ്യമാർന്ന ഭക്ഷണങ്ങളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ അവർ ആലോചിക്കുന്നു. ഇത് ഭക്ഷ്യ മേഖലയിലെ കോർപ്പറേറ്റുകളുടെ കടന്നു വരവിന് തടയിടാനും സഹായിക്കും.

കാലാവസ്ഥാ ദുരന്തങ്ങളും കോവിഡ് മഹാമാരിയുമെല്ലാം പുതിയൊരു ആരോഗ്യനയത്തെ കുറിച്ച് ചിന്തിക്കാൻ ഇടയാക്കിയിരിക്കുന്നു. എല്ലാവർക്കും രോഗ പ്രതിരോധശേഷി ഉണ്ടാകുമ്പോഴേ മഹാമാരികളെ ചെറുക്കാൻ നമുക്ക് കഴിയൂ. അതിൽ ഏറ്റവും പ്രധാനമാണ് വൈവിധ്യമാർന്ന, പോഷക സമൃദ്ധമായ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കുകയെന്നത്. ഇതിന് പകരം ഫോർട്ടിഫിക്കേഷൻ എന്ന വൻകിട ഭക്ഷ്യ കമ്പനികൾ മുൻപോട്ട് വക്കുന്ന പോഷക നയത്തിന് പുറകേ പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

(ദേശീയ കോ-ഓർഡിനേറ്റർ, സേവ് ഔർ റൈസ് ക്യാമ്പയിൻ. ഡയറക്ടർ, തണൽ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 24, 2021 4:07 pm