പ്രതീക്ഷ വിതച്ച്, നഷ്ടം കൊയ്ത കോൾ കർഷകർ

തൃശൂർ, മലപ്പുറം ജില്ലകളിലായി പരന്നുകിടക്കുന്ന കോൾ നിലങ്ങൾ കേരളത്തിലെ പ്രധാനപ്പെട്ട നെല്ലുത്പാദന മേഖലയാണ്. കർഷകർക്ക് നല്ല വിളവ് നൽകിയിരുന്ന,14559  ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന കോൾപ്പാടങ്ങൾ ഇപ്പോൾ നഷ്ടക്കൊയ്ത്തിന്റെ കണ്ണീരിലാണ്. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം ഉത്പാദന നഷ്ടത്തിലൂടെ കോൾ കർഷകർ കടന്നുപോകുന്നത്‌. വിവിധ പടവുകളിലായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ്  കണക്കാക്കുന്നത്. കാലാവസ്ഥാവ്യതിയാനം കാരണം മഴയുടെ അളവിലും വിതരണത്തിലുമുണ്ടായ വ്യതിയാനങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പൊതുവെ മനസിലാക്കപ്പെടുന്നതെങ്കിലും നഷ്ടക്കൊയ്ത്തിന് കാരണമായി കർഷകർ നിരവധി കാരണങ്ങൾ ഉന്നയിക്കുന്നുണ്ട്.

മികച്ച വിളവ് പ്രതീക്ഷിച്ച് വിത്തിറക്കിയ കോൾ കർഷകരെല്ലാം കടത്തിലായിരിക്കുകയാണ്. പലരും പലിശയ്ക്ക് കടം വാങ്ങിയും, സ്വർണം ഉൾപ്പെടെ പണയം വച്ചുമാണ് കൃഷിയിറക്കിയിട്ടുള്ളത്. തൃശൂർ ജില്ലയിലെ ഏറ്റവും വലിയ പടവായ അന്തിക്കാട് കോൾപ്പടവ് ഉൾപ്പെടെ കോവിലകം, പുറത്തൂർ, പുള്ള്, പള്ളിപ്പുറം, ജൂബിലി തേവർ പടവ്, പുല്ലഴി, ഏലമുത, കണ്ണോത്ത് എന്നീ പടവുകളിലൊക്കെ വലിയ നഷ്ടങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. വിവിധ പടവുകളിലുള്ള കർഷകരുടെ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോയി കോൾ കൃഷി നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുകയാണ് ഈ റിപ്പോർട്ട്.

കോൾ നിലങ്ങൾക്ക് മുകളിലൂടെ പറക്കുന്ന പക്ഷികൾ. കടപ്പാട്: KrishnakumarIyer_india.mongabay.com

കോൾ എന്ന തണ്ണീർത്തടം

സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമായ കോൾ പാടങ്ങളിലേക്ക് കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തിൽ ഒഴുകി വരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് അടിഞ്ഞുകൂടുന്നു. മഴക്കാലങ്ങളിൽ പാടത്തേക്ക് കയറുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു കളഞ്ഞാണ്  അവിടം കൃഷി യോഗ്യമാക്കുന്നത്. സാധാരണ നെൽപ്പാടങ്ങളിൽ നിന്ന് കോളിനെ വ്യത്യസ്തമാക്കുന്നത് ഈയൊരു പ്രത്യേകതയാണ്. നിലവിൽ നെൽകൃഷി  ചെയ്യുന്ന പ്രദേശങ്ങൾ ഏകദേശം 14,559 ഹെക്ടർ വരുമെന്നു കണക്കാക്കപ്പെടുന്നു. ഇതിൽ 12638 ഹെക്ടർ തൃശൂർ ജില്ലയിലെ ഏഴ് ബ്ലോക്കുകളായിലായി പരന്നുകിടിക്കുന്നു. മലപ്പുറം ജില്ലയിൽ 1921 ഹെക്ടർ നിലമാണുള്ളത്. കോൾ എന്ന തണ്ണീർത്തടം പരിസ്ഥിതി  സേവനങ്ങളുടെ സാമ്പത്തിക മൂല്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. നെല്ലുത്പാദനം മാത്രമല്ല, മത്സ്യകൃഷി, താമര കൃഷി, താറാവ് വളർത്തൽ, വിനോദ സഞ്ചാരം, വിവിധ പൂ കൃഷി, പച്ചക്കറി കൃഷി എന്നിവയ്‌ക്കെല്ലാം യോഗ്യമാണ് കോൾ മേഖല. മാത്രവുമല്ല, 114 ഇനം സസ്യങ്ങൾ, 21 ഇനം സസ്തനികൾ, 320 ഇനം പക്ഷികൾ, 90 ഓളം ഉരഗ-ഉഭയ ജീവികൾ, 36 ഇനം മൽസ്യങ്ങൾ, 80 ഇനം ചിത്രശലഭങ്ങൾ, 63 ഇനം തുമ്പികൾ, 200 ഇനം ചിലന്തികൾ എന്നീ ജീവികളുടെയും ആവാസവ്യവസ്ഥ കൂടിയാണ് കോൾ നിലങ്ങൾ. പടവുകളായി തിരിച്ചിരിക്കുന്ന കോൾ മേഖലയിൽ അതാത് പ്രദേശത്തുള്ള കർഷകർ സംയുക്തമായാണ് കൃഷി ചെയ്യുന്നത്. സാധാരണ നെൽകൃഷിയേക്കാൾ കൂടുതൽ ഊർജ്ജവും അധ്വാനവും വേണ്ടതിനാൽ പാടശേഖരാടിസ്ഥാനത്തിൽ കർഷകർ കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് കോൾ മേഖലയിൽ നെല്ലുല്പാദനം കാര്യക്ഷമമായി നടക്കുന്നത്. കോൾ ലാന്റ് വികസന അതോറിറ്റിയുടെ ഔദ്യോഗിക രേഖകൾ പ്രകാരം 32,658 കർഷകരാണ് കോൾ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ വർഷമുണ്ടായ ഭീമമായ നഷ്ടത്തിന്റെ കണക്കുകൾ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്നത് ഒരു വലിയ ജനസമൂഹത്തെയാണ്.

വിത്ത് കിട്ടാനുണ്ടായ കാലതാമസം

ഈ വർഷം വലിയ നഷ്ടമുണ്ടായ ഒരു കോൾ മേഖലയാണ് തൃശൂർ പുഴയ്ക്കൽ ബ്ലോക്കിലെ പുല്ലഴി കോൾപ്പടവ്. 900 ഏക്കറുള്ള പുല്ലഴി കോൾപ്പടവിൽ ആകെ 650 കർഷകരാണുള്ളത്. ഒരേക്കർ പാടത്ത് നിന്നും 3200 കിലോഗ്രാം വരെ നെല്ല് ലഭിച്ചിരുന്ന സ്ഥലമാണിത്. എന്നാൽ ഇത്തവണ ലഭിച്ചത് 600 കിലോഗ്രാം നെല്ലാണ്. സെപ്തംബറിൽ കൃഷിയിറക്കേണ്ട കർഷകർ രണ്ടര – മൂന്ന് മാസം വൈകിയാണ് ഇത്തവണ ഇവിടെ കൃഷിയിറക്കിയത്. വിത്ത് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കർഷകനും പുല്ലഴി കോൾപ്പടവ് പ്രസിഡന്റുമായ ഗോപിനാഥ് കൊളങ്ങാട്ട് പറയുന്നത്. “കഴിഞ്ഞ ജൂണിൽ ഞങ്ങൾ പുല്ലഴി പടവിന് വേണ്ടി മാത്രം 200 ടൺ വിത്ത് ഓർഡർ ചെയ്തിരുന്നു. പക്ഷേ, കിട്ടിയത് എട്ട് ടൺ മാത്രമായിരുന്നു. നാഷണൽ സീഡ്‌ കോർപ്പറേഷനിൽ നിന്നാണ് ഞങ്ങൾ വിത്ത് വാങ്ങിക്കുന്നത്. ജനുവരിയിലാണ് വിത്ത് കിട്ടിയത്. ഒരേക്കറിൽ നിന്ന് ഒരു ചാക്ക് വിത്ത് കിട്ടിയവരുണ്ട്. അതുപോലെ ഞങ്ങൾക്ക് തരുന്ന കീടനാശിനികളുടെയും കളനാശിനികളുടെയും ഗുണമേന്മ പരിശോധിക്കേണ്ട കാലം കഴിഞ്ഞു. കീടനാശിനി പ്രയോഗം നടത്തിയിട്ട് പോലും ഇപ്പോഴും തണ്ടു തുരപ്പൻ പോലുള്ള കീടങ്ങൾ വരുന്നുണ്ട്. പല കീടനാശിനികൾക്കും രൂക്ഷ ഗന്ധം ഉണ്ടാകും. പക്ഷേ അതിന്റെ ഗുണമേന്മ  ഞങ്ങൾ എങ്ങനെ വിശ്വസിക്കും?എല്ലാ യോഗങ്ങളിലും ഉന്നയിക്കുന്ന കാര്യമാണത്.”

ഗോപിനാഥ് കൊളങ്ങാട്ട്

കോളിൽ നിന്ന് കിട്ടുന്ന വിളവ് പ്രതീക്ഷിച്ച് പലിശയ്ക്ക് കടം വാങ്ങിയാണ് പല കർഷകരും വിത്തിറക്കിയത്.അതാണ് വലിയ ദുരിതത്തിലേക്ക് കർഷകരെ എത്തിച്ചത് എന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു. വിളവ് നഷ്ടം സംബന്ധിച്ച് പുല്ലഴി കോൾപ്പടവ് സംഘം കൃഷി മന്ത്രിക്ക്  പരാതി നൽകിയിരുന്നു.

പുല്ലഴി കോൾപ്പടവ് സംഘം കൃഷി മന്ത്രിക്ക് നൽകിയ പരാതി.

കള നിയന്ത്രണം ഇല്ലാതായത് ഈ വർഷം കർഷകർ നേരിട്ട ഏറ്റവും വലിയ പ്രശ്നമാണ്. അത് നിയന്ത്രിക്കുന്നതിന് വലിയ അധ്വാനം വേണമെന്ന് മാത്രമല്ല ചെലവ് കൂടുതലാണെന്നും കർഷകർ പറയുന്നു. കള പറിക്കാൻ കുറേയാളുകൾ വേണമെന്നിരിക്കെ അവർക്കെല്ലാം കൊടുക്കേണ്ട കൂലി ഒരു വലിയ സംഖ്യയാണ്.

വിളയിടിവിന്റെ കാരണം പരിശോധിക്കാൻ കാർഷിക സർവകലാശാലയിലെ വിദഗ്ധ സംഘം പുല്ലഴി കോൾപ്പടവ് മേഖലയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. തണ്ടു തുരപ്പൻ, ഇലചുരുട്ടി, കരിച്ചിൽ തുടങ്ങിയ രോഗബാധയാവാം വിളവ് ഇടിയാൻ കാരണം എന്നാണ് സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് വൈകാതെ സർക്കാരിന് സമർപ്പിക്കും എന്നാണ് സംഘം കർഷകരെ അറിയിച്ചത്. ചേറ്റുപുഴ കിഴക്കേ കോൾപ്പടവിലെ കർഷകർക്കും സമാന അവസ്ഥ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഒന്നര ഏക്കറിൽ കൃഷി ചെയ്ത കർഷകർക്ക് ലഭിച്ചത് വെറും ഏഴ് ചാക്ക് നെല്ല് മാത്രമാണ്. കൊയ്ത്തുകൂലി പോലും പലർക്കും കിട്ടിയിട്ടില്ല. ഒരേക്കർ നിലം കൊയ്യാൻ 2500 രൂപയാണ് കൂലി കൊടുക്കേണ്ടത്. പല പ്രദേശങ്ങളിലും റഗുലേറ്റർ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും പ്രതിസന്ധിയായി. കൃഷിയിടങ്ങളിലെ ചണ്ടി  നീക്കുന്ന പ്രവർത്തനവും ഇത്തവണ വൈകിപ്പോയിരുന്നു. ഒരേക്കർ കൃഷിനിലത്ത് നിന്നും 2800 മുതൽ 2900 കിലോ വരെ ലഭിച്ചിരുന്ന ഏലമുത പടവിൽ ഇത്തവണ വെറും 350 കിലോ നെല്ല് മാത്രമാണ് ലഭിച്ചിട്ടുള്ളത്.

കള നിയന്ത്രിക്കുന്ന കർഷകർ, പുല്ലഴിയിൽ നിന്നുള്ള ദൃശ്യം.

ജലവിതരണം നിയന്ത്രിച്ച് കൃഷി ചെയ്യേണ്ട കോൾ മേഖലയിൽ റെഗുലേറ്റർ സംവിധാനം ശരിയായിട്ടില്ല പ്രവർത്തിക്കുന്നതെന്നും കോളിനെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന കർഷകരെ ഇത് പ്രതിസന്ധിയിലാക്കുന്നതായും കർഷകർ പറയുന്നു. ജലസേചന വകുപ്പിന്റെ ആസൂത്രണത്തിലെ പിഴവുകളാണ് ഇതിന് കാരണമെന്ന് തൃപ്രയാറിലെ മുതിർന്ന കർഷകൻ പി പരമേശ്വരൻ വിശദമാക്കി. “ഞാൻ 20 ഏക്കറിൽ നെൽക്കൃഷി നടത്തുന്ന കർഷകനാണ്. ചിമ്മിനി ഡാമിലെ വെള്ളം ആശ്രയിച്ചാണ് ഞങ്ങൾ കൃഷി നടത്തുന്നത്. പെരുമ്പുഴ പാലത്തിന് വടക്ക് മുല്ലശ്ശേരി മേഖലയാണ്. അവിടെ ഏനാമാക്കൽ, ഇടിയൻചിറ എന്നിങ്ങനെ രണ്ട് റെഗുലേറ്ററുകളാണുള്ളത്. പെരുമ്പുഴ പാലം തൊട്ട് വടക്കോട്ട് ഒരൊറ്റ സോൺ ആയി തിരിക്കേണ്ടതായിരുന്നു. അവരത് രണ്ടും മൂന്നും സോണുകളാക്കി തിരിച്ചു. ഒരു ഭാഗത്ത് തിരിക്കുമ്പോൾ മറ്റേ ഭാഗം അടയ്ക്കണം. മുല്ലശ്ശേരി മേഖലയിൽ ഏനാമാവ് ബണ്ടിന് വടക്കേ വശത്ത്  പൊണ്ണമുത, ഏലമുത, കിഴക്കേ കരിമ്പാടം എന്നീ മൂന്ന് പടവുകളെ ഇത് കൂടുതലായി ബാധിച്ചു. കോൾ നിലങ്ങളിലെ ചണ്ടി സമയാസമയത്ത് നീക്കിയില്ല. അതടിഞ്ഞു കൂടുന്നത് വലിയ പ്രശ്നമാണ്. മഴയ്ക്ക് മുൻപ് അത് ചെയ്യേണ്ടതായിരുന്നു.അതിന്റെ നടപടികൾ ഇപ്പോഴും ചെയ്തിട്ടില്ല. പലരും ഇറിഗേഷൻ വകുപ്പിന് മുൻപിൽ സമരമിരുന്നിട്ടുണ്ട്. 20 ഏക്കറിൽ നിന്ന് ആകെ കിട്ടിയത് മൂന്നര ടൺ നെല്ലാണ്.12 ടൺ  മുതൽ 14 വരെ  നെല്ല് കിട്ടാറുള്ളതാണ്. കൃത്യ സമയത്ത് വെള്ളം കിട്ടാത്തതും, കോളിലേക്ക് ഉപ്പു വെള്ളം കയറിയതും പ്രശ്നങ്ങളായി. ഏനാമാവ് ഇടിയൻചിറ റെഗുലേറ്ററുകൾ പണി കഴിയാത്തതും പ്രശ്നങ്ങളാണ്. എല്ലാ പാടശേഖരങ്ങളിലും കൃഷി ഓഫീസർമാരുണ്ട്. അവരാരും പാടത്ത് വരില്ല.”

പി പരമേശ്വരൻ

ജലസേചന വകുപ്പ് ഏനമാക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ സിബു ടി.എ ഈ പരാതിയോട് ഇപ്രകാരം പ്രതികരിച്ചു. “കൃഷി തുടങ്ങുന്ന സമയത്ത് കൃത്യമായി വിതരണം ചെയ്യാൻ ആവശ്യമായ വെള്ളം ചിമ്മിനി ഡാമിൽ ഉണ്ടായിരുന്നില്ല. ഇത് കലക്ടറെ ബോധിപ്പിച്ചപ്പോൾ നിലങ്ങളെ രണ്ട് സോണുകളാക്കി തിരിച്ച് വെള്ളം കൊടുക്കണം എന്നാണ് നിർദ്ദേശം കിട്ടിയത്. തൃശൂർ കോളിൽ തന്നെ പതിനായിരം ഹെക്ടർ സ്ഥലമുണ്ട്. അതിലെല്ലാം കൂടി ഒരുമിച്ച് വെള്ളം കൊടുക്കാനുള്ള സംവിധാനം നമുക്കില്ല. എല്ലാവരും ഒരേ സമയത്ത് കൃഷി ചെയ്യാതിരിക്കുന്നത് ജലവിതരണത്തെ  ബാധിക്കുന്നുണ്ട്. ഒരു സോണിലുള്ള ആളുകൾ കൃഷി നടത്തി അതിൻ്റെ വിളവെടുപ്പിന് ശേഷം  അടുത്ത ആളുകൾ നടത്തുന്ന പോലെയാണ് പ്ലാൻ ചെയ്തത്. പക്ഷേ, അത് അത്ര ഫലിച്ചില്ല. അപ്പോഴേക്കും അപ്രതീക്ഷിതമായി മഴ വന്നു, കൃഷി മുങ്ങിപ്പോയി. വെള്ളം സ്റ്റോർ ചെയ്യാൻ പറ്റിയെങ്കിലും മഴ കൃഷിയെ ബാധിച്ചു. കൂടെ ചൂടിൻ്റെ ആധിക്യവും. കനാലിൽ ആഴം കൂട്ടുന്ന പ്രവൃത്തി (De filtration) കൃത്യമായി ചെയ്യണം. കനാലിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾക്ക് വെള്ളം കൃത്യമായി കിട്ടി. ദൂരത്തായുള്ള കൃഷിയിടങ്ങൾക്ക്  വെള്ളം വേണം എന്ന് പറഞ്ഞാൽ അവർക്കായി മാത്രം വെള്ളം തുറക്കാൻ സാധിക്കില്ലല്ലോ. കാരണം കനാലിന് അടുത്തുള്ള കർഷകർ ചിലപ്പോൾ വിളവെടുപ്പ് നടത്തുന്ന സമയമാണ്. അവർക്ക് വെള്ളം ആവശ്യമില്ല.തൃശൂർ കോർപ്പറേഷൻ ഏരിയയിലെ മുഴുവൻ മാലിന്യവും കോൾ നിലങ്ങളിൽ വന്ന് ചേരുന്നുണ്ട്. ഇത് ക്ലീൻ ചെയ്യാൻ വേണ്ടത് കോടി കണക്കിന് രൂപയാണ്. ഇതെല്ലാം എപ്പോഴും ചർച്ചയാണ്. പക്ഷേ, പരിഹാരം കണ്ടെത്തുന്നില്ല.

ചാഴൂർ കോവിലകം കോൾപ്പടവിൽ ഒരു ഏക്കറിൽ നിന്ന് 35 ചാക്ക് നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം മൂന്ന് ചാക്ക് നെല്ല് പോലും കിട്ടിയില്ലെന്നാണ് കർഷകർ പറയുന്നത്. കിട്ടിയ നെല്ലിന് തൂക്കവും ഇല്ലാത്തതിനാൽ നല്ല വിലയ്ക്ക് നെല്ല് എടുക്കാൻ പുറത്തുള്ള കമ്പനിക്കാരും തയ്യാറായില്ല. നെല്ലിനേക്കാൾ കൂടുതലായി കവുട്ടപുല്ലാണ് വളർന്നത് എന്നതും കർഷകർ ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നു. പടിയൂർ തെക്ക് വലിയ മേനോൻ കോൾപ്പടവിൽ കൊയ്തെടുക്കാൻ പാകമായ നെല്ല് കരിഞ്ഞ് വെള്ള നിറമായി. കർഷകരുടെ പരാതിയെ തുടർന്ന് പരിശോധനയ്ക്കെത്തിയ വിദഗ്ധ സംഘം കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണം എന്നാണ് വിലയിരുത്തുന്നത്. അരിമ്പൂർ കൃഷി ഭവനിൽ കീഴിൽ വരുന്ന രജമുട്ട് കോൾപ്പടവിൽ ഉപ്പിന്റെ അംശം കൂടിയതാണ് ഇത്ര നഷ്ടം വരാൻ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

പുല്ലഴി കോൾപ്പടവിൽ പടർന്ന കുളവാഴ.

കോൾപ്പാടങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജലസസ്യങ്ങൾ (പ്രധാനമായും കുളവാഴ) കനാലുകളിലും റെഗുലേറ്ററുകളിലും വന്നടിഞ്ഞ് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. ചാലുകളിലെ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തന്നെ ബാധിക്കുന്ന വിധത്തിൽ കോൾ നിലങ്ങളിൽ കളകൾ പടർന്നിട്ടുണ്ട്. ഇതിന് പുറമെ ഓരോ വർഷം കൂടുംതോറും പുതിയ കളകൾ വളരുന്നുമുണ്ട്. ഈ കളകളെ ചെറുക്കാൻ ഉപയോഗിക്കുന്ന  കളനാശിനികൾ വിതയ്ക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ അതിലേറെയാണെന്ന് കേരള കാർഷിക സർവ്വകലാശാലയിലെ എമിരറ്റസ് പ്രൊഫെസ്സർ ഡോ. പി ഇന്ദിരാദേവി പറയുന്നു. “കർഷകർക്ക് കളനാശിനി ഉപയോഗിക്കാതിരിക്കാൻ വേറെ മാർഗമില്ലാത്ത സ്ഥിതിയാണ്. മറ്റൊന്ന് കോൾ നിലങ്ങളിലെ അമിതമായ രാസവളപ്രയോഗമാണ്. അത് അവിടങ്ങളിലെ ജൈവവൈവിധ്യത്തെയും ,പരിസ്ഥിതിയെയും വിപരീതമായി ബാധിച്ചു കഴിഞ്ഞു. അശാസ്ത്രീയമായ  രാസവളപ്രയോഗമാണ് കോൾ നിലങ്ങളിൽ നടക്കുന്നത്. ശാസ്ത്രീയമായി മണ്ണ് ശേഖരിച്ച്, അത് സമയബന്ധിതമായി പരിശോധിച്ച് സീസൺ ആരംഭിക്കുന്നതിനു മുന്നേ അതിന്റെ ഫലം കർഷകരിലേക്കെത്തിക്കുക എന്നത് പ്രധാനമാണ്. മണ്ണ് പരിശോധന ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ (സെൻസറുകൾ, റിമോട്ട് സെൻസറുകൾ) ആധുനികവൽക്കരിക്കാവുന്നതുമാണ്. സമുദ്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ കോളിൽ പ്രതിഫലിക്കാനിടയുണ്ട്. കാലാവസ്ഥാ പഠനങ്ങൾ പറയുന്നത് സമുദ്രത്തിന്റെ സ്വഭാവത്തിൽ കാലങ്ങൾ കൊണ്ട് കുറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്.  സമുദ്രനിരപ്പുയരുമ്പോൾ താഴ്ന്ന പ്രദേശമായ കോളിലേക്ക് തീർച്ചയായും ലവണാംശം കയറാനിടയുണ്ട്. പക്ഷേ, ശാസ്ത്രീയമായ ഒരു പഠനത്തിന്റെ പിൻ ബലത്തിൽ മാത്രമേ അത് ഉറപ്പിക്കാനാവൂ. കോൾ നെൽക്കൃഷിയിലെ ഏറ്റവും കാതലായ അടിസ്ഥാന സൗകര്യം ജലനിയന്ത്രണത്തിനുള്ള സംവിധാനമാണ്. പൊതുവിൽ സമഗ്രമായ കനാൽ – ഉൾചാലുകൾ, ബണ്ടുകൾ, റെഗുലേറ്ററുകൾ എന്നിവയുണ്ടെങ്കിലും അവയെല്ലാം തന്നെ പൂർണ്ണ തോതിലും കൃത്യസമയത്തും പ്രവർത്തനക്ഷമമാകുന്നില്ല എന്നത് യാഥാർഥ്യമാണ്. റെഗുലേറ്ററുകൾ ഉണ്ടെങ്കിലും പരമ്പരാഗതമായ വളയൻ ചിറകളും കോളിൽ വേണ്ടിവരുന്നുണ്ട്. റെഗുലേറ്ററുകളിൽ കൃത്യസമയങ്ങളിൽ അറ്റകുറ്റ പണികൾ നടത്താത്തതുമൂലം ജലനിർഗമനവും സംഭരണവും  കാര്യക്ഷമമല്ലാതായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളും കോൾ മേഖലയിലുണ്ട്. പ്രദേശത്തിന്റെ ഭൗമ ശാസ്ത്ര സംബന്ധമായ പഠനങ്ങൾ പരിമിതമാണ്. മനുഷ്യ ഇടപെടലുകൾ പ്രദേശത്തിന്റെ സ്വാഭാവിക ജലസംഭരണ- നിർഗമന രീതികൾ എത്രമാത്രം മാറ്റിയിട്ടുണ്ടെന്നത് പഠിക്കണം. സമുദ്ര നിരപ്പ് ഉയർച്ച, വേലിയേറ്റ-വേലിയിറക്ക മാറ്റങ്ങൾ എന്നിവയെല്ലാം കോളിൽ പ്രതിഫലിക്കും, അതും പഠിക്കണം. കാലങ്ങൾ കൊണ്ട് മണ്ണിലെ ഘടന ഒരുപാട് മാറിയിട്ടുണ്ടാകും. അത് മനസിലാക്കിയില്ലെങ്കിൽ കൃഷി തുടരുന്നതിൽ അർഥമില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറ്റെടുക്കാൻ ഗവേഷണ വികസന പദ്ധതികൾ തയ്യാറാകണം.”

ഡോ. പി ഇന്ദിരാദേവി

കോൾ മേഖലയിലെ കൃഷി നല്ല രീതിയിൽ നടക്കണമെങ്കിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്ന കാര്യവും ഡോ. പി ഇന്ദിരാദേവി വിശദമാക്കി. “കൃഷി വകുപ്പ്, കെ.എസ്.ഇ.ബി ഇറിഗേഷൻ വകുപ്പ്, യൂണിവേഴ്സിറ്റി, സപ്ലൈകോ, സീഡ്, പുഞ്ച സ്പെഷ്യൽ ഓഫീസ് ഡെവലപ്മെന്റ് അതോറിറ്റി, ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ എന്നീ വകുപ്പുകളാണവ. നിലവിൽ അവരുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കോൾ മേഖലയുടെ തണ്ണീർത്തട സ്വഭാവം നിലനിർത്താൻ ഏറ്റവും നല്ല മാർഗം നെൽകൃഷി ചെയ്തുകൊണ്ടിരിക്കുക എന്നതുതന്നെയാണ്. അതുപോലെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കോൾ ആവാസവ്യവസ്ഥയുടെ സമഗ്രമായ മാപ്പിങ് നടത്തുകയും, പ്രദേശം സ്പെഷ്യൽ ഇക്കോളജിക്കൽ സോൺ എന്ന നിലയിൽ വിജ്ഞാപനം ചെയ്യേണ്ടതുമാണ്.”

കടം വാങ്ങി വിത്തിറക്കിയവർ എന്ത് ചെയ്യും?

‌”കർഷകർ ആത്മഹത്യ ചെയ്യുന്നു എന്ന് കേട്ടിട്ടില്ലേ? അതിന്റെ നേർക്കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.” മുല്ലശേരി കണ്ണോത്ത് കോൾ പടവിൽ ഏഴേക്കറോളം കൃഷിയുള്ള, ജില്ലാ കോൾ കർഷകസംഘം ജനറൽ സെക്രട്ടറി കൂടിയായ എൻ.കെ സുബ്രഹ്മണ്യൻ പറയുന്നു. “മുണ്ടകൻ കടും കൃഷിയാണ് ഇവിടെ ചെയ്യാറുള്ളത്. സെപ്തംബറിൽ കൃഷിയിറക്കി ജനുവരിയിൽ കൊയ്തെടുക്കുന്ന രീതിയിലാണ് കൃഷി. ഇപ്രാവശ്യം ഉത്പാദനം നല്ലോണം കുറഞ്ഞു. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ഒരേക്കറിൽ കൃഷി ചെയ്തിട്ട് അഞ്ച് ചാക്ക് മാത്രം കിട്ടിയ കർഷകരുണ്ട്. പലർക്കും ഇതിലും കുറഞ്ഞു. കൃഷിക്ക് വേണ്ടി ചെലവഴിച്ച തുക കിട്ടണ്ടേ? നെല്ലിന് വിലയും വർധിപ്പിച്ചിട്ടില്ലല്ലോ. അതില്ലാതെ എന്ത് ചെയ്യാനാവും? പലരും കടം വാങ്ങിയാണ് വിത്തിറക്കാൻ വേണ്ട കാര്യങ്ങൾ ചെയുന്നത്. രാസവളം വാങ്ങാൻ കുറെ ചെലവുണ്ടായവരുണ്ട്. വീട്ടിൽ പശുക്കൾ ഉള്ളതുകൊണ്ട് ഞാൻ അതിന്റെ ചാണകമാണ് പാടത്ത് കൊടുത്തത്. അതില്ലാത്തവർ എന്ത് ചെയ്യും? രാസവളം പുറത്ത് നിന്നും വാങ്ങണം. ഞങ്ങൾക്ക് കിട്ടേണ്ട ഇൻഷുറസും വൈകുകയാണ്.”

എൻ.കെ സുബ്രഹ്മണ്യൻ

കോളിൽ നെല്ല് ചെയ്യുന്ന സമയത്ത് തന്നെ പച്ചക്കറിക്കൃഷിയും, പൂക്കൃഷിയും, മീൻ വളർത്തലും ചെയ്‌ത് വരുമാന മാർഗം കണ്ടെത്തുന്ന കർഷകരുമുണ്ട്. പലർക്കും അതിൽ നിന്നും നല്ല വരുമാനം കിട്ടുന്നുമുണ്ട്. വർഷത്തിൽ ഒരു തവണ കൃഷി ചെയ്യുന്ന നിലങ്ങളിലാണ് ഇതുപോലുള്ള രീതികൾ അവലംബിക്കുന്നത്. ഫാം റോഡുകളിലാണ് ഇത് ചെയ്യാറുള്ളത്. നെൽകൃഷി ഇറക്കിയ സമയത്ത് തന്നെ സൂര്യകാന്തി വിത്തും, പച്ചക്കറി കൃഷിയുമെല്ലാം നടത്തി വിജയിപ്പിക്കാൻ കഴിഞ്ഞതാണ് തൃശൂർ പുല്ലഴി കോൾപ്പടവ് സംഘത്തിന് നഷ്ടത്തിനിടയ്ക്കും ചെറിയൊരാശ്വാസമായി മാറിയത്.

തൃശൂർ പുല്ലഴി കോൾപ്പടവ് സംഘത്തിന്റെ സൂര്യകാന്തി കൃഷി.

കോൾ നിലങ്ങളിൽ നെല്ല് വിളവെടുത്തതിന് ശേഷം ആ നിലം തണ്ണിമത്തൻ കൃഷിക്ക് പ്രയോജനപ്പെടുത്താറുണ്ടെന്ന് പള്ളിപ്പുറം ആലപ്പാട് കോൾഫാമിങ് സൊസൈറ്റിയിലെ വൈസ് പ്രസിഡന്റും, കർഷകനുമായ പവനൻ സി.എസ് പറയുന്നു. ഫെബ്രുവരിയിൽ വിത്തിട്ട് ഏപ്രിലിൽ വിളവെടുക്കുന്ന തരത്തിൽ മികച്ച വിളവിൽ രണ്ട് വർഷമായി ഇത് തുടരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

പള്ളിപ്പുറം ആലപ്പാട് കോൾഫാമിങ് സൊസൈറ്റിയിലെ തണ്ണിമത്തൻ കൃഷി.

വിളവിനെ ബാധിച്ചതെന്ത്?

വിളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള വിവിധ പരാതികൾക്ക് പിന്നിലെ കാരണങ്ങൾ കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അസിസ്റ്റൻഡ് ഡയറക്ടർ ഡോ. എ.ജെ വിവെൻസി വിശദമാക്കി. “സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡ് രജിസ്‌ട്രേഷൻ ലൈസൻസ്സ് എടുത്ത കീടനാശിനികളാണ് കർഷകർക്ക് ലഭിക്കുന്നത്. കാലങ്ങളായി പാടങ്ങളിൽ ഇത് പ്രയോഗിക്കുന്നതുകൊണ്ട് കീടങ്ങൾ അതിനെ അതിജീവിച്ചതുകൊണ്ടാവാം ഫലം കുറയുന്നത്. കൃഷിക്കുള്ള വിത്ത് യഥാസമയം ലഭിക്കണം എന്നുണ്ടെങ്കിൽ അതിന് കർഷകരും സഹകരിക്കേണ്ടതുണ്ട്. ഒരു സീസണിൽ ഏത് വിത്താണ് കൃഷി ചെയ്യേണ്ടതെന്ന് പൊതുയോഗം കൂടിയിട്ടാണ് കർഷകർ തീരുമാനിക്കുന്നത്. വിത്ത് കിട്ടുന്നതിന് ചുരുങ്ങിയത് ഒരു ആറ്‌ മാസം മുൻപെങ്കിലും കർഷകർ അറിയിക്കണം. വിത്ത് കൊടുക്കുന്നതിനു മുൻപ് വിത്തിന്റെ ഗുണനിലവാരം കാർഷിക സർവ്വകലാശാലകളുടെ സഹായത്താൽ പരിശോധന നടത്തണം. വിത്തിനം നേരത്തെ അറിയിച്ചില്ലെങ്കിൽ പരിശോധന കഴിഞ്ഞ് വിത്ത് കർഷകരിലെത്താൻ കാലതാമസം എടുക്കും. ഈ സീസണിൽ അതാണ് സംഭവിച്ചിട്ടുള്ളത്. അതുപോലെ കർഷകർ പുതിയ ഇനം വിത്ത് ചോദിക്കാറുണ്ട്. അത് കൊടുക്കാൻ  കഴിയാത്തതും ഇക്കാരണത്താലാണ്. നമ്മുടെ കോൾ പാടങ്ങളിൽ പലപ്പോഴും വളപ്രയോഗം വേണ്ടവിധത്തിലല്ല നടക്കുന്നത്. നല്ല വിളവ് ലക്ഷ്യം വച്ചുകൊണ്ട് അമിതമായി വളപ്രയോഗം നടത്തുന്ന കർഷകരുമുണ്ട്. അതൊരിക്കലും ചെയ്യരുത്. കളനാശിനി പ്രയോഗവും ശാസ്ത്രീയമായിരിക്കണം. ഇല്ലെങ്കിൽ ഗുണം ചെയ്യില്ല. കളനാശിനി ഫലവത്താകണമെങ്കിൽ ജലലഭ്യതയും നന്നായി നടക്കണം. അത് പ്രയോഗിക്കുന്നതിന് മുൻപ് ജല ലഭ്യത ഉണ്ടായിരിക്കണം. രണ്ട് സോണുകളായി കൃഷി ചെയ്യുന്ന രീതി കൂടുതൽ പ്രോത്സാഹിപ്പിക്കണം. കോളിന്റെ ആഴം നോക്കിയാണ് അത് തീരുമാനിക്കുന്നത്. ഉയർന്ന പ്രദേശം ഒന്നാം ഘട്ടമായും, താഴ്ന്ന പ്രദേശം രണ്ടാം ഘട്ടമായും. ആദ്യഘട്ടത്തിലെ ആളുകളുടെ വിതയ്ക്കൽ കഴിഞ്ഞാൽ രണ്ടാം ഘട്ടത്തിലെ ആളുകൾക്ക് വെള്ളം വറ്റിച്ച് കൃഷി ചെയ്യാം. ഈ വെള്ളം ഒന്നാംഘട്ടത്തിൽ കൃഷിക്കാർക്ക് ഉപയോഗിക്കാം. ചിമ്മിനി ഡാമിലെ വെള്ളം അപ്പോൾ കൃത്യമായി വിനിയോഗിക്കാനാവും.

ഡോ. എ.ജെ വിവെൻസി

അയൽ സംസ്ഥാനത്ത് നിന്നും വരുത്തുന്ന കാലഹരണപ്പെട്ട കൊയ്ത്തു യന്ത്രങ്ങളാണ് ഇവിടുത്തെ കർഷകർ ഉപയോഗിക്കുന്നത്. കാര്യക്ഷമമല്ലാത്ത കൊയ്ത്ത് യന്ത്രങ്ങൾ കൊയ്യാൻ കൂടുതൽ സമയമെടുക്കും. കൊയ്ത്ത് മെഷീന് ഒരു മണിക്കൂറിന്  2000 രൂപ വരെ വാങ്ങുന്നവരുണ്ട്. കൂടുതൽ സമയം ആകുമ്പോൾ പൈസ കൂടുന്നു. യന്ത്രം കേടായതുകൊണ്ട് വിളഞ്ഞ നെന്മണികൾ കൊയ്യുമ്പോൾ തന്നെ പാടത്തു വീണ് പോകുന്നു. ഈയൊരു കാരണം  കൊണ്ട് തന്നെ ലക്ഷകണക്കിന് രൂപയുടെ നെല്ല് നഷ്ടമാകുന്നുണ്ട്. പാടശേഖരസമിതി കൊയ്ത്ത് യന്ത്ര ഉടമകളുമായി സംസാരിച്ച് നല്ല മെഷീനുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കണം. നെല്ലിൽ പുതിയ രോഗങ്ങൾ കാണുന്നുണ്ട്. അതെല്ലാം കണ്ടെത്തി പഠിച്ച് പരിഹാരം കാണണം. നെല്ലിന് 17 ശതമാനം ഈർപ്പം ഉണ്ടെങ്കിലേ സപ്ലൈകോ നെല്ല് എടുക്കുകയുള്ളൂ.  ഒരു പാടശേഖരം മുഴുവൻ കൊയ്യാൻ ഒരാഴ്ചയിൽ കൂടുതൽ വേണം. അത്രയും സമയം കൊണ്ട്  കൊയ്ത്തു കഴിഞ്ഞു കൂട്ടിയിടുന്ന നെല്ലിന്റെ  ഈർപ്പം 14 ശതമാനമായി കുറയും. ഇത് നെല്ലിന്റെ വ്യാപാരത്തെ ബാധിക്കുന്നുണ്ട്.”

കൃഷിക്ക് മുൻപ് കോൾ കർഷക പ്രതിനിധികളുടെ മുൻകൈയിൽ നടക്കേണ്ട ആസൂത്രണത്തിന്റെ പ്രാധാന്യവും ഡോ. എ.ജെ വിവെൻസി ചൂണ്ടിക്കാണിക്കുന്നു. “ഒരു കാർഷിക കലണ്ടർ തയ്യാറാക്കി അതുപ്രകാരം കൃഷി ചെയണം. കർഷകർക്ക് ലഭിക്കേണ്ട വിള ഇൻഷുറൻസ്, കാലാവസ്ഥാ വ്യതിയാന ഇൻഷുറൻസ് എന്നിവയെപ്പറ്റിയുള്ള അറിവ് കർഷകരിലേക്ക് എത്തിക്കേണ്ടത് പാടശേഖരസമിതിയുമായി സഹകരിച്ച് വേണം ചെയ്യാൻ. കൊയ്ത്ത് തുടങ്ങി കഴിഞ്ഞാൽ പാടശേഖരങ്ങൾ റിവ്യൂ ചെയ്യാൻ ഒരു ഗ്രൂപ്പ് ഉണ്ടായിരിക്കണം. അവർ കർഷകരുടെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യണം. വിത്തിന്റെ ലഭ്യത, ജലസേചന സൗകര്യം, വളപ്രയോഗം, കള -കീട നിയന്ത്രണം, കൊയ്ത്തു്മെഷീൻ ലഭ്യത, നെല്ല് സംഭരണം, സർക്കാർ സബ്‌സിഡി, വിള ഇൻഷുറൻസ്, കാർഷിക ലോൺ സൗകര്യം  എന്നീ കാര്യങ്ങളെല്ലാം അന്വേഷിക്കാൻ പ്രാപ്തമായ ഒരു ഗ്രൂപ്പ് ഉണ്ടാകണം.”

നഷ്ടത്തിന് പരിഹാരം കാണാത്ത സർക്കാർ

ചരിത്രത്തിലാദ്യമായാണ് കോൾ നിലങ്ങളിൽ ഇത്രയും വലിയ നഷ്ടമുണ്ടാകുന്നത്. എന്നിട്ടും  സർക്കാർ അതിനുള്ള നഷ്ടപരിഹാരം കൊടുക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. സർക്കാരിൽ നിന്നും കർഷകർക്ക് ലഭിക്കേണ്ട  ഇൻഷുറൻസുകൾ ലഭിക്കുന്നില്ല എന്നതും ഇതുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല എന്നതും തികഞ്ഞ അനാസ്ഥയാണെന്ന് ജില്ലാ കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ കൊച്ചുമുഹമ്മദ് പറഞ്ഞു. “ജൂബിലി തേവർപ്പടവിലാണ് എനിക്ക് നിലം ഉള്ളത്. നല്ല വിളവ് കിട്ടുകയാണെങ്കിൽ കോൾ നല്ല ലാഭമാണ്. പക്ഷേ, ഇത്തവണ നാലിലൊന്ന് വിളവ് മാത്രമേ ഞങ്ങൾക്ക് കിട്ടിയുള്ളൂ . അധികൃതരെ വിവരം അറിയിച്ചുകൊണ്ടുള്ള പരാതികൾ കൊടുത്തിരുന്നു. പലരും വന്നു പരിശോധനകൾ നടത്തിയെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.”

കെ.കെ കൊച്ചുമുഹമ്മദ്

“കർഷകർക്ക് വേണ്ടി സർക്കാരിന്റെ വിവിധ ഇൻഷുറൻസുകളുണ്ട്‌. കേന്ദ്ര-സംസ്ഥാന സർക്കാർ ചേർന്ന് നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ നല്ലൊരു തുക തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 90 ശതമാനം കർഷകരും ഇൻഷുറൻസ് എടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിലേക്ക് ഒരേക്കറിന് 100 രൂപ വച്ച് പ്രീമിയം അടയ്ക്കുന്നുണ്ട്. പക്ഷേ, ഇതുവരെ കിട്ടിയിട്ടില്ല. നല്ല തുക നിക്ഷേപിച്ച് വിത്തിറക്കിയവർക്ക് ഈ സമയത്ത് ഒരു തുക കിട്ടുന്നത് ആശ്വാസമായിരിക്കും. 26,000 ഏക്കറുകളിലെ കർഷകരാണ് പ്രീമിയം തുക അടച്ചിട്ടുള്ളത്. ആ തുകയെല്ലാം എവിടെപ്പോയി?” കെ.കെ കൊച്ചുമുഹമ്മദ് ചോദിക്കുന്നു.

ജൂബിലി തേവർപ്പടവിലെ പാടശേഖര സമിതി നൽകിയ പരാതി.

ഇതുവരെയില്ലാത്ത നഷ്ടമുണ്ടായിട്ടും കൃഷി അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ തന്നെയാണ് കോൾ കർഷകരുള്ളത്. ഒരേക്കറിൽ നിന്ന് ഒരു ചാക്ക് നെല്ല് മാത്രമേ കിട്ടൂ എന്നറിഞ്ഞിട്ടും, കൊയ്ത്ത് കൂലി മുടക്കി അത് കൊയ്തെടുത്ത, കൃഷിയോട് ആത്മബന്ധമുള്ള കർഷകരാണ് കോൾ മേഖലയിലുള്ളത്. മറ്റ് എല്ലാ ഘടകങ്ങളും ശരിയായി വന്നാലും കാലാവസ്ഥ പ്രവചനാതീതമായി തീർന്നതിനെ എങ്ങനെയാണ് നേരിടേണ്ടത് എന്നതിൽ കർഷകർക്കും വ്യക്തതയില്ല. അസ്വാഭാവികമായ വേനൽമഴയും ന്യൂനമർദ്ദ രൂപീകരണത്തിന്റെ ഭാഗമായി ലഭിക്കുന്ന അപ്രതീക്ഷിത മഴയും സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന വിതാനത്തിൽ സ്ഥിതി ചെയ്യുന്ന കോൾപ്പാടങ്ങളെ വെള്ളക്കെട്ടിലാക്കുന്നു. ഇത് ഈ മേഖലയിലെ നെൽകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തിൽ കോൾ കൃഷിയുടെ കലണ്ടർ പുനഃക്രമീകരിക്കേണ്ടതിനെക്കുറിച്ചും ആസൂത്രണ രീതികളിൽ മാറ്റം വരുത്തേണ്ടുന്നതിനെക്കുറിച്ചും കൂടുതൽ പഠനങ്ങളും ചർച്ചകളും നടക്കേണ്ടതാണ്.

ജൈവവൈവിധ്യത്തിന്റെ കലവറയായ കോൾ നിലങ്ങൾ എന്ന തണ്ണീർ തടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ തീർച്ചയായും കൃഷി നിലനിൽക്കേണ്ടതുണ്ട്. ഈ സീസണിൽ കർഷകർ നേരിട്ട പ്രതിസന്ധി വരും വർഷങ്ങളിലും ആവർത്തിക്കുകയാണെങ്കിൽ കൃഷിയിൽ നിന്നും പലരും പതിയെ പിന്മാറാനുള്ള സാധ്യത കൂടുതലാണ്. സർക്കാർ ഇടപെടൽ അവർ അടിയന്തിരമായി ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

May 16, 2024 3:41 pm