അച്ചടിയിൽ നിന്നും ഡിജിറ്റൽ ലിപികളിലേക്ക് വ്യാപിച്ചിരിക്കുന്നു മലയാളം. ബ്ലോഗുകളും സമൂഹ മാധ്യമങ്ങളും വെബ് പോർട്ടലുകളും ഉൾപ്പെടെ പല പ്രതലങ്ങളിൽ ഇന്ന് മലയാളം വായിക്കപ്പെടുന്നു. ഡിജിറ്റൽ മലയാളത്തിന്റെ എഴുത്തും പ്രസാധനവും വായനയും അച്ചടിയിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെയെന്നും വായനയെ അത് എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും അന്വേഷിക്കുകയാണ് ഈ വായനവാരത്തിൽ കേരളീയം.
ഡിജിറ്റൽ ചുമരുകളിലെ വായനക്കാലം – 2
വായന തീർച്ചയായും മാറിയിട്ടുണ്ട്. അത് സമ്മതിക്കാതെ മുന്നോട്ട് പോയിട്ട് കാര്യമില്ല. എന്നാൽ എല്ലായിപ്പോഴും ഒരു ന്യൂനപക്ഷമാണ് ഗൗരവമായി, സ്ഥിരമായി വായനയെ സമീപിക്കുന്നത്. സ്ഥിരമായി വായിക്കുന്നവരുടെ സമയം പോലും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കയ്യേറുന്നുണ്ട്. സംശയമുള്ളവർ തങ്ങളുടെ സ്മാർട്ട് ഫോണുകളിലെ സ്ക്രീൻ സമയം നോക്കിയാൽ മതിയാകും. പലതരം സൃഷ്ടികൾ ഒരു റഫ്രഷ് സമയത്തിൻ്റെ ഇടവേളകളിൽ പുറത്തുവരുന്ന ഇടത്തിൽ അവയെല്ലാം പിന്തുടരുക എന്നത് പ്രയാസകരമാണ്. അവയെല്ലാം വായിക്കുക എന്നത് മനുഷ്യ സാധ്യമാണെന്ന് തോന്നുന്നില്ല.
വ്യക്തിപരമായി എൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വളരെ customize ചെയ്തു ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. ഇപ്പൊൾ ഒരുപാട് വർഷമായി എൻ്റെ അഭിരുചികൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചാണ് അത് സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. അതുകൊണ്ട് വളരെ സെലക്ടീവാണ് എൻ്റെ കണ്ടന്റുകൾ. ഞാൻ പ്രധാനമായും ഒരു update മോഡിലാണ് ഫേസ്ബുക്ക് ഉയോഗിക്കുന്നത്. അക്കൗണ്ടിൽ മുഴുവനായും എഴുത്തുകാരും മറ്റുമാണ് ഉള്ളത്. അതിൻ്റെ ഒരു ഗുണം പുതിയതായി ഇറങ്ങുന്ന പുസ്തകങ്ങൾ, അതിൻ്റെ അഭിപ്രായങ്ങൾ എന്നിങ്ങനെ നിരവധി വിവരങ്ങളിൽ നമ്മൾ update ആയിരിക്കും എന്നുള്ളതാണ്. അവിടെ നിന്ന് പലപ്പോഴും നമുക്ക് താല്പര്യമുള്ള പുസ്തകങ്ങളിലേക്ക് എത്താനും സാധിക്കും. മറ്റൊന്ന് സാമൂഹ്യ മാധ്യമങ്ങളുടെ ബിസിനസ്സ് സാധ്യതയാണ്. നമ്മൾ ഇവിടെ ആരും അതിനെ അത്ര പ്രൊഫഷനൽ ആയി ഉപയോഗിക്കുന്നില്ല എന്നുമാത്രം. പലരും അതിൻ്റെ സാധ്യതകളെക്കുറിച്ച് അജ്ഞരുമാണ്.
നമ്മുടെ എഴുത്തുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ ഒരുപാട് സഹായിക്കുന്നുണ്ട്. മാതൃഭൂമിയിൽ എഴുതിയാണ് ഞങ്ങൾ എഴുത്തുകാർ ആയതെന്ന് പറയുന്നവരുണ്ട്. പക്ഷേ ഞാൻ എപ്പോഴും പകുതി തമാശയായി പറയാറുണ്ട്, എന്നെ എഴുത്തുകാരൻ ആക്കിയത് സുക്കൻബർഗ്ഗാണെന്ന്, സോഷ്യൽ മീഡിയയില് വളരെ ഗൗരവത്തോടെ എഴുതി എന്ന അർത്ഥത്തിൽ അല്ല. ഏതെങ്കിലും പരമ്പരാഗത മാസികയിൽ അച്ചടിച്ചു വന്നാലും സോഷ്യൽമീഡിയ വഴി ആ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നുള്ളത് പ്രധാനമാണ്. ഞാൻ എപ്പോഴും കരുതുന്നത്, എന്നെ പോലെ എഴുത്തിലേക്ക് വരുന്ന ആളുകൾക്ക് സാമൂഹ്യ മാധ്യമങ്ങൾ വളരെ സഹായകമായി എന്നുള്ളതാണ്. അത് എത്രയോ അറിയാത്ത മനുഷ്യരെ നമ്മളുമായി അടുപ്പിക്കാൻ കാരണമായി. അവരിൽ എത്രയോ മികച്ച വായനക്കാർ ഉണ്ട്. അധികം followers ഒന്നുമില്ല എങ്കിൽപ്പോലും ഇപ്പൊൾ ഉള്ള ആളുകളിൽ തന്നെ എത്താൻ കഴിയുന്നത് വലിയ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്. പക്ഷേ ഒരുപാട് followers ഉള്ളവർക്ക് ഇതിലും എത്രയോ വായനക്കാർ ഉണ്ട്, സാധ്യതകളുണ്ട്. രാജശ്രീ ടീച്ചറിൻ്റെ നോവൽ ഒക്കെ ഫേസ്ബുക്കിൽ എഴുതി വൈറൽ ആയത് ഓർക്കാം. എൻ്റെ ടൈംലൈനിൽ എത്തിപ്പെടുന്ന പരമാവധി content ഞാൻ ശ്രദ്ധിക്കാറുണ്ട്. നമ്മുടെ സ്ക്രീൻ ടൈം അനുസരിച്ച് അതിനു മാറ്റം ഉണ്ടാകും എന്നുമാത്രം. ചിലപ്പോൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന വിഷയങ്ങൾ സമാന താല്പര്യമുള്ള സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് കാണാതെ പോവുകയുമില്ല.
ആനുകാലികങ്ങളുടെ വായന എന്നെ സംബന്ധിച്ച് ഒരുപാട് നാളായി കുറഞ്ഞു. പക്ഷേ അതിന് കാരണം സമൂഹ മാധ്യമങ്ങൾ അല്ല. ഒരുപാട് മുഖ്യധാരാ ആനുകാലികങ്ങൾ വീട്ടിൽ വരുത്തുമായിരുന്നു. ഒന്ന് രണ്ട് സമാന്തര പ്രസിദ്ധീകരണങ്ങൾ മാത്രമാണ് ഇപ്പോൾ സ്ഥിരമായി വായിക്കുന്നത്. എന്നാൽ പുസ്തകങ്ങൾ കൃത്യമായി വായിക്കുന്നുണ്ട്. ആനുകാലികങ്ങളിൽ വരുന്ന കഥകളോ നോവലുകളോ ലേഖനങ്ങളോ ഒക്കെ ഇപ്പൊൾ പെട്ടെന്ന് പുസ്തകരൂപത്തിൽ തന്നെ നമ്മുടെ മുന്നിലേക്ക് വരും. അച്ചടി സാങ്കേതികത അത്രയും വളർന്നിട്ടുണ്ട്. സാമ്പത്തികമായി നോക്കിയാലും ഇതൊക്കെ സൂക്ഷിക്കുന്ന കാര്യം നോക്കിയാലും ആനുകാലികങ്ങൾ ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. വായിക്കേണ്ടുന്ന കഥകളും ലേഖനങ്ങളും ഒക്കെ മാഗ്സ്റ്ററിൽ വായിക്കാം എന്ന സൗകര്യവുമുണ്ട്. ഇപ്പോൾ ധാരാളം ആളുകൾ ഈ സാധ്യത പ്രയോജനപ്പെടുത്തുന്നവരാണ്. അച്ചടി മാധ്യമങ്ങൾ ഇപ്പോൾ തന്നെ പ്രതിസന്ധിയിലാണ്. യഥാർത്ഥത്തിൽ വിറ്റു പോകുന്ന കോപ്പികളുടെ എണ്ണം ഇവരാരും പുറത്തുവിടാൻ പോലും തയ്യാറല്ല. പിന്നെ വർഷങ്ങളായി ഒരു ശീലം പോലെ തുടരുന്ന ഒരു തലമുറ വായനക്കാർ ഇപ്പോഴും ഈ ആനുകാലികങ്ങൾ വരുത്തുന്നുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ ഞാനും പഴയ ശീലം ഉപേക്ഷിക്കാൻ കഴിയാതെ ഇപ്പോഴും പത്രവായന തുടരുന്നുണ്ട്. ആ തലമുറയുടെ കാലം കഴിഞ്ഞാൽ പിന്നെ അതും അസ്തമിക്കാൻ സാധ്യതയുണ്ട്. അപ്പോഴും പുസ്തകങ്ങൾ സാമ്പ്രദായിക രൂപത്തിൽ തുടരും എന്ന് കരുതുന്നു. അത് വ്യക്തിപരമായി ആഗ്രഹിക്കുന്നു. അതിൽ ഒരു സുഖമുണ്ട്.
സമൂഹമാധ്യമങ്ങളിലെ എഴുത്തിനെയും വായനയെയും സ്വാധീനിക്കുന്ന അനേകം കാര്യങ്ങളുണ്ട്. വ്യക്തിപരമായ അടുപ്പങ്ങൾ അതിൽ എത്ര നിഷേധിച്ചാലും പ്രതിഫലിക്കുന്നുണ്ട്. അതിൻ്റെ തോതാണ് വിമർശന വിധേയമാകേണ്ടത്. സമൂഹത്തിൻ്റെ ഒരു ഡിജിറ്റൽ പതിപ്പ് എന്ന നിലയിൽ ആളുകൾ എന്ത് വിചാരിക്കും, അവരെ പിണക്കണ്ട എന്നൊക്കെ കരുതി രചനകൾക്ക് മികവ് കൽപ്പിക്കുന്നവരുണ്ട്. അതിപ്പോൾ വലിയ അപകടത്തിലേക്ക് പോകുന്നുണ്ട്. സൗഹൃദം അല്ലെങ്കിൽ മറ്റെന്തങ്കിലും ബന്ധത്തിന്റെ ഒക്കെ പുറത്ത് പറയുന്ന അഭിപ്രായങ്ങളെ ആധികാരികമായി കാണാൻ കഴിയില്ല. അതുപോലെ തന്നെ നല്ലത് / ചീത്ത എന്ന് വെറുതെ പറയാൻ ആർക്കും പറ്റും. അതിൻ്റെ കാരണങ്ങൾ വിശദമാക്കിയാൽ മാത്രമേ അതിന് ആധികാരികതയുള്ളൂ. എത്രയോ മോശം കൃതികൾ ആഘോഷിക്കപ്പടുന്നത് നമ്മൾ കാണുന്നു. അതേസമയം നല്ല കൃതികളെ പറ്റി പരാമർശം പോലും ഉണ്ടാകില്ല. ഇത് സോഷ്യൽമീഡിയയുടെ കാലത്ത് മാത്രം സംഭവിച്ച അത്ഭുതപ്രതിഭാസമല്ല. ചരിത്രത്തിൽ ഉടനീളം നമുക്ക് ഇത് കാണാൻ സാധിക്കും. അധികാരമുള്ള ഒരു കൂട്ടം ആളുകൾ വിചാരിച്ചാൽ അത് എളുപ്പത്തിൽ നടക്കും. എന്നാൽ സോഷ്യൽ മീഡിയയുടെ കാലത്ത് വലിയ ആധികാരികത ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു കൂട്ടം ആളുകൾക്ക് പോലും അത് സാധിക്കും എന്നുള്ളതാണ് വ്യത്യാസം. ഒരുപാട് ആളുകൾ ഇത്തരം പ്രചാരണങ്ങളിൽ ആകർഷിക്കപ്പെടും. പക്ഷേ നല്ല വായന ശേഷിയുള്ള, ചരിത്രബോധമുള്ള ചിന്താശേഷിയും വിവേകവും ഉള്ളവർ ഈ കെണി എളുപ്പത്തിൽ തിരിച്ചറിയും.
സോഷ്യൽമീഡിയയിൽ ആഘോഷിക്കപ്പെടുന്ന ആളുകളിലേക്കും അവരുടെ കൃതികളിലേക്കും അന്വേഷണ ബുദ്ധിയോടെ കടന്നുനോക്കിയിട്ടുണ്ട്. അപ്പോൾ ഇത് വെറും ഗിമ്മിക്കാണെന്ന് കൃത്യമായി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടുതൽ followers ഉളളവർ എന്ത് ചവർ എഴുതിയാലും ആഘോഷിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. സീരിയസ് പോസ്റ്റുകൾ പലപ്പോഴും മുങ്ങിപ്പോകും. ഞാൻ പല സുഹൃത്തുക്കളോടും തമാശയായി ഇത് പറയാറുണ്ട്, ഗൗരവം ഉളളത് എഴുതിയാൽ ഒരു കാര്യവുമില്ലെന്ന്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ കാമ്പുള്ളത് ആകുമ്പോൾ അത് സാഹിത്യത്തെ സ്വാധീനിക്കാനും വഴിയുണ്ട്. വ്യക്തിപരമായി വരുന്ന ഗൗരവമുള്ള അഭിപ്രായങ്ങളെ ഞാൻ സ്വീകരിക്കാറുണ്ട്. അതനുസരിച്ച് മെച്ചപ്പെടുത്താനും കൂട്ടിചേർക്കാനും ശ്രമിക്കാറുണ്ട്. അങ്ങനെ അല്ല എന്ന് ഉറപ്പുള്ളതിനെ തള്ളിക്കളയാറുമുണ്ട്. വഴി തെറ്റിപ്പിക്കുന്ന അഭിപ്രായങ്ങളിൽ കുടുങ്ങാതെ ഇരിക്കാൻ അവനവൻ തന്നെ ശ്രദ്ധിക്കുന്നത് നല്ലതാണ്.
അച്ചടിക്കപ്പെടുന്നതിൻ്റെ ആധികാരികത സമൂഹ മാധ്യമങ്ങളിലെ വാർത്തകൾക്ക് കൽപ്പിക്കപ്പെടുന്നില്ല എന്നാണ് തോന്നുന്നത്. വസ്തുനിഷ്ഠമായ കാര്യങ്ങൾക്ക് വേണ്ടി ഇപ്പോഴും അച്ചടി മാധ്യമങ്ങൾ അല്ലെങ്കിൽ ടെലിവിഷൻ ഒക്കെയാണ് ആളുകൾ ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി, ഫേസ്ബുക്ക് യൂണിവേഴ്സിറ്റി എന്നൊക്കെയുള്ള വാക്കുകൾ അത് സൂചിപ്പിക്കുന്നുണ്ട്. ആർക്കും എന്തും എഴുതിവിടാം എന്നത് അതിൻ്റെ ആധികാരികത കുറയ്ക്കുന്നു. എന്നാൽ സാഹിത്യത്തെ സംബന്ധിച്ച് അത് പ്രശ്നമല്ല എന്ന് തോന്നുന്നു. മുൻപ് ബ്ലോഗുകളിൽ കവിത സജീവമായി നിന്ന കാലം ഓർക്കാവുന്നതാണ്. അതിന് ആധികാരിക ലഭിച്ചത് പിന്നീടാണ്. അവരുടെ ഒക്കെ പുസ്തകങ്ങൾ മുഖ്യധാരാ പ്രസാധകർ ഇറക്കുകയും ആനുകാലികങ്ങൾ അവരുടെ കവിതകൾ അച്ചടിക്കുകയും ചെയ്തു. ചിലപ്പോൾ കുറച്ചുനാൾ ആരും ശ്രദ്ധിച്ചില്ല എന്ന് കരുതി പ്രതിഭ ഉള്ള ഒരാളെ സംബന്ധിച്ച് എല്ലാക്കാലവും അയാൾക്ക് പുറത്ത് നിൽക്കേണ്ടി വരില്ല എന്ന് തന്നെ വിശ്വസിക്കുന്നു.
തെറ്റിവായനകൾ ആഘോഷിക്കപ്പെടുന്ന കാലമാണിത്. ഒരു വശത്ത് നിരൂപകന്റെ മരണം ആഘോഷിക്കപ്പെടുകയും മറുവശത്ത് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വ്യാജനിരൂപകര്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. എഴുത്തുകാര്‍ തന്നെ ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഭീകരം. സാമ്പ്രദായിക നിരൂപകന്റെ മരണം വിപണിയുടെയും പലപ്പോഴും എഴുത്തുകാരന്റെ തന്നെയും ആവശ്യമായി മാറിയിരിക്കുന്നു. “വെട്ടുകിളി നിരൂപക”രാണ് ഇന്ന് എഴുത്തുകാരന്റെ സുഹൃത്ത്. ഏത് മോശം കൃതിയേയും ‘ഒന്നാന്തരം, ഇതുപോലെ ഒന്നിനി മലയാള സാഹിത്യത്തില്‍ വേറെ വരാനില്ല’ എന്ന മട്ടില്‍ ഈ സ്തുതിപാഠകർ വിളിച്ചു കൂവിക്കൊണ്ടിരിക്കും. എഴുത്തുകാര്‍ തങ്ങളുടെ ആരാധകരുടെയും പൊതുജനങ്ങളുടെയും മുന്നില്‍ ഇവരെ മഹാനിരൂപകരായി അവതരിപ്പിച്ചു പ്രത്യുപകാരം നല്‍കുകയും ചെയ്യും. രണ്ടുകൂട്ടര്‍ക്കും ഗുണം. ആര്‍ക്കും പരാതിയും ഇല്ല, പരിഭവവുമില്ല. ഏതെങ്കിലും ഒരു നല്ല വായനക്കാരന്‍, ഈ കഥയോ നോവലോ കവിതയോ മോശം എന്നു പറഞ്ഞു നോക്കട്ടെ. അപ്പോൾ ഈ വെട്ടുകിളിക്കൂട്ടം ഒന്നാകെ ഇരച്ചു വന്ന് പറഞ്ഞവനെ ഭർത്സിക്കാന്‍ തുടങ്ങും. പറയുന്നത് ഏതെങ്കിലും പ്രധാനനിരൂപകന്‍ ആണെങ്കിലോ, കുറേക്കൂടി കടുപ്പമായിരിക്കും ആക്രമണം. വ്യക്തിവിദ്വേഷത്തിന്റെ തലത്തില്‍ വരെ പോകും കാര്യങ്ങള്‍. ഇതിനിടയിലും നല്ല കൃതികളും മികച്ച നിരീക്ഷണങ്ങളും ഉണ്ടാകുന്നില്ല എന്നതല്ല വാദം. കൃതിയെപ്പറ്റി സത്യസന്ധമായി വിമര്‍ശിക്കാന്‍ കഴിവുള്ളവര്‍ കുറഞ്ഞു വരുന്നു, അല്ലെങ്കില്‍ പലരും മടിക്കുന്നു. പഴയമട്ടിലുള്ള ഖണ്ഡനവിമര്‍ശനം ചുവപ്പ്കാര്‍ഡ് കണ്ട് എന്നേ പുറത്തുപോയി. മണ്ഡനം അതിന്റെ പഴയ സൗന്ദര്യം അഴിച്ചുവെച്ച് സ്തുതിപാടലായി. കൃതികളെ വിമര്‍ശിച്ച് തന്റെ നിലപാടുകള്‍ തുറന്നു പറയുന്നവരെ സംഘടിതമായി പോലും ഒറ്റപ്പെടുത്തുമ്പോള്‍ മറ്റു വഴികള്‍ ഇല്ലാതെ നിസ്സഹായരാകുന്നവരും നിരവധി. ഈയവസ്ഥയെ മറികടക്കാതെ നല്ല സാഹിത്യമോ നല്ല നിരൂപണമോ രൂപപ്പെടില്ല.
ഇനി തെറ്റിവായനകളിലേക്ക് വരാം. സോഷ്യല്‍ മീഡിയ ഒരു വലിയ ചന്തയാണ്. അവിടെ നമുക്ക് ആവശ്യമുള്ളത് എടുത്ത് വേണ്ടാത്തത് ഉപേക്ഷിക്കുകയെ നിവൃത്തിയുള്ളൂ. അല്ലാതെ ആളുകളെ നന്നാക്കാന്‍ പോയാല്‍ അപകടം സുനിശ്ചിതം. സോഷ്യൽ മീഡിയ ഇന്ന് സാഹിത്യത്തിന്‍റെ പരസ്യപ്പലക കൂടിയാണ്. അവിടെ മാര്‍ക്കറ്റിലെപ്പോലെ തന്നെ കൃതികള്‍ വില്പനയ്ക്ക് നിരന്നിരിക്കും. അതിന്റെ പരസ്യങ്ങളാണ് ചിലര്‍ സ്വന്തം ചുമരുകളിലും സാഹിത്യഗ്രൂപ്പുകളിലും ഒട്ടിച്ചുവെയ്ക്കുന്നത്. എഴുത്തുകാര്‍ തന്നെ സ്നേഹം പലമട്ടില്‍ വാരിക്കോരി കൊടുത്ത് ഈ പരസ്യപുംഗവന്മാരെ നിരൂപകരാക്കുന്നു. തെറ്റുകള്‍ നിരത്തി എഴുതിവെക്കാനും സാമാന്യ പ്രസ്താവനകള്‍ നടത്തി തങ്ങള്‍ വായിച്ച ഈ കൃതി ഏറ്റവും മഹത്തരമാണെന്ന് സ്ഥാപിക്കാനും യാതൊരു മടിയും ഈ വര്‍ഗ്ഗത്തിനില്ല. താന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്നാണ് മട്ട്. സാഹിത്യ ചരിത്രത്തെക്കുറിച്ച് ഒരു ധാരണയും ഇക്കൂട്ടര്‍ക്ക് കാണില്ല. സാമാന്യമായ അറിവുകള്‍ വെച്ചിട്ട് ഏത് തര്‍ക്കത്തിനും ഇവര്‍ മുതിരും. വിക്കിപീഡിയയാണ് ദൈവം. മികച്ച ഏതെങ്കിലും സാഹിത്യനിരൂപണം ഇവര്‍ കണ്ടിട്ട് പോലും ഉണ്ടോ എന്നു സംശയിക്കണം. വ്യത്യസ്തമായി അഭിപ്രായം പറയുന്നവനെ കേള്‍ക്കില്ല എന്നത് പോട്ടെ, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ പോലും അസ്വസ്ഥരാകും.
മറ്റൊരു കൂട്ടര്‍ തനിക്ക് വിദ്വേഷമുള്ള കൃതികളെ എഴുതി നശിപ്പിക്കാന്‍ വേണ്ടി തയ്യാറായി കച്ചകെട്ടിയിരിപ്പാണ്. ഇക്കൂട്ടര്‍ ഒരു കൃതിക്ക് എന്തു ഗുണം ഉണ്ടെങ്കിലും അത് പറയില്ല. കുറ്റം മാത്രം പറഞ്ഞു പരിഹസിക്കുന്ന മട്ടിലാകും ശൈലി. ‘അഹോ! മഹത്തായ ഖണ്ഡനം തന്നെയിത്’ എന്ന് ഈ ആഭാസത്തെ ആഘോഷിക്കാനും പലരും തയ്യാര്‍. തനിക്ക് താല്പര്യം ഇല്ലാത്ത എഴുത്തുകാരെ ഇങ്ങനെ തെറി പറയുമ്പോള്‍ എന്തോ സുഖം കിട്ടുന്ന മട്ടിലാണ് പെരുമാറ്റം. ഒരുതരം ആനന്ദനിര്‍വൃതി. എഴുത്തുകാരനോടുള്ള ദേശ്യത്തിനു കാരണം പലപ്പോഴും ബാലിശമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ചുരുക്കത്തില്‍ പറഞ്ഞാല്‍ തെറ്റിവായനകളുടെ ഒരു ദുഷിച്ച ഇടം കൂടിയാണ് സോഷ്യല്‍ മീഡിയ. വളരെ ചുരുക്കമായി ചില മികച്ച കൃതികള്‍ പുനര്‍വായിക്കപ്പെടാനും പുനര്‍ജന്മമെടുക്കാനും ഈ പ്ലാറ്റ്ഫോം സഹായിച്ചിട്ടുണ്ട് എന്നത് അതിന്റെ ഗുണവശമായി കാണാതെ പോകുന്നില്ല. മുഖ്യധാര മാഗസിനുകളിലും പ്രസാധകരിലും ചെന്നുപെടാന്‍ കഴിയതിരുന്നവരെയും ഇന്റര്‍നെറ്റ് സാധ്യതകള്‍ വളര്‍ത്തിയിട്ടുണ്ട്. ഇത്തരം ആളുകള്‍ക്കും പിന്നീട് വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് ഖേദകരം.
പലപ്പോഴും തെറ്റിദ്ധാരണകള്‍ രൂപപ്പെടുത്താനും എതിരഭിപ്രായങ്ങളുടെ സാധ്യതകളെ ഇല്ലായ്മ ചെയ്യാനും വായനയെ തന്നെ വക്രീകരിക്കാനും ബോധപൂര്‍വ്വമോ അല്ലാതെയോ ആളുകള്‍ ശ്രമിക്കുന്നു എന്നുള്ളത് ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ്. വ്യാജന്മാരെ സൃഷ്ടിക്കുന്നതില്‍(അത് ഏത് മേഖലയിലായാലും) സോഷ്യല്‍ മീഡിയയ്ക്ക് മികച്ച പങ്കുവഹിക്കാന്‍ കഴിയും എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാന്‍ വഴിയില്ലല്ലോ. എന്തായാലും മൗലികവാദങ്ങളുടെയും വിഭജനത്തിന്റെയും ദുര്‍വായനകളുടെയും കേന്ദ്രമാകുന്ന സാഹിത്യനിരൂപണങ്ങളെ അംഗീകരിക്കാന്‍ സാധ്യമല്ല. അത് ഏത് വിമോചന പ്രത്യയശാസ്ത്രത്തിന്റെ വ്യാജവേഷം ധരിച്ചു അവതരിച്ചാലും ശരി. അതിനെ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ.
നമ്മൾ പറയുന്നതിനെ നമ്മൾ ഉദ്ദേശിക്കാത്ത രീതിയിൽ വളച്ചൊടിക്കാൻ സോഷ്യൽ മീഡിയയ്ക്ക് എളുപ്പത്തിൽ സാധിക്കുന്നു. ഇതാണ് ഞാൻ അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധി. ഇത് പലനിലകളിൽ പലവട്ടം അനുഭവിച്ചിട്ടുണ്ട്. കാര്യങ്ങളെ വൈകാരികമായും വ്യക്തിപരമായും കാണുകയാണ് ആളുകൾ മിക്കപ്പോഴും ചെയ്യുന്നത്. അതോടുകൂടി വിഷയത്തിന്റെ കേന്ദ്രത്തിൽ നിന്ന് ചർച്ച മറ്റ് അനാവശ്യ വഴികളിലേക്ക് പോവുകയും ചെയ്യുന്നു. വലിയ തോതിൽ ജനാധിപത്യം പൂക്കുന്ന ഇടം ആണെന്ന് പറയുമ്പോഴും പല കാര്യങ്ങളും വിമർശനാത്മകമായി പറഞ്ഞാൽ അതിനെ സ്വീകരിക്കാൻ, കൂടെ നിൽക്കാൻ ആളുകൾ ഉണ്ടാവില്ല എന്നതാണ് വ്യക്തിപരമായ അനുഭവം. ഒപ്പം തന്നെ അനേകം ചാപ്പകൾ നമ്മുടെ മേൽ ആരോപിക്കപ്പെടുകയും ചെയ്യും. സർവൈലൻസിന്റെ, ഒളിഞ്ഞുനോട്ടത്തിന്റെ ഇടമായി പല മണ്ഡലങ്ങളിലും ഉള്ള ആളുകൾ സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നതായി കാണാം. അവർ നമ്മുടെ ലൈക്കുകളെയും കമന്റുകളെയും ഒക്കെ ഓഡിറ്റ് ചെയ്തു നമുക്കില്ലാത്ത ചാപ്പകളെല്ലാം നമ്മുടെ മേൽ വെച്ച് തരികയും ചെയ്യും. അന്യന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മലയാളിയുടെ ശീലം സോഷ്യൽ മീഡിയയിലും തുടരുന്നു എന്ന് മാത്രം.
ഏകോപനം – ആദിൽ മഠത്തിൽ