കർണ്ണാടകയിലെ വിവിധ സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ച് എദ്ദേളു കർണ്ണാടക മൂവ്മെന്റ് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നും. പരിഭാഷ: സിസിലി
വാഗ്ദാനം ചെയ്തത്
ഞാനൊരു ഫക്കീർ ആണ്. റെയിൽവേ പ്ലാറ്റ്ഫോമിലെ ഒരു എളിയ ചായവിൽപ്പനക്കാരൻ. എന്റെ ഏകലക്ഷ്യം എല്ലാവർക്കും സംതൃപ്തമായ ജീവിതം ലഭ്യമാക്കുക എന്നതാണ്. ’സബ് കാ സാഥ് സബ് കാ വികാസ്’.
യഥാർത്ഥത്തിൽ സംഭവിച്ചത്
സാധാരണ ജനങ്ങളുടെ ജീവിതം അധ:പതിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം വൻകിട മുതലാളിമാരുടെ ആസ്തികളും, വരുമാനവും, സമ്പത്തും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനം പേരുടെ കയ്യിലാണ് രാജ്യത്തിൻറെ മൂന്നിലൊന്ന് സമ്പത്തും. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം 56ൽ നിന്നും 169 ആയി ഉയർന്നു. മോദിയുടെ അടുത്ത സഹകാരികളായ അംബാനിയും അദാനിയും രാജ്യത്തെ ഏറ്റവും സമ്പന്ന വ്യക്തികളുടെ ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനത്താണ്.
2013ൽ അദാനിയുടെ സ്വത്ത് 2592 കോടിയായിരുന്നുവെങ്കിൽ ഇപ്പോഴത് 7,48,800 കോടിയിലെത്തിയിട്ടുണ്ട്. അതിനർത്ഥം ഈ കാലയളവിൽ അത് 30 മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നാണ്.
കുറച്ചുപേരുടെ വിചിത്രമായ വളർച്ചയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെന്ത്?
മോദി സർക്കാർ പ്രധാനമായും കോർപ്പറേറ്റ് കമ്പനികളാൽ സ്പോൺസർ ചെയ്യപ്പെടുന്ന ഒന്നാണ്. വാജ്പേയിയേയും അദ്വാനിയെയും ഒതുക്കി മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നതിന് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് അംബാനിയാണ്. കോർപ്പറേറ്റ് കമ്പനികളും ആർ.എസ്.എസും തമ്മിലുള്ള ഡീലുകൾക്ക് ഇടനിലക്കാരനായി നിന്നത് അദാനി ആയിരുന്നു.
മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോൾ, കോർപ്പറേറ്റ് കമ്പനികൾക്ക് പരിധിയില്ലാത്തതും അനിയന്ത്രിതവുമായ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇത് കാരണം അവർ മോദിയെ പിന്തുണച്ചു. മോദിയെ പ്രധാനമന്ത്രിയാക്കുകയാണെങ്കിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും പിന്തുണയ്ക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു. രാഷ്ട്രത്തെയും അതിന്റെ വിഭവങ്ങളെയും നിയന്ത്രിക്കണമെങ്കിൽ കമ്പനികൾക്ക് സർക്കാറിന്മേൽ അവരുടെ നിയന്ത്രണം വേണം. കൂടാതെ ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും സർക്കാർ രൂപീകരിക്കുന്നതിനും പരമാവധി അധികാരത്തോടെ പിടിച്ചുനിൽക്കാനും ഈ കോർപ്പറേറ്റ് കമ്പനികളുടെ സഹായം വേണം. അങ്ങനെ ഒരു കരാർ ഉണ്ടാക്കി. അവസരവാദപരവും കുടിലവുമായ ഈ കരാറിൽ നിന്നും മുളച്ചുപൊന്തിയതാണ് മോദി സർക്കാർ. അവർ അധികാരം കയ്യാളി അധികം താമസിയാതെ, സർക്കാർ വകയായ എല്ലാ പൊതു ആസ്തികളും സ്വകാര്യവൽക്കരിക്കപ്പെടുകയും, തുച്ഛമായ വിലയ്ക്ക് സ്വകാര്യ കമ്പനികൾക്ക് വിൽക്കുകയും ചെയ്തു. ലാഭകരമായി നടന്നുകൊണ്ടിരുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, നോർത്ത് ഈസ്റ്റ് ഇലക്ട്രിക് പവർ കോർപ്പറേഷൻ, ലാഹരി ഹൈഡ്രോ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കാമരാജർ പോർട്ട്, എയർ ഇന്ത്യ എന്നിവയും സ്വകാര്യവൽക്കരണത്തിന്റെ മറവിൽ സ്വകാര്യസ്ഥാപനങ്ങൾക്ക് വിൽക്കപ്പെടുകയുണ്ടായി. അംബാനിയുടെ ജിയോ ഫോൺ കമ്പനിക്ക് ബി.എസ്.എൻ.എല്ലിനെ ശ്വാസംമുട്ടിച്ചുകൊണ്ട് അനർഹമായ ആനുകൂല്യങ്ങൾ നൽകി. വിമാനത്താവളങ്ങളും റെയിൽവേകളും റെയിൽപാതകളും സ്വകാര്യവൽക്കരിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് വിറ്റു. വമ്പിച്ച പൊതുചെലവിൽ നിർമ്മിക്കപ്പെട്ട ഇവയെല്ലാം ഇപ്പോൾ ഏതാനും വലിയ കോർപ്പറേറ്റുകൾക്ക് വെറുതെ നൽകപ്പെടുകയാണ്.
ദേശീയ ഹൈവേകൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു എന്ന് മോദി സർക്കാർ അവകാശവാദം പുറപ്പെടുവിക്കുന്നുണ്ട്. വാസ്തവത്തിൽ, എട്ട് ലക്ഷം കോടി ചെലവിൽ 26,700 കിലോമീറ്റർ വരുന്ന ഈ ദേശീയ ഹൈവേ വികസന പദ്ധതി 1.6 ലക്ഷം കോടിക്ക് അദാനി-അംബാനി മാർക്ക് കൈമാറുന്നു. മോദിയുടെ നേതൃത്വത്തിൽ 400 റെയിൽവേ സ്റ്റേഷനുകൾ, കൊങ്കൺ റെയിൽവേയുടെ 741 കിലോമീറ്റർ, 265 റെയിൽവേ ഗുഡ്സ് ഷെഡ്ഡുകൾ, 90 പാസഞ്ചർ ട്രെയിനുകൾ, 25 പ്രധാനപ്പെട്ട എയർപോർട്ടുകൾ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് , നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറഷൻ, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഗ്യാസ് പൈപ്പ് ലൈൻ അതോറിറ്റി, തുറമുഖങ്ങൾ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 39 ശതമാനം ഗോഡൗണുകൾ, 160 കരിങ്കൽ ക്വാറികൾ, ഖനികൾ, 2.6 ലക്ഷം ഒപ്ടിക്കൽ ഫൈബർ കേബിളുകൾ ഇവയെല്ലാം സ്വകാര്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വകാര്യവ്യക്തികൾക്ക് /കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറി കൊണ്ടിരിക്കുന്നു (ഇലക്ട്രൽ ബോണ്ടുകൾക്ക് പകരം കൈക്കൂലിയായി). രാഷ്ട്രത്തെ ലേലം ചെയ്യുകയല്ലാതെ മറ്റെന്താണിത്?
ദശലക്ഷക്കണക്കിന് ഏക്കർ സർക്കാർ ഭൂമി പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് പകരം കോർപ്പറേറ്റ് കമ്പനികൾക്ക് നീക്കിവയ്ക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. വികസനത്തിന്റെ പേരും പറഞ്ഞ് കർഷകരിൽ നിന്നും ബലാൽക്കാരമായി പിടിച്ചെടുത്ത ദശലക്ഷക്കണക്കിന് ഏക്കർ ഭൂമി ഇതേ കമ്പനികൾക്ക് കൈമാറുന്നു. വന നിയമങ്ങളിൽ മാറ്റം വരുത്തി അതിരുകൾ നിശ്ചയിച്ച് വേലികെട്ടി അതിനകത്ത് ഒരുതരം ജയിൽവാസം ആണ് ആദിവാസികൾ നയിക്കുന്നത്. എന്നാൽ അതേസമയം ടൂറിസം വികസനം, ഗവേഷണം, വികസന പദ്ധതികൾ എന്നീ കപടന്യായങ്ങൾ പറഞ്ഞ് വനഭൂമി കമ്പനികൾക്ക് കൈമാറിക്കൊണ്ടിരിക്കുന്നു.
ധനികർ അവരുടെ പണം ബാങ്കുകളിൽ നിക്ഷേപിക്കുകയും ആ പണം ദരിദ്രർക്ക് വായ്പയായി നൽകപ്പെടുന്നുവെന്നുമാണ് പലരും തെറ്റായി ധരിച്ചിരിക്കുന്നത്. വാസ്തവത്തിൽ സാധാരണക്കാരാണ് പണം ബാങ്കുകളിൽ നിക്ഷേപിക്കുന്നത്. ഈ പണത്തിന്റെ വലിയൊരു ശതമാനം കമ്പനികൾക്ക് വായ്പകൾ ആയി നൽകപ്പെടുന്നു. കമ്പനികൾ വായ്പകൾ തിരിച്ചടയ്ക്കാതെയിരിക്കുന്നു എന്ന പ്രതിഭാസം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വായ്പകൾ തിരിച്ചടയ്ക്കാത്ത കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുന്നതിന് പകരം ഇത്തരത്തിൽ 30 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകൾ എഴുതിത്തള്ളിയിരിക്കുന്നു.
കഴിഞ്ഞ 10 വർഷങ്ങളിലായി പെട്രോളിനും ഡീസലിനും മീതെയുള്ള സെസ്സുകൾ ഉയർത്തിയതിലൂടെയും ജി.എസ്.ടി വഴിയും ജനങ്ങളുടെ ജീവിതഭാരം ഉയർന്നുപൊങ്ങിയിരിക്കുകയാണ്. എന്നാൽ ചില അതികോടീശ്വരന്മാർക്ക് 55 ലക്ഷം കോടി രൂപ വിലമതിക്കുന്ന നികുതിയിളവ് നൽകിയിട്ടുണ്ട്.
കോർപ്പറേറ്റ് കമ്പനികൾക്ക് മേൽ ചുമത്തിയിരുന്ന നികുതി 33 ശതമാനത്തിൽ നിന്നും 25 ശതമാനമായി കുറച്ചിട്ടുണ്ട്. പഴയ കമ്പനികൾ പുതിയ പേരുകളിൽ മറ്റ് രംഗങ്ങളിലേക്ക് കടന്നുകയറുന്നു. പുതിയ കമ്പനികൾക്ക് പ്രോത്സാഹനം നൽകുക എന്ന കപടന്യായത്തിൽ ഇവയുടെ മേൽ 15 ശതമാനം നികുതിയേ ചുമത്തുന്നുള്ളൂ. നമ്മൾ ഓർക്കേണ്ട ഒന്നുണ്ട്, ലോകത്തെവിടെയും ഇത്തരം താഴ്ന്ന നികുതികൾ ഒരു കമ്പനിക്ക് മേലും ചുമത്തപ്പെടുന്നില്ല. കഴിഞ്ഞ 10 കൊല്ലങ്ങൾക്കുള്ളിൽ, കോർപ്പറേറ്റ് കമ്പനികൾക്ക് നൽകിയ നികുതിയിളവുകളും വായ്പ എഴുതിത്തള്ളലുകളും ആകെ എടുത്താൽ അത് മൊത്തം രാഷ്ട്രത്തിന്റെ വാർഷിക ബജറ്റിനേക്കാൾ കൂടുതലാണ്. അതിനാൽ ഈ കമ്പനികൾക്കും മോദി സർക്കാർ സ്വർഗ്ഗരാജ്യത്തിന് തുല്യമാണ്. (കോർപ്പറേറ്റ് കമ്പനികൾക്ക് സ്വർഗ്ഗരാജ്യം ആയി കാണപ്പെടുന്നത് സാധാരണക്കാരന് നരകം മാത്രമാണ്).
ദില്ലി മുഖ്യമന്ത്രിയായ കെജ്രിവാൾ വിസ്തരിച്ചുതന്നെ ദില്ലി നിയമസഭയിൽ അദാനി മോദിയുടെ ബിനാമി ആണെന്ന് നേരിട്ട് പ്രസ്താവിച്ചിട്ടുണ്ട്. അദാനിയുടെ ഉടമസ്ഥതയിലുള്ളതെല്ലാം യഥാർത്ഥത്തിൽ മോദിയുടേതാണെന്ന് അദ്ദേഹം തുറന്നുകാട്ടിയിട്ടുണ്ട്. രാഷ്ട്രത്തിന്റെ വിസ്തൃതമായ പൊതുമുതൽ എങ്ങനെയാണ് അദാനിയുടെ കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും ഓരോ വിദേശയാത്രകളിലും ആനുകൂല്യങ്ങൾ അദാനിക്കമ്പനിക്ക് നൽകേണ്ടതിലേക്ക് ആ രാജ്യങ്ങളുടെ സർക്കാറുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ നാം മനസ്സിലാക്കേണ്ട കഠിനമായ ഒരു യാഥാർത്ഥ്യമുണ്ട്. അതായത് മോദി സർക്കാർ കോർപ്പറേറ്റുകളുടെ സർക്കാരാണ്, കോർപ്പറേറ്റുകൾ മുഖേനയുള്ള സർക്കാരാണ്, കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള സർക്കാരാണ്. ഈ സർക്കാർ പൊതുസമ്പത്ത് കൊള്ളയടിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം ബിസിനസ് കോർപ്പറേറ്റുകൾക്ക് നൽകിയിരിക്കുകയാണ്. കർഷകരെ അടിച്ചമർത്താനും, തൊഴിലാളികളെ ചൂഷണം ചെയ്യാനും, കൂടാതെ മത്സരത്തിന് ഇടം കൊടുക്കാതെ എല്ലാ രംഗത്തും കച്ചവടത്തെ കുത്തകയാക്കാനുമുള്ള സ്വാതന്ത്ര്യവും. ഏതാനും തെരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റുകളും കേന്ദ്ര സർക്കാരും തമ്മിൽ നഗ്നമായ ചങ്ങാത്തമുണ്ട്. ഇത് അതിസമ്പന്നരായ ഗുജറാത്തി മാർവാഡികളുടെ സർക്കാരാണ്. നിങ്ങളുടെ കണ്ണുകൾ തുറക്കൂ. ഹം ദോ, ഹമാരേ ദോ… രണ്ട് അതിസമ്പന്നരായ മാർവാഡികൾ, കൂട്ടത്തിൽ മറ്റ് രണ്ടുപേർ. ഒരു ഭാഗത്ത് രാജ്യത്ത് നാശം വിതയ്ക്കുന്നു, മറുഭാഗത്ത് അവർ അവരുടെ പണപ്പെട്ടികൾ നിറയ്ക്കുന്നു. രാജ്യം രാജ്യദ്രോഹികളും ജനദ്രോഹികളും ആയ ഈ വലിയ വില്ലന്മാർ വിരിച്ചിരിക്കുന്ന വലയിൽ കുടുങ്ങിക്കിടക്കുകയാണ്.