വീരമലക്കുന്നിലെ ‘കണ്ണീരുറവ’

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 66ന്റെ വികസനം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്കാളിത്തത്തോടെ മുന്നോട്ടുപോകുകയാണ്. ദേശീയപാതാ വികസനം കാസര്‍ഗോഡ് ജില്ലയില്‍ ബാക്കിയാക്കുന്നത് പരിഹരിക്കാനാകാത്ത പാരിസ്ഥിതിക നഷ്ടങ്ങളാണ്. ഹൈദരാബാദ് ആസ്ഥാനമായ മെയ്ല്‍-മേഘ എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന് ആണ് നിര്‍മ്മാണ ചുമതല. ചെറുവത്തൂരിലെ വീരമലക്കുന്നും മയ്യീച്ചയില്‍ ഓവര്‍ബ്രിഡ്ജിലേക്ക് മണ്ണെടുക്കുന്നതിനായി ഇടിച്ച മലയും ഇതില്‍ ചിലതാണ്.

2023 ജൂലൈ ആദ്യ വാരത്തിലെ കനത്ത മഴയില്‍ വീരമലക്കുന്നില്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായി. മണ്ണെടുത്ത് തുടങ്ങിയതോടെ കുന്നിന്റെ വശങ്ങളില്‍നിന്ന് നീരുറവകള്‍ പൊട്ടിപ്പുറപ്പെടുന്നുണ്ടായിരുന്നു. ചേടിമണ്ണായതിനാല്‍ ഉറവകള്‍ക്കടുത്ത് നിന്ന് മഴയ്ക്ക് മുമ്പുതന്നെ മണ്ണ് ചെറിയതോതില്‍ ഇടിഞ്ഞുവീഴുന്നുണ്ടായിരുന്നു.

കുന്നിടിക്കരുത് എന്ന നാട്ടുകാരുടെ ആവശ്യം നിവേദനമായി നൽകിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. കുടിവെള്ളം, കൃഷി ആവശ്യങ്ങൾക്ക് വീരമലക്കുന്നിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. കുന്നിൽ നിന്നുള്ള അനിയന്ത്രിത മണ്ണെടുപ്പ് നിർത്തുക, കുന്നിന്റെ നീരുറവകൾ തടസ്സപ്പെടാത്ത രീതിയിൽ കുന്നിടിഞ്ഞ ഭാഗത്ത്‌ കോൺക്രീറ്റ്‍ മതിൽകെട്ടി സംരക്ഷിക്കുക എന്നിങ്ങനെയാണ് വീരമല സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ജനങ്ങളുടെ കൂട്ടായ്മ മുന്നോട്ടുവെച്ച ആവശ്യങ്ങൾ.

“വീരമലക്കുന്നിന്റെ താഴെ, റോഡിനരികില്‍ കൂടി നടന്നപ്പോള്‍ കണ്ടത് കുന്നിന്റെ അരികിലൂടെ വെള്ളത്തിന്റെ ഉറവ കുത്തിയൊലിക്കുന്നതായിരുന്നു. മെയ് മാസത്തിലാണത്. മീനമാസത്തിലെ ചൂടിന്റെ ആധിക്യമുള്ള ആ സമയത്താണ് മണ്ണ് അവിടെനിന്നും എടുത്തുതുടങ്ങുന്നത്. ഉറവ പൊട്ടിവരുന്നത് റോഡ് പണിയെടുക്കുന്ന ആളുകള്‍ സംഭരിച്ച് ഉപയോഗിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ പല സ്ഥലത്തുകൂടി ഉറവ വരുന്ന നീരുറവയുടെ ഒരു കേന്ദ്രമാണത്.” കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ആർട്ടിസ്റ്റ് ക്യൂറേറ്റർ ആയ കാസർഗോഡ് സ്വദേശി രാജേന്ദ്രൻ പുല്ലൂർ പറയുന്നു.

“ചിത്രകാര്‍ കേരള എന്ന ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മ പ്രകൃതിക്കെതിരായ നീക്കങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പോയി ചിത്രം വരച്ച് അതിനെതിരെ പ്രതിഷേധിക്കാറുണ്ട്. ആ പശ്ചാത്തലത്തിലാണ് 2023 മെയിൽ വീരമലക്കുന്നിന്റെ മുകളില്‍ ഇരുപത്തഞ്ചോളം ആര്‍ട്ടിസ്റ്റുകള്‍ ഒരുമിച്ചിരുന്ന് ചിത്രം വരച്ച് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ഞങ്ങൾ ആ ക്യാമ്പിന് പേരിട്ടത് ‘മണ്ണീര്’ എന്നാണ്. ‘മണ്ണീര്’ എന്ന് മലയാളത്തില്‍ ഒരു പദമില്ല. പക്ഷേ മണ്ണും കണ്ണീര് പോലെ ഒലിച്ചുവരുന്ന വെള്ളവും- അതാണ് മണ്ണീര് എന്ന പേര്. ഹൃദയമുള്ള ഒരു മനുഷ്യന് ആ അവസ്ഥ കണ്ടുകഴിഞ്ഞാല്‍ വല്ലാത്ത ഭീകരതയാണ് അനുഭവപ്പെടുക. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഞാന്‍ ഈ മലയുടെ ഒരു ചിത്രം വരച്ചിരുന്നു. അന്ന് വരച്ചതിനേക്കാള്‍ ഭീകരമായി ഇത് മാറി.” രാജേന്ദ്രൻ പറഞ്ഞു.

മയീച്ച വികസന സമിതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വിരമിച്ച സ്‌കൂൾ അധ്യാപകൻ ബാലകൃഷ്ണൻ വീരമല കുന്നിലെ ഉറവകളെ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഓർമ്മകൾ പങ്കുവച്ചു. “മയീച്ച പ്രദേശത്തിന്റെ കുടിവെള്ള സ്രോതസ് ഈ കുന്നിന്റെ താഴ്വരയാണ്.  മുപ്പത്തിയഞ്ച് മീറ്ററോളം ആദ്യം കുന്നിടിച്ചു, ഇപ്പോള്‍ ഏകദേശം അമ്പത് മീറ്ററോളം ഇടിച്ചിട്ടുണ്ടാകും. ജില്ലാ കളക്ടറെ ഞങ്ങൾ കണ്ടിരുന്നു. ഇതൊരു സ്ഥിര പരിഹാരം ആവശ്യമുള്ള കേസ് ആണ്. ഒരു പഠനം നടത്തി അതിനെ എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം എന്നാണ് കളക്ടർ പറഞ്ഞത്. റോഡിന് ഇരുവശത്തും ഉള്ളവർക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ വഴി ഇല്ലാതായിട്ടുണ്ട്. നിലവിലുള്ള റോഡിലൂടെ ഗതാഗത സൗകര്യവും ഉണ്ടായിട്ടില്ല. നിർമ്മാണ പ്രവൃത്തിയും മണ്ണെടുക്കലും തടഞ്ഞത് അങ്ങനെയാണ്. മേഘ കൺസ്ട്രക്ഷൻസിന്റെ ജനറൽ മാനേജർ വന്ന് സംസാരിച്ചിരുന്നു. അഞ്ച് മീറ്റർ വീതിയും മൂന്ന് മീറ്റർ ഉയരവും ഉള്ളൊരു അടിപ്പാത അനുവദിച്ചിട്ടുണ്ട്.” ബാലകൃഷ്ണൻ പറഞ്ഞു.

വീരമലക്കുന്നിന്റെ സംരക്ഷണം അനിവാര്യമാണ്, എന്നാൽ ഇനിയും കുന്നിന്  നാശം സംഭവിക്കില്ല എന്ന ഉറപ്പൊന്നും നാട്ടുകാർക്ക് കിട്ടിയിട്ടില്ല. ff

ദേശീയപാതയുടെ നിർമ്മാണം
ദേശീയപാതയ്ക്ക് വേണ്ടി മണ്ണെടുത്ത മയ്യീച്ചയിലെ കുന്ന്
മയ്യീച്ചയിലെ കുന്നിന്റെ അവശിഷ്ടം
ഇടിഞ്ഞുതീരുന്ന കുന്ന്
മയ്യീച്ചയിലെ കുന്നിന്റെ ഉൾവശം
നഷ്ടമാകുന്ന ജൈവവൈവിധ്യം
അടർന്നുവീഴാൻ നിൽക്കുന്ന മൺപാളികൾ
കാണാതാകുന്ന ഉറവകൾ
ദേശീയപാതയിലെ അപായസൂചന
തുടച്ചുനീക്കാൻ ബാക്കി നിൽക്കുന്ന മല
കാണാതാകുന്ന മലകളും വീതികൂടുന്ന റോഡും
നഷ്ടമാകുന്ന മണ്ണ്
നഷ്ടമാകുന്ന മണ്ണ്
വീരമലക്കുന്നിന്റെ മറ്റൊരുവശം
നിർമ്മാണം അവസാനിച്ചിട്ടില്ല
ഇനിയുമുണ്ട് നഷ്ടമാകാൻ
രാജേന്ദ്രൻ പുല്ലൂർ 2000ൽ വരച്ച ചിത്രം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

3 minutes read September 25, 2023 1:36 pm