മുല്ലമാരല്ല, ഞങ്ങളാണ് ഇറാന്റെ പ്രതിനിധികൾ

ശിരോവസ്ത്രം തെറ്റായി ധരിച്ചുവെന്നാരോപിച്ച് ഇറാനിയൻ കുർദിഷ് യുവതി മഹ്സ (ജിന) അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ആരംഭിച്ചപ്പോൾ 25 കാരിയായ റോയ പിയാറെയ് ഇറാനിലെ കെർമാൻഷാ നഗരത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. 2022 സെപ്തംബർ 20 ന്, റോയയുടെ അമ്മ മിനു മജീദി മറ്റ് പ്രതിഷേധക്കാർക്കൊപ്പം മുദ്രാവാക്യം വിളിക്കുമ്പോൾ മോട്ടോർ ബൈക്കുകളിലെത്തിയ സുരക്ഷാസേന അവരെ വളരെ അടുത്ത് നിന്ന് വെടിവച്ചു. പിറകിൽ 167 ഷോട്ട് ഗൺ പെല്ലറ്റുകളുമായി അവൾ മരണപ്പെട്ടു.

ടൈം കോൺട്രിബ്യൂട്ടിങ് എഡിറ്ററും അഭിനേത്രിയുമായ ആഞ്ജലീന ജോളി, മിനു മജീദിയുടെ മകൾ റോയ പിയാറെയുമായി നടത്തിയ സംഭാഷണം.

റോയ പിയാറെയും ആഞ്ജലീന ജോളിയും ഓൺലൈൻ സംഭാഷണത്തിനിടെ

ഈ നടുക്കത്തെ എങ്ങനെ നേരിടുന്നു ?

എന്റെ ഹൃദയത്തിലെ മുറിവ് ഓരോ നാളും പുതുതായി മാറുന്നു. സ്ഥിരതയക്കായി ശ്രമിക്കുന്നുണ്ട് ഞാൻ. എന്നാൽ ഏറെ പ്രയാസമാണത്. എനിക്കു മുന്നോട്ടുനീങ്ങണം. എനിക്ക് എന്നാലാവുന്നതു ചെയ്യണം, എന്റെ അമ്മ ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെ നിശബ്ദമാക്കപ്പെട്ട ശബ്ദമാവണം. എന്റെ അമ്മ അവർ വിശ്വസിച്ചതിന് അവരുടെ ജീവൻ തന്നെ നൽകി. മഹ്സയ്ക്കും ഞാൻ ഉൾപ്പെടുന്ന യുവതയ്ക്കും നീതിയും സ്വാതന്ത്ര്യവും തേടുകയായിരുന്നവർ.

ഇറാനിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ ജീവിതം എങ്ങനെയായിരുന്നു?

ഒരു സാധാരണ ജീവിതം എനിക്കുണ്ടായിരുന്നു എന്നു ഞാൻ പറയുന്നില്ല. ഇസ്ലാമിക്ക് റിപ്പബ്ലിക്കിന്റെ കീഴിൽ സാധാരണ ജീവിതം ഒരാൾക്കും സാധ്യമല്ല. എന്നാൽ ഞാൻ എന്റെ കുടുംബത്തെ അഭിനന്ദിച്ചു. അവരുടെ കൂടെയില്ലാത്ത ഒരുവൾ ആയിരിക്കണം ഞാൻ എന്ന് എനിക്കു തോന്നിയിട്ടേയില്ല. ചിന്തിക്കാനും ചെയ്യേണ്ടതു ചെയ്യാനും എനിക്ക് ഇടമുണ്ടായിരുന്നു. സമൂഹത്തിൽ നിന്നായിരുന്നു സമ്മർദ്ദം ഏറെയും, ഗവർണ്മെന്റിൽ നിന്നും. ഇതെല്ലാം സംഭവിക്കും മുമ്പ്, ഞാൻ എന്റെ കുടുംബത്തോട് ഏറെ അടുപ്പത്തിലായിരുന്നു. ഏറെ അനുഗ്രഹിക്കപ്പെട്ടതായി എനിക്കു തോന്നി. ഇസ്ലാമിക്ക് സ്റ്റേറ്റ് ഞങ്ങളുടെ സമൂഹത്തിനുമേൽ അടിച്ചേൽപ്പിച്ച ഈ ഇരുട്ടിലും ഞങ്ങൾ പരസ്പരം തുണയായി, പരസ്പരം സ്നേഹിച്ചു. 

പ്രതിഷേധങ്ങൾ മുമ്പും പ്രകടമായതാണല്ലോ,  ഈ സമയത്ത് എന്തു മാറ്റമാണ് തോന്നുന്നത് ?

ഈ പ്രക്ഷോഭം ആരംഭിച്ചത് സ്ത്രീ സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ്. മഹ്സയുടെ കൊലപാതകം ഒരു തീച്ചീള് തന്നെയായിരുന്നു. ഒരുപാട് കാര്യങ്ങളോട് പൊരുതുകയായിരുന്നു ഞങ്ങൾ. എല്ലാ സ്ഥാപനങ്ങളിലും, വിദ്യഭ്യാസ സമ്പ്രദായത്തിലും, രാഷ്ട്രീയത്തിലും സമ്പദ് വ്യവസ്ഥയിലും ഭരണത്തിലും എല്ലാത്തിലും എല്ലായിടത്തും അഴിമതി.

ഇപ്പോൾ ഇറാനിൽ ഓരോയിടത്തുമുള്ള വംശങ്ങൾ എല്ലാം ഒന്നിച്ചിരിക്കുന്നു. ജനങ്ങൾക്കെല്ലാവർക്കും തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കണം. ആണും പെണ്ണും ഒന്നിച്ചു നിന്നു പൊരുതുന്നു. അതൊരു വലിയ കാര്യം തന്നെയാണ്. എന്തെന്നാൽ എല്ലാവർക്കുമറിയാം സ്ത്രീകളുടെ സ്വാതന്ത്ര്യം സമൂഹത്തെ സ്വതന്ത്രമാക്കും എന്ന്.

റോയയുടെ ഉമ്മ മിനു മജീദി

എന്ത് സാധ്യമാകും എന്നാണ് പ്രതീക്ഷ ?  എന്താണ്  കാണുവാൻ ആഗ്രഹിക്കുന്നത് ?

ഒരു രാഷ്ട്രീയക്കാരിയല്ല ഞാൻ. എനിക്ക് മറുപടി പറയാനാവുക ഞാൻ കണ്ടതിൽ നിന്നും കേൾക്കാനായതിൽ നിന്നും മാത്രമാണ്. പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, പൗരരെ കൊന്നൊടുക്കുന്ന ഒരു ഭരണകൂടത്തെ ജനങ്ങൾക്കു വേണ്ട എന്നതാണ്. പ്രതീക്ഷയുണ്ടെനിക്ക്, ഏറെ ബഹുമാന്യരും, അഭ്യസ്തവിദ്യരും ഇറാനിലുണ്ട്. കൂടാതെ  ശക്തരായ ഒരു പുതു തലമുറയും. എനിക്ക് പറയാനുള്ളതെന്തെന്നാൽ ഞാൻ എന്റെ മനുഷ്യരിൽ വിശ്വസിക്കുന്നു.

ഞാൻ പ്രതീക്ഷിക്കുന്നു, അത് എത്ര കാലമെടുത്താലും – ഉടനെയാവാൻ ആശിക്കുന്നു – മാറ്റമുണ്ടാവുമെന്നും സ്ത്രീകൾക്ക് സമാധാനം കിട്ടുമെന്നും

ദൂരമേറിയ വഴിയാണ്, എന്നാൽ ആ ഇരുട്ടിലേക്ക് അവർ തിരിച്ചിറങ്ങുകയില്ല. ഈ ഭരണത്തെ നന്നാക്കാനാവില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഞാൻ വിചാരിക്കുന്നു, അവരുടെ ഐക്യമാണ് വിജയത്തിലേക്കുള്ള വഴി, ഈ വിപ്ലവം വിജയിക്കാനുള്ള വഴി.

മറ്റൊരു കാര്യം, മറ്റു രാജ്യങ്ങളിൽ നിന്നും ഞങ്ങൾക്കു ലഭിക്കാവുന്ന പിന്തുണയാണ്. പ്രതിപക്ഷത്തുള്ളവർ എല്ലാം പറയുന്നു, ഇസ്ലാമിക്ക് റിപ്പബ്ലിക്കിനെ ഒറ്റപ്പെടുത്തണം എന്നും നയതന്ത്രജ്ഞര വിദേശത്ത് നിന്നും പുറത്താക്കണം എന്നും. എനിക്കറിയാം , ഞങ്ങളുടെ ശബ്ദം ഉച്ചത്തിലായിരിക്കുന്നു, എല്ലാവരും ഞങ്ങളെ കണ്ടു തുടങ്ങിയിരിക്കുന്നു. ഇസ്ലാമിക്ക് റിപ്പബ്ലിക്കോ മുല്ലമാരോ ഒന്നുമല്ല, ഞങ്ങളാണ് ഇറാന്റെ പ്രതിനിധികൾ.

വേദനിപ്പിക്കില്ലെന്ന് കരുതി ചോദിച്ചോട്ടെ, എങ്ങനെയായിരുന്നു നിങ്ങളുടെ അമ്മ?

എന്റെ അമ്മ എക്കാലവും സ്വാതന്ത്രത്തിൽ വിശ്വസിച്ചു. മനുഷ്യരെ അവർക്കു കാര്യമായിരുന്നു. വിശാല ഹൃദയത്താലും കരുണയാലും ഏറെ സഹനശീലയായിരുന്നു. സാഹിത്യവും കായികവുമായ ഇഷ്ടങ്ങളുണ്ടായിരുന്നു. ഇടക്കാലത്ത് അവർ കുതിരയോടിച്ചിരുന്നു. ഉത്സാഹിയായിരുന്നു. നിറഞ്ഞു ജീവിച്ചവളായിരുന്നു. ഞങ്ങൾ എല്ലാം പങ്കുവെച്ചിരുന്നു. ജീവിതത്തിൽ ഏറ്റവും അടുപ്പമുള്ള ഒരാളെ എനിക്കു നഷ്ടമായി. അതിനാലാണ് എനിക്കു തോന്നുന്നത് അവർ എന്നെയും കൊന്നുകളഞ്ഞു എന്ന്.

റോയ പിയാറെയ് ഉമ്മയുടെ ഖബറിനരികെ

ഏറെ അമ്മമാരും പെൺമക്കളും ഒന്നും സ്ത്രീസ്വാതന്ത്ര്യത്തിനായി ഒന്നിച്ചു പേരാടാൻ ഇറങ്ങിയിട്ടില്ല. എനിക്ക് ഉറപ്പുണ്ട്, നിങ്ങൾ ഈ അവസ്ഥയെ കൈകാര്യം ചെയ്യുന്ന രീതിയിൽ അവർ ഏറെ അഭിമാനിക്കുന്നുണ്ടാവും.

ഞാൻ അതിൽ വിശ്വസിക്കാൻ തന്നെ ശ്രമിക്കും, പക്ഷെ ചില നേരം എനിക്കു വല്ലാത്ത മരവിപ്പ് തോന്നുന്നു. ഈ കൊലപാതകികളുടെ കൈകളിൽ നമ്മുടെ വിലപ്പെട്ട മനുഷ്യരെ നഷ്ട്മാകുന്നത് ദയനീയമാണ്.

ഈ നിമിഷത്തോട് പൊരുത്തപ്പെടാൻ വാക്കുകൾക്കാവില്ല എന്ന് എനിക്കറിയാം. എനിക്ക് എന്റെ അമ്മയെ നഷ്ട്ടപ്പെട്ടു (ക്യാൻസർ ബാധിച്ച്), പക്ഷെ അവരോട് യാത്ര പറയാനായി കുറേ വർഷങ്ങൾ എനിക്കുണ്ടായിരുന്നു. മറ്റൊരാളായിരുന്നില്ല എന്നിൽ നിന്നും അവരെ കൊണ്ടുപോയത്, അല്ലെങ്കിൽ അവരുടെ കൊലപാതകത്തിന് കാരണമായത്.

നഷ്ടപ്പെടിലിന്റെ കാര്യം ഏറെ വലുതാണ്. മുമ്പ് ആരെയും എനിക്ക് നഷ്ട്ടപ്പെട്ടിട്ടില്ല. എന്നാൽ ഇത് ഒട്ടും സാധാരണമല്ല. നിങ്ങൾ പറഞ്ഞ പോലെ, നിങ്ങളുടെ അമ്മയെ കൊണ്ടുപോയതൊരാളല്ല, അവരോട് യാത്ര പറയാൻ നിങ്ങൾക്ക് സമയവും കിട്ടി. എന്റെ അമ്മയുടെ മരണത്തിൽ ഒന്നും സാധാരണമല്ല. ഏറെ പേർക്ക് അവരുടെ പ്രിയരെ നഷ്ടപ്പെട്ടു. നുണ പറയാനായി ഇസ്ലാമിക്ക് സ്റ്റേറ്റ് അവർക്കുമേൽ സമ്മർദ്ദം ചെലുത്തി. അവരിൽ ചിലർ തുറുങ്കിലടക്കപ്പെട്ടു. അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും അവർ മോഷ്ടിച്ചു.

ആലോചിക്കാൻ ആവാത്ത ക്രൂരതയാണിത്. ആത്മാർത്ഥമായും ഞാൻ പ്രാർത്ഥിക്കുന്നു, ധൈര്യത്തിനും സഹനത്തിനുമായി. വെളിച്ചവും സ്വാതന്ത്ര്യവുമുള്ള പുതുതൊന്ന് ഉയിർത്തുവരിക തന്നെ ചെയ്യും.

 തീർച്ചയായും, അതിനായി ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവനുകൾ കൊടുത്തുകഴിഞ്ഞു. അതു വെറുതെയാവാൻ പോവുന്നില്ല.

വിവർത്തനം: ആദിൽ മഠത്തിൽ, കടപ്പാട്: ടൈം മാ​ഗസിൻ

Also Read

December 26, 2022 4:03 pm