Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


രാജ്യത്തിന്റെ ഭാവിയെപ്പറ്റി ഭരണാധികാരികൾ നടത്തുന്ന പ്രസംഗങ്ങളിലോ അവർ പടുത്തുയർത്തുന്ന കോൺക്രീറ്റ് സൗധങ്ങളിലോ അല്ല ഇന്ത്യയുടെ യഥാർത്ഥ അന്തഃസത്ത അടങ്ങിയിരിക്കുന്നത്. അതറിയണമെങ്കിൽ ഏതെങ്കിലും ഒരു സാധാരണ ഗ്രാമത്തിലെ സർക്കാർ സ്കൂളിലേക്ക് കടന്നു ചെല്ലണം. അവിടുത്തെ ചോർന്നൊലിക്കുന്ന ക്ലാസ് മുറികളും, അധ്യാപകരുടെ കുറവും, ആവശ്യത്തിന് ശുചിമുറികളും കുടിവെള്ളവും വൈദ്യുതിയും പോലുമില്ലാത്ത അവസ്ഥയും കണ്ടാൽ പ്രസംഗങ്ങളിലെ കാപട്യം നിമിഷനേരംകൊണ്ട് കൊണ്ട് അഴിഞ്ഞുവീഴും. രാജ്യത്തെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥയെ സംബന്ധിച്ച ചർച്ച സിജെപി പ്രക്ഷോഭത്തിന് ശേഷം വീണ്ടും സജീവമാകുകയാണ്. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മൂടിവെച്ചിരുന്ന യാഥാർത്ഥ്യങ്ങൾ പുതിയ തലമുറയും സ്വതന്ത്ര മീഡിയകളും ഉയർത്തിക്കൊണ്ട് വരികയാണ്.
വിദ്യാഭ്യാസം എന്നത് ചുറ്റുമുള്ള ലോകത്തെ തെളിഞ്ഞ കണ്ണുകളോടെ കാണാനും, ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനും, സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാകാനും മനുഷ്യരെ പ്രാപ്തരാക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണത്. അസമത്വങ്ങളെ വെല്ലുവിളിക്കാനും നീതിയുള്ള ഒരു ലോകത്തെക്കുറിച്ച് സ്വപ്നം കാണാനും അത് കുട്ടികളെ പഠിപ്പിക്കണം. എന്നാൽ ഇന്നിവിടെ സംഭവിക്കുന്നത് മറിച്ചാണ്. മുതലാളിത്തത്തിന് ആവശ്യമായ വിലകുറഞ്ഞ തൊഴിലാളികളെ വാർത്തെടുക്കുന്ന, ‘മനുഷ്യവിഭവം’ ഉൽപ്പാദിപ്പിക്കുന്ന വെറുമൊരു പ്രൊഡക്ഷൻ പ്ലാന്റായി വിദ്യാഭ്യാസം അധഃപതിച്ചിരിക്കുന്നു. ഇവിടെയാണ് പൊതുവിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം നിർണായകമാകുന്നത്.


വിദ്യാഭ്യാസത്തെ പൂർണ്ണമായി വിപണിയുടെ ലാഭക്കൊതിക്ക് എറിഞ്ഞുകൊടുക്കുക സാധ്യമല്ല. വൻതുക ഫീസ് നൽകാൻ ശേഷിയുള്ളവരുടെ മക്കൾക്ക് മാത്രം മികച്ച പഠനസൗകര്യവും, ബാക്കിയുള്ള സാധാരണക്കാർക്ക് തകർന്നടിയുന്ന കെട്ടിടങ്ങളും നൽകുന്ന വ്യവസ്ഥ തികഞ്ഞ സാമൂഹിക അനീതിയാണ്. ജാതിയോ മതമോ ലിംഗമോ സാമ്പത്തിക പശ്ചാത്തലമോ നോക്കാതെ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകണമെങ്കിൽ ശക്തമായ ഒരു പൊതുവിദ്യാഭ്യാസ സംവിധാനവും, അതിനായി ചെലവഴിക്കുന്ന പൊതുഫണ്ടിംഗ് അത്യാവശ്യമാണ്.
ഇന്ത്യയിൽ പൊതുവിദ്യാഭ്യാസത്തിനായി നടന്ന പോരാട്ടങ്ങൾക്ക് സ്വാതന്ത്ര്യ സമരത്തോളം തന്നെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം നൽകുക എന്നത് തങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളെ മുൻനിർത്തി ആയിരുന്നു. തങ്ങളുടെ ഭരണസംവിധാനത്തെ നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ജോലിക്കാരെ സൃഷ്‌ടിക്കലായിരുന്നു ആ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ സാർവത്രിക ജനകീയ സൗജന്യ വിദ്യാഭ്യാസം അവരുടെ അജണ്ട അല്ലായിരുന്നു. ചില പ്രദേശങ്ങളിൽ സ്കൂളുകൾ തുറന്നെങ്കിലും ജാതി വിവേചനം കാരണം ദലിത് കുട്ടികൾക്ക് അവിടേക്ക് പ്രവേശനം പോലും സാധ്യമാകാത്ത അവസ്ഥയായിരുന്നു. 1882-ലെ വിദ്യാഭാസ കമ്മീഷന് മുന്നിൽ ദാദാഭായി നൗറോജി നാലുവർഷത്തെ നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം എന്ന ആവശ്യം ഉന്നയിക്കുമ്പോൾ, ജ്യോതിറാവു ഫൂലെ ചൂണ്ടിക്കാണിച്ചത് മറ്റൊരു ദാരുണ യാഥാർത്ഥ്യമായിരുന്നു—പിന്നാക്ക വിഭാഗങ്ങളിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ജാതിവിവേചനം. താഴ്ന്ന ജാതിക്കാർക്കായി പ്രത്യേക സ്കൂളുകളും പെൺകുട്ടികളുടെ പഠനത്തിന് മുൻഗണനയും വേണമെന്ന് അദ്ദേഹം അന്ന് ആവശ്യം ഉന്നയിച്ചു. നിവേദനങ്ങൾ നൽകി വിശ്രമിക്കുകയല്ല ഫൂലെയും സാവിത്രിബായിയും ഫാത്തിമ ഷെയ്ക്കും ചെയ്തത്, സ്വന്തമായി സ്കൂളുകൾ തുറന്ന് അവർ തെരുവിലിറങ്ങി. താരാബായി ഷിൻഡെയെ പോലുള്ള ചിന്തകർ സ്ത്രീവിദ്യാഭ്യാസവും സാമൂഹിക സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെ പൊതുമധ്യത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചു.
ഈ ചരിത്രപരമായ പോരാട്ടത്തിൽ കേരളവും വേറിട്ടുനിന്നില്ല. 1914-ൽ അയ്യങ്കാളി പഞ്ചമി എന്ന ദലിത് പെൺകുട്ടിയുടെ കൈപിടിച്ച് ഊരൂട്ടമ്പലം സ്കൂളിന്റെ പടി കടക്കാൻ ശ്രമിച്ചത് കേവലം ഒരു സ്കൂൾ പ്രവേശനം മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി വിദ്യാഭ്യാസം തടഞ്ഞുവെച്ച ജാതിവ്യവസ്ഥയുടെ മേലുള്ള കടന്നാക്രമണമായിരുന്നു അത്. ശ്രീനാരായണഗുരുവും പൊയ്കയിൽ അപ്പച്ചനും മുതൽ ആദിവാസി-മുസ്ലിം സമൂഹങ്ങളിലെയും സ്ത്രീ മുന്നേറ്റങ്ങളിലെയും വക്താക്കൾ പലപ്പോഴായി ഈ പോരാട്ടത്തിൽ ഏർപ്പെട്ടു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ തങ്ങളുടെ വിമോചനത്തിന്റെ ഏകമാർഗ്ഗമായ അറിവ് നേടാനായി നടത്തിയ അതിരൂക്ഷമായ സാമൂഹിക സമരങ്ങളുടെ ചരിത്രമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ചരിത്രം.


ദേശീയ പ്രസ്ഥാനവും പൊതുവിദ്യാഭ്യാസത്തെ തങ്ങളുടെ രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയിരുന്നു. 1910-ൽ ഗോപാലകൃഷ്ണ ഗോഖലെ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസ പ്രമേയം അവതരിപ്പിച്ചു. 1931-ലെ കറാച്ചി സമ്മേളനത്തിൽ കോൺഗ്രസ് സൗജന്യ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കുകയും, 1937-ലെ വാർധാ സമ്മേളനത്തിൽ ഗാന്ധിജി 7 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത പഠനം ഉറപ്പുനൽകുന്ന അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി മുന്നോട്ടുവെക്കുകയും ചെയ്തു. പക്ഷേ, സ്വാതന്ത്ര്യം ലഭിച്ചതോടെ മുൻഗണനകൾ അട്ടിമറിക്കപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസന മാതൃകയെ സംബന്ധിച്ചുള്ള മാർഗരേഖയായ ബോംബെ പ്ലാൻ തയ്യാറാക്കിയത് ടാറ്റയും ബിർളയും ചേർന്നാണ്. വൻതോതിൽ നിക്ഷേപം ആവശ്യമുള്ളതും ഏറെ കാലത്തിന് ശേഷം ലാഭം തരുന്നതുമായ അടിസ്ഥാന വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൊതുമേഖല ഏറ്റെടുക്കുകയും വേഗത്തിൽ ലാഭം നൽകാൻ കഴിയുന്ന മേഖലകൾ സ്വകാര്യമേഖലയ്ക്ക് നൽകുകയും ചെയ്യുന്ന വികസന രീതിയാണ് നടപ്പിലാക്കിയത്. അധികാരത്തിൽ വന്ന മുതലാളിത്ത ഭരണകൂടം അവരുടെ ആവശ്യകതയ്ക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കാൻ നെഹ്‌റുവിയൻ മാതൃകയിൽ വ്യവസായവൽക്കരണത്തിനും സാങ്കേതിക സ്ഥാപനങ്ങൾക്കും ഊന്നൽ നൽകി. IIT-കൾ ഉൾപ്പെടെയുള്ള പ്രീമിയം സ്ഥാപനങ്ങളും സാങ്കേതി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നുവന്നു. എന്നാൽ, സാധാരണക്കാരുടെ അടിസ്ഥാന സ്കൂൾ വിദ്യാഭ്യാസം തഴയപ്പെട്ടു.
ആദ്യ പഞ്ചവത്സര പദ്ധതിയിൽ വിദ്യാഭ്യാസ ബജറ്റിന്റെ 56% സ്കൂളുകൾക്ക് ലഭിച്ച സ്ഥാനത്ത്, നാലാം പദ്ധതിയായപ്പോഴേക്കും അത് 30% ആയി കൂപ്പുകുത്തി! ഭരണഘടന സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അതിനനുസരിച്ചുള്ള മുൻഗണന എല്ലായിപ്പോഴും ലഭിച്ചില്ല. 1964-66 ലെ കോത്താരി കമ്മീഷൻ ഈ അപകടം കൃത്യമായി മുന്നറിയിപ്പ് നൽകിയതാണ്. പണമുള്ളവന് മികച്ച സ്വകാര്യ സ്കൂളും പാവപ്പെട്ടവന് സൗകര്യങ്ങളില്ലാത്ത സർക്കാർ സ്കൂളും നൽകുന്ന രീതി രാജ്യത്തെ വലിയ അസമത്വത്തിലേക്ക് തള്ളിവിടുമെന്നും, കമ്മീഷൻ നിരീക്ഷിച്ചു. വിദ്യാഭ്യാസത്തിനായി ജിഡിപിയുടെ കുറഞ്ഞത് ആറ് ശതമാനം മാറ്റിവെക്കണമെന്ന കമ്മീഷന്റെ ശുപാർശ ആറ് പതിറ്റാണ്ടുകൾക്കിപ്പുറവും വെറുമൊരു സ്വപ്നമായി അവശേഷിക്കുന്നു.
1986-ലെ പുതിയ വിദ്യാഭ്യാസ നയത്തിലും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും ഈ ആറ് ശതമാനം വാഗ്ദാനം ആവർത്തിച്ചെങ്കിലും പ്രഖ്യാപനവും യാഥാർത്ഥ്യവും തമ്മിലുള്ള അകലം വർദ്ധിക്കുക മാത്രമാണ് ചെയ്തത്. 1970-കളിൽ ജിഡിപിയുടെ ഏകദേശം രണ്ട് ശതമാനം ആയിരുന്ന വിദ്യാഭ്യാസ ചെലവ് 1980-കളുടെ അവസാനത്തിൽ GDP-യുടെ 3.4 % വരെ എത്തിയ വിദ്യാഭ്യാസ വിഹിതം, 90-കളിലെ നവലിബറൽ നയങ്ങളുടെ നടപ്പിലാക്കലോടെ വീണ്ടും താഴേക്ക് പതിച്ചു. 2013-14-ൽ GDP-യുടെ 3.1 % ആയിരുന്നത് 2023-24 എത്തുമ്പോൾ 2.7 % ആയി കുറഞ്ഞു. മൊത്തം കേന്ദ്ര ബജറ്റിലെ വിദ്യാഭ്യാസ വിഹിതം 2013-14 ലെ 11.6 %-ൽ നിന്ന് പിന്നീട് 9.2 % ആയി വെട്ടിച്ചുരുക്കപ്പെട്ടു.


പൊതുവിദ്യാഭ്യാസം മോദി കാലത്ത്
മോദി സർക്കാർ വിദ്യാഭ്യാസത്തിന് വൻ തുക വകയിരുത്തുന്നു എന്നത് വെറും അവകാശവാദമാണന്ന് മനസ്സിലാക്കാൻ സാധിക്കും. 2014-15 ൽ മോഡിയുടെ ആദ്യ ബജറ്റിൽ വിദ്യാഭ്യാസത്തിന് ₹82,771 കോടി വകയിരുത്തിയെങ്കിലും ചെലവാക്കിയത് ₹68,874 കോടി മാത്രമാണ്. 2024-25-ൽ വകയിരുത്തൽ ₹1,20,628 കോടിയായി ഉയർത്തിയെന്ന് അവകാശപ്പെടുമ്പോഴും, കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ പണപ്പെരുപ്പം കണക്കാക്കിയാൽ ഇതിന് പഴയതിനേക്കാൾ മൂല്യം കുറവാണ്! അതിലും കഷ്ടമാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസ്ഥ. കേന്ദ്ര ബജറ്റിലെ സ്കൂൾ വിദ്യാഭ്യാസ വിഹിതം 2014-15 ലെ 2.75 %-ൽ നിന്ന് 2024-25 എത്തുമ്പോൾ 1.51% ആയി പകുതിയോളം കുറഞ്ഞു.
രാജ്യത്തെ ആകെ സർക്കാർ സ്കൂളുകളിൽ കേവലം 1.2 % മാത്രം വരുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ, PM SHRI സ്കൂളുകൾ (ആകെ 11,972 സ്കൂളുകൾ, 29.2 ലക്ഷം കുട്ടികൾ) എന്നിവയ്ക്കായി സ്കൂൾ വിദ്യാഭ്യാസ ബജറ്റിന്റെ 29 ശതമാനത്തോളം (₹21,153 കോടി) നീക്കിവെക്കുന്നു. ബാക്കി വരുന്ന 98.8 % സാധാരണ സർക്കാർ സ്കൂളുകൾക്കായി മാറ്റിവെച്ചിരിക്കുന്നത് വെറും 71 % ബജറ്റ് വിഹിതം മാത്രം. സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളെ പട്ടിണിക്കിട്ട്, ഏതാനും മോഡൽ സ്കൂളുകളെ മാത്രം ഉയർത്തിക്കാട്ടുന്നത് പൊതുവിദ്യാഭ്യാസത്തിനുള്ളിൽ തന്നെ അസമത്വത്തിന്റെ പുതിയ ക്ലാസ് മുറികൾ നിർമ്മിക്കലാണ്.
സോവിയറ്റ് യൂണിയൻ്റെ പതനത്തെ തുടർന്ന് മുതലാളിത്ത ഭരണകൂടങ്ങൾ ക്ഷേമ രാഷ്ട്ര സാമ്പത്തിക നയങ്ങൾ ഉപേക്ഷിതോടെ വിദ്യാഭ്യാസകുറിച്ചുള്ള അടിസ്ഥാന സമിപനത്തിനും മാറ്റം വന്നു. അറിവും സംസ്കാരവുമുള്ള പൗരരെ സൃഷ്ടിക്കലല്ല, മറിച്ച് വിരുതുള്ള ഉപഭോക്താക്കളെയും സംരംഭകരെയും സൃഷ്ടിക്കുക എന്നതായി വിദ്യാഭ്യാസ പ്രക്രിയയുടെ ആകമാന ലക്ഷ്യം! 1986-ലെ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസത്തിന് പകരം വയ്ക്കപ്പെട്ടു.
പിന്നീട് വേൾഡ് ബാങ്ക് 1991 ൽ സംഘടിപ്പിച്ച ജ്യോംതീയൻ കൺവെൻഷന്റെ അടിസ്ഥാനത്തിൽ 1994-95 സമയത്ത് ആരംഭിച്ച DPEP തുടർന്ന് വന്ന SSA, RMSA പദ്ധതികളിലൂടെ സ്ക്കൂൾ വിദ്യാഭ്യാസത്തിൻറെ ഉള്ളടക്കത്തിലും ഘടനയിലും കമ്പോള സമീപനത്തിന് അനുസരിച്ച് വലിയ മാറ്റങ്ങൾ സംഭവിച്ചു. സ്ഥിരം അധ്യാപകർക്ക് പകരം പാരാ-ടീച്ചർമാരെ നിയമിക്കുന്ന രീതി വ്യാപിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരിൽ പാവപ്പെട്ട കുട്ടികളെ ഉന്നത പഠനത്തിൽ നിന്ന് തിരിച്ചുവിട്ട്, കൂലിപ്പണിയിലേക്ക് നേരത്തെ തന്നെ തള്ളിവിടുന്ന തന്ത്രവും നടപ്പിലായി. ജയം തോൽവി സമ്പ്രദായം ഇല്ലാതാക്കിയതോടെ ഒരു വിദ്യാർത്ഥി അതാത് ക്ലാസിൽ നിന്ന് നേടേണ്ട അറിവ് നേടാതെ മുകൾ ക്ലാസ്സിലേക്ക് കേറ്റം കിട്ടുന്ന അവസ്ഥയായി, ഇതും വിദ്യാഭ്യാസം നിലവാരം ഇല്ലാതാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അതുവരെ സർക്കാരിന്റെ ചുമതലയിലായിരുന്ന വിദ്യാഭ്യാസത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാക്കി മാറ്റുന്ന പ്രവർത്തനമാണ് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ നടപ്പാക്കിയത്.
സർവ്വ ശിക്ഷാ അഭിയാൻ (SSA) എന്ന ലോക ബാങ്ക് പദ്ധതിയിലും ഗവൺമെൻറ് ഉടമസ്ഥയിലുള്ള സ്‌കൂൾ വിദ്യാഭ്യാസത്തെ ഘട്ടം ഘട്ടമായി കമ്മ്യൂണിറ്റി ഓണർഷിപ്പിലേക്ക് മാറ്റുന്നതിനുള്ള നയങ്ങളും നടപടികളുമാണ് അവതരിപ്പിക്കപ്പെട്ടത്. ഇതിന്റെയെല്ലാം ആഘാതം വളരെ വലുതായിരുന്നു. 2014-24 കാലയളവിൽ മാത്രം ഏകദേശം ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകൾ അപ്രത്യക്ഷമായി. മറുവശത്ത് സ്വകാര്യവൽക്കരണത്തിന് വേഗത കൂടി, 1986-ൽ രാജ്യത്തെ സ്കൂളുകളിൽ 85.3 % സർക്കാർ മേഖലയിലായിരുന്നെങ്കിൽ 2014-15 എത്തുമ്പോൾ അത് 73 % ആയി കുറഞ്ഞു. സ്വകാര്യ അൺ-എയ്ഡഡ് സ്കൂളുകൾ 4.4 %-ൽ നിന്ന് 22.7 % ആയി കുതിച്ചുയർന്നു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ വിഹിതം 72.8 %-ൽ നിന്ന് 60.2 % ആയി കുറഞ്ഞപ്പോൾ, സ്വകാര്യ സ്കൂളുകളിലേത് ആറ് ശതമാനത്തിൽ നിന്ന് 37.2% ആയി ഉയർന്നു. ഇന്നും രാജ്യത്ത് 55,226 സ്കൂളുകൾ ഒരൊറ്റ ക്ലാസ് മുറിയിലാണ് പ്രവർത്തിക്കുന്നത് (ഇതിൽ 43,672 എണ്ണം സർക്കാർ സ്കൂളുകളാണ്).
സൗകര്യങ്ങളൊന്നുമില്ലാതെ പഠനം തകരുമ്പോൾ കുട്ടികളെ മാത്രം കുറ്റക്കാരാക്കുന്നതിൽ എന്ത് നീതിയാണുള്ളത്? ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളിൽ 21.2 % പേർ 8-ാം ക്ലാസിന് മുമ്പും, 46.6 % പേർ 10-ാം ക്ലാസിന് മുമ്പും പഠനം ഉപേക്ഷിക്കുന്നു. ASER 2022 റിപ്പോർട്ട് പ്രകാരം അഞ്ചാം ക്ലാസിലെ 57 % കുട്ടികൾക്ക് രണ്ടാം ക്ലാസിലെ പുസ്തകം വായിക്കാനറിയില്ല, 8-ാം ക്ലാസിലെ 55 % കുട്ടികൾക്ക് ലളിതമായ ഹരണക്രിയ ചെയ്യാൻ കഴിയുന്നില്ല. ഇതിനൊപ്പം SC, ST, OBC, ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ, മൗലാനാ ആസാദ് ഫെലോഷിപ്പ്, പെൺകുട്ടികൾക്കായുള്ള നാഷണൽ സ്കീം ഫോർ ഇൻസെന്റീവ് ബീഗം ഹസ്രത് മഹൽ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള നയാ സവേര തുടങ്ങിയ പദ്ധതികൾ വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തതിലൂടെ വഞ്ചിക്കപ്പെടുന്നത് ഒരുകൂട്ടം വിദ്യാർത്ഥികളുടെ ഭാവിയാണ്. ദേശീയ വിദ്യാഭ്യാസ നയം 2020 ആറാം ക്ലാസ് മുതൽ വൊക്കേഷണൽ വിദ്യാഭ്യാസം മുന്നോട്ടുവെക്കുമ്പോൾ, അത് പാവപ്പെട്ട കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിൽ നിന്നും പുറത്താക്കാനും ചുരുങ്ങിയ വേതനത്തിൽ കൂലി തൊഴിലാളികളെ മാർക്കറ്റിൽ ലഭ്യമാക്കാനും ഉള്ള കോപ്പറേറ്റ് താൽപര്യമാണ് ഇവിടെ നടപ്പിലാകുന്നത്.


സർക്കാർ സ്കൂളുകളെ മനഃപൂർവ്വം പട്ടിണിക്കിടുന്നു
സൗകര്യങ്ങളില്ലാതെ നിലവാരം തകരുമ്പോൾ കുട്ടികൾ സ്വകാര്യ സ്കൂളുകളിലേക്ക് മാറാൻ നിർബന്ധിതരാവുന്നു. ‘ആളില്ല’ എന്ന കാരണം പറഞ്ഞ് സ്കൂളുകൾ അടച്ചുപൂട്ടുക, ഒടുവിൽ പൊതുസംവിധാനം പരാജയമാണെന്ന് പ്രഖ്യാപിച്ച് കോർപ്പറേറ്റുകൾക്ക് വഴിമാറിക്കൊടുക്കുക. ഈ തകർച്ചയ്ക്കുള്ള പരിഹാരം ഒട്ടും സങ്കീർണമല്ല. ജിഡിപിയുടെ കുറഞ്ഞത് ആറ് വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുക എന്നതാണ് മുഖ്യ പരിഹാരം. ഏതാനും എലൈറ്റ് സ്കൂളുകൾക്ക് മാത്രം കോടികൾ കൊടുക്കാതെ എല്ലാ സർക്കാർ സ്കൂളുകളിലും ലബോറട്ടറികളും ലൈബ്രറികളും ടോയ്‌ലറ്റുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ഉറപ്പാക്കുക. കരാർ നിയമനങ്ങൾ അവസാനിപ്പിച്ച് സ്ഥിരം അധ്യാപകരെ നിയമിക്കുകയും വെട്ടിക്കുറച്ച സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കുകയും ചെയ്യുക. ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതിയും ഉള്ളടക്കവും നടപ്പിലാക്കുക, എല്ലാവിഭാഗം വിദ്യാർത്ഥികൾക്കും സ്കൂളുകളുടെ ലഭ്യത ഉറപ്പ് വരുത്തുക.
ദേശീയ വിദ്യാഭ്യാസ നയം 2020 ഭാഗമായി നടപ്പാക്കുന്ന NIPUN Bharat Mission അടിസ്ഥാന വായന, എഴുത്ത്, ഗണിതശേഷി എന്നിവ നേടിയെടുക്കാനുള്ള പരിശീലന കേന്ദ്രങ്ങളായി സർക്കാർ സ്കൂളുകളെ ചുരുക്കാനുള്ള ശ്രമമാണ് പദ്ധതിയിടുന്നത്. സർഗ്ഗാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കാതെ അടിസ്ഥാന അറിവുകളിലേക്ക് മാത്രം പൊതുവിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തുകയാണ് ഈ പദ്ധതി. പ്രാദേശിക വിപണിയെ അടിസ്ഥാനപ്പെടുത്തി വികസിക്കുന്ന തൊഴിൽ മേഖലയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യും. 2017 ൽ നീതി ആയോഗ് മുന്നോട്ട് വെച്ച ‘Three year action agenda’ യിൽ ഗവൺമെന്റ് സ്കൂളുകളെ Public Private Partnership (PPP) മാതൃകയിൽ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിനോ അവരുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിനോ ഉള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.
സ്വകാര്യമേഖലയ്ക്ക് സാമൂഹ്യ താൽപര്യങ്ങൾ ഇല്ല. എവ്വിധവും ലാഭമുണ്ടാക്കുക എന്ന് ഒറ്റ താൽപര്യമേ അവർക്കുള്ളൂ. ഒരു സർക്കാർ സ്കൂളിന് പൂട്ടുവീഴുമ്പോൾ അവിടുത്തെ നിർധനനായ ഒരു കുട്ടിയുടെ ഉന്നതപഠന സ്വപ്നങ്ങൾ കൂടിയാണ് എന്നെന്നേക്കുമായി ഇരുളിലാകുന്നത്. അയ്യങ്കാളി പഞ്ചമിയുമായി നടന്നുതീർത്ത ആ വിപ്ലവകരമായ വഴിയിൽ നിന്ന് നാം പിന്നോട്ട് നടക്കരുത്. ഇന്ന് സിജെപി പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങൾ ഉയർത്തുന്ന പ്രതിരോധങ്ങൾ ഈ ചരിത്രപരമായ പോരാട്ടത്തിന്റെ തുടർച്ചയാണ്. ഭരണകൂടങ്ങൾ എത്ര വലിയ അവകാശവാദങ്ങൾ ഉന്നയിച്ചാലും, ഒരു രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അവസ്ഥ അറിയേണ്ടത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള പരിഗണന നോക്കിയാൽ മതി. വിദ്യയുടെ വെളിച്ചം കെട്ടുപോവുകയാണെങ്കിൽ, നമ്മൾ നിർമ്മിക്കുന്നത് വികസിത ഭാരതമല്ല, മറിച്ച് അസമത്വത്തിന്റെ വലിയൊരു ഇരുട്ടറയാണ്!

