ഒന്ന്
“പോകാൻ പറഞ്ഞാൽ പോകാം. പക്ഷെ, വരാൻ പറഞ്ഞാൽ, അത് അനുസരിക്കാൻ വേറെ ആളെ നോക്കണം എന്ന് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഒരു ഭാര്യ ഒരു ഭർത്താവിന്റെ മുഖത്തുനോക്കി പറഞ്ഞതിന്റെ കഥയാണ് രാമായണത്തിന്റെ കഥ. രാമായണത്തെ അത്തരത്തിൽ കൂടി മനസ്സിലാക്കാൻ മലയാളിയെ പ്രാപ്തമാക്കിയ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യമെഴുതിയ ആളുടെ പേരാണ് ‘കുമാരനാശാൻ’.”
– സുകുമാർ അഴീക്കോട് ഒരു പ്രസംഗത്തിൽ
രണ്ട്
“സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു…”
ചണ്ഡാലഭിക്ഷുകിയിലെ സ്നേഹസ്തവം, സ്കൂൾ കുട്ടികൾ അസംബ്ലിയിൽ ആലപിക്കുന്നത് പോലെ കേൾപ്പിച്ചുകൊണ്ടാണ് കുമാരനാശാനെപ്പറ്റിയുള്ള സിനിമ തുടങ്ങുന്നത്. കുമാരനാശാൻ എന്ന സ്നേഹഗായകനെ നമുക്ക് മുന്നിലേക്ക് ആനയിച്ചുകൊണ്ടുവരുന്ന പ്രതീതിയാണ് അതുണ്ടാക്കിയത്.
മഹാകവി കുമാരനാശാന്റെ മഹനീയ ജീവിതത്തിനു ലഭിച്ച അന്തസ്സാർന്ന ആദരമാണ് ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കെ.പി കുമാരൻ സംവിധാനം ചെയ്ത ചിത്രം. പ്രകൃത്യുപാസകനായ പി കുഞ്ഞിരാമൻ നായരുടെ ജീവിതം സിനിമയിൽ ആവിഷ്കരിക്കപ്പട്ടപ്പോൾ, കവി വിടനോ വിഷയലമ്പടനോ ഒക്കെയായി മാറിയ ദുരന്തം നടന്നിട്ട് ഏതാനും വർഷങ്ങളേ ആയുള്ളൂ എന്നതുകൊണ്ടാണ് ഇത് പ്രത്യേകം എടുത്തുപറയേണ്ടി വരുന്നത്.
‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്നാണ് സിനിമയുടെ പേര് എങ്കിലും സിനിമ ഉപജീവിക്കുന്നത് ‘ചിന്താവിഷ്ടയായ സീത’യെയാണ്. സിനിമയിൽ ഉടനീളം അതിനുള്ള ധാരാളം സൂചനകൾ ഉണ്ട്. മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷകാവ്യം എന്നു വിളിക്കാവുന്ന സീതാകാവ്യത്തിന്റെ രചനാ കാലത്തിൽ ചിത്രം കൂടുതൽ മുഴുകുന്നു. കവിയുടെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തെ മുഖാമുഖം നിർത്തുകയും സമർത്ഥമായി അത് മറ്റൊരു മാദ്ധ്യമത്തിലേക്ക് ആവിഷ്കരിക്കുകയും ചെയ്തു എന്നതുകൊണ്ട് ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ മലയാളത്തിനു ലഭിച്ച ഒരു മികച്ച ബയോപിക് ആയി മാറിയിരിക്കുന്നു.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായി ചിന്നസ്വാമി എന്ന വിളിപ്പേരോടെ, ആത്മീയമായ ഉത്കർഷമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്ന ചിന്തയോടെ ജീവിക്കുകയും, അതേസമയം ശരീര കാമനകളുടെ വിളിക്ക് കാതുകൊടുക്കുകയും ചെയ്ത ഒരു മഹാകവിയുടെ ജീവിതത്തെ അതിന്റെ എല്ലാ സങ്കീർണ്ണതകളോടും കൂടി സംവിധായകൻ പകർത്തുന്നു. അതോടൊപ്പംതന്നെ ഭാഷയിലെ ഒരു മികച്ച കാവ്യത്തിന്റെ പിറവിയും സിനിമയിൽ സമാന്തരമായി സംഭവിക്കുന്നു. (‘ഒരു സിംഹപ്രസവം’ എന്ന പേരിൽ കുമാരനാശാന്റെ ഒരു കവിതയുണ്ട്. ഈ സിനിമയെ ഒരു കാവ്യപ്രസവം എന്നുകൂടി വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.)
സീതയുടെ കണ്ണിലൂടെ, ഉത്തരരാമായണത്തിലെ ഒരു സന്ദർഭത്തിൽ നിന്നും രാമനെ നോക്കിക്കാണുന്ന ഒരു കൃതിയുടെ രചന താൻ ആരംഭിച്ചതായി, ദാമ്പത്യജീവിതത്തിലേക്കു പ്രവേശിച്ച കവിയെ സന്ദർശിക്കാനെത്തുന്ന അത്മമിത്രത്തോട് അദ്ദേഹം തന്നെ പറയുന്നുണ്ട്. ദമ്പതിമാരുടെ ഒരുമയും ജീവിത സന്തുഷ്ടിയും ബോധ്യപ്പെട്ട സുഹൃത്ത് നിസ്സംശയം പറയുന്നു.
“ഇതായിരിക്കും മഹാകവിയുടെ മാസ്റ്റർപീസ്”.
വീണുകിടക്കുന്ന പുഷ്പത്തെ കണ്ട് മൃത്യുബോധത്തോടെ ഉഴറിയിരുന്ന കവിമനസ്സ് വേറെ തലങ്ങളിൽ വിടർന്നുവിലസുന്നത് ആ ഗൃഹസന്ദർശനത്തോടെ അത്മമിത്രത്തിന് ബോധ്യപ്പെട്ടിരുന്നല്ലോ. കവിയുടെ മനസ്സ് മറ്റു മാർഗങ്ങളിലേക്കു കൂടി വ്യാപരിക്കാൻ തുടങ്ങിയതിനെപ്പറ്റി മറ്റൊരു സുഹൃത്തായ സഹോദരൻ അയ്യപ്പൻ എഴുതിയത് ഒട്ടൊരു ലജ്ജയോടെ, എന്നാൽ പൂർണ്ണ സംതൃപ്തിയോടെ കവി തന്നെ അയാൾക്ക് പറഞ്ഞുക്കൊടുക്കുന്നു.
“ഭാവനാശക്തിക്കൊണ്ടുമാത്രം നളിനി, ലീല മുതലായ യഥാർത്ഥ പ്രേമമാതൃകകളെ വാർത്തുവിട്ട കവിശ്രേഷ്ഠൻ അനുഭവരസികനായതിനു ശേഷം സൃഷ്ടിക്കുന്ന കാവ്യരത്നങ്ങളെ ഓർത്ത് ഞങ്ങൾ കൈരളിയെ അനുമോദിക്കുന്നു”.
നവോഢയായ ഭാനുമതി രാവിലെ ഉറക്കമുണർന്ന്, ഒന്നിച്ച് ഒപ്പം കിടന്നിരുന്ന ഭർത്താവിനെ അന്വേഷിക്കുമ്പോൾ അദ്ദേഹം അടുത്ത മുറിയിൽ ധ്യാനനിരതനായി ഇരിക്കുന്നതാണ് കാണുന്നത്. നേരെ അടുക്കളയിൽ പ്രവേശിക്കുമ്പോൾ, അവിടെ രണ്ടുപേർക്കുമുള്ള പ്രാതൽ തയ്യാറാക്കി അടച്ചുവെച്ചിരിക്കുന്നു. നൂറു കൊല്ലം മുമ്പത്തെ കേരളത്തിൽ, കുമാരനാശാന്റെ അടുക്കളയിൽ മാത്രമായിരിക്കും അത്തരം ഒരു വിപ്ലവം നടന്നിരിക്കുക! ചിന്താവിഷ്ടയായ സീതയുടെ ബീജാവാപം ഒരുപക്ഷെ ആ അടുക്കളയിൽ നിന്നാവാം സംഭവിച്ചിരിക്കുക. എല്ലാ ക്രമങ്ങളെയും ചോദ്യംചെയ്യുന്ന ഒരു കാലമായിരുന്നല്ലോ അത്. താണ ജാതിയിൽപ്പെട്ടയാൾ ദൈവത്തെ പ്രതിഷ്ഠിക്കുക, വിവിധ ജാതികളിൽപ്പെട്ടവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, തങ്ങൾക്ക് പ്രവേശനമില്ലാത്ത രാജവീഥിയിലൂടെ അധഃസ്ഥിതൻ വില്ലുവണ്ടിയോടിക്കുക, അടിമത്തത്തിന്റെ അടയാളമായ കല്ലുമാല എറിഞ്ഞുടക്കുക, അങ്ങിനെ വിവേചനത്തിന്റെ എല്ലാ മതിലുകളെയും തകർത്തുമാറ്റാൻ ശ്രമിച്ച നവോത്ഥാന കാലം! നവോത്ഥാനത്തിന്റെ പേരിൽ മതിലുകൾ പണിയുകയും വോട്ടു നഷ്ടപ്പെടുമെന്ന പേടിയിൽ പണിതതൊക്കെ പണിതതിനേക്കാൾ വേഗത്തിൽ പൊളിക്കുകയും ചെയ്യുന്ന പ്രഹസനങ്ങൾ അരങ്ങുതകർക്കുന്ന ഈ കാലത്തിരുന്നുകൊണ്ട് പഴയ പോരാട്ടങ്ങളെ വീണ്ടെടുക്കുന്നു ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’.
ജനങ്ങൾ ദൈവത്തെപ്പോലെ ആരാധിക്കുന്ന ഇതിഹാസ കഥാപാത്രങ്ങളുടെ രതി കുമാരനാശാൻ എത്ര പക്വതയോടെയും എന്നാൽ തീക്ഷ്ണത ഒട്ടും ചോർന്നുപോകാതെ വാക്കുകളെ എത്രമാത്രം നിഷ്കർഷതയോടെയും ചിന്താവിഷ്ടയായ സീതയിൽ ഉപയോഗിച്ചുവോ അതേ തലത്തിൽ തന്നെയാണ് മഹാകവിയുടെ രതിയെ സംവിധായകൻ പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ആശാൻ വിയോഗിനി വൃത്തത്തിലാണെങ്കിൽ സംവിധായകനും വിയോഗിനി വൃത്തത്തിൽ തന്നെ.
“ഒരു ദമ്പതിമാരുമൂഴിയിൽ
കരുതാത്തൊരു വിവിക്തലീലയിൽ
മരുവീ ഗതഗർവർ ഞങ്ങള-
ങ്ങിരു മെയ്യാർന്നൊരു ജീവിപോലവേ”
മാംസനിബദ്ധമല്ലാത്ത ആദർശപ്രണയത്തെ പറ്റി പാടിക്കൊണ്ടിരുന്ന ഒരു കവി ഇത്തരത്തിൽ എഴുതണമെങ്കിൽ അതിനു ഹേതുവായ ജീവിതാനുഭവം ഉണ്ടാകണമല്ലോ. അതിന്റെ കൈയ്യൊതുക്കമാർന്ന ചിത്രീകരണമാണ് ഈ സിനിമയിലെ ഏറ്റവും മനോഹരമായ ഭാഗങ്ങൾ.
രതിയുടെ തീക്ഷ്ണ സൗന്ദര്യം ഇത്ര ചേതോഹരമായി ഇത്ര ചാരുതയോടെ ഇത്രയും ധ്വനനശേഷിയോടെ പകർത്തിയ മലയാള സിനിമ വേറെയുണ്ടോ എന്ന് സംശയിച്ചുപോകുന്നു. ശരീരതൃഷ്ണയോടൊപ്പം ആത്മീയ ദാഹവും അതിശക്തമായുള്ള ഒരു കഥാപാത്രത്തിന്റെ രതി ആവിഷ്കരിക്കുമ്പോൾ അത് ഒരു കടുകുമണിയോളം പോലും കൂടാനോ ഒരു നെല്ലിട കുറയാനോ പാടില്ല. സംവിധായകൻ അത് എത്ര ഭദ്രമായി എത്ര സൂക്ഷമതയോടെ ചെയ്തുവെച്ചിരിക്കുന്നു. രതി ഇത്ര സുന്ദരമായി നുണയുന്നതിന്റെ ആവിഷ്കരണ ഭംഗികൾ സ്ക്രീനിൽ വാർന്നുവീഴുന്നത് അത്യപൂർവ്വമായേ താൻ ലോക സിനിമകളിൽ പോലും കണ്ടിട്ടുള്ളൂ എന്ന് ഐ ഷൺമുഖദാസ് അടുത്ത സീറ്റിൽ ഇരുന്ന് കാതിൽ പറഞ്ഞു. സിനിമയിൽ കാണുന്ന കുമാരനാശാൻ വൈരാഗ്യമേറിയ വൈദികനല്ല. നേരേ വിടർന്ന് വിലസുന്നത് നോക്കിനിൽക്കുന്ന മിഴിയുള്ളവനാണ്. ഒരു നോട്ടം കൊണ്ട്, ഒരു മൂളൽ കൊണ്ട്, ഒരു വിയർപ്പുതുള്ളി കൊണ്ട്, സ്ഥാനം തെറ്റിയ ഒരു മുടിയിഴ കൊണ്ട് ഒക്കെയാണ് പ്രേക്ഷകന് രതിയുടെ പാരമ്യം അനുഭവവേദ്യമാകുന്നത്. കൃതഹസ്തത എന്ന വാക്കിന്റെ അർത്ഥം വേറൊരിടത്തും തിരയേണ്ടതില്ല. ‘ജന്തുവിന്നു തുടരുന്നു വാസനാബന്ധമിങ്ങുടലു വീഴുവോളവും’ എന്നൊക്കെ കവി പോകുന്ന പോക്കുകണ്ട് ചലച്ചിത്രകാരന് അന്തംവിടാനേ പറ്റൂ. അതേ കവിതന്നെ ‘ചിത്തമാം വലിയ വൈരി കീഴമർന്നത്തൽ തീർന്ന യമി തന്നെ ഭാഗ്യവാൻ’ എന്നും ഉടനെ പറഞ്ഞുകളയും. കൃതഹസ്തത ഒന്നുകൊണ്ടു മാത്രമേ ഒരു സംവിധായകന് കവിയോടൊപ്പമെത്താൻ സാധിക്കുകയുള്ളൂ.
ഒറ്റ ഫ്രെയിമിൽ ഒറ്റക്കുപ്രത്യക്ഷപ്പെട്ട് വിതുമ്മിക്കരയുന്ന ഭാനുമതിയുടെ ഒരു നീണ്ട ദൃശ്യമുണ്ട്. താൻ എത്തിപ്പെട്ട പ്രണയബന്ധത്തിന്റെ തീവ്രതയെ, അത് സാഫല്യത്തിലെത്താതെ പോകുമോ എന്നോർത്തുള്ള വിഹ്വലതയെ, ആ കാലഘട്ടത്തിന്റെ നീതിബോധത്തെ, ശ്രീനാരായണ ഗുരുവിന് തന്റെ അരുമ ശിഷ്യനിലുള്ള സ്നേഹവാത്സല്യങ്ങൾ കുറഞ്ഞുപോകുമോ എന്നുള്ള ആശങ്കകളെ, തങ്ങളുടെ പ്രായത്തിലുള്ള അന്തരത്തെ, ഗുരു ശിഷ്യബന്ധത്തിലെ പാടില്ലായ്മകളെ അങ്ങിനെയങ്ങിനെ ആ ഒറ്റ ദൃശ്യം എന്തൊക്കെ വിനിമയം ചെയ്യുന്നില്ല! ഈ സിനിമയിലെ ഏറ്റവും ശക്തമായ ഒരു രംഗമാണത്. അത് ചെയ്ത നടിയും നടിയെ അതിനായി ഒരുക്കിയ സംവിധായകനും ഈ മാധ്യമത്തെ എത്ര ഉയരത്തിൽ എത്തിച്ചിരിക്കുന്നു!
പെരിയാറിന്റെ തീരത്തിരുന്ന്, പുഴയെനോക്കി കുമാരനാശാൻ ഭാനുമതിയോട് പറയുന്നു. “പുഴ പുറമേക്ക് എത്ര ശാന്തമാണ്. പക്ഷെ, അതിനടിയിൽ വലിയ ചുഴികളും ശക്തമായ ഒഴുക്കുമാണ്”. കുമാരനാശാനായി അഭിനയിക്കുന്ന ശ്രീവത്സൻ ജെ മേനോൻ ആ പുഴയുടെ ശാന്തമായ മുകൾപ്പരപ്പിനെ അക്ഷോഭ്യനായി അനുവർത്തിക്കാനാണ് ഉടനീളം ശ്രമിച്ചിട്ടുള്ളത്. ഭാനുമതിയായി അഭിനയിച്ച ഗാർഗി അനന്തനാകട്ടെ നേരെ മറിച്ചുമാണ്.
കവി മാത്രമല്ല, സമുദായപ്രവർത്തകനും സാമൂഹ്യപരിഷ്കർത്താവും കൂടിയായ കുമാരനാശാനെ പറ്റിയുള്ള സിനിമയിൽ സമൂഹം വേണ്ടത്ര വന്നില്ല, കവിതകളുടെ ആധിക്യം സിനിമക്ക് താങ്ങാവുന്നതിലും അധികമായി, ചില ഗ്രാഫിക്സ് രംഗങ്ങൾ അരോചകമായി എന്നിങ്ങനെയുള്ള കുറവുകളെപ്പറ്റി എണ്ണിയെണ്ണിപറയേണ്ട കാര്യമില്ല. സമഗ്രതയിൽ നോക്കുമ്പോൾ ഒരു മാസ്റ്റർ ടച്ച് അതിൽ വന്നിട്ടുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം. അത് ഈ സിനിമയുടെ പല ഭാഗങ്ങളും ഉറപ്പുതരുന്നുണ്ട്. അതിന് സംവിധായകന് ഏറെ സഹായമായത് ശ്രീവത്സൻ തന്നെയാണ്. കുമാരാനാശാന്റ ഉജ്ജ്വലമായ വ്യക്തിത്വം ശ്രീവത്സനിൽ ഭദ്രമായി നിലകൊണ്ടു. നമ്മൾ മഹാകവിക്ക് കല്പിച്ചുക്കൊടുത്തിട്ടുള്ള ഗരിമയും ഗ്രെയ്സും നിസ്സംഗഭാവവുമെല്ലാം മഹാകവിയായി മാറിയ ശ്രീവത്സന് അഭിനയിച്ചു ഫലിപ്പിക്കേണ്ടിവരുന്നേയില്ല. കാരണം, മറ്റൊരു കലയുടെ സാധകനായ അദ്ദേഹത്തിന്റെ അംഗചലനങ്ങളിൽ അതെല്ലാം സ്വതസിദ്ധമായി വന്നുഭവിക്കുമല്ലോ.
കുമാരാനാശാന്റെ നടപ്പും എടുപ്പുമൊക്കെ വായിച്ചും കേട്ടും കുറേയൊക്കെ ഊഹിച്ചെടുക്കാവുന്നതാണ്. അങ്ങിനെയല്ല ഭാനുമതിയുടെ കാര്യം. അത് ശൂന്യതയിൽ നിന്ന്, അഭിനയശേഷികൊണ്ടു മാത്രം ഒരു നടിക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ഗാർഗി അനന്തനെ പോലെയുള്ള മികച്ച അഭിനയ പ്രതിഭക്കു മാത്രമേ കുറ്റമറ്റ രീതിയിൽ അതാവിഷ്കരിക്കുവാൻ കഴിയുകയുള്ളൂ. ‘റൺ കല്യാണി’ എന്ന ജെ ഗീതയുടെ സിനിമയിൽ കേന്ദ്ര കഥാപാത്രമായി വന്ന് വിസ്മയിപ്പിക്കുന്ന വൈഭവം കാഴ്ച്ചവെച്ച ഗാർഗി, ഭാനുമതിയെ അവിസ്മരണീയമാംവിധം പരിപൂർണ്ണതയിൽ എത്തിച്ചിരിക്കുന്നു.
ഭർത്താവിന്റെ സ്നേഹിതൻ, ഭർത്താവ് എഴുതിയ ഒരു കവിത (വീണപൂവ്) ഉറക്കെ ചൊല്ലുമ്പോൾ, തനിക്ക് മനഃപാഠമായ ആ കവിതയെ മനസ്സിലേക്കും ഉടലിലേക്കും ഭാനുമതി സ്വീകരിക്കുന്ന ഒരു ഭാഗമുണ്ട്. ഭാനുമതി നിറഞ്ഞുതൂവുന്നുണ്ട് അവിടെ. എന്തിനാണ് ഇത്രയും സൂക്ഷ്മത എന്ന് സംശയിച്ച് പോകും. അത് അവരുടെ ദാമ്പത്യത്തിലെ നിറവിനെ സൂചിപ്പിക്കാൻ മാത്രമല്ല. അത്തരം രംഗങ്ങളാണ് “…. മരുവീ ഗതഗർവർ ഞങ്ങളിരുമെയ്യാർന്നൊരു ജീവി പോലവേ…” എന്നതുപോലെയുള്ള വരികൾക്ക് പരഭാഗശോഭ ചാർത്തുന്നത്. കവിത ജീവിതത്തേയും ജീവിതം കവിതയേയും പുണരുന്നതിന്റെ സൗന്ദര്യത്തെ, എത്ര സമഞ്ജസമായി അവതരിപ്പിച്ചിരിക്കുന്നു! സിനിമയുടെ മുഖ്യപ്രമേയം തന്നെ അതായിരിക്കെ അതങ്ങനെത്തന്നെ വേണമല്ലോ.
കുമാരനാശാനെ ഒരിടത്തും ഘോഷിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ മേന്മ. ഇംഗ്ലണ്ടിലെ വെയ്ൽസ് രാജകുമാരൻ അണിയിച്ച പട്ടും വളയുമായി നിൽക്കുന്ന കുമാരനാശാനെയൊന്നും നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയില്ല. എസ്.എൻ.ഡി.പി യോഗത്തിന്റെ വാർഷിക യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നതോ തിരുവിതാംകൂർ നിയമസഭയിൽ അംഗമായതോ ഒന്നും ഇതിൽ കാണില്ല. എന്തിന്, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കാവ്യമെഴുതിയ ആശാന്റെ വായിൽ സ്ത്രീവിമോചനത്തെക്കുറിച്ച് ഒരു വരി പോലും തിരുകിയിട്ടില്ല. പകരം ഒരു അടുക്കളയുണ്ട്. അവിടെ ഒരു മൺകലത്തിൽ പാൽ തിളച്ചുതൂവുന്നതിന്റെ അതിമനോഹര രംഗമുണ്ട്. അത് നോക്കിയിരുന്ന് സ്മരണകളിൽ പോലും രമിച്ച് വിയർക്കുന്ന ഒരു ഇണയുണ്ട്. ഭാര്യ ഉറക്കമെഴുന്നേറ്റ് വരുമ്പോഴേക്കും ഭർത്താവ് തയ്യാറാക്കിയ വിഭവങ്ങളുടെ കാഴ്ചയുണ്ട്. പറയേണ്ടതെല്ലാം ആ ദൃശ്യങ്ങൾ അത്യുച്ചത്തിൽ പറയുന്നുണ്ട്. ഇത്തരത്തിൽ സ്വയം മുഴങ്ങുന്ന ദൃശ്യങ്ങളാണ് സിനിമയിൽ ഉടനീളമുള്ളത്.
സൂക്ഷിച്ച് നോക്കിയാൽ പേരാറിന്റെ തീരത്ത് നിന്നും ത്രേതായുഗത്തിലേക്ക് പണിതീർത്ത ഒരു പാത കാണാം. അത് ഗോദാവരി തീരത്ത് അവസാനിക്കും. പേരാറിന്റെ തീരത്ത് ആശാൻ ഭാനുമതിയുമൊത്ത് കഴിഞ്ഞതുപോലെ ഗോദാവരിയുടെ തീരത്തെ രാമനേയും സീതയേയും കാണാം. അത് കാണാനായില്ലെങ്കിൽ പശ്ചാത്തലത്തിൽ ഇങ്ങനെ കേൾക്കാം.
“നിയമങ്ങൾ കഴിഞ്ഞു നിത്യമാ
പ്രിയ ഗോദാവരിതൻ തടങ്ങളിൽ
പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ
പ്രിയയായും പ്രിയശിഷ്യയായുമേ.”
മഹാകവിയിൽ നിന്നും ഉത്കൃഷ്ട രചനകൾ ഇനിയും എത്രയോ ലഭിക്കാനിരിക്കേ വെറും അമ്പത്തിയൊന്നാമത്തെ വയസ്സിൽ ദാരുണമായ അന്ത്യത്തിലൂടെ കവി കൈവിട്ടുപോയ വാർത്ത അന്നത്തെ സഹൃദയകേരളം എത്ര ദുഃഖത്തോടെയായിരിക്കും ഏറ്റെടുത്തിട്ടുണ്ടാവുക എന്നു മാത്രമേ ഇന്നുവരെ ആലോചിച്ചിരുന്നുള്ളൂ. ഏറെ സങ്കടത്തോടെ ആ മഹാശൂന്യത ഏറ്റുവാണ്ടേണ്ടി വന്ന ഒരു ഇണക്കുയിലിന്റെ വിലാപം കൂടി ഇന്ന് ഉള്ളിൽ അലയടിച്ചു. അതിന്റെ സൂചനയാകുമോ അവസാന രംഗത്ത്, ബോട്ടിൽ തലത്തല്ലിക്കരയുന്ന, പല്ലയനയാറ്റിലെ ഓളങ്ങളുടെ ആ ശബ്ദം? ടി. കൃഷ്ണനുണ്ണി കേൾപ്പിച്ച ആ നനുത്ത ശബ്ദം?
അരുവിപ്പുറത്തെ പ്രതിഷ്ഠാകർമ്മം അറിഞ്ഞ്, മണമ്പൂർ ഗോവിന്ദനാശാൻ ശ്രീ നാരായണഗുരുവിനെ സന്ദർശിക്കാനായി പോയതുകൊണ്ട് കുമാരനാശാൻ പഠിക്കുന്ന സംസ്കൃത പാഠശാല രണ്ട് ദിവസം അവധിയായിരുന്നു. മടങ്ങിവന്ന അദ്ധ്യാപകൻ, അവധി ദിവസം നിങ്ങൾ എന്തുചെയ്തു എന്ന് കുട്ടികളോട് ചോദിച്ചു. സത്യസന്ധമായ മറുപടി തരണം എന്നും ആവശ്യപ്പെട്ടു. കുട്ടികൾ പലതും പറഞ്ഞു. കുമാരനാശാൻ പറഞ്ഞത് ‘താൻ ഒരു കവിത ചമച്ചു’ എന്നാണ്. അദ്ധ്യാപകൻ ആ കവിത കുമാരനാശാനെക്കൊണ്ട് ഉറക്കെ ചൊല്ലിക്കുന്നു. ദീർഘനാളത്തെ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ കെ.ജി ജയനോട് നിങ്ങൾ എന്തുചെയ്യുകയായിരുന്നു എന്ന് ചോദിച്ചവരോട് അദ്ദേഹം എന്താണ് മറുപടി പറഞ്ഞതെന്ന് നമുക്കറിയില്ല. സത്യസന്ധമായ മറുപടിയാണ് പറഞ്ഞതെങ്കിൽ ഉറപ്പായിട്ടും അതിങ്ങനെയായിരിക്കും.
“ഞാൻ ഒരു കവിത ചമച്ചു.”
സിനിമയെക്കുറിച്ച് ധാരാളം എതിരഭിപ്രായങ്ങൾ ചുറ്റുനിന്നും ഉയരുന്നുണ്ട്. സിനിമയാണോ ഡോക്യുമെന്ററിയാണോ എന്നും വിരസതയുണ്ടാക്കും വിധം കവിതാലാപനം കൂടിപ്പോയെന്നും സംഭാഷണങ്ങൾ നാടകത്തിലേത് പോലെയായെന്നും മറ്റുമാണ് വിമർശനങ്ങൾ. ഗ്രാമവൃക്ഷത്തിലെ കുയിൽ പറയാനുള്ളതൊക്കെ വളരെ വിദഗ്ദമായും വിശദമായും പറഞ്ഞിട്ടുണ്ട്. മൈക്ക് കെട്ടിവച്ച് പറഞ്ഞിട്ടില്ല എന്നത് ശരിയാണ്. അദ്ദേഹം സിനിമയുടെ ഭാഷയിൽ തന്നെ സംവേദനം സാദ്ധ്യമാക്കിയിരിക്കുന്നു. സിനിമയിൽ കുമാരനാശാൻ എന്ന മനുഷ്യനെ, കുമാരാനാശാൻ എന്ന മഹാകവിയുടെ ആത്മാവിനെ, കെ.പി കുമാരൻ എന്ന സംവിധായകൻ പലയിടത്തു വെച്ചും തൊടുന്നുണ്ട്. സിനിമയുടെ കണക്കും മൂലയും ഒപ്പിക്കുന്നവർക്ക് അത് ചിലപ്പോൾ സാധിച്ചെന്നു വരില്ല. തന്റെ കവിതകളിൽ കാവ്യഗുണങ്ങൾ ഇല്ലെന്ന് പറഞ്ഞ് പലരും വിമർശിച്ചതായി ആശാൻ തന്നെ ‘ഗ്രാമവൃക്ഷത്തിലെ കുയിലി’ൽ പറഞ്ഞിട്ടുണ്ടല്ലോ.
“അന്യന്റെ താളഗതിയെഗ്ഗണിയാതെ പാടും
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ.”
വാൽക്കഷ്ണം:
കുമാരനാശാനെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. ആശാനും കവി മുലൂരും കൂടി ഉള്ളൂരിനെ കാണാൻ പോയി. സംസാരിച്ചിരിക്കുന്നതിനിടയിൽ ഉള്ളൂർ പറഞ്ഞു. “യഥാർത്ഥത്തിൽ മഹാകവി എന്ന വിശേഷണത്തിന് കുമാരനാശാൻ മാത്രമാണ് അർഹൻ. ആധുനിക കവിത്രയം എന്ന പേരിൽ എന്നേയും വള്ളത്തോളിനേയും നിങ്ങളോട് ചേർത്ത് അങ്ങനെ വിളിക്കുന്നതിൽ ഒരു കാര്യവുമില്ല.” മടങ്ങുമ്പോൾ മുലൂർ ആശാനോട് പറഞ്ഞു. “എന്നാലും ആശാൻ ചെയ്തത് ഒട്ടും ശരിയായില്ല. മഹാകവി എന്ന പ്രയോഗത്തിന് അവർ അർഹരല്ല എന്നും ആശാൻ മാത്രമാണ് അർഹൻ എന്നും സ്വാമി പറഞ്ഞപ്പോൾ നിങ്ങൾ പുഞ്ചിരിച്ചുകൊണ്ട് അങ്ങനെയല്ല എന്ന് പറഞ്ഞ് വിനയം കാണിക്കണമായിരുന്നു. ഞാൻ അങ്ങനെയൊന്ന് പ്രതീക്ഷിച്ചു.”
കുമാരനാശാന്റെ മറുപടി ഇങ്ങനെയായിരുന്നു.
“സ്വാമി ഒരു സത്യം പറഞ്ഞു. അത് ഞാൻ അസത്യമാക്കണോ?”