ഇതൊരു ലിത്വാനിയന്‍ യാത്രയുടെ കഥയാണ്. പുതിയ പുസ്തകം പോലെ പുതിയ സിനിമകളും അറിയപ്പെടാത്ത ദേശങ്ങളില്‍ ബന്ധുത നല്‍കുന്നു. ഹ്രസ്വകാലത്തേക്കെങ്കിലും അവിടങ്ങളില്‍ വിരുന്നു പാര്‍ക്കുന്നു, മടങ്ങുന്നു. ചലച്ചിത്രമേളയില്‍ കണ്ട മരിയ കവ്തരാസെയുടെ ‘സ്ലോ’ എന്ന ചിത്രത്തിന്റെ ആദ്യപത്തു മിനിറ്റില്‍ തന്നെ നായിക എലെന കൂടെപ്പോന്നു. ഒരു കണ്ടംപററി ഡാന്‍സറാണ് എലെന. അവള്‍ ബധിരരായ കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ എത്തുന്നു. കുട്ടികളുടെ പരിഭാഷകനായാണ് നായകന്‍ റ്റോവിറ്റസിനെ അവള്‍ ആദ്യം കണ്ടുമുട്ടുന്നത്.
ശരീരത്തിലൂടെയാണ് എലെന ലോകത്തോട് സംസാരിക്കുന്നത്. കുട്ടിക്കാലം മുതലേ ശരീരം കൊണ്ട് അവള്‍ ഒരു ഭാഷ എഴുതാന്‍ ശ്രമിക്കുന്നുണ്ട്. ആ വിമോചന ഭാഷ വീട്ടില്‍ അമ്മയോട് പ്രതികരിച്ചുകൊണ്ടുതന്നെ അവള്‍ ചിട്ടപ്പെടുത്തി തുടങ്ങിയ ഒന്നാണ്. യാതൊരുവിധ അതിര്‍ത്തികളുമില്ലാതെ തുറന്ന ശാരീരികപ്രകടനങ്ങളുടെ ലോകമാണ് പ്രണയത്തിലും സൗഹൃദത്തിലും അവളുടെ സാമൂഹികത നിര്‍ണയിക്കുന്നത്. സ്വതന്ത്രശരീരിണിയായി അവള്‍ സ്വയം നിര്‍ണയിക്കാന്‍ ശ്രമിക്കുന്നു. ഉടല്‍ തന്നെ ഭാഷയായ ഒരുവള്‍ക്ക് അവളുടെ ചില സാന്ദ്രലോകങ്ങള്‍ വിനിമയം ചെയ്യാന്‍ ആ ഭാഷ പോരാതെ വരുന്നു.
മനുഷ്യര്‍ പരസ്പരം വിനിമയം ചെയ്യാന്‍ കണ്ടെത്തിയ മാധ്യമങ്ങളില്‍ ഒന്ന് ഭാഷയാണ്. നായകന്‍ ഈ പരിഭാഷവൃത്തി സ്വന്തം ജീവിതത്തില്‍ നിന്ന് തന്നെ കണ്ടെടുത്തതാണ്. തന്റെ അനിയന്‍ ബധിരനാണെന്നറിയുമ്പോള്‍ അവനെ വിനിമയം ചെയ്യുന്ന ഒരു ഭാഷതേടലിന്റെ ഭാഗമായാണ് അയാള്‍ ഇങ്ങനെ ഒരു തൊഴില്‍ കണ്ടെത്തുന്നത്. ഇങ്ങനെയൊരു ജോലി കണ്ടെത്താന്‍ കാരണമെന്താണ് എന്ന ചോദ്യത്തിന് ആഴ്ചകളെടുത്താണ് അയാള്‍ മറുപടി നല്‍കുന്നത്. നായിക എലെന ഇതിനെ പരിഹസിക്കുന്നുണ്ട്. ഇങ്ങനെ ചില കാര്യങ്ങള്‍ പറയാന്‍ എടുക്കുന്ന അവധാനത ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിവരുന്ന സമയം കൂടിയാണ് എന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. രണ്ടു തൊഴിലുകളും ഇരുവ്യക്തികളുടെ സ്വത്വവുമായി അത്രമേല്‍ ഇഴുകിചേര്‍ന്നിരിക്കുന്നു.
താന്‍ അസെക്ഷ്വലാണ് എന്ന് ഒരു സന്ദര്‍ഭത്തില്‍ റ്റോവിറ്റസ് വെളിപ്പെടുത്തുന്നു. എലെന അവളോടുള്ള നിഷേധമായാണ് ആദ്യം ഈ തുറന്നുപറച്ചിലിനെ പരിഗണിക്കുന്നത്. ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തുമ്പോഴും അവളുമായി കൂട്ടായിരിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് റ്റോവിറ്റസ് പറയുന്നുണ്ട്. അവളോടുള്ള സ്‌നേഹത്താലും പരിഗണനയാലും ആസക്തമായ ചേര്‍ത്തുപിടിക്കലുകളും ചുംബനങ്ങളും ചേര്‍ന്ന് കിടത്തവും അയാള്‍ക്ക് സ്വാഭാവികമായി സാധ്യമാണുതാനും. ഇത് ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
എന്താണ് ഒരു പുരുഷനെ നിര്‍ണയിക്കുന്നത് എന്ന ചോദ്യം ദോവിദാസിനെ കാതലായി ബാധിക്കുന്നുണ്ട്. ഒരുപക്ഷേ യാതൊരു കേള്‍വിയും കിട്ടിയിട്ടില്ലാത്ത ഈ യാഥാര്‍ത്ഥ്യം ഉള്ളില്‍ പേറി കാലങ്ങളായി നടക്കുന്നതുകൊണ്ടായിരിക്കാം, ബധിരലോകങ്ങളുടെ ഉള്‍ഭാഷണം അയാള്‍ക്ക് ലോകത്തിന് പരിഭാഷ ചെയ്യാന്‍ സാധിക്കുന്നത്. ഈ ലോകം എബിലിറ്റികളുടേത് മാത്രമല്ല എന്ന് അയാള്‍ക്ക് ബോധ്യമുണ്ട്. താനൊരു തോറ്റകുട്ടിയും മടിയനുമായിരുന്നു എന്ന് അയാള്‍ ഇടയ്ക്കിടെ ഓര്‍മ്മിക്കുന്നുണ്ട്.
ശരീരത്തെ സംബന്ധിച്ച പൊതുമൂല്യങ്ങള്‍ വിട്ടെറിഞ്ഞ് വരുന്നത് സമയമെടുക്കുന്ന ഒരു ക്രിയയാണ്. സത്യസന്ധമായ അത്തരം ഒരു അന്വേഷണം എലെനയിലുണ്ട്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തും മറ്റ് പുരുഷശരീരങ്ങളിലൂടെയുള്ള തേടലിലും റ്റോവിറ്റസിനോട് വേഴ്ചയില്‍ ഏര്‍പ്പെട്ടുപോലും അവള്‍ കാതല്‍ തേടുന്നു. അവര്‍ പരസ്പരം ചേര്‍ന്നു കിടന്നുതന്നെയാണ് ഇതെല്ലാം പറയുന്നത്. ലൈംഗികത ഒരു ഭാഷ തന്നെയായി മനുഷ്യന്‍ തന്റെ പരിണാമവഴികളില്‍ സംസ്‌കരിച്ചെടുക്കുന്നുണ്ട്. സ്‌നേഹത്തിന്റെ ആഴസമുദ്രങ്ങളില്‍ നിന്ന് എല്ലാവിധ ഊര്‍ജ്ജത്തോടെയും സ്വയം ആവിഷ്‌കരിക്കുന്ന ഒരു ഉറന്നൊഴുകിയാട്ടമാണ് ലൈംഗികത എന്ന് എലെന പറയുന്നു. എന്നാല്‍ പല ബന്ധങ്ങളും ഒഴിവാക്കാമായിരുന്നു എന്നും അവള്‍ ആലോചിക്കുന്നുണ്ട്. മിക്ക ബന്ധങ്ങളിലും ഹാങ്ങോവറിനപ്പുറം നിലനില്‍പ്പില്ലാത്ത കേവലശരീരം മാത്രമാണ് താന്‍ എന്ന തിരിച്ചറിവാണ് അവളെ പിന്‍നടത്തുന്നത്.
ശരീരത്തിന്റെതല്ലാത്ത ഒരു ഭാഷ കണ്ടെത്താന്‍ അവള്‍ക്ക് പ്രയാസം വരുന്നുണ്ട്. തനിക്ക് പരിചിതമായ വഴികളിലൂടെ അതിനുത്തരം കണ്ടെത്താന്‍ അവള്‍ ആദ്യം ശ്രമിക്കുന്നു. ശരീരത്തിനപ്പുറത്തുള്ള ചില ആഴങ്ങളിലേക്ക് അവള്‍ അയാളിലൂടെ നടന്നെത്തുന്നു. പുരുഷനായിരിക്കുക, ബന്ധത്തിലായിരിക്കുക ഇതെല്ലാം ആരാണ് മുന്‍കൂറായി നിര്‍ണയിക്കുന്നത് എന്ന് ദോവിദാസ് ചോദിക്കുന്നു. ശരീരത്തെ സംബന്ധിച്ച വിധികളും തീര്‍പ്പുകളും സന്ദേഹങ്ങളും പുനര്‍നിര്‍ണയിക്കാന്‍ അവളിലൂടെയുള്ള അന്വേഷണം അവന് സഹായകമായി തീരുന്നു. ഏതവസ്ഥയിലും യാതൊരു വ്യവസ്ഥകളുമില്ലാത്ത അറ്റമില്ലാത്ത പരിഗണന, അതുമാത്രമാണ് മനുഷ്യന്‍ ആഗ്രഹിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ ബന്ധത്തിലെ സിന്തസിസ് നിര്‍ണയിക്കുന്നത്.
സ്‌നേഹത്തിന്റെയും പരിഗണനയുടെയും ഏറ്റവും വിനിമയമൂല്യമുള്ള അടയാളം എന്താണ്? ഭാഷ എന്നാവാം ഒരുത്തരം. വാക്ക്, കലാവിഷ്‌കാരം, ചിത്രരൂപങ്ങള്‍, ചുംബനം, നിശബ്ദത-ഭാഷ തന്നെ പലതുമാവാം. സോഫിയ കപ്പോളയുടെ ‘ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍’ എന്ന ചിത്രത്തില്‍ ശീര്‍ഷകം പോലെ തന്നെ വിവര്‍ത്തനമില്ലാത്ത ഒരു ഭാഷയായി സ്ത്രീയുടെയും പുരുഷന്റെയും ഏകാന്തലോകങ്ങള്‍ കാഴ്ചപ്പെടുത്തുന്നു. ജപ്പാനില്‍ പരസ്യഷൂട്ടിംഗിനായി എത്തുന്ന ഒരു വിഖ്യാതനടനും ഭര്‍ത്താവിനൊപ്പം ജപ്പാനില്‍ എത്തിയ നവവധുവായ പെണ്‍കുട്ടിയും ഭാഷ എത്ര അപൂര്‍ണ്ണമെന്ന് പരസ്പരം തിരിച്ചറിയുന്ന ഇരുസമാന്തരരേഖകളാണ്. ചിത്രത്തിന്റെ അന്ത്യം എത്തുമ്പോള്‍ അവളുടെ ചെവിയില്‍ അയാള്‍ പറഞ്ഞ രഹസ്യമെന്തെന്ന് ഇപ്പോഴും കാണിക്ക് അജ്ഞാതമാണ്. സുഹറ എന്താണ് പറയാന്‍ ബാക്കിവെച്ചത് എന്നതുപോലെ ആ ഭാഷണം കേള്‍പ്പോരും കേള്‍വിയുമില്ലാത്ത വിനിമയശൂന്യമേഖലകളിലേക്ക് എക്കാലത്തേക്കും നീട്ടിവയ്ക്കപ്പെട്ടിരിക്കുന്നു. വേഴ്ച മാത്രമല്ലല്ലോ ജീവിതം എന്ന് പറഞ്ഞ് അതിനുമപ്പുറം എത്രയോ ആഴത്തില്‍ ഒരിക്കലും മുറിയാതെ പരിഗണിക്കും എന്ന് പരസ്പരം പുണര്‍ന്ന് പറയുന്ന എലെനയും ദോവിദാസും പരിഭാഷകള്‍ ആവശ്യമില്ലാതെ സ്വയം പൂരിപ്പിക്കുന്നു. അവര്‍ തന്നെ അവരുടെ ഭാഷയായി തീരുന്നു.
ശരീരവും മനസ്സും രണ്ടും ചേര്‍ത്തുവച്ചുകൊണ്ട് വളരെ പതിയെ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ട ചില സൂക്ഷ്മതകളിലേക്കാണ് ചിത്രം നമ്മെ നയിക്കുന്നത്. നമ്മള്‍ ഒരിക്കല്‍ എന്തായിരുന്നു, ഇപ്പോള്‍ എന്തായി തീര്‍ന്നിരിക്കുന്നു എന്ന അര്‍ത്ഥം വരുന്ന ഒരു ഗാനം ചിത്രത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. പരിണമിച്ചുകൊണ്ടേയിരിക്കുന്ന വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കുമാണ് ഈ ചിത്രം നീണ്ടുകിടക്കുന്നത്. ആദത്തിന്റെയും ഹവ്വയുടെയും പഴങ്കഥ ചിത്രത്തില്‍ റഫറന്‍സായി വരുന്നത് യാദൃശ്ഛികമല്ല. ലൈംഗികത ചര്‍ച്ചയുടെ ആദ്യ മുനമ്പു മുതല്‍ പുനഃപരിശോധിക്കേണ്ട ചില നിശബ്ദമായ ഇടങ്ങളെ കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്. ലൈംഗികതയുടെ നിര്‍ണയന ചരിത്രത്തിലെ അധികാരങ്ങളെയെല്ലാം കീഴ്‌മേല്‍ മറിച്ചുകൊണ്ട് ഒരു പക്ഷേ സ്വകാര്യ സ്വത്തുടമസ്ഥതയെ പോലും അപ്രസക്തമാക്കിക്കൊണ്ടുള്ള ഈ നില്‍പ്പ് തീര്‍ത്തും അവധാനതയില്‍ മാത്രമാണ് നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. രണ്ടു മനുഷ്യര്‍ക്കിടയില്‍ ഏറ്റവും ആഴപ്പെട്ട ഭാഷ പരിഗണനയാണ്, അതൊന്നു മാത്രമാണ് എന്ന് ഈ ചിത്രം അടിവരയിടുന്നു. അതേ, രണ്ടുപേര്‍ ചുംബിക്കാതിരിക്കുമ്പോഴും ലോകം മാറുന്നു.