നിരപരാധികളുടെ അറസ്റ്റും റെയ്ഡുകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തെക്കുറിച്ച് ക്യാമ്പയിൻ എഗൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട്, ഭാഗം-2. പരിഭാഷ: സിസിലി

അന്വേഷണ സംഘം: ഡോ. ജെന്നി റൊവീന, അഡ്വ. വികാസ് ആത്രി, ഉദയ് ചെ (മാധ്യമ പ്രവർത്തകൻ), കുൽദീപ് പുനിയ (കർഷക നേതാവ്), ഭരത്, അദിതി, അഡ്വ. എത്മാം ഉൽ ഹഖ് (തൊഴിലാളി സംഘടനാ പ്രവർത്തകർ), നവനീത് സിംഗ് (ഗവേഷകൻ), ദീപക് കുമാർ (രാഷ്ട്രീയ പ്രവർത്തകൻ), നവാർ ഇലാഫ്, സയ്യിദ് ഖുതുബ് (വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ). സംഘം 2023 ആഗസ്റ്റ് 19 നും ആഗസ്റ്റ് 21 നും ഇടയിൽ നൂഹിലെ നിരവധി ഗ്രാമങ്ങൾ സന്ദർശിച്ചു, പ്രത്യേകിച്ചും ഖേദ, ഉന്ത്ക, മുറാദ്ബാസ്, ഫിറോസ്പൂരിലെ ആരാവല്ലിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പല്ലടി, നല്ലാദ്, ദൂദ് കി ഘാട്ടി, ജിർക്ക എന്നിവിടങ്ങൾ.

നൂഹിൽ സംഭവിച്ച കോളിളക്കത്തെ തുടർന്ന് പൊലീസ് നൂഹിലെ പല ഗ്രാമങ്ങളിലും റെയ്ഡുകൾ നടത്താൻ തുടങ്ങി. മേവ്ലി, മുറാദ്ബാസ് ഗ്രാമങ്ങളിലായിരുന്നു ഇതിന്റെ സമ്മർദ്ദം കൂടുതലായി അനുഭവപ്പെട്ടത്. മുറാദ്ബാസ് ഗ്രാമം ഏതാണ്ട് 200 ഓഫീസർമാർ (ഇവരിൽ പ്രാദേശിക ഇന്റലിജന്റ്സ്/ ക്രൈം ബ്രാഞ്ച് യൂണിറ്റുകളുടെ സി.ഐ, പാരാ മിലിട്ടറി ഫോഴ്സുകളിലെ അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടിരുന്നു) അടങ്ങിയ സംഘത്തിന്റെ പ്രധാനമായ പൊലീസ് ഓപ്പറേഷന് സാക്ഷ്യം വഹിച്ചു. 2023 ആഗസ്റ്റ് മാസം ഒന്നാം തീയതി രാവിലെ അഞ്ചു മണിക്കാണ് ഇതാരംഭിക്കുന്നത്. അതേ സമയത്തുതന്നെ, ഉന്ത്ക, നല്ലഹദ്, പല്ലാടി ഗ്രാമങ്ങളിലും റെയ്ഡുകൾ നടന്നു. പൊലീസ് അക്രമത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന 738 വ്യക്തികളുടെ ഒരു ലിസ്റ്റ് പുറത്തുവിട്ടു. നൂഹിലും അടുത്ത പ്രദേശങ്ങളിലുമായി 286 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുറാദ്ബാസിൽ നിന്ന് 22 പേരെയും ഉന്ത്കയിൽ നിന്ന് 2 പേരെയും അറസ്റ്റ് ചെയ്തുവെങ്കിലും, നല്ലഹാദിലോ പല്ലാടിലോ ആരെയും തടഞ്ഞുവെയ്ക്കാനായില്ല. കാരണം മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഇവിടുത്തുകാർ വീടുകളുപേക്ഷിച്ച് അടുത്തുള്ള കുന്നുകളിൽ അഭയം പ്രാപിച്ചിരുന്നു.

നൂഹിലെ സംഘർഷത്തെ തുടർന്ന് പൊലീസ് നടത്തുന്ന അറസ്റ്റ്. കടപ്പാട്: AP Photo

ഞങ്ങൾ മുറാദ്ബാസ് ഗ്രാമത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ തടഞ്ഞുവെയ്ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തവരുടെ കുടംബാംഗങ്ങളിൽ നിന്നും സാക്ഷ്യപത്രങ്ങൾ ശേഖരിക്കുന്ന പ്രവർത്തിയും ഏറ്റെടുത്തു. തടഞ്ഞുവെയ്ക്കപ്പെട്ട 22 പേരെയും മൂന്നോ നാലോ ദിവസം നിയമപരമല്ലാതെ കസ്റ്റഡിയിൽ വെയ്ക്കുകയാണുണ്ടായതെന്ന വിവരം ഞങ്ങൾക്ക് കിട്ടി. അറസ്റ്റ് നടന്നാൽ 24 മണിക്കൂറിനുള്ളിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം. പിന്നീട്, മൂന്നുപേരെ ഒഴിച്ച് ബാക്കിയുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പൊലീസിന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഇരയായവരിൽ ഒരു വ്യക്തിയാണ് ആസുബി. ഏകദേശം അൻപത് വയസ്സ് പ്രായമുണ്ടാകും. മൂന്ന് ആൺമക്കളുടെ അമ്മയാണ്. അവരുടെ എല്ലാ മക്കളെയും – ആരിഫ് (22), ആമീർ (19), പർവേഷ് (18) – ആഗസ്റ്റ് മാസം ഒന്നാം തിയ്യതി പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് കടന്നുപോകേണ്ടിവന്ന കഠിനയാതനയെ കുറിച്ച് ആസുബി വിവരിക്കുന്നു. ഒരു സർജറിക്ക് വിധേയനായ ശേഷം വിശ്രമത്തിലായിരുന്ന ഇളയമകൻ പർവേഷിന്റെ അറസ്റ്റാണ് അവരെ കൂടുതലായി ബാധിച്ചത്. “റെയ്ഡിൽ പോലീസ് നാല് ഫോണുകളും പിടിച്ചെടുത്തു അവർ ദീനമായി കരഞ്ഞു. നടപടിക്രമം പാലിച്ചില്ലെന്ന കാര്യം അവർ ചൂണ്ടികാട്ടി. “പോലീസ് യാതൊരു വിധ രേഖകളും ഞങ്ങളെ കാണിച്ചില്ല, അറസ്റ്റിന്റെ കാരണവും ഞങ്ങളോട് പറഞ്ഞില്ല.” തന്റെ പുത്രന്മാരുടെ നിരപരാധിത്വത്തെ കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. പ്രധാനമായും അക്രമം നടന്ന സ്ഥലത്ത് അവരുണ്ടായിരുന്നില്ലെന്ന കാര്യം അവരുടെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചാൽ അറിയാമെന്നും അവർ സാക്ഷ്യപ്പെടുത്തി. അറസ്റ്റ് നടന്നപ്പോഴും അതിനുശേഷവും അവരുടെ മക്കൾക്ക് ശാരീരികമായ ദണ്ഡനമേൽക്കേണ്ടി വന്നത് കാണേണ്ടിവന്നതിൽ അവർക്കുണ്ടായ വേദനയും അവർ പ്രകടിപ്പിച്ചു. “അറസ്റ്റിന്റെ സമയത്ത് അവരെ അടിച്ചിരുന്നു. ഇത്തരത്തിലുള്ള ശാരീരികമായ ഉപദ്രവം ഇപ്പോഴും തുടരുന്നു… അപ്പപ്പോഴായി പുതിയ കുറ്റകൃത്യങ്ങൾ അവരുടെമേൽ ചാർത്തിക്കൊണ്ടിരുന്നു.”

അക്രമിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളും വീടുകളും. കടപ്പാട്:print

ഏതുവിധമായാലും ആസുബിയുടേത് ഒറ്റപ്പെട്ട ഒരു ദുരവസ്ഥയുടെ കഥനമല്ല; ഇതിൽ വലിയൊരു പാറ്റേണിന്റെ പ്രാതിനിധ്യ സ്വഭാവമുണ്ട്. അന്വേഷണസമയത്ത് ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയ, ഇരുപത്തിരണ്ട് വയസ്സുകാരിയായ രാജ്ദായെ ഞങ്ങൾ കണ്ടുമുട്ടി. അവളുടെ പിതാവ്, ഹക്കം ഇതേ റെയ്ഡിൽ തടവിലാക്കപ്പെട്ടതാണ്. ഒരു കർഷകനായ അറുപതു വയസ്സുകാരൻ ഹക്കം പാല് വിറ്റാണ് ആറ് പെണ്മക്കളടങ്ങുന്ന കുടുംബം പുലർത്തുന്നത്. രാജ്ദ അവളുടെ ഉത്കണ്ഠ ഞങ്ങളെ അറിയിച്ചു: “ഒരുപാട് ദിവസങ്ങളായി അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ അവസ്ഥയെകുറിച്ച് ഞങ്ങൾക്ക് യാതൊരു അറിവുമില്ല.” രാജ്ദ ജയിലധികൃതരുടെ നിർവ്വികാരതയെയും പ്രോട്ടോകോൾ ലംഘനത്തെകുറിച്ചും പറഞ്ഞു: “അദ്ദേഹം സലൈംദാ ജയിലിലാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തെ സന്ദർശിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല.” ആസുബിയെപ്പോലെ, രാജ്ദായുടെ കുടുംബവും ഭൂരഹിതരായ ദരിദ്ര കർഷകരിൽ പെടുന്നു. പിതാവിനുവേണ്ടി നിയമപരമായ വഴികൾ തേടാനുള്ള സാമ്പത്തികസ്ഥിതിയും ഇവർക്കില്ല. അക്രമത്തിൽ അവളുടെ പിതാവിന് പങ്കുണ്ടെങ്കിൽ അത് തെളിയിക്കാൻ അവൾ സർക്കാരിനോട് ആവശ്യപ്പെടുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലുള്ള ഒരു പരിതസ്ഥിതിയിൽ, താരതമ്യേന വിദ്യാഭ്യാസം ലഭിച്ച ഒരു വ്യക്തിയായിരുന്ന രാജ്ദാ അവളുടെ ഗ്രാമത്തിന്റെ കഥ രേഖപ്പെടുത്തുന്നതിൽ ഞങ്ങളെ സഹായിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ തടഞ്ഞുവെപ്പും അവൾ എടുത്തു പറഞ്ഞു, “നാലു കുട്ടികൾ അറസ്റ്റ് ചെയ്യപ്പെട്ടു. അതിൽ മൂന്നു പേരെ പുറത്തുവിട്ടു. ഇവരെല്ലാം പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവരാണ്.”

ഇസ്റ, അറുപതുവയസ്സുകാരനായ ഒരു മാന്യൻ, വളരെ നിഷ്കളങ്കമായി അദ്ദേഹത്തിന്റെ വിഷമാവസ്ഥയെകുറിച്ച് പറഞ്ഞു. ആഗസ്റ്റ് ഒന്നാം തീയതി പുലർച്ചെ നടന്ന റെയ്ഡിൽ അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളും അക്തർ (23), മുസ്സാം (21), ആദിൽ (16)  – വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹം വിവരിക്കുന്നു, “ഞങ്ങൾ വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു. പതിനാറോളം പോലീസുകാർ ബലം പ്രയോഗിച്ചു അകത്ത് കടന്നു. അവർ ആയുധങ്ങളുമായാണ് വന്നിരുന്നത്.” അക്രമം നടക്കുന്ന സമയം മക്കൾ വീട്ടിലുണ്ടായിരുന്നുവെന്ന് ഇസ്റ ഉറപ്പിച്ചു പറഞ്ഞു. പൊലീസിന്റെ നിഷ്ഠൂരമായ സമീപനത്തെ വിവരിച്ചുകൊണ്ട് അദ്ദേഹം തുടർന്നു: “അറസ്റ്റ് ചെയ്യുന്ന സമയം അവർ കുട്ടികളെ ദേഹോപദ്രവമേല്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കപ്പെട്ടപ്പോൾ ഒരു പ്രാവശ്യം ഞാനവരെ കണ്ടു.” മക്കൾക്ക് സർക്കാർ ലീഗൽ സഹായം നൽകിയിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു: “എനിക്കറിയില്ല; നിയമസഹായ ലഭ്യതയെക്കുറിച്ച് എന്നെ ഒരിക്കലും അറിയിച്ചില്ലായിരുന്നു.” ചിലർ തങ്ങളുടെ നിർ‌ഭാഗ്യകരമായ അവസ്ഥ തുറന്നുപറഞ്ഞപ്പോൾ, ഉള്ളതുപോലും നഷ്ടമാകുമോ എന്ന ഭീതിയായിരുന്നു ചിലർക്ക്. സംഘത്തെ മാധ്യമപ്രവർത്തകരാണെന്ന് വിചാരിച്ച് ആസ് മുഹമ്മദ് കാമറയ്ക്ക് മുന്നിൽ സംസാരിക്കാൻ വിസമ്മതിച്ചു. അദ്ദേഹം ഡൽഹി നഗർ നിഗമിന്റെ ഒരു ജോലിക്കാരനായിരുന്നു. തുറന്നുപറഞ്ഞാൽ ജോലി നഷ്ടപ്പെടുമെന്ന് അദ്ദേഹം ഭയന്നു. റെയ്ഡിൽ തന്റെ മകൻ അക്വീൽ അഹമ്മദ് (19) കസ്റ്റഡിയിലെടുക്കപ്പെട്ടുവെന്ന് അൻപത്തിയൊമ്പത് വയസ്സുകാരനായ ആസ് മുഹമ്മദ് ഞങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞതിതാണ്: “എന്റെ മകൻ ഒരു തുടണിക്കടയിലാണ് പണിയെടുക്കുന്നത്… പൊലീസ് അവനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ അവനും അവന്റെ സഹോദരിമാരും വീട്ടിലായിരുന്നു.” അദ്ദേഹത്തിനും നിയമസഹായം തേടാനുള്ള സാമ്പത്തികശേഷിയില്ല.

​ഗുരു​ഗ്രാമിൽ കത്തിച്ച കടകൾ. കടപ്പാട്:frontline

സൈറയുടെ കഥയും, ആസുബിയുടെയും ഇസ്റയുടെയും കഥകൾക്ക് സമാനമാണ്. രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമാണ് സൈറയ്ക്ക്. രണ്ട് ആൺമക്കളെയും സലീം (30), സാജിദ് (27) വീട്ടിൽ വെച്ചാണ് കസ്റ്റഡിയിലെടുക്കുന്നത്. സലീമിന് അഞ്ചു മക്കളും സാജിദിന് നാലു മക്കളുമുണ്ട്. സൈറാബീ ഞങ്ങളുമായി അവരുടെ അനുഭവം പങ്കുവെച്ചു: “സാജിദ് ഉറങ്ങുകയായിരുന്നു. സലീമാകട്ടെ നമാസിന് തയ്യാറെടുക്കുകയും.” അക്രമത്തിന് പ്രേരണ നൽകിയവരെ കുറിച്ച് തനിക്ക് തീർച്ചയില്ലെങ്കിലും, മാധ്യമങ്ങൾ ഒരു ഘടകമായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നു. സൈറയുടെ കുടുംബത്തിന് ഒന്നായി 1.5 ഏക്കർ ഭൂമിയുണ്ട്. എന്നാൽ മതിയായ ജലസേചനസൗകര്യമില്ലാത്തതിനാൽ വരുമാനം കുറവാണ്. സാജിദും ഭാര്യയും ഉറങ്ങിക്കിടന്ന മുറിയിൽ പൊലീസ് പ്രവേശിച്ചുവെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. അന്നേ ദിവസം രാവിലെ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ഞങ്ങൾ സാജിദിന്റെ ഭാര്യ തസ്ലീമയുമായി അഭിമുഖം നടത്തി. 26 വയസുള്ള തസ്ലീമ, നേരിടേണ്ടിവന്ന വൈഷമ്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഞങ്ങൾ അകത്ത് ഉറങ്ങുകയായിരുന്നു, അപ്പോഴാണ് അവർ (പൊലീസ്) തള്ളിക്കയറി വന്ന് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.” അവർ തുടർന്നു ചോദിച്ചു: “അക്രമികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല, എന്തുകൊണ്ട് നിരപരാധികൾ അറസ്റ്റ് ചെയ്യപ്പെടുന്നു?” അവരുടെ ഭർത്താവിനെ ഏകാന്ത തടവിലാണ് വെച്ചിരിക്കുന്നതെന്ന് അവർ ഞങ്ങളോട് അറിയിച്ചു.

സംഘം ഗ്രാമത്തിലെ ഹിന്ദുക്കളായ ഒരു ദമ്പതികളെ കണ്ടു, പിടിച്ചുകൊണ്ടുപോയവരുടെ നിരപരാധിത്വത്തെ അവർ ഉറപ്പിച്ചു. ജനങ്ങൾക്കിടയിൽ സാഹോദര്യം നിലനിൽക്കുന്നതായി സുഖറാമും (60) ഭാര്യ രേഷ്മയും (50) പറഞ്ഞു. കൂടാതെ അവർ (ഹിന്ദുക്കളും മുസ്ലീമുകളും) പരസ്പരം നല്ലകാലത്തും ചീത്തകാലത്തും ഒപ്പമുണ്ടാകുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു. ജലാഭിഷേക യാത്രയെക്കുറിച്ച് അവർ ഇപ്രകാരമാണ് പറഞ്ഞത്. “മൂന്നു കൊല്ലമായി നടക്കുന്ന ഈ യാത്രയിൽ ഞങ്ങൾ ഇതുവരെ പങ്കെടുത്തിട്ടില്ല. എന്നാൽ ഞങ്ങൾ ക്ഷേത്രത്തിൽ പോകാറുണ്ട്.” അറസ്റ്റുകളെകുറിച്ച് രേഷ്മ ഇപ്രകാരം അഭിപ്രായപ്പെട്ടു. “ഒരു കാരണവുമില്ലാതെയാണ് ആൺകുട്ടികളെ പൊക്കിയെടുക്കുന്നത്. തെറ്റായി കുറ്റാരോപിതരാക്കിയിട്ടുള്ള കുട്ടികളെ സർക്കാർ വിട്ടയക്കണം.” മുറാദ്ബാസിൽ നിന്നും കസ്റ്റഡിയിലെടുക്കപ്പെട്ട രണ്ടു പേർ പല്ലാദി ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും ജൂലായ് മുപ്പത്തിയൊന്നാം തീയതി നല്ലഹാദിനടുത്ത് നടന്ന ലഹളയിൽപെട്ടുപോകാതിരിക്കാനായി മുറാദ്ബാസിലെ ഒരു സുഹൃത്തിന്റെ താമസസ്ഥലത്ത് രാത്രി കഴിച്ചുകൂട്ടിയെന്നുമുള്ള വിവരം ഞങ്ങൾക്ക് ലഭിച്ചു. ഇതിന്റെ വെളിച്ചത്തിൽ, കാര്യങ്ങളുടെ കിടപ്പിനെ കുറിച്ച് നന്നായി മനസ്സിലാക്കാനും, ഗ്രാമീണരുടെ ക്ഷേമത്തെക്കുറിച്ച് തിരക്കുന്നതിനുമായി ഞങ്ങൾ പല്ലാദി ഗ്രാമം സന്ദർശിക്കാൻ പുറപ്പെട്ടു.

നൂഹിലെ സംഘർഷത്തെ തുടർന്ന് വി.എച്ച്.പിയും ബജ്റം​ഗദളും നടത്തിയ പ്രകടനം. കടപ്പാട്:nationalherald

അന്വേഷണങ്ങൾക്കിടയിൽ ആറ് ആൺമക്കളുടെ പിതാവായ ഹാറൂണിനെ (65) ഞങ്ങൾ കണ്ടുമുട്ടി. ആറ് മക്കളും ഗതാഗത വിഭാഗത്തിൽ ഡ്രൈവർമാരായി പണിയെടുക്കുന്നവരാണ്. മൊമിൻ എന്ന തന്റെ മകൻ ആഗസ്റ്റ് ഒന്നാം തീയതി പുലർച്ചെ നടന്ന റെയ്ഡിൽ മുറാദ്ബാസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ഹാറൂൺ പറഞ്ഞു. “ഓറിയന്റ് എന്ന ഒരു കമ്പനിക്കുവേണ്ടി രാവിലെ 9 മുതൽ വൈകീട്ട് 4.30 വരെ അവൻ ജോലിയെടുക്കുന്നു… നൂഹിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവൻ ജോലിസ്ഥലത്തായിരുന്നു. നല്ലഹാദിലെ ലഹളയിൽ പെട്ടുപോകാതിരിക്കാനായിട്ടാണ് മുറാദ്ബാസിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് അവൻ പോയത്.” അതേദിവസം രാവിലെ ഒൻപത് മണിയ്ക്ക് മകന്റെ അറസ്റ്റിനെ കുറിച്ച് അദ്ദേഹത്തിന് അറിവുകിട്ടി. സെക്ഷൻ 302 (വധം) ആണ് മൊമീനിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.
 (തുടരും)

Also Read

6 minutes read September 26, 2023 2:38 pm