ജനാധിപത്യത്തിനും സർവ്വാധിപത്യത്തിനും ഇടയിൽ നിർണ്ണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് ഇന്ത്യ. ഏപ്രിൽ പത്തൊമ്പത് മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്. രണ്ട് തെരഞ്ഞെടുപ്പുകൾ വിജയിച്ച് പത്ത് വർഷക്കാലമായി അധികാരത്തിൽ തുടരുന്ന നരേന്ദ്ര മോദി സർക്കാറിന്റെ തുടർഭരണം ഇന്ത്യയെ സമ്പൂർണ്ണ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുമെന്നുള്ള ആശങ്കകൾ ശക്തമായിരിക്കെ തെരഞ്ഞെടുപ്പിനെ നേരിടാനായി ബി.ജെ.പി.യ്ക്കെതിരെ ഇൻഡ്യ എന്ന മുന്നണി രൂപീകരിച്ചിരിക്കുകയാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും.
അതേസമയം ഉത്തരേന്ത്യയിലെ രാഷ്ട്രീയസ്വാധീനം ദക്ഷിണേന്ത്യയിലേക്കും വികസിപ്പിക്കാനുള്ള കഠിനയത്നത്തിലാണ് ബി.ജെ.പി. നിരവധി തവണയാണ് നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി എത്തിയത്. ഉത്തരേന്ത്യയിൽ നേരിടാനിടയുള്ള തിരിച്ചടികളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിജയത്തിലൂടെ മറികടക്കുകയാണ് മുൻ തെരഞ്ഞെടുപ്പുകളിൽ കാണാതിരുന്ന വ്യാപകമായ ദക്ഷിണേന്ത്യൻ പ്രചാരണങ്ങളുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. ഏപ്രിൽ പത്തൊമ്പതിന് ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇക്കുറി ഒരു സഖ്യത്തിന് നേതൃത്വം നൽകിക്കൊണ്ട് മത്സരിക്കുകയാണ് ബി.ജെ.പി. ഇതോടുകൂടി ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിൽ നിന്നും ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി എന്നീ മൂന്ന് മുന്നണികൾ തമ്മിലുള്ള ത്രികോണ മത്സരമായി മാറിയിരിക്കുന്നു തമിഴ്നാട് ലോക്സഭ തെരഞ്ഞെടുപ്പ്.
ദ്രാവിഡ രാഷ്ട്രീയ ഭൂമികയിൽ സ്വാധീനം വർദ്ധിപ്പിക്കുവാൻ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യ്ക്ക് കഴിയുമോ ? കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കും ദുർഭരണത്തിനും എതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും ഇൻഡ്യ മുന്നണിയുടെ ഭാഗമായ ഡി.എം.കെയെയും തമിഴ് ജനത പിന്തുണക്കുമോ ? എ.ഐ.എ.ഡി.എം.കെയ്ക്ക് ഈ തെരഞ്ഞെടുപ്പ് ജയലളിതയുടെ മരണശേഷമുള്ള ഉദയമോ അസ്തമയോ ? പോളിങ്ങ് ബൂത്തുകളിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ നിന്നും പ്രതികരിക്കുന്നു ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയും കവിയുമായ കവിൻ മലർ.
തമിഴ്നാടുമായി ബന്ധപ്പെട്ട് ലോക്സഭ തെരഞ്ഞെടുപ്പിനെ മുൻനിർത്തി മുഖ്യധാരാ മാധ്യമങ്ങളിൽ നിരന്തരം ഉയർന്നുകേട്ട ചോദ്യം ഇക്കുറി ബി.ജെ.പിയുടെ വോട്ട് വിഹിതം വർദ്ധിക്കുമോ എന്നുള്ളതാണ്. ഒരു സഖ്യത്തിന് നേതൃത്വം നൽകിക്കൊണ്ട് തമിഴ്നാട്ടിൽ ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതും ആദ്യമായാണല്ലോ. എന്താണ് പ്രതീക്ഷിക്കുന്നത്?
കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ബി.ജെ.പിയ്ക്ക് വോട്ടുകൾ കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ ഒരു വലിയ വിജയം നേടാൻ ഇക്കുറി ബി.ജെ.പിയ്ക്ക് സാധിക്കില്ല.
വോട്ടുവിഹിതം 20 ശതമാനം വരെ ഉയരുമെന്നാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലെ അവകാശപ്പെടുന്നത്.
ഇല്ലില്ല, ഒരിക്കലുമില്ല. അതിനൊരു സാധ്യതയുമില്ല.
എട്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാടിലെത്തിയത്. മോദി ഇഫക്ക്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയില്ലേ?
തീർച്ചയായും, അത് ബി.ജെ.പിയ്ക്ക് എതിരായി ഫലിക്കും. വീണ്ടും, വീണ്ടും അദ്ദേഹത്തെ കാണുന്നത് അത്രയേറെ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
നരേന്ദ്ര മോദിയ്ക്കെതിരെയും ബി.ജെ.പി സർക്കാറിനെതിരെയും ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ഡി.എം.കെയെ തന്നെയാണ് നരേന്ദ്ര മോദിയും ലക്ഷ്യംവെച്ചിട്ടുള്ളത്. അതേസമയം എ.ഐ.എ.ഡി.എം.കെ ഒരു മൃദു ഹിന്ദുത്വ പാർട്ടിയാണെന്നും എ.ഐ.എ.ഡി.എം.കെയ്ക്കുള്ള വോട്ട് ബി.ജെ.പിയ്ക്കുള്ള വോട്ടാണെന്നും സ്റ്റാലിൻ പറയുകയുണ്ടായല്ലോ.
സത്യമാണത്. ഈ തെരഞ്ഞെടുപ്പിന് ശേഷം എ.ഐ.ഡി.എം.കെ വീണ്ടും ബി.ജെ.പിയുടെ സഖ്യമാവില്ല എന്നതിന് യാതൊരുറപ്പുമില്ല. കാരണം അതൊരു സ്വാഭാവിക സഖ്യമാണ്.
അതെ, അവരുടെ സഖ്യകക്ഷിയായിക്കൊണ്ട് ബി.ജെ.പി തമിഴ്നാട്ടിൽ നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ട്. എന്നാൽ ഈ തെരഞ്ഞെടുപ്പിലൂടെ തമിഴ് രാഷ്ട്രീയത്തിൽ നിന്നും എ.ഐ.എ.ഡി.എം.കെയെ തുടച്ചുനീക്കുമെന്നാണ് പളനിസ്വാമിയെ പ്രകോപിപ്പിച്ചുകൊണ്ട് അണ്ണാമലെ പറഞ്ഞിട്ടുള്ളത്.
അതാണിപ്പോൾ അവരുടെ ആഗ്രഹം. എ.ഐ.എ.ഡി.എം.കെയെ തുടച്ചുനീക്കിക്കൊണ്ട് രണ്ടാമത്തെ പ്രധാന പാർട്ടിയാവുക എന്നുള്ളതാണ് തമിഴ്നാട്ടിൽ ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ അതങ്ങനെയാവുകയില്ല. കാരണം ഒരു ശക്തമായ അടിത്തറ എ.ഐ.എ.ഡി.എം.കെയ്ക്കുണ്ട്. എം.ജി.ആറിന്റെ പാരമ്പര്യത്തെ പിന്തുടരുന്ന മുതിർന്നയാളുകൾ ഇപ്പോഴും ഇവിടെയുണ്ട്. ഇരട്ടയില ചിഹ്നത്തിൽ അവർക്കിപ്പോഴും പ്രതീക്ഷയുണ്ട്.
എന്നാൽ ജയലളിതയുടെ വിയോഗത്തിൽ നിന്നും മോചിതരാവാൻ അവർക്കിനിയും കഴിഞ്ഞിട്ടില്ലല്ലോ?
എ.ഐ.എ.ഡി.എം.കെയ്ക്കുള്ളിൽ അതൊരു ശൂന്യതയാണ്. നികത്താനാവാത്ത ഒരു ശൂന്യതയാണത്. ഇന്ന് ആ പാർട്ടിക്കുള്ളിൽ അധികാരമുള്ളവർ കോമാളികൾ മാത്രമാണ്.
ശക്തമായ ഒരു സഖ്യം രൂപപ്പെടുത്താൻ പോലും എ.ഐ.എ.ഡി.എം.കെയ്ക്ക് കഴിഞ്ഞിട്ടില്ല. വോട്ടുവിഹിതം താരതമ്യപ്പെടുത്തുമ്പോൾ ചെറിയ പാർട്ടികൾ മാത്രമാണ് അവരുടെ കൂടെയുള്ളത്.
എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ തകർച്ച ഈ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് ബാങ്ക് പിളർപ്പിന് കാരണമാകും. അത് ബി.ജെ.പിയ്ക്ക് ഗുണകരമാവാനും സാധ്യതയുണ്ട്. എന്നിരുന്നാലും അവർ രണ്ടാം സ്ഥാനത്ത് വരും. അതുറപ്പാണ്.
രാഹുൽ ഗാന്ധിയുടെ സ്വാധീനം എത്രത്തോളമാണ്? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ തമിഴ്നാടിൽ എത്തിയിരുന്നല്ലോ.
അതൊരു സൂപ്പർ ഡ്യൂപ്പർ വരവ് തന്നെയായിരുന്നു. എട്ട് തവണയാണ് മോദി വന്നത്. ഒരൊറ്റ തവണയാണ് രാഹുൽ വന്നത്. എന്നാൽ എട്ടിനെതിരെ ആ ഒന്ന് ജയിക്കും. ഒരു വരവുകൊണ്ട് തന്നെ അദ്ദേഹം എല്ലാവരുടെയും ഹൃദയങ്ങളിൽ എത്തി. കാരണം അദ്ദേഹത്തിൽ സത്യമുണ്ട്. അദ്ദേഹത്തിന്റെ വാക്കിലും നോക്കിലും ഇടപെടലുകളിലും സത്യമുണ്ട്.
സഹോദരൻ എന്ന് വിളിച്ചാണ് സ്റ്റാലിൻ രാഹുലിനെ സ്വാഗതം ചെയ്തത്. സ്റ്റാലിൻ മുതിർന്ന സഹോദരനാണെന്നും രാഷ്ട്രീയ രംഗത്തുള്ള മറ്റാരെയും അങ്ങനെ വിളിച്ചിട്ടില്ലെന്നും രാഹുലും സ്നേഹം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിയെ ഒരു സഹോദരനായി തമിഴ് ജനത സ്വീകരിച്ചുവോ ?
സത്യത്തിൽ, അത് പ്രതീക്ഷിച്ചിരുന്നതല്ല. എന്നാൽ തമിഴ്നാടിലെ ജനങ്ങൾ തീർച്ചയായും രാഹുലിനെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹം നൽകുന്ന പ്രതീക്ഷയിൽ വിശ്വാസമർപ്പിക്കുന്നുണ്ട്.
നീറ്റ് പരീക്ഷ വേണമോ വേണ്ടേ എന്ന് തീരുമാനിക്കാൻ തമിഴ്നാടിന് അവസരം നൽകുമെന്നത് തൊട്ട് കർഷകർക്ക് ന്യായവില നൽകും എന്നതുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. ഈ വാഗ്ദനങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമോ?
തീർച്ചയായും, പ്രകടന പത്രികയിലും ഇക്കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. മുന്നണിയിലുള്ള എല്ലാ പാർട്ടികൾക്കുമുള്ള മികച്ച മാർഗരേഖയാണ് ഈ പ്രകടനപത്രിക. കഴിഞ്ഞ പത്ത് വർഷക്കാലമായി ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെല്ലാം ഉൾപ്പെടുന്നതാണ് കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക. അതിനാൽ മുന്നണിയുടെ ഭാഗമായ പാർട്ടികൾക്ക് അനുകൂലമായ വോട്ടിങ്ങിനെ സ്വാധീനിക്കാൻ ഈ പ്രകടന പത്രികയ്ക്കും അതിലെ ആവശ്യങ്ങൾക്കും കഴിയും.
അതേസമയം തമിഴ്നാടിൽ ഡി.എം.കെയ്ക്ക് എതിരായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു പാർട്ടിയുടെയും ഭാഗമല്ലാത്ത വോട്ടർമാരുടെ നിർണ്ണായകമായ സ്വാധീനം കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ വിശകലനം ചെയ്യുമ്പോൾ തിരിച്ചറിയാം. ആ വോട്ടർമാർക്ക് മാറി ചിന്തിക്കാനുള്ള അവസരമായി മാറുമോ ഈ ഇലക്ഷൻ ?
യഥാർത്ഥത്തിൽ അത്തരമൊരു ഭരണവിരുദ്ധ വികാരം ഇപ്പോൾ നിലനിൽക്കുന്നില്ല. തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ ഡി.എം.കെയ്ക്ക് എതിരായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. എന്നാൽ പ്രചാരണം പുരോഗമിക്കവെ, ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും ഏത് പാർട്ടിയുടെയും നേതാക്കളുടെയും കൂടെയാണ് അവരെന്ന് വിശകലനം നടത്തിയപ്പോൾ അത്തരം ഒരു ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ല എന്നുതന്നയാണ് തിരിച്ചറിയാനായത്.
പുതിയ പാർലമെന്റിൽ സ്ഥാപിച്ച തമിഴ്നാടിൽ നിന്നുള്ള ചെങ്കോലിനും, ബാബറി മസ്ജിദ് തകർത്തയിടത്ത് നിർമ്മിച്ച രാമക്ഷേത്രത്തിനും ദ്രാവിഡ രാഷ്ട്രീയത്തിൽ ഹിന്ദുത്വ വികാരം നിർമ്മിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ ?
ഇല്ല, ഒരിക്കലുമില്ല. ആരാണതൊക്കെ കാര്യമാക്കുന്നത്? പ്രശസ്തരായ കുറച്ചുപേർ അവിടെ പോയി. എന്നാൽ ഇവിടെ അതൊരു പ്രശ്നമേയല്ല. ഈസ് ഇറ്റ് നെസസറി നൗ ? എന്ന ഒരു ക്യമ്പയ്ൻ തന്നെ ഇൻഡ്യ മുന്നണി ഇവിടെ നടത്തി. അത് ഗുണം ചെയ്യുകയും ചെയ്തു.
കേന്ദ്രസർക്കാറിന്റെ ദുർഭരണത്തിനെതിരെ, പ്രളയദുരിതാശ്വാസ ഫണ്ട് നൽകാത്തതിനും തുച്ഛമായ ജി.എസ്.ടി വിഹിതം നൽകുന്നതിനും എതിരെയെല്ലാം ശക്തമായ പ്രതികരണങ്ങളാണ് സ്റ്റാലിൻ ഉയർത്തിയത്. കേന്ദ്രസർക്കാറിന്റെ ദുർഭരണത്തിന് എതിരായുള്ള ഈ പോരാട്ടത്തിന് ജനങ്ങളിൽ നിന്നും എത്രമാത്രം പിന്തുണയുണ്ട് ?
തീർച്ചയായും, തമിഴ്നാടിലെ ജനങ്ങൾ എല്ലായ്പ്പോഴും അവരുടെ സംസ്ഥാനത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്. സംസ്ഥാനത്തിന്റെ അധികാരത്തിനും ജനാധപത്യത്തിനും വേണ്ടി നിലകൊള്ളുന്നവരാണ്. പ്രളയദുരിതാശ്വാസ ഫണ്ടിന്റെ കാര്യത്തിൽ ഉൾപ്പെടെ തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ് തമിഴ്നാടിലെ ജനങ്ങൾ മനസ്സിലാക്കുന്നത്. അതിനെതിരെയുള്ള പ്രതികരണം ഈ തെരഞ്ഞെടുപ്പിലുണ്ടാവും.
ഈ തെരഞ്ഞെടുപ്പോട് കൂടി ഇന്ത്യയുടെ ദുരിതകാലം അവസാനിക്കാറായെന്ന് പ്രതീക്ഷയുണ്ടോ ?
ഈ കാത്തിരിപ്പ് വല്ലാതെ നീണ്ടിരിക്കുന്നു. പത്തുവർഷക്കാലമായില്ലേ! അതിനാൽ തന്നെ നാളത്തെ ദിവസത്തെയല്ല ഞാൻ കാത്തിരിക്കുന്നത്. ജൂൺ നാലിനെയാണ്.