Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ആദർശത്തിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം എഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴേക്കും മതേതര മൂല്യങ്ങൾ തീർത്തും കൈവിടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സമകാലിക ഇന്ത്യയിൽ പടർന്നുപിടിക്കുന്ന മുസ്ലിം വിദ്വേഷമാണ് ഈ ആശങ്കയുടെ അടിത്തറ. ഇത്തരത്തിൽ മുസ്ലിങ്ങൾക്കെതിരെ ഇന്ത്യയിൽ രൂപപ്പെടുന്ന മുൻവിധികളും വെറുപ്പും സാമൂഹികമായി എങ്ങനെ സാധാരണവൽക്കരിക്കപ്പെടുന്നു എന്ന് വിശദമാക്കുന്ന പുസ്തകമാണ് സാമൂഹ്യ ചിന്തകനും പൗരാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദർ രചിച്ച ‘മുസ്ലിമായിപ്പോയി, അതിനാൽ’ എന്ന ലേഖന സമാഹാരം. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷം നേരിടുന്ന ദുരിതങ്ങൾ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്ന കരുത്തുറ്റ വാക്കുകൾ. ഹർഷ് മന്ദറിന്റെ ‘ലുക്കിംഗ് എവേ’ (Looking Away: Inequality, Prejudice and Indifference in New India) എന്ന പുസ്തകം എ.പി കുഞ്ഞാമുവാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. പ്രസ്തുത സമാഹാരത്തിൽ നിന്നും തെരഞ്ഞെടുത്ത പതിനൊന്ന് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.


നമ്മൾ ആവർത്തിച്ച് ഉരുവിടുന്ന ‘മതേതര ഇന്ത്യ’ എന്ന പ്രയോഗത്തിലെ മതേതരത്വം എന്ന വാക്കിനും ആശയത്തിനും രാജ്യത്ത് എന്ത് വിലയാണ് ഇന്നുള്ളത് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങളും. ഒരു മുസ്ലിമിന് ‘മുസ്ലിമായിപ്പോയി’ എന്ന ഏക കാരണത്താൽ ഭയന്ന് ജീവിക്കേണ്ട ദുരവസ്ഥയാണ് മതേതര ഇന്ത്യയുടെ സമകാലിക സ്വഭാവമായി മാറിയിരിക്കുന്നു എന്ന് ഹർഷ് മന്ദർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ ജനവിഭാഗം നേരിടുന്ന ഭയത്തെയും, വ്യവസ്ഥാപിതമായ വിവേചനങ്ങളെയും, അതിനോട് ഭൂരിപക്ഷ മധ്യവർഗ സമൂഹം പുലർത്തുന്ന ക്രൂരമായ നിസ്സംഗതയെയും പുസ്തകം ചർച്ചയ്ക്കായി തുറന്നിടുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ നിലവിലുള്ളപ്പോഴും, ഇന്ത്യയിൽ ഒരു മതന്യൂനപക്ഷ വിഭാഗം നേരിടുന്ന സാമൂഹികവും സാമ്പത്തികവും ഭരണപരവുമായ പുറന്തള്ളലുകളെ ചോദ്യം ചെയ്യുന്ന വിശാലമായ മനുഷ്യാവകാശ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ഹർഷ് മന്ദർ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപ സമയത്ത് നടന്ന വ്യാപകമായ അക്രമങ്ങളും അതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണവും തന്റെ മനസ്സാക്ഷിയെ ആഴത്തിൽ ബാധിച്ചുവെന്ന് പറഞ്ഞുകൊണ്ട് സിവിൽ സർവീസ് പദവിയിൽ നിന്നും രാജിവെച്ച ഹർഷ് മന്ദറിന്റെ നീതിബോധം ഈ പുസ്തകത്തിൽ ഉടനീളം കാണാൻ കഴിയും.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ഹിന്ദുത്വ സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന് മുസ്ലിം സമുദായം ക്രമാതീതമായി പെറ്റുപെരുകുന്നുവെന്നതാണ്. ആ വിധം തുടർന്നാൽ നമ്മുടെ രാജ്യം മുസ്ലിം സമുദായം കീഴടക്കിക്കളയും എന്ന ഭീതിയും സമൂഹത്തിൽ അവർ പടർത്തുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പ്രധാനമന്ത്രിയുടെ വിവാദ പരാമർശം രാജ്യം മറന്നുകാണില്ല. എന്നാൽ സത്യാവസ്ഥയെ കൃത്യമായ അനേകം റിപ്പോർട്ടുകളിലൂടെയും പഠനങ്ങളിലൂടെയും വായനക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ഹിന്ദുത്വയുടെ അബദ്ധജടിലമായ വാദങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്, ‘മുസ്ലിംങ്ങളുടെ എണ്ണപ്പെരുപ്പവും ഹിന്ദുത്വത്തിന്റെ പേടിയും’ എന്ന അധ്യായത്തിൽ ഹർഷ് മന്ദർ.


1981 ലെ സെൻസസ് പ്രകാരം ഓരോ ആയിരം മുസ്ലിം സ്ത്രീകൾക്കും 1008 മുസ്ലിം പുരുഷന്മാരാണ് ഉള്ളത്. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ പ്രകാരം ദരിദ്ര സമൂഹങ്ങളിൽ ഗർഭധാരണ നിരക്ക് കൂടുതലാണ്. ശരാശരി കണക്കനുസരിച്ച് മുസ്ലിം വിഭാഗമാണ് ഹിന്ദു വിഭാഗത്തേക്കാൾ ദരിദ്രർ. ദാരിദ്ര്യവും ജീവിതസൗകര്യങ്ങളുടെ അഭാവവും ആണ് ഗർഭധാരണ വർധനവിന് കാരണം. അവയെ മതത്തിന്റെ മേൽ ചാർത്തുകയാണ് ഹിന്ദുത്വ ശക്തികൾ – അദ്ദേഹം വ്യക്തമാക്കുന്നു.
ലവ് ജിഹാദ് ഹിന്ദുത്വയുടെ മറ്റൊരു പ്രധാന ആയുധമാണ്. അത് പരിഹാസ്യമാം വിധം ഭാവനാത്മകവും യുക്തിസഹമായി ഉൾക്കൊള്ളാൻ കഴിയാത്തതുമാണെന്ന് ഹർഷ് മന്ദർ വ്യാകുലപ്പെടുന്നു. അതിന്റെ വേരുകൾ വിഭജനകാലത്തിലേക്ക് പടർന്നു കിടക്കുന്നതായി ചരിത്രകാരിയായ മൃദുല മുഖർജി ഓർമ്മപ്പെടുത്തുന്നുണ്ട്. 2013 സെപ്റ്റംബറിൽ ഉണ്ടായ മുസഫർനഗർ കലാപത്തിന് തിരികൊളുത്തിയത് ലവ് ജിഹാദ് വാദമാണ്. ആ വാദമാവട്ടെ, തികച്ചും കെട്ടുകഥയും. കൂട്ടമായ ഒരു വർഗീയ ഹിംസക്ക് മൂന്ന് അടിസ്ഥാന കാര്യങ്ങളുണ്ടെന്ന് ഹർഷ് മന്ദർ ചൂണ്ടിക്കാട്ടുന്നു. ഒന്ന്, സമൂഹത്തിൽ ബോധപൂർവ്വം വെറുപ്പ് ഉൽപ്പാദിപ്പിക്കുക എന്നതാണ്. രണ്ട്, ഒരു ‘കലാപം’ പടച്ചെടുക്കുക. മൂന്നാമത്തേത് കുറ്റകൃത്യത്തിൽ മൗനത്തിലൂടെയോ അല്ലാതെയോ പങ്കാളിത്തം വഹിക്കുന്ന ഭരണകൂടമാണ്. ഈ മൂന്ന് സംഗതികളും ഒത്തുവന്നതിന്റെ ഫലമായി രൂപംകൊണ്ട ഒന്നാണ് മുസഫർനഗർ കലാപം, മറ്റ് പല കലാപങ്ങളും പോലെ. ‘ലവ് ജിഹാദ് എന്ന കെട്ടുകഥ’ എന്ന അധ്യായത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു:
“പശ്ചിമ ഉത്തരപ്രദേശിലെ ജാട്ട് സമുദായം ബി.ജെ.പിക്കാണ് വോട്ട് ചെയ്തത് എന്ന് പല രാഷ്ട്രീയനിരീക്ഷകരും സമ്മതിക്കുന്നു. ഹിന്ദുക്കൾ മൊത്തത്തിൽ ജാതിപരിഗണനകൾക്കതീതമായി ഇങ്ങനെ തന്നെയായിരിക്കാം ചെയ്തിരിക്കുക. അതിനുകാരണം മുസ്ലിംകളെ ഒതുക്കാൻ പറ്റിയ ഒരേയൊരു പാർട്ടി ഇതാണെന്ന് അവർ വിശ്വസിക്കുന്നു എന്നതാണ്. ഭൂരിപക്ഷം ആളുകൾക്കുമിടയിൽ ഇത്രയധികം ദേഷ്യം ഉൽപാദിപ്പിക്കാൻ മാത്രം കുറ്റങ്ങൾക്ക് മുസ്ലിംകൾ ഉത്തരവാദികളല്ല എന്ന വസ്തുത ആളുകളുടെ മനസ്സിൽ വെറുപ്പ് വേരൂന്നിക്കഴിഞ്ഞാൽ അപ്രസക്തമായിത്തീരുന്നു. ഇത് വിചിത്രമാണ്. ഒരു സമുദായത്തിൽപ്പെട്ട വ്യക്തി ഒരു കുറ്റം ചെയ്തു എന്ന് തന്നെയിരിക്കട്ടെ, അതിനു പ്രതികാരമായി പ്രസ്തുത സമുദായത്തിൽപ്പെട്ട മറ്റൊരാളെ കൊല്ലുന്നത് ന്യായീകരിക്കാമോ? കുറ്റകരമായ തരത്തിൽ പ്രചരിപ്പിച്ച നുണകളാണ് എന്ന് തുറന്നുകാട്ടപ്പെട്ടതിനു ശേഷവും എന്തുകൊണ്ടാണ് ജനങ്ങൾക്കിടയിൽ വെറുപ്പ് തുടർന്നും നി ലനിൽക്കുന്നത്?”
ബാബരി മസ്ജിദ് ധ്വംസനം രാജ്യത്തിന്റെ മതേതരത്വം എന്ന മഹത്തായ ആശയത്തിനേറ്റ മാരകമായ പരിക്കായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വയുടെ മുസ്ലിം വിരുദ്ധ വികാരത്തിന്റെ ആഴം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കർസേവകരുടെ ക്രൂരതകൾ. “തകർന്നു കിടക്കുന്ന പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ എന്ന ആശയം തന്നെയാണ് വീണു കിടക്കുന്നത്. ഗുരുതരമായ പരിക്കേറ്റ നിലയിൽ, എന്നാൽ മരിച്ചിട്ടല്ലാത്ത അവസ്ഥയിൽ.” എന്ന് വികാരധീരനായി കുറിച്ചുവെക്കുന്നുണ്ട് മന്ദർ. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വിവിധ ഘട്ടങ്ങളെ രചയിതാവ് ഹ്രസ്വമായി അവതരിപ്പിച്ചത് അവയെ പ്രതിപാദിക്കാതെ മുസ്ലിം വിരുദ്ധ മുൻവിധിയെ കുറിച്ചുള്ള ഒരു വിവരണവും പൂർണ്ണതയിൽ എത്തില്ല എന്ന വ്യക്തതയോടെയാണ്.
രാജ്യത്തെ വലിയൊരളവോളം വരുന്ന മധ്യവർഗ്ഗ സമൂഹങ്ങൾക്കിടയിൽ മുസ്ലിംങ്ങളെ കുറിച്ച് ചില മുൻധാരണകളും മുൻവിധികളും ഉണ്ടെന്ന് ഹർഷ് മന്ദർ പറയുന്നു. മുസ്ലിംകൾ കുറ്റവാളികളും ഭീകരവാദികളുമാണ് എന്നതാണ് അതിൽ ഏറ്റവും പ്രബലമായ ഒരു മുൻവിധി. അതിനെ തിരുത്താൻ അനേകം തെളിവുകൾ അദ്ദേഹം നിരത്തുന്നുമുണ്ട്. രാജസ്ഥാനിൽ എട്ട് ശതമാനമാണ് മുസ്ലിം ജനസംഖ്യയെങ്കിൽ ജയിലിൽ കഴിയുന്നവരിൽ 18 ശതമാനം മുസ്ലിംകളാണ്. 25 ശതമാനം മുസ്ലിം ജനസംഖ്യയുള്ള പശ്ചിമ ബംഗാളിൽ 45 ശതമാനം മുസ്ലിംകൾ ജയിലിലാണ്. മുസ്ലിം ജനസംഖ്യയുടെ ഇരട്ടിയോളം വരും ജയിലിൽ കഴിയുന്ന മുസ്ലിംകളുടെ സംഖ്യ. ഇവരെല്ലാം കുറ്റകൃത്യം ചെയ്തവരായി തെളിയിക്കപ്പെട്ടവരല്ല. വിചാരണതടവുകാരേക്കാൾ കുറവാണ് ശിക്ഷിക്കപ്പെട്ടവർ. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ വളരെയധികം പേരും വിചാരണ പൂർത്തിയാകുന്നതോടെ വിട്ടയയ്ക്കപ്പെടുന്നു. മുൻധാരണകളുടെയും മുൻവിധികളുടെയും അടിസ്ഥാനത്തിൽ പൊലീസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിന്റെ തെളിവുകൂടിയാണ് ഈ കണക്കുകൾ.
അദ്ദേഹം എഴുതുന്നു: “ഏതുതരം കൂട്ടക്കൊലകളെയാണ് ഭീകരവാദമെന്ന് വിശേഷിപ്പിക്കേണ്ടത്. ഏതാണ് ഭീകരവാദമല്ലാത്തത് ഇക്കാര്യത്തിൽ ഒരു പ്രത്യേക ധാരണയെ നാം എതിർപ്പൊന്നുമില്ലാതെ അംഗീകരിച്ചു എന്നതാണ് ആദ്യ മായി പറയേണ്ടകാര്യം അറിയപ്പെട്ട സ്ത്രീവാദ എഴുത്തുകാരിയും ജവഹർലാൽ നെഹ്റു സർവകലാശാലയിൽ രാഷ്ട്രീയ ചിന്താവിഭാഗത്തിൽ പ്രൊഫസറുമായ നിവേദിതാ മേനോൻ ഭീകരവാദത്തിന്റെ ഈ ഔദ്യോഗിക നിർവചനത്തെ എതിർക്കുന്നു. വളരെ ശരിയായ നിരീക്ഷണമാണ് അവരുടേത്. “ഇരുപത് പേരെ ബോംബ് സ്ഫോടനത്തിൽ കൊല്ലുന്നത് ഭീകരവാദമായികണക്കാക്കപ്പെടുന്നു”, അവർ എഴുതുന്നു “എന്നാൽ 1984 ൽ ആയിരം പേരെ കൊന്നതോ 2002 ൽ ഗുജറാത്തൽ ആയിരത്തിലേറെ പേരെ കൊന്നതോ ഭീകരവാദമല്ല (മുസഫർ നഗറിൽ 40 പേരെ കൊന്നതും ഒറീസ്സയിൽ 2008ൽ 68 പേരെ കൊന്നതും അതുപോലെയുള്ള മറ്റുപലതും).” കലാപങ്ങൾക്കെല്ലാം പിന്നിൽ ആസൂത്രണവും ആയുധസംഭരണവും വ്യവസ്ഥാപിതമായ ആക്രമണങ്ങളുമുണ്ട്; എന്നിട്ടെന്താണ് അവയെ ഭീകരവാദമായി കണക്കാക്കാത്തത്? ഇത് നീതിന്യായവ്യവസ്ഥയെയും സ്വാധീനിക്കുന്നു. കോടതികൾ ‘ഭീകരവാദ’ക്കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കുന്നു. എന്നാൽ വർഗീയ കലാപവേളകളിലെ വിദ്വേഷ കലുഷിതമായ കുറ്റകൃത്യങ്ങൾക്ക് അതുണ്ടാവുന്നില്ല.”


സമൂഹത്തിന്റെ പല മേഖലകളിലും മുസ്ലിം ജനവിഭാഗത്തോട് മുൻധാരണകളെ അടിസ്ഥാനമാക്കി വിവേചനം പ്രകടിപ്പിക്കുന്ന രീതി കാണാം. നിങ്ങൾ മുസ്ലിം നാമധാരിയാണെങ്കിൽ ഭീകരവാദ മുദ്രചാർത്താനും ജാമ്യമോ വിചാരണയോ കൂടാതെ ജയിലിലടയ്ക്കപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. ഹർഷ് മന്ദർ ഈ വിഷയം പൊതു ചർച്ചയിലേക്ക് കൊണ്ടുവരുന്നു. യു.എ.പി.എ നിയമമനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനകളിൽ മുസ്ലിം സംഘടനകളുടെ എണ്ണം മറ്റ് സംഘടനകളേക്കാൾ കുറവാണ്. മുസ്ലിം ജനവിഭാഗം വ്യാപകമായി ഇരയാക്കപ്പെട്ട കലാപങ്ങളിൽ പോലും മുസ്ലിമിനെ പ്രതിക്കൂട്ടിലാക്കിയ ഉദാഹരണങ്ങൾ പുസ്തകത്തിൽ ഹർഷ് മന്ദർ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘രഹസ്യമായി ഒരു തൂക്കിക്കൊല’ എന്ന ലേഖനത്തിൽ വധശിക്ഷയിൽ കടന്നുചെല്ലാനിടയിലുള്ള അപാകതകളെ നിരത്തിക്കൊണ്ട് വധശിക്ഷ സമ്പ്രദായത്തെ രൂക്ഷമായി വിമർശിക്കുകയും വധശിക്ഷ നിർത്തലാക്കിയ 150 ൽ പരം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടണമെന്ന് ശക്തമായി വാദിക്കുകയും ചെയ്യുന്നുണ്ട് മന്ദർ. നിയമത്തിന് തെറ്റുപറ്റാൻ സാധ്യതയുണ്ടെന്ന കാരണമാണ് ഹർഷ് മന്ദർ ഒന്നാമതായി ചൂണ്ടിക്കാട്ടുന്നത്. വധശിക്ഷ പലപ്പോഴും നീതിരഹിതമായി വന്നുവീഴുന്നത് ദരിദ്രരുടെയോ അഭിഭാഷകരെ വെച്ച് വാദിക്കാനുള്ള സാമൂഹ്യ സാമ്പത്തിക നില ഇല്ലാത്തവരുടെയോ മുകളിലാണ്. അതിന് ഉദാഹരണമാണ് അഫ്സൽ ഗുരുവിന്റെ വധശിക്ഷ. അഫ്സൽ ഗുരുവിനെ വധിക്കാനുള്ള തെളിവുകളുടെ ലഭ്യതെയെക്കുറിച്ച് നിയമജ്ഞരിൽ ചിലർ സംശയങ്ങൾ ഉന്നയിച്ചിരുന്നു. അവയെല്ലാം പൂർണ്ണമായും നിഷേധിക്കപ്പെട്ടു. അന്ത്യാഭിലാഷമായ ഭാര്യയെയും മകനെയും കാണാനുള്ള അവസരം പോലും തടയപ്പെട്ടു. എന്നാൽ രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ഘാതകർക്ക് നാട്ടിലന്ന് ലഭ്യമായ എല്ലാ പരിഗണനകളും ലഭിച്ചിരുന്നു. ബന്ധുക്കളെ അവസാനമായി കാണാനുള്ള അനുവാദവും നൽകിയിരുന്നു. പക്ഷേ, അഫ്സൽ ഗുരുവിന് അവയെല്ലാം നിഷേധിക്കപ്പെട്ടതിൽ ശക്തമായ പ്രതിഷേധവും ദുഃഖവും പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട് ഗ്രന്ഥകാരൻ. “ഒരു ജീവൻ രക്ഷിക്കാൻ ആവശ്യമായ നിയമാവകാശങ്ങൾ സംരക്ഷിക്കാൻ രാജ്യത്തിന് കഴിയണമെന്ന്” ഗുരുവിന്റെ തൂക്കിക്കൊല പ്രതിപാദിച്ചുകൊണ്ട് മന്ദർ പ്രസ്താവിക്കുന്നു.
ഒരു സാധാരണ മുസ്ലിമിന് അസ്തിത്വത്തിന്റെ പേരിൽ ഭയത്തോടെ ജീവിതം തള്ളി നീക്കേണ്ടി വരുന്ന ഒരു നാടിന്റെ പേരു കൂടിയാണ് ഇന്ത്യ എന്ന വസ്തുതയിലേക്ക് ഗ്രന്ഥകാരൻ എത്തിച്ചേരുന്നു. ഇത്തരം മുസ്ലിം വിവേചനങ്ങളെ തുറന്നു കാണിച്ചതിന്റെ പേരിൽ സമൂഹത്തിൽ നിന്നുണ്ടായ ചില പ്രതികരണങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. അതുമൂലം അദ്ദേഹത്തിന് നഷ്ടമായത് വിദ്യാർത്ഥി കാലത്തെ ചില സുഹൃദ് ബന്ധങ്ങളും കുടുംബ വൃത്തത്തിനകത്തെ ചില അംഗങ്ങളുമായുള്ള അടുപ്പവുമാണ്. 2002 ലെ ഗുജറാത്ത് കലാപത്തിന് മുമ്പുള്ള ഒരു ജീവിതം, ശേഷമുള്ള ഒരു ജീവിതം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി ജീവിതം തന്നെ മുറിക്കപ്പെട്ടു എന്ന് ഹർഷ് മന്ദർ പറയുന്നു.


ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട്, പല സാമൂഹിക വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് ഈ അനീതികളെ നേരിടുന്നതിനെ മഹത്വവത്കരിച്ചുകൊണ്ട് ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശവും ഹർഷ് മന്ദർ പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: “എടുത്തുപറയേണ്ട ഒരു കാര്യം ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ തീവ്രവാദം വളരെ കുറവാണ് എന്നതാണ്. 1980 കളിലെ വലിയൊരു വിഭാഗം ഖാലിസ്താനി തീവ്രവാദികൾ, 1984 ലെ സിക്കു വിരുദ്ധ അതിക്രമവേളകളിൽ തങ്ങളുടെ ഒറ്റപ്പെടൽ ചിന്ത പ്രകടമാക്കുകയുണ്ടായി. എന്നാൽ 2002 ലെ ഗുജറാത്ത് വംശഹത്യക്കു ശേഷം ഇതേ വ്യഥകളിലൂടെയാണ് മുസ്ലിംകൾ കടന്നുപോയത്. എന്നാൽ ഈ വംശഹത്യയെ അതിജീവിച്ചവർ രാജ്യത്തിനെതിരായി ആയുധമെടുത്തതായി വിശ്വസനീയമായ റിപ്പോർട്ടുകൾ കമ്മിയാണ്. അതിന്റെ അർത്ഥം അവർ അനീതിക്ക് വിധേയരായി കഴിഞ്ഞുകൂടി എന്നല്ല. അവർ തങ്ങൾ അനുഭവിച്ച ഗുരുതരമായ തെറ്റുകൾക്കെതിരെ പോരാടാൻ ജനാധിപത്യം, നിയമം എന്നീ ഉപകരണങ്ങളെയാണ് പ്രധാനമായി ആശ്രയിച്ചത്. ഈ ചെറുത്തുനിൽപ്പ് അവർ സംഘടിപ്പിച്ചത്, ഒരുപാട് അമുസ്ലിംകളുമായി ഐക്യദാർഢ്യപ്പെട്ടുകൊണ്ടാണ്. ഗുജറാത്ത് കലാപത്തിന്റെ ഇരകളിൽ മിക്ക ആളുകളും മുസ്ലിംകളായിരുന്നുവെങ്കിലും ഈ അനീതിക്കെതിരിൽ പലപ്പോഴും വ്യക്തിപരമായ നഷ്ടം സഹിച്ച് പൊരുതിയവരിൽ തൊണ്ണൂറുശതമാനത്തിലധികം പേരും അമുസ്ലിംകളായിരുന്നു. നീതിക്കുവേണ്ടി പോരാടുന്നവർ, മനുഷ്യാവകാശപ്രവർത്തകർ, എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, പോലിസുദ്യോഗസ്ഥർ ഇങ്ങനെ പലരും. വ്യത്യസ്ത മതവിശ്വാസങ്ങളും സ്വത്വങ്ങളുമുള്ള വ്യക്തികൾ പരസ്പരം പങ്കുവക്കുന്ന ഐക്യദാർഢ്യങ്ങളാണ് ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്നത്. കടുത്ത സമ്മർദ്ദങ്ങളനുഭവിച്ചുകൊണ്ടാണ് അവർ അത് നിലനിർത്തുന്നത്. അനീതിയെയും നിയമരാഹിത്യത്തേയും നേരിടുമ്പോൾ പോലും സ്വന്തം ജീവിതത്തിലും സ്വന്തം തെരഞ്ഞെടുപ്പുകളിലും ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും അത് പ്രകടമാക്കുകയും ഇന്ത്യയുടെ മതതേര ജനാധിപത്യവ്യവസ്ഥയോടുള്ള പ്രതിബദ്ധത തുല്യമനസ്സോടെ, പരസ്പരം പങ്കുവെച്ചുകൊണ്ട് നിലനിർത്തിപ്പോരുകയും ചെയ്യുന്നു.”
മുസ്ലിം സമൂഹം നേരിടുന്ന അനീതികളെ മുൻനിർത്തി ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സമകാലിക അവസ്ഥയെ വിമർശനാത്മകമായി പരിശോധിക്കുന്ന ഒരു രേഖയായി ഈ ലേഖനസമാഹാരം മാറുന്നു. 105 പേജുകളുള്ള പ്രസ്തുത പുസ്തകത്തിന്റെ പ്രസാധകർ കോഴിക്കോട് ഐ.പി.ബി ബുക്സ് ആണ്.

