2020 ഫെബ്രുവരിയില്‍ ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിലൂടെ, ഭരണകൂടം രാഷ്ട്രീയ തടവുകാരെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് പറയുകയാണ് ലളിത് വചാനി സംവിധാനം ചെയ്ത ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്’ എന്ന ഡോക്യുമെന്ററി. ജൂലൈ 29ന്, ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.
ജൂലൈ 30ന് റിലീസ് ചെയ്ത ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ ഇങ്ങനെ അവസാനിക്കുന്നു . ”ഈ ട്രെയ്‌ലര്‍ നിര്‍മിക്കുമ്പോഴും 1415 ദിവസങ്ങൾ അല്ലെങ്കിൽ 33960 മണിക്കൂറുകളായി പ്രിസണര്‍ നമ്പര്‍. 626710 ജയിലില്‍ കഴിയുകയാണ്. ജാമ്യാപേക്ഷയുടെ വിചാരണ ഇതുവരെ 14 തവണ മാറ്റിവെച്ചു. പ്രിസണര്‍ നമ്പര്‍ 626710 ഹാജരാണ്, അയാള്‍ നീതിപൂര്‍വ്വമായ വിചാരണ കാത്തിരിക്കുകയാണ്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഷിഫ ഫാത്തിമ, ഷിഫാ ഉര്‍ റഹ്‌മാന്‍, ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാന്‍ എന്നിവര്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇവരെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു, ഇവരെല്ലാം മുസ്ലീംങ്ങളാണ്.” ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കളായ ബനജ്യോത്സ്‌ന, ശുദ്ധബ്രത സെന്‍ഗുപ്ത എന്നിവരുടെ വാക്കുകളിലൂടെ, 2016 മുതല്‍ ഉമറിനെതിരെ നടന്ന ഭരണകൂട നടപടികളുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയാണ് ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്’.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തില്‍ എങ്ങനെയാണ് ചെറിയ ഹിന്ദു ആണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നന്നതെന്ന് അന്വേഷിക്കുന്ന ദ ബോയ് ഇന്‍ ദ ബ്രാഞ്ച് (1993), ആര്‍എസ്എസ് ഒരു ഭീകരവാദ സംഘടനയായി ഇന്ത്യയില്‍ വികസിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്ന ദ മെന്‍ ഇന്‍ ദ ട്രീ (2002), 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം വംശഹത്യയ്ക്കിടെ ആക്രമണങ്ങളെ ചെറുത്ത ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ടേല്‍സ് ഫ്രം നാപ (2011) എന്നിവയുള്‍പ്പെടെ നിരവധി ഡോക്യുമെന്ററികള്‍ ലളിത് വചാനി സംവിധാനം ചെയ്തിട്ടുണ്ട്.
ഡോക്യുമെന്ററി പ്രദര്‍ശനത്തിനായി ഐഡിഎസ്എഫ്എഫ്കെയില് എത്തിയ ഉമര്‍ ഖാലിദിന്റെ സഹപ്രവര്‍ത്തകയും പാര്‍ട്ണറുമായ ബനജ്യോത്സ്‌ന ലാഹിരി കേരളീയത്തിന് നല്കിയ അഭിമുഖത്തില്‍ നിന്ന്.
ഉമര്‍ ഖാലിദിന്റെ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒന്നിലേറെ തവണ ജഡ്ജിമാര്‍ പിന്മാറുകയുണ്ടായി. ഈ കേസില്‍ മാത്രമല്ല, രാഷ്ട്രീയ തടവുകാരുടെ കേസുകളില്‍ ഈ രീതിയില്‍ ജഡ്ജിമാര്‍ പിന്മാറുന്നത് ഒരു പതിവായി മാറുകയാണല്ലോ. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ആദ്യമായി ജഡ്ജി പിന്മാറിയത് സുപ്രീം കോടതിയിലാണ്, വെക്കേഷന് ശേഷം രൂപീകരിച്ച രണ്ടാമത്തെ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തയ്യാറായിട്ടില്ല എന്നാണ് പറഞ്ഞത്. ഇത് രണ്ട് മിനിറ്റ് പോലും ആവശ്യമില്ലാത്തൊരു കേസാണെന്ന് ജൂനിയര്‍ ജഡ്ജ് പറയുന്നുണ്ടായിരുന്നു, പക്ഷേ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞത് നമ്മള്‍ തയ്യാറായിട്ടില്ല, കൂടുതല്‍ സമയം വേണമെന്നാണ്. രണ്ടാഴ്ചകള്‍ കൂടി അവര്‍ക്ക് സമയം കൊടുത്തു. പിന്നീട് രൂപീകരിച്ച ബെഞ്ചില്‍ നിന്നും ജൂനിയര്‍ ജഡ്ജി പിന്മാറി. അതിന് ശേഷം ആ മുഴുവന്‍ ബെഞ്ച് തന്നെ മാറ്റി. ജഡ്ജി കേസില്‍ നിന്നും പിന്‍മാറിയതാണ് അതിനു കാരണമായി പറഞ്ഞത്. സീനിയര്‍ ജഡ്ജും പിന്മാറി, അത് വളരെ വിചിത്രമാണ്, അങ്ങനെ സംഭവിക്കാറില്ല. ഇത്തവണ ഹൈ ക്കോടതിയില്‍ ഒരു ജഡ്ജി പിന്മാറിയിട്ടുണ്ട്. ഷര്‍ജീല്‍ ഇമാമിന്റെ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ ജഡ്ജി ആദ്യം പിന്മാറിയത്, അതിനു ശേഷമാണ് നമ്മുടെ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്. ഇങ്ങനെ പിന്മാറുന്നത് എന്തുകൊണ്ടാണ് എന്നുള്ളതിന് വ്യക്തമായ കാരണം ഒന്നും അവര്‍ അറിയിച്ചിട്ടില്ല, ജഡ്ജിയാകുന്നതിന് മുമ്പ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു എന്നതാണ് കാരണമായി പറയുന്നത്.
ഇങ്ങനെ ഒരു കേസില്‍ നിന്നും പിന്മാറുമ്പോള്‍ അതിന് ജഡ്ജി വ്യക്തമായ കാരണം വിശദമാക്കേണ്ടതല്ലേ?
അതെ, പക്ഷേ അവരത് വ്യക്തമാക്കുന്നില്ല.
ചോദ്യോത്തര വേദിയില്‍ താങ്കള്‍ പറഞ്ഞു, ‘പ്രിസണര്‍ 626710 ഈസ് പ്രസന്റ്’ എന്ന ഡോക്യുമെന്ററി പ്രതിനിധീകരിക്കുന്നത് മറ്റു രാഷ്ട്രീയ തടവുകാരെ കൂടിയാണെന്ന്. അതേക്കുറിച്ച് കൂടുതല്‍ പറയാമോ?
എഫ്‌ഐആര്‍ 59 വരുംകാലങ്ങളില്‍ പഠനവിധേയമാകും, നിയമവിദ്യാര്‍ത്ഥികളും ചരിത്ര വിദ്യാര്‍ത്ഥികളും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളും, സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികളും ഈ എഫ്‌ഐആര്‍ പഠിക്കും, കാരണം ഇതെല്ലാംകൂടി കലര്‍ന്നിരിക്കുകയാണ്. നിയമപ്രശ്‌നം മാത്രമല്ല, ഇതൊരു രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്‌നം കൂടിയാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കേസാണിത്. സാധാരണ പൗരരെ അടിച്ചമര്‍ത്തുന്നതിനായി ഭരണകൂടത്തിന് ഏതറ്റംവരെയും പോകാന്‍ കഴിയും എന്ന് കാണിക്കുന്ന കേസ്. ആദ്യം കുറ്റവാളിയായി ഫ്രെയിം ചെയ്യുക, പ്രത്യേകിച്ച് മുസ്ലീം ഉള്‍പ്പെടെയുള്ള അരികുവല്‍ക്കരിക്കപ്പെടുന്ന സമുദായങ്ങളില്‍ നിന്ന് ഉള്ളവരെ, ഫ്രെയ്മിങ് നടത്തിക്കഴിഞ്ഞാല്‍ അവരെക്കുറിച്ച് മാധ്യമങ്ങളില്‍ ഒരു ഇമേജ് സൃഷ്ടിക്കുക, അവരെ ലേബല്‍ ചെയ്യുക, അവരെ സംഘാംഗങ്ങള്‍ (tukde tukde gang) എന്നു വിളിക്കുക, എന്തടിസ്ഥാനത്തിലാണ് അവരെ മാധ്യമങ്ങള്‍ സംഘാംഗങ്ങള്‍ എന്നുവിളിച്ചത്? ടുക്‌ഡേ ടുക്‌ഡേ ഗ്യാങ് എന്നാല്‍ എന്താണെന്ന് ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടിയപ്പോള്‍ അവരുടെ മറുപടി അങ്ങനെയൊന്നിനെ കുറിച്ച് വിവരങ്ങളില്ല എന്നാണ്. അവര്‍ തന്നെ സ്വന്തം ഭാവനയിലുണ്ടാക്കിയ ഒരു സാങ്കല്‍പിക സംഗതിയാണ് ഈ ടുക്‌ഡേ ടുക്‌ഡേ ഗ്യാങ്. ആളുകളെ ലേബല്‍ ചെയ്തുകഴിഞ്ഞാല്‍ അവരെ കുറ്റവാളികളാക്കുവാനും വിചാരണ ചെയ്യുവാനും എളുപ്പമാണ്. ഉമര്‍ ഖാലിദ് മാത്രമല്ല ഇങ്ങനെ കുറ്റവാളിയാക്കപ്പെട്ടിട്ടുള്ളത്. നിരവധി പേരുണ്ട്. ഒരു സാധാരണ പൗരനുമേല്‍ ഏതൊക്കെതരത്തിലുള്ള അടിച്ചമര്‍ത്തല്‍ നടത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഉമറിന്റെ കേസ് പറയുന്നത്.
ഡല്‍ഹി കലാപ ഗൂഢാലോചന കേസ് കെട്ടിച്ചമച്ച രീതിയും വിചിത്രമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെയെല്ലാം ലക്ഷ്യമിട്ടുള്ള വ്യാപകമായ അറസ്റ്റുകള്‍ നടന്നു. മൂന്നുപേര്‍ക്ക് ജാമ്യം കിട്ടിയെങ്കിലും മറ്റെല്ലാവരും വിചാരണയില്ലാതെ ജയിലില്‍ തുടരുകയാണ്. ഭീമ കൊറേഗാവ് കേസ് ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വിചാരണ ഇത്രയും നീട്ടുക എന്നത് ഒരു പുതിയ പ്രവണതയാണോ?
അല്ല, ആളുകളെ ദീര്‍ഘകാലം തടവിലാക്കിയിരുന്ന ടാഡ (ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്റ്റിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്റ്റ്), പോട്ട (പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്റ്റ്, 2002) കേസുകളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇന്നിത് വളരെ സാധാരണമായിരിക്കുകയാണ്.ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താന്‍ ടീമിന് വേണ്ടി ആഹ്ലാദം പ്രകടിപ്പിച്ചവര്‍ക്കെതിരെയും കശ്മീരില്‍ കേസെടുക്കുകയാണ്. അത്രയും വിചിത്രമായ കേസുകള്‍ എല്ലായ്‌പ്പോഴും ഉണ്ടാകുന്നുണ്ട്. ഇന്നത് കൂടുതലും വിയോജിപ്പുയര്‍ത്തുന്ന ശബ്ദങ്ങള്‍ക്ക് എതിരെയായി മാറിയിട്ടുണ്ട്. ഭീമ കൊറേഗാവ് കേസായാലും ഡല്‍ഹി വംശഹത്യാ കേസായാലും വിചാരണ തുടങ്ങിക്കഴിഞ്ഞാല്‍ ഇല്ലാതായിപ്പോകുന്ന കേസുകളാണ്. അവര്‍ക്ക് കഴിയുന്നത്ര കാലം വിചാരണ നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. യുഎപിഎ കേസുകളില്‍ വിചാരണ തുടങ്ങുന്നതുവരെയും ഭരണകൂടം ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ സത്യമാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ, വിചാരണ വൈകിപ്പിക്കുന്ന അത്രയും കാലം ഭരണകൂടം ആരോപിക്കുന്ന കുറ്റങ്ങളെല്ലാം സത്യമായി തന്നെ കണക്കാക്കപ്പെടുന്നു. ഈ വിചാരണയ്ക്ക് മൂന്ന് ഘട്ടങ്ങളാണ്, ആദ്യത്തേത് മാധ്യമ വിചാരണ, പിന്നീട് യഥാര്‍ത്ഥ വിചാരണയുടെ വൈകിപ്പിക്കല്‍, പിന്നീടാണ് യഥാര്‍ത്ഥ വിചാരണ തുടങ്ങുന്നുണ്ടെങ്കില്‍ തന്നെ തുടങ്ങാന്‍ പോകുന്നത്. മാധ്യമവിചാരണ നിങ്ങളെ തുടക്കത്തില്‍ തന്നെ കുറ്റവാളിയായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് വിചാരണ വൈകിപ്പിക്കുന്നു. അതിന് ശേഷം വിചാരണ നടന്നാല്‍ നടന്നു എന്നുമാത്രം. ഭീമ കൊറേഗാവ് കേസില്‍ത്തന്നെ മാധ്യമവിചാരണ നടന്ന സമയത്ത് മാധ്യമങ്ങള്‍ മുഴുവന്‍ ബഹളംവെച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതികള്‍ വിശദീകരിക്കുന്ന കത്തിനെ കുറിച്ചാണ്. കുറ്റപത്രത്തില്‍ പക്ഷേ ആ കത്തിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ല. വ്യക്തമായ തെളിവുകളായി മാധ്യമവിചാരണക്കിടെ കുറ്റാരോപിതര്‍ക്ക് മേല്‍ വെച്ചുകെട്ടിയ കാര്യങ്ങള്‍ ഒന്നും കുറ്റപത്രത്തിന്റെ പോലും ഭാഗമായിട്ടില്ല. ആ കേസില്‍ ഇപ്പോഴും വിചാരണ തുടങ്ങിയിട്ടില്ല. ഭീമ കൊറേഗാവ് ഗൂഢാലോചന കേസില്‍ ചിലര്‍ക്ക് ജാമ്യം കിട്ടി. പക്ഷേ മറ്റുള്ളവര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. 2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി വംശഹത്യ കേസിലും സമാനമായ രീതിയിലാണ് സംഭവിച്ചത്, അതിലും ചാര്‍ജ് ഫ്രെയിം ചെയ്തിട്ടില്ല. അവര്‍ വളരെ ബോധപൂര്‍വ്വം ഇതിലെ വിചാരണ വൈകിപ്പിക്കുകയാണ്, പക്ഷേ നമ്മളാണ് വിചാരണ വൈകിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തടവുകാരെ സംബന്ധിച്ച് അവര്‍ക്കെതിരെയുള്ള തെളിവുകള്‍ എന്താണെന്ന് അറിയേണ്ടത് അവരുടെ അവകാശമാണ്. പക്ഷേ മോശമായി പ്രിന്റ് ചെയ്ത രേഖകള്‍, പ്രവര്‍ത്തിക്കാത്ത സിഡികളൊക്കെ ആയി തെളിവുകള്‍ എന്ന് അവര്‍ പറയുന്ന രേഖകള്‍ തരുമ്പോള്‍ മെച്ചപ്പെട്ട രൂപത്തിലുള്ള കോപ്പികള്‍ നല്‍കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെടും. അതിനുവേണ്ടി കൂടുതല്‍ സമയം ആവശ്യപ്പെടും. നമ്മള്‍ പുതിയ കോപ്പികള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് കേസ് വൈകുന്നതെന്ന് നമുക്കുമേല്‍ കുറ്റം ചുമത്തും. എന്നാല്‍ നമുക്ക് മോശം പ്രിന്റുകളും പ്രവര്‍ത്തിക്കാത്ത സിഡികളും നല്‍കുന്നത് ഒരു പ്രശ്‌നമേയല്ല! ഇതു സംഭവിച്ചിട്ടുണ്ട്. ഇതൊരു ഉദാഹരണമാണ്.
ഉമര്‍ ഖാലിദിന് എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് വിചാരണ തുടങ്ങാത്തത്? നാലു വര്‍ഷങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ ആരോപിക്കുന്ന ഗൂഢാലോചനയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലേ? തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ലേ? പക്ഷേ അവര്‍ പറയുന്നത് അന്വേഷണം ഇപ്പോഴും തുടരുകയാണ് എന്നാണ്. നമ്മളല്ല വിചാരണ വൈകിപ്പിക്കുന്നത്, അവര്‍ തന്നെയാണ്.
പുതുതായി കൊണ്ടുവന്ന ക്രിമിനല്‍ നിയമങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍ വളരെയധികം സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. നിലവിലുള്ള കേസുകള്‍ ഈ നിയമങ്ങളുടെ പരിധിയിലേക്ക് വരികയില്ല പക്ഷേ ഈ പുതിയ നിയമങ്ങള്‍ നമ്മുടെ സമൂഹത്തെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത്?
മുമ്പ് നിയമത്തിലുണ്ടായിരുന്ന വ്യക്തതകള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്, നിയമം വ്യക്തമായിരിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് അത് സഹായകമാകുന്നത്. നിയമം അവ്യക്തമാകുമ്പോള്‍, അത് ജനങ്ങള്‍ക്ക് സഹായകമാകുകയില്ല. ആന്റി- നാഷണല്‍ എന്നത് നിയമത്തില്‍ ഉള്ളൊരു വാക്കല്ല, സിആര്‍പിസിയിലോ ഐപിസിയിലോ ആന്റി നാഷണല്‍ എന്ന വാക്ക് ഉണ്ടായിരുന്നില്ല. ആന്റി-നാഷണല്‍ അല്ലെങ്കില്‍ അര്‍ബന്‍ നക്‌സല്‍, ഈ വാക്കുകള്‍ നിയമത്തിലുള്ള വാക്കുകളല്ല. പക്ഷേ ഈ വാക്കുകള്‍ നിയമവ്യവസ്ഥയിലേക്കു കടന്നുവരികയാണ്, പുതിയ നിയമങ്ങളില്‍ അല്ല, അര്‍ബന്‍ നക്‌സല്‍ എന്ന വാക്ക് മഹാരാഷ്ട്രയുടെ നിയമനിര്‍മാണത്തില്‍ കടന്നുവന്നിട്ടുണ്ട്. നിയമത്തില്‍ നിലവിലുള്ള വ്യക്തതകള്‍ ഒരൊറ്റദിവസം കൊണ്ട് ഉണ്ടായിവന്നതല്ല. മനുഷ്യരുടെ സഹനത്തിന്റെ ചരിത്രമുണ്ട് അതിന്, നിയമപരമായ വ്യക്തതകള്‍ രൂപപ്പെട്ടത് ഒട്ടേറെ സമരങ്ങളിലൂടെ/മുന്നേറ്റങ്ങളിലൂടെ തന്നെയാണ്. ഉദാഹരണമായി 124എ, സെഡിഷന്‍- രാജ്യദ്രോഹം ആരോപിക്കുന്ന വകുപ്പ്, അത്തരത്തിലുള്ള നിരവധി കേസുകളിലൂടെ കടന്നുപോയ ശേഷം മാത്രമാണ് ഇന്ന് എന്താണ് രാജ്യദ്രോഹം അല്ലെങ്കില്‍ എന്തൊക്കെ രാജ്യദ്രോഹം അല്ല എന്ന വ്യക്തത രൂപപ്പെട്ടത്. പുതിയ നിയമങ്ങളില്‍ ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്, ഈ വ്യക്തത നഷ്ടപ്പെടുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, ഇനി ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ നിലവിലുണ്ടായിരുന്നു എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമേല്‍ സവര്‍ണാധിപത്യ ആക്രമണങ്ങള്‍ തീവ്രമാകുകയാണ് ചെയ്തത്. പാര്‍ലമെന്റ് തന്നെ കൂടുതല്‍ സംഘര്‍ഷങ്ങളുടെ വേദിയായി മാറി. പുതിയ പ്രതിപക്ഷത്തിന് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?
ബിജെപി പ്രതീക്ഷിച്ച അത്രയും ഭൂരിപക്ഷം അവര്‍ക്ക് കിട്ടിയില്ല എങ്കിലും ഇപ്പോളും അവര്‍ അധികാരത്തില്‍ തുടരുകയല്ലേ? അവര്‍ തന്നെയാണ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിനെ നിയന്ത്രിക്കുന്നതും. നിയമം അവരുടെ കയ്യിലാണ്, പക്ഷേ ഇത് തുടര്‍ന്നുകൊണ്ടിരിക്കേണ്ട സമരമാണ്. പ്രതിപക്ഷം വലിയൊരു ഭൂരിപക്ഷം നേടിയിരുന്നു എന്നിരിക്കട്ടെ, എല്ലാം ശരിയാകുമായിരുന്നോ? എനിക്കു തോന്നുന്നില്ല, കാരണം എല്ലാ സംവിധാനങ്ങളുടെയും നിയന്ത്രണം അവരില്‍ തന്നെയാണ് ഇപ്പോഴും.
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറ്റു വിദ്യാര്‍ത്ഥി നേതാക്കളുടെ കുടുംബങ്ങളുമായി ബന്ധം സൂക്ഷിക്കുന്നത് എങ്ങനെയാണ്?
ഓരോ പതിനഞ്ചോ ഇരുപതോ ദിവസങ്ങള്‍ കൂടുമ്പോള്‍ ഇവരെ കോടതിയില്‍ ഹാജരാക്കുമല്ലോ, അപ്പോഴാണ് നമ്മളെല്ലാം കാണുന്നത്. പിന്നെ ഈദ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലും നമ്മള്‍ തമ്മില്‍ കാണാറുണ്ട്.
കേസ് ലിസ്റ്റ് ചെയ്യപ്പെടുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതിയിലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിമാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുന്ന സാഹചര്യമാണ് നിലവില്‍. ഈ കേസ് പുതിയൊരു ബെഞ്ച് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ബനജ്യോത്സ്‌ന.