വൈദ്യസേവനത്തിന്റെ വികസിക്കുന്ന അതിർവരമ്പുകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മനുഷ്യർക്കുണ്ടാകുന്ന രോഗങ്ങൾക്ക് പരിഹാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചരിത്രപരമായി വൈദ്യസമ്പ്രദായം നിലനിന്നുപോന്നിരുന്നത്. വൈദ്യശാസ്ത്രത്തിന്റെയും ചികിത്സ സമ്പ്രദായങ്ങളുടേയും പ്രാഥമിക ലക്ഷ്യം രോഗങ്ങൾ ‘ഭേദമാക്കുക’ (cure) എന്നതായിരുന്നു — ഒരു പറ്റം രോഗങ്ങൾക്ക് ചികിത്സ നൽകാനുള്ള പ്രധാന ഉപാധിയായിരുന്നു ഇത്. ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ച് രോഗികൾക്ക് ഉപദേശം നൽകുക എന്നതും പിന്നീട് ഇതിന്റെ ഭാഗമായി. പ്രതിരോധ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ അനൗപചാരികമായി ആരംഭിക്കുകയും പിന്നീട് സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്തു. ഇതിനും പുറമെ, വാർദ്ധക്യ സഹജമായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും, കിടക്കയിൽ തളർന്ന് കിടക്കുന്നവർക്കും, ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗബാധിതർക്കും ദീർഘകാല പരിചരണം ചാരിറ്റി അടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്നു. ഇത് പ്രധാനമായും സാന്ത്വന ചികിത്സ (palliative care) യുടെ പരിധിയിൽ വരുന്നു.

ഇങ്ങനെ, വൈദ്യസേവനരംഗം  അതിന്റെ പരമ്പരാഗത ‘രോഗമുക്തി’ എന്ന അതിർവരമ്പുകൾ ഭേദിച്ച് ഇരുദിശകളിലേക്കും അതിവേഗം വികസിച്ചു — ഒരു വശത്ത് സ്ക്രീനിങ്, പ്രതിരോധം, ആരോഗ്യ ഉന്നമനം, മറുവശത്ത് പാലിയേറ്റീവ് കെയർ, ജീവിതാന്ത്യ പരിചരണം, കൂടാതെ കോസ്മെറ്റിക് ശസ്ത്രക്രിയകളും വെൽനസ് ക്ലിനിക്കുകളും. ഇതിന്റെ ഫലം എന്ന് പറയുന്നത്, ശരീരത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ശരിയും തെറ്റും നിർണ്ണയിക്കാനുള്ള അധികാരം വൈദ്യശാസ്ത്രം നേടിയെടുത്തു എന്നതാണ്. ഒരു സാമൂഹിക സംവിധാനം എന്ന നിലയിൽ, ജനജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും കടന്നുകയറി — ‘സ്വാഭാവികം’, ‘അസ്വാഭാവികം’ എന്നിവ നിർവ്വചിക്കുന്ന ഒരു വ്യവഹാര കേന്ദ്രമായി — ആളുകളുടെ ജീവിതത്തിൽ വൈദ്യശാസ്ത്രം കൂടുതൽ സ്വാധീനം ചെലുത്തുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു.‍

പഴയ കാലത്ത് വൈദ്യശാസ്ത്രം അതിന്റെ പരിമിതികളെ സ്വയം അംഗീകരിക്കുകയും രോഗശമനം എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ചികിത്സയിൽ  ഫലം കാണാതെ പോകുന്നത് വൈദ്യശാസ്ത്രത്തിന്റെ ഒരു പരിമിതിയായി അംഗീകരിക്കപ്പെട്ടിരുന്നു. ചിലപ്പോൾ, ഡോക്ടർമാർ രോഗികളോട് ചികിത്സ ആവശ്യമില്ലെന്നും ഏതാനും ദിവസത്തെ വിശ്രമത്തോടെ രോഗം ഭേദമാകും എന്നും പറയാറുണ്ടായിരുന്നു. ഗുരുതരമായ രോഗങ്ങളുടെ കാര്യത്തിൽ, വൈദ്യശാസ്ത്രത്തിന് ഇനി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നും, രോഗിക്ക് സമാധാനപൂർവ്വം മരിക്കാൻ കഴിയുന്നതിന് വേണ്ടി അവരെ വീട്ടിലേക്ക് കൊണ്ടുപോകാമെന്നും കുടുംബങ്ങളോട് പറയുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. സാമൂഹികവും സ്ഥാപനപരവുമായ നിർബന്ധിത കാരണങ്ങളാൽ ഈ രണ്ട് സാധ്യതകളും ഇന്ന് ചികിത്സ രംഗത്ത് യാഥാർത്ഥ്യങ്ങളല്ല.

Representative Image

 
രോഗി ഉപഭോക്താവ് ആകുമ്പോൾ
 

വൈദ്യസേവനരംഗത്തിന്റെ  അതിർ വരമ്പുകൾ വിശാലമാകുന്നതോടൊപ്പം, ആശുപത്രിക്കകത്തെ അധികാര ബന്ധങ്ങളും ഡോക്ടറും രോഗിയും തമ്മിലുള്ള  ഇടപഴകലിലുള്ള  ചലനാത്മകതയും മാറിമറഞ്ഞു. ഡോക്ടറെക്കാൾ കൂടുതൽ, ഒരു സ്ഥാപനം എന്ന നിലയിൽ ആശുപത്രികൾ നടപടിക്രമങ്ങൾക്കു മുകളിൽ ആധിപത്യം ചെലുത്തുകയും, ചികിത്സാപ്രക്രിയയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങളായി (SOP) നിശ്ചയിക്കുകയും ചെയ്തു. ചികിത്സാ പ്രക്രിയയിലെ  തീരുമാനങ്ങളിൽ ഡോക്ടർമാരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടു. കൂട്ടായ തീരുമാനമെടുക്കൽ (shared decision making) ഉറപ്പാക്കി രോഗിയെ കൂടുതൽ ശക്തരാക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു, അതിനായി ഉപഭോക്താവിലേക്ക് കൂടി കുറച്ച് അധികാരം കൈമാറ്റം ചെയ്യേണ്ടത് അനിവാര്യമായിരുന്നു. 
 
‘രോഗശമനം’ (cure) എന്ന അന്തിമലക്ഷ്യം ‘രോഗപരിചരണത്തിന്’ (care) വഴിമാറുക വഴി വൈദ്യസേവനരംഗം ഒരു പുതിയ ഉത്പന്നം മുന്നോട്ടു വയ്ക്കുകയും ‘രോഗിയുടെ സംതൃപ്തി’ (patient satisfaction) പ്രഥമ പരിഗണനയായി മാറുകയും ചെയ്തു. വൈദ്യസേവനരംഗത്ത് ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിലൂടെ, പരിചരണപ്രക്രിയയെ ചോദ്യം ചെയ്യാനുള്ള നിയമപരമായ അധികാരം രോഗിക്ക് നൽകിക്കൊണ്ട് ഒരു ഉപഭോക്താവ് എന്ന നിലയിൽ കൂടുതൽ അധികാരം രോഗിയിലേക്ക് മാറ്റപ്പെടുന്ന പുതിയൊരു യാഥാർഥ്യം ഉദയം ചെയ്തു. ഇത് ചികിത്സയിൽ ഉണ്ടായിരുന്ന വ്യാപാര സ്വഭാവത്തിന്  ആക്കം കൂട്ടുകയും ക്ലിനിക്കൽ ഫലങ്ങൾക്ക് പകരം രോഗിയുടെ സംതൃപ്തിക്ക് ഊന്നൽ ലഭിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകാൻ  കാരണവുമായി.

വിപണി തത്വങ്ങൾ പിന്തുടർന്നുകൊണ്ട് വൈദ്യപരിചരണം  കമ്പോളവത്ക്കരിക്കപ്പെടുന്നതിന്റെ ആരംഭഘട്ടമായിരുന്നു ഇത്. കൂടാതെ, നേരത്തെ ചൂണ്ടിക്കാട്ടിയ ‘രോഗിയുടെ സംതൃപ്തി’ എന്നതിനെ വൈദ്യപരിചരണത്തിന്റെ ആപ്തവാക്യമായി വീണ്ടും ഉറപ്പിച്ചു, അവിടെ എല്ലാ ഗുണമേന്മാ സൂചികകളും  ഇതിനെ ചുറ്റിപ്പറ്റി നിർണയിക്കുവാനും ആരംഭിച്ചു. ‘ഉപഭോക്താവ്’ എന്ന രോഗി ചികിത്സയുടെ കാര്യത്തിൽ ഉപഭോക്തൃത്വവും പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ,  ഇതിനോടകം അതിർത്തികൾ രോഗശമനം എന്നതിനപ്പുറത്തേക്ക് വ്യാപിപ്പിച്ച ആരോഗ്യ ചികിത്സ രംഗം, സമൂഹം ആരോഗ്യത്തോനോടൊപ്പം പരിഗണിക്കാൻ ആരംഭിച്ച ഏതിനെയും ഏറ്റെടുക്കാൻ തയ്യാറാകുന്ന സ്ഥിതിവിശേഷവുമുണ്ടായി. ഈ ഉപഭോക്തൃ ആവശ്യങ്ങൾക്ക് കഴിയുന്നത്ര പ്രതികരിച്ചുകൊണ്ട് ആശുപത്രികൾ സ്വയം പുനരുദ്ധരിക്കാൻ ആരംഭിക്കുകയും, അങ്ങനെ സാധ്യമായ എല്ലാ ഇടപാടുകളിലും വരുമാനം ഉണ്ടാക്കാനുള്ള വഴികൾ കണ്ടെത്താനും തുടങ്ങി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രോഗശമനത്തിനപ്പുറത്തേക്ക് വൈദ്യശാസ്ത്രത്തിന്റെ അതിർവരമ്പുകൾ വികസിച്ചപ്പോൾ, വൈദ്യപരിചരണത്തിന്റെ പരിധിയിൽ യഥാർത്ഥത്തിൽ വരാത്ത നിരവധി സേവനങ്ങൾ  രോഗികൾ ആവശ്യപ്പെടാനും  തുടങ്ങി.

Representative Image


 റിസ്ക് , വൈദ്യവൽക്കരണം, മരണഭയം
 
ഇതിന്റെ ഫലമായി, സമൂഹത്തിൽ നടക്കുന്ന വൈവിധ്യമായ ജീവിത സംഭവങ്ങൾ വൈദ്യശാസ്ത്രത്തിന്റെ  ഭാഷയിലും വൈദ്യശാസ്ത്രത്തിന്റെ വർഗ്ഗീകരണങ്ങളിലൂടെയും ആവിഷ്കരിക്കപ്പെടാൻ തുടങ്ങി, പ്രത്യേകിച്ചും എന്തിനും ഏതിനും ഒരു ‘റിസ്കുണ്ട് ‘ (Risk) എന്ന പ്രയോഗം. സൈദ്ധാന്തികമായി, ഏതൊരു വ്യക്തിക്കും ഏത് സമയത്തും ഏതെങ്കിലും ഒരു രോഗത്താൽ അപകടസാധ്യതയുണ്ടാകാം എന്നതും, മനുഷ്യർ മരണത്തിനതീതരല്ലാത്തിടത്തോളം, ഓരോ വ്യക്തിക്കും മരണത്തിന്റെ അപകടസാധ്യത നിലനിൽക്കുന്നു എന്നതും ഒരു സാർവത്രിക യാഥാർഥ്യമാണ്. അപകടസാധ്യത (Risk) എന്നത് ഒരു സംഭവത്തിലേക്കുള്ള സാധ്യത മാത്രമാണ്. എന്നാൽ ഇക്കാലത്ത്, പ്രധാനമായും പ്രതികൂല സംഭവങ്ങൾക്കും, രോഗങ്ങളേയും  അല്ലെങ്കിൽ ഏതെങ്കിലും അപകടത്തെയും സൂചിപ്പിക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അങ്ങനെ, വൈദ്യശാസ്ത്രത്തിന്റെ  പിന്തുണയോടെ അപകടസാധ്യതയുടെ ഭാഷ ഒരു സാങ്കേതിക ഭാഷയായി സമൂഹത്തിൽ നിയമസാധുത നേടിയെടുക്കുന്നു. ഇത്തരത്തിലുള്ള  ആശങ്കയോട് പ്രതികരിക്കുന്ന വിധത്തിൽ, അപകടസാധ്യത ലഘൂകരിക്കുന്നതിനുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് വൈദ്യശാസ്ത്രരംഗം തങ്ങളുടെ സേവനങ്ങൾ വിപുലീകരിക്കുന്നു.

ഉദാഹരണത്തിന് സ്ക്രീനിംഗ് വാഗ്ദാനം ചെയ്യുക വഴി രോഗമുക്തി, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന കോസ്മെറ്റിക് സേവനങ്ങളുടെ വാഗ്ദാനം, സ്ത്രീകൾക്ക് കുറഞ്ഞ അപകടസാധ്യതയുള്ളതായി പറയപ്പെടുന്ന വേദനയില്ലാത്ത സി സെക്ഷൻ പ്രസവങ്ങളുടെ വാഗ്ദാനം തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ഇത് സമൂഹത്തിൽ വ്യാപിച്ചുവന്നു. രോഗങ്ങളെ ചികിത്സിക്കുക എന്ന വൈദ്യശാസ്ത്രത്തിന്റെ പ്രധാന ധർമം, ജനനം മുതൽ മരണം വരെയുള്ള ജനങ്ങളുടെ മിക്കവാറും എല്ലാ ആവശ്യങ്ങളിലേക്കും, അതുപോലെ തന്നെ രോഗവുമായി ബന്ധമില്ലാത്ത നിരവധി ശാരീരിക ആവശ്യങ്ങൾക്കും പരിഹാരമെന്നോണം വർത്തിക്കുക എന്നതിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു.

ഇത് രണ്ട് പുതിയ വീക്ഷണങ്ങളെ പ്രദാനം ചെയ്തിരിക്കുന്നു: ഒന്നാമതായി, മനുഷ്യവർഗ്ഗത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും വൈദ്യശാസ്ത്രം ഒരു പരിഹാരമാകുമെന്ന മിഥ്യാധാരണ രൂപപ്പെടുക. ജീവിതം എന്നത് എപ്പോൾ വേണമെങ്കിലും ഇല്ലാതാവുന്നതും, ഏത് ജീവിത സാഹചര്യവും മരണത്തിൽ എത്തിപ്പെടാൻ സാധ്യതയുള്ള അപകടം പിടിച്ചതാണെന്നുള്ള ധാരണയാണ് രണ്ടാമെത്തേത്. ഈ അവസ്ഥയെ 1970-കളിൽ എർവിങ് സോള (Irving Zola) വളരെ മനോഹരമായി ഒറ്റ വരിയിൽ വിശേഷിപ്പിച്ചിട്ടുണ്ട് “ജീവിക്കുന്നത് തന്നെ ആരോഗ്യത്തിന് ഹാനികരമാണ് ” (Living is Injurious to Health). ഇത് ഓരോ വ്യക്തിയിലും അന്തർലീനമായുള്ള മരണഭീതിയെ തീവ്രമാക്കുന്നതിന് കാരണമായിട്ടുണ്ട്, അതിനാൽ വൈദ്യശാസ്ത്രം  ഒരു രക്ഷകനായി വീക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൈദ്യശാസ്ത്രത്തിന്  കൂടുതൽ അധികാരം ആരോപിക്കപ്പെടുന്നതിലേക്ക് ഇത് നയിച്ചിട്ടുണ്ട്. ഇതാണ് ‘സമൂഹത്തിന്റെ വൈദ്യവത്കരണം’ അഥവാ medicalisation എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ജീവിത സംഭവങ്ങളും വൈദ്യപരിചരണത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നു എന്നതാണ് ഇതിന്റെ ഒരു പ്രത്യാഘാതം; അവിടെ എല്ലാ ശാരീരിക പ്രശ്നങ്ങൾക്കും  വൈദ്യശാസ്ത്രം പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Representative Image

വൈദ്യവത്കരണം എന്നത് ഒരു പ്രക്രിയയാണ്; അത് വഴി ആരോഗ്യം, രോഗം, രോഗശമനം എന്നീ വർഗ്ഗീകരണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറുന്നു. ഇത് ഒരു സ്വാഭാവിക സംഭവമല്ല, മറിച്ച് ഒരു പ്രധാന സാമൂഹിക സ്ഥാപനമായ വൈദ്യശാസ്ത്രരംഗവുമായി സമൂഹം ഇടപെടുന്ന രീതിയിൽ ഉൾച്ചേർന്നതാണ്. വൈദ്യശാസ്ത്രവും സമൂഹവും തമ്മിലുള്ള ഇടപെടൽ, ജൈവവൈദ്യശാസ്ത്രത്തിന്റെ (biomedicine) പരിണാമത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കപ്പെടേണ്ടതുണ്ട്; വിവിധതരം രോഗങ്ങളെ ചികിത്സിക്കാനുള്ള കഴിവ് കാരണം, കാലത്തെ അതിജീവിച്ച ഒരു പ്രായോഗിക തൊഴിലാണത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചരിത്രപരമായ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചും, സ്വയം ഒരു ‘ശാസ്ത്രീയ’ തൊഴിലായി സ്ഥാപിച്ചുകൊണ്ടും, ആ തൊഴിലിന്റെ വളർച്ചയുടെ ഒരു ‘സ്വാഭാവിക’ അനന്തരഫലമായി വൈദ്യവത്കരണത്തെ മനസ്സിലാക്കേണ്ടതുണ്ട്. മറുവശത്ത്, വൈദ്യവൽക്കരണം എന്നത്, വൈദ്യശാസ്ത്രത്തെ ജനങ്ങൾക്ക് ലളിതവും സ്വീകാര്യവുമാക്കി ലഭ്യമാക്കുന്നതിനായി അതിനെ ക്രമീകരിച്ച രീതിയാണ്. എന്നാൽ ഇതിനകത്ത് ഉൾപ്പെട്ടിരിക്കുന്ന താത്പര്യങ്ങളും, ചികിത്സാരംഗത്ത്  അന്തർലീനമായുള്ള വാണിജ്യവത്ക്കരണവും അതിന്റെ അനന്തസാധ്യതയും കാരണം, വൈദ്യശാസ്ത്രത്തെ  നിക്ഷേപം അർഹിക്കുന്ന ഒരു വ്യാപാരമേഖലയാക്കി മാറ്റിയിരിക്കുന്നു. കൂടുതൽ നടപടിക്രമങ്ങളെ വൈദ്യസേവനരംഗത്തിന്റെ കീഴിൽ ഉൾക്കൊള്ളിക്കുന്നതിനായി അതിന്റെ അതിർത്തികൾ നിരന്തരം വികസിപ്പിക്കുന്ന വിപണികളാണ് ചികിത്സാരംഗത്തിന്റെ  വാണിജ്യവത്കരണത്തിനായുള്ള പ്രധാന ചാലകശക്തികളിലൊന്ന്. ഇത് ചികിത്സാ പരിചരണത്തിന്റെ പാർശ്വവർത്തിയായി നിലനിൽക്കുന്ന പല നടപടിക്രമങ്ങൾക്കും, അതായത് രോഗനിർണ്ണയോപാധികൾ (diagnostics), മരുന്നുകളുടെ ഉപഭോഗം (ഇവ എല്ലായ്പ്പോഴും ചികിത്സയ്ക്ക് മാത്രമല്ല, മറിച്ച് ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളവയാണ്) എന്നിവയ്ക്ക് വൻതോതിലുള്ള ആവശ്യകത സൃഷ്ടിക്കുന്നു.

ഈ പട്ടികയിലെ പുതിയ കൂട്ടിച്ചേർക്കലുകൾ, വൈദ്യശാസ്ത്രരംഗത്തെ സാങ്കേതികവിദ്യകൾ, ഇൻഷുറൻസ് കമ്പനികൾ, അവയുടെ ഭരണസംവിധാനങ്ങൾ (TPA പോലുള്ളവ) എന്നിവയാണ്.
വൈദ്യശാസ്ത്രത്തിന് വിപണിയെ രൂപാന്തരപ്പെടുത്താനുള്ള കഴിവുണ്ട്, കൂടാതെ  ചികിത്സാരംഗത്തെ എല്ലാ തലങ്ങളിലും വാണിജ്യവത്കരണത്തിന്റെ ആശയങ്ങൾ ഉയർന്നുവരികയും ചെയ്യുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടിട്ടാണ് 1980-കളിൽ Relman അമേരിക്കൻ സാഹചര്യത്തിൽ, ഇതിനെ വൈദ്യ-വ്യാവസായിക സമുച്ചയം (medical-industrial complex) എന്ന് വിളിച്ചത്. ഒരു മുന്നറിയിപ്പായിട്ടായിരുന്നു അദ്ദേഹം ഇത് ചൂണ്ടിക്കാണിച്ചത്. ചുരുക്കി പറഞ്ഞാൽ, വൈദ്യശാസ്ത്രം അതിന്റെ വ്യാപ്തിയും അതിർവരമ്പുകളും വികസിപ്പിക്കുമ്പോൾ സംഭവിക്കാൻ പോകുന്നത്, രോഗങ്ങൾക്ക് ശമനം നൽകുക എന്ന പ്രധാനം ലക്ഷ്യം രണ്ടാം തരമായി മാറുകയും, വൈദ്യശാസ്ത്രത്തിന്റെ  പ്രാഥമിക ലക്ഷ്യം ലാഭം എന്ന വെറും രണ്ടക്ഷരങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു.
 
അപകടസാധ്യത വിലയിരുത്താൻ ജനസംഖ്യ ഡേറ്റ
 
ചികിത്സാരംഗത്തിന്റെ അതിർവരമ്പുകളുടെ വികാസവും വൈദ്യശാസ്ത്രത്തിലെ വർദ്ധിച്ചുവരുന്ന ഉപഭോക്തൃത്വവും അപകടസാധ്യതാ ചിന്തയിലുള്ള വർധനയും, വൈദ്യവത്കരണവും ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ജീവിതത്തിന്റെയും അതുവഴി സമൂഹത്തിന്റെയും വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയുടെ ഫലമാണ്. സങ്കീർണ്ണമായ ജീവിത പ്രക്രിയകളിൽ നിന്നുണ്ടാകുന്ന ഉത്കണ്ഠയെയാണ് ‘അപകടസാധ്യതാ ചിന്തയായി’ വിവർത്തനം ചെയ്യപ്പെടുന്നത്. കൂടാതെ, ഏതൊരു സമൂഹത്തിന്റെയും പൊതു സ്വഭാവമാണ് രോഗസാധ്യതയെക്കുറിച്ചുള്ള ഈ ധാരണ. ഉൾറിക് ബെക്കിന്റെ (Ulrich Beck)  അഭിപ്രായത്തിൽ, അപകടസാധ്യത എന്ന ആശയത്തിന് ഒരു പ്രത്യേക സ്വഭാവമുണ്ട്,  കാര്യങ്ങൾ സാധാരണ നിലയിലായിരിക്കുമ്പോൾ, അപകടത്തിന്റെ സാധ്യത മാത്രമാണ് നിലനിൽക്കുക. എന്നാൽ അപകടനില നിലവിലില്ല താനും. ഇത് യാഥാർത്ഥ്യത്തിൽ നിലവിലുള്ള ഒന്നിനെ സൂചിപ്പിക്കുന്നതല്ല. കാരണം യഥാർത്ഥത്തിൽ നിലവിലുള്ളത് രണ്ട് അവസ്ഥകൾ മാത്രമാണ്: ഒന്നുകിൽ സാധാരണ നില, അല്ലെങ്കിൽ അപകടത്തിലായ അവസ്ഥ, ഈ രണ്ട് സാഹചര്യങ്ങളിലും അപകടസാധ്യത എന്നൊന്ന് നിലനിൽക്കില്ല.

ആരോഗ്യത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി, കാരണം ഒരു വ്യക്തി ആരോഗ്യവാനും സാധാരണ നിലയിലും ആയിരിക്കുമ്പോൾ യാതൊരു അപകടസാധ്യതയുമില്ല, എന്നാൽ ഒരു വ്യക്തിക്ക് രോഗം ബാധിച്ചാൽ അവർ ഇതിനകം അപകടത്തിലായിക്കഴിഞ്ഞിരിക്കുകയും ചെയ്യും, അപ്പോൾ രോഗത്തിനുള്ള അപകട സാധ്യത നിലനിൽക്കില്ല. എന്നാൽ മരണത്തിനുള്ള അപകടസാധ്യത ഉണ്ടായേക്കാം. മനുഷ്യർ മരണത്തിനതീതരല്ലാത്തിടത്തോളം മരണത്തിനുള്ള അപകടസാധ്യത ഒഴിവാക്കാനാവാത്ത അവസ്ഥയാണ്. ഇവിടെ വൈദ്യവത്കരണത്തിന്റെയും ചികിത്സയുടെയും പശ്ചാത്തലത്തിൽ രോഗത്തിനുള്ള അപകടസാധ്യതയാണ് ഏറ്റവും ഭയാനകമായ സാഹചര്യമായി മുന്നോട്ട് വെയ്ക്കുന്നത്. അവിടെ ഓരോ വ്യക്തിക്കും രോഗം വരാനുള്ള സാധ്യത ഒരു സംഭാവ്യതയായി കാണപ്പെടുന്നു.
 
എന്നാൽ, ജനസംഖ്യാതലത്തിൽ രോഗങ്ങളുടെ അപകടസാധ്യത പരിശോധിക്കുമ്പോൾ എല്ലായ്പ്പോഴും സ്ഥിരതയുള്ള ഒരു മാതൃക (pattern) കാണാൻ കഴിയും. കൂടാതെ ആളുകളുടെ രോഗസാധ്യത അവരുടെ സാമൂഹിക പശ്ചാത്തലത്തെക്കൂടി  ആശ്രയിച്ചിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ രോഗം മൂലമുണ്ടാകുന്ന, അപകടസാധ്യതയുടെ പശ്ചാത്തലം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കൂടാതെ ‘ഏതൊരാൾക്കും ഏത് സമയത്തും രോഗം വരാം’ എന്ന വിശ്വാസം തെറ്റാണെന്ന് ഇതിൽനിന്നും വ്യക്തമാകും. വിവിധ ജനവിഭാഗങ്ങളിൽ പ്രമേഹം, രക്താതിമർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് പ്രായം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യതാ ഘടകം. അതുപോലെ തന്നെ ഒരു ജനസംഖ്യയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ നിരക്ക്, നിസ്സാര രോഗങ്ങളുടെ അനുപാതം, അതിന്റെ വ്യാപന രീതി എന്നിവയെക്കുറിച്ചുള്ള ജനസംഖ്യാ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്, വ്യക്തിതലത്തിലുള്ള പല ആശങ്കകളും അസ്ഥാനത്താണ് എന്ന് തന്നെ.

അങ്ങനെ, സമൂഹത്തിന്റെ അപകടസാധ്യതാ ധാരണ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകളുടെ ഒരു സവിശേഷതയാണ്. ഈ സങ്കീർണ്ണതകളോടെയാണ് നാം ജീവിക്കുന്നതും സാമൂഹികമായി പുരോഗമിക്കുന്നതും. മറ്റ് മേഖലകളെപ്പോലെതന്നെ സമൂഹത്തിലെ ഉപഭോക്‌തൃത്വ മനോഭാവം ചികിത്സാരംഗത്തെയടക്കം  പിടിമുറുക്കുന്നുണ്ടെന്നുള്ള വാദം ഈ സാഹചര്യത്തിൽ നമുക്കുന്നയിക്കാം. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഉപയോഗിച്ച് അപകടസാധ്യതാ ധാരണയെ യുക്തിസഹമാക്കേണ്ടതുണ്ട്. അങ്ങനെ സമീപിച്ചാൽ   ആളുകൾക്കിടയിലെ അനാവശ്യ ഭയം ഒരു പരിധിവരെ ലഘൂകരിക്കാൻ കഴിയും, കൂടാതെ ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വൈദ്യസമൂഹത്തിന്റെ പങ്ക് പ്രധാനമാണ്, കാരണം ഒരു സാമൂഹിക സ്ഥാപനം എന്ന നിലയിൽ ആശുപത്രികൾ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Representative Image

ഡോക്ടറിങ്ങിലൂടെ വിശ്വാസം ഉറപ്പിക്കൽ
 
ചികിത്സാരംഗം  അതിന്റെ വ്യാപ്തി വർധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ അതിൽ ചികിത്സാ പ്രക്രിയയ്ക്ക് ആവശ്യമായ മറ്റു സഹ-സേവനങ്ങളും (support services) ഉൾപ്പെടുന്നു. ഈ  സേവനങ്ങൾ ഡോക്ടറിംഗ് എന്ന പ്രക്രിയയെ സഹായിക്കുന്നു. രോഗനിർണയം (diagnosis), രോഗഗതിയെ കുറിച്ചുള്ള പ്രവചനം (prognosis), ചികിത്സ (treatment) എന്നിവയാണ് ഡോക്ടറിംഗിൽ ഉൾപ്പെടുന്ന പ്രക്രിയകൾ. ഡയഗ്നോസ്റ്റിക് പരിശോധനകളും ഫാർമസിയുമാണ് പ്രധാന സഹ-സേവനങ്ങൾ. ഇവ രണ്ടും ഇന്ന് വളരെയധികം വികസിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ രണ്ട് സേവനങ്ങളും ഇപ്പോൾ സ്വതന്ത്ര മേഖലകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ‘ഡോക്ടറിംഗ്’ എന്നതിന്റെ സ്വഭാവം പരിശോധിക്കേണ്ടതും വ്യാഖ്യാനിക്കേണ്ടതും. ഡോക്ടറും രോഗിയും തമ്മിലുള്ള വിശ്വാസം ഇല്ലാതാകുന്നതിന് എന്തൊക്കെ ഘടകങ്ങൾ കാരണമാകുന്നു  എന്നും പഠിക്കേണ്ടതുണ്ട്.
 
ഡോക്ടറിംഗ് ഒരു പ്രക്രിയയാണ്. ഈ പ്രക്രിയയിൽ, ഒരു വൈദ്യൻ (ഡോക്ടർ) തന്റെ വിദഗ്ദ്ധ പരിജ്ഞാനം ഉപയോഗിക്കുന്നു. അദ്ദേഹം രോഗിയുടെ ശാരീരിക അസ്വസ്ഥതയെ (Illness) വ്യാഖ്യാനിച്ചു  മനസ്സിലാക്കുകയും, തുടർന്ന് ഒരു മെഡിക്കൽ രോഗനിർണയത്തിലെത്തിച്ചേരുകയും ചെയ്യുന്നു. അതിനുശേഷം പരിഹാരങ്ങൾ (ചികിത്സ) നിർദ്ദേശിക്കുകയും ചിലപ്പോൾ നിർവഹിക്കുകയും ചെയ്യുന്നു. മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ചികിത്സാരംഗത്തിന് ഒരു പ്രത്യേകതയുണ്ട്. രോഗി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗിക്ക് ഏറ്റവും നല്ലത് എന്താണെന്ന് വിദഗ്ദ്ധനായ ഡോക്ടർക്ക് മാത്രമേ അറിയാനും മനസ്സിലാക്കാനും കഴിയൂ. ഇതിനായി രോഗിയുടെ ശരീരത്തെ ആഴത്തിലുള്ള പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമുണ്ട്.
 
വിദഗ്ദ്ധൻ അല്ലാത്ത രോഗിയെ സംബന്ധിച്ചിടത്തോളം, ഒരു സാർവത്രിക സത്യമുണ്ട്. എല്ലാ രോഗവും അപകടസാധ്യതാ ചിന്തയ്ക്ക് കാരണമാകും. ഇത് മരണഭയത്തിലേക്ക് നയിക്കും. രോഗനിർണയവും രോഗമുക്തി സാധ്യതയും ഒരു വിദഗ്ദ്ധൻ പറഞ്ഞു നൽകുന്നതുവരെ രോഗിക്ക് ആശങ്ക നിലനിൽക്കും. ഡോക്ടറുടെ പ്രൊഫഷണൽ വൈദഗ്ദ്ധ്യവും ജീവിത-മരണ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് എല്ലാ സമൂഹങ്ങളിലും ഡോക്ടർമാർക്ക് ബഹുമാനവും പദവിയും നൽകുന്നത്. ഈ ബഹുമാനത്തിലൂടെയാണ്  രോഗികളിൽ വിശ്വാസം സൃഷ്ടിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്നത്. ഇത് രോഗിക്കും ഡോക്ടറും തമ്മിൽ പരോപകാരപരമായ ബന്ധം സൃഷ്ടിക്കുന്നു. സമൂഹത്തിൽ  ചികിത്സ എന്നത്  ഒരു പൊതുനന്മയ്ക്കായി (Public good) നൽകപ്പെടുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ.
 
പൊതുനന്മയിലൂന്നിയ വൈദ്യസേവനരംഗം ഏറ്റവും പ്രധാനമായും ഊന്നൽ നൽകേണ്ടത് അതിൽ ഏറ്റവും പ്രധാനിയായ ഡോക്ടർക്ക് നൽകുന്ന പ്രതിഫലവും അത് നിശ്ചയിക്കുന്ന മാനദണ്ഡവുമാണ്. ഇവിടെയാണ് സർക്കാർ സ്ഥാപനവും സ്വകാര്യ സ്ഥാപനവും വേറിട്ട് നിൽക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ അവർ പ്രവർത്തിക്കുന്ന സമയത്തിന് അനുസൃതമായിരിക്കും. ഇത് ജനറലിസ്റ്റുകൾക്കും, സ്പെഷ്യലിസ്റ്റുകൾക്കും, സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും ആനുപാതികമായി വ്യത്യാസപ്പെട്ടിരിക്കും. ചികിത്സ എന്നത് പൊതു നന്മയ്ക്കായി കണക്കാക്കുമ്പോൾ, ഡോക്ടർമാർ പ്രൊഫഷണലുകൾ എന്ന നിലയിൽ അവരുടെ സേവനത്തിനായി ചെലവഴിക്കുന്ന സമയത്തിന്റെ മൂല്യമാണ് വിലയിരുത്തപ്പെടുന്നത് അതിനനുസൃതമായി ശമ്പളം നിർണയിക്കുകയും ചെയ്യുന്നു.
 
എന്നാൽ, ഇത് ഒരു സ്വകാര്യലാഭത്തിനായ്  കണക്കാക്കുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. അപ്പോൾ ‘ഡോക്ടറിംഗ്’ എന്ന പ്രവൃത്തിയും അതിനുള്ള വരുമാനവും ഒരു പൊതുസമൂഹത്തിന് വേണ്ടിയുള്ളതല്ല. പകരം, ഓരോ വ്യക്തിയുടെയും സാമ്പത്തികശേഷി അനുസരിച്ചായിരിക്കും നിർണയിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഡോക്ടർ ഈടാക്കുന്ന ഫീസ് ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. ഡോക്ടർ ആ ജോലിക്കായി ചെലവഴിച്ച സമയത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് രോഗം ഏത് തരത്തിലാണ്, അതിന്റെ തീവ്രത എത്രയാണ്, ഏതു ക്യാറ്റഗറിയിലുള്ള രോഗിയാണ് എന്നതിനെ  അടിസ്ഥാനമാക്കിയായിരിക്കും അത്. എന്തുകൊണ്ടാണ് ചികിത്സാരംഗത്ത് ഏർപ്പെട്ടിരിക്കുന്ന മറ്റ് പ്രൊഫഷണലുകൾക്ക് അവർ സേവനം നൽകുന്ന രോഗികളുടെ എണ്ണത്തിന്റെയോ അവർ ചികിത്സിക്കുന്ന രോഗത്തിന്റെ സ്വഭാവത്തിന്റെയോ അടിസ്ഥാനത്തിൽ പ്രതിഫലം നൽകപ്പെടുന്നില്ല?  രോഗി എന്ന വ്യക്തി ഒരിക്കൽ ചികിത്സയെ ഒരു ഉത്പന്നമായി കണ്ടുകഴിഞ്ഞാൽ, രോഗിക്കുള്ളിലെ ഉപഭോക്താവ് ഉണരുന്നു. മറ്റ് ഉത്പന്നങ്ങളെപോലെ പണത്തിന് മൂല്യം ആവശ്യപ്പെടാൻ അവൻ തുടങ്ങുന്നു. ചികിത്സാരംഗത്ത്  അത് ആവശ്യമില്ലെങ്കിൽ പോലും അങ്ങനെ തന്നെ  സംഭവിക്കുന്നു.

ആരോഗ്യ ഇൻഷുറൻസിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന  ധാർമിക അപചയവും, പ്രസവത്തിനായി സ്ത്രീകൾ സിസേറിയൻ ആവശ്യപ്പെടുന്നു എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. വിപണിയിൽ ലഭ്യമായ മറ്റ് സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ചികിത്സാരംഗത്തിന് ഒരു പ്രത്യേകതയുണ്ട്. ചികിത്സ എപ്പോഴും ‘ആവശ്യം’ ഉള്ളപ്പോൾ മാത്രമേ നൽകപ്പെടേണ്ടതുള്ളൂ. ആളുകൾ ‘ആഗ്രഹിക്കുന്നു’  എന്ന കാരണത്താൽ അത് നൽകാൻ പാടില്ല.

Representative Image

ചികിത്സാരംഗത്തെ നിയന്ത്രിക്കാൻ
 
ചികിത്സയുടെ മുഴുവൻ പ്രക്രിയയിലും ഡോക്ടറും രോഗിയും തമ്മിലുള്ള വിശ്വാസം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഒരു നിയമമെന്ന നിലയിൽ, എല്ലാ ആശുപത്രികളും കർശനമായ തീരുമാനം എടുക്കുമെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. ചികിത്സ പ്രക്രിയയിൽ നിന്ന് സ്വത്ത് സമ്പാദിക്കാനുള്ള ഏത് സാധ്യതയും ഒഴിവാക്കണം. ഇതിന്റെ അർത്ഥം എന്തെന്നാൽ, ഒരു ഡോക്ടർ ഒരു ദിവസം അഞ്ച് രോഗികളെ ചികിത്സിച്ചാലും പത്ത് രോഗികളെ ചികിത്സിച്ചാലും അദ്ദേഹത്തിന്റെ വരുമാനത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാകരുത്. രോഗത്തിന്റെ തീവ്രത പരിഗണിക്കേണ്ടതില്ല. ഡോക്ടർ ഒരു ലാബ് പരിശോധനയോ, എക്സ്റേയോ, എംആർഐയോ, സിടി സ്കാനോ നിർദ്ദേശിച്ചാലും അദ്ദേഹത്തിന്റെ വരുമാനത്തിൽ വ്യത്യാസം വരരുത്. ഡോക്ടർ ഒരു ജനറലിസ്റ്റ് ആകട്ടെ, സ്പെഷ്യലിസ്റ്റ് ആകട്ടെ, സൂപ്പർ സ്പെഷ്യലിസ്റ്റ് ആകട്ടെ, അല്ലെങ്കിൽ ഒരു സർജൻ ആകട്ടെ. എല്ലാ തലങ്ങളിലും, അവരുടെ ശമ്പളം രോഗിയുമായും സ്ഥാപനവുമായും ചെലവഴിക്കുന്ന സമയത്തിന് ആനുപാതികമായി നിശ്ചയിക്കപ്പെടണം. ഇത് മണിക്കൂർ അടിസ്ഥാനത്തിൽ നിശ്ചയിക്കാവുന്നതുമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു ആശുപത്രിക്കും ഡോക്ടർമാർക്ക് അവർ കൺസൾട്ട് ചെയ്യുകയോ ചികിത്സിക്കുകയോ ചെയ്യുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് പണം നൽകാൻ കഴിയില്ല. പകരം, ഓരോ ആശുപത്രിയും ഡോക്ടർമാർ ജോലി ചെയ്യുന്ന മണിക്കൂറുകൾക്കനുസരിച്ച് അവർക്ക് ശമ്പളം നൽകണം.
 
ഇത് സൂചിപ്പിക്കുന്നത്, പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർക്കും വരുമാനം ഉണ്ടാക്കുന്നതിനായി തന്റെ പ്രവർത്തന രീതിയിൽ മാറ്റം വരുത്താനോ ക്രമീകരിക്കാനോ ഒരു അവസരവും ഉണ്ടാകില്ല എന്നതാണ്. ഒരു ഡോക്ടറുടെ പ്രവൃത്തി, രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഏറ്റവും പുതിയ സ്റ്റാൻഡേർഡ് മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്നതായിരിക്കണം. നടപടിക്രമങ്ങളുടെ കാര്യത്തിൽ ഓരോ പ്രക്രിയയിലും ഡോക്ടർമാർ ചെലവഴിക്കുന്ന സമയത്തിന്റെ അളവാണ് പ്രതിഫലത്തിന്റെ അടിസ്ഥാനമായി മാറേണ്ടത്. ഇത് നടപ്പിലാക്കുകയാണെങ്കിൽ, ആരോഗ്യ ചികിത്സാരംഗത്തെ ഏറ്റവും ശക്തമായ നിയന്ത്രണ രീതിയായി ഇത് മാറും. ആത്യന്തികമായി, ഡോക്ടർമാരും രോഗികളും തമ്മിൽ വിശ്വാസം വളർത്തിയെടുക്കാനും ഇത് സഹായിക്കും.

Also Read

11 minutes read June 13, 2026 9:44 am