ഹിൻഡൻബർ​ഗ് റിപ്പോ‍‍ർട്ട്: ചുരുളഴിയുന്ന അവിശുദ്ധ ബന്ധങ്ങൾ

2024 ആ​ഗസ്റ്റ് 10 നാണ് ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക മേഖലകളെയൊന്നാകെ ഞെട്ടിച്ചുകൊണ്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനുമെതിരെ ഹിൻഡൻബർ​​ഗ് പുതിയ റിപ്പോർട്ട് പുറത്ത് വിടുന്നത്. മാധബിക്കും ഭർത്താവിനും അദാനി ​ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ ഷെൽ കമ്പനികളിൽ എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർ​​ഗിന്റെ പുതിയ റിപ്പോർട്ട് പറയുന്നത്. ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബർമുഡയിലെയും മൗറീഷ്യസിലെയും രഹസ്യ ഷെൽ കമ്പനികളിലാണ് ഇരുവർക്കും നിക്ഷേപമുള്ളത്. ഹിൻഡൻബർഗ് ഓഗസ്റ്റ് 10ന് രാവിലെ 5.30ന് ഇന്ത്യയെ സംബന്ധിച്ച് ചില വലിയ കാര്യങ്ങൾ ഉടൻ പു‌റത്ത് വരുമെന്ന് (Something big soon India)സൂചന നൽകുന്ന ഒറ്റവരി പോസ്റ്റ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. രാത്രിയോടെയാണ് റിപ്പോർട്ടിന്റെ പൂർണ്ണ രൂപം പുറത്ത് വിടുന്നത്. കഴിഞ്ഞ വർഷം ഹിൻഡൻബർഗ് അദാനിക്കെതിരെ പുറത്ത് വിട്ട റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങളുടെ തുടർച്ചയെന്ന രീതിയിലാണ് പുതിയ റിപ്പോർട്ട് ഹിൻ‍ഡൻബർ​ഗ് പുറത്ത് വിട്ടിരിക്കുന്നത്.

2023 ജനുവരി 24നാണ് ‘അദാനി ​ഗ്രൂപ്പ്: ലോകത്തിലെ മൂന്നാമത്തെ ധനികൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെ എങ്ങനെ അടിച്ചമർത്തുന്നു‘ എന്ന തലക്കെട്ടിൽ ഹിൻഡൻബർഗ് അദാനിയുടെ സാമ്പത്തിക ക്രമക്കേടുകൾ വെളിപ്പെടുത്തുന്ന ആദ്യ റിപ്പോർട്ട് പുറത്ത് വിട്ടത്. നികുതിരഹിത വിദേശ രാജ്യങ്ങളിൽ കടലാസ് കമ്പനികൾ രൂപീകരിച്ച് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടി ലാഭമുണ്ടാക്കി അതിലൂടെ കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരി വ്യാപാരമെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. റിപ്പോർട്ടിനെത്തുടർന്ന് അന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം 72 ലക്ഷം കോടിരൂപ ഇടിഞ്ഞിരുന്നു. റിപ്പോർട്ടിന് പിന്നാലെ ഫോർബ്സിന്റെ ധനികരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി നാലാം സ്ഥാനത്തേക്കും പിന്നീട് 7-ാം സ്ഥാനത്തേക്കും വീണു.

ഹിൻഡൻബർഗിന്റെ എക്സ് പോസ്റ്റ്

2015 ൽ സിംഗപ്പൂരിൽ അദാനി കമ്പനികളുമായി ബന്ധമുള്ള ഐപിഇ പ്ലസ് ഫണ്ട് 1-ൽ മാധബി ബുച്ചും, ധവൽ ബുച്ചും നിക്ഷേപം നടത്തിയെന്നാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടിലെ പ്രധാന ആരോപണം. വിനോദ് അദാനിയുടെ ഗ്ലോബൽ ഡൈനാമിക് ഓപ്പർച്യൂണിറ്റീസ് ഫണ്ടാണ് ഇരുവരും നിക്ഷേപം നടത്തിയെന്ന് ആരോപിക്കുന്ന മറ്റൊരു ഫണ്ട്. നിക്ഷേപത്തിൻ്റെ ഉറവിടമായി ശമ്പളമാണ് കാണിച്ചിരുന്നത്. 2017ൽ മാധബി ബുച്ച് സെബിയിലെ സ്ഥിര അംഗമാകുന്നതിനു ദിവസങ്ങൾക്കുമുമ്പ് നിക്ഷേപങ്ങളുടെ പൂർണ അധികാരം തനിക്കു മാത്രമാണെന്ന് കാണിച്ച് ധവാൽ ബുച്ച് മൗറീഷ്യസിലെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്ന ട്രൈഡന്റ് ട്രസ്റ്റിനെ ഇ-മെയിൽ വഴി ബന്ധപ്പെട്ടതിനുള്ള തെളിവും റിപ്പോർട്ടിൽ ഹിൻഡൻബർഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. ബുച്ചിന്റെ ഭർത്താവായ ധവാൽ ബുച്ച് ബ്ലാക്ക് സ്റ്റോണിന്റെ സീനിയർ അഡ്വൈസറായിരുന്ന കാലത്ത് സെബി ബ്ലാക്ക് സ്റ്റോണിന് നേട്ടമുണ്ടാകുന്ന വിധത്തിൽ രണ്ട് ഐ.പി.ഒകൾക്ക് അടക്കം അനുമതി നൽകിയെന്ന മറ്റൊരു ആരോപണവും ഹിൻഡൻബർഗ് ഉന്നയിക്കുന്നു. വിദേശ നിക്ഷേപരെ കണ്ടെത്താൻ സെബിക്ക് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, ഒരുപക്ഷേ സെബി ചെയർപേഴ്‌സൺ സ്വയം കണ്ണാടിയിൽ നോക്കി തുടങ്ങാമായിരുന്നു, അദാനിക്കെതിരെയുള്ള റിപ്പോർട്ടിൽ സെബി വിമുഖത കാണിച്ചതിൽ അത്ഭുതമില്ല, അത് അവരുടെ സ്വന്തം ചെയർപേഴ്‌സണിലേക്ക് നയിച്ചേക്കാവുന്നത് കൊണ്ടാണെന്നുമുള്ള കടുത്ത ആരോപണങ്ങളാണ് മാധബിക്കെതിരെ റിപ്പോർട്ടിലുള്ളത്.

2023 ലെ അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ വിശാൽ തിവാരി, എം.എൽ. ശർമ, കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, ആക്ടിവിസ്റ്റ് അനാമിക ജയ്‌സ്വാൾ എന്നിവർ 2023 മാർച്ചിൽ സുപ്രീം കോടതിയിൽ ഒരുകൂട്ടം പൊതുതാത്പര്യ ഹർജികൾ ഫയൽ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണം നടത്തുന്നതിന് എന്തെങ്കിലും നിയന്ത്രണ ചട്ടക്കൂട് ഉണ്ടോ എന്ന് അന്വേഷിക്കാനും പരിശോധിക്കാനും മാർച്ച് രണ്ടിന് സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൂടാതെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സെബിയെയും ചുമതലപ്പെടുത്തി. എന്നാൽ 2024 ജനുവരിയിൽ പ്രത്യേക അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. സെബിയുടെ അധികാര പരിധിയില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട് എന്നായിരുന്നു സുപ്രീം കോടതി നൽകിയ വിശദീകരണം. പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളിയ ജനുവരി മൂന്നാം തീയതിയിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും 2024 ജൂലൈ 15 ന് സുപ്രീം കോടതി തള്ളി.

2023 ൽ ഹിൻഡൻബർ​ഗ് റിസ‌ർച്ച് അദാനി ​ഗ്രൂപ്പിനെതിരെ ഉന്നയിച്ച റിപ്പോർട്ടിലെ ആരോപണങ്ങൾ കൃത്യമായി തന്നെ അന്വേഷിച്ചിരുന്നുവെന്നാണ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി നൽകുന്ന വിശദീകരണം. സുപ്രീം കോടതിയും ഇത് അം​ഗീകരിച്ചതാണ്. നിലവിൽ 24 അന്വേഷണങ്ങളിൽ 23ഉം പൂർത്തിയാക്കി, ഒന്നിൽ നടപടി ഉടൻ പൂർത്തിയാക്കുമെന്നും സെബി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ​ട്രസ്റ്റിന്റെ ചട്ടങ്ങളിൽ സെബി വരുത്തിയ മാറ്റങ്ങൾ ചെയർപേഴ്സൺ മാധവി ബുച്ചിന്റെ ഭർത്താവ് ധാവൽ ജോലി ചെയ്തിരുന്ന ബ്ലാക്ക് സ്റ്റോണിന് ലഭിച്ചുവെന്ന പുതിയ റിപ്പോർട്ടിലെ ആരോപണത്തേയും സെബി തള്ളി. ചട്ടങ്ങളിൽ കാലാകാലങ്ങളിൽ മാറ്റം വരുത്തുമെന്നും ഇതിന് കമ്പനിയുമായി ബന്ധമില്ലെന്നുമാണ് സെബി നൽകിയ വിശദീകരണം. വ്യക്തി​ഗത താത്പര്യങ്ങൾ കൂടികലരാതിരിക്കാൻ പല വിഷയങ്ങളിലും മാധബി സ്വയം മാറി നിന്നിട്ടുണ്ടെന്നും സെബി അറിയിച്ചു. ഹിൻഡൻബ‌ർ​ഗിന്റെ ആരോപണം ഓഹരി വിപണിയെ ബാധിക്കാതെയിരിക്കാനുള്ള നടപടികളും സെബി സ്വീകരിച്ചു. ഓഹരി ഇടപാടുകൾ നടത്തുന്നവർ സംയമനം പാലിക്കണമെന്നും ഹിൻഡൻബ‌ർ​ഗ് പുറത്തുവിട്ടത് പോലുള്ള റിപ്പോർട്ടുകളിൽ കാര്യമായ ​ഗൃഹപാഠം നടത്തേണ്ടത് അത്യാവശ്യമാണെന്നും സെബി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിൻഡൻബർ​ഗിന്റെ ഇന്ത്യയിലെ പ്രവർത്തനം സംബന്ധിച്ചു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ മറുപടിക്കു പകരം സെബിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നാണ് സെബിയുടെ ആരോപണം. എന്നാൽ അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ മാധബിയുടെ നിക്ഷേപ ബന്ധമാണ് കാരണമെന്നാണ് ഹിൻഡൻ ബർഗ് പുറത്ത് വിട്ട റിപ്പോർ‌ട്ടിൽ പറയുന്നത്.

മാധവി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും കടപ്പാട്: news24online

ഹിൻഡൻബർ​​ഗിന്റെ ആരോപണങ്ങൾ വ്യക്തിഹത്യയ്ക്കുള്ള ശ്രമമാണെന്നായിരുന്നു മാധബി പ്രസ്താവനയിലൂടെ പ്രതികരിച്ചത്. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണ്. ഹിൻഡൻബർഗിനെതിരെ എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമാണ് നിലവിൽ നടത്തുന്നതെന്നും മാധബി ആരോപിച്ചു. ആരോപണവിധേയമായ നിക്ഷേപങ്ങൾ താൻ സെബിയുടെ മുഴുവൻ സമയ അം​ഗമാകുന്നതിന് രണ്ടു വർഷം മുൻപ് സിങ്കപ്പൂരിൽ താമസിക്കുന്ന സമയത്ത് നടത്തിയതാണ്. സ്കൂളിലും ഡൽഹി ഐഐടിയിലും ധവാലിന്റെ സഹപാഠിയായിരുന്ന അനിൽ അഹുജ ചീഫ് ഇൻവസ്റ്റ്മെന്റ് ഓഫീസറായതിനാലാണ് നിക്ഷേപം നടത്തിയത്. ആ പണം അദാനി ​ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരികളിലോ കടപത്രങ്ങളിലോ നിക്ഷേപിച്ചിട്ടില്ലെന്ന് അനിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മാധബി നൽകുന്ന വിശദീകരണം.

ആരോപണങ്ങൾ നിഷേധിച്ച മാധബിയുടെ പ്രസ്താവനക്ക് മറുപടിയായി ഏത് അന്വേഷണത്തെയും നേരിടാൻ മാധബി തയ്യാറാകുമോയെന്നും സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങൾ പുറത്ത് വിടുമോയെന്നും ചോദ്യവുമുന്നയിച്ചിരിക്കുകയാണ് ​ഹിൻഡൻബർ​ഗ്. റിപ്പോർട്ടിൽ ഉന്നയിച്ച വാദങ്ങളെ സാധൂകരിക്കുന്നതാണ് മാധബിയുടെ പ്രസ്താവനയിലെ വിശദീകരണമെന്നും ഹിൻഡൻബർ​ഗ് ആരോപിക്കുന്നു. സെബിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മാധബി പുരി. 2017 ഏപ്രിൽ മുതൽ മാധബി സെബിയുടെ മുഴുവൻ സമയ അംഗമായി പ്രവർത്തിക്കുന്നു

സെബിയുടെ പ്രസ്താവനയ്ക്കപ്പുറം തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന നിലപാടാണ് ധനമന്ത്രാലയം ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശപരവുമെന്നാണ് ഹിൻഡൻബർ​ഗ് റിപ്പോർട്ട് സംബന്ധിച്ച് ഇത്തവണയും അദാനി ​ഗ്രൂപ്പിന്റെ വാദം. ഹിൻഡൻ‌ബർ​ഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനി ​ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയിൽ 7 ശതമാനം ഇടിവ് തുടക്കത്തിലുണ്ടായെങ്കിലും വ്യാപാരം പുരോ​ഗമിച്ചതോടെ നഷ്ടം വീണ്ടെടുക്കാനായി. ഹിൻഡൻബർ​ഗിന്റെ പുതിയ റിപ്പോർട്ട് വിപണിയെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് വിദ​ഗ്ധാഭിപ്രായം. ധവാൽ ബുച്ച് 2019 മുതൽ ബ്ലാക്ക്സ്റ്റോണിന്റെ മുതിർന്ന ഉപദേശകനാണ്. എന്നാൽ കമ്പനിയുടെ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ മാധവ് ബുച്ചിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നാണ് ഇതിൽ ബ്ലാക്ക്സ്റ്റോണിന്റെ പ്രതികരണം.

സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇക്കാര്യം അന്വേഷിച്ച സെബി അദാനി ഗ്രൂപ്പിന്‌ ക്ലീന്‍ചിറ്റ് നല്‍കുകയും അന്വേഷണം സമ​ഗ്രമാണെന്ന് കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി അം​ഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സെബി മേധാവിക്കെതിരെ പുതിയ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ സെബിയുടെ നേത‍ൃത്വത്തിലുള്ള അന്വേഷണത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. സെബിയുടെ വിശ്വാസ്യത പൂർണ്ണമായി തകർന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി ആരോപിച്ചത്. ഹിൻഡൻബർ​ഗ് റിപ്പോർട്ട് നിറയെ ഊഹാപോഹങ്ങൾ മാത്രമാണെന്നും കോൺ​ഗ്രസിന്റെ ​ഗൂഡല​ക്ഷ്യങ്ങളാണിതിന് പിന്നിലെന്നുമായിരുന്നു മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ എക്സ് പോസ്റ്റ്.

കണക്റ്റിക്കട്ട് സർവ്വകലാശാലയിൽ നിന്ന് അന്താരാഷ്‌ട്ര ബിസിനസിൽ ബിരുദം നേടിയ നഥാൻ ആൻഡേഴ്‌സൺ 2017ലാണ് ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക് സാമ്പത്തിക ഗവേഷണ സംരംഭമായ ഹിൻഡൻബർഗ് ആരംഭിച്ചത്. കോർപ്പറേറ്റ് കമ്പനികളിലെ അക്കൗണ്ടിംഗ് ക്രമക്കേടുകൾ, അന്യായമായ പ്രവർത്തന രീതികൾ, വെളിപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകൾ, നിയമ വിരുദ്ധമായ ബിസിനസ് നടത്തിപ്പുകൾ എന്നിവ കണ്ടെത്തുന്നതിൽ ഈ സ്ഥാപനം മികവ് പുലർത്തുന്നു. 1937-ൽ ന്യൂജേഴ്‌സിയിലേക്ക് പറക്കവെ കത്തിയമർന്ന ഹിൻഡൻബർഗ് എന്ന വലിയ ആകാശക്കപ്പലിന്റെ പേരാണ് കമ്പനിക്കായി സംരംഭകർ കണ്ടെത്തിയത്. തീർത്തും മനുഷ്യനിർമ്മിതവും ഒഴിവാക്കാവുന്നതുമായ ഒരു ദുരന്തത്തിന്റെ പ്രതിരൂപമെന്ന നിലയിലാണ് തങ്ങൾ ഹിൻഡൻബർഗിനെ കാണുന്നതെന്നും സമാനമായ മനുഷ്യനിർമ്മിത ദുരന്തങ്ങൾ വിപണിയിലുണ്ടോയെന്ന് നോക്കുകയാണ് ഹിൻഡൻബർഗ് ചെയ്യുന്നതെന്നും ഹിൻഡൻബർഗ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. അതേസമയം, ഹിൻഡൻബർഗ് അതിൻ്റെ സമീപകാല പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ വിപണികളിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 16, 2024 1:18 pm