വന്യജീവി സംഘർഷം: കണക്കുകൾ വ്യക്തമാക്കുന്ന ജനരോഷത്തിന്റെ കാരണങ്ങൾ

മാനന്തവാടി ചാലി​ഗദ്ധയിൽ കർഷകൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരാഴ്ച തികയുന്നതിന് മുമ്പ് മറ്റൊരാൾ കൂടി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതോടെ ജനങ്ങൾ കടുത്ത പ്രതിഷേധവുമായി തെരുവിലേക്ക് എത്തിയിരിക്കുകയാണ്. കുറുവ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിലെ വാച്ചർ ആയ പോൾ ആണ് ഫെബ്രുവരി 16ന് രാവിലെ ഒമ്പതരയോടെ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ചാലി​ഗദ്ധയിലെ അജീഷിനെ മോഴയാന ചവിട്ടിക്കൊന്ന സ്ഥലത്ത് നിന്നും ഏഴ് കിലോ മീറ്റർ മാത്രം അകലെയാണ് പോൾ ആക്രമിക്കപ്പെട്ട സ്ഥലം. അജീഷിനെ കൊന്ന ബേലൂർ മഖ്ന എന്ന ആനയെ വനം വകുപ്പ് തിരയുന്നതിന്റെ ഭാ​ഗമായി കുറുവ ദ്വീപ് അടച്ചിട്ട വിവരം അറിയാതെ എത്തിയ സഞ്ചാരികളെ മടക്കിവിട്ട ശേഷം മരച്ചുവട്ടിൽ ബഞ്ചിൽ വിശ്രമിക്കവെയാണ് പോളിന്റെ അടുക്കലേക്ക് അഞ്ച് ആനകളുള്ള കൂട്ടം എത്തുന്നത്. പോളിന്റെ മരണത്തെ തുടർന്ന് വയനാട് ജില്ലയിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും ശനിയാഴ്ച ഹർത്താൽ ആചരിച്ചു. ഹർത്താൽ ദിവസം പോളിന്റെ മൃതദേഹവുമായി വലിയ പ്രതിഷേധമാണ് തദ്ദേശീയരുടെ മുൻകൈയിൽ പുൽപ്പള്ളി ടൗണിൽ അരങ്ങേറിയത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ തടയുകയും അവരുടെ ജീപ്പിന് മുകളിൽ കടുവ കൊന്ന കാളയുടെ ജഡം കെട്ടിവയ്ക്കുകയും ടയറിന്റെ കാറ്റഴിച്ച് വിടുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് പോളിന്റെ വീട്ടിലെത്തുകയും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും മകളുടെ വിദ്യാഭ്യാസ ചെലവ്, ശല്യക്കാരായ ആനകളെ തുരത്തൽ തുടങ്ങിയ കാര്യങ്ങൾ ഉറപ്പ് നൽകുകയും ചെയ്ത ശേഷമാണ് പോളിന്റെ മൃതദേഹം സംസ്കരിച്ചത്. മനുഷ്യ-വന്യജീവി സംഘർഷങ്ങളുണ്ടാകുന്ന സ്ഥലമെന്ന നിലയിൽ വയനാട്ടിൽ ആദ്യമായുണ്ടായ സംഭവമല്ല ഇത്. കഴിഞ്ഞ ഡിസംബറിൽ പൂതാടി പഞ്ചായത്തിലെ മൂടൻകൊല്ലിയിൽ പ്രജീഷ് എന്ന ചെറുപ്പക്കാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴും അതിനു മുമ്പും പലപ്പോഴും സമാനായ സംഘർഷാവസ്ഥ വയനാട് ജില്ലയിൽ ഉടലെടുത്തിരുന്നു.

അടുത്തടുത്തുണ്ടായ മരണങ്ങളും ജനവാസ കേന്ദ്രങ്ങളിലുണ്ടാകുന്ന ആനയുടെയും കടുവയുടെയും എല്ലാം തുടർച്ചയായ സാന്നിധ്യവും ആണ് പ്രതിഷേധങ്ങൾ ശക്തമാകാനുള്ള മുഖ്യ കാരണം. വന്യജീവി ആക്രമണം നേരിടേണ്ടി വരുമ്പോഴെല്ലാം (പ്രത്യേകിച്ച് മരണം സംഭവിക്കുമ്പോൾ) പ്രശ്നബാധിതരായ ജനങ്ങൾ വനം വകുപ്പുദ്യോ​ഗസ്ഥരുമായി സംഘർഷത്തിലേർപ്പെടുന്നത് പതിവായിരിക്കുന്നു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഇത്തരത്തിലുള്ള മറ്റ് പല സാമൂ​ഹിക സംഘർഷങ്ങൾക്കും കൂടി കാരണമായിത്തീരുന്നു എന്നാണ് ഇപ്പോൾ വയനാട്ടിൽ നടക്കുന്ന സംഘർഷങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സംഘർഷ ലഘൂകരണം എന്നത് തദ്ദേശീയ ജനതയ്ക്കും വന്യജീവികൾക്കും ഇടയിൽ മാത്രമല്ല, ജനങ്ങൾക്കും വനംവകുപ്പിനും ഇടയിൽ കൂടി നടത്തേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. എന്തുകൊണ്ടായിരിക്കും ജനങ്ങൾക്ക് വനം വകുപ്പിനോട് ഈ വിധം സംഘർഷത്തിലേർപ്പെടേണ്ടി വരുന്നത്? വനം വകുപ്പിനോടും വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വകുപ്പ് തല നടപടികളോടും ജനങ്ങൾക്ക് എതിർപ്പുണ്ടാകാൻ കാരണമെന്തായിരിക്കും? വനം വകുപ്പിന്റെ പരമ്പരാ​ഗത ശൈലികളും ജനകീയമായ രീതിയിലുള്ള പ്രവർത്തനങ്ങളുടെ അഭാവവും കൊളോണിയൽ രീതിയിലുള്ള വനഭരണ ശൈലിയുടെ തുടർച്ചകളും ഫീൽഡ് തല സ്റ്റാഫുകളുടെ അപര്യാപ്തതയും ജനങ്ങൾക്കും വനം വകുപ്പിനും ഇടയിലുള്ള സംഘർഷങ്ങൾ കൂടുന്നതിന് കാരണമായിട്ടുണ്ട്. വനവുമായി ബന്ധപ്പെട്ട് സ്ഥാപിത താത്പര്യങ്ങളുള്ളവർ ഈ അകൽച്ചയെ മുതലെടുക്കുന്നതായും കണ്ടിട്ടുണ്ട്.

നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലുള്ള കാപ്പിത്തോട്ടത്തിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിക്കുന്നു. കടപ്പാട്:thehindu

വന്യജീവികളുടെ ആക്രമണം കാരണം തുടർച്ചയായി കൃഷിനാശവും കന്നുകാലി നാശവും വസ്തുവകകളുടെ നാശവും ആളപായങ്ങളും നേരിടേണ്ടി വരുന്ന ജനസമൂഹങ്ങളെ സംബന്ധിച്ച് ഈ പ്രശ്നത്തിന് ഒരു അടിയന്തിര പരിഹാരം കാണുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ നിലവിൽ ഉപയോ​ഗിച്ചുവരുന്ന സംഘർഷ ലഘൂകരണ മാർ​ഗങ്ങളുടെ അപര്യാപ്തതകളും ശാസ്ത്രീയ വീക്ഷണമില്ലായ്മയും അപ്ഡേഷനുകളുടെ അഭാവവും കാരണം സംഘർഷം കുറയുന്നില്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. നിലവിൽ കോടികൾ ചിലവാക്കി വനം വകുപ്പ് അവലംബിക്കുന്ന മാർ​ഗങ്ങളൊന്നും വന്യജീവികൾ ജനവാസ മേഖലകളിലേക്ക് എത്തുന്നതിന് പരിഹാരമായി മാറുന്നില്ല എന്നത് കേരളത്തിലെമ്പാടും ദൃശ്യമാണ്. സംഘർഷ ലഘൂകരണത്തിന് ഉത്തരവാദിത്തപ്പെട്ട ഏജൻസിയെന്ന നിലിയിൽ വനം വകുപ്പിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന ഇത്തരം കെടുകാര്യസ്ഥതയുമായി പൊരുത്തപ്പെടാൻ പ്രശ്ന ബാധിത സമൂഹങ്ങൾക്ക് കഴിയാത്ത സ്ഥിതി വന്നിരിക്കുന്നു.

ജനങ്ങളുടെ എതിർപ്പുകൾ ശക്തമാകാനുള്ള മറ്റൊരു കാരണം നഷ്ടപരിഹാര തുകയുടെ കുറവും സമയോചിതമായി അത് നൽകാതിരിക്കലുമാണ്. ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളുടെ ഭാ​ഗത്ത് നിന്നുമുണ്ടാകുന്ന പ്രതിഷേധങ്ങളേയും നഷ്ടങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന നഷ്ടപരിഹാര തുകയേയും തട്ടിച്ചുനോക്കുമ്പോൾ സംഘർഷങ്ങളുടെ ഒരു പ്രധാനകാരണമായി അത് വിലയിരുത്താൻ കഴിയും. നഷ്ടപരിഹാരമായി സർക്കാരും വനംവകുപ്പും വകയിരുത്തിയിട്ടുള്ള തുകയുടെ കാര്യത്തിലും ജനങ്ങൾക്ക് എതിർപ്പുണ്ട്. അതേസമയം സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ കിടങ്ങ് നിർമ്മാണത്തിനും കന്മതിലിനും ഫെൻസിം​ഗിനുമെല്ലാമായി വൻ തുകയാണ് വനം വകുപ്പ് ചിലവഴിക്കുന്നത്. എന്നാൽ ഇതൊന്നും എവിടെയും ഉപകാരപ്പെടുന്നുമില്ല. ജനങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം ലഭിക്കാതിരിക്കുകയും സംഘർഷം ലഘൂകരിക്കാനായി പണം ​ധാരാളമായി മാറ്റിവയ്ക്കുകയും ചെയ്യുന്നതിന്റെ പ്രശ്നം ജനങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട്. (കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്കായി ചെലവാക്കിയത് 57.15 കോടിയും നഷ്ടപരിഹാരമായി നൽകിയത് 11. 23 രൂപയും ആണെന്ന് വിവരാവകാശ നിയമപ്രകാരം വനം വകുപ്പിൽ നിന്നും ലഭിച്ച കണക്കുകൾ പറയുന്നു). ഒപ്പം, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടികളിലുണ്ടാകുന്ന കാലതാമസവും തുകയുടെ അപര്യാപ്തതയും കൂടി ഈ സാഹചര്യത്തിൽ ചർച്ച ചെയ്യേണ്ടുന്ന വിഷയമാണ്. ജനങ്ങളും വനം വകുപ്പും തമ്മിലുള്ള സംഘർഷ ഭൂമിയായി വയനാട് ജില്ല മാറിക്കൊണ്ടിരിക്കുന്ന സാഹ​ചര്യത്തിൽ വയനാട് വന്യജീവി സങ്കേതത്തെ ആസ്പദമാക്കിയുള്ള ചില കണക്കുകൾ വിശകലനം ചെയ്തുകൊണ്ട് പ്രശ്നങ്ങളെ അപ​ഗ്രഥിക്കാൻ ശ്രമിക്കുകയാണ് ഇവിടെ.

കേരളം: അഞ്ച് വർഷത്തെ കണക്കുകൾ

വനം-വന്യജീവി വകുപ്പിന്റെ ഔദ്യോ​ഗിക കണക്കുകൾ പ്രകാരം കേരളത്തിൽ ഓരോ വർഷവും മനുഷ്യ-വന്യജീവി ആക്രമണത്തിന്റെ തോത് വർദ്ധിച്ചുവരികയാണ്. 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ കേരളത്തിലെ വിവിധയിടങ്ങളിലായി ആകെ 559 പേരാണ് ആന, കടുവ, കാട്ടുപോത്ത്, കാട്ടു പന്നി, പുലി, പാമ്പ് തുടങ്ങിയ ജീവികളുടെ ആക്രമണമേറ്റ് ഇതുവരെയും മരണമടഞ്ഞത്. 2018-19 ലാണ് ഏറ്റവും കൂടുതൽ (146) പേർക്ക് ജീവഹാനിയുണ്ടായത്. തുടർന്നുള്ള രണ്ടു വർഷങ്ങളിലും 92, 88 എന്നിങ്ങനെ കുറവുണ്ടായെങ്കിലും 2021-22 ആകുമ്പോഴേക്കും അത് വീണ്ടും വർ​ദ്ധിക്കുന്നതായി (114) തന്നെയാണ് കാണുന്നത്. അതേസമയം, അക്കാലയളവിൽ തന്നെ 40,56 പേർക്ക് വിവിധ ജീവികളുടെ ആക്രമണത്തിൽ സാരമായും ​ഗുരുതരമായും പരിക്കേറ്റതായും പറയുന്നുണ്ട്. 2020-21 കാലത്താണ് ഏറ്റവും കൂടുതൽ (988) പേർക്ക് പരിക്കേൽക്കുന്നത്. പരിക്കേൽക്കുന്നവരുടെ എണ്ണം തൊട്ടടുത്ത വർഷം 758 ആയി കുറയുന്നുമുണ്ട്.

കന്നുകാലികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെതായി മൊത്തം 2144 കേസുകളാണ് കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2017 ലും (561) 2022 ലുമാണ് (514) ഏറ്റവും കൂടുതൽ കന്നുകാലി നാശം ഉണ്ടായിരിക്കുന്നതായി കാണുന്നത്. ഇടയിലുള്ള മൂന്ന് വർഷങ്ങളിൽ താരതമ്യേന വളരെ കുറവാണ്. പശു, ആട്, കോഴി, താറാവ് തുടങ്ങിയ വളർത്തുമൃ​ഗങ്ങളെയാണ് കൂടുതലായും വന്യജീവികൾ ആക്രമിക്കുന്നത്.

വയനാട് വള്ളുവാടിയിൽ സ്ഥാപിച്ച സോളാർ വൈദ്യുതി വേലി. കടപ്പാട്:wti

ഗണ്യമായ വ്യത്യാസങ്ങളില്ലാതെ കൃഷിയ്ക്കും മറ്റു വസ്തുവകകൾക്കും ആക്രമണം നേരിടുന്നതായാണ് ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ നിന്നും മനസ്സിലാകുന്നത്. ആകെ 31,005 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ​എങ്കിലും 2017-18 ലാണ് ഏറ്റവും കുറവ് (5703) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓരോ വർഷങ്ങളിലും സംഭവിക്കുന്ന മരണം, പരിക്ക്, കന്നുകാലി നാശം, കൃഷി നാശം, വസ്തുവകകളുടെ നാശം എന്നിവയ്ക്കുള്ള നഷ്ടപരിഹാര തുക പരിശോധിക്കുമ്പോഴും കാര്യമായ കുറവ് സംഭവിച്ചിട്ടുള്ളതായി കാണുന്നില്ല. 2019-20 ൽ മാത്രം ചെറിയ രീതിയിലുള്ള കുറവ് (9,30,06,454 രൂപ) കാണുന്നുണ്ട്. തുടർന്നുള്ള രണ്ട് വർഷങ്ങളിലും ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കാണുന്നത്. ഇക്കാലയളവിൽ മേൽപ്പറഞ്ഞ ഇനങ്ങളിൽ ആകെ നൽകിയ നഷ്ടപരിഹാര തുക എന്നത് 541,946,439 രൂപയാണ്.

വയനാട്ടിലെ കണക്കുകൾ

സൂക്ഷ്മമായ അന്വേഷണത്തിൽ കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന സ്ഥലമാണ് വയനാട് വന്യജീവി സങ്കേതം. നാഗർഹോള, ബന്ദിപ്പൂർ, മുതുമലൈ എന്നീ സംരക്ഷിത പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതമാണ് എന്നതിനാൽ തന്നെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ സംഘർഷ സാധ്യത വളരെ കൂടുതലുമാണ്.

വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പതിനഞ്ച് വർഷക്കാലയളവിൽ (2008 മുതൽ 2022 വരെ) വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ മാത്രം വിവിധ വന്യജീവികളുടെ ആക്രമണത്തിൽ 24 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇക്കാലയളവിൽ തന്നെ വിവിധ വന്യജീവികളുടെ ആക്രമണത്തിൽ 99 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 10,977 കേസുകൾ വിളനാശത്തിന്റെതായും 997 കേസുകൾ കന്നുകാലി നാശത്തിന്റെതായും 238 എണ്ണം മറ്റു വസ്തു വകകളുടെ നാശവുമായും രേഖപ്പെടുത്തിയിട്ടുണ്ട്. (​ഗ്രാഫ് കാണുക)

ഏറ്റവും കൂടുതൽ മരണം (3 പേർ വീതം) സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ടത് 2015, 2018, 2019 വർഷങ്ങളിലാണ്. പരിക്കേറ്റവരുടെ കണക്കുകളുടെ പരിശോധനയിൽ 2013 ലും (15 പേർക്ക്) 2014 ലും (14 പേർക്ക്) 2018 ലുമാണ് (11 പേർക്ക്) ഏറ്റവും കൂടുതൽ മനുഷ്യർക്ക് പരിക്കേറ്റതായി മനസ്സിലാകുന്നത്. അതേസമയം 2008 മുതൽ 2012 വരെ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വളരെ വലിയ കുറവ് തന്നെ അനുഭവപ്പെടുന്നുമുണ്ട്. കൃഷി നാശം സംബന്ധിച്ച കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2013 (1188 കേസുകൾ) ലും 2018 (1185 കേസുകൾ) ലുമാണ്. 2008 (350 കേസുകൾ), 2011 (396 കേസുകൾ) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് കൃഷിനാശം സംഭവിച്ചിട്ടുള്ളത്. കന്നുകാലി നാശത്തിന്റേതായി ആകെ റിപ്പോർട്ട് (10,977) ചെയ്യപ്പെട്ട കേസുകളിൽ 2013 (115 എണ്ണം) ലും 2018 (108 എണ്ണം) ലുമാണ് ഏറ്റവും കൂടുതലുള്ളതായി കാണപ്പെടുന്നത്. 2008 (19 എണ്ണം), 2009 (22 എണ്ണം) വർഷങ്ങളിലാണ് ഏറ്റവും കുറവ് കന്നുകാലി നാശം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. വന്യജീവി ആക്രമണത്തിൽ ഏറ്റവും കൂടുതൽ വസ്തു വകകൾക്ക് നാശമുണ്ടായ വർഷം 2020 (47 കേസുകൾ), 2019 (32 കേസുകൾ) ആണ്. ഏറ്റവും കുറവുണ്ടായത് 2010 (1) ലും 2011 (3) ലുമാണ്. പതിനഞ്ച് വർഷത്തെ വന്യജീവി ആക്രമണത്തിന്റെ ഈ കണക്കുകളിൽ നിന്ന് തന്നെ നിലവിലുള്ള സംഘർഷത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാവുന്നതാണ്.

നാശനഷ്ടങ്ങളുടെ രേഖപ്പെടുത്തപ്പെട്ട കണക്കുകൾ (രേഖപ്പെടുത്തപ്പെടാത്തത് ഇനിയുമുണ്ടാകും) തന്നെ ഇത്രയും അധികമാണെന്നിരിക്കെ ഇവയ്ക്കെല്ലാം അർ​ഹമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടോ? കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരം എങ്ങിനെയാണ് തിട്ടപ്പെടുത്താനാവുക? കാലങ്ങളായി കാർഷിക വൃത്തിയിലേർപ്പെടുന്ന കർഷകരുടെ അധ്വാനത്തിന് എങ്ങിനെയാണ് വിലയിടാനാവുക? കേരളത്തിൽ ആ പ്രക്രിയ ശാസ്ത്രീയമായി നടന്നിട്ടുണ്ടോ? നിലവിൽ നൽകിവരുന്ന നഷ്ടപരിഹാര തുക മതിയാകെ വരുന്നു എന്നാണ് കർഷകർ പറയുന്നത്. ജനങ്ങൾക്കുണ്ടാകുന്ന യഥാർത്ഥ നഷ്ടങ്ങൾ രേഖപ്പെടുത്തുന്നതിനും അവ സമയബന്ധിതമായി നൽകുന്നതിനുമുള്ള സംവിധാനം ഇന്നും കേരളത്തിലില്ല എന്നതുകൊണ്ടുതന്നെ പലപ്പോഴും യഥാർത്ഥ നഷ്ടത്തേക്കാൾ വളരെ തുച്ഛമായ തുകയാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. അതുതന്നെ വളരെയധികം വൈകിയുമാണ് ലഭിക്കുന്നത്. (വയനാട് ജില്ലയിലെ കർഷകരുടെ കൂട്ടായ്മയായ വയനാട് വന്യജീവി ശല്യ പ്രതിരോധ സമിതി കാർഷിക വിളകളുടെ നഷ്ടപരിഹാരം എങ്ങനെ കണക്കാക്കാം എന്നതിനെ സംബന്ധിച്ച് ഒരു പഠനം നടത്തുകയും നഷ്ടപരിഹാര മാതൃക മുന്നോട്ടുവയ്ക്കുയും ചെയ്തിട്ടുണ്ട്. അത് സർക്കാർ പരി​ഗണിക്കേണ്ട ഒരു സം​ഗതിയാണ്.)

വയനാട് വന്യജീവി ശല്യ പ്രതിരോധ സമിതി കണക്കാക്കിയ കാർഷിക വിളകളുടെ നഷ്ടപരിഹാരം

ദിനംപ്രതിയെന്നോണം വന്യജീവി ആക്രമണത്തിന് ഏതെങ്കിലും വിധത്തിൽ ഇരയാകേണ്ടി വരുന്ന ജനങ്ങളെ സംബന്ധിച്ച് അവർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കുന്നുവെന്നത് തന്നെ വലിയ ആശ്വാസമാകുന്ന കാര്യമാണ്. സാമൂഹികമായി രൂപപ്പെട്ടിരിക്കുന്ന നിലവിലെ സംഘർഷം ലഘൂകരിക്കുന്നതിന് അത് വളരെ പ്രധാനവുമാണ്. എന്നാൽ കൂടുതൽ തുക ഇപ്പോഴും മാറ്റിവയ്ക്കപ്പെടുന്നത് സംഘർഷ ലഘൂകരണത്തിനായാണ്. തീർച്ചയായും അത് പ്രധാനമാണെങ്കിലും നിലവിൽ അതിനായി അവലംബിച്ചിരിക്കുന്ന മാർ​ഗങ്ങൾ പരാജയപ്പെടുന്നതുകൊണ്ട് പലയിടങ്ങളിലും ഇതൊരു പാഴ്ചെലവായി മാറുകയാണ്. ഓരോ വർഷവും മനുഷ്യ-വന്യജീവി സം​ഘർഷ ലഘൂകരണത്തിനായി കോടികൾ ചെലവഴിക്കുന്നതായാണ് സർക്കാർ രേഖകൾ കാണിക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ നഷ്ടപരിഹാരമായി നൽകിയ തുകയും ലഘൂകരണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ച തുകയും താരതമ്യപ്പെടുത്തി ഇത് വിലയിരുത്താം.

പരിഹാരമാകാത്ത നഷ്ടപരിഹാരം

2012 മുതൽ 2022 വരെയുള്ള പത്ത് വർഷ കാലയളവിൽ ഈ പ്രദേശത്ത് വന്യജീവി ആക്രമണം മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 82 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ 21 പേരാണ് വിവിധ വന്യജീവി ആക്രമണം മൂലം വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ മാത്രം മരണപ്പെട്ടത്. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയാണ് നൽകി വരുന്നത്. അതേസമയം ഇക്കാലയളവിൽ പരിക്കേറ്റവർക്കായി 18.77 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകിയിരിക്കുന്നത്. കാർഷിക വിളകൾക്കുണ്ടായ നഷ്ടങ്ങൾക്ക് 487.47 ലക്ഷം രൂപയും കന്നുകാലികളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 212.48 ലക്ഷം രൂപയും വീട്, വാഹനം പോലുള്ള മറ്റു വസ്തു വകകളുടെ നഷ്ടപരിഹാരമായി 15.35 ലക്ഷം രൂപയും വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം നൽകിയതായി വനം വകുപ്പിന്റെ ഔദ്യോ​ഗിക രേഖകൾ പറയുന്നു. ഈ പത്ത് വർഷക്കാലയളവിൽ ആകെ 816.07 ലക്ഷം രൂപയാണ് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നഷ്ടങ്ങൾ നികത്താനായി മാത്രം നൽകി വന്ന നഷ്ടപരിഹാര തുക. (ഗ്രാഫ് കാണുക).

എന്നാൽ ഈ തുകയെ ഇക്കാലയളവിൽ തന്നെ വിവിധ ലഘൂകരണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ച തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ എത്രയോ വലുതാണ് എന്ന് കാണാം. (നഷ്ടപരിഹാരമായി നൽകിയത് 8.16 കോടി, ലഘൂകരണ പ്രവർത്തനങ്ങൾക്ക് ചിലവാക്കിയത് 29.22 കോടി).

ലഘൂകരണ പ്രവർത്തനങ്ങൾ

വന്യജീവി ആക്രമണം ലഘൂകരിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും അവയൊന്നും തന്നെ നിലവിലുള്ള സംഘർഷത്തിന്റെ തോതും തീവ്രതയും കുറയ്ക്കുന്നതിന് സഹായമാകുന്നില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വേലി നിർമ്മാണം (കമ്പി, സോളാർ), കിടങ്ങുനിർമ്മാണം, കന്മതിൽ നിർമ്മാണം എന്നിവയാണ് വനം വകുപ്പിന്റെ മുൻകൈയ്യിൽ നടപ്പിലാക്കി വരുന്ന പ്രധാനപ്പെട്ട പദ്ധതികൾ. ഇവയുടെ നിർമ്മാണത്തിനും നിലവിലുള്ളവയുടെ അറ്റകുറ്റ പണികൾക്കുമായി വനം വകുപ്പ് ഓരോ വർഷവും ലക്ഷ കണക്കിന് രൂപയാണ് വകയിരുത്തുന്നത്.

2012 മുതൽ 2022 വരെയുള്ള കണക്കുകളുടെ പരിശോധനയിൽ ഓരോ വർഷവും വയനാട് വന്യജീവി സങ്കേതത്തിൽ ചെലവഴിച്ച തുകയുടെ വിവരങ്ങൾ കൊടുക്കുന്നു (മുകളിലെ ഗ്രാഫ് കാണുക).

ആകെ 2,922.83 ലക്ഷം രൂപയാണ് പത്തു വർഷ കാലമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ മിറ്റി​ഗേഷൻ സ്ട്രാറ്റജികൾക്കായി ചിലവഴിച്ച തുക. ഇലഫന്റ് പ്രൂഫ് ട്രെഞ്ച്, കന്മതിൽ, സോളാർ ഫെൻസിം​ഗ്, കന്മതിൽ എന്നിവയുടെ നിർമ്മാണത്തിനും മെയിന്റനൻസിനുമായാണ് ഈ തുകയത്രയും ചചിലവഴിച്ചിരിക്കുന്നത്. 2012 മുതലുള്ള തുടർച്ചയായ മൂന്നു വർഷം വന്യജീവി ആക്രമണ പ്രതി​രോധത്തിനായി കൂടുതൽ തുക ഓരോ വർഷവും ചിലവഴിച്ചതായി കാണുന്നുണ്ട്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ നിർമ്മാണത്തേക്കാൾ കൂടുതൽ അറ്റക്കുറ്റ പണികൾ നടന്നതിനാലാവണം വളരെ കുറഞ്ഞ തുക മാത്രമാണ് അവയ്ക്കായി ഉപയോ​ഗിച്ച് കാണുന്നത്. വളരെ കുറഞ്ഞ നീളത്തിൽ പൂർത്തീകരിക്കപ്പെടുമ്പോൾ തന്നെ വളരെ കൂടുതൽ ചിലവ് വരുന്ന പദ്ധതികളാണ് വയനാട് വന്യജീവി സങ്കതത്തിന്റെ പരിധിയിൽ നടപ്പിലാക്കിയവയെല്ലാം.

ചെലവഴിച്ച തുക കൂടുന്നതിനനുസരിച്ച് വന്യജീവി ആക്രമണം കുറയുന്നതായി കണക്കുകളിൽ കാണുന്നുമില്ല. ഇവിടെയാണ് വനം വകുപ്പിന്റെ അമിതവും അശാസ്ത്രീയവുമായ 'ചെലവഴിക്കലു'കളെ കുറിച്ച് വിമർശനമുയരുന്നത്. പ്രശ്നബാധിതരായ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും അവരുടെ പങ്കാളിത്തമില്ലാതെയും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കേരളം വനം വകുപ്പ് എത്തിച്ചേർന്നിരിക്കുന്നത് എന്നതിനാൽ അർഹമായ നഷ്ടപരിഹാരം എന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 19, 2024 3:01 pm