കർണ്ണാടകയിലെ വിവിധ സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ച് എദ്ദേളു കർണ്ണാടക മൂവ്മെന്റ് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നും. പരിഭാഷ: സിസിലി
വാഗ്ദാനം ചെയ്തത്
‘മഹിളാ സമ്മാൻ’ (സ്ത്രീകളെ ആദരിക്കുക), ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ (മകളെ രക്ഷിക്കുക, മകളെ പഠിപ്പിക്കുക), തൊഴിലവസരങ്ങളിൽ സ്ത്രീകൾക്ക് പ്രാധാന്യം, രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് സംവരണം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ വികസനത്തിനുള്ള നിയമനിർമ്മാണം.
എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്?
കുടുംബത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം പേറുന്ന സ്ത്രീകൾ വിലക്കയറ്റം കാരണം അതിയായ സമ്മർദ്ദത്തിലാണ്.
വർദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും കുടിയേറ്റവും കാരണം സ്ത്രീകൾക്ക് ഉത്തരവാദിത്തങ്ങളുടെ ഭാരം ഉയർന്ന തോതിൽ ചുമക്കേണ്ടി വരുന്നു.
പരിമിതമായ വിഭവങ്ങൾ കൊണ്ട് കുടുംബത്തിന്റെ വൻ ചുമതലകൾ നിർവഹിക്കേണ്ടി വരുന്നതിനാൽ, സ്ത്രീകൾ സ്വന്തം ഭക്ഷണാവശ്യങ്ങൾ മാറ്റിവയ്ക്കുന്നു, അതിന്റെ ഫലമായി അവരുടെ ഇടയിൽ പോഷകാഹാരക്കുറവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പോഷകാഹാര സൂചകങ്ങൾ പ്രകാരം പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ ആഗോളതലത്തിൽ 126 രാജ്യങ്ങളിൽ 107-ാമത്തെ സ്ഥാനമാണ് ഇന്ത്യ.
തൊഴിൽ ശക്തിയിലുള്ള സ്ത്രീ പങ്കാളിത്തം വർദ്ധിക്കുന്നതിന് പകരം ഇന്ത്യയിലത് കുറയുകയാണ്. തൊഴിലവസരങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനാൽ നിലവിലുള്ള തൊഴിലുകൾക്ക് പോലും വലിയ മത്സരമാണ്, ഇത് സ്ത്രീകളെ കൂടുതലായി പാർശ്വവൽക്കരിക്കുന്നു.
സ്ത്രീകൾ കൂടുതലായും അനൗപചാരികവും അസംഘടിതവുമായ മേഖലകളിലാണ് തൊഴിലെടുക്കുന്നത്. കൂടാതെ അവർക്ക് വളരെ തുച്ഛമായ കൂലിയുമാണ് ലഭിക്കുന്നത്. സ്ത്രീകൾ പ്രധാനമായി പ്രവർത്തിക്കുന്ന സേവനമേഖലകളിൽ പോലും സർക്കാരിൽ നിന്നും ഇവർക്ക് ലഭിക്കുന്ന വേതനം നാണക്കേടുളവാക്കുന്നതാണ്, പ്രതിമാസം ശരാശരി 5000 രൂപ.
കഴിഞ്ഞ 10 വർഷങ്ങളിലായി ലൈംഗികാതിക്രമങ്ങൾ, അക്രമങ്ങൾ, മോശമായ പെരുമാറ്റം എന്നിവ വർദ്ധിച്ചിരിക്കുകയാണ്. 2011ൽ 2,28,650 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2022 ആയപ്പോഴേക്ക് കേസുകളുടെ എണ്ണം 4,28,278 ആയി ഉയർന്നു. ഇത്തരം സംഭവങ്ങളിൽ ഗണ്യമായ ഉയർച്ച ഉണ്ടായിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
India Spend നടത്തിയ പഠനപ്രകാരം, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായി ഉണ്ടായ അക്രമങ്ങളിൽ നാലര ശതമാനം വരെ വർദ്ധിച്ചു.
സ്ത്രീസംവരണം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അതിന്റെ നടപ്പിലാക്കൽ 2034 ന് ശേഷം എന്ന് അവധി വെച്ച് നീട്ടുകയാണ്. തെരഞ്ഞെടുപ്പ് വേളയിൽ സ്ത്രീകളെ വഞ്ചിക്കാനുള്ളനുള്ള ഒരു ശ്രമമല്ലേ ഇതും?
ഇതിന്റെ കാരണങ്ങൾ
ബി.ജെ.പിയും സംഘപരിവാറും പ്രാഥമികമായും പുരുഷ മേധാവിത്വത്തിനായി വാദിക്കുന്നവരാണ്. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി അംബേദ്കർ നിർദ്ദേശിച്ച ‘ഹിന്ദു കോഡ് ബിൽ’ പോലുള്ള നിർമാണത്തെ പോലും എതിർത്ത ചരിത്രമാണ് അവർക്കുള്ളത്. ‘സ്ത്രീകൾ പുരുഷന് കീഴ്പ്പെട്ടിരിക്കണം, അവരുടെ കടമ കുട്ടികളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും മാത്രമാണ്’, ഇതാണ് അവരുടെ പ്രത്യയശാസ്ത്രം.
സ്ത്രീകൾക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ എണ്ണമറ്റ അതിക്രമങ്ങളുടെ കേസുകൾ പുറത്തുവന്നിട്ടുണ്ട്. ഉന്നാവോ (Unnao) കേസിൽ 6 ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. കത്വാ കേസിൽ ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ബി.ജെ.പിയുമായി ബന്ധമുള്ള ഏഴു വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ ബൽക്കീസ് ബാനു കേസിൽ ബി.ജെ.പിയുമായി ബന്ധമുള്ള ഏഴ് ക്രിമിനലുകൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അടുത്തകാലത്ത് നടന്നതാണ്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വനിതാ ഗുസ്തിക്കാരുടെ കേസിൽ ബി.ജെ.പി കുറ്റവാളികളെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. മണിപ്പൂരിൽ സ്ത്രീകൾ പരസ്യമായി പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തപ്പോൾ പ്രധാനമന്ത്രി നിശ്ശബ്ദത പാലിച്ചു. ബി.ജെ.പിയുടെ സമീപനം ഇത്തരത്തിലാണെങ്കിൽ സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും എതിരെ അക്രമങ്ങൾ നടത്തുന്നവർ ആരെ പേടിക്കണം?
ബി.ജെ.പി പാർലമെന്റിൽ വനിതാ സംവരണ ബിൽ അംഗീകരിച്ചു. കൂടാതെ പൊതുജന സമ്മർദ്ദത്തിൻ കീഴിൽ നടപ്പിലാക്കുമെന്ന് നടിക്കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പുകൾക്ക് ശേഷം നിലപാട് തിരുത്തി. മാത്രമല്ല 2034 ന് ശേഷം മാത്രമേ ബിൽ നടപ്പിലാക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആത്യന്തികമായി ജനങ്ങളെ വഞ്ചിക്കുകയാണുണ്ടായത്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച ‘നൽസാ വിധി’ സർക്കാരിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. എങ്കിലും അത് നടപ്പിലാക്കുന്നതിന് പകരം സർക്കാർ പാർലമെന്റിൽ ഒരു ബിൽ പാസാക്കി അനുമതി നേടിയെടുക്കുകയാണുണ്ടായത്. ഈ ബിൽ ഇനിയും രാജ്യസഭയിൽ പാസാക്കിയെടുക്കണം. ലൈംഗിക ന്യൂനപക്ഷങ്ങളുടെ മിക്ക സംഘടനകളും ഇതിനെതിരാണ്. കാരണം സർക്കാർ ഉദ്യോഗസ്ഥർ ആയിരിക്കും ലിംഗസ്വത്വം സ്ഥിരീകരിക്കുക എന്നാണ് ഇതിൽ അവകാശപ്പെടുന്നത്. ആ സമൂഹത്തിന് നേരെയുള്ള വളരെ നിന്ദ്യവും അടിച്ചമർത്തുന്നതും ആയ നിലപാടാണിത്. അതുകൂടാതെ ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് വിവാഹത്തിനുള്ള അവകാശം, കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം, സ്വത്തിനുള്ള അനന്തരാവകാശം ഇവയൊക്കെ നിരസിക്കുന്നു.
ബി.ജെ.പി സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി സംസാരിക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട് യഥാർത്ഥത്തിൽ അവരെ വഞ്ചിക്കുകയും അവരുടെ ജീവിതത്തിന് തുരങ്കം വയ്ക്കുകയുമാണ് ചെയ്യുന്നത്.