ശബരിമല യുവതിപ്രവേശനവും വഴിയിലുപേക്ഷിച്ച ‘നവോത്ഥാന’വും
കേരളീയം അന്വേഷണ പരമ്പര -1
‘ ഹലോ, …. അല്ലേ?’
‘അതെ’
‘ ഇത് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നാണ്.’
‘ പറയൂ,’
‘ നിങ്ങള്‍ ശബരിമലയില്‍ പോവുന്നുണ്ടോ? അതറിയാന്‍ വിളിച്ചതാണ്.’
‘ ഇല്ല പോവുന്നില്ല, ‘
‘ പോവുന്നുണ്ടെങ്കില്‍ അറിയിക്കണേ,..’
‘ശരി.’
……………………………
എല്ലാ മലയാള മാസവും ഒന്നാം തീയതിയ്ക്ക് മുന്നോടിയായി കേരളത്തിലെ ചില സ്ത്രീകളുടെ ഫോണിലേക്ക് ഈ ഫോണ്‍ വിളി വരും. ഒന്നാം തീയതി ശബരിമല നട തുറക്കുമ്പോള്‍ ‘ലിസ്റ്റ് ചെയ്യപ്പെട്ട’ സ്ത്രീകളില്‍ ആരെങ്കിലും മലകയറുന്നുണ്ടോ എന്ന് ഉറപ്പിക്കാനുള്ള സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണം. വൃശ്ചിക-മകര മാസങ്ങളില്‍ ഈ വിളിയും അന്വേഷണവും ഇടക്കിടെ സംഭവിക്കും. ശബരിമലയില്‍ പോയവര്‍, പാതിവഴിയില്‍ തിരിച്ചയക്കപ്പെട്ടവര്‍, പോവാന്‍ തുനിഞ്ഞവര്‍ എന്നിങ്ങനെ കേരള പോലീസിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളിലാര്‍ക്കും തന്നെ 2018 മണ്ഡലകാലത്തിന് ശേഷം ഈ അന്വേഷണം മുടങ്ങിയിട്ടില്ല.
ആക്രമണങ്ങള്‍, നിയമനടപടികള്‍, കേസുകള്‍, അധിക്ഷേപങ്ങള്‍ എന്നുവേണ്ട താമസിക്കാന്‍ സ്വസ്ഥമായ ഒരിടം പോലും ലഭിക്കാതെ പുരോഗമന കേരളത്തിലെ ചില സ്ത്രീകള്‍ ഓടുകയാണ്. 2018 മണ്ഡലകാലം മുതല്‍ തുടങ്ങിയ ആ ഓട്ടം ഇപ്പോഴും നിലച്ചിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും അവസരത്തിനനുസരിച്ച് ശബരിമല എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ ‘ശബരിമല’യുടെ പേരില്‍ ഓടിത്തളര്‍ന്ന സ്ത്രീകള്‍ സമാധാനമുള്ള, സ്വതന്ത്രമായ, സ്വകാര്യതയുള്ള ജീവിതത്തിനായി ഓരോ നിമിഷവും പ്രയത്നിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യമാണ് മറ്റൊരിടത്ത്. ബിന്ദു അമ്മിണിയുടെ വാക്കുകളില്‍, “ശബരിമലയില്‍ കയറിയതും കയറാൻ ശ്രമിച്ചവരുമായ സ്ത്രീകള്‍ നിരന്തരം വേട്ടയാടപ്പെടുന്നു. അവരുടെ യാത്രാ വഴികള്‍ തടസ്സപ്പെടുത്തുന്നു. ജോലി ഇല്ലാതാവുന്നു, ഒരിടത്തും ജോലി ലഭിക്കാതാവുന്നു. കുടുംബം ഒറ്റപ്പെടുന്നു.”
നവോത്ഥാനം, സാമൂഹ്യ പുരോഗതി, സ്ത്രീകളുടെ അഭിമാനവും അവകാശവും, ശബരിമലയുടെ അവകാശം എന്നിങ്ങനെ പല തലത്തില്‍ കണക്കാക്കപ്പെടുകയും ചര്‍ച്ചകള്‍ രൂപപ്പെടുകയും ചെയ്ത ശബരിമല സ്ത്രീ പ്രവേശന വിധി വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കുമ്പോള്‍ കേവലം വിരലിലെണ്ണാവുന്ന സ്ത്രീകളുടെ അനുഭവങ്ങളും നഷ്ടങ്ങളുമായി ചുരുങ്ങുന്നുവോ? ഒരു കൂട്ടര്‍ ലാഭം കൊയ്തപ്പോള്‍ മറ്റൊരു ഭാഗത്ത് സംഭവിച്ചത് അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? കൊട്ടിഘോഷിക്കപ്പെട്ട ശബരിമല യുവതീപ്രവേശന വിധി അട്ടിമറിക്കപ്പെടുന്നത് എങ്ങനെയെല്ലാം?
12 വര്‍ഷത്തെ പോരാട്ടം
2018 സെപ്തംബര്‍ 28 എന്ന തീയതി കേരളം അത്ര വേഗം മറക്കില്ല. കേരളത്തെ ഇളക്കി മറിച്ച, ധ്രുവീകരണങ്ങളുണ്ടാക്കിയ നിര്‍ണ്ണായക തീരുമാനം ആ ദിവസത്തിലായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നത് അന്നാണ്. കാലങ്ങളായി തര്‍ക്ക വിഷയമായിരുന്ന ശബരിമലയിലെ യുവതീ പ്രവേശനം നീണ്ട 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ തീരുമാനമായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരു അംഗത്തിന്റെ വിയോജിപ്പോടെയായിരുന്നു വിധി പ്രസ്താവം.
1951 മെയ് 18നാണ് ശബരിമലയില്‍ 10നും 55നും വയസ്സിനിടയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാതാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അറിയിപ്പ് ഇറങ്ങിയത്. 1952 നവംബര്‍ 24ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയെ പിന്തുണച്ച് ക്ഷേത്രാധികാരികള്‍ വിളംബരം ഇറക്കി. 1965ല്‍ കേരള പൊതു ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടം മൂന്ന് (ബി) വകുപ്പ് നിയമപ്രകാരം യുവതീപ്രവേശനത്തെ തടഞ്ഞു. 1981ല്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ അത് പൂര്‍ണമായും നടപ്പാവാത്തതിനെ തുടര്‍ന്ന് 1990ല്‍ ശബരിമലയില്‍ യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട് എം മഹേന്ദ്രന്‍ എന്നയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 1991 ഏപ്രില്‍ അഞ്ചിന് ശബരിമലയില്‍ യുവതികള്‍ക്കുള്ള നിരോധനം ഹൈക്കോടതി ശരിവച്ചു. പിന്നീട് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തര്‍ക്കം വീണ്ടും കോടതിയുടെ പരിഗണനയിലെത്തുന്നത്.
2006 ഓഗസ്റ്റ് നാലിന് യുവതീപ്രവേശന നിരോധനത്തെ ചോദ്യം ചെയ്ത് യങ് ലോയേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സംഘപരിവാർ ബന്ധമുള്ളവരാണ് ഇവർ എന്ന് പിന്നീട് പലകോണുകളിൽ നിന്നും ആരോപണം ഉയർന്നിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എതിര്‍പ്പുന്നയിച്ചിരുന്നെങ്കിലും കോടതി തള്ളി. 2007ല്‍ എന്‍.എസ്.എസ് കേസില്‍ കക്ഷി ചേര്‍ന്നു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2016 ഫെബ്രുവരി ആറിന് യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന പുതിയ സത്യവാങ്മൂലം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ സ്ത്രീപ്രവേശന വിലക്കുന്നത് ലിംഗ സമത്വത്തെ അപകടത്തിലാക്കുമെന്നും പാരമ്പര്യത്തിന്റെ പേരില്‍ യുവതീ പ്രവേശനം വിലക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി പലപ്പോഴായി വ്യക്തമാക്കി. അതിനിടെ യുവതീ പ്രവേശനത്തെ പിന്തുണച്ച് ‘ഹിന്ദു നവോത്ഥാന’ സംഘടനകളുള്‍പ്പെടെ കോടതിയില്‍ ഹര്‍ജി നല്‍കി. സ്ത്രീപ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസ്സിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് അമിക്കസ് ക്യൂറിയും റിപ്പോര്‍ട്ട് നല്‍കി.
2016 നവംബര്‍ എട്ടിന് സ്ത്രീപ്രവേശനം അനുവദിക്കാമെന്ന് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടു. 2017 ഒക്ടോബര്‍ 13ന് ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ട് മൂന്നംഗ ബഞ്ചിന്റെ ഉത്തരവിറങ്ങി. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ മൗലികാവകാശം ഉറപ്പ് നല്‍കുന്നുണ്ടെന്നും ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി വന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു. ഭരണഘടനയുടെ അനുച്ഛേദം രണ്ട് പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് നിലവില്‍ ഉണ്ടായിരുന്ന വിലക്കെന്ന് സുപ്രീംകോടതി കണ്ടെത്തി. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഏതൊരു മതവിശ്വാസവും പാലിക്കാനുള്ള അവകാശത്തിനും വലിക്ക് എതിരാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
അനേകം വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവില്‍ അങ്ങനെ ചരിത്രപരമായ വിധി വന്നു. എന്നാല്‍ കേരളത്തിന്റെ ആകെമൊത്തം സാമൂഹിക പരിസരത്തെ മാറ്റി മറിക്കുന്നതായിരുന്നു അത്. യുവതികള്‍ക്ക് കല്‍പ്പിക്കപ്പെട്ടിരുന്ന വിലക്ക് നീക്കിയ കോടതി വിധി രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയമായി ശബരിമല യുവതീപ്രവേശത്തെ മാറ്റി. വിധി പുറത്തുവന്നയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിധിയെ സ്വാഗതം ചെയ്തു. കാലതാമസവും വീഴ്ചയും ഇല്ലാതെ വിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രസ്താവന. അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്നാണ് പ്രതികരിച്ചത്. ആര്‍.എസ്.എസ് നേതാക്കളും ബി.ജെ.പി നേതൃത്വവും വിധിയെ സ്വാഗതം ചെയ്തു. ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം വിധിയില്‍ സന്തോഷവും പ്രകടിപ്പിച്ചു. ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ‘അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നാല്‍ സ്ത്രീ വിരോധി ആണെന്ന് അര്‍ത്ഥമില്ല’ എന്ന് ഫേസ്ബുക്ക് കുറിപ്പുള്‍പ്പെടെ പോസ്റ്റ് ചെയ്തു. വിയോജിപ്പുകളില്ലാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം വിധിയെ സ്വാഗതം ചെയ്തപ്പോള്‍ തുല്യനീതി നടപ്പാക്കുന്ന വിധി നടപ്പാകും എന്ന് തന്നെ എല്ലാവരും കരുതി.
എന്നാല്‍ മണിക്കൂറുകള്‍ കഴിയും തോറും കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. അഞ്ചംഗ ബഞ്ചില്‍ നാല് പേരും സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ വിശ്വാസിയല്ലാത്ത ഒരാള്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നതില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി. വിധിപ്രസ്താവ വേളയില്‍ കോടതി മുറിയിലുണ്ടായ ആ വിയോജിപ്പ് സമൂഹത്തിന്റെ താഴെത്തട്ടിലേക്കും എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോടതിവിധിക്കെതിരെ സംസ്ഥാനത്താകമാനം സ്ത്രീകള്‍ തെരുവിലിറങ്ങി. ഒറ്റക്കും കൂട്ടായുമുള്ള നാമജപ കൂട്ടായ്മകളായി രൂപപ്പെട്ട പ്രതിഷേധം വഴിതടയലുകളിലും അക്രമങ്ങളിലുമെത്തി. ആ അക്രമങ്ങള്‍ ഒറ്റപ്പെട്ടതെങ്കിലും ഇന്നും തുടരുന്നു.
മാറിയ നിലപാടുകള്‍, വാശികള്‍, സംഘര്‍ഷങ്ങള്‍
രാഷ്ട്രീയവും യുക്തിയും വിശ്വാസവും അവിശ്വാസവും എല്ലാം മാറ്റിവച്ചാല്‍ കേരളം അടുത്തകാലങ്ങളില്‍ കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിനും പ്രതിഷേധങ്ങള്‍ക്കുമാണ് 2018ന്റെ അവസാന നാളുകളിലും 2019 വര്‍ഷാദ്യത്തിലും നമ്മൾ സാക്ഷ്യം വഹിച്ചത്. യുവതീപ്രവേശനത്തെ എതിർത്തിരുന്നവർക്ക് അഞ്ച് പേരില്‍ നിന്ന് അമ്പതിലേക്കും അമ്പതില്‍ നിന്ന് ആയിരങ്ങളിലേക്കും ഏറിവന്ന ജനപിന്തുണ കണ്ട് പുരോഗമന കേരളം മൂക്കത്ത് വിരല്‍ വച്ചു. ഭക്തജനങ്ങള്‍ എന്ന പേരില്‍ സംഘടിച്ച സ്ത്രീകളും ശബരിമലയില്‍ കണ്ട ആണ്‍കൂട്ടങ്ങളും യഥാര്‍ത്ഥത്തില്‍ കേവലം ‘ഭക്തജനങ്ങള്‍’ മാത്രമായിരുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു. വിശ്വാസം സംരക്ഷിക്കണമെന്ന് പറഞ്ഞ് തെരുവിലിറങ്ങിയ സാധാരണ സ്ത്രീകളെ നയിച്ചതാരെന്നും അതിന് പിന്നിലെ രാഷ്ട്രീയമെന്തായിരുന്നു എന്നും വെളിപ്പെട്ടുവന്നു. സമരത്തിലുള്ള ആര്‍.എസ്.എസ് – ബി.ജെ.പി ബന്ധവും രാഷ്ട്രീയ മുതലെടുപ്പും പലപ്പോഴും ആരോപണങ്ങളും ചോദ്യങ്ങളുമായി ഉയര്‍ന്നുവന്നു. ചിലപ്പോള്‍ വ്യക്തതയില്ലാതെയും മറ്റുചിലപ്പോള്‍ പറയാതെ പറഞ്ഞും സമരങ്ങളുമായുള്ള ബന്ധം സംഘപരിവാർ വ്യക്തമാക്കി. വിശ്വാസ സമൂഹത്തോടുള്ള തങ്ങളുടെ പിന്തുണയും ഇവര്‍ തുറന്നു പ്രഖ്യാപിച്ചു.
എന്നാല്‍ ചെറിയ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വലിയ കൂട്ടമായി പ്രതിഷേധക്കാര്‍ മാറിയതിന് പിന്നില്‍ ദിവസങ്ങളുടെ ആലോചനകളും പരിശ്രമങ്ങളും ഏകോപനങ്ങളും ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അത് വ്യക്തമായി മനസ്സിലാകണമെങ്കില്‍ സുപ്രീംകോടതി വിധി വന്നയുടന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എടുത്ത നിലപാടില്‍ നിന്ന് വിശ്വാസികള്‍ക്ക് പിന്തുണയുമായി ഹിന്ദുസംഘടനകള്‍ എത്തിയതിലേക്കുള്ള, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് തന്നെ സംഘടന കാലങ്ങളായി എടുത്തിരുന്ന നിലപാട് തിരുത്തിയതിലേക്കുള്ള ദൂരം അളക്കേണ്ടതുണ്ട്. അതിനിടെ, യുവതീ പ്രവേശനത്തിന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ഭക്തിപസ്രിജ സേഠി, ലക്ഷ്മി ശാസ്ത്രി, പ്രേരണ കുമാരി, അൽക്കാ ശർമ്മ, സുധാ പാൽ എന്നിവരുടെ സംഘപരിവാർ ബന്ധവും സംശയം ഉളവാക്കുന്നതാണ്.
ആര്‍ത്തവം അവസാനിക്കുന്നത് വരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ‘റെഡി ടു വെയിറ്റ്’ കാമ്പയിന്‍ ഒരു കൂട്ടം സ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരംഭിക്കുകയും അത് ഒരു വലിയ വിഭാഗത്തെ സ്വാധീനിക്കുകയും ചെയ്തു. ഇതായിരുന്നു പ്രത്യക്ഷമായ സംഘർഷങ്ങളുടെ തുടക്കം. പിന്നീട് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പലയിടങ്ങളില്‍ നാമജപ യജ്ഞങ്ങളും നടന്നു. പന്തളത്ത് ബഹുജന റാലിയായി നടന്ന നാമജപ ഘോഷയാത്രയാണ് പിന്നീട് വഴിത്തിരിവായത്. തുടര്‍ന്ന് ആര്‍.എസ്.എസും ബി.ജെ.പിയും നിലപാടില്‍ മലക്കം മറിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം വിധിയെ സ്വാഗതം ചെയ്തുള്ള ഫേസ്ബുക്ക കുറിപ്പ് നീക്കം ചെയ്തതിന് ശേഷം, ‘വിധി നടപ്പാക്കിയാല്‍ സി.പി.എം ചാമ്പലാവും’ എന്ന കെ സുരേന്ദ്രന്റെ കുറിപ്പ് ഇതാണ് വെളിപ്പെടുത്തിയത്. യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതായിരുന്നു ആര്‍.എസ്.എസ് നിലപാടെങ്കിലും പിന്നീട് അയ്യപ്പന്‍ എന്ന വികാരം ആളിക്കത്തിച്ച് കേരള സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കി കളം പിടിക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ തന്ത്രമായി ഈ നിലപാട് മാറ്റം വിലയിരുത്തപ്പെട്ടു. അതിനിടെ ആചാര സംരക്ഷണത്തിനായി സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 41 ഹിന്ദു സംഘടനകള്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് ശബരിമല കര്‍മ്മ സമിതിക്ക് രൂപം നല്‍കി. സമിതിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളായിരുന്നു ഉണ്ടായിരുന്നത്. സമരങ്ങള്‍ക്ക് തീ പകര്‍ന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വലിയ സംഘര്‍ഷങ്ങളിലേക്കും കയ്യാങ്കളികളിലേക്കും കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചു. ശബരിമലയിലും കേരളത്തിലൊട്ടാകെയും തന്നെ പ്രതിഷേധങ്ങളെന്ന പേരില്‍ സംഘര്‍ഷങ്ങളും അക്രമങ്ങളും അഴിച്ചുവിട്ടതോടെ കേരളം കത്തുന്ന അവസ്ഥയിലേക്ക് എത്തി.
ഒരുവശത്ത് അതിക്രമങ്ങള്‍ തുടരുമ്പോള്‍ വിധി നടപ്പാക്കും എന്ന ഉറച്ച തീരുമാനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലകൊണ്ടു. ഇത് രണ്ട് തരത്തില്‍ നിരീക്ഷിക്കപ്പെട്ടു. പ്രകോപിതരായ വിശ്വാസി സമൂഹത്തെ പിടിവാശി കൊണ്ടല്ല മറിച്ച് സംയമനത്തോടെ നേരിടുകയും വിശ്വാസികളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രം സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ഒരു കൂട്ടര്‍ വാദിച്ചു. എന്നാല്‍ സ്ത്രീകള്‍ക്ക് തുല്യനീതി നടപ്പാക്കുന്ന, സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കുന്ന വിധി എന്തുവില കൊടുത്തും നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മറ്റൊരു കൂട്ടരും വാദിച്ചു.
മാറ്റത്തിനായുള്ള ശബ്ദങ്ങള്‍
കേരളം സംഘര്‍ഷത്തില്‍ മുങ്ങുന്ന നാളുകളിലും ശബരിമല യുവതീ പ്രവേശന വിധിയെ തങ്ങളുടെ ആത്മാഭിമാനവും അവകാശവും ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നായി കേരളത്തിലെ ഒരു കൂട്ടം സ്ത്രീകള്‍ കണ്ടു. ആര്‍ത്തവം അനാചാരമായി കരുതി സ്ത്രീകള്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന പൊതുബോധത്തെ ചോദ്യം ചെയ്യുകയും, ആചാരങ്ങളല്ല ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും ഒരു കൂട്ടം സ്ത്രീകള്‍ വിളിച്ച് പറഞ്ഞു. സ്ത്രീ ആത്മാഭിമാന കണ്‍വെന്‍ഷനും ആര്‍പ്പോ ആര്‍ത്തവവും പോലുള്ള കൂട്ടായ്മകളും അത് ഒന്നുകൂടി ഉച്ചത്തില്‍ ഉറപ്പിച്ചു. അതിനിടെ സര്‍ക്കാര്‍ കേരളത്തെ അനാചാരങ്ങളില്‍ നിന്ന് മുന്നോട്ടുകൊണ്ടുപോവാന്‍ നവോത്ഥാന മൂല്യങ്ങളെ കാത്ത് രക്ഷിക്കുകയാണ് വേണ്ടതെന്ന നിലപാട് എടുത്തു. വിവിധ സംഘടനകളുടെ അധ്യക്ഷന്‍മാരും നേതാക്കളും മുഖ്യമന്ത്രിയും ചേര്‍ന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചു. നവോത്ഥാന സംരക്ഷണത്തിനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുമായി കേരളമൊട്ടാകെ വനിതാ മതില്‍ തീര്‍ത്തു. ശബരിമല തങ്ങളുടെ പക്കല്‍ നിന്ന് കയ്യടക്കിയതാണെന്ന അവകാശ വാദവുമായി മലയരയ ആദിവാസി വിഭാഗം രംഗത്തെത്തി. ശബരിമലയില്‍ തങ്ങളുടെ അവകാശം തിരികെ സ്ഥാപിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് അവര്‍ ശക്തമായി ആവശ്യപ്പെട്ടു.
നടപ്പായില്ല/നടപ്പാക്കിയില്ല
ഒരുവശത്ത് പുരോഗമനമെന്നും നവോത്ഥാനമെന്നും പറഞ്ഞുകൊണ്ട് പല പരിപാടികളും നടത്തിയെങ്കിലും ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല. ബിന്ദു അമ്മിണിയും കനക ദുര്‍ഗ്ഗയും സ്വമേധയാ ശബരിമലയില്‍ മല ചവിട്ടി വിധി നടപ്പിലാക്കി. എന്നാല്‍ അതിന് മുമ്പും പിമ്പും ശബരിമലയിലേക്ക് എത്തിയ സ്ത്രീകളെ തടഞ്ഞും തിരിച്ചയച്ചും കേരള പോലീസും സര്‍ക്കാരും വിധി നടപ്പാക്കുന്നതില്‍ നിന്ന് മാറിനിന്നു. ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും ചൂണ്ടിക്കാണിച്ച് മല കയറാൻ എത്തിവരെ തിരികെ അയക്കാനാണ് പോലീസ് ശ്രമിച്ചത് എന്ന ആക്ഷേപം ആദ്യം മുതല്‍ക്കേ നിലനില്‍ക്കുന്നു. ഒടുവില്‍ ബിന്ദു അമ്മിണിക്കും കനക ദുര്‍ഗ്ഗയ്ക്കും മുമ്പും ശേഷവും സുപ്രീം കോടതി വിധി പ്രകാരം ഒരു സ്ത്രീക്ക് പോലും ശബരിമലയില്‍ പ്രവേശിക്കാനായില്ല. ശബരിമലയിലേക്ക് പുറപ്പെട്ട, വിധിക്ക് അനുകൂലമായി സംസാരിച്ച സ്ത്രീകള്‍ക്കെതിരെ പല കാരണങ്ങള്‍ നിരത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആ സ്ത്രീകളെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോലീസിന്റെ നിരീക്ഷണത്തിനും, നിയമ നടപടികള്‍ക്കും ഇടയില്‍പ്പെട്ട് പലപ്പോഴും ഒറ്റപ്പെടുകയും പോരാട്ടം തുടരുകയുമാണ് ഇപ്പോഴും. സാമൂഹ്യനിരീക്ഷകനും ദളിത് ചിന്തകനുമായ സണ്ണി എം കപിക്കാട് പറയുന്നു “കേരള സമൂഹം എന്നത് മധ്യവര്‍ഗ പുരുഷന്റെ ഇടപാടുകളാണ്. അതിനാലാണ് സ്ത്രീകള്‍ പിന്നീടും ആക്രമിക്കപ്പെടുന്നത്. പുരുഷാധിപത്യത്തെയും ജാതി ആധിപത്യത്തെയും പ്രശ്‌നവല്‍ക്കരിക്കാന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിക്ക് ആയില്ല എന്നത് തന്നെയാണ് പരാജയം.’
വിധി നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ നിലപാട്, നിര്‍ബന്ധബുദ്ധിയോടെ നടപ്പാക്കിയ തീരുമാനങ്ങള്‍, ശബരിമലയെ വിറ്റ് ലാഭമുണ്ടാക്കാമെന്ന് കരുതിയ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍, വിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായി വന്ന സ്ത്രീ, മലയരയ, നവോത്ഥാന മുന്നേറ്റങ്ങളും അവകാശവാദങ്ങളും… ഇവയ്‌ക്കെല്ലാം പിന്നീട് എന്ത് സംഭവിച്ചു? 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമാണ്. ഇത് രണ്ടാം ഭാഗത്തില്‍. (തുടരും).