ബാംഗ്ലൂർ ജലക്ഷാമം മനുഷ്യനിർമ്മിത ദുരന്തം

സമുദ്രനിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരെയാണ് ബാംഗ്ലൂർ. തടാകങ്ങളാണ് പതിറ്റാണ്ടുകളായി ഈ നഗരത്തിന്റെ പ്രധാന ജലസ്രോതസ്. ഈ തടാകങ്ങൾ എല്ലാം തന്നെ മനുഷ്യനിർമ്മിതമാണ്. അതുകൊണ്ട് ഞങ്ങൾ അവയെ ടാങ്കുകൾ എന്നാണ് വിളിക്കാറ്. ഇവിടുത്തെ കാർഷിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും എല്ലാം ഈ ടാങ്കുകളാണ് വെള്ളം നൽകുന്നത്. അതോടൊപ്പം കാവേരിയെ പോഷിപ്പിക്കുന്ന രണ്ട് നദികളും ഇവിടെ നിന്നും ഉത്ഭഭവിക്കുന്നുണ്ട്. ബാംഗ്ലൂരുവിന് വടക്ക് നിന്നും അർക്കാവതിയും തെക്ക് നിന്നും വൃഷഭാവതിയും. എന്നാൽ നഗരത്തിന്റെ വളർച്ചയിൽ അർക്കാവതി ഒരു മണൽപ്പുഴയും വൃഷഭാവതി ഒരു അഴുക്കുചാലും ആയിരിക്കുന്നു. കഴിഞ്ഞ അഞ്ചാറ് പതിറ്റാണ്ടിൽ ഈ നഗരത്തിനുണ്ടായ വലിയ വളർച്ചയാണ് ഈ നദികളെ വറ്റിച്ചുകളഞ്ഞത്.

പ്രാദേശിക സിവിൽ സൊസൈറ്റികളും, കോടതി ഇടപെടലുകളും വളരെ കാലമായി ബാംഗ്ലൂരിലെ ജലസുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. 1964ലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആന്റ് സിവറേജ് ആക്ടിന്റെ ഭേദഗതി ഇതിനൊരു ഉദാഹരണമാണ്. 108 സ്ക്വയർ മീറ്ററിൽ താഴെയല്ലാത്ത ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നവരെല്ലാം മഴവെള്ള സംഭരണികൾ നിർമ്മിക്കാനും ഭൂഗർഭജലം റീച്ചാർജ് ചെയ്യാനും ഈ നിയമം ആവശ്യപ്പെടുന്നു. എന്നാൽ BWSSB (Bangalore Water Supply and Sewerage Board) ഇതിനായി യാതൊന്നും ചെയ്യില്ല. നിരീക്ഷണത്തിനോ പരിശോധനയ്ക്കോ നിർമ്മാണ പ്രവർത്തികളുടെ അടുത്ത് പോലും പോവുകയുമില്ല. പല വീടുകൾക്കും ഒരു ഹൈസ്ക്കൂൾ പ്രൊജക്ട് മോഡൽ പോലെ വളരെ ചെറിയൊരു ജലസംഭരണി മതി. ജൂൺ മുതൽ ഡിസംബർ വരെ പലപ്പോഴായി ബാംഗ്ലൂരിൽ മഴ കിട്ടാറുണ്ട്. ഓരോ നാളും വളർന്നു വലുതാവുന്ന നഗരത്തിനായി ഒരുപാട് വെള്ളം ഇങ്ങനെ സംഭരിക്കാനാവും. BWSSB അത് ഏറ്റെടുത്തിരുന്നെങ്കിൽ ബാംഗ്ലൂരിലെ ഓരോ വീടും ജലസുരക്ഷയുള്ളതാകുമായിരുന്നു.

ബാം​ഗ്ലൂർ ന​ഗരത്തിലൂടെ ഒഴുകുന്ന മലിനമായ വൃഷഭാവതി നദി. കടപ്പാട്:thehindu

തടാകങ്ങളുടെ പുനരുജ്ജീവനത്തിനായും വളരെ നല്ല നിയമങ്ങൾ ഉണ്ടായിട്ടുണ്ട്. ബാംഗ്ലൂരിലെ തടാകങ്ങൾ സംരക്ഷിക്കുന്നതിനായുള്ള കർണ്ണാടക ഹൈക്കോടതിയുടെ വിജ്ഞാപനം കർണ്ണാടകയിലെ എല്ലാ തടാകങ്ങളെയും സംരക്ഷിക്കാനുള്ള മികച്ച മാർഗമായിരുന്നു. തടാകങ്ങൾ എല്ലാം സംരക്ഷിക്കുവാനും വളരെയേറെ മഴവെള്ളം സംഭരിക്കാനും ഒരു പരിധി വരെ ഭൂഗർഭജലം റീച്ചാർജ് ചെയ്യാനും അതിലൂടെ കഴിയുമായിരുന്നു. എന്നാൽ ആ കോടതി വിധി പോലും നേരായി നടപ്പിലാക്കപ്പെട്ടില്ല. ബാംഗ്ലൂരിലെ ചില തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മാത്രമായി ഒരുപാട് സി.എസ്.ആർ പണം ചെലവഴിക്കപ്പെടുന്നു. എന്നാൽ ഈ തടാകങ്ങൾ പുനരുജ്ജീവിപ്പിച്ചതാവട്ടെ ഒട്ടും ശാസ്ത്രീയമായുമല്ല. അതിനാൽ തന്നെ അവ ഒട്ടും ഗുണപരമായി മാറിയില്ല. ഒരിക്കലും വറ്റാതിരിക്കുന്ന വെള്ളക്കെട്ടുകളല്ല, കാലാവസ്ഥയ്ക്ക് അനുസരിച്ച് വെള്ളം ഉയരുകയും താഴുന്നവയുമാണ് ദക്ഷിണേന്ത്യയിലെ കുളങ്ങളും തടാകങ്ങളും. എന്നാൽ തടാകങ്ങളെ പുനരുജ്ജീവപ്പിക്കാൻ ശ്രമിച്ച അധികാരികൾക്ക് അത് മനസ്സിലാക്കാനായില്ല. ഒരുപാട് സി.എസ്.ആർ പണം ചെലവഴിക്കപ്പെട്ടെങ്കിലും അവ ഉപകാരപ്രദമായില്ല.

സിറ്റി മുൻസിപ്പാലിറ്റിയാണ് മറ്റൊരു പ്രശ്നം. നഗരത്തിലെ എല്ലാത്തരം നിർമ്മാണങ്ങൾക്കും മുൻസിപ്പാലിറ്റി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകുന്നു. എന്നിട്ട് ലോകാവസാനത്തിനൊരുങ്ങുന്നു. പത്ത് വീടുകൾക്ക് അനുമതി നൽകുമ്പോൾ, അവിടേക്ക് വെള്ളം എത്തുമെന്നും വെളിച്ചം എത്തുമെന്നും ആലോചിക്കാതെയാണ് മുൻസിപ്പാലിറ്റി അനുമതി നൽകുന്നതും കെട്ടിടങ്ങൾ ഉയരുന്നതും. ആയിരക്കണക്കിന് വീടുകളുള്ള പടുകൂറ്റൻ കെട്ടിടങ്ങളാണ് ഇവിടെ എല്ലായിടത്തും. ഓരോ ബ്ലോക്കിലും ആയിരം വീടുകൾ കാണും. അത്തരം എട്ടും പത്തും ബ്ലോക്കുകൾ ഉണ്ടാവും. ഇങ്ങനെയാണ് വലിയ റിയൽ എസ്റ്റേറ്റുകാർ ഈ നഗരത്തെ വളർത്തി വലുതാക്കിയത്. ബാംഗ്ലൂർ ഡവലപ്മെന്റ് അതോറിറ്റിയോ ബാംഗ്ലൂർ മെട്രോപൊളിറ്റൻ റൂറൽ ഡെവലപ്മെന്റ് അതോറിറ്റിയോ ഒന്നുമല്ല, ‌റിയൽ എസ്റ്റേറ്റുകാരാണ് ഈ നഗരം നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയേറെ ആളുകൾക്കുള്ള വെള്ളം ഈ നഗരത്തിൽ ഇല്ല എന്ന് അറിഞ്ഞുകൊണ്ട് എങ്ങനെയാണ് ഇത്രയേറെ വലിയ വലിയ കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നത് ? കാവേരിയുടെ കൈവരികൾ എത്രത്തോളം വെള്ളം ഇവിടെ എത്തിക്കും എന്ന് അവർക്ക് അറിയാം. അതിലേറെ എങ്ങനെ കിട്ടും ? കാവേരിയിലെ വെള്ളം അഞ്ച് സംസ്ഥാനങ്ങൾ പകുത്തെടുക്കുന്നതാണ്. അതിനാൽ കൂടൂതൽ വെള്ളം ആവശ്യപ്പെടാൻ പോലും കഴിയില്ല.

ബാം​ഗ്ലൂരിൽ ജലസംരക്ഷണ ക്യാമ്പയിനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ. കടപ്പാട്:AFP

ഓരോ വർഷവും ഈ പ്രശ്നം ആവർത്തിക്കുന്നുണ്ട്. ഈ വർഷം മാത്രമല്ല. ഓരോ വർഷവും നഗരത്തിന്റെ ഒരു ഭാഗത്ത് അല്ലെങ്കിൽ മറ്റൊരു ഭാഗത്ത് വെള്ളമില്ലാതെയാവുന്നുണ്ട്. BWSSB ന് ഇപ്പോൾ അവർ ചെയ്യുന്നതിലും ഏറെ ഒന്നും നിയമപരമായി ചെയ്യാൻ കഴിയില്ലായിരിക്കാം. ഒരു ചെറിയ സംഘം മാത്രമാണ് അവർക്കുള്ളത്. ഏതെങ്കിലും തരത്തിലുള്ള അന്വേഷണമോ പഠനമോ ഒന്നും ഇതേവരെ അവർ നടത്തിയിട്ടുമില്ല. വിശകലനങ്ങളോ വിലയിരുത്തലുകളോ അവർ നടത്തിയിട്ടില്ല. അതിനാൽ തന്നെ നിലവിലെ അവസ്ഥയ്ക്ക് ഒരു പരിഹാരം കാണാനും അവർക്കാവില്ല. കാരണം എല്ലാതരം നിർമ്മാണങ്ങൾക്കും അനുമതി നൽകിക്കൊണ്ടുള്ള ഒരു ഭ്രാന്തമായ വളർച്ചയാണിത്. പിന്നെ, ഇതിത്രയും രൂക്ഷമാവുന്നതിന്റെ മറ്റൊരു കാരണം വ്യവസായശാലകളാണ്. വ്യവസായശാലകളിലേക്ക് ഒഴുകുന്നത് ഒരുപാട് വെള്ളമാണ്. അവർക്ക് കിട്ടുന്ന വെള്ളത്തിന് പരിധികളൊന്നുമില്ല. അവരുടെ പ്രവർത്തനങ്ങൾ നിലയ്ക്കുന്നുമില്ല. നഗരത്തിന്റെ തൊണ്ട വറ്റുമ്പോഴും വ്യവസായശാലകൾ ദാഹം അറിയുന്നില്ല. അവയ്ക്ക് ചുറ്റും പാർക്കുന്ന ദരിദ്രരായ മനുഷ്യരോ? അവർ ജലവിതരണത്തിന്റെ പരിധിയിൽ പോലും വരുന്നില്ല. വിതരണം ചെയ്യപ്പെടുമ്പോഴാകട്ടെ അവർക്ക് കിട്ടുന്നത് വളരെ കുറച്ച് വെള്ളം മാത്രം. എന്നാൽ അതിസമ്പന്നരായവർക്കൊ ? കുറേയേറെവെള്ളം കുറേക്കാലത്തേക്കുകൂടി അവരിലേക്കെത്തുന്നു. ഭൂഗർഭ അറകളിൽ നിന്നും വെള്ളം വലിച്ചെടുക്കാനും അവരുടെ ടാങ്കുകളിൽ നിറയ്ക്കാനും അവർക്കാവുന്നു. ദരിദ്രരായവരോടൊപ്പം പിന്നെ മധ്യവർ​ഗവുമാണ് ദുരിതത്തിൽ ആവുന്നത്. അവരുടെ അപ്പാർട്ട്മെന്റുകളിൽ ഒന്നും തന്നെ ഇന്ന് ഒരു തുള്ളി വെള്ളമില്ല.

ബാം​ഗ്ലൂരിലെ ന​ഗരത്തിലെ നിർമ്മാണങ്ങളുടെ വളർച്ച 1973 മുതൽ. കടപ്പാട്:IIS

ബാംഗ്ലൂരിലെ ഭൂഗർഭജലം സമ്പൂർണ്ണ ചൂഷണത്തിന് വിധേയമാകുന്നു. ഭൂഗർഭജലം കുറവാണ് എന്ന് അറിഞ്ഞ് തന്നെ കുളങ്ങളും പുഴകളും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേസമയം ഇരുപതോളം കുഴൽ കിണറുകളുള്ള കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കുവാനും അനുവദിക്കുന്നു. കോടികൾ കൊടുത്ത് അവിടെ വീടെടുക്കുന്ന മധ്യവർ​ഗ-ഉപരി മധ്യവർ​ഗ കുടുംബങ്ങൾക്ക് വെള്ളത്തിനായി പിന്നെയും ഏറെ പണം ചെലവഴിക്കേണ്ടി വരുന്നു. കാരണം ഈ കെട്ടിട സമുച്ചയങ്ങളെല്ലാം വണ്ടികളിൽ നിന്നും വെള്ളം വാങ്ങിക്കുകയാണ്. വളരെയേറെ വർഷങ്ങൾക്ക് മുന്നേ പ്രവചിക്കപ്പെട്ടതാണ് ഇപ്പോഴത്തെ ഈ അവസ്ഥ. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുമ്പ് ബാലസുബ്രമണ്യം എന്ന വിദ​ഗ്ധൻ അദ്ദേഹത്തിന്റെ പഠനത്തിൽ ഈ അവസ്ഥ പ്രവചിച്ചിട്ടുണ്ട്. എന്നാൽ ഒന്നും ഉണ്ടായില്ല. ബാംഗ്ലൂരിലെ ഭൂഗർഭ ജലത്തെ കുറിച്ച് സെൻട്രൽ ​ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഒരുപാട് പഠനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ആ പഠനങ്ങൾ ഒന്നും ഫലമുണ്ടാക്കിയില്ല. സൂക്ഷ്മമായ വിശകലനങ്ങൾ വേണ്ടതുണ്ട്. ഇവിടെ ഭരണഘടനയുടെ 73,74 അനുച്ഛേദങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എങ്കിൽ ബാംഗ്ലൂരിലെ ഓരോ വാർഡും എത്രമാത്രം ജലസുരക്ഷയുള്ളതാണ് എന്ന് ഉറപ്പ് വരുത്താൻ ഓരോ വാർഡിലെയും ഭൂഗർഭജലത്തിന്റെ അളവ് പരിശോധിക്കപ്പെടണം. ഓരോ വാർഡിലെയും ജലത്തിന്റെ ലഭ്യതയും ആവശ്യകതയും എത്രമാത്രമെന്ന് തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല. അതിനാൽ അത്തരം കണക്കുകളും ലഭ്യമല്ല.

ബാം​ഗ്ലൂരിലെ നല്ലൂർഹള്ളി തടാകത്തിൻ്റെ വരണ്ട കാഴ്ച, 2024 ഫെബ്രുവരി 21ന് പകർത്തിയ ചിത്രം. കടപ്പാട്:REUTERS/Euan Rocha

കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി അനുബന്ധമായുള്ളതാണ് ഈ കടുത്ത ജലക്ഷാമം. കാലാവസ്ഥാ വ്യതിയാനം കീഴടക്കി കഴിഞ്ഞ ഒരു നഗരമാണ് ബാംഗ്ലൂർ. വേനലിൽ അതികഠിനമായ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ദരിദ്രരും ദുർബലരും തന്നെയാണ് അപ്പോഴും ഇരകളാവുന്നത്. ജലവിതരണത്തിൽ എന്നത് പോലെ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിലും അവർക്ക് യാതൊരു സംരക്ഷണവും നൽകപ്പെടുന്നില്ല. നിർഭാഗ്യവശാൽ കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങൾ ജലക്ഷാമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തമ്മിൽ യാതൊരു ഏകോപനവും ഇല്ല. എന്നാൽ വാർഡ് തലത്തിൽ നിന്നും പ്രവർത്തിച്ചു തുടങ്ങിയാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ. ഇല്ലെങ്കിൽ പാവപ്പെട്ടവന് ഒരു കുടം വെള്ളമില്ലാത്തപ്പോൾ പണം ഉള്ളവൻ കാറ് കഴുകുന്നത് കാണാം. വലിയ അസമത്വത്തിൽ നാം ജീവിക്കുന്നു. ആളുകളെ ഒരുമിപ്പിക്കുന്നതിന് പകരം ഈ നഗരം ഇപ്പോഴും അസമത്വത്തെ വളർത്തുന്നു. കോവിഡ് നമുക്ക് ഒരുപാട് പാഠങ്ങൾ നൽകി. എന്നാൽ നാം ഇതേവരെ പഠിക്കാൻ തയ്യാറായിട്ടില്ല. അഹങ്കാരത്തിന്റെ അന്ധമായ വഴികളിൽ നാം ജീവിതം തുടർന്നുകൊണ്ടേയിരിക്കുന്നു. തീർച്ചയായും, ഇതൊരു മനുഷ്യ നിർമ്മിത ദുരന്തമാണ്. ബാംഗ്ലൂരിൽ വന്നാൽ എവിടെ നോക്കിയാലും ഇരുപത് നിലകളുള്ള വലിയ കെട്ടിടങ്ങൾ കാണാം. അതിൽ ഒന്നും ഇന്ന് വെള്ളമില്ല. റിയൽ എസ്റ്റേറ്റുകാർ ഈ നഗരത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത് മുതൽ ഈ നഗരത്തിന്റെ ദുരന്തവും ആരംഭിച്ചിരുന്നു.

അനന്തമായി വളരുന്ന ബാം​ഗ്ലൂർ ന​ഗരം. കടപ്പാട്:deccanherald

ഈ കുളങ്ങളും പുഴകളും എല്ലാം ഇനിയും വീണ്ടെടുക്കാനാവുന്നതാണ്. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എപ്പോൾ ചെയ്യണം എന്നെല്ലാം പറയുന്ന ഒട്ടേറെ ശാസ്ത്രീയമായ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. കോടിതി വിധികൾ ഉണ്ടായിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ധാരാളം സന്നദ്ധ സംഘടനകളുണ്ട്. വെറുതെ ഓരോ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം വിവിധ വകുപ്പുകൾ ആത്മാർത്ഥമായി കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. വൃഷഭാവതി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാം എന്നാണ് കർണ്ണാടക സർക്കാർ ഇപ്പോൾ പറയുന്നത്. കർണ്ണാടകയുടെ അഴുക്ക് മുഴുവനും പേറിക്കൊണ്ടാണ് വൃഷഭാവതി ഇന്ന് ഒഴുകുന്നത്. ഈ നദിയെ എങ്ങനെ ശുദ്ധീകരിക്കും എന്നതിന് പോലും പദ്ധതികളുണ്ടാക്കിയിട്ടില്ല. എന്നിട്ട് അപ്പർ ഭദ്ര മുതൽ എല്ലാ നദികളിൽ നിന്നും ബാംഗ്ലൂരിൽ എല്ലായിടത്തേക്കും വെള്ളം എത്തിക്കുന്നതിനെ കുറിച്ച് പറയുന്നു. ഇനി അതിനായി ഒരുപാട് പണം ചെലവാക്കുകയും ചെയ്യും. നാളേയ്ക്ക് കൂടിയുള്ള പദ്ധതികളാണ് വേണ്ടതെങ്കിൽ സുസ്ഥിരമായ വികസനം എന്തെന്ന് തിരിച്ചറിഞ്ഞ് ഈ നഗരത്തെയും അതിന്റെ അമിതവളർച്ചയെയും ഇനിയെങ്കിലും നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ അതിനെ കുറിച്ച് ആരും ഒന്നും തന്നെ പറയുന്നില്ല. കോലാഹലങ്ങൾ ഉണ്ടാക്കുകയല്ലാതെ ഒന്നും ചെയ്യുന്നുമില്ല. ബാംഗ്ലൂർ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഇത്രയേറെ കടുത്ത കാലാവസ്ഥ ഉണ്ടായിട്ടും എന്താണ് ചെയ്യുന്നത് ? എന്നാൽ ഇതിനായെല്ലാം ഒരുപാട് പണം വകയിരുത്തപ്പെടുന്നുണ്ട്. അതെല്ലാം എങ്ങനെ, എവിടെ, എന്തിന് ചെലവഴിച്ചു എന്നുള്ളതിനും അതെല്ലാം എന്തു ഫലം നൽകി എന്നുള്ളതിനും യാതൊരു റിപ്പോർട്ടുകളുമില്ല. ഇതിനായി ചെലവഴിക്കപ്പെടുന്ന പണത്തിൽ യാതൊരു സുതാര്യതയും ഉത്തരവാദിത്വവുമില്ല.

ഓരോരുത്തരും അവരവരുടെ മേശയിൽ ഭക്ഷണം എത്തിക്കാനുള്ള ഓട്ടത്തിലായതിനാൽ ഈ കണക്കുകൾ ആവശ്യപ്പെടാനും പരിശോധിക്കാനും ആർക്കുണ്ട് നേരം ? എന്നാൽ ഓരോരുത്തർക്കും സാമൂഹ്യപരമായ ഉത്തരവാദിത്വമുണ്ട് എന്നും സുസ്ഥിരതയ്ക്കായി കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും തിരിച്ചറിയേണ്ടുന്ന ഒരു അവസ്ഥയിലാണ് ബാംഗ്ലൂർ ഇപ്പോഴുള്ളത്. ഓരോ വീട്ടിലും ആവും വിധം വെള്ളം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉപഭോഗം നിയന്ത്രിക്കേണ്ടതുണ്ട്, വിവേകപൂർവ്വം ഉപയോഗപ്പടുത്തേണ്ടതുണ്ട്. കൂടുതൽ വെള്ളം കിട്ടാനുള്ള പണവും അധികാരവും ഉണ്ടെന്നാൽ കൂടുതൽ വെള്ളമുണ്ട് എന്നല്ല അതിനർത്ഥം.

തയ്യാറാക്കിയത് : ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 22, 2024 9:53 am