നിയമമുണ്ടായിട്ടും മലയാള പഠനത്തിന് എന്താണ് സംഭവിക്കുന്നത്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2017 ലെ മലയാള ഭാഷാ പഠന നിയമം (മലയാള ഭാഷാ പഠന ആക്ട്) കേരള നിയമസഭ പാസാക്കി വിജ്ഞാപനം നടത്തി ഇന്നേക്ക് (2025 ജൂൺ 2ന്) എട്ട് വർഷം തികഞ്ഞു. 2017 മേയ് 24ന് ഒന്നാം ഇടതുമുന്നണി സർക്കാർ, നിയമസഭയുടെ ഷഷ്‍ഠി പൂർത്തിയാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭ ആദ്യ സമ്മേളനം ചേർന്ന അതേയിടത്ത് ഒരു ദിവസത്തേക്ക് സമ്മേളനം വിളിച്ച് ചേർക്കുകയും ഒരു ബില്ലുമാത്രം അവതരിപ്പിച്ച് എതിർപ്പില്ലാതെ പാസാക്കിയെന്ന ചരിത്രപരമായ പ്രാധാന്യമാണ് മലയാള പഠന നിയമത്തിനുള്ളത്. മലയാളത്തിന്റെ പേരിലുണ്ടായ ഒരു സംസ്ഥാനം ആ ഭാഷയ്‍ക്ക് നൽകിയ ആദരവുകൂടിയായി വേണം ഇതിനെ കാണാൻ. എട്ട് വർഷം പിന്നിടുമ്പോൾ മലയാള ഭാഷാ പഠന നിയമത്തെ കേരളത്തിലെ സ്‍കൂൾ വിദ്യാഭ്യാസ മേഖല എങ്ങനെയെല്ലാമാണ് സ്വീകരിച്ചത്?

മലയാള പഠന നിയമ പ്രകാരം കേരളത്തിലെ എല്ലാ സിലബസിലുള്ളവരും (പൊതുവിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ, സൈനിക് സ്‍കൂൾ, സി.ബി.എസ്.ഇ, ഐസിഎസ്.ഇ, സ്വകാര്യ വിദ്യാലയങ്ങൾ, ഓറിയന്റൽ സ്‍കൂളുകൾ, എം.ആർ.എസുകൾ) മലയാളം ഒരു വിഷയമായി പഠിക്കുകയും അതിനുള്ള സൗകര്യം വിദ്യാലയം ഒരുക്കിക്കൊടുക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം വിദ്യാലയത്തിന്റെ അംഗീകാരം റദ്ദാക്കുമെന്നും നിയമം അനുശാസിക്കുന്നു. കേരളത്തിലെ വിദ്യാലയങ്ങളിൽ മലയാളം പറഞ്ഞതിന്റെ പേരിൽ കുട്ടികളെ ശിക്ഷണ നടപടികൾക്ക് വിധേയമാക്കിയാൽ പിഴയീടാക്കുന്നതടക്കമുള്ള നിയമപരമായി നടപടിയെടുക്കാനും നിയമം അധികാരം നൽകുന്നു. ഒപ്പം ഭാഷാപഠനത്തിന്റെ പ്രോത്സാഹനമായി പത്താംക്ലാസിൽ മലയാളത്തിൽ മികച്ച വിജയം നേടി ഹയർസെക്കൻഡറിയിൽ മലയാളമെടുത്ത് പഠിക്കുന്ന ഓരോ വിദ്യാലയത്തിലെയും അഞ്ച് ശതമാനം കുട്ടികൾക്ക് സ്‍കോളർഷിപ്പ് നൽകാനും ചട്ടത്തിൽ പറയുന്നു.

വർത്തമാനകാല ഇന്ത്യയിൽ ഭാഷ ഒരു പ്രധാന രാഷ്‍ട്രീയ വിഷയമാവുകയും ഹിന്ദിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ തമിഴ്‍നാട് ശക്തമായി നിലകൊള്ളുകയും ഇതിന്റെ തുടർച്ചയെന്നോണം ആസാം, പഞ്ചാബ്, ഒഡീഷ സർക്കാരുകൾ തങ്ങളുടെ മാതൃഭാഷാപഠനത്തിനും വികസനത്തിനും നിലപാടെടുക്കുന്നതുമെല്ലാം പ്രൈം ടൈം വാർത്തകളായി. ഒരുപടി മുന്നിലായിരുന്നു മലയാളത്തിന്റെ യാത്ര. ഫെഡറലിസത്തിന് ശക്തിപകരുന്ന രീതിയിലുള്ള ഭാഷാനയത്തിന്റെ ലക്ഷണങ്ങൾ ഒന്നാം ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ കാണാം. 2019 ലാകട്ടെ ഒരുപടി കൂടി കടന്ന് മലയാളം ഇന്ത്യൻ ഭാഷാസമരങ്ങൾക്ക് മാതൃകയാവുകയും ചെയ്‍തു. 2019 ഓഗസ്റ്റ് 29ന് ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബഹുജനപിന്തുണയോടെ നടന്ന പി.എസ്‍.സി സമരത്തെ തുടർന്ന് ബിരുദം യോഗ്യതയായ പി.എസ്‍.സി പരീക്ഷകളിൽ ഇംഗ്ലീഷിന് പുറമെ മലയാളത്തിനൊപ്പം കേരളത്തിലെ ന്യൂനപക്ഷഭാഷകളിൽ കൂടി ചോദ്യങ്ങൾ ലഭ്യമാക്കി. ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമര മുദ്രാവാക്യം മലയാളത്തിലും മറ്റ് ന്യൂനപക്ഷഭാഷകളിലും ചോദ്യങ്ങൾ ലഭ്യമാക്കണമെന്നായിരുന്നു.

ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം പിഎസ്‌സി ഓഫീസിന് മുന്നിൽ നടന്ന സമരം.

ജനാധിപത്യവ്യവസ്ഥയിൽ ഒരു സമൂഹത്തിന്റെ അടിസ്ഥാനപരമായ നിലനിൽപ്പിനും ആർജ്ജിച്ച മൂല്യങ്ങളുടെ സംരക്ഷണത്തിനും അതിജീവനത്തിനും മെച്ചപ്പെട്ട സാമൂഹ്യഘടനയ്‍ക്കുമെല്ലാമാണ് അതത് കാലത്ത് നിയമനിർമാണങ്ങളുണ്ടാകുന്നത്. മലയാളപഠന നിയമവും കേരളത്തിന്റെ സാമൂഹിക ഇച്ഛയുടെ ഭാഗമാണ്. സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടത് മത, ജാതി, സമുദായങ്ങളുടെ പേരിലോ, ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലോയല്ല, ഭാഷാടിസ്ഥാനത്തിലാണ്. ഇന്ത്യയെ ഇന്നും ശക്തമായ ജനാധിപത്യസ്വഭാവമുള്ള രാഷ്‍ട്രമാക്കി നിർത്തിയതിന് പുറകിലെ പ്രധാനം ഈ ഭാഷാസമൂഹ സങ്കൽപ്പനമാണ്. മലയാളത്തിന്റെ പേരിലാണ് നാമിന്ന് കാണുന്ന ആധുനിക കേരളം രൂപപ്പെട്ടതും കേരള മാതൃകകൾ സൃഷ്‍ടിച്ച് 69 വർഷത്തെ ജൈത്രയാത്ര തുടരുന്നതും.

നിയമസഭ പാസാക്കിയ ഒരു നിയമം നടപ്പാകുന്നുണ്ടോ എന്ന് പരിശോധിക്കാനോ തടസങ്ങളുണ്ടെങ്കിൽ പരിഹരിച്ച് നടപ്പാക്കാനോ സാധിക്കേണ്ടതായിരുന്നു. അക്കാദമിക ആസൂത്രണത്തിനും പരിശോധനയ്‍ക്കും പ്രശ്‍നപരിഹാരങ്ങൾക്കും സംസ്‍കൃതത്തിനും അറബിക്കും ഏർപ്പെടുത്തിയത് പോലെ സംസ്ഥാന, ജില്ലാതലങ്ങളിൽ ഒരു സ്‍പെഷൽ ഓഫീസറില്ലാത്തതും അക്കാദമിക കൗൺസിലില്ലാത്തതിലും വന്ന വീഴ്‍ച ചെറുതല്ല. കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയുന്നില്ല, സമൂഹമാധ്യമത്തിലെ സന്ദേശം മുതൽ പൊതുപരീക്ഷ ചോദ്യപേപ്പർ വരെ അക്ഷരത്തെറ്റുകളുടെ പ്രളയം. മലയാള പഠന നിയമമുണ്ടായിട്ടും പൊതുവിദ്യാലയങ്ങളിലടക്കം മലയാളം നേരിടുന്ന ഗുരുതര ആരോപണങ്ങൾക്ക് ഒരു കുറവുമില്ല. എന്തൊക്കെയാണ് സംഭവിച്ചത്?

1. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പല ഓറിയന്റൽ സ്‍കൂളുകളും മലയാള പഠന നിയമം വന്ന ശേഷം അതുവരെയുണ്ടായ മലയാള മാധ്യമ ക്ലാസുകളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റി തുടങ്ങി. ഓറിയന്റൽ പദവിയുള്ള സ്‍കൂളുകളിൽ ഒന്നാം ഭാഷ എന്ന നിലയിൽ രണ്ട് പേപ്പർ സംസ്‍കൃതമോ, അറബിയോ ഒന്നാംഭാഷയായി കുട്ടിക്ക് പഠിക്കാം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളുമുണ്ടാകും. മലയാളം ആഴ്‍ചയിൽ രണ്ട് പീരിയഡിന്റെ ഒരു ഭാഷയായി പോലും പഠിക്കാനുണ്ടാവില്ല. എന്നാൽ വിഷയങ്ങളെല്ലാം മലയാള മാധ്യമത്തിലായിരിക്കണമെന്നാണ് ചട്ടം. മലയാള പഠന നിയമം വന്നതോടെ ഓറിയന്റൽ സ്‍കൂളുകളുടെ ഘടനയ്‍ക്ക് വിരുദ്ധമായി മലയാള മാധ്യമ ക്ലാസുകളെ ഇംഗ്ലീഷിലേക്ക് മാറ്റുക മാത്രമല്ല, മലയാളത്തെ വിദ്യാലയത്തിനകത്ത് കയറ്റാതിരിക്കാനും ശ്രദ്ധിച്ചു. മലയാളം ഭാഷയായും മാധ്യമമായും പഠിക്കാത്ത കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്നിറങ്ങി തുടങ്ങി. നിയമബോധമുള്ള പൗരരെ നിർമിക്കേണ്ട പൊതുവിദ്യാലയങ്ങൾ നിയമലംഘനത്തിന് കൂട്ടു നിന്നപ്പോഴും സി.ബി.എസ്‍.ഇ സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങൾ മലയാള പഠനത്തിന് തയാറെടുക്കുകയും ചെയ്‍തു. നിയമസഭ പാസാക്കിയ മലയാള പഠന നിയമത്തിന്റെ ലക്ഷ്യം പരിശോധിക്കാൻ ഉദ്യോഗസ്ഥരില്ലാതെ പോയത് അക്കാദമിക വീഴ്‍ചയിലേക്ക് നയിച്ചു.

2. 2017 ൽ മലയാളപഠന നിയമം വരുകയും 2018ൽ അതിന്റെ ചട്ടങ്ങളുണ്ടാവുകയും ചെയ്‍തു. അതേ വർഷം സ്‍കൂൾ തലത്തിൽ മലയാളം പഠിച്ചില്ലെങ്കിലും പ്രൈമറി അധ്യാപകരാവുന്നതിൽ തടസമില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരുത്തരവ് പുറത്ത് വരുന്നു. ഈ ഉത്തരവ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയതും പ്രചരണത്തിനുപയോഗിച്ചതും ഓറിയന്റൽ വിദ്യാലയങ്ങളായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറാനും കേരളത്തിലെ തൊഴിൽപരീക്ഷകളിലും അധ്യാപക പരീക്ഷകളിലും മലയാളം നിർബന്ധമില്ലെന്ന് പൊതുസമൂഹത്തിൽ വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു. മലയാള ഐക്യവേദി, വിദ്യാർത്ഥി മലയാളവേദി, ഐക്യമലയാളപ്രസ്ഥാനം, കേരളശാസ്‍ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം, വിദ്യാഭ്യാസ പ്രവർത്തകർ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി സംസ്ഥാന വ്യാപക സമരപ്രചരണ പരിപാടികൾക്കൊടുവിൽ ഉത്തരവ് പിൻവലിച്ചു. കേരളത്തിലെ പ്രൈമറി അധ്യാപക തസ്‍തികയ്‍ക്ക് സ്‍കൂൾതലത്തിൽ മലയാളം നിർബന്ധമായും പഠിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വന്നു.

പ്രതീകാത്മക ചിത്രം

3. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളും സൈനിക് സ്‍കൂളും മലയാള പഠന നിയമത്തിന്റെ ഭാഗമായി ഭാഷ എന്ന നിലയിൽ മലയാളം പഠിപ്പിക്കാൻ തീരുമാനമെടുക്കുന്നു. തസ്‍തിക ഉറപ്പാക്കി ഭാഷാപഠനത്തിന്റെ മാർഗമന്വേഷിക്കുന്ന സമയത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന് പകരം സാംസ്‍കാരിക വകുപ്പിലൂടെ ആ ചുമതല മലയാള മിഷൻ ഏൽക്കുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന പ്രവാസി മലയാളികളുടെ കുഞ്ഞുങ്ങൾക്കും മലയാളം പഠിക്കാൻ താൽപര്യമുള്ള ഇതരദേശക്കാർക്കും അതിനുള്ള അവസരമൊക്കാൻ ലക്ഷ്യം വച്ച് തുടങ്ങിയ മലയാള മിഷൻ സാർവത്രിക അംഗീകാരം അർഹിക്കുന്നതാണ്. കേരളത്തിൽ സർക്കാർ ജോലിക്ക് മലയാളം അറിഞ്ഞിരിക്കണമെന്ന പി.എസ്‍.സിയുടെ തീരുമാനം ഇത്തരത്തിൽ പഠിച്ച് വരുന്നവരെ ബാധിക്കുന്നത് ഒഴിവാക്കാനുമുള്ള മിഷന്റെ ലക്ഷ്യവും സ്വാഗതാർഹമാണ്. എന്നാൽ കേരളത്തിനകത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം സ്വന്തമായി പാഠപുസ്‍തകങ്ങൾ തയാറാക്കി കേന്ദ്രീയ വിദ്യാലയങ്ങളിലും സൈനിക് സ്‍കൂളുകളിലും മലയാള പഠനത്തിന് തയ്യാറെടുത്ത വാർത്തയാണ് പിന്നീട് കാണുന്നത്. കേരളത്തിൽ സർക്കാർ ജോലി നേടാനുള്ള പരീക്ഷകൾക്ക് അടിസ്ഥാനമായെടുക്കുന്ന പൊതുപാഠ്യപദ്ധതിയുടെ ഭാഗമായ മലയാള പാഠപുസ്‍തകങ്ങളെ ഒഴിവാക്കി കേന്ദ്രീയ വിദ്യാലയങ്ങൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ മിഷന്റെ അനൗപചാരിക മലയാളഭാഷാപഠന സർട്ടിഫിക്കറ്റ് കോഴ്‍സ് നടത്തുന്നതിലൂടെ ഫെഡറലിസത്തിന്റെ ഭാഗമായി രൂപപ്പെട്ട കേരളപാഠ്യപദ്ധതിയുടെ പുസ്‍തകങ്ങളെ നിരാകരിക്കുക കൂടിയായിരുന്നു. പക്ഷേ, കേന്ദ്രീയ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാൻ തുടങ്ങിയെന്ന നല്ല വാർത്താപ്രാധാന്യവും ഇവയ്‍ക്ക് ലഭിച്ചു. നവോദയ വിദ്യാലയങ്ങളും മലയാളം ഭാഷയായി പഠിപ്പിക്കുന്ന പല സി.ബി.എസ്‍.ഇ വിദ്യാലയങ്ങളും എസ്‍.സി.ഇ.ആർ.ടി തയാറാക്കിയ പൊതുവിദ്യാലയങ്ങളിലെ മലയാളം പാഠപുസ്‍തകങ്ങളിൽ നിന്ന് ചില പാഠങ്ങളൊഴിവാക്കി പഠിപ്പിക്കുമ്പോൾ ഇതുവരെ മലയാളം പഠിപ്പിക്കാത്ത കേന്ദ്രീയ വിദ്യാലയങ്ങൾ എളുപ്പവഴിയിൽ കാര്യലാഭത്തിന് തയ്യാറെടുക്കുകയാണുണ്ടായത്. അതിന് മലയാളമിഷനെ കരുവാക്കുകയും ചെയ്‍തു. മലയാളം സർട്ടിഫിക്കറ്റ് കോഴ്‌‍സ് പഠിക്കാൻ കേന്ദ്രീയവിദ്യാലയങ്ങൾ കുട്ടികളിൽ നിന്ന് വൻതുക ഈടാക്കുന്നത് ഭരണഘടന നൽകുന്ന സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനെതിരല്ലേയെന്ന് വാർത്ത നൽകിയ മാധ്യമങ്ങളടക്കം ചോദിച്ചത് കണ്ടില്ല.

4. കേന്ദ്രസർക്കാരിന്റെ വിഹിതത്തിനൊപ്പം കേരളസർക്കാർ വിഹിതവും കൊടുത്താണ് കേരളത്തിലെ സ്‍കൂളുകളിൽ സംസ്‍കൃതപഠനത്തിന്റെ പ്രോത്സാഹത്തിന് സ്‍കോളർഷിപ്പ് നൽകുന്നത്. നേരത്തെ സംസ്‍കൃതപഠനം ഓറിയന്റൽ സ്‍കൂളുകൾ കേന്ദ്രീകരിച്ച് മാത്രമേയുണ്ടായിരുന്നുള്ളൂയെങ്കിൽ ഇന്നത് എല്ലാ പൊതുവിദ്യാലയങ്ങളിലേക്കുമെത്തിയിട്ടുണ്ട്. കേന്ദ്ര സംസ്‍കൃത സർവകലാശാലയുടെയും വിവിധ കേന്ദ്ര ഏജൻസികളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും സ്‍കോളർഷിപ്പും പഠനപിന്തുണകളും വൻതോതിൽ കേരളത്തിലെ സംസ്‍കൃതപഠന പ്രോത്സാഹനത്തിന് വളർച്ചയായി. കേരളത്തിന്റെ ആധുനികീകരണത്തിന് എന്നും കരുത്ത് നൽകുന്ന മലയാളത്തെ വിദ്യാലയങ്ങളിൽ പ്രോത്സാഹിപ്പിക്കാൻ മലയാള പഠന നിയമം പറയുന്ന സ്‍കോളർഷിപ്പ് എട്ട് വർഷമായിട്ടും ഒരു കുട്ടിക്ക് പോലും ലഭിച്ചിട്ടില്ലെന്നിടത്താണ് ഈ വൈരുദ്ധ്യം. കേരളത്തിൽ ആദിശങ്കരനെയും കുമാരിലഭട്ടനെയും പഠിക്കുന്നതിന് സ്‍കോളർഷിപ്പ് കിട്ടുന്നതിന് തുല്യമായി ആധുനിക കേരളത്തെ നിർമ്മിച്ച അയ്യങ്കാളിയെയും ഗുരുവിനെയും ആശാനെയും വയലാറിനെയും പഠിക്കുന്നവരും സ്‍കോളർഷിപ്പിന് അർഹരാണ്. പ്രൈമറി മുതൽ സംസ്‍കൃത പഠനത്തിന് സ്‍കോളർഷിപ്പ് ലഭിക്കുമ്പോൾ പന്ത്രണ്ട് വർഷത്തെ പഠനകാലയളവിൽ ഒരിക്കൽ മാത്രം ലഭിക്കാവുന്നതാണ് കടലാസിൽ മാത്രമുള്ള മലയാളം സ്‍കോളർഷിപ്പ്. കുട്ടികൾക്ക് അർഹതപ്പെട്ട സ്‍കോളർഷിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ആ നഷ്‍ടത്തിന്റെ ഉത്തരവാദിത്തം ഒരാളെയോ, ഒരു കൂട്ടത്തെയോ ചുമത്തി രക്ഷപ്പെടാനാകുമോ? ആ കുട്ടികൾ നാളെ നമ്മോട് ചോദിച്ചാൽ ആരെ ചൂണ്ടിക്കാണിച്ചാണ് നമുക്ക് രക്ഷപ്പെടാനാവുക?. കവി വാക്യത്തിന് പ്രചവനസ്വഭാവമുണ്ടാകുന്നതും വെറുതേയല്ല,

“നാളെയിക്കുട്ടികൾ ചോദിക്കുമോ? നമ്മളാരുടെ കുട്ടികൾ? ആരുടെ നോവുകൾ? തായ്മൊഴിതന്നീണമെങ്ങനെ? നാവെടുത്തോതുന്നതെങ്ങനെ? ഓർക്കുന്നതെങ്ങനെ?” (അമ്മയുടെ എഴുത്തുകൾ/വി മധുസൂദനൻ നായർ).

പ്രതീകാത്മക ചിത്രം

5. പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെ മാതൃഭാഷാ പഠനത്തിന് നിയമമുണ്ടെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പഠിപ്പിക്കാനാളും വേണ്ടേ? സെക്കൻഡ‍റി മുതലാണ് (എട്ടാം ക്ലാസ് മുതലാണ്) നിലവിൽ ഭാഷാധ്യാപകരുള്ളത്. മലയാള മാധ്യമത്തിലൂടെ സ്‍കൂൾ പഠനം കഴിയാത്തവരും മലയാളം ഒരു ഭാഷയായി പഠിക്കാത്തവർക്കും പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാമെന്ന അവസ്ഥയാണിന്നുള്ളത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടിക്ക് പ്രൈമറി മുതൽ കിട്ടണമെങ്കിൽ ഭാഷാ പഠനത്തിന് (മലയാളത്തിനും ഇംഗ്ലീഷിനും) അതത് വിഷയത്തിൽ ബിരുദവും ഭാഷാധ്യാപക യോഗ്യതയുള്ളവരുണ്ടാകണം. സി.ബി.എസ്‍.ഇ, ഐ.സി.എസ്‍.ഇ, സംസ്ഥാന സിലബസിലുള്ള അൺഎയ്‍ഡഡ് വിദ്യാലയങ്ങളിൽ പ്രൈമറിയിലെ തിരക്കിന്റെ പ്രധാന കാരണവും ഇതാണ്. അവിടെ പ്രൈമറി മുതൽ അതത് ഭാഷയിൽ ബിരുദവും ബിഎഡുമുള്ളവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഭാഷാപഠനം കുട്ടിയിൽ ശക്തമായി ഉറപ്പ് വരുത്തേണ്ട സമയത്ത് ആ വിഷയത്തിലുള്ളവരുടെ പിന്തുണ കുട്ടിക്ക് കിട്ടാതെ വരുന്നത് കുട്ടിക്കും സമൂഹത്തിനും ഒരുപോലെ ദോഷമുണ്ടാക്കും.

കേരളം മുന്നോട്ട് വയ്‍ക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസം ലഭിക്കാതെ സ്‍കൂൾ കാലം കഴിഞ്ഞിറങ്ങുന്ന കുട്ടിയെ നോക്കി പഴി പറയാതെ കൃത്യമായ നടപടികളെടുക്കുകയാണ് വേണ്ടത്. എൽ.പി തലം മുതൽ കുട്ടിയുടെ മാതൃഭാഷാ പഠന സമയം മറ്റ് ഭാഷാ പഠനങ്ങൾക്കായി ഒഴിവാക്കപ്പെടുന്നത് പഠനവിധേയമാക്കേണ്ടതാണ്. ഭാഷയിലൂടെ സംഭവിക്കുന്ന മാറ്റങ്ങളെ ആഴത്തിൽ പഠിക്കാനുള്ള താൽപര്യമില്ലായ്‍മയാണ് ഭാഷയ്‍ക്ക് വെളിയിൽ നിന്നുമാത്രം കുട്ടിയെ കാണുകയും പരിഹാര വഴികൾ തേടുകയും ചെയ്യുന്നത്. മനുഷ്യനെ മാനവികനാക്കുന്നതിൽ സാഹിത്യത്തിനും കലയ്‍ക്കുമുള്ള പങ്ക് തെളിയിക്കപ്പെടാൻ വാൽമീകിയോളം ചെല്ലണമെന്നില്ല. ചെറിയ ക്ലാസ് മുതൽക്കേ അനുകമ്പയും അപരനെ അംഗീകരിക്കുകയും അപരവാക്കുകളിൽ സംഗീതം തേടുകയുമൊക്കെ ചെയ്യാൻ മാതൃഭാഷാപഠനം പ്രധാനമാണ്. മാനവികതയെന്ന സ്‍പൈറലിങ്ങിന്റെ (വളരുന്ന വളയത്തിന്റെ) അടിസ്ഥാന ഘടകവും വൈകാരിക പ്രാധാന്യമുള്ള മാതൃഭാഷയാണ്. കുട്ടിക്ക് നൽകേണ്ടത് അത് സവിശേഷമായി നേടിയവരിൽ നിന്നു തന്നെയാകണം.

പ്രതീകാത്മക ചിത്രം

6. കേരള പാഠ്യപദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന വിദ്യാഭ്യാസ കലണ്ടറിൽ മലയാളത്തിന് അർഹമായ സ്ഥാനമുണ്ടോ? ഒന്നാംഭാഷാ പദവിയുണ്ടെങ്കിലും മറ്റ് ഒന്നാംഭാഷ പദവിയുള്ള ഭാഷകൾക്ക് അർഹമായ ഒരു സ്ഥാനവും വിദ്യാഭ്യാസ കലണ്ടറിൽ മലയാളത്തിനില്ലെന്നാതാണ് കലണ്ടർ നമ്മോട് പറയുക. പ്രൈമറി മുതൽ ഹയർസെക്കൻഡ‍റി വരെയുള്ള മലയാള പഠനത്തിനായി മലയാളം അക്കാദമിക് കൗൺസിലോ, പരിശോധനകൾക്ക് ഒരു സ്‍പെഷൽ ഓഫീസറോയില്ല. സംസ്‍കൃതത്തിനും അറബിക്കും സ്‍പെഷൽ ഓഫീസറെ നിയമിക്കുകയും അക്കാദമിക് കൗൺസിലുണ്ടാക്കുകയും ചെയ്യുന്നതിന് തുല്യമായി മലയാളത്തിനുമുണ്ടാകണ്ടേ? മലയാളം സ്‍കോളർഷിപ്പിന് കൃത്യമായ മാനദണ്ഡമുണ്ടാക്കുക, കലോത്സവങ്ങളിൽ അരികുവൽക്കരിച്ച് പോയ വിദ്യാരംഗം കലാസാഹിത്യോത്സവത്തെ സ്‍കൂൾകലോത്സവത്തിനൊപ്പം ചേർത്ത് ആവർത്തന ചെലവ് കുറയ്‍ക്കുക, വിജ്ഞാനമലയാളം എന്ന നിലയിൽ മലയാള സർവകലാശാലയുമായി ബന്ധിപ്പിച്ച് ശാസ്‍ത്രമേളയുടെ മാന്വൽ പരിഷ്‍കരിക്കുക, വിജ്ഞാന മലയാളത്തിന്റെ കേരളത്തിലെ അടയാളങ്ങളായ സ്ഥാപനങ്ങളും ഏജൻസികളും വ്യക്തികളെയും അവരുടെ മേഖലകളെയും കോർത്തിണക്കി മാപ്പ് രൂപീകരിച്ച് പഠനയാത്രകൾക്ക് തയാറെടുക്കുക, നവംബറിൽ സർക്കാരിന്റെ കേരളീയം ആഘോഷം സ്‍കൂൾതലത്തിൽ വിപുലമായി ആഘോഷിക്കാൻ കലണ്ടറിൽ സ്ഥലം കാണുക എന്നിവ നവകേരളത്തിനും വിജ്ഞാനസമൂഹ നിർമിതിക്കും വഴിയൊരുക്കേണ്ടതുണ്ട്.

മലയാള പഠന നിയമം പാസായി എട്ട് വർഷമായിട്ടും കൃത്യമായി നടപ്പാക്കാൻ തയ്യാറാകാതെയുള്ള മുന്നോട്ട് പോക്ക് കേരളത്തിന്റെ വളരുന്ന സാമൂഹിക ഘടനയുടെ ബലം കുറയ്‍ക്കാനേ ഉപകരിക്കൂ. കേരളത്തെ ആധുനികീകരിക്കാൻ നാട്ടുഭാഷാവിദ്യാലയങ്ങളിലൂടെ ഒപ്പം വളർന്നുവന്ന മലയാളത്തെ പിന്തള്ളിയാൽ അവിടെ പകരം എന്താണുണ്ടാവുക എന്നറിയാൻ കാത്തുനിൽക്കാതിരിക്കുന്നതല്ലേ നല്ലത്? അത് ഒരുപക്ഷേ, കേരളം ഇതുവരെ ആർജ്ജിച്ച എല്ലാ മാതൃകകളിൽ നിന്നുമുള്ള തിരിഞ്ഞ് പോക്കായി മാറാനേ ഉപകരിക്കൂ. ഭാഷാധ്യാപകരും അധ്യാപക, വിദ്യാർത്ഥി പ്രസ്ഥാനങ്ങളും മാതൃഭാഷാപ്രവർത്തകരും മാധ്യമങ്ങളും ഭരണകൂടത്തിനൊപ്പം ഒന്നിച്ച് നിന്ന് മികച്ച പൗരസമൂഹത്തെ തയ്യാറെടുപ്പിക്കാൻ ഒന്നിച്ച് നിൽക്കേണ്ട സമയമായി. നമ്മെ നാമാക്കി തീർത്ത മലയാളത്തിനായി കൈവിടാതെ കോർത്ത് നടക്കണമെന്ന് ഒരു നിയമം നമ്മെ ഓർമ്മിപ്പിക്കുന്നു.

(മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റും അധ്യാപകനുമാണ് ലേഖകൻ)

Also Read

8 minutes read June 2, 2025 12:25 pm